96.BAALYAKAALASAKHI(MALAYALAM,2014)

96.BAALYAKAALASAKHI(MALAYALAM,2014),Dir:-Pramod Payyanur,*ing:-Mammootty,Isha,Seema Bishvas

   ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ വിരിഞ്ഞ മലയാളത്തിലെ മികച്ച പ്രണയ കഥ ആയിരുന്നു ബാല്യകാലസഖി.ഒരു പ്രണയ കഥ മാത്രമല്ലാതെ അതില്‍ ജീവിതം ഉണ്ട്,കുട്ടിക്കളി ഉണ്ട്,കുസൃതിയുണ്ട്,വേദനകള്‍ ഉണ്ട്,ചരിത്രമുണ്ട് അതിനു മേമ്പൊടിയായി പ്രണയവും.അതായിരുന്നു ഭാഷയുടെ ആലങ്കാരിക പദങ്ങള്‍ക്ക് പ്രാമൂഖ്യം കൊടുത്തിരുന്ന കൃതികള്‍ ഉണ്ടായിരുന്ന ഒരു നാട്ടില്‍ ഈ കൃതി അത്ര മാത്രം സ്വീകാര്യമായി മാറിയത്.ബാല്യകാലസഖിയില്‍ ബഷീറിന്റെ ആത്മകഥാപരമായ അംശം ഉണ്ടായിരുന്നു.ആ യാത്രയും നാടുമെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു.മജീദ്‌ എന്ന പണക്കാരനും ദരിദ്രയായ സുഹറയും തമ്മിലുള്ള പ്രണയം ആസ്വാധകര്‍ക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്നിരുന്നു.എന്നാല്‍ അതിന്‍റെ 2014 ലെ സിനിമാഭാഷ്യത്തില്‍ പ്രമോദ് പയ്യന്നൂര്‍ എന്ന സംവിധായക-തിരക്കഥാകൃത്ത്‌ തന്‍റെ സ്വാതന്ത്ര്യവും ഉപയോഗിച്ചിരിക്കുന്നു.കുട്ടിക്കാലം മുതലുള്ള പ്രണയത്തിനും വളര്‍ന്നു വന്നപ്പോള്‍ മാറി പോയ ജീവിത സാഹചര്യങ്ങളും ആണ് ഇവിടെ പ്രധാനപ്പെട്ടത്.

   പക്വതയുള്ള മജീദ്‌-സുഹ്റ പ്രണയം ഇതില്‍ ഇല്ലായിരുന്നു.കുട്ടിക്കാലത്തെ സൗഹൃദം അവര്‍ തമ്മില്‍ ഉണ്ടാക്കിയ അവാച്യമായ ഒരു ബന്ധം അവരുടെ മോശം സമയത്തും അവരെ കണ്ടുമുട്ടിച്ചു.അവരുടെ ദുരിതങ്ങള്‍ക്ക് ആണ് സിനിമയില്‍ പ്രാമൂഖ്യം.അത് പോലെ തന്നെ ദുരിതത്തില്‍ ആകുന്ന സഹ കഥാപാത്രങ്ങളും.തന്നെ പടച്ചവന്‍റെ കുറ്റം കാരണം അങ്ങനെ ആയി തീര്‍ന്ന സെല്‍വിയും ,ബംഗാളില്‍ കണ്ടു മുട്ടിയ മറ്റു കഥാപാത്രങ്ങളും എല്ലാം ഇതിനുദാഹരണം ആണ്.ഇവിടെയാണ്‌ നമ്മള്‍ വായിച്ചറിഞ്ഞ ബാല്യകാലസഖിയും ചിത്രവും ആയുള്ള വ്യത്യാസം.ഒരു പ്രണയാനുഭൂതി നിറഞ്ഞ സിനിമപ്രതീക്ഷിച്ച് പോയാല്‍ നിരാശരാകേണ്ടി വരും.മജീദിന്റെ കുട്ടിക്കാലത്ത് ആയിരുന്നു പ്രണയം ഏറെയും.അതിനാല്‍ തന്നെ മമ്മൂട്ടി എന്ന പ്രണയനായകനെ സിനിമയില്‍ ആവശ്യമില്ലായിരുന്നു.പകരം ജീവിതത്തിലെ കഷ്ടതകള്‍ വൈകാരികമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നല്ല നടന്‍ മാത്രമായി ഇതിലെ മമ്മൂട്ടി എന്ന മജീദ്‌.മജീദിന്റെ ബാപ്പയായി വന്ന മമ്മൂട്ടിക്കും പ്രാധാന്യം ഏറെ ഉണ്ടായിരുന്നു.കാര്‍ക്കശ്യക്കാരന്‍ ആയ മുതലാളി ആയും കഷ്ടാരിഷ്ടതകള്‍ അനുഭവിക്കുന്ന വൃദ്ധനായും ആ കഥാപാത്രം മികച്ചു നിന്ന്.മീനയെ മമ്മൂട്ടിയുടെ അമ്മയായി സങ്കല്‍പ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കഥാപാത്രം എന്ന നിലയില്‍ അവരെ കണ്ടാല്‍ മാറുവാന്‍ കഴിയുന്നതേ ഉള്ളു.പിന്നെ പറയേണ്ടത് ഇഷ തല്‍വാര്‍ ആണ്.കുട്ടിക്കാലത്ത് കാണിച്ച പ്രണയത്തിന്‍റെ ഒരു അംശം പോലും മുതിര്‍ന്ന സുഹ്രയിലൂടെ ഇഷയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചില്ല.മൊഞ്ചത്തി ആണെങ്കിലും  പ്രണയിക്കാന്‍ അറിയില്ല എന്ന് തോന്നി.സിനിയിലെ വൈകാരികമായ രണ്ടു രംഗങ്ങള്‍ ഉണ്ട്.തിരിച്ചു വരുന്ന മജീദും ബാപ്പയും ആയുള്ള കണ്ടുമുട്ടലും പിന്നെ കാലു മുറിച്ചത് അറിഞ്ഞു വിഷമിക്കുന്ന മജീദും.രണ്ടിലും മമ്മൂട്ടിയുടെ നല്ല അഭിനയം ഉണ്ടായിരുന്നു.

