915.ARAVINDANTE ATHITHIKAL(MALAYALAM,2018)

915.Aravindante Athithikal(Malayalam,2018)

Comedy,Drama

“അരവിന്ദന്റെ അതിഥികൾ”-പെട്ടെന്ന് അവസാനിപ്പിച്ച അതിഥി!!

  അരവിന്ദന്റെ ജീവിതത്തിൽ എല്ലാവരും അതിഥികൾ ആയി മാറുന്നു.ജന്മം നൽകിയവർ പോലും അവന്റെ ജീവിതത്തിൽ അതിഥികൾ ആയി മാറുന്നു.ഈ അടുത്തു തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം എന്നാൽ  പെട്ടെന്ന് അവസാനിച്ചു എന്ന പ്രതീതി ആണ് ഉണ്ടായത്.

 മിസ്റ്ററി/ഡ്രാമ ഴോൻറെയിൽ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രത്തിൽ തുടക്കത്തിൽ നല്ല രസം ഉണ്ടായിരുന്നു.സിംപിൾ തമാശകൾ ഒക്കെ ആയി തന്നെ വിനീതിന്റെ അരവിന്ദൻ എന്ന കഥാപാത്രം മുന്നോട്ടു പോയി.അഭിനയത്തിൽ ഏറ്റവും അധികം improve ആയ നടൻ ഈ അടുത്തു ഉള്ള ഒരാൾ അദ്ദേഹം ആയിരിക്കും.മികച്ച സംവിധായകൻ,ഗായകൻ എന്നിവയോടൊപ്പം മികച്ച അഭിനേതാവ് ആകാൻ ഉള്ള നല്ല ശ്രമങ്ങൾ തുടരുന്നു.അതിനൊപ്പം മറ്റു കഥാപാത്രങ്ങൾ,വിന്റേജ് ഉർവശി ഒക്കെ സിനിമയുടെ നല്ല ഘടകങ്ങൾ.

  ചിത്രം മോശം ആണെന്ന് ഒന്നും തോന്നിയില്ല.പക്ഷെ കഥ ഇടയ്ക്കു കൈ വിട്ടു പോയത് പോലെ തോന്നി.ഉർവശിയുടെ കഥാപാത്രം സിനിമയ്ക്ക് ഒരു എനർജി ആണെങ്കിലും സിനിമയുടെ പകുതി കഴിയുമ്പോൾ ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു വെറുതെ കഥാപാത്രം ആയി തോന്നി.കുറെ നല്ല കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്രമമായ ഒരു ഇഴ ചേർക്കൽ കഥയ്ക്ക് ഉള്ളതായി തോന്നിയില്ല.അവിടെ ആണ് ചിത്രം സാധ്യതകൾ നഷ്ടപ്പെടുത്തിയത്.കഥ എങ്ങനെ അവസാനിപ്പിക്കണം എന്ന ഒരു പ്ലാൻ ഇല്ലാത്തതു പോലെ തോന്നി.

  സിനിമകൾ മികച്ചത്/ശരാശരി/മോശം എന്നീ വ്യത്യാസങ്ങൾ വരുന്നത് ഇത്തരം ചില ഘടകങ്ങൾ കണക്കിൽ എടുക്കുമ്പോൾ ആണ്.ആ ഒരു സ്കെയിലിൽ ശരാശരി ആയി ആണ് ചിത്രം അനുഭവപ്പെട്ടത്.സാമ്പത്തിക വിജയം നേടിയ ചിത്രം ആയതു കൊണ്ട് ഭൂരിപക്ഷ അഭിപ്രായം വേറെ ആയിരുന്നെങ്കിലും ഒരു പ്രാവശ്യം കണ്ടു മറക്കേണ്ടി വരുന്ന സിനിമ ആയി മാറുക ആയിരുന്നു അരവിന്ദന്റെ അതിഥികൾ!!

ടൈം പാസ് ചിത്രം!!

914.ASURAVADHAM(TAMIL,2018)

914.Asuravadham(Tamil,2018)
  Mystery,Action

“അസുരവധം”-മികച്ച പ്രതികാരം.

  കൊറിയൻ സിനിമകളിൽ കണ്ടു വരുന്ന ഒരു രീതി പിന്തുടർന്ന ചിത്രം ആയാണ് ‘അസുരവധം’ തുടക്കം മുതൽ തന്ന അനുഭവം.പ്രതികാര രീതികൾ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ക്രൂരം ആയ രീതി ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ശാരീരികമായി ഏൽപ്പിക്കുന്ന വേദനകൾക്കും അപ്പുറം ഉള്ള ഒരു വേദന ഉണ്ട്.ചിത്രം പറയാൻ ശ്രമിക്കുന്നത് ആ പ്രമേയം ആണ്.

  തുടക്കത്തിൽ ഉള്ള ഫോണ് വിളി.അതു എന്തു മാത്രം irritating ആയിരുന്നു എന്ന് ആലോചിച്ചു നോക്കി.പിന്നെ നടക്കുന്നത് ഇത്തരം സംഭവങ്ങളുടെ ഒരു പരമ്പരയാണ്.ഫോണ് കോളിൽ അതൊരു തുടക്കം മാത്രം ആണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അയാൾ കൊല്ലപ്പെടും എന്നൊരു ഫോണ് കോൾ വന്നാൽ എന്തു ചെയ്യും???അജ്ഞാതൻ ആയ കോളർ ആരായിരുന്നു?എന്താണ് അയാളുടെ ആ ഭീഷണിയ്ക്കു കാരണം?

ശശികുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് പിന്നിൽ ഉള്ള ദുരൂഹത ആണ് ചിത്രം.ഇടയ്ക്കു ഒരു സമയത്തു മലയാളത്തിലെ ‘കോക്ടെയിൽ’/Butterfly On A Wheel ന്റെ തമിഴ് പതിപ്പ് ആണോ എന്ന് സംശയിച്ചുവെങ്കിലും അതിനും അപ്പുറം ആയിരുന്നു സിനിമ.പാളി പോയി എന്ന് തോന്നിയ ഭാഗങ്ങൾ സംഘട്ടനം ഒക്കെ ആയിരുന്നു.നല്ല ആക്ഷൻ കൊറിയോഗ്രാഫി ഒക്കെ ഹോട്ടൽ സംഘടനത്തിൽ ഉണ്ടായിരുന്നു.എങ്കിലും ‘ തമിഴ് സൂപ്പർ ഹീറോ’  രീതി ഇടയ്ക്കു കടന്നു വന്നത് മാത്രം ചെറിയ കല്ലുകടി ആയി തോന്നി.

