170.VILLALI VEERAN(MALAYALAM,2014)

170.VILLALI VEERAN(MALAYALAM,2014_,Dir:-Sudeesh Sankar,*ing:-Dileep,Namitha Pramod.

ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ഉള്ള രണ്ടു ആശ്വാസങ്ങള്‍ ആണ് ദിലീപേട്ടന്റെ സിനിമയും തെലുങ്കിലെ രവി തേജയുടെ സിനിമയും.എന്താണെന്നറിയില്ല നല്ല രീതിയില്‍ മനസ്സിന് വിഷമം വരുമ്പോള്‍ ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ മനസ്സിലെ വിഷമങ്ങള്‍ എല്ലാം ഓടി പോകും.”ഡാര്‍ലിംഗ് ഡാര്‍ലിംഗ്” എന്ന സിനിമ ആണ് വിഷമിച്ചിരിക്കുന്ന മനസ്സിന് പറ്റിയ ടോണിക്ക് ദിലീപ് സിനിമകള്‍ ആണെന്ന് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത്.സ്ക്കൂളില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ വിഷമിച്ചിരുന്ന എനിക്ക് അന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ ഈ ചിത്രം മൂലം സാധിച്ചു.അന്നത്തോടെ ദിലീപ് സിനിമകളുടെ വലിയ ആരാധകന്‍ ആയി ഞാന്‍ മാറി.ഇപ്പോഴും അങ്ങനെ തന്നെ.ലോജിക് ഓഫ് ചെയ്തു വച്ചിട്ട് സിനിമകള്‍ കാണണം എന്ന് എഴുതി വയ്ക്കുന്ന ഈ സമയത്ത് ദിലീപ് എന്ന പേര് കണ്ടാല്‍ തന്നെ ലോജിക് ഓഫ് ആക്കുക എന്നതാണ് അര്‍ഥം എന്ന് മനസ്സിലാക്കി സിനിമ കാണുന്നതാണ് നല്ലത്.അല്ലാതെ സിനിമ കണ്ടതിനു ശേഷം ദിലീപ് എന്തോ വിഷം തന്നു കൊല്ലാന്‍ ശ്രമിച്ചു എന്നുള്ള രീതിയില്‍ നടക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ കാമ്പില്ലാത്ത സംസാരം മാത്രം ആണ്.

