545.SCHINDLER’s LIST(ENGLISH,1993)

545.SCHINDLER’s LIST(ENGLISH,1993),|Drama|,Biography|History|,Dir:-Steven Spielberg,*ing:-Liam Neeson, Ralph Fiennes, Ben Kingsley .

   രണ്ടാം ലോക മഹായുദ്ധം നടന്നപ്പോള്‍ ഹിറ്റ്ലറുടെ ആര്യന്‍ വംശ പ്രമാണിത്ത തിയറി മൂലം കൊല്ലപ്പെട്ടത് ഏതാണ്ട് ആറു ലക്ഷത്തോളം ജൂതന്മാര്‍ ആയിരുന്നു.ഹിറ്റ്ലറുടെ നാസി പട്ടാളം അവര്‍ക്കായി കൊലക്കയറും പിടിച്ചു ഇറങ്ങിയപ്പോള്‍ ലോകത്തിനു മുഴുവന്‍ പേടി സ്വപ്നം ആയി തീര്‍ന്ന കൂട്ടക്കൊലയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു.Nazi Concentration Camps,Holocaust എന്നിവ ലോക ജനതയ്ക്ക് തന്നെ എക്കാലത്തും  മറക്കാന്‍ സാധിക്കാത്ത മുറിവുകളില്‍ ഒന്നാണ് നല്‍കിയത്.സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് Schindler’s List എന്ന പേരില്‍ ഓസ്ക്കാര്‍ ഷിന്‍ലര്‍ എന്ന ജര്‍മന്ക്കാരന്റെ കഥ സിനിമയാക്കുന്നത്   തോമസ്‌  കെനിയലി എന്ന ഓസ്ട്രിയന്‍ എഴുത്തുകാരന്‍ Schindler’s Ark എന്ന എന്ന പേരില്‍ എഴുതിയ നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ആണ്.

   ജൂത കൂട്ടക്കൊലയും ഭയാനകമായ മുഖം കാഴ്ച വച്ച ഈ ചിത്രത്തില്‍ ലിയാം നീസന്‍ ആണ് ഓസ്ക്കാര്‍ ഷിന്‍ലറെ അവതരിപ്പിക്കുന്നത്‌.ഷിന്‍ലറുടെ ജൂതന്മാര്‍ എന്ന ജൂത സമൂഹം എങ്ങനെ ഉണ്ടായി എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്‌.നാല്‍പതുകളില്‍ ഹിറ്റ്ലര്‍ ജൂതന്മാരെ വേട്ടയാടുന്ന സമയം ആണ് പല ബിസിനസ്സുകള്‍ ചെയ്തു പരാജയപ്പെട്ട ഷിന്‍ലര്‍ പുതിയ ഒരു ബിസിനസ്സും ആയി പോളണ്ടില്‍ എത്തുന്നത്‌.ബിസിനസ് തുടങ്ങുന്നതിനു മതിയായ തുക കയ്യില്‍ ഇല്ലായിരുന്ന ഓസ്ക്കാര്‍ ജൂതന്മാരിലെ തന്നെ പഴയ ബിസിനസ്സുകാരുടെ കയ്യില്‍ നിന്നും പണം ഒപ്പിക്കുന്നു.ജൂതന്മാര്‍ക്ക് ബിസിനസ്സുകള്‍ നടത്താന്‍ നിയമപരമായി തടസ്സം ഉള്ള സമയം ആയിരുന്നു അത്.ഓസ്ക്കാര്‍ ആരംഭിച്ച ഫാക്റ്ററിയില്‍ പോളണ്ടുകാരെ ജോലിക്ക് എടുത്താല്‍ കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരും എന്ന് മനസ്സിലാക്കി ആണ് ജൂത തടവുകാരെ കുറഞ്ഞ വേതനത്തില്‍ അവിടെ ജോലിക്ക് എടുക്കുന്നത്.ഒരു തരത്തില്‍  അവര്‍ക്ക് അത് ആശ്വാസവും ആയിരുന്നു.കാരണം തൊഴിലാളികളെ കൂറ്റന്‍ ഉള്ള ശ്രമത്തില്‍ വിദഗ്ധ ജോലിക്കാര്‍ ആയി പലരെയും ഷിന്‍ലര്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ചു എടുക്കുന്നു.തന്‍റെ നൈസര്‍ഗികമായ കഴിവുപയോഗിച്ചു ഷിന്‍ലാര്‍ നാസി പട്ടാളത്തിലെ ഉന്നതരും ആയി ചങ്ങാത്തത്തില്‍ ആകുന്നു.അമോന്‍ ഗോത്ത് എന്ന പട്ടാള മേധാവി ആയിരുന്നു ഷിന്‍ലറുടെ കൂട്ടാളി.ഷിന്‍ലര്‍ തന്റെ ആവശ്യങ്ങള്‍ നടക്കാന്‍ ആയി കരിഞ്ചന്തയും കൈക്കൂലിയും ഉപയോഗിച്ചു.

