791.MIDNIGHT RUNNERS(KOREAN,2017)

791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park

Synopsis:-

  കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്‌.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു.

  രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍ ഇരുവരും തങ്ങളുടെ പരിശീലനത്തിലും തങ്ങള്‍ പിന്നീട് ചെയ്യാന്‍ പോകുന്ന ജോലിയുടെ വില തിരിച്ചറിഞ്ഞു തന്നെ പ്രവര്‍ത്തിക്കുന്നു.ഒരു ദിവസം രാത്രിയില്‍ അക്കാദമിയില്‍ നിന്നും ഒഴിവുക്കിട്ടിയ സമയം പുറത്തു പോയ അവര്‍,സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ വഴിയില്‍ വച്ച് കാണുന്നു.എന്നാല്‍ നിമിഷ നേരം കൊണ്ട് അജ്ഞാതരായ കുറച്ചാളുകള്‍ അവളെ ഒരു കാറില്‍ വന്നു തട്ടിക്കൊണ്ടു പോകുന്നു.

 കിം-ജൂനും ,ഹീ-യൂലും തങ്ങള്‍ പഠിച്ചത് ജീവിതത്തില്‍ പ്രായോഗികം ആക്കാന്‍ ശ്രമിക്കുന്നു.അവര്‍ അതില്‍ ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പഠനം കഴിയാത്ത അവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു.എന്നാല്‍ അവരിലെ കര്‍ത്തവ്യ ബോധം തങ്ങളുടെ നിസഹായവസ്ഥയെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു.ആരായിരുന്നു ആ പെണ്‍ക്കുട്ടി? അവളെ തട്ടി കൊണ്ട് പോയത് ആരായിരുന്നു?എന്തായിരുന്നു അവരുടെ ഉദ്ദേശം?കൂടുതലറിയാന്‍ ചിത്രം കാണുക.

PoV:-

  കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് Midnight Runners.2017 ലെ മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് തമാശകള്‍ ഇട ചേര്‍ന്ന ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആയാണ്.അല്‍പ്പം പോലും മുഷിപ്പിക്കാതെ ഒറ്റയിരുപ്പില്‍ കാണാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ആയിരുന്നു സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ മികച്ച പ്രകടനങ്ങളിലൂടെ 2 മുഖ്യ കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞൂ.

  വ്യത്യസ്തമായ സ്വഭാവങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവരുടെ ചിന്തകള്‍ പലപ്പോഴും യോജിച്ചു പോകുന്നു.ചിത്രത്തിന്റെ കഥയുടെ സ്വഭാവം മാറുന്ന സ്ഥലം മുതല്‍ കൊറിയന്‍ സിനിമകളിലെ ഡാര്‍ക്ക്‌ ത്രില്ലറുകളില്‍ ഒന്നായി മാറിയെങ്കിലും കി-ജൂനും ,ഹിയൂളും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരം ആക്കി തീര്‍ത്തൂ.നവീന ലോകത്തിലെ പുത്തന്‍ കുറ്റ കൃത്യങ്ങള്‍ പലപ്പോഴും വിചിത്രമായിരിക്കും.അതില്‍ ഇരയായി മാറുന്ന പലരും ഉണ്ടാകാം.അത്തരത്തില്‍ ഒരു ഗൗരവമേറിയ പ്രമേയം ആയിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്,

  സൌഹൃദത്തിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് മികച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാരിലേക്ക് മാറാനുള്ള ലക്‌ഷ്യം വന്ന രണ്ടു യുവാക്കളിലേക്ക്‌ മാറുന്നു.തങ്ങളുടെ നിസഹായവസ്ഥയിലും സ്വാര്‍ത്ഥത ഇല്ലാതെ തങ്ങള്‍ എന്ത് ലക്‌ഷ്യം വയ്ക്കുന്നോ അതിനു പ്രമൂഖ്യം നല്‍കിക്കൊണ്ട് ഏതറ്റം വരെ പോയിട്ടാണെങ്കിലും തങ്ങളുടെ കടമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവരുടെ കഥ പ്രേക്ഷകന് താല്‍പ്പര്യത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല.ഈ വര്‍ഷത്തിലെ മികച്ച കൊറിയന്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Midnight Runners.

Leave a comment

Design a site like this with WordPress.com
Get started