81.A MAN WHO WAS SUPERMAN(KOREAN,2008)

81.A MAN WHO WAS SUPERMAN (2008,KOREA),|Comedy|Drama|,Dir:- Yoon-Chul Chung,*ing:- Jeong-min HwangGianna JunGil-seung Bang

തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണ് ഇത് .എഴുത്തിനുമപ്പുറം ആണ് ഈ ചിത്രം . .
   ഒരു സാധാരണ മനുഷ്യന്‍ എങ്ങനെ ആണ് അമാനുഷികനായ സൂപ്പര്‍മാന്‍ ആകുന്നത് ?ജീവിതത്തില്‍ ഗ്രാഫിക്സും മറ്റു സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് എളുപ്പത്തില്‍ സൂപ്പര്‍മാന്‍ ആകാന്‍ കഴിയുകയുമില്ല .ജീവിതത്തില്‍ അമാനുഷികത അഥവാ സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി നല്ലത് മാത്രം ചെയ്യാന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്കും ഒരു സൂപ്പര്‍മാന്‍ ആകാന്‍ കഴിയുമായിരിക്കും .ചുറ്റുമുള്ള സഹജീവികളെ സഹായിക്കുവാന്‍ കഴിവുള്ള ആളും ഒരു സൂപ്പര്‍മാന്‍ ആയിരിക്കും .പ്രകൃതിയുടെ സംരക്ഷണത്തിനായി തന്നാലാവും വിധം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ആളും ഒരു സൂപ്പര്‍മാന്‍ ആണ്.ധീര പ്രവര്‍ത്തികള്‍ ചെയ്ത് മരണം പോലും വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്നവരും സൂപ്പര്‍മാന്‍ ആണ് .കാരണം ഇതെല്ലാം തന്നെ ആണ് ഈ അമാനുഷിക കോമിക്സ് കഥാപാത്രങ്ങള്‍ എല്ലാം ചെയ്യുന്നതും അത്തരത്തില്‍ ഉള്ള ഒരു മനുഷ്യന്‍റെ കഥയാണ് പ്രേക്ഷകന് ഒരു നൊമ്പരമായും പിന്നെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു  ഈ ചിത്രം .

   സോംഗ് സൂ എന്ന യുവതി ഒരു ചെറിയ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരി ആണ് .അവര്‍ പതിവായി വ്യത്യസ്ഥമായതെന്തും പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്ന ഒരു പരിപാടി ആണ് ചെയ്യുന്നത്.ഒരിക്കല്‍ അവിചാരിതമായി അവര്‍ ഒരു മനുഷ്യനെ പരിചയപ്പെടുന്നു .അയാള്‍ക്ക്‌ അയാളുടെ പേരോ ഒന്നും അറിയില്ല.അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത് താന്‍ സൂപ്പര്‍മാന്‍ ആണെന്നാണ് .തിരക്കേറിയ ജീവിതത്തില്‍ പരസ്പ്പരം മറ്റൊരാളെ സഹായിക്കാന്‍ മറക്കുന്ന ജനങ്ങള്‍ക്കിടയില്‍ അയാള്‍ ഒരു വിസ്മയമായിരുന്നു .സോംഗ് സൂവിനെ അയാള്‍ ഒരു അപകടത്തില്‍ നിന്നും രക്ഷിക്കുകയും പിന്നീട് അവരുടെ ബാഗുമായി ഓടിയ കള്ളനെ പിടിക്കാനും സഹായിക്കുന്നു .അയാള്‍ അയാളുടെ പ്രവര്‍ത്തികളില്‍ എല്ലാം അമാനുഷികത ഉണ്ടെന്നു പറയുന്നു.ക്രിപ്ട്ടോണില്‍ നിന്നും വന്ന തന്‍റെ തലയുടെ പിന്‍ഭാഗത്ത്‌ ക്രിപ്റ്റൊനയിറ്റ് എന്ന വസ്തു ശത്രുക്കള്‍ വച്ചിട്ടുണ്ടെന്നും അതിന്നാല്‍ തനിക്കു ഇപ്പോള്‍ അമാനുഷിക കഴിവുകള്‍ ഇല്ലാ എന്നും അയാള്‍ പറയുന്നു .അത് പുറത്തെടുക്കുന്ന ദിവസം അയാള്‍ക്ക്‌ എല്ലാ ശക്തിയും സ്വായത്തം ആകുമെന്നും വിശ്വസിക്കുന്നു .എന്നാല്‍ താന്‍ എല്ലാവരെയും സഹായിക്കുന്ന കാര്യം മറന്നു പോകും എന്ന് വിചാരിച്ചാണ് ഇപ്പോള്‍ ആ ഹവായിയന്‍ ഷര്‍ട്ടും ധരിച്ച് ആളുകളെ സഹായിക്കുന്നതെന്ന് സോംഗ് സൂവിനോട് പറയുന്നു .അയാളുടെ സംസാരത്തില്‍ പൊരുത്തക്കേടുകള്‍ തോന്നിയെങ്കിലും അയാളുടെ പ്രവര്‍ത്തികള്‍ സോംഗ് സൂ തന്‍റെ പുതിയ പരിപാടിക്കായി ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നു .അവര്‍ അയാളെ കൂടുതല്‍ പരിചയപ്പെടുന്നു .കുട്ടികളെ ശല്യം ചെയ്യുന്നവരില്‍ നിന്നും രക്ഷിക്കുക,പൊതു സ്ഥലത്ത് മാലിന്യം ഇടുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുക,പ്രായമായവരെ സഹായിക്കുക,ആഗോളതാപനത്തിനെതിരെ പ്രവര്‍ത്തിക്കുക എന്ന് വേണ്ട അയാള്‍ എന്തിലും മുന്നിലുണ്ടാകും .എന്നാല്‍ അയാളുടെ പ്രവര്‍ത്തികള്‍ വ്യത്യസ്തവും ആയിരുന്നു .