   എന്നാല്‍ ഷിന്‍ലര്‍ വിജയകരമായ ഒരു ബിസിനസ് സാമ്രാജ്യം പൊക്കിക്കെട്ടുന്നതിനോടൊപ്പം ജൂതന്മാര്‍ക്ക് വേണ്ടി അയാള്‍ അറിയാതെ തന്നെ ഒരു സഹായം ചെയ്യുകയായിരുന്നു.എന്നാല്‍  ഷിന്‍ലര്‍ താന്‍ ചെയ്യുന്ന നന്മ മനസ്സിലാക്കി തുടങ്ങുമ്പോള്‍ ഒരു നാസി പാര്‍ട്ടി അംഗം,ജര്‍മന്‍ ബിസിനസ്സുകാരന്‍ എന്നീ  സമൂഹത്തില്‍ അയാള്‍ക്ക്‌ അന്നുണ്ടായിരുന്ന സ്ഥാനങ്ങള്‍ അവര്‍ക്കായി ഉപയോഗിക്കുന്നു.അമോന്‍ ഗോത്ത് അതി ക്രൂരന്‍ ആയിരുന്നു.കാരണമില്ലാതെ വംശീയ വിദ്വേഷത്തില്‍ നടത്തുന്ന കൊലകള്‍ അയാള്‍ക്ക് ഒരു ഹരമായിരുന്നു.പലപ്പോഴും റാല്‍ഫ് ഫിയന്‍സ് അവതരിപ്പിച്ച ആ കഥാപാത്രത്തോട് ദേഷ്യം തോന്നും.പിന്നീട് അയാള്‍ യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ ശക്തി എന്താണെന്ന്  ഷിന്‍ലര്‍ വഴി മനസ്സിലാക്കിയെങ്കിലും അയാളെ തൃപ്തിപ്പെടുത്താന്‍ അത് പോരായിരുന്നു.സിനിമയുടെ അവസാനം ശരിക്കും ഓസ്ക്കാര്‍  ഷിന്‍ലര്‍ എന്ന കഥാപാത്രത്തോട് ഒരു ഇഷ്ടം ഒക്കെ തോന്നി പോകും.അവസാന രംഗം ചെറിയ രീതിയില്‍ കരയിപ്പിക്കുകയും ചെയ്യും.”എനിക്കിതിലും കൂടുതല്‍ ചെയ്യാന്‍ പറ്റുമായിരുന്നു എന്നാല്‍ ഞാന്‍ അത് ചെയ്തില്ല”.

  ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ പന്ത്രണ്ടു നാമനിര്‍ദേശം ലഭിച്ചതില്‍ ഏഴ് പുരസ്ക്കാരങ്ങള്‍ ചിത്രത്തിന് നേടാന്‍ സാധിച്ചു.ലോകത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പലപ്പോഴും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ചിത്രം സ്പീല്‍ബര്‍ഗിന്റെ ഏറ്റവും  മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.അമേരിക്കന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച എട്ടാമത്തെ ചിത്രമായി Schindler’s List  തിരഞ്ഞെടുത്തിരുന്നു.IMDBയുടെ മികച്ച 250  ചിത്രങ്ങളുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്ത് ആണ്  ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started