755.THE ADVOCATE:A MISSING BODY(KOREAN,2015)

755.THE ADVOCATE:A MISSING BODY(KOREAN,2015),|Thriller|Mystery|Crime|,Dir:-Jong-ho Huh,*ing:-Sun-kyun Lee, Go-eun Kim, Hyeong-seong Jang.

   പ്രാഥമികമായി കുറ്റകൃത്യം നടന്നൂ എന്ന് തന്നെ വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍.ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും മരണ കാരണം ആകുന്ന രീതിയില്‍ രക്തം നഷ്ടം ആയിരിക്കുന്നു.കൊലപാതകി എന്ന് സംശയിക്കാവുന്ന ആള്‍,ആകസ്മികം ആയി കൃത്യം നടന്ന സ്ഥലത്ത് എത്തപ്പെട്ട സാക്ഷി.ഒരു കേസ് സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാതെ അവസാനിപ്പിച്ച്‌ കൊലപാതകി എന്ന് കരുതാവുന്ന ആള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കാവുന്ന സാഹചര്യം ആണ് ഉള്ളത്.

  എന്നാല്‍ ഇവിടെ നഷ്ടമായ ഒന്നുണ്ട്.കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളുടെ മൃതദേഹം.മിന്‍ ജുംഗ് എന്ന യുവതി ആണ് അവളുടെ കാമുകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ജുംഗ് ഹ്വാന്റെ കൈകളാല്‍ കൊല്ലപ്പെട്ടു എന്ന് പോലീസ് വിശ്വസിക്കുന്നു.എന്നാല്‍ അവളുടെ മൃത ദേഹം എവിടെ ആണ് അപ്രത്യക്ഷം ആയതു?ഹോ സുംഗ് എന്ന അഭിഭാഷകന്‍ ഈ കേസില്‍ എത്തിപ്പെടുന്നത് യാദൃചികം ആയിട്ടായിരുന്നു.മൂണ്‍ എന്ന ധനികനും വന്‍കിട മരുന്ന് കമ്പനിയുടെ ഉടമയുടെ ഡ്രൈവര്‍ ആണ് കുറ്റാരോപിതന്‍ ആയ ജുംഗ് ഹ്വാന്‍.മൂണ്‍,തന്‍റെ വിശ്വസ്തനു വേണ്ടി അടുത്തക്കാലത്ത് അയാളുടെ കമ്പനി നടത്തിയ മരുന്ന് പരീക്ഷണങ്ങളില്‍ ജീവന്‍ നഷ്ടമാകാന്‍ പോകുന്ന യുവതിക്ക് എതിരെ വാദിച്ചു അവിശ്വസനീയമായ വിജയം നേടിയിരുന്നു കോടതിയില്‍.അത് കൊണ്ട് തന്നെ ഈ കേസ് ഹോ സുംഗിനെ ഏല്‍പ്പിക്കുന്നു.

   ജുംഗ് ഹ്വാന്റെ കാമുകി ആണെന്ന് പറഞ്ഞ യുവതിയും അയാളുമായും ഉള്ള ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം.മൃതദേഹം അപ്രത്യക്ഷം ആയതു കൊണ്ട് തന്നെ പോലീസ് അന്വേഷണവും എങ്ങും എത്തുന്നില്ല.തന്‍റെ കക്ഷിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള വഴികള്‍ കണ്ടു പിടിക്കുക ഹോ സുംഗിനു എളുപ്പം ആയിരുന്നു.എന്നാല്‍ ഹോ സുംഗ് വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.കേസ് അത്ര എളുപ്പം അല്ലായിരുന്നു.മൃതദേഹത്തിന്റെ തിരോധനത്തോട്‌ അനുബന്ധിച്ച്  ധാരാളം കുരുക്കുകള്‍ അഴിക്കാന്‍ ഉണ്ടായിരുന്നു.ആഴിയും തോറും മുറുകുന്ന കുരുക്കുകള്‍.

  ഹോ സുംഗിന്റെ ജൂനിയര്‍ ആയി നിയമ ബിരുദം ചെയ്ത ജിന്‍ സുന്‍ മി പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ആയി വന്നതോടെ കഴിവുകള്‍ തമ്മില്‍ ഉള്ള മത്സരം കൂടി ആയി മാറി ആ കേസ്.രണ്ടു അഭിഭാഷകരും വിജയത്തിനായി ശ്രമിക്കുന്നു.എന്നാല്‍ അവരെ കാത്തിരുന്ന ദുരൂഹത എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വളരെ ചടുലമായി പോകുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.ഒപ്പം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ത്രില്ലര്‍ കൂടി ആയി മാറുമ്പോള്‍ കൊറിയന്‍ സിനിമകളില്‍ ഇഷ്ടപ്പെടാവുന്ന ഒരു ക്രൈം/ത്രില്ലര്‍ ആയി മാറുന്നു The Advocate:A missing Body.

Leave a comment

Design a site like this with WordPress.com
Get started