  ഒരിക്കലും മതിലുകള്‍ പോലെ ഒരു ക്ലാസിക് സിനിമയായി ഇത് മാറും എന്ന് കരുതുന്നില്ല.പ്രധാനമായും എഡിറ്റിങ്ങില്‍ ഉള്ള പോരായ്മകള്‍.പിന്നെ മലയാളികള്‍ പ്രണയിച്ച ഒരു കഥ ഇങ്ങനെ മാറ്റിയതില്‍ പ്രേക്ഷകര്‍ എത്ര മാത്രം അംഗീകരിക്കും എന്നുള്ളതും ചോദ്യമാണ്.മുന്‍പ് പുസ്തകമായിട്ടുള്ള സിനിമകളില്‍ എല്ലാം തന്നെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.ചിലതൊക്കെ വന്‍ പരാജയങ്ങള്‍ ആയിരുന്നു.എന്നാല്‍ ഇവിടെ കഥാഘടന മാറ്റാതെ പകരം സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂഡ്‌ ആണ് ഇവിടെ മാറ്റപ്പെട്ടിരിക്കുന്നത്.ബിജി ബാലിന്റെ സംഗീതം മനസ്സിലധികം നിന്നില്ല.സുനില്‍ സുഖദ,മാമുക്കോയ,സീമ ബിശ്വാസ്,ശശി കുമാര്‍,തനുശ്രീ ഘോഷ് പിന്നെ ബഷീറിന്റെ സ്ഥിരം കഥാപാത്രങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.രണ്ടു മണിക്കൂറില്‍ താഴെ ഉള്ള ഈ ചിത്രം പ്രേക്ഷകര്‍ വരും നാളുകളില്‍ എങ്ങനെ സ്വീകരിക്കും എന്നുള്ളത് അനുസരിച്ചിരിക്കും ഈ സിനിമയുടെ ഭാവി.ബാല്യകാലസഖിയുടെ കഥ അതേപ്പടി സിനിമ ആക്കിയാല്‍ മാത്രമേ ഇഷ്ട്ടപ്പെടൂ എന്നുള്ളവര്‍ ഈ ചിത്രം കാണാതിരിക്കുക.കാരണം ഇതില്‍ സംവിധായകന്‍ തന്‍റെ ഭാഷ്യം ആണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ രണ്ടു പക്ഷം ഈ സിനിമയ്ക്ക് ഉണ്ടെന്ന് തോന്നുന്നു.എന്തായാലും ഒരു പരീക്ഷണം എന്ന നിലയില്‍ ഈ ചിത്രം അധികം മുഷിപ്പിച്ചില്ല.എന്നാലും “ഇമ്മിണി ബല്യ ഒരൊന്നാകാന്‍”ഈ ചിത്രഭാഷ്യത്തിനു കഴിഞ്ഞോ എന്ന് ഒരു സംശയം.ഈ ചിത്രത്തിന്  എന്‍റെ മാര്‍ക്ക് 3/5!!

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started