  പിന്നെ ചിത്രം തുടക്കം തന്ന ഒരു ഇമ്പാക്റ്റ്  ഇടയ്ക്കു വച്ചു പോയെന്ന് തോന്നിയെങ്കിലും അവസാനം വരെ കഥാപാത്രങ്ങളുടെ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്തതു കൊണ്ടു തന്നെ പടം മികച്ചതായി തോന്നി…തുടക്കം പ്രതീക്ഷിച്ച പോലെ ഒരു ഒഴുക്ക് ഇടയ്ക്കു പോയി സാധാരണ പടം ആയി ഇടയ്ക്കു മാറുന്നത് പോലെ തോന്നിയത് ഇടയ്ക്കു നിരാശ നൽകിയിരുന്നു. എങ്കിലും മൊത്തത്തിൽ നല്ല ഒരു സിനിമ ആയാണ് “അസുരവധം” തോന്നിയത്..

913.GHOST STORIES(ENGLISH,2018)

913.Ghost Stories(English,2018)
        Mystery,Horror

“കാഴ്ചക്കാരനെ കുഴപ്പിക്കുന്ന പ്രേത കഥകൾ”-Ghost Stories.

   സമീപ കാലത്ത് ഇറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രങ്ങൾ പലതും ഒരേ അച്ചിൽ വാർത്തത് പോലെ കാഴ്ചക്കാരന് തോന്നിയെങ്കിൽ അത്ഭുതപ്പെടാൻ ഇല്ല.” Thanks to Conjuring” എന്നു പറയാം പല ചിത്രങ്ങളെയും.Jump scare രംഗങ്ങളുടെ ബാഹുല്യം ആയിരുന്നു പലതിലും.അതിന്റെ ഒപ്പം പലപ്പോഴും മോശം CGI ഒക്കെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കുന്നും ഉണ്ടായിരുന്നു.

  എന്നാൽ അതെല്ലാം മനസ്സിൽ നിന്നും കളയുക.ഇതാ ഒരു വ്യത്യസ്ത ഹൊറർ ചിത്രം.ബ്രിട്ടീഷ് ചിത്രമായ “Ghost Stories” മേൽ പറഞ്ഞതിന് ഒക്കെ അപവാദം ആണ്.ഒരു ഹൊറർ ആന്തോളജി എന്ന പ്രതീക്ഷയിൽ കണ്ടു തുടങ്ങിയ ചിത്രം എന്നാൽ കഥാപരമായി മികച്ചു നിൽക്കുന്നു.ഹൊറർ ചിത്രങ്ങൾക്ക് ആവശ്യമായ ചേരുവകകൾ കൂട്ടി ചേർത്തു പോകുന്ന ചിത്രം സാധാരണ ഒരു ഹൊറർ ചിത്രം ആയി മാറും എന്ന പ്രതീക്ഷയിൽ നിന്നും പ്രേക്ഷകന് ചിന്തിക്കാൻ സ്‌പേസ് ധാരാളം നൽകുന്ന ഒരു “Mind f***ing സിനിമ” ആയി മാറുന്നു.ചിത്രത്തിനെ കുറിച്ചുള്ള interpretations ധാരാളം ഇന്റർനെറ്റിൽ ലഭ്യമാണ്.സ്വന്തമായി കഥയെ വ്യാഖ്യാനിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാത്രം ഉപയോഗിക്കുക്ക.എന്നാലും പ്രേക്ഷകന്റെ മനസ്സു നിറയ്ക്കുന്നത് സ്വന്തമായി ഉള്ള കാഴ്ച്ചയിലൂടെ ഉരുത്തിരിയുന്ന കഥ ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം!!

ഇനി കഥയെ കുറിച്ചു ചെറുതായി പറയാം.മത വിശ്വാസങ്ങൾ തകർത്ത കുടുംബത്തിലെ അംഗമായ ഗുഡ്‌മാൻ ,ചിത്രത്തിൽ എന്തിനും ഏതിനും ലോജിക് നോക്കുന്ന ആളാണിപ്പോൾ.ചാൾസ് കാമറൂണ് എന്ന പ്രൊഫസറെ മനസിൽ ഗുരുവായി കണ്ടു അതീന്ദ്രീയ ശക്തികൾ എന്നു കരുതി പോന്ന എതിന്റെയും പിന്നിൽ ഉള്ള logical explanations കണ്ടെത്തുകയും അതിനോടൊപ്പം ഇതിൽ മുതലെടുപ്പ് നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുകയും ചെയ്യുന്നു ഗുഡ്‌മാൻ. ഒരിക്കൽ ചാൾസ് കാമറൂണിന് അയാളെ കാണണം എന്ന് പറഞ്ഞ ഫോണ് കോൾ പ്രകാരം അയാളുടെ അടുക്കലേക്കു പോകുന്നു.ഏതാനും വർഷങ്ങൾക്കു മുൻപ് അപ്രത്യക്ഷനായി ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എല്ലാവരും മരിച്ചു പോയി എന്ന് കരുതിയിരുന്ന കാമറൂണ് എന്നാലിപ്പോൾ ജീവിതത്തിന്റെ അവസാന നാളുകളിൽ ആണ്.

എന്നാൽ അവിടെ വച്ചു അയാൾ ഗുഡ്‌മനോട് അവർ രണ്ടു പേരും കണ്ടെത്താൻ ശ്രമിച്ചിരുന്നത് തെറ്റായിരുന്നു എന്നും,ഗുഡ്‌മാന്റെ കാഴ്ചപ്പാടുകളെ പരിഹസിക്കുകയും ചെയ്യുന്നു.തന്റെ മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയി എന്ന് തോന്നിയ ഗുഡ്‌മാനോട് ,കാമറൂണ് 3 കേസുകൾ നൽകിയിട്ട് അതിനു പിന്നിൽ ഉള്ള രഹസ്യങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുന്നു.

