927.Disturbia (English,2007)

927.Disturbia (English,2007)
        Mystery,Thriller.

    കൗമാരപ്രായക്കാരൻ ആയ ‘കേൽ’ ,അവന്റെ സ്ക്കൂളിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്ന് വീട്ടു തടങ്കലിൽ ആണ്.അവന്റെ ശരീരത്തിൽ ഘടിപ്പിച്ച ബാൻഡ് കാരണം വീടിനു പുറത്തേക്കു പോകാൻ കഴിയാതെ ജീവിക്കുന്നു.തന്റെ പിതാവിന്റെ മരണം അവനെ ആകെ തകർത്തിരുന്നു എന്നതായിരുന്നു സത്യം.അതിന്റെതായ പ്രശ്നങ്ങൾ അവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഈ സമയങ്ങളിൽ അയലത്തെ സുന്ദരിയെ രഹസ്യമായി കാണാൻ വേണ്ടി ആണ് അവൻ ബൈനോക്കുലർ ഉപയോഗിച്ചു തുടങ്ങുന്നത്.കൗമാരത്തിന്റെ ചാപല്യങ്ങൾക്കു ഇടയിൽ അവൻ ഒരു രഹസ്യം കണ്ടെത്തുന്നു.

“തന്റെ മറ്റൊരു അയൽക്കാരൻ ഒരു സീരിയൽ കില്ലർ ആണ്”

കേലിന്റെ കൈയിൽ അധികം തെളിവുകൾ ഇല്ലായിരുന്നു.അതിന്റെ കൂടെ നിയമം നൽകിയ ശിക്ഷ അവന്റെ സംശയങ്ങൾ സ്ഥിരീകരിക്കാൻ വിലങ്ങു തടി ആയി തീരുകയും ചെയ്തു.കേലിന്റെ അയൽവാസി യഥാർത്ഥത്തിൽ അവൻ കരുതിയത് പോലെ ഒരു കൊലപാതകി ആയിരുന്നോ?അവനു സത്യം കണ്ടെത്താൻ സാധിക്കുമോ?കൂടുതൽ അറിയാൻ ചിത്രം കാണുക!!

ഹിച്കോക്കിന്റെ മാസ്റ്റർപീസ് ആയ Rear Window യുടെ ടീനേജ് വേർഷൻ എന്നു കഥാപാത്രത്തെ വിളിക്കാമെങ്കിലും വളരെയധികം വ്യത്യാസങ്ങൾ ഉണ്ടായിരുന്നു കഥാപാത്രങ്ങൾ നേരിട്ട സാഹചര്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ.എന്നാൽ അധികം ഡാർക്ക് മൂഡ് ആകാതെ ഒരു ടീനേജ് കുറ്റാന്വേഷണ കഥ ആയി ചിത്രത്തെ കാണാം.ക്ളൈമാക്സിനോട് അടുപ്പിച്ചു ചിത്രം നല്ല ഒരു ത്രില്ലർ ആകുന്നുണ്ട്.എങ്കിലും, മൊത്തത്തിൽ ഒരു ശരാശരി ചിത്രം എന്നു വിളിക്കാം Disturbia യെ.കാരണം ഇത്തരത്തിൽ ഉള്ള ഒരു പ്ലോട്ട് വർഷങ്ങൾക്കു മുൻപ് മികച്ച രൂപത്തിൽ നമുക്ക് കാണാൻ സാധിച്ചത് കൊണ്ടു തന്നെ.

926.Creepy(Japanese,2016)

926.Creepy(Japanese,2016)
         Mystery,Thriller

         ആറു വർഷങ്ങൾക്കു മുൻപ് 3 പേർ ഒരു കുടുംബത്തിൽ നിന്നും അപ്രത്യക്ഷരായി എന്ന കേസ് ദുരൂഹമായി നില നിൽക്കുമ്പോൾ ആണ് ‘ടാകാകുര’  എന്ന മുൻ പോലീസ് കുറ്റാന്വേഷണ വിദഗ്ധൻ ആ കേസിലേക്കു വരുന്നത്.ക്രിമിനൽ സൈക്കോളജിയിൽ വിദഗ്ധനായ ടാകാകുര ,എന്നാൽ ഒരിക്കൽ തന്റെ നിഗമനങ്ങളിൽ വന്ന പിഴവ് കാരണം ഉണ്ടായ അപകടത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഒരു കോളേജിൽ പഠിപ്പിക്കുന്നു.ആറു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളിൽ നടന്ന ദുരൂഹതയിൽ ഒന്നാണ് സാക്ഷി മൊഴി പലപ്പോഴായി മാറ്റി പറയേണ്ടി വരുന്ന ആ കുടുംബത്തിലെ പെണ്കുട്ടിയുടെ കാര്യം.അതി സങ്കീർണമായ ഒരു കേസ് ആയി മാറുമ്പോൾ ആണ് 5 പേരുടെ ശവശരീരം ആ സമയത്തു ലഭിക്കുന്നത്?അതു ആരുടെ ആയിരുന്നു?എങ്ങനെ ആണ് അവർ കൊല്ലപ്പെട്ടത്??

എന്നാൽ ഈ സമയം ടാകാകുര ഭാര്യയും ആയി താമസിക്കുന്ന സ്ഥലത്തും ചില വിചിത്ര സംഭവവികാസങ്ങൾ ഉണ്ടായി തുടങ്ങി.പുതിയ സ്ഥലത്തുള്ള പുതിയ അയൽവക്കക്കാർ അവരോടു പെരുമാറിയത് വിചിത്രമായി ആയിരുന്നു.ആർക്കും ആരെയും വിശ്വാസം ഇല്ലാത്ത പോലെ.എല്ലാവരും അകലാൻ ശ്രമിക്കുന്ന പോലെ.ആകെ ദുരൂഹതകൾ നിറയുമ്പോൾ എന്താണ് അവിടെ നടക്കുന്നത് എന്നു പ്രേക്ഷകന് താൽപ്പര്യം കൂടുന്നു.ഒരു സീരിയൽ കില്ലർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നിടത്തു അതിലും ഭീകരം ആയ ഒന്നുണ്ടായാൽ??

   ഈ ഭാഗം സിനിമയുടെ ഒരു ചെറിയ പ്ലോട്ട് മാത്രം ആണ്.അതി സങ്കീർണമായ ഒരു കഥ ആണ് പ്രശസ്ത ജാപ്പനീസ് സംവിധായകൻ ആയ ‘കയേഷി കുറോസോവ’ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ഹൊറർ എന്നാൽ പ്രേത സിനിമകൾ മാത്രം ആണെന്നുള്ള concept മാറ്റി അതീന്ദ്രീയ ശക്തികൾക്കും അപ്പുറം ഉള്ള ചില സംഭവങ്ങളെ തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹം സമകാലീന സംവിധായകരിൽ ഒരു ഇതിഹാസം ആണ്.’Yutaka Maekawa’ എഴുതിയ നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിന്റെ കഥ വളരെ ദുരൂഹതകൾ നിറഞ്ഞ ഒന്നാണ്.പ്രേക്ഷകന് പ്രധാനമായ പ്ലോട്ട് എന്നു ചിന്തിക്കുന്നിടത്തു നിന്നും അപകടകരകമായ കഥാപാത്രങ്ങളിലൂടെ,പ്രത്യേകിച്ചും മനുഷ്യ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ചെകുത്താന്റെ സമമായ കഥാപാത്രം ഒക്കെ ഭയപ്പെടുത്തുന്നു മറ്റൊരു തരത്തിൽ.

