635.TAXI TEHRAN(PERSIAN,2015)

635.TAXI TEHRAN(PERSIAN,2015),|Comedy|Drama|,Dir:-Jafar Panahi,*ing:-Jafar Panahi.

   ഇറാനിലെ  ഭരണകൂടം  ഏറ്റവും  അധികം  എതിര്‍ക്കുന്ന  സിനിമ  സംവിധായകന്‍  ആണ്  ജാഫര്‍ പനാഹി  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതിശയോക്തി ആകില്ല.മതത്തിന്റെ  ചട്ടക്കൂടില്‍  തളയ്ക്കപ്പെട്ട  ഒരു  രാജ്യത്തിലെ  അനീതികള്‍ക്കു  എതിരെ  പനാഹി  തന്റെ   സിനിമകളിലൂടെ  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു  പലപ്പോഴും.സാമൂഹിക ജീവിതത്തില്‍  ഉള്ള  ഇത്തരം അനീതികളെ,അത്  ഏതു  മേഖലയില്‍  ആണെങ്കിലും  അദ്ദേഹം  ശരിക്കും  ഒരു  സിനിമ  എന്നതിലുപരി അതിന്‍റെ  വിവിധ  തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലാനും  ശ്രമിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്  ഭരണകൂടം  ശിക്ഷ  ആയി   നല്‍കിയ  വീട്  തടങ്കലും സിനിമ  നിര്‍മിക്കുന്നതില്‍  നിന്നും  20  വര്‍ഷം  നല്‍കിയ വിലക്കൊന്നും  അദ്ധേഹത്തിലെ സിനിമക്കാരനെ  തളര്‍ത്തിയില്ല  എന്ന് “This Is Not a Film” എന്ന  ചിത്രത്തിലൂടെ  അദ്ദേഹം  തെളിയിച്ചതാണ്.പ്രത്യേകിച്ചും ആ  ചിത്രം  Camcorder,മൊബൈല്‍ ഫോണ്‍  ക്യാമറ  എന്നിവ  ഉപയോഗിച്ച്  അദ്ധേഹത്തെ തടവില്‍  ആക്കിയിരുന്ന ഫ്ലാറ്റില്‍  വച്ച്  തന്നെ  എടുത്തതാണ് എന്ന് അറിയുമ്പോള്‍  അദ്ദേഹം  എന്താണോ  ഉദ്ദേശിച്ചത്  അതിനു  വേണ്ടി  എന്ത്  സാഹസവും  ചെയ്യാന്‍  തയ്യാറാണ് എന്ന്  മനസ്സിലാകാന്‍  സാധിക്കും.

   ഇത്തവണ  പനാഹി  വ്യത്യസ്തമായ  ഒരു  രീതിയില്‍  ആണ്  തന്റെ  പുതിയ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ഒരു  ടാക്സി  ഡ്രൈവര്‍ ആയി  ടെഹ്‌റാന്‍ നഗരത്തിലൂടെ യാത്ര  ചെയ്യുന്ന പനാഹി  കുറെ  മനുഷ്യരെ  കാണുന്നു.അവര്‍ക്ക്  പല മുഖങ്ങളുണ്ട്.അവരുടെ  സാമൂഹിക താല്‍പ്പര്യങ്ങള്‍,അവര്‍  കാണുന്ന  ജീവിതം,അവര്‍  അനുഭവിക്കുന്ന  ജീവിതം  എന്ന്  വേണ്ട  അവരുടെ  ഓരോ  ഭാവവും  ടാക്സിയില്‍  ഉള്ള  ആ ക്യാമറ പകര്‍ത്തുന്നു.ഇറാനിലെ  ശിക്ഷ  രീതികളെ  കുറിച്ച്  അഭിപ്രായം  പറയുന്ന  യാത്രക്കാര്‍,വ്യാജ  സി ഡി  വില്‍ക്കുന്ന  ആളിലൂടെ അവിടത്തെ സിനിമ  പ്രേക്ഷകര്‍ വിലക്കുകള്‍ക്കിടയിലും ആളുകളുടെ സിനിമ  അഭിരുചി  അവതരിപ്പിക്കുന്നു.വാഹനാപകടത്തില്‍  പരുക്കേറ്റ  യുവാവ്  താന്‍  മരിച്ചാല്‍  തന്റെ  ഭാര്യയ്ക്ക്  സംഭവിക്കാന്‍  സാധ്യതയുള്ള  സംഭവത്തെ  കുറിച്ച്   വ്യാകുലപ്പെടുന്നതും ഇവിടെ  കാണാം.

  പനാഹിയുടെ  ബന്ധുവായ ഹാന സെയ്ദിയിലൂടെ സിനിമകള്‍ക്ക്‌ രാജ്യം  നിഷ്കര്‍ഷിക്കുന്ന അവതരണ രീതി  മുതലായവ  എല്ലാം  ചര്‍ച്ചാ  വിഷയം  ആകുന്നുണ്ട്.ചിത്രത്തിലെ  മുഖ്യ  കഥാപാത്രമായി  വരുന്ന  പനാഹിയുടെ  മുഖം എപ്പോഴും  പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്നു.എല്ലാ  സാഹചര്യങ്ങളും  അദ്ദേഹം പുഞ്ചിരി  കൊണ്ട്  അഭിമുഖീകരിക്കുന്നു.ഒരു  പക്ഷെ  നിഗൂഡത  ഏറെ  കാണാം  ആ പുഞ്ചിരിയില്‍.രാജ്യത്തെ  സാഹചര്യങ്ങള്‍  ഇതാണെന്നും തന്റെ  ഭാഗത്ത്‌  ന്യായങ്ങള്‍  ആണ്  ഉള്ളത്  എന്നും  ഉള്ള ഒരു  പുഞ്ചിരി.പനാഹിയുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Taxi  Tehran.പ്രത്യേക ബന്ധനങ്ങള്‍ ഒന്നും  ഇല്ലാതെ കാണാന്‍  ഇരുന്നാല്‍  വളരെയധികം യാതാര്‍ത്ഥ്യ  ബോധത്തോടെ  കാണാന്‍  സാധിക്കുന്ന  ഒരു  നല്ല  ചിത്രം  ആണിത്.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started