 മത ചിന്തകൾ ഉണർത്തി വിടുന്ന പ്രേത കഥകൾ തുടങ്ങിയവയുടെ എല്ലാം കള്ളത്തരങ്ങൾ പൊളിച്ചെടുക്കുകയും പിന്നീട് അതിൽ നിന്നും യാഥാർഥ്യം കണ്ടെത്തുന്ന നായകൻ എന്നൊക്കെ ഉള്ള ക്ളീഷേ കഥാഗതി അല്ല ചിത്രത്തിന് ഉള്ളത്.Ghost Stories സഞ്ചരിക്കുന്നത് മറ്റൊരു രീതിയിൽ ആണ്.ആ ഭാഗത്തെ കുറിച്ചു ഇനിയും കൂടുതൽ എഴുതിയാൽ സിനിമയുടെ പിന്നിൽ ഉള്ള മിസ്റ്ററി/സസ്പെൻസ് ഒക്കെ വെറുതെ ആയി പോയേക്കാം.തീർച്ചയായും വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമ ആസ്വാദകർക്ക് കണ്ടു നോക്കാവുന്ന ചിത്രം തന്നെയാണ് Ghost Stories.

    

912.THE MAN FROM NOWHERE(KOREAN,2010)h

912.The Man From Nowhere(Korean,2010)
        Action,Thriller

“The Man From Nowhere” ആദ്യമായി കാണുമ്പോൾ തോന്നിയത്  Leon: The Professional എന്ന സിനിമയുടെ കൊറിയൻ പതിപ്പ് ആയിരിക്കും എന്നാണ്. കാരണം ,ബിച്ചൂ(ഹിന്ദി),സൂര്യ പാർവൈ(തമിഴ്) തുടങ്ങിയ പതിപ്പുകൾ നേരത്തെ കണ്ടത് കൊണ്ടു കുറ്റം പറയാനും കഴിയില്ല.എന്നാൽ 2010ൽ റിലീസ് ആയ ഈ ചിത്രം എന്നാൽ അന്നത്തെ കാഴ്ചയിൽ തന്നെ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു.Leon ഉമായി ഒരു ബന്ധവും ചിത്രത്തിന് ഇല്ലായിരുന്നു,ഒറ്റവരി കഥയിലെ സാമ്യം അല്ലാതെ.ഏറെ കാലങ്ങൾക്കു ശേഷം ഈ ചിത്രം കാണുമ്പോഴും അതിലെ ആക്ഷൻ കൊറിയോഗ്രാഫി ഒക്കെ മികവിന്റെ അടയാളമായി ഇപ്പോഴും നിൽക്കുന്നതായി തോന്നി.

  പ്രത്യേകിച്ചും ക്ളൈമാക്സിലെ സംഘട്ടന രംഗങ്ങൾ.അതിൽ കത്തി ഉപയോഗിച്ചുള്ള സംഘട്ടനം ഫിലിപ്പിനോ മാർഷ്യൽ ആർട്‌സ് രീതി ആയ Kali/Arnis  ആയിരുന്നു.കത്തികൾ ഉപയോഗിച്ചു വളരെ വേഗം നടക്കുന്ന സംഘട്ടന രംഗങ്ങൾ പ്രേക്ഷകനെ വളരെയധികം ത്രിൽ അടിപ്പിക്കും എന്നത് തീർച്ചയാണ്.ആ സംഘട്ടന രംഗങ്ങൾ കാണുന്നതിന് വേണ്ടി മാത്രം ചിത്രം കണ്ടാൽ പോലും നഷ്ടം ആകില്ല സമയം.

  കൊറിയൻ സിനിമയുടെ ചരിത്രത്തിൽ വലിയ ഹിറ്റുകൾ ആയ ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ച “വോണ്-ബിൻ” അവസാനമായി അഭിനയിച്ച സിനിമ ആണ് The Man from Nowhere.എവിടെ നിന്നു വന്നു എന്ന് അറിയാത്ത ഒരാൾ.അജ്ഞാതനായ,എപ്പോഴും ഗൗരവ ഭാവത്തിൽ നടക്കുന്ന അയാളുമായി മറ്റൊരു അപർട്മെന്റിലെ പെണ്കുട്ടി സൗഹൃദത്തിൽ ആകാൻ ശ്രമിക്കുന്നു.എന്നാൽ അവളുടെ മാതാപിതാക്കൾ നയിച്ച കുത്തഴിഞ്ഞ ജീവിതം അവരുടെ ജീവിതവും ഒപ്പം അവളുടെ ജീവിതവും അപകടത്തിലാക്കി.ക്രൂരമായ ഒരു കൂട്ടം ആളുകളുടെ ഇടയിൽ അവൾക്കു വേണ്ടി ആരുണ്ടാകും?

  ചൈനീസ് മാഫിയ ദക്ഷിണ കൊറിയയിൽ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾ,നിയമം ലംഘിച്ചു നടത്തുന്ന ബിസിനസുകൾ എന്നിവയൊക്കെ ആഭ്യന്തരമായ പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടാക്കാറുണ്ട്.അതിനൊപ്പം ചേർക്കേണ്ട ചേരുവകകൾ കൂടി ആകുമ്പോൾ മികച്ച ഒരു ത്രില്ലർ ആയി മാറുന്നു ചിത്രം.2010 ലെ കൊറിയൻ ചിത്രങ്ങളിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാമത് ആയിരുന്നു ലീ-ബിയോങ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം.മികച്ച കൊറിയൻ ചിത്രങ്ങളുടെ പട്ടികയിൽ എന്നും ഉണ്ടാകും The Man from Nowhere.

911.BROS(KOREAN,2017)

911.The Bros(Korean,2017)
       Comedy/Mystery/Fantasy

പിതാവിന്റെ മരണത്തെ തുടർന്ന് ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന്റെ ഭാഗം ആയി ഒത്തു ചേരുന്ന സഹോദരങ്ങൾ.അവിടെ വച്ചു അവർ അജ്ഞതയായ ഒരാളെ പരിചയപ്പെടുന്നു.ആ ദിവസങ്ങളിൽ ഒന്നിൽ അവർ അവരുടെ പിതാവിനെ കുറിച്ചു ചില രഹസ്യങ്ങൾ മനസ്സിലാകുന്നു.എവിടെയോ കേട്ട കഥ പോലെ തോന്നുന്നില്ലേ?ബ്രിട്ടീഷ് സിനിമയായ 2007 ൽ റിലീസ് ചെയ്ത ” Death At A Funeral”,പിന്നീട് അതിന്റെ അമേരിക്കൻ പതിപ്പ് ആയി 2010 ലും വന്നിരുന്നു.ഈ സിനിമകൾ കണ്ടവർക്ക് പരിചിതമായ പ്ലോട്ട്!!