  അമേരിക്കൻ സീരിയൽ കില്ലർമാരെ കുറിച്ചു തുടക്കത്തിൽ വരുന്ന പരാമർശങ്ങളിൽ നിന്നും മാറി അധികം പരിചയം ഇല്ലാത്ത ഒരു തരം പരമ്പര കൊലയാളിയെ ആണ് ചിത്രത്തിൽ കാണുക.പക്ഷെ നേരെ നോക്കുമ്പോൾ അയാളിൽ സുതാര്യത ഏറെയും ആണ്.ജാപ്പനീസ് കുടുംബങ്ങളുടെ ഇന്നത്തെ പൊതു സ്വഭാവത്തിൽ നിന്നും ഉൾക്കൊണ്ട കഥാപാത്രങ്ങളും അവിടെ ഇത്തരത്തിൽ ഉള്ള ഒരാളും ഉണ്ടായിരുന്നെങ്കിൽ എന്നത് തന്നെ നിലവിൽ ഉള്ള വ്യവസ്ഥിതിയിൽ അത്തരം ഒരു ആശയം ഉൾപ്പെടുത്തിക്കൊണ്ടു ഹൊറർ മൂഡിലേക്കു പ്രേക്ഷകനെ എത്തിക്കുന്നു.പണ്ട് കൊറിയൻ ചിത്രമായ “Hide and Seek” ൽ ഒക്കെ കണ്ട പോലത്തെ ഒരു പ്രമേയം പ്രതീക്ഷിച്ചു സിനിമ കാണാൻ ഇരുന്ന ഒരാൾ എന്ന നിലയിൽ ചിത്രം ആകെ ഞെട്ടിച്ചു!!

  നേരിട്ടു വിവരിക്കാൻ ആകാത്ത ഒരു കഥയാണ് Creepy യുടെ.കാരണം,അതു കണ്ടു തന്നെ അറിയണം.കഥാപാത്രങ്ങളെ കുറിച്ചു പോലും ധാരാളം interpretations നടത്താൻ സാധിക്കുന്ന ചിത്രം ആണിത്.വ്യക്തമായ വ്യക്തിത്വം നൽകുകയും,എന്നാൽ പിന്നീട് അവരുടെ സ്വഭാവം തന്നെ കാഴ്ചയിൽ നിന്നും മാറ്റുന്ന മികച്ച ഒരു അനുഭവം ആയിരുന്നു “Creepy”.

തീർച്ചയായും കാണുക!!

925.Junga(Tamil,2018)


925.Junga(Tamil,2018)


     ‘ജുങ്ക’ – ഈ സിനിമയുടെ മോശം വശങ്ങളിലേക്ക് ആദ്യം പോകാം.ഈ പോസ്റ്ററിൽ ഉള്ളത് ആണ് ഏറ്റവും മോശം ആയ കാര്യം.സംശയിക്കേണ്ട.വിജയ് സേതുപതി തന്നെ.നല്ല ഒരു കഥ ഉണ്ടെങ്കിൽ അതിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന തമിഴ് നടൻ എന്നു ഉറപ്പായും പറയാവുന്ന വിജയുടെ ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതിലെ ‘ഡോൺ ജുങ്ക’.ഗെറ്റപ്പ് ചേഞ്ച്‌ എന്നു പറഞ്ഞു തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും ആകെ ബോർ ആയി തോന്നി അതു.തമിഴിലെ ഏതു നടനും ചെയ്യാവുന്ന ഒരു കഥാപാത്രം,സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും വരുമ്പോൾ ‘ആക്റ്റർ വിജയ്’ എന്തായിരിക്കും കരുതിയിട്ടുണ്ടാവുക??

  കഥയിൽ വലിയ ലോജിക് ഒന്നും ഇല്ലാത്തതു കൊണ്ടു ഒരു ഫാന്റസി സിനിമ ആയി കണക്കാക്കാം.കുറച്ചു തമാശയും ഒക്കെ ആയി പോകുന്ന ചിത്രത്തിൽ വിജയ്‌ പലപ്പോഴും തീരെ comfortable ആണെന്ന് തോന്നിയില്ല.സ്വാഭാവികമായ,നിഷ്ക്കളങ്കം ആയ അദ്ദേഹത്തിന്റെ തമാശ കഥാപാത്രങ്ങൾ കണ്ടിട്ടുണ്ടാവും.എന്നാൽ ഇവിടെ വേറെന്തോ ആയി മാറാൻ ഉള്ള ഒരു ശ്രമം പോലെ.യോഗി  ബാബു,കുറച്ചു നേരം സ്‌ക്രീനിൽ ഉള്ള രാജേന്ദർ,നായിക സയേഷ ഒക്കെ ആ ഫ്ലോയിൽ അങ്ങു പോയി.’അമ്മ വേഷത്തിൽ വന്ന ശരണ്യ ,മുത്തശ്ശി വേഷം ചെയ്ത നടി എന്നിവരൊക്കെ നന്നായിരുന്നു.അതു പോലെ സുന്ദരമായ ഫ്രാൻസും!!!

  Encounter ചെയ്തു കൊല്ലാൻ പോകുന്ന ഒരു ഡോൺ, അയാളെ കൊല്ലാൻ കൊണ്ടു പോകുമ്പോൾ അയാളുടെ കഥ കൊല്ലാൻ പോകുന്ന പൊലീസുകാരോട് പറയുന്നതാണ് സിനിമയുടെ പ്രമേയം.ഇടയ്ക്കു ചെറിയ തമാശകൾ ഒക്കെ ആയി സിനിമ വെറുതെ ഒരു ടൈം പാസ് ചിത്രമായി മാറുമ്പോൾ മനസ്സിൽ തോന്നിയതു, വിജയ് സേതുപതിയെ പോലെ ഒരാൾ എന്തിനു ഈ കഥാപാത്രം ചെയ്തു എന്നതാണ്.കാർത്തി,ജീവ,ശിവ ഒക്കെ പോലെ ഈ കഥാപാത്രം ചെയ്യാൻ കഴിയുന്ന ധാരാളം ആളുകൾ ഉള്ളപ്പോൾ മികച്ച അഭിനേതാവ് ആയ ഒരാൾ ‘കണ്ണു തട്ടാതെ’ ഇരിക്കാൻ ചെയ്‌ത സിനിമ ആയി മറക്കാം.ഒരു പിടി നല്ല സിനിമകൾ വിജയുടെ ആയി വരാൻ ഉള്ളത് കൊണ്ട് പ്രത്യേകിച്ചും.

വിജയ് സേതുപതിയുടെ അഭിനയം ഒഴിച്ചു നിർത്തിയാൽ ഒരു ശരാശരി entertainer ആയി തോന്നി ‘ജുങ്ക’.

ഒരു ‘ആക്റ്റർ വിജയ്’ ആരാധകൻ എന്ന നിലയിൽ എഴുതിയ കുറിപ്പാണിത്…!!!


