973.Stree(Hindi,2018)

973.Stree(Hindi,2018)
        Fantasy,Comedy

         ഗ്രാമത്തിലെ ഉത്സവ ദിനങ്ങളിലെ 4 രാത്രികളില്‍ അവിടെ നിന്നും പുരുഷന്മാര്‍ അപ്രത്യക്ഷരാകുന്നു.’സ്ത്രീ’ എന്നൊരു പ്രേതം ആണത്രേ അതിനു കാരണം.അവരില്‍ നിന്നും ആ ഗ്രാമത്തെ രക്ഷിക്കാന്‍ ഒരാള്‍ക്ക്‌ മാത്രമേ കഴിയൂ.ആ ഗ്രാമത്തിലെ പുരുഷന്മാരുടെ രക്ഷകന്‍.പുരുഷന്മാരെ ‘സ്ത്രീ’ എന്ന പ്രേതത്തില്‍ നിന്നും ആരാണ് രക്ഷിക്കാന്‍ വരുക?

   2018 ലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ‘സ്ത്രീ’ എന്ന സിനിമയുടെ കഥയാണിത്.ഹൊറര്‍/കോമഡി എന്ന നിലയില്‍ ആണ് ചിത്രം കാണാന്‍ ഇരുന്നത്.എന്നാല്‍  ഈ 2 ഘടകങ്ങളെയും കൂടാതെ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു.സിനിമയുടെ അവസാനം വളരെയധികം സന്തോഷം തന്ന ഒരു രംഗം.അതാണ്‌ ഈ സിനിമയുടെ ഏറ്റവും മികച്ചതായ ഘടകവും.കഥയും കഥാപാത്രങ്ങളും എല്ലാം പിന്നീട് ആണ് വരുന്നത്.

   പ്രാദേശിക മിത്തുകള്‍ നിറഞ്ഞ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുപ്രസിദ്ധമായ ഒരു കഥയാണ് പഴയ ബാംഗ്ലൂരിലെ ‘നാളെ ബാ’ യുടേത്.സമാനമായ കഥകള്‍ പല സ്ഥലങ്ങള്‍ക്കും പറയാനുണ്ട്.ഇത്തരം പ്രാദേശിക മിത്തുകള്‍ എല്ലാം കൂടി ഭോപാലിലെ ‘ചന്ദേരി’ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.പുരുഷന്മാരെ വശീകരിച്ചു അപായപ്പെടുത്തുന്ന സ്ത്രീ പ്രേതം  ആണ്  പ്രമേയം.രാജ്കുമാര്‍ റാവു,ശ്രദ്ധ കപൂര്‍ തുടങ്ങി എല്ലാവരും അവരുടെ രംഗങ്ങള്‍ നന്നായി ചെയ്തു.ചിത്രത്തില്‍ jump scare രംഗങ്ങളോ ഒന്നും അധികം ഇല്ല.കോമഡിയുമായി  മുന്നോട്ടു പോകുന്ന കഥയില്‍ , എന്നാല്‍ ആഴത്തില്‍  ശ്രദ്ധിച്ചാല്‍ അല്‍പ്പം ഒക്കെ വേണമെങ്കില്‍ പേടിക്കാം.പക്ഷെ പേടിപ്പിക്കുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ഉദ്ദേശം എന്ന് കരുതുന്നില്ല.അതിനു കാരണം ആണ് ആദ്യം പറഞ്ഞ ആ ക്ലൈമാക്സ് രംഗം.

   അത് പോലെ സിനിമയ്ക്ക് ഒരു ഓപ്പണ്‍ ക്ലൈമാക്സ് ആണ് കൊടുത്തിരിക്കുന്നത്‌ എന്ന് തോന്നുന്നു.രണ്ടാം ഭാഗത്തിന് ഒരുങ്ങുന്ന ചിത്രം അതിനുള്ള വഴി കൂടി തുറന്നിട്ടിട്ടുണ്ട്.വടക്കേ ഇന്ത്യയിലെ സംസാര രീതികളിലെ പ്രത്യേകതകളില്‍ നിന്നും ഉണ്ടാകുന്ന തമാശകള്‍ പോലെ ഇടയ്ക്കിടെ ചിരി ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങളും ചിത്രത്തില്‍ ധാരാളം ഉണ്ട്.യഥാര്‍ത്ഥത്തില്‍ അവയൊന്നും മുഷിപ്പിച്ചതും ഇല്ല.വളരെ രസകരമായി,എന്നാല്‍ അല്‍പ്പം ഒരു ഹൊറര്‍ പശ്ചാത്തലം കൂടി ഉള്‍പ്പെടുത്തിയ ചിത്രം പ്രേക്ഷകനെയും മുഷിപ്പിക്കുക ഇല്ല.സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് ചിത്രം സ്ഥാപിക്കുന്നത്.അതിനായി കണ്ടെത്തിയത് ജനപ്രിയമായ ഒരു പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു.അതും,എതിരഭിപ്രായങ്ങള്‍ ഒന്നും വരാത്ത  വിധം ‘സ്ത്രീ ശാക്തീകരണത്തിന്’ പോസിറ്റീവ് ആയ ഒരു മുഖവും നല്‍കി,രസകരമായ ഒരു പശ്ചാത്തലത്തിലൂടെ.

  തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.എനിക്ക് ഈ വര്ഷം കണ്ടത്തില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നായി ആണ് ‘സ്ത്രീ’ സിനിമയെ തോന്നിയത്.ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും അത് തന്നെ ആണ് അഭിപ്രായവും എന്ന് തോന്നുന്നു.

  സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram Channel:t.me/mhviews

Leave a comment

Design a site like this with WordPress.com
Get started