  “The Bros” കാണുമ്പോഴും അങ്ങനെ ഒരു മുൻ വിധി പ്രേക്ഷകന് എന്ന നിലയിൽ ഉണ്ടായി.കൊറിയൻ പതിപ്പ് എന്ന ചിന്ത തന്നെ തെറ്റായിരുന്നു എന്നു മനസ്സിലായതും മെച്ചം!!ആദ്യ വരികളിൽ സൂചിപ്പിച്ചത് പോലെ ഒറ്റ വരിയിൽ കഥ വായിക്കാൻ ശ്രമിച്ചത് മാത്രം ആണ് പ്രശ്നം ആയതു.കോമഡിയിൽ ഊന്നിയുള്ള കഥ പറച്ചിൽ ആയിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്.മാ-ഡോംഗ്-സിയോക്,ലീ-ഡോംഗ്-ഹ്വീ എന്നിവർ ആണ് മരണപ്പെട്ട പിതാവിന്റെ സംസ്ക്കാര ചടങ്ങിനു എത്തിയ മക്കൾ ആയി വേഷമിട്ടത്.പരസ്പ്പരം ദേഷ്യം ഉള്ള സഹോദരങ്ങൾ ആയി ഇരുവരും തകർത്തു അഭിനയിച്ചു.

    2 പേർക്കും വ്യക്തമായ ചില സ്വകാര്യ ഉദ്ദേശങ്ങൾ കൂടി ആ യാത്രയിൽ ഉണ്ടായിരുന്നു.”കൻഫയൂഷനിസം” പിന്തുടരുന്ന അവരുടെ കുടുംബത്തിലെ പഴക്കം ഏറിയ ആചാരങ്ങൾ കൂടി ചേരുമ്പോൾ കഥ കൂടുതൽ രസകരം ആകുന്നു.എന്നാൽ പിന്നീട് അവസാനം അടുക്കുമ്പോൾ ആകെ ചിത്രത്തിന്റെ മൂഡ് മാറുന്നു.അതു വരെ അവതരിപ്പിച്ച കഥയിൽ നിന്നും ഭിന്നമായ രഹസ്യങ്ങൾ അവതരിപ്പിക്കപ്പെടുന്നു.കൊറിയൻ സിനിമയുടെ മുഖ മുദ്രയായ പല ഘടകങ്ങളും  പിന്നീടുള്ള ചിത്രത്തിൽ കാണാം.ഫാന്റസിയുടെ പിൻബലം കൂടി ആകുമ്പോൾ പ്രതീക്ഷിച്ച ഒരു കഥ അല്ല പ്രേക്ഷകന് കണ്ടു തീർക്കുന്നത്.കഥാസാരത്തിൽ നിന്നും ഉള്ള മുൻ വിധികൾ എത്ര മാത്രം തെറ്റാണ് എന്നു അവസാനം മനസ്സിലായി.അവസാന ഒരു 20 മിനിറ്റ് “മികച്ചത്” എന്നു മാത്രമേ പറയാൻ സാധിക്കൂ.അത്ര മാത്രം നന്നായിരുന്നു.പ്രത്യേകിച്ചും ഫ്‌ളാഷ് ബാക് ഒക്കെ.മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിനു തിയറ്ററിൽ നിന്നും ലഭിച്ചത്.മാ-ഡോംഗ്-സിയോക്കിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ മുഴുനീള കോമഡി റോൾ ഇഷ്ടം ആകും എന്നു കരുതുന്നു.ചിത്രം കാണാൻ ശ്രമിക്കുക!!

910.UNCLE(MALAYALAM,2018)

910.Uncle(Malayalam,2018)

“അങ്കിളിന്റെ ഒപ്പം ദൂരം കൂടിയ യാത്ര”.

    സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയവും ആയിട്ടാണ് ജോയ് മാത്യു ഇത്തവണ ‘അങ്കിൾ’ എന്ന ചിത്രം അവതരിപ്പിച്ചത്.സ്ഥിരം,പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ അല്ല മമ്മൂട്ടി എന്ന നടൻ ചെയ്യുന്നത് എന്ന വിമർശകരുടെ മാനിച്ചു എന്നു തോന്നി പോയി ഇതിലെ കെ.കെ എന്ന കഥാപാത്രം കണ്ടപ്പോൾ.എന്നാൽ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ള തരത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകനിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ശ്രമം കാരണം മമ്മൂട്ടി എന്നത്തേയും പോലെ സുന്ദരമുഖനായി തന്നെ കാണപ്പെട്ടു.ഈ ചിത്രത്തിൽ അതിനെ കുറ്റം പറയാനും സാധിക്കില്ല.കാരണം ആ കഥാപാത്രം അങ്ങനെ തന്നെ ആകണമായിരുന്നു.പഴയ ‘കുട്ടേട്ടൻ’ കഥാപാത്രം പ്രായം ആകുന്ന പോലെ ഒന്നു.

   ഇവിടെ കെ കെ ഒരു യാത്രയിൽ ആണ്.സുഹൃത്തിന്റെ മകളുമായി.ആ യാത്ര തുടങ്ങാൻ ഉള്ള സംഭവങ്ങളിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്.സുഹൃത്തു ആണ് മകളുടെ ഒപ്പമെങ്കിലും പെണ്കുട്ടിയുടെ അച്ഛന് ആകെ സന്തുഷ്ടൻ ആയിരുന്നില്ല ആ യാത്രയിൽ.അതിനു കാരണം ആയ സംഭവങ്ങൾ ഒക്കെ അവതരിപ്പിച്ചു കെ കെ എന്ന കഥാപാത്രത്തെ പ്രേക്ഷകനിൽ രെജിസ്റ്റർ ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.നല്ല കാര്യം.പക്ഷെ സിനിമ നല്ല വിരസമായ രംഗങ്ങളിലൂടെ ആണ് കുറെ ഏറെ പോയത്.ഒരു പക്ഷെ ആ യാത്രയുടെ ദൈർഘ്യം അതേ പോലെ പ്രേക്ഷകനിൽ തോന്നിയിരിക്കാം.