924.Summer of ’84(English,2018)

924.Summer of ’84(English,2018)
        Mystery

   ‘It’,’Hardy Boys’,Famous Five,’Secret Seven ‘,’Goonies’ തുടങ്ങി ’80 കളിലെ തലമുറയ്ക്ക് നൽകിയ മികച്ച ഒരു homage ആണ് Summer of ’84.സിനിമ നടക്കുന്ന കാലഘട്ടം മുതൽ ‘Le Matos’ ന്റെ പശ്ചാത്തല സംഗീതം പോലും പ്രേക്ഷകനെ ആ കാലഘട്ടത്തിലേക്കു കൊണ്ടു പോകാൻ സാധിക്കുന്ന ഒന്നായിരുന്നു.ടീനേജ് കുറ്റാന്വേഷണ കഥകൾ വായിച്ചു കഥകളുടെ ലോകത്തിലേക്ക്‌ വന്ന ഏതൊരാൾക്കും നൊസ്റ്റാൾജിയ നൽകുന്ന കാലം.’വിന്റേജ്’ ബാലരമ,പൂമ്പാറ്റ,ട്വിങ്കിൾ കാലഘട്ടത്തിലേക്കു ഉള്ള തിരിച്ചു പോക്കായി തോന്നും മുപ്പതുകളിൽ എത്തിയ പലർക്കും.’നൊസ്റ്റാൾജിയ’ എന്ന വാക്കിനു അത്രയധികം വിലയുണ്ടാകാം പലർക്കും.പുസ്തകങ്ങൾ വായിച്ചും,കൂട്ടുകാർ കൂട്ടം ചേർന്നുള്ള കളികളും ഒക്കെ ആയി ശുദ്ധമായ അന്തരീക്ഷം ഉള്ള,ടെക്‌നോളജി ഭാവിയിൽ സംഭവിക്കുന്ന ഏതൊക്കെയോ ഭ്രാന്തൻ ആശയങ്ങളിൽ ഉള്ളതാണ് എന്നു ചിന്തിക്കുന്ന ആ കാലഘട്ടം ഇഷ്ടമാണെങ്കിൽ മടിക്കാതെ ‘Summer of ’84’ കണ്ടോളൂ.

   ‘It’ റീമേക്,’ Stranger Things’ എന്നിവയുടെ ചുവടു പറ്റി ആണ് ‘Summer of ’84’ ന്റെ അവതരണവും.ടീനേജ് പ്രായത്തിൽ ഉള്ള കുട്ടികളുടെ തിരോധാനം ഒരു ചെറിയ ടൗണിനെ ഭയപ്പെടുത്തുമ്പോൾ,തന്റെ വീടിന്റെ അപ്പുറത്തുള്ള പോലീസുകാരൻ ആണ് ഇതിനെല്ലാം പിന്നിൽ എന്നു വിശ്വസിക്കുന്ന ‘ഡേവി ആംസ്ട്രോങ്ങും’ കൂട്ടുകാരും നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ പ്രമേയം.ഒരു ‘ടീനേജ് കുറ്റാന്വേഷണ’ നോവൽ വായിക്കുന്ന സരളതയോടെ കാണാവുന്ന ചിത്രം എന്നാൽ ക്ളൈമാക്സിനോട് അടുക്കുമ്പോൾ വളരെ അധികം disturbing ആയി മാറുന്നുണ്ട്.കഥ കൂടുതൽ വിവരിക്കുന്നതിൽ കാര്യമില്ല. ഇന്നത്തെ കാലത്തു ക്ളീഷേ ആണെന്ന് തോന്നാം!!

  ക്രൊയേഷ്യൻ ചിത്രമായ ‘Koko i duhovi’ പോലെ ഉള്ള സിനിമകൾ ഒക്കെ പഴയ ചിത്രകഥകളിലെ ആ മൂഡ് നിലനിർത്തിയെങ്കിൽ,ഇവിടെ അതിലും വ്യത്യസ്തമായി ‘gore elements’ നു ആണ് പ്രാമുഖ്യം.പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പ്രത്യേകിച്ചും ഇത്തരം ചിത്രത്തിലെ ക്ളൈമാക്‌സ്.ഒരു സിനിമ കണ്ടു തീർത്ത ഉടനെ അതിന്റെ OST തേടി പോകാൻ തോന്നിക്കും La Mantos ന്റെ സംഗീതം.സിനിമയുടെ ആകെ മൊത്തം ഉള്ള പൂര്ണതയ്ക്കു വേണ്ടി വന്ന ഒരു ഘടകം ആയിരുന്നു അത്.’RKSS’ എന്നു അറിയപ്പെടുന്ന സംവിധായക ജോഡികളുടെ ചിത്രം ഈ കലാഘട്ടത്തിലെ ഒരു പുതുമ ആണ്.,Shia LaBeouf, ന്റെ ചിത്രമായ ‘Disturbia’  യും ആയി കഥാപാപരമായി ചെറുതല്ലാത്ത സാദൃശ്യം തോന്നിയിരുന്നെങ്കിലും 30 വർഷങ്ങൾ മുൻപുള്ള കാലഘട്ടത്തിന്റെ സ്മരണകൾ അയവിറക്കാൻ ഉള്ള ഒരു ചിത്രമായി മാറി ‘Summer of ’84’.

To the ’80 s and ’90s kids,ധൈര്യമായി കണ്ടോളൂ ഈ ചിത്രം.നിരാശരാകില്ല!!

923.BHAVESH JOSHI SUPER HERO(HINDI,2018)

923.Bhavesh Joshi Super Hero(Hindi,2018)
        Action,Drama


  സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ  തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ് പുതിയ ഒരു തരം സൂപ്പർ ഹീറോ വരുന്നത്.

  സാധാരണ പോലെ അതി സങ്കീർണം ആയ ശാസ്ത്രീയ ഇടപെടലുകൾ ഇല്ല.വേറെ ഗ്രഹങ്ങളിൽ പോയിട്ടില്ല,കാശുകാരൻ അല്ല,പ്രത്യേക തരം സുരക്ഷാ കവചം ഇല്ല,കുറെ കാലം ഐസിൽ ഇട്ടു വച്ചിട്ടും ഇല്ല.പ്രധാനമായും പറക്കുകയും ഇല്ല.ആകെ അറിയാവുന്നത് കുറച്ചു സോഫ്റ്റ്‌വെയർ കോഡിങ് ആണ്.പിന്നെ ഇടയ്ക്കു പെട്ടെന്ന് പഠിച്ച കുറച്ചു കരാട്ടെയും മാത്രം.പക്ഷെ അയാളുടെ ഉദ്ദേശ ശുദ്ധി ഏറെ കുറെ നല്ലതാണ്.ഇന്ത്യയെ എക്കാലവും കാർന്നു തിന്നുന്ന അഴിമതി ആണ് അയാളുടെ ശത്രു.

