949.Straw Dogs(English,1971)

949.Straw Dogs(English,1971)
       Thriller,Action

             എത്ര പാവത്താന്‍ ആയ മനുഷ്യനും ഒരു ‘ബ്രേക്കിംഗ് പോയിന്റ്’ ഉണ്ടാകും.അയാളെ കുറിച്ച് ലോകത്തിനു പരിചിതമായ ഒരു മുഖം ഉണ്ടാകും.അയാളുടെ വ്യക്തിത്വം ആയി നിര്‍വചിക്കുന്നത് ആ ഒരു വശം ആയിരിക്കും.Dustin Hoffman,Straw Dogs ല്‍ അവതരിപ്പിച്ച ‘ഡേവിഡ് സംനര്‍’ എന്ന കഥാപാത്രത്തിനും ഇത്തരത്തില്‍ ഉള്ള സ്വഭാവം ആയിരുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം എന്ന് തോന്നി പോകും ‘Straw Dogs’ കാണുമ്പോള്‍.

   പ്രത്യേകിച്ചും സിനിമയുടെ തുടക്കം ഉള്ള അയാളുടെ സ്വഭാവം.അമരിക്കന്‍ ഗണിത ശാസ്ത്രജ്ഞന്‍ ആയ ഡേവിഡ്‌ അയാള്‍ പ്രതിനിധീകരിക്കുന്ന എലീറ്റ് ക്ലാസിന്റെ രീതികളിലോ അല്ലെങ്കില്‍ അയാള്‍ വന്നെത്തിയ കോര്‍ണിഷ് ഗ്രാമാപശ്ചാതലത്തില്‍ ജീവിച്ചിരുന്നവരെക്കാളും പുരോഗമനം കൈ വരിച്ച ആളായിരുന്നിരിക്കാം.മനപ്പൂര്‍വം ഉള്ള പ്രകോപനങ്ങള്‍ അയാളുടെ കാമുകിയുടെ നാട്ടില്‍ അയാള്‍ക്ക്‌ നേരെ ഉണ്ടാകുന്നെങ്കിലും നിഷ്ക്കളങ്കമായ മുഖ ഭാവത്തോടെ ആണ് അയാള്‍ അതിനെ നേരിടുന്നതും.

   എന്നാല്‍ കാമുകിയായ ആമി ചാപല്യങ്ങള്‍ നിറഞ ഒരാളായാണ് കാണപ്പെടുന്നത്.അവളുടെ മുന്‍ കാമുകനും കൂട്ടരും അവള്‍ക്കു നേരെ ലൈംഗിക ച്ചുവയോടെ നോക്കുമ്പോള്‍ അവളുടെ വസ്ത്രധാരണത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഡേവിഡ്‌ പലപ്പോഴും അവിടെ അവള്‍ക്കു സുരക്ഷ ഒരുക്കുന്നതായി അവള്‍ക്കു  തോന്നുന്നില്ല.അതിന്റെ ഒപ്പം റിസേര്‍ച്ച് ആവശ്യങ്ങള്‍ക്കായി സമയം ചിലവഴിക്കുന്ന ഡേവിഡ് അവളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്നും കരുതുന്നു.ഇതൊക്കെ ഡേവിഡ്‌ തുടക്കത്തില്‍ പ്രകടിപ്പിക്കുന്ന ഒരു മുഖമാണ്.അത് പോലെ പുരോഗമനം കൈവരിച്ച ഒരു അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞന് അധികം പുരോഗമനങ്ങള്‍ ഒന്നുമില്ലാത്ത,സംശയ ദൃഷ്ടിയോടെയും മറ്റും നോക്കുന്ന കൊച്ചു ഗ്രാമത്തിലെ ആളുകളുമായി സ്വഭാവത്തില്‍ ധാരാളം അന്തരങ്ങള്‍ ചൂണ്ടി കാണിക്കുവാന്‍ സാധിക്കും.

  എന്നാല്‍ ആ കോര്‍ണിഷ് ഗ്രാമത്തില്‍ സംഭവങ്ങള്‍ മാറി മറിയുന്നു.ഡേവിഡ്‌-ആമി എന്നിവരെ കാത്തു വലിയൊരു അപകടം പതുങ്ങിയിരുപ്പുണ്ട്.അതിനെ ഡേവിഡ്‌ എങ്ങനെ നേരിടുന്നു എന്നാണ് ബാക്കി ചിത്രം പറയുന്നത്.ചിത്രത്തിന്റെ അവസാന ഒരു മണിക്കൂര്‍ ആണ് ഇതിന്റെ കാതലായ വശം.ഒരു പക്ഷെ ഭീകരമായ transformation സംഭവിക്കുന്നു.മുന്‍വിധികള്‍ എല്ലാം മാറി മറിയുന്നു.തീര്‍ച്ചയായും ഇത്തരത്തില്‍ ഉള്ള വയലന്‍സ് വരുന്ന സിനിമകളുടെ ഴോന്രെയിലെ ഒരു ക്ലാസിക് ആണ് ‘സാം പെക്കിന്പ’ സംവിധാനം ചെയ്ത “The Siege of Trencher’s Farm” എന്ന “Gordon M. Williams” നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം.  ഈ ചിത്രത്തിന്റെ റീമേക്ക് പിന്നീട് ഇറങ്ങിയെങ്കിലും ആദ്യ  ചിത്രമാണ് പ്രിയപ്പെട്ടത്.

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
t.me/mhviews

Leave a comment

Design a site like this with WordPress.com
Get started