  ഇവിടെയും കഥയാണ് വില്ലൻ ആയതു.ഷൊർട് ഫിലിമിനു ഉള്ള കഥ നീട്ടി വലിച്ചത് പോലെ തോന്നി.അവസാന ഒരു 20 മിനിറ്റിലേക്കു എത്താൻ വേണ്ടി ഉള്ള പ്രയാണം ആയിരുന്നു ആ നീണ്ട യാത്ര.സാമൂഹികമായി വളരെ ഉയർന്ന നിലവാരത്തിൽ ഉള്ളവർ എന്നു വിശ്വസിക്കുന്ന മലയാളികളുടെ മോശം സ്വഭാവങ്ങളിൽ ഒന്നിനെ നല്ലതു പോലെ അവസാനം വിമർശിച്ചിട്ടുണ്ട് ജോയ് മാത്യു.മുത്തുമണിയുടെ കഥാപാത്രം അതിൽ സമർഥമായി ഉപയോഗിച്ചു.

ഒരു ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ‘മുന്നറിയിപ്പ്’ ഒക്കെ നൽകിയ ഒരു ‘image breaking’ മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകാത്തത് കൊണ്ടു തന്നെ predictable ആയിരുന്നു സിനിമ.അതു കൊണ്ടു തന്നെ ആ ത്രില്ലിംഗ് എക്സ്പീരിയൻസ് ഒന്നും പ്രേക്ഷകന് ലഭിച്ചെന്ന് തോന്നുന്നില്ല.ആ ഒരു കാരണം കൊണ്ട് കഥാപാത്രത്തിന് അനുയോജ്യനായ നടൻ മമ്മൂട്ടി അല്ല എന്ന് പോലും തോന്നി പോകും. മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ ‘ഷട്ടർ’ അവതരിപ്പിച്ച ജോയ് മാത്യു എന്ന കലാകാരനിൽ നിന്നും ഇതിലും ഏറെ പ്രതീക്ഷിച്ചിരുന്നു എന്നതായിരുന്നു സത്യം.ഒരു പ്രേക്ഷകന് എന്ന നിലയിൽ മികച്ച ഒരു സിനിമ എക്സ്പീരിയൻസ് ഒന്നും തന്നില്ലെങ്കിലും ശരാശരി സിനിമ ആയി ആണ് ‘അങ്കിൾ’ തോന്നിയത്.

909.SUPER TROOPERS 2 (ENGLISH,2018)

909.Super Troopers 2 (English,2018)
     

Super Troopers 2 ഇറങ്ങുന്നതിന് മുന്നേ ധാരാളം rumors ഉണ്ടായിരുന്നു.പ്രധാനമായും ആദ്യ ഭാഗത്തിന്റെ prequel ആണെന്നുള്ള വാർത്തകൾ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പിതാക്കന്മാരുടെ കഥ ആയിരിക്കും എന്നുള്ള വാർത്തകൾ ശക്തം ആയപ്പോൾ ജയും കൂട്ടരും അതു തള്ളി കളഞ്ഞിരുന്നു.2012 മുതൽ ചിത്രം സ്‌ക്രിപ്റ്റ് പൂർത്തി ആയെന്നു കേട്ടിരുന്നു.പക്ഷെ ചിത്രം നിർമിക്കാൻ ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒപ്പിക്കാൻ ആയിരുന്നു അവരുടെ ശ്രമം.അതിൽ അവർ വിജയിക്കുകയും ചെയ്തു.അവസാനം 2018 ൽ ചിത്രം റിലീസ് ആയി.

   ഇത്തവണ Super Troopers പുതിയ ഒരു ദൗത്യത്തിൽ ആണ്.’Fred Savage’ സംഭവത്തിനു ശേഷം (അതിനെക്കുറിച്ചു അവസാനം കാണിക്കുന്നുണ്ട്) trooper ആയുള്ള ജോലി നഷ്ടപ്പെട്ട അവരെല്ലാം construction ജോലികളിൽ ആണ്.ആ സമയത്താണ് അമേരിക്കയുടെ കുറച്ചു സ്ഥലം കാനഡയുടെ കീഴിൽ ആണെന്നും അതു അമേരിക്കയുടേത് ആയി മാറ്റുന്നതിന്റെ ഭാഗം ആയുള്ള താൽക്കാലിക സംവിധാനത്തിന് നേതൃത്വം നൽകാൻ അവർ ഇപ്പോൾ കാനഡയുടെ കീഴിൽ ഉള്ള Vermont എന്ന ചെറിയ ടൗണിലേക്ക് തിരിക്കുന്നു.

 കാനഡ അമേരിക്കയുടെ 51 ആം സംസ്ഥാനം ആണെന്ന് പറഞ്ഞു കളിയാക്കുന്നത് മുതൽ ഉണ്ട് അമേരിക്കൻ-കനേഡിയൻ വാക് യുദ്ധങ്ങൾ.പഴയ ചിത്രമായ Canadian Bacon രസകരമായി ഈ സംഭവങ്ങളെ അവതരിപ്പിച്ചിരുന്നു.അമേരിക്കയും കാനഡയും തമ്മിൽ ഉള്ള ചെറിയ വ്യത്യാസങ്ങൾ ,അവയെ പർവതീകരിച്ചു ഹാസ്യവും കൂടി ചേർത്തു ആണ് Canadian Bacon അവതരിപ്പിച്ചിരുന്നത്.അതിന്റെ പുതുമയേറിയ version എന്നു വിളിക്കാം ഇത്തവണ Super Troopers 2 നെ.രാഷ്ട്രീയവും സാമൂഹികവുമായ വ്യത്യാസങ്ങൾ എല്ലാം പ്രതിപാദിച്ചിട്ടുണ്ട് ഉണ്ട്.ഒരു മയവും ഇല്ലാതെ അമേരിക്കൻ-കനേഡിയൻ ക്ളീഷേകളെ എല്ലാം പരിഹസിച്ചു പോയിട്ടും ഉണ്ട്.