പണ്ട് തൊപ്പിയും ചൂലുമായി ഇന്ത്യൻ യുവത തെരുവുകളിൽ ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു പ്രതീക്ഷ.അതിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പതിയെ ആവേശം കെട്ടടങ്ങിയപ്പോൾ മനസ്സിലായി.ഇന്ത്യ ഇങ്ങനെ തന്നെ ആണ്.മാറില്ല.ആര് മാറിയാലും system.അതു അങ്ങനെ തന്നെ നിൽക്കും.രാഷ്ട്രീയക്കാരും ബ്യുറോക്രസിയും ആയുള്ള അവിശുദ്ധ ബന്ധം.അതു അങ്ങനെ തന്നെ നിലനിൽക്കും.എന്നാൽ 2 പേർ അതിനെതിരെ ഉള്ള പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.ഭാവേഷ് ജോഷിയും സുഹൃത്തായ സിക്കന്ദർ ഖന്നയും.അവർ മുഖമൂടി അണിഞ്ഞു യൂടൂബ് വീഡിയോകളും ആയി തെറ്റിനെ ചൂണ്ടി കാണിച്ചിരുന്നു.എന്നാൽ സിക്കു,പിന്നീട് ജീവിത യാഥാർഥ്യങ്ങളോട് ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നു.പക്ഷെ ഭാവേഷ് അതിനു തയ്യാറല്ലായിരുന്നു.ഒരു പ്രത്യേക അവസരത്തിൽ ഭാവേഷ് ഇല്ലാതായി തീരുന്നു.അവിടെ ഭാവേഷ് ജോഷി എന്ന സൂപ്പർ ഹീറോ ഉദയം കൊള്ളുന്നു.

  അനുരാഗ് കശ്യപ് ഉൾപ്പടെ ഉള്ള ടീം എഴുതിയ കഥ സാഹചര്യങ്ങളെ കൂടുതലും യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.DC ചിത്രങ്ങളിലെ പോലുള്ള ഇരുട്ടു നിറഞ്ഞ പശ്ചാത്തലം.സംഘടന രംഗങ്ങളിലെ മികവ് ഹർശവർധൻ കപൂറിന് പ്രകടമായിരുന്നു.ആ ബൈക് ചേസിംഗ് സീൻ ഒക്കെ മികച്ചതായിരുന്നു.പ്രിയാൻഷുവിന്റെ കഥാപാത്രം ആയിരുന്നു സിനിമയുടെ നട്ടെല്ല്.പ്രത്യേകിച്ചും പ്രതീക്ഷകൾ ഇല്ലാതിരുന്നിട്ടും പോരാടാൻ തീരുമാനിച്ച കഥാപാത്രമായി ജീവിച്ചു.  അവസാന രംഗങ്ങളിലെ ഇഴച്ചിൽ മാറ്റി നിർത്തിയാൽ നല്ല നിലവാരം ഉള്ള ചിത്രം ആയിരുന്നു “ഭാവേഷ് ജോഷി സൂപ്പർ ഹീറോ”.കണ്ടു മടുത്ത സൂപ്പർ ഹീറോകളിൽ നിന്നും ജീവനും രക്തവും മരണവും ഉള്ള സാധാരണ ആളുകളുടെ ഇടയിൽ നിന്നും ഉള്ള സൂപ്പർ ഹീറോ. 

ചിത്രം Netflix ൽ ലഭ്യമാണ്!!


922.THE LIQUIDATOR(MANDARIN,2017)

922.The Liquidator(Mandarin,2017)
Mystery,Thriller.

തുടരെ ഉള്ള കൊലപാതകങ്ങൾ.ആദ്യം വന്നത് വിവാദമായ ഒരു സ്ക്കൂൾ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഉള്ളതായിരുന്നു.അദ്ധ്യാപകന്റെ ക്രൂരത നഷ്ടപ്പെടുത്തിയ ജീവന് പകരം ചോദിക്കാൻ ആയി “The Light of the City” എന്ന പേരിൽ ഓണ്ലൈനില് നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.ക്രൂരമായ രീതിയിൽ അധ്യാപകൻ കൊല്ലപ്പെടുന്നു.അർഹമായ വിധി എന്നു ഓണ്ലൈന് ജീവികൾ പ്രഖ്യാപിക്കുന്നു.അപ്പോഴാണ് അതിനെ ചുവടു പിടിച്ച് ഒരു അഭിഭാഷകൻ കൊല്ലപ്പെടുന്നത്.അകാരണമായി ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സമ്മാനിച്ച അയാളുടെ മരണവും സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്നു.

ജനങ്ങൾക്കായി നീതിന്യായ വ്യവസ്ഥയുടെ അപ്പുറത്തും നിന്നു ഒരു രക്ഷകൻ.സോഷ്യൽ മീഡിയയിൽ വരുന്ന സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ,ജനങ്ങൾ ഒരാളുടെ മരണം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ “The Light of the City” അവതരിക്കുന്നു.ജനങ്ങളുടെ നീതി നടപ്പിലാക്കുന്നു.പൊലീസിന് മറഞ്ഞിരുന്നു ജനങ്ങൾക്ക് വേണ്ടി നീതി നിർവഹണം നടത്തുന്ന ആൾ ആരാണെന്നു കണ്ടെത്താൻ ആകാതെ നിൽക്കുമ്പോൾ ആണ് സർവീസിൽ നിന്നും മാറി നിന്നിരുന്ന “ഫാങ്-മൂ” വിന്റെ സഹായം തേടുന്നത്.വീണ്ടും സർവീസിൽ കയറിയ ഫാങ് മൂ ,കൊലയാളിയെ കുറിച്ചുള്ള പ്രൊഫൈലിങ് നടത്തുന്നു തുടക്കത്തിൽ തന്നെ,ലഭ്യമായ തെളിവുകൾ വച്ചു.

എന്നാൽ അയാൾ ആരാണ് എന്നുള്ള ദുരൂഹത നിലനിൽക്കുമ്പോൾ ആണ് കൊലയാളിക്ക് ഫാങ് മൂവിനെ ഈ കേസിൽ കൊണ്ടു വരാൻ ഉള്ള തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട് എന്നു മനസ്സിലാകുന്നത്.എന്തിനായിരിക്കും അതു?ആരാണ് കൊലയാളി?ഈ ചോദ്യങ്ങൾ കണ്ടെത്തുമ്പോഴും വീണ്ടും കൊലപാതകങ്ങൾ നടന്നു കൊണ്ടിരിക്കുന്നു,സോഷ്യൽ മീഡിയയിൽ നിന്നുമുള്ള ജനങ്ങളുടെ പ്രതികരണങ്ങൾക്കു അനുസൃതമായി.

‘Lei Mi ‘ രചിച്ച അതേ പേരിൽ ഉള്ള ചൈനീസ് നോവലിന്റെ ദൃശ്യവിഷ്‌ക്കാരം ആണ് ‘The Liquidator’.’Guilty of the Mind’ എന്ന കഥയിലൂടെ വന്ന ഫാങ് മൂവിനെ ഈ ചിത്രത്തിന്റെ റിലീസിനു ഒരു വർഷം മുൻപ് തന്നെ സ്‌ക്രീനിൽ വന്നിരുന്നു.സോഷ്യൽ മീഡിയ Mob Justice നടത്താനുള്ള സ്ഥലമായി പരിണമിച്ചാൽ,അവിടെ ഒരു Vigilante പ്രത്യക്ഷപെട്ടാൽ എന്താകും ഉണ്ടാവുക?നിലവിൽ ഉള്ള നീതി വ്യവസ്ഥകൾ പോരാ എന്നുള്ള ചിന്ത collective ആയി ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ ആ സമൂഹം അപകടകാരികൾ ആയി മാറും.” The Liquidator” ആ ചിന്തകൾക്ക് പ്രാമുഖ്യം നല്കുന്നതിനോടൊപ്പം തന്നെ നല്ല ഒരു മിസ്റ്ററി ചിത്രം ആകുന്നു ഉണ്ട്.

