339.ORU VADAKKAN SELFIE(MALAYALAM,2015)

339.ORU VADAKKAN SELFIE(MALAYALAM,2015),Dir:-Prajith,*ing:-Nivin ,Manjima,Aju,Vineeth.

  ബി ടെക്-വരും കാലങ്ങളില്‍ വലിയ എന്‍ജിനീയര്‍മാര്‍ ഒക്കെ പഠിച്ചു ഇറങ്ങും എന്ന് കരുതുന്നതിലും കൂടുതലായി സിനിമാക്കാരെ വളര്‍ത്തി എടുക്കുന്ന കോഴ്സ് ആയി മാറിയിട്ടുണ്ട് ഇപ്പോള്‍.ജീവിതത്തില്‍ എന്ത് ദു:ഖം ഉണ്ടായാലും പണ്ട് കിട്ടിയ സപ്ലികളുടെ എണ്ണം നോക്കി അത്രയൊന്നും ഇല്ലല്ലോ ഇതെന്ന് പറഞ്ഞു ആശ്വസിക്കുന്ന ബി ടെക് സമൂഹത്തിന്‍റെ പ്രതിനിധി ആണ് ഉമേഷ്‌.നാട്ടിലും വീട്ടിലും എല്ലാം സപ്ലിയുടെ എണ്ണം അറിയാവുന്നത് കൊണ്ട് കുറച്ചു പേര്‍ ഒഴികെ ബാക്കി എല്ലാവരെയും ശത്രു ആയി കാണേണ്ടി വന്ന ഉമേഷിനും സിനിമയില്‍ കയറിയാല്‍ രക്ഷപ്പെടും എന്നുള്ള ആത്മവിശ്വാസം മാത്രം ആണുള്ളത്.അതിനായി പരിശ്രമിക്കുന്നു എങ്കിലും നേരിടാന്‍ ഉള്ള കഷ്ടപ്പാടുകള്‍ ഭീകരം ആണെന്ന് മനസ്സിലാകുമ്പോള്‍ ഉമേഷും അതില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നു.

  ഉമേഷിന്‌ കൂട്ടായി ഷാജി,തങ്കമ്മ എന്നീ കൂട്ടുകാര്‍ ആണുള്ളത്.വെറും സാധാരണയായി ഓടി കൊണ്ടിരുന്ന ഉമേഷിന്റെ ജീവിതത്തില്‍ ആകസ്മികമായി ഒരു പ്രശ്നം ഉണ്ടാകുന്നു.മുന്‍പ് ഉണ്ടായ പ്രശ്നങ്ങളില്‍ നിന്നും ഒക്കെ ഒളിച്ചു ഓടിയത് പോലെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ആകാതെ ഉമേഷ്‌ വലയുന്നു.ഉമേഷും സുഹൃത്തുക്കളും പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കഥയാണ് പ്രജിത്ത് തന്‍റെ ആദ്യ സിനിമയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.ഒരു സിനിമ തിയറ്ററില്‍ കാണുമ്പോള്‍ ഉറങ്ങുന്നതിലും എത്രയോ നല്ലതല്ലേ കഥയനുസരിച്ച് ചിരിക്കുകയോ കരയുകയോ ഒക്കെ ചെയ്യുന്നത്?അത്തരത്തില്‍ നോക്കിയാല്‍ ആദ്യം പറഞ്ഞത് വേണ്ടുവോളം ഈ ചിത്രത്തില്‍ ഉണ്ട്.തിയറ്ററില്‍ പലപ്പോഴും സെന്റി സീനുകള്‍ വരുമ്പോള്‍ പോലും ഇടയ്ക്കുള്ള വിറ്റുകള്‍ ശരിക്കും ചിരിപ്പിച്ചു.

  വിനീത്  ശ്രീനിവാസന്‍റെ ടീമില്‍ എത്തുമ്പോള്‍ മാത്രം നല്ല പാട്ടുകള്‍ തരുന്ന ഷാന്‍ റഹ്മാന്റെ രഹസ്യം എന്താണ്?നിവിന്‍ പോളി കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും തന്‍റെ ആക്കാന്‍ ഉള്ള ശ്രമത്തില്‍ ആണെന്ന് തോന്നുന്നു.മലര്‍വാടി ടീമിനെ പലയിടത്തായി ഈ സിനിമയില്‍ കാണുന്നുണ്ടായിരുന്നു.മഞ്ജിമ കേട്ടറിഞ്ഞ പോലെ വെറുപ്പിച്ചതായി തോന്നിയില്ല.പെണ്‍ക്കുട്ടികള്‍ക്ക് നല്ലൊരു മെസേജ് നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു കല്ല്‌ കടിയായി മാറുന്നത് ബന്ധങ്ങളില്‍ ഉമേഷ്‌ കാണിക്കാത്ത ആത്മാര്‍ഥത ആയിരിക്കും.പക്ഷേ ജീവിതത്തെ കുറിച്ച് ഒരു അനുഭവവും ഇല്ലാത്ത ഒരാളില്‍ നിന്നും ഇതല്ലേ പ്രതീക്ഷിക്കാന്‍ ആകൂ?മാത്രമല്ല ചിരിപ്പിക്കാന്‍ വേണ്ടി എടുത്ത ഒരു സിനിമയില്‍ ഇതൊക്കെ ശ്രദ്ധിക്കണ്ട കാര്യം ഉണ്ടോ എന്നൊരു സംശയം.എന്തായാലും ഒരു കോമഡി ചിത്രം എന്ന നിലയില്‍ ഈ ടീം വളരെയധികം ചിരിപ്പിച്ചു.ബോക്സ് ഓഫീസില്‍ വലിയൊരു ഹിറ്റ്‌ ആകാന്‍ സാധ്യത ഉള്ള ചിത്രം ആണെന്ന് ഉറപ്പാണ്.അതാണ്‌ തിയറ്ററില്‍ ഉള്ള ആളുകളുടെ എണ്ണം കാണിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started