 രണ്ടാം ഭാഗം റിലീസ് ചെയ്ത ആദ്യ നാളുകളിൽ ഉള്ള കളക്ഷൻ സിനിമയെ സാമ്പത്തികമായി രക്ഷപ്പെടുത്തിയെങ്കിലും മോശം അഭിപ്രായം ധാരാളം ഉയർന്നിരുന്നു.പക്ഷെ ആദ്യ ഭാഗത്തിന്റെ വിജയം അതു പിന്നീട് ആർജിച്ചത് ആയിരുന്നു.Home Video വേർഷനുകൾ ഇറങ്ങുമ്പോൾ ചരിത്രം ആവർത്തിക്കാൻ സാധ്യതയുണ്ട്.സങ്കീർണമായ കഥ ഒന്നും ഇല്ലാതെ,ഒരു സ്കിറ്റ് പോലെ ആളുകളെ രസിപ്പിക്കുന്ന ,target audience നു വേണ്ടത് നൽകാൻ Broken Lizard ടീമിന് ഇത്തവണയും കഴിഞ്ഞിട്ടുണ്ട് എന്നാണ് ചിത്രം കണ്ടതിനു ശേഷം തോന്നിയത്.എന്തായാലും വിശ്രമവേളകൾ ആനന്ദകരമാക്കാൻ വേണ്ടി കാണാം..!!

908.SUPER TROOPERS(ENGLISH,2001)

908.Super Troopers(English,2001)
        Mystery/Comedy

“Broken Lizard” നെ കുറിച്ചു കേട്ടിരിക്കും.കോളേജിലെ ഏതാനും സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ചെറിയ കോമഡി ഗ്യാങ്,അവർ ചെയ്തിരുന്ന sketch comedy കളിൽ നിന്നും മാറി വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടുമ്പോൾ BL സ്വന്തമായ ഒരു പേര് കോമഡി ഷോകളിൽ ഉണ്ടാക്കി എടുത്തിരുന്നു.ഇന്ത്യൻ വംശജൻ ആയ ‘ജയ് ചന്ദ്രശേഖർ’ നേതൃത്വം നൽകുന്ന ഈ കോമഡി ഗ്രൂപ്,രസകരമായ ,അമേരിക്കൻ രീതിയിൽ ഉള്ള മസാല നിറഞ്ഞ കോമഡികളിലൂടെ പിന്നീട് ധാരാളം സിനിമകളുടെ ഭാഗവും ആയി.

  അവരുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം ആയിരുന്നു “Super Troopers”.ജയ് സംവിധാനം ചെയ്തു അഭിനയിക്കുകയും ,ബ്രോക്കൻ ലീസാർഡ്  തന്നെ കഥയെഴുത്തുകയും ചെയ്ത സിനിമയിൽ കെവിൻ,സ്റ്റിവ്,പോൾ,എറിക് എന്നീ ബ്രോക്കൻ ലീസാർഡ് അംഗങ്ങൾ തന്നെ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പ്രധാനമായും സ്വയം typical ഇന്ത്യൻ കഥാപാത്രമായി സിനിമകളിൽ വേഷം ഇടാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ടു തന്നെ തനിക്കു കൂടുതൽ പരിചിതമായ അമേരിക്കൻ ജീവിത രീതികളെ മുന്നിൽ കണ്ടു കൊണ്ടു സർക്കാസം രീതിയിൽ ആണ് ജയ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ജയ് അവതരിപ്പിക്കുന്ന കഥാപാത്രം ‘Arcot “Thorny” Ramathorn’ പേരും രൂപവും കൊണ്ടു അൽപ്പമെങ്കിലും ഇന്ത്യൻ ഛായ തോന്നിയാൽ പോലും കഥാപാത്ര അവതരണം അമേരിക്കൻ ആണ്.

   വളരെ സാധാരണമായ ഒരു കഥയാണ് ‘ Super Troopers’ നു ഉള്ളത്.ഹൈവേ പട്രോൾ വിഭാഗത്തെ ചിലവ് ചുരുക്കലിന്റെ ഭാഗമായി മേയർ പിരിച്ചു വിടാൻ ഒരുങ്ങുമ്പോൾ തങ്ങൾക്കും നിയമ പാലനത്തിൽ പ്രാധാന്യം ഉണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഒരു പറ്റം ഹൈവേ പട്രോൾ പൊലീസിലെ അംഗങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.എന്നാൽ അവരുടെ വഴി എളുപ്പം അല്ലായിരുന്നു.കാരണം അവിടത്തെ ലോക്കൽ പൊലീസ്.ഹൈവേ പട്രോൾ ടീമിനെ പിരിച്ചു വിട്ടാൽ അവർക്ക് വേണ്ടി ചിലവാക്കുന്ന പണം കൂടി പോലീസ് വിഭാഗത്തിന് ലഭിക്കും എന്ന ധാരണയിൽ ആയിരുന്നു അവർ.

   ബ്രയാൻ കോക്‌സ് അവതരിപ്പിക്കുന്ന ഹൈവേ പട്രോൾ മേധാവിയുടെ നേതൃത്വത്തിൽ അവർ തങ്ങളുടെ പ്രാധാന്യം കാണിക്കുവാൻ ശ്രമിക്കുമ്പോൾ ആണ് ഒരു യുവതിയുടെ ജഡം ദുരൂഹമായ സാഹചര്യത്തിൽ ലഭിക്കുന്നത്.കേസിന്റെ പിന്നാലെ പോലീസും ഹൈവേ പട്രോൾ ടീമും അന്വേഷണം ആരംഭിക്കുന്നു.തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രം.

 മിസ്റ്ററി/കോമഡി ഴോൻറെയിൽ ഉള്ള ഈ ചിത്രത്തിൽ പ്രാധാന്യം കോമഡിക്കു തന്നെയാണ്.അമേരിക്കൻ Verbal കോമഡി ആണ് മുഖ്യമായും ചിത്രത്തിൽ ഉള്ളത്.BL ന്റെ ചിത്രങ്ങളിൽ എല്ലാം പരക്കെ ഉപയോഗിച്ചിരിക്കുന്ന രീതിയും അതാണ്.ചിത്രം റിലീസ് ആയപ്പോൾ വലിയ വിജയം ആയില്ലെങ്കിലും പിന്നീട് cult status നേടിയിരുന്നു..അതാണ് വർഷങ്ങൾക്കു ശേഷം Super Troopers 2 ,2018 ൽ റിലീസ് ചെയ്തത്!!