  ഇനി “വില്ലാളി വീരന്‍” എന്ന സിനിമയിലേക്ക്.പ്രതീക്ഷകള്‍ തെറ്റിയില്ല.തുടക്കം മുതല്‍ ദിലീപ് സിനിമകളില്‍ ഉള്ള വണ്മാന്‍ ഷോ ആയിരുന്നു ഈ ചിത്രവും.ദിലീപ് എന്ന നടന്‍ ചെയ്‌താല്‍ മാത്രം ഇതില്‍ തമാശയുണ്ടെന്നു മനസ്സിലാക്കാവുന്ന കുറച്ചു ചിരി പടക്കങ്ങള്‍.”മോക്ക് ഡ്രില്‍” സീനിനോക്കെ നല്ല രീതിയില്‍ ചിരി ആയിരുന്നു.കുടുംബ പ്രേക്ഷകര്‍ ശരിക്കും ആ രംഗങ്ങള്‍ ഒക്കെ സ്വന്തം താരങ്ങളുടെ  മാസ്സ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടാക്കുന്ന ആര്‍പ്പുവിളികളെക്കാളും കൂടുതല്‍ ആയിരുന്നു.ഇടയ്ക്ക് ടി വി യില്‍ “ചോട്ടാ ഭീം ” കാണിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം ഈ സിനിമയുടെ പ്രേക്ഷകര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന്.സിദ്ധാര്‍ത്ഥന്‍ എന്ന ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ആള്‍ ആണ്.സുഹൃത്തായി ഷാജോണിന്റെ കഥാപാത്രവും.”ശ്രുംഗാരവേലന്‍” കൂട്ടുകെട്ട് വീണ്ടും അഭ്രപാളികളില്‍ കാണാം.സിദ്ധാര്‍ത്ഥന്‍ തന്‍റെ അമ്മയെ മാത്രം അല്ലാതെ വേറെ മൂന്നു കുടുംബങ്ങളെയും സ്വന്തം പെങ്ങളുടെ കുടുംബം എന്ന പോലെ നോക്കുന്നു.അവരുടെ പ്രശ്നങ്ങള്‍ക്ക് സിദ്ധാര്‍ത്ഥന്‍ സഹായമായി ഇപ്പോഴും കാണും.കാശ് ഒരുക്കാന്‍ ഉള്ള ഓട്ടത്തില്‍ സിദ്ധാര്‍ത്ഥന്‍ ജീവിതത്തില്‍ ആദ്യമായി ഒരു തെറ്റ് ചെയ്യുന്നു.എന്നാല്‍ ആ തെറ്റിന് ഫലമായി സിദ്ധാര്‍ത്ഥന്‍റെ ജീവിതം തന്നെ അപകടാവസ്ഥയില്‍ ആകുന്നു.ആ സമയത്താണ് സിദ്ധാര്‍ത്ഥന്റെ അമ്മ ആ രഹസ്യം എല്ലാവരെയും അറിയിക്കുന്നത്.സിദ്ധാര്‍ത്ഥന്‍ ആരായിരുന്നു എന്നും അയാളുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്നും.ചിത്രത്തിന്‍റെ രണ്ടാം പകുതി മുതല്‍ സിദ്ധാര്‍ത്ഥന്‍റെ ജീവിതം മാറി മറിയുന്നു.സിദ്ധാര്‍ത്ഥന്‍ ഇന്നത്തെ നിലയില്‍ എത്താനുള്ള കാരണം അയാള്‍ അറിയുന്നു.സിദ്ധാര്‍ത്ഥന്‍റെ മുന്നോട്ടുള ജീവിതം ആണ് ബാക്കി കഥ.

   ദിലീപ് സിനിമകളില്‍ കഥയും ഒക്കെ നോക്കി പോകുന്നത് തെറ്റ് ആണെന്നാണ്‌ എന്റെ അഭിപ്രായം.സിനിമ ഇഷ്ടം ആയില്ലെങ്കില്‍ അത് കാണാതെ ഇരിക്കാന്‍ ഉള്ള അവകാശം നമുക്കുണ്ട്.ഈ സിനിമ ഇങ്ങനെ തന്നെ ആണ് എന്ന് മനസ്സിലാക്കി പോയ എനിക്ക് അത് കൊണ്ട് നിരാശന്‍ ആകേണ്ടി വന്നില്ല.എന്തായാലും ദിലീപ് ആകാന്‍ ശ്രമിക്കുന്ന ഇതര താരങ്ങള്‍ ചെയ്യുന്നതിലും ഭംഗിയായി ദിലീപ് ഈ വേഷം ചെയ്തിരുന്നു.ആദ്യ പകുതിയില്‍ ഉള്ള തമാശകള്‍ക്കൊക്കെ നല്ലത് പോലെ ചിരിക്കുകയും ചെയ്തു.പക്ഷെ ഇടയ്ക്ക് ആക്ഷന്‍ ഒക്കെ വന്നപ്പോള്‍ കുറച്ച് മടുപ്പായി തോന്നി.കൂടെ പാട്ടുകളും.എന്നാല്‍ സിനിമയുടെ അവസാനം വീണ്ടും തമാശകള്‍ ഒക്കെ വന്നപ്പോള്‍ ആസ്വദിച്ചു.എന്തായാലും ഈ സിനിമയ്ക്ക് റേറ്റിംഗ് ഇടണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.മെഗാ-സൂപ്പര്‍ താരങ്ങള്‍ അവരുടെ ആരാധകര്‍ക്ക് വേണ്ടി മാത്രം സിനിമ എടുക്കുമ്പോള്‍ ജനപ്രിയ നായകനും തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തി എന്ന് തോന്നുന്നു.

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started