ഒരു പരിധിക്കു അപ്പുറം ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു.മനുഷ്യ മനസ്സുകൾ തമ്മിൽ ഉള്ള കളികളിലൂടെ പോകുമ്പോൾ അവിചാരിതം ആയ പലതും സംഭവിക്കുന്നു.CGI യുടെ നിലവാരക്കുറവ് എടുത്തു കാണിക്കുന്ന ചില സീനുകളുടെ അപ്പുറം തരക്കേടില്ലാത്ത ഒരു മിസ്റ്ററി/ത്രില്ലർ ആണ് ‘The Liquidator’.

കാണാൻ ശ്രമിക്കുക…!!

921.ETEROS EGO(GREEK,2016)

921.Eteros Ego (Greek,2016)
       Mystery
കൊലപാതകികൾ ഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവികൾ ആണോ?അതോ എല്ലാവരുടെ ഉള്ളിലും ഒരു കൊലയാളി ഉണ്ടാകുമോ?അവസരം വരുമ്പോൾ പുറത്തു വരാൻ?”Eteros Ego” അഥവാ “The Other Me” എന്ന ഗ്രീക്ക് ചിത്രം പൂർണമായും ഈ ഒരു പ്രമേയത്തെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
തുടരെ ഉണ്ടാകുന്ന 2 കൊലപാതകങ്ങളിൽ തോന്നിയ സാദൃശ്യം ആണ് പോലീസ് ഡെപ്യൂട്ടി ചീഫിനെ കൊലയാളിയുടെ സ്വഭാവങ്ങളെ കുറിച്ചു വിശകലനം നടത്താൻ ആയി ശാസ്ത്രീയ സഹായം തേടുന്നത്.പ്രൊഫസർ ദിമിട്രിസ് അങ്ങനെ ആണ് ഈ കേസിന്റെ ഭാഗം ആകുന്നതു.കൊല്ലപ്പെട്ടവരുടെ അടുക്കൽ കാണുന്ന വാക്യങ്ങളും സംഖ്യകളും എല്ലാം ദിമിട്രിസിൽ ഈ കൊലപാതകങ്ങൾ പ്രത്യേക തരം pattern പിന്തുരുന്നതായി മനസ്സിലാക്കുന്നു.ഓരോന്നിനും കൊലപാതകത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ രേഖപ്പെടുത്തിയിരുന്നു.
ദിമിട്രിസ് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം കുഴയുന്ന സമയം ആയിരുന്നെങ്കിലും അയാൾ ആ കേസ് അന്വേഷണത്തിൽ തന്റേതായ സമയം ചിലവഴിക്കുന്നു.അതിനൊപ്പം നേരത്തെ നടന്ന ചില മരണങ്ങളിലും അയാൾ സംശയം പ്രകടിപ്പിക്കുന്നു.പലതും കൂട്ടി യോജിപ്പിക്കുമ്പോൾ എല്ലാത്തിനും ഉത്തരം ലഭിക്കും എന്ന സാമാന്യ യുക്തിയിൽ കേസ് അന്വേഷണം മുന്നോട്ട് പോകുന്നു.ദിമിട്രിസ് അയാളോട് തന്നെ ഇടയ്ക്കു ചോദിക്കുന്ന ചോദ്യം ഉണ്ട്.ശരിക്കും ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥന ദൈവം കേൾക്കാറുണ്ടോ എന്നു.നേഴ്‌സ് ആയ സോഫിയയ്ക്ക് അതിനുള്ള ഉത്തരം നൽകാൻ സാധിക്കുന്നില്ലെങ്കിലും അയാളുടെ സംശയം മാറ്റാൻ ഈ കേസ് അന്വേഷണത്തിന് കഴിയുന്നുണ്ട്.അതിനൊപ്പം നീതി-ന്യായങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ചും.കാരണം അയാളും അനുഭവിക്കുന്നത് സമാനമായ വേദന ആയിരുന്നു ജീവിതത്തിൽ!!
ആരാണ് യഥാർത്ഥ കൊലയാളി?കൊലപാതകിയുടെ ഉദ്ദേശം എന്തായിരുന്നു?കൂടുതൽ അറിയാൻ ചിത്രം കാണുക..ഗ്രീക്ക് സിനിമ പലപ്പോഴും പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചു മാറുന്ന ഒന്നായി ആണ് പൊതുവെ വിലയിരുത്തുന്നത്.അത്തരത്തിൽ ഉള്ള സിനിമ സംസ്ക്കാരം പിന്തുടർന്നു വരുന്ന അവരിൽ നിന്നും ലഭിച്ച മികച്ച മിസ്റ്ററി ചിത്രങ്ങളിൽ ഒന്നാണ് Eteros Ego.കുറ്റാന്വേഷണ കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ മാനസിക തലങ്ങളിലേക്കും ക്യാമറ സഞ്ചരിച്ചിട്ടുണ്ട് ചിത്രം.കാണാൻ ശ്രമിക്കുക!!

920.KADAIKKUTTI SINGHAM(TAMIL,2018)