907.A GENTLEMAN(HINDI,2017)

907.A Gentleman(Hindi,2017)

  ഫോക്‌സ് സ്റ്റുഡിയോ നിർമിച്ച ബിഗ് ബജറ്റ് സിനിമ എന്നൊക്കെ കേട്ടപ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പിന്നെ റിലീസ് ആയപ്പോ പടം വൻ ബജറ്റ് കാരണം ഫ്ലോപ്പ് എന്നൊക്കെ കേട്ടിരുന്നു.ലേശം കൗതുകം കൂടുതൽ ആയതു കൊണ്ട് സിനിമ കണ്ടു.

  ‘Old wine in a new bottle’ എന്നു പറയാം കഥ.ഡീസന്റ് ആയ യുവാവ്.അയാൾക്ക്‌ പ്രണയം.പ്രണയിക്കുന്ന പെണ്കുട്ടിക്ക് അൽപ്പം കൂടി ജീവിതത്തിൽ ‘കൂൾ’ attitude ഉള്ള ആളെ വേണം.പക്ഷെ യഥാർത്ഥത്തിൽ ആ യുവാവ് അങ്ങനെ ആയിരുന്നോ??ഇതാണ് കഥ.അയ്യോ!!എത്ര കേട്ടിരിക്കുന്നു അല്ലെ??

  കഥ ഒക്കെ പ്രശ്നം അല്ലെങ്കിൽ രണ്ടര മണിക്കൂർ മൊത്തം ആക്ഷൻ,കോമഡി,പാട്ടു ഒക്കെ ആയി ഒരു നല്ല ടൈം പാസ് സിനിമ ആണ് ‘A Gentleman’.സിദ്ധാർഥ് ഇത്തരം റോൾ ഒക്കെ കൊള്ളാം.ആളോട് പോയി ദരിദ്ര കർഷകന്റെ റോൾ ചെയ്യാൻ പറയരുത് എന്നു മാത്രം അതു ചെയ്യാൻ പണി അറിയുന്ന ആളുകൾ ഉണ്ട് ജാക്വ്‌ലിൻ കൊള്ളാമായിരുന്നു.അലമ്പാക്കിയില്ല.

Entertainment!!!Again Entertainment and Again!!
 അതാണ് ഈ സിനിമ.സീരിയസ് ആയൊരു സിനിമ കാണാൻ പോകുന്നവർ തല വയ്ക്കാതെ ഇരിക്കുന്നതാകും നല്ലതു.കാരണം ഇൻഡ്യയിൽ നിന്നും അമേരിക്കയിലേക്ക് കയറാൻ ഇത്ര എളുപ്പം ആണെന്ന് ഇതിലൂടെ മനസ്സിലാക്കിയവർ ലോജിക്കിനെ ഒക്കെ പഴിക്കും പക്ഷെ ബോർ അടിക്കാതെ ഒരു സിനിമ കണ്ട സംതൃപ്തി ഉണ്ട്.അതു ധാരാളം!!

906.GULEBAGHAVALI(TAMIL,2018)

906.Gulebaghavali(Tamil,2018)

Rakesh Manoharan:
ഗുലേബഗവാലി

  പ്രത്യേകിച്ചു ഒരു കഥ ഒന്നും ഇല്ലാത്ത സിനിമ.പേരിനു ഒരു നായകനും നായികയും.പ്രഭുദേവയും ഹൻസികയും.എന്നാൽ സിനിമയുടെ എല്ലാമെല്ലാം ആകുന്നതു രേവതി ആണ്.മാസ് ഇൻട്രോ മുതൽ സിനിമയുടെ അവസാനം വരെ വളരെ എനർജെറ്റിക് ആയ രേവതിയെ കാണാം.

ഒരു ചെറിയ മോഷണ കഥ.കുറെ അധികം വില്ലന്മാർ.അതിൽ പകുതി മുക്കാൽ ആളുകളും മണ്ടന്മാർ.പലപ്പോഴും സിനിമ പ്രഭുദേവ നായകൻ ആയിരുന്ന സമയത്തെ സിനിമകളുടെ അതേ രീതി പിന്തുടരുന്നതായി തോന്നി.സ്ലിം ആയി വന്ന ഹൻസിക എന്നത്തേയും പോലെ അലങ്കാരം മാത്രം ആയി നിന്നു.മൊട്ട രാജേന്ദ്രന്റെ ഗുണ്ടയെ മണ്ടൻ വേഷം ഒക്കെ വലിയ ഒരു തമാശ ചിത്രത്തിലെ പോലെ അല്ലെങ്കിലും ഇടയ്ക്കിടെ രസിപ്പിച്ചു

 ഭിന്നാഭിപ്രായങ്ങൾ ധാരാളം വരുന്ന ചിത്രമാണ് ഗുലേബഗവാലി.തീരെ ഇഷ്ടപ്പെടാത്തവർ ധാരാളം ഉണ്ടാകും.എന്നാൽ എനിക്ക് സിനിമ ഒരു ടൈം പാസ് ആയിരുന്നു.വലിയ പ്രതീക്ഷകൾ ഇല്ലാതെ ഒരു ചുമ്മാ സിനിമ ആണ് പ്രതീക്ഷിച്ചിരുന്നതും.പക്ഷെ രേവതിയുടെ മാഷാ എന്ന കഥാപാത്രം ചിരിപ്പിച്ചു.സിനിമയുടെ അവസാന ഒരു അര മണിക്കൂറും നന്നായിരുന്നു.കുറച്ചു സമയം വെറുതെ കയ്യിൽ ഉള്ളവർക്ക് കാണാം…

905.ULKUTHU(TAMIL,2017)

905.Ulkuthu(Tamil,2017)
ഉൾകുത്തു

 കാർത്തിക് രാജു സംവിധാനം ചെയ്ത ഉൾകുത്തു കാണാൻ ഒരേ ഒരു കാരണം ‘അട്ടകത്തി’ ദിനേശ് ആണ്.പണ്ട് അട്ടകത്തി കണ്ടതോടെ പുള്ളിയുടെ സിനിമ എല്ലാം കാണാൻ ശ്രമിക്കുമായിരുന്നു.ഇതു വരെ കാണാത്തത് ഏറ്റവും നല്ല അഭിപ്രായം ലഭിച്ച ‘കുക്കു’ ആണ്. 😢😢😢😢

  ഇനി ഉൾകുത്തിലേക്ക്..കഥയെ കുറിച്ചു ഒന്നും അറിയാതെ കണ്ടു തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോ സ്ഥലം നല്ല പരിചയം.4 വർഷം പഠിച്ച നാഗര്കോവിലും ചുറ്റുവട്ടവും.കോളേജിന്റെ അടുത്തുള്ള ‘മുട്ടം’ ആണ് കഥ നടക്കുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത്.

