955.Vanjagar Ulagam(Tamil,2018)

955.Vanjagar Ulagam(Tamil,2018)
       Mystery,Crime,Thriller

    മദ്യപിച്ചു ലക്ക് കെട്ടുറങ്ങിയ ശ്യാമിനെ അന്വേഷിച്ചു രാവിലെ പോലീസ് എത്തുമ്പോള്‍ ആണ് അവന്‍ ആ വാര്‍ത്ത അറിയുന്നത്.വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന സ്ത്രീയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നു.പൊലീസിന്‍റെ മുന്നിലെ പ്രതി ശ്യാം ആണ്.എന്നാല്‍ തലേ ദിവസം മദ്യപിച്ചു കിടന്നുറങ്ങിയ അവനു അന്ന് രാത്രി നടന്ന സംഭവങ്ങളൊന്നും ഓര്‍മയും ഇല്ല.

     ‘വഞ്ചകര്‍ ഉലകം’ എന്ന തമിള്‍ ചിത്രത്തിന്റെ ആരംഭം ഇതിലാണ്.എന്നാല്‍ ഈ ഒരു സംഭവത്തില്‍ നിന്നും ചിത്രം വളരെയേറെ മുന്നോട്ടു പോകുന്നു.പ്രധാനമായും കഥാപാത്രങ്ങള്‍ ധാരാളം കഥയിലേക്ക് കടന്നു വരുന്നു.ഇടയ്ക്ക് മൂല കഥ എന്ന് വിചാരിച്ചിരുന്ന സ്ഥലത്ത് നിന്നും കഥ ധാരാളം മാറി പോയതായി പ്രേക്ഷകന് തോന്നും.ഇടയ്ക്ക് ഒരു സമയം ദുരൈ എന്ന ആളെ അന്വേഷിച്ചു കഥ മുന്നോട്ടു പോകുമ്പോള്‍ അത് ഗ്യാങ്ങ്സ്ട്ടര്‍ സിനിമ ആയും മാറുന്നു.ഈ സമയം എല്ലാം തുടക്കത്തില്‍ പറഞ്ഞ കഥ ദുരൂഹമായി തുടരുന്നു.

  ഇതിലെ ഓരോ കഥപാത്രവും ദുരൂഹത ഏറെ ഉള്ളവര്‍ ആണ്.അത് കൊണ്ടൊക്കെ അവരുടെ കഥകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു.പലപ്പോഴും വില്ലന്‍/പ്രതി എന്ന് സംശയിക്കുന്ന ആള്‍ ആരാണെന്ന് ഉള്ള ചോദ്യം ഉണ്ടാവുക സ്വാഭാവികം.ഇതില്‍ നിന്നും എല്ലാം മാറി ആണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി വയലന്‍സ് എല്ലാം കൂട്ടി ചേര്‍ത്ത് അസ്വാഭാവികം എന്ന് ആ അവസരത്തില്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന കഥയുമായി ചിത്രം അവസാനിക്കുന്നു.ആ ഒരു സന്ദര്‍ഭത്തില്‍ മാത്രം ആണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉള്ള ദുരൂഹത അവസാനിക്കുന്നത്‌.

  കഥാപാത്രങ്ങളുടെ ബാഹുല്യം സിനിമയുടെ ദൈര്‍ഘ്യം കൂട്ടിയതായി തോന്നിയെങ്കിലും അവസാന അര മണിക്കൂര്‍ പ്രതീക്ഷകളെ മൊത്തം മാറ്റി മറിച്ചു.ഗുരു സോമസുന്ദരത്തിന്റെ മികച്ച ഒരു വേഷം ആയിരുന്നു ഈ ചിത്രത്തിലെ സമ്പത്ത്.മികച്ച അഭിനേതാക്കളുടെ കൂട്ടത്തില്‍ ഗുരുവിന്റെ പേരും ഒട്ടും സംശയിക്കാതെ ഉള്‍പ്പെടുത്താം എന്ന് അടിവരയിടുന്നു ഈ ചിത്രം.

Leave a comment

Design a site like this with WordPress.com
Get started