920.Kadaikkutti Singham
തമിഴ് പടം 2 ഇറങ്ങിയ സമയത്തു തന്നെ അതിന്റെ നേരെ എതിർ സ്വഭാവം ഉള്ള ഒരു ചിത്രവും ഇറങ്ങി.സിനിമകളിലെ ക്ളീഷേകൾ പൊളിച്ചെടുക്കിയ തമിഴ് പടവും ,പുണ്യ പുരാതന സിനിമാക്കാലം മുതൽ ഉള്ള ക്ളീഷേ കഥയുമായി “കടയ്കുട്ടി സിംഗവും”.”സിംഗം” എന്ന പേരു കുടുംബ സ്വത്തായി പ്രഖ്യാപിക്കാൻ ഇറങ്ങിയിരിക്കുന്ന സൂര്യ-കാർത്തി സഹോദരന്മാരുടെ ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ മികച്ച വിജയം ആണ് നേടിയത്.
മനുഷ്യൻ ആദ്യമായി എഴുതിയ കഥകളിൽ ഒന്നാകും ഈ ചിത്രത്തിന്റെ.പുത്രൻ വേണം എന്ന ആഗ്രഹം കാരണം കല്യാണം കഴിക്കാൻ നടക്കുന്ന പണക്കാരനായ കൃഷിക്കാരൻ (സത്യരാജ്).അവസാനം കുറെ പെൻകുട്ടികൾക്കു ശേഷം ഒരു സൽ പുത്രൻ(കാർത്തി) ഉണ്ടാകുന്നു.നല്ല ഒറിജിനൽ നന്മ മരം.വീര ശൂര പരാക്രമി,കൃഷിക്കാരൻ ,കാമുകൻ,സഹോദരൻ,മകൻ,സുഹൃത്തു,ഏഴൈ തോഴൻ എന്നു വേണ്ട ഇന്ത്യൻ സിനിമയിലെ എല്ലാ ക്ളീഷേയും അടങ്ങിയ കഥാപാത്രം.പ്രത്യേകിച്ചു ഒരു ഗുണവും പുതുമയും ഉണ്ടാകും എന്ന് തോന്നാത്ത കഥയും കഥാപാത്രവും.അതിന്റെ ഒപ്പം നായകന്റെ ഷോ ഓഫ് പാട്ടും,മത്സരവും ഒക്കെ.
എന്നാൽ മികവുറ്റ അവതരണം കൊണ്ടോ അല്ലെങ്കിൽ “Too much of anything is poisonous” എന്നത് പോലെയോ വ്യത്യസ്തമായ,ഒറീജിനാലിറ്റി ഉള്ള സിനിമ തേടി പോയ നവീന പ്രേക്ഷകന്റെ മുന്നിൽ വ്യത്യസ്തത ആയിരുന്നു ഈ ചിത്രം.നല്ല താര നിര.പ്രസരിപ്പുള്ള സത്യരാജ്, കാർത്തി എന്നിവർ ആയിരുന്നു സിനിമയുടെ ആണിക്കല്ല്.കുറെ ഏറെ കഥാപാത്രങ്ങൾ.തീർത്തും സാധാരണമായ ഒരു കഥ.ചിലപ്പോൾ സിനിമ കഴിയുമ്പോൾ ഈ കണ്ണീർ കഥ ഒക്കെ സീരിയലിൽ ഉള്ളത് അല്ലെ എന്നൊക്കെ തോന്നാം.എന്നാൽ സിനിമ കാണുമ്പോൾ അങ്ങനെ ഒന്നും തോന്നാതെ മികച്ച രീതിയിൽ അവതരിപ്പിച്ചത്‌ പോലെ തോന്നി.പഴയ ‘വിക്രമൻ’ സിനിമകളുടെ ബാധ കൂടിയ ‘പാണ്ഡിരാജ്’ ഈ കാലത്തു നടത്തിയ ഒരു ധീര പരീക്ഷണം ആയിരുന്നു എന്ന് വേണം ഈ ചിത്രത്തെ കുറിച്ചു പറയാൻ.ഇടയ്ക്കു ഇങ്ങനത്തെ ചിത്രങ്ങൾ ഒക്കെ കാണാൻ രസമായിരിക്കും.ഈ ചിത്രത്തിന്റെ വിജയം കണ്ടു കൂടുതൽ സിനിമകൾ ഇറങ്ങാതെ ഇരുന്നാൽ മതിയായിരുന്നു എന്നും കരുതുന്നു.
ഒരു Entertainer ആണ് കാണാൻ ആഗ്രഹം എങ്കിൽ “കടയ്ക്കുട്ടി സിംഗം” ധൈര്യമായി കാണാം!!

919.MOHANLAL(MALAYALAM,2018)

919.മോഹൻലാൽ

“Celebrity Worship Syndrome”.വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും “ഫാനാരന്മാർ” എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും “മോഹൻലാൽ” എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

“പാവങ്ങളുടെ നോളൻ” എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.’സാജിദ് യാഹിയ’.ആദ്യ സിനിമ ആയ ‘ഇടി’ ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആ മൊത്തം കഥയും ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വപ്നം മാത്രം ആയിരുന്നു എന്ന് പ്രേക്ഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു പിന്നീട് തോന്നുക ഉണ്ടായി!!അല്ലേലും “മുറ്റത്തെ മുല്ലയിൽ മൂത്രിക്കുക” എന്ന പഴഞ്ചൊല്ല് മലയാളിയുടെ കാര്യത്തിൽ സത്യമാണ്.പടം മലയാളികൾ പൊളിച്ചു കയ്യിൽ കൊടുത്തു!!!(veshamem unde frande!!)

ഇനി ‘മോഹൻലാൽ’ എന്ന സിനിമയിലേക്ക്.പേരും പ്രമോഷനും ,ഏട്ടൻ ആന്തം ഒക്കെ കേൾക്കുമ്പോൾ ലാലേട്ടനെ മഹത്വൽക്കരിച്ചിരിക്കുന്ന പടം ആണെന്ന് തോന്നാം.ലോകത്തിലെ ഏറ്റവും പ്രശസ്തൻ ആയ മലയാളിയുടെ പേര് തന്നെ സിനിമയ്ക്ക് തിരഞ്ഞെടുത്തത് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സിനിമ കൂടുതൽ ആളുകളിൽ എത്തിക്കാൻ വേണ്ടി ആകണം.സിനിമയുടെ കഥയിൽ മഞ്ജു അവതരിപ്പിക്കുന്ന മീനുകുട്ടി യഥാർത്ഥത്തിൽ ആരാണ്??മാനസിക രോഗം ബാധിച്ച ഒരു പെൺകുട്ടി.അതിൽ ഏട്ടനെ ഉൾപ്പെടുത്തി, ഒരാളുടെ കാഴ്ചപ്പാടിലൂടെ..അതും ‘Celebrity Worship Syndrome’ എന്ന അടിപൊളി പേരുള്ള അസുഖം ഉള്ള ആൾ.അവളുടെ കാഴ്ചപ്പാടിൽ ഉള്ള കഥയിൽ യഥാർത്ഥ ലോകത്തിൽ നിന്നും അകലുന്ന പലതും ഉണ്ട്.ഉദാഹരണത്തിന് ഭർത്താവ് ചുമ്മാതെ വച്ചിരിക്കുന്ന പെട്ടിയിൽ ഉള്ള കാശ് ആർക്കെങ്കിലും എടുത്തു കൊടുക്കുക.നഗരം വിറപ്പിക്കുന്ന ഗുണ്ടയെ ഒറ്റ ചവിട്ടിനു പറപ്പിക്കുക.എന്തിനു, ലാലേട്ടൻ എന്ന ബ്ലഡ് ഗ്രൂപ് ഒക്കെ സാധാരണ സ്ക്കൂളിൽ പോയ ആരുടെയും സ്വപ്നത്തിൽ പോലും ഉണ്ടാകില്ല.പക്ഷെ ഇവിടെ കഥ അവതരിപ്പിക്കുന്നത് രോഗിണിയായ മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നാണ്.ഒരു പക്ഷെ ഇന്ദ്രജിത്തിന്റെ ‘സേതു മാധവന്റെ’ കാഴ്ചപ്പാടിൽ ആയിരുന്നെങ്കിലോ,അജുവിന്റെ തരികിട കഥാപാത്രത്തിന്റെ ആയിരുന്നെങ്കിലോ വേറെ ഒന്നായേനെ കഥ.ഒന്നെങ്കിൽ ഒരു കണ്ണീർ സിനിമ.അല്ലെങ്കിൽ ഒരു ഫ്രോഡിന്റെ കഥ.