കഥ എന്നു പറഞ്ഞാൽ പഴയ പ്രതികാര കഥ.അതു പുതിയ കുപ്പിയിൽ.പുതിയ കുപ്പി കുഴപ്പമില്ലായിരുന്നു.അത്യാവശ്യം ട്വിസ്റ്റും,പ്ലാൻ ചെയ്തു ഉള്ള പ്രതികാരവും ഒക്കെ കുഴപ്പമാണ് തോന്നിയില്ല.വലുതായി മുഴച്ചു നിന്ന ഒരു പ്രശ്നം,വലിയ സൈസ് ഉള്ള വില്ലന്മാരെ ഒക്കെ മാസ് ഹീറോയായി അടിച്ചിടുന്ന ദിനേഷിന്റെ ശരീര പ്രകൃതി ആയിരുന്നു.ഇത്തരത്തിൽ ഉള്ള ചില നടന്മാർ ചെയ്യുന്ന പോലെ സ്റ്റൂൾ ഉപയോഗിച്ചോ അല്ലെങ്കിൽ വലിയ ഹീൽ ഉള്ള ബൂട്‌സ് ഉപയോഗിച്ചോ എഡിറ്റിങ് /ക്യാമറ വിദ്യകൾ ഉപയോഗിച്ചോ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.

  എന്നാലും വിജയ് സേതുപതിയുടെ ഒക്കെ പോലെ ഉള്ള സിനിമ അല്ല കാണുന്നത് എന്ന ബോധം പിന്നീട് ഉണ്ടായി.സ്ഥിരം തമിഴ് കൊമേർഷ്യൽ സിനിമ..ചുമ്മാതെ ഇരുന്നോ നിന്നോ കാണാം.വലിയ നഷ്ടം ഒന്നുമില്ല.. മൊബൈലിലോ ടി വിയിലോ ലാപ്പിലോ അല്ലെ!!

904.VELAIKKARAN(TAMIL,2017)

904.Velaikkaran(Tamil,2017)
ഇന്ത്യൻ സിനിമയിലെ രാഷ്ട്രീയത്തിന് അതിഭാവുകത്വം ഏറെ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അതേ.സിനിമയ്ക്കും ഒരു രാഷ്ട്രീയം ഉണ്ട്.അതു ആളുകളിൽ എത്തുമ്പോൾ വ്യാപകമായി സ്വീകരിക്കപ്പെടണം.ഏറ്റവും എളുപ്പ വഴി.ആളുകളിൽ സമത്വം വിഭാവനം ചെയ്യുന്ന കമ്യൂണിസം ആണ്.സിനിമകൾ ഏറെയും ആ ഒരു പാറ്റേർനിൽ ആണ് രാഷ്ട്രീയം പറയുന്നതും.

  നായകന്മാർക്കു വലിയ സ്ക്കോപ് ഉണ്ട് അത്തരം സിനിമകൾക്കു.കുത്തക മുതലാളിമാർക്ക് എതിരെ ആഞ്ഞടിച്ച വേലക്കാരൻ അത്തരത്തിൽ ഒന്നായിരുന്നു.ശിവ കാർത്തികേയന് ഹീറോയിക് പരിവേഷത്തിനു മാറ്റ് കൂട്ടുന്ന എല്ലാം ഉണ്ടായിരുന്നു സിനിമയിൽ.എന്നാൽ തുല്യ പ്രാധാന്യത്തിൽ വന്ന വില്ലൻ ഇടയ്ക്കൊക്കെ SK യെ പുറകിലാക്കിയത് പോലെ ആയി.പ്രത്യേകിച്ചും ക്ളൈമാക്സിനു മുന്നേ.ഫഹദ് ഡബ് ചെയ്തു വൃത്തിക്കേട് ആക്കിയില്ല എന്നു മാത്രമല്ല,തന്റെ സിഗ്നേച്ചർ വേഷമായ മാനേജർ രൂപത്തിൽ നന്നായി.

  എന്നാൽ മൊത്തത്തിൽ സിനിമ മുന്നോട്ടു വച്ച ഉട്ടോപ്യൻ ആശയം ഒക്കെ സിനിമയിൽ മാത്രം ഒതുങ്ങും.അവിശ്വസനീയം ആയ ധാരാളം രംഗങ്ങൾ.ഒരാൾ ഭക്ഷണം കഴിച്ചു രോഗം വരുത്താൻ ശ്രമിക്കുന്നു.മുതലാളിമാർ എല്ലാം കമ്പനി എഴുതി കൊടുക്കാൻ തയാറാകുന്നു എന്നു വേണ്ട സ്വപ്നത്തിൽ കാണാൻ മാത്രം കഴിയുന്ന ആശയങ്ങൾ,സംഭവങ്ങൾ.

 നയൻതാര ഈ അടുത്തു ചെയ്തതിൽ ഒരു പ്രാധാന്യവും ഇല്ലാത്ത വേഷം.SK യുടെ ഉയർന്ന താരമൂല്യം,തമിഴ് സിനിമാക്കാർക്ക് ഇടയിൽ പുതുതായി വന്ന അവസരത്തിൽ ഉള്ള രാഷ്ട്രീയ മോഹം ഒക്കെ ഇതിനോട് കൂട്ടി വായിക്കാം.പ്രത്യേകിച്ചു ഒന്നും ഇല്ലാതെ,ചുമ്മാ കണ്ടു കൊണ്ടിരിക്കാവുന്ന ചിത്രം.’അമ്മ-അപ്പ പാശം,നാട്ടുകാരോടുള്ള പ്രതിബദ്ധത,അർധ രാത്രി ഒരുമിച്ചു ലൈറ്റ് ഇട്ടു സപ്പോട്ട കൊടുക്കുക..ജസ്റ്റ് തമിഴ് സിനിമ തിങ്‌സ്!!

Design a site like this with WordPress.com
Get started