1133. Oththa Seruppu Size 7(Tamil,2019)

1133. Oththa Seruppu Size 7(Tamil,2019)
Mystery,Suspense.

ഒരു കൊലപാതക കേസിൽ പ്രതി ആണെന്ന് ഉള്ള സംശയത്തിൽ ആണ് മാസിലാമണിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്.അന്നത്തെ ദിവസം മകന്റെ നല്ല ആരോഗ്യത്തിനു വേണ്ടി മൗനവൃതം എടുക്കുക ആണെന്ന് പറഞ്ഞ അയാളോട് ആ കൊലപാതകത്തെ കുറിച്ചു എന്തെങ്കിലും അറിയാമെങ്കിൽ എഴുതി തരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

അയാൾ എഴുതിയത് ഒരു കഥയാണ്.പോലീസിനെ ആദ്യം കുഴപ്പിച്ച കഥ.അയാൾ ഒരു രണ്ടായിരം നോട്ടിന്റെ കഥയും പുറകെ പറഞ്ഞു .ഗാന്ധിജിയുടെ പടമുള്ള പുതിയ രണ്ടായിരം നോട്ടിന്റെ കഥ.സിനിമയിൽ പലയിടത്തും ആ രണ്ടായിരം രൂപ കഥാപത്രമായി വരുന്നുണ്ട്. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം പോലീസിനെ അമ്പരപ്പിച്ചു കൊണ്ടുള്ള സംഭവങ്ങൾ ആണ് പിന്നീട് അരങ്ങേറിയത്.ട്വിസ്റ്റുകളും സസ്പെന്സും നിറഞ്ഞ സംഭവങ്ങൾ ആണ് പിന്നീട്. മാസിലാമണി ആണോ യഥാർത്ഥ കുറ്റവാളി?കൂടുതൽ അറിയുവാൻ സിനിമ കാണുക.

സാധാരണ ഒരു സിനിമ അവതരണം അല്ലായിരുന്നു ഈ ചിത്രത്തിനായി നിർമാതാവും,സംവിധായകനും,നടനുമായ പാർത്ഥിപൻ തിരഞ്ഞെടുത്തത്.കാമറയിൽ കാണിക്കുന്ന ഒരേ ഒരു മുഖം പാർത്ഥിപന്റെ മാത്രം ആണ്.മറ്റുള്ളവർ ശബ്ദത്തിലൂടെയും സിനിമയിൽ കഥാപാത്രങ്ങളായി.ധാരാളം കഥാപാത്രങ്ങൾ ആവശ്യമുള്ള ഒരു കഥയിൽ അവരെ എല്ലാം ശബ്ദത്തിലൂടെ മാത്രം അവതരിപ്പിച്ച റസൂൽ പൂക്കുട്ടിയുടെ സാങ്കേതിക തികവു സിനിമയ്ക്ക് കൂട്ടായി.സിനിമയിൽ പല സംഭവങ്ങളും ശബ്ദത്തിന്റെ സഹായത്തോടെ മാത്രം അവതരിപ്പിച്ചിരിക്കുന്നത് ഒരിക്കലും ആസ്വാദനത്തെ ബാധിച്ചില്ല.വ്യക്തമായി പ്രേക്ഷകനുമായി ചിത്രം സംവാദത്തിൽ ഏർപ്പെടുന്നുണ്ട്.

സമൂഹത്തിലെ വലിപ്പ ചെറുപ്പങ്ങളെയും അതിന്റെ മായിക വലയത്തിൽ അകപ്പെടുകയും ചെയ്യുന്നവരെയും,അതിൽ നിന്നും വിഭിന്നമായി ചെറിയ സന്തോഷങ്ങളിലൂടെ വലിയ ദുഃഖങ്ങൾ നേരിടുന്നവരെ കുറിച്ചും ഉള്ള സോഷ്യൽ കമന്ററി പലപ്പോഴായി സിനിമയിൽ കാണാം.

തന്റെ പതിനെട്ടു വർഷത്തെ സ്വപ്നമായ സിനിമ പാർത്ഥിപൻ അവതരിപ്പിച്ചിരിക്കുന്നത് കുറ്റാന്വേഷണ സിനിമകളിലെ ഏറ്റവും മികച്ച രീതിയിൽ ആണ്.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണെന്ന് കരുതിയ സ്ഥലത്തു നിന്നും ക്ളൈമാക്സിൽ കഥാപാത്രത്തിന് വരുന്ന പതിയെ ഉള്ള മാറ്റങ്ങൾ എല്ലാം തന്നെ സിനിമ ആസ്വാദ്യകരം ആക്കി എന്ന് തന്നെ പറയാം.

വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ കാണാൻ ആഗ്രഹം ഉള്ളവർക്ക് സിനിമ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

MH Views Rating 4/4

സിനിമയുടെ ലിങ്ക് movieholicviews.movie.blog ൽ ലഭ്യമാണ്.

Leave a comment

Design a site like this with WordPress.com
Get started