അല്ലെങ്കിലും മഞ്ജു വാര്യർ എന്ന നടി ഇത്രയും അഭിനയിച്ചു വൃത്തിക്കേട് ആക്കി എന്ന് ആളുകളെ കൊണ്ടു പറയിപ്പിക്കാൻ ശ്രമിക്കും എന്നാണോ പ്രേക്ഷകർ കരുതുന്നത്?ശരിക്കും കഥാപാത്രത്തിന്റെ പൂര്ണതയ്ക്കു വേണ്ടി ആവിഷ്‌കരിച്ച ബ്രില്യൻറ് തീരുമാനം ആയിരുന്നു അതു. ഫാനിസം എന്ന സംഭവത്തെ എടുത്തു അലക്കി ഉടുപ്പിച്ച ചിത്രം ഫാനിസം ബാധിക്കുന്ന മലയാളികൾക്ക് എന്തു സംഭവിക്കും എന്നു ഉള്ളതിന്റെ ചൂണ്ടു പലക കൂടി ആണ്.എന്തിനു,സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ ഏട്ടൻ സിനിമയിലെ കഥാപാത്രങ്ങൾ ആകുന്നതു പോലും യാദൃശ്ചികം ആകാൻ വഴിയില്ല.എല്ലാം മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഉള്ള ലോകം ആണ്. ചുരുക്കത്തിൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നു വിളിക്കേണ്ടിയിരുന്ന ചിത്രത്തെ അധിക്ഷേപിച്ചവർ ഒന്നൂടി കാശ് വാങ്ങി ഡി.വി.ഡി യിൽ സിനിമ കണ്ടതിനു ശേഷം ഈ കാഴ്ചപ്പാടിൽ ചിന്തിക്കാൻ ശ്രമിക്കുക.ഒരു പക്ഷെ പിൽക്കാലത്ത് മലയാളികൾ സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ റീ-റിലീസ് വേണം എന്ന് പറഞ്ഞു അലമ്പു ആക്കാതെ ഇരിക്കാൻ വേണ്ടി ആണ്.

ഇപ്പോൾ എന്തു കൊണ്ട് ആണ് സംവിധായകൻ ആയ സാജിദ് യാഹിയായെ ‘പാവങ്ങളുടെ നോളൻ’ എന്നു വിളിച്ചതെന്നു മനസ്സിലായി കാണും!!

(നല്ല പോലെ പൊക്കി അടിച്ചിട്ടുണ്ട്..പോസ്റ്റ് കളയരുത് സാജിദ് സാർ!!!) 

918.BEFORE I GO TO SLEEP(ENGLISH,2014)

918.Before I Go To Sleep(English,2014)
       Mystery,Thriller

“താൻ ആരാണെന്നു തനിക്കു അറിയില്ലെങ്കിൽ……..!!! -Before I go to Sleep….

ഓരോ ദിവസവും താൻ ആരാണെന്നു അറിയാതെ ഉണരേണ്ടി വരുക.കൂടെ ഉറങ്ങുന്ന മനുഷ്യൻ തന്റെ ഭർത്താവാണെന്നു അയാൾ പറഞ്ഞു മാത്രം മനസ്സിലാക്കുക.അന്ന് രാവിലെ വരുന്ന ഒരു ഫോണ് കോളിൽ നിന്നു മാത്രം താൻ ആരാണ് എന്നു ഉള്ള അന്വേഷണം തുടരുക.ക്രിസ്റ്റിന് എന്ന കഥാപാത്രം പ്രേക്ഷകന്റെ മുന്നിൽ എത്തുന്ന ആദ്യ നിമിഷം മുതൽ ഇതാണ് കാണുന്നത്.ഇതു ഒരു cycle ആയി പിന്നെയും ആവർത്തിക്കുന്നു.താൻ ആരാണെന്നു കണ്ടെത്താനും തനിക്കു എന്തു കൊണ്ട് ഇത്തരം ഒരു അവസ്ഥ ഉണ്ടായി എന്നും കണ്ടെത്താൻ ശ്രമിക്കുന്ന ക്രിസ്റ്റിന് എന്ന സ്ത്രീയുടെ കഥ ആണ് “Before I go to sleep”.

നിക്കോൾ കിഡ്മാൻ അവതരിപ്പിക്കുന്ന ക്രിസ്റ്റിന് എന്ന കഥാപാത്രം ആണ് സിനിമയുടെ നട്ടെല്ല്.ഒരു സൈക്കോ ത്രില്ലർ ആയി മാറുന്നു ചിത്രം ധാരാളം പ്ലോട്ട് ട്വിസ്റ്റുകൾ കൊണ്ടു സമ്പന്നമാണ്.തുടക്കത്തിൽ കാണുന്ന കഥയിൽ നിന്നും ധാരാളം വ്യതിയാനങ്ങൾ സംഭവിക്കുന്നു.ചുറ്റും കള്ളം പറയുന്നവരുടെ ഒരു ലോകം ആണെന്നു വിശ്വസിക്കാൻ മാത്രമേ ക്രിസ്റ്റിൻ അവളുടെ യഥാർത്ഥ വ്യക്തിത്വത്തെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ കഴിയൂ.സിനിമ കാണുമ്പോൾ പ്രേക്ഷകനും അതേ അഭിപ്രായം ആകും ഉണ്ടാവുക.

  S J വാട്സൻ എഴുതിയ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രം അതിന്റെ ഡാർക് മൂഡ് കൊണ്ടാണ് ശ്രദ്ധേയം ആകുന്നത്.പ്രേക്ഷകനും ക്രിസ്റ്റിനോടൊപ്പം ആശയക്കുഴപ്പത്തിൽ അകപ്പെടും.ഒരു ദിവസത്തിന്റെ പരിമിതമായ സമയത്തിനും അപ്പുറം ഓരോ ദിവസവും ക്രിസ്റ്റിന് ഉറക്കം ഉണരുമ്പോൾ സംഭവങ്ങൾ ആവർത്തിക്കപ്പെടുക ആണ്.പരിചിതമായ ചോദ്യവും ഉത്തരങ്ങളും.സത്യം അറിയാൻ പരിമിതമായ സമയം മാത്രം ആണ് മുന്നിൽ ഉള്ളത്!!

ആരാണ് ക്രിസ്റ്റിന് യഥാർത്ഥത്തിൽ?അവൾ എങ്ങനെ ഇങ്ങനെ ആയി??Before I go to sleep കാണുക,ഉത്തരത്തിനായി…!!

917.THE WARNING(SPANISH,2018)

917.The Warning(Spanish,2018)
        Mystery,Fantasy.

  April 02,2008.
      24 Hour Store ലേക്ക് ഡേവിഡ് ,അന്നത്തെ പ്രധാനപ്പെട്ട രാത്രിയുടെ മുന്നൊരുക്കങ്ങൾക്കു ആയി പോകുമ്പോൾ അവന്റെയും സുഹൃത്തു ജോണിന്റെയും ജീവിതങ്ങൾ വരുന്ന ദിവസങ്ങളിൽ മാറി മറിയും എന്നു കരുതിയിട്ടുണ്ടാകില്ല.

പത്തു വർഷങ്ങൾക്കു ശേഷം April 12,2018.നിക്കോ എന്ന പത്തു വയസ്സുകാരന്റെ ജീവിതവും അപ്രതീക്ഷിതമായ അപകടത്തെ നേരിടും എന്നൊരു സൂചന ലഭിക്കുന്നു.

    ഏതാനും വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങളെ Parallel ആയി ആണ് “The Warning” എന്ന സ്പാനിഷ്,Netflix റിലീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.സമാന്തരമായി പോകുന്ന കഥ ആണെങ്കിലും ആ കഥ എവിടെ എങ്കിലും കണ്ടുമുട്ടണം.എങ്കിൽ മാത്രമേ ഈ 2 സംഭവങ്ങളും തമ്മിൽ ഉള്ള ബന്ധം കണ്ടെത്താൻ ആകൂ.എന്നാൽ അതിനു പിന്നിൽ അപകടകരമായ ഒരു ചരിത്രം കൂടി ഉണ്ടെങ്കിലോ?പ്രത്യേകിച്ചു സാധാരണ മനുഷ്യരുടെ ബുദ്ധിയിൽ വെളിവാകാത്ത ഒരു കഥ?

