778.YEOUIDO(KOREAN,2010)

778.YEOUIDO(KOREAN,2010),|Crime|Mystery|,Dir:- Song Jung-Woo,*ing:-Kim Tae-Woo,Park Sung-Woong,Hwang Su-Jeong.

  തങ്ങളുടെ കാഴ്ചപ്പാടില്‍ ഉള്ള   അനീതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകും പലരും.എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ കാരണവും ,പ്രതികരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ഓര്‍ത്തു പലപ്പോഴും അതില്‍ സമന്വയം പാലിക്കുകയും ജീവിതചര്യകള്‍ ആയി പോവുകയും ചെയ്യുക ആണ് പതിവ്.അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ഉള്ള ലോക മാര്‍ക്കറ്റ് കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ് സത്യം.അതിനു ഒരു കാരണം ഇത്തരം അനീതികള്‍ക്കെതിരെ പൊരുതുന്ന അവരുടെ പ്രതിച്ഛായ ആകും.തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് സ്ക്രീനില്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് തോന്നുന്ന ആരാധന.പൊതുവായുള്ള ഒരു അഭിപ്രായം ആയി അതിനെ പറയുന്നില്ലെങ്കിലും കുറച്ചു പേര്‍ക്കെങ്കിലും അങ്ങനെ തോന്നാന്‍ സാധ്യതയുണ്ട്.

   ഒരു ശരാശരി മനുഷ്യന്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ജോലിക്ക് പോകുന്നത് മുതല്‍ അയാളുടെ കാഴ്ചപ്പാടില്‍ ഉള്ള അന്നേ ദിവസം ഉള്ള അനീതികള്‍ ആരംഭിക്കുന്നു.തന്‍റെ ജോലിയില്‍ ഉള്ള കഴിവിനെ അംഗീകരിക്കാത്ത മേധാവി.കൂടെ നിന്നു സ്വകാര്യ ലാഭങ്ങള്‍ക്കായി അയാളെ വില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍,അവഗണനകള്‍ അങ്ങനെ തുടങ്ങുന്നു ഒരാളുടെ സാധാരണ ദിവസം.അതിനൊപ്പം ജീവിതത്തിലെ ചിലവുകള്‍ ചില സമയം പ്രതീക്ഷകള്‍ക്ക് അപ്പുറം പോകുമ്പോള്‍ കടം എടുക്കേണ്ടി വരുന്ന ഒരു ശരാശരി മനുഷ്യന്‍.പണം കൊടുത്തവരില്‍ നിന്നുമുള്ള സമ്മര്‍ദം.അവര്‍ ജീവിതത്തില്‍ പോലും ഭീഷണി ആയി നിലനില്‍ക്കുന്നു.

 സ്റ്റോക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന വൂ-ജിന്‍ ഇത്തരം അവസ്ഥകളെ ദിവസേന കാണുന്ന ഒരാളാണ്.നന്നായി ജോലി ചെയ്തിട്ടും കമ്പനിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം ജോലി പോകുന്നത് അയാളുടെ ആണെന്ന് അറിയുന്നു.തന്‍റെ പരിശ്രമങ്ങള്‍ക്ക് വില ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും പോലെ അയാളും നിരാശന്‍ ആകുന്നു.അതിനൊപ്പമാണ്‌ പിതാവിന്റെ ചികിത്സ ചിലവുകള്‍ക്കായി വാങ്ങിയ പണം കൊള്ളപ്പലിശ കാരണം അയാള്‍ക്ക്‌ അടയ്ക്കാന്‍ കഴിയാത്ത രീതിയില്‍ കൂടുന്നത്.അയാളുടെ കാഴ്ചപ്പാടില്‍ തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല.

  ഒരു ദിവസം സഹപ്രവര്‍ത്തകന്റെ വിജയാഘോഷം നടത്തിയ ബാറില്‍ വച്ച് അയാള്‍ എത്ര മാത്രം പരിഹസിക്കപ്പെടുന്നു എന്ന് വൂ ജിന്‍ മനസ്സിലാക്കുന്നു.പലിശയ്ക്കു വാങ്ങിച്ച പണം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അയാളുടെ ഭാര്യയും ഭീഷണികള്‍ നേരിടുന്നു.അന്ന് രാത്രി വൂ ജിന്നെ കാണാന്‍ ഒരു അതിഥി എത്തുന്നു.വൂ ജിന്‍റെ സൂപ്പര്‍മാന്‍.അടുത്ത ദിവസം പുലരുന്നത് വൂ ജിന്നെ ചതിച്ച സുഹൃത്തിന്റെ കൊലപാതക വാര്‍ത്തയോടെആണ്.വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു.വൂ-ജിന്‍റെ ശത്രുക്കള്‍ ആണ് കൊല്ലപ്പെടുന്നതും.ഈ കൊലകള്‍ക്ക് പിന്നില്‍ ഉള്ള രഹസ്യം എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ഇരുണ്ട പശ്ചാത്തലത്തില്‍ ഈ ചിത്രം പലപ്പോഴും പിന്തുടരുന്നത് അധികം  വേഗത ഇല്ലാത്ത അവതരണ ശൈലി ആണ്.നിര്‍വികാരതയോടെ ജീവിക്കുന്ന നായകനും.എന്നാല്‍ പിന്നീട് ചിത്രം പുതിയ സംഭവ വികാസങ്ങളോടെ വേഗത കൈവരിക്കുന്നു.സൈക്കോ -ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം കൂടുതലും ശ്രദ്ധ ചെലുത്തുന്നത് മനുഷ്യ ജീവിതത്തിലെ പ്രതീക്ഷകളിലേക്ക് ആണ്.വൂ ജിന്നും അത്തരം ഒരു പ്രതീക്ഷ ലഭിക്കുന്നു.

More movie suggestions @www.movieholicviews.blogspot.ca

Leave a comment

Design a site like this with WordPress.com
Get started