   തന്‍റെ നല്ല പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന സന്തോഷം അയാളെ ക്രിപ്ട്ടോണില്‍ തിരിച്ചെത്തിക്കും എന്നയാള്‍ വിശ്വസിക്കുന്നു .നോര്‍ത്ത് പോളില്‍ മഞ്ഞുരുകുമ്പോള്‍ സംഭവിക്കുന്നതും ,സീവേജ് ഹോളിലൂടെ ഭൂതങ്ങള്‍ വരുമെന്നും എല്ലാം അയാള്‍ അമാനുഷിക കഥാപാത്രങ്ങളുടെ രീതിയില്‍ അവതരിപ്പിക്കുന്നു .അവിശ്വസനീയമായി തോന്നുന്ന കാര്യങ്ങള്‍ പറയുന്ന അയാള്‍ ഒരിക്കല്‍ സോംഗ് സൂവിനോട് അവരെയും കൂട്ടി ഒരുമിച്ച് പറക്കാം എന്ന് പറയുന്നു.എന്നാല്‍ ആകസ്മികമായി അതും സാധിക്കുന്നു .എന്നാല്‍ സ്വയം അമാനുഷികത നല്‍കിയ അയാള്‍ ആരായിരുന്നു?അയാള്‍ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?എന്ത് കൊണ്ട് അയാള്‍ ഇങ്ങനെ ആയി?ഈ ക്രിപ്റ്റൊനയിറ്റ് യഥാര്‍ത്ഥത്തില്‍ എന്താണ് ?ഇതിനെല്ലാം ഉത്തരം ഈ ചിത്രത്തിലുണ്ട് .

  ഞാന്‍ അവതരിപ്പിച്ച ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം ചിരിയുണര്‍ത്തുന്ന നിഷ്ക്കളങ്കമായ തമാശകളാണ് കൂടുതലും .എന്നാല്‍ പിന്നീട് ഈ ചിത്രം മറ്റൊരു രീതിയിലേക്ക് മാറുന്നു .അവിടെ നിന്നും ഈ സിനിമ ഒരു സാധാരണ പ്രേക്ഷകനെ കൊണ്ട് പോയത് ജീവിതത്തിന്‍റെ മറ്റൊരു വശത്തിലേക്കായിരുന്നു .അവിടെ കാണാന്‍ കഴിയുന്നത്‌ അയാളുടെ ജീവിതമായിരുന്നു.അയാള്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്നും ചുറ്റുപാടും  ഉള്ളതെല്ലാം അയാള്‍ ശ്രദ്ധിച്ചിരുന്നു എന്നും മനസ്സിലാകും.അതിലും കൂടുതല്‍ ഈ സിനിമയോട് താല്‍പ്പര്യം തോന്നുന്നത് അയാള്‍ യഥാര്‍ത്ഥത്തില്‍  ഒരു അമാനുഷികന്‍  ആയിരുന്നു എന്ന അറിവുണ്ടാകുമ്പോള്‍ ആണ് .ഓര്‍മകള്‍ക്കും വികാരങ്ങള്‍ക്കും ഇടയില്‍ ഒരു തടസ്സം ഉണ്ടാക്കുമ്പോള്‍ അയാളും ഒരു സാധാരണക്കാരന്‍ ആകുന്നുണ്ട്.എന്നാല്‍ അയാള്‍ അയാളുടെ ജീവിതത്തില്‍ കാണിച്ചു തരുന്നു ആരാണ് യഥാര്‍ത്ഥ സൂപ്പര്‍മാന്‍ എന്ന് .

ബിഗ്‌ ഫിഷ്‌ പോലുള്ള സിനിമകള്‍ ഇഷ്ടപെട്ടവര്‍ക്ക് ഈ ചിത്രം കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകുമെന്ന് കരുതുന്നു .The New World എന്ന ചിത്രത്തിലെ അധോലോക നായകരില്‍ ഒരാളായി അഭിനയിച്ച ജിയോംഗ്  മിന്‍ ഹോംഗ് ആണ് സൂപ്പര്‍മാനായി അഭിനയിച്ചത്.പ്രമേയത്തിന്റെ ശക്തിയാണോ അതോ അയാളുടെ അഭിനയമാണോ എന്നറിയില്ല ഈ സിനിമയുടെ അവസാനം എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു .അഭിനയം ഗംഭീരം ആയിരുന്നു .എനിക്കേറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി മാറി ഈ അമാനുഷികന്റെ കഥ .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!..

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started