‘പോൾ പെൻ’ രചിച്ച അതേ പേരിൽ നിന്നുള്ള നോവലിൽ നിന്നും ആണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന പലതും സിനിമകളിൽ പ്രമേയം ആകാറുണ്ട്.സിനിമയ്ക്കുള്ള ഒരു സ്വാതന്ത്ര്യം ആണത്.പ്രത്യേകിച്ചും ഒരു നോവൽ വായിക്കുന്ന ലാഘവത്തോടെയും,ആ കഥയിലേക്ക് പ്രേക്ഷകന് നേരിട്ടു കഥാപാത്രങ്ങളെ കാണുമ്പോൾ പല കാര്യങ്ങളും പ്രേക്ഷകന് മറക്കും.ഫിക്ഷൻ നൽകുന്ന ഒരു സ്വാതന്ത്ര്യം കൂടി ആണത്.

   ജോണ് കണ്ടു പിടിക്കുന്ന ഒരു പ്രത്യേക pattern ഉണ്ടാകാൻ ഉള്ള കാരണങ്ങൾ ഒന്നും ചിത്രത്തിൽ വിശദീകരിക്കുന്നില്ല എന്നത് പ്രധാന പോരായ്മ ആണ് ഈ ചിത്രത്തിൽ.പകരം ഇങ്ങനെ ഒക്കെ സംഭവിച്ചിരിക്കാം എന്നൊരു ദിശാ ബോധം പ്രേക്ഷകന് നൽകുന്നുണ്ട്.നിരൂപകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആയിരുന്നെങ്കിൽ കൂടിയും സിനിമയുടെ മൊത്തത്തിൽ ഉള്ള പ്രമേയം ഒരു ത്രില്ലറിന്റെ വേഗത്തിൽ അവതരിപ്പിച്ചപ്പോൾ ചിത്രം തരക്കേടില്ലാത്ത ഒന്നായി മാറി എന്നതാണ് സത്യം.

  കഥയെ കുറിച്ചു അധികം സൂചനകൾ നൽകുന്നില്ല.പക്ഷെ ഡാർക്,ഫാന്റസി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ ഒരു കൗതുകത്തോടെ കാണാം ഈ ചിത്രം.മികച്ച ഫാന്റസി ചിത്രം ആയി മാറാൻ ഉള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഇത്തരം ആശയങ്ങളിൽ പൊതുവായി തരുന്ന വിശദീകരണങ്ങൾ നേരിട്ടോ അല്ലാതെയോ പ്രകടം ആകുന്നില്ല എന്ന പോരായ്മ കാരണം ഇങ്ങനെ ഒക്കെ സംഭവങ്ങൾ ഉണ്ടാകുന്നു എന്നു പ്രേക്ഷകനിൽ ഒരു ബോധം ഉണ്ടാക്കാൻ ആണ് ചിത്രം ശ്രമിക്കുന്നത്.ഒരു പക്ഷെ അതിനുതകുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ കുറവായിരുന്നു.അതാകും കാരണം.

 ചിത്രത്തിന്റെ പ്രമേയത്തിൽ താൽപ്പര്യം ഉണ്ടെങ്കിൽ കാണുവാൻ ശ്രമിക്കുക!!

916.SECRET(MANDARIN,2007)

916.Secret(Mandarin,2007)
       Mystery,Romance

  രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് ‘യെ’.പെണ്ക്കുട്ടിയുടെ പേര് ‘ലു’.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി ‘യി’ ,ലുവിന് അവളോട്‌ പ്രണയം ആണെന്ന് കരുതുന്നു.

  കഥ വായിക്കുമ്പോൾ ആകെ പൈങ്കിളി ആണെന്നു തോന്നുന്നുണ്ടല്ലേ?അതേ.ചിത്രത്തിന്റെ മൂല കഥ നല്ല പൈങ്കിളി ആണ്.പ്രണയം എത്ര ഒക്കെ ശ്രമിച്ചാലും പൈങ്കിളി ആയി മാത്രമേ എല്ലാവർക്കും അനുഭവപ്പെടൂ.ഒരു സിനിമയെ സംബന്ധിച്ചു ആണെങ്കിൽ ക്ളീഷേ കഥാഗതി.എന്നാൽ ഈ ബന്ധങ്ങൾക്ക് പിന്നിൽ ഒരു രഹസ്യം ഉണ്ടെങ്കിലോ?അതും ഇത്തരം ഒരു പ്രമേയത്തിൽ അധികം ലോജിക് ആലോചിച്ചാൽ സാധാരണ ഗതിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു രഹസ്യം?തായ് വാനിലെ  ഗായകൻ ആയ ‘ജയ് ചോ’ സിനിമകളിൽ കൂടിയും പ്രശസ്തൻ ആണ്.അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരംഭം ആണ് ‘Secret’.

  ജയ് ചിത്രങ്ങളിലെ സ്ഥിരം ചേരുവകൾ ആയ പ്രണയം,സംഗീതം എല്ലാം ഇവിടെയും ഉണ്ട്.എന്നാൽ പ്രധാന കഥയിലേക്ക് ഒരു രഹസ്യം കൂടി ചേർത്തിരിക്കുന്നു.യെയെ സംബന്ധിച്ചു ,അവൾ പിയാനോ വായനയിൽ സമർത്ഥ ആയിരുന്നു.ലുവിന്റെ പിതാവ് ആ സ്ക്കൂളിലെ അധ്യാപകരിൽ ഒരാളും.ഒരു ത്രികോണ പ്രണയ കഥ ആണെന്നുള്ള മുൻ വിധിയിൽ കാണാതെ ഇരിക്കേണ്ട ഒന്നല്ല ഈ ചിത്രം..പ്രണയം ഒഴിച്ചുകൂടാൻ ആകാത്ത പ്രമേയം ആണെങ്കിലും അതിൽ ഈ പറഞ്ഞ ‘രഹസ്യം’ ഉൾപ്പെടുത്തിയപ്പോൾ,അതിന്റെ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിയില്ല എന്നത് ഒരു പോരായ്മ ആയി തോന്നി.

വളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിന് ,ജയ് ചോ ചെയ്ത കഥാപാത്രം ആയിരുന്നു നിരൂപകരുടെ മുന്നിൽ കല്ലു കടി ആയി തീർന്നത്.പലരും ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്നു പറഞ്ഞെങ്കിലും ജയ്യുടെ പ്രഥമ സംവിധായക സംരംഭത്തെ പുകഴ്ത്തിയിരുന്നു.കൊറിയൻ റീമേക് അടുത്ത വർഷം പ്രൊഡക്ഷൻ തുടങ്ങും എന്നാണ് വാർത്തകൾ.മികച്ച ഒരു കൊറിയൻ അനുഭവം ആകും ആ ചിത്രം എന്നു കരുതാം.കഥാപാത്രങ്ങളിൽ നല്ലതു പോലെ മാറ്റങ്ങൾ വരുത്തി കൊറിയൻ രീതിയിൽ ആകുമ്പോൾ കൂടുതൽ മികച്ചത് ആകും എന്ന പ്രതീക്ഷയും ഉണ്ട്.

Design a site like this with WordPress.com
Get started