903.DIWANJIMOOLA GRAND PRIX(MALAYALAM,2018)

903.Diwanjimoola Grand Prix(Malayalam,2018)

“എന്തിനോ വേണ്ടി തിളച്ച സാമ്പാർ”…

 വെറും ക്ളീഷേ ആയി മാറിയ ഡയലോഗ് ആണിത്..അതിനെക്കാളും ക്ളീഷേ കഥയും,തീരെ നിലവാരം ഇല്ലാത്ത അവതരണവും.”ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ്” ഇതിന്റെ അപ്പുറം ഒന്നുമായി തോന്നിയില്ല…

  സിനിമയിലെ അൽപ്പമെങ്കിലും രസമുള്ളത് പഴയ സിനിമകളിലെ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചു എന്നതായിരുന്നു.പക്ഷെ ആ കൗതുകത്തിനും അപ്പുറമുള്ള പ്രാധാന്യം ഒന്നും അവരിൽ ഭൂരിഭാഗത്തിനും ഇല്ലായിരുന്നു.സാജൻ ജോസഫ് ആലുക്ക(കസ്തൂരിമാൻ) ആയിരിക്കാം ഇതിലെ കളക്ടർ കഥാപാത്രം എന്നു കരുതുന്നു.അതാണ് ഭൂരിഭാഗം എന്നു പറഞ്ഞത്.

സ്പോർട്സ് പ്രമേയം ആകുന്ന ചിത്രങ്ങളുടെ സ്ഥിരം ഫോർമാറ്റിനോട് ഒരു പരിഭവവും ഇല്ല..സ്പോർട്സ് സിനിമകൾ ഇഷ്ടവും ആണ്.എന്നാൽ ഇവിടെ അതേ രീതിയിൽ കഥ അവതരിപ്പിക്കുകയും,എന്നാൽ ഒരു രീതിയിൽ പോലും അത്തരം സിനിമകളിൽ നിന്നും ലഭിക്കുന്ന എനർജി ഒന്നും എവിടെയും കണ്ടില്ല.ഇതിന്റെ മുന്നില്  ദിലീപിന്റെ ‘സ്പീഡ് ട്രാക്’ ഒക്കെ ഇതിഹാസ സിനിമ ആണ്..

ഇതിന്റെ സംവിധായകൻ അനിൽ ആണ് ഏറ്റവും ശ്രദ്ധേയം…കുഞ്ചാക്കോ ബോബൻ കൂറ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ മലയാളത്തിലെ മെഗാ സ്റ്റാറിന്റെ ഒപ്പം മത്സരം ആണ് എന്നുള്ള കരക്കമ്പി പലപ്പോഴും സത്യമാകാറുണ്ട്.പക്ഷെ 24 നോർത്ത് കാതം ഒക്കെ ചെയ്ത ഒരാളിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല..അഭിനയിച്ചവർ മോശമാക്കി എന്നല്ല,അവതരണം മൊത്തത്തിൽ പാളി പോയ ഒരു സംരംഭം ആണ് ദിവാൻജി..

   ‘കലക്റ്റർ ബ്രോ ‘ എഴുതിയ തിരക്കഥ ഒക്കെ നല്ല രസമായിരുന്നു..സിനിമ കണ്ടു നിരൂപിക്കുന്ന പോലെ എളുപ്പമല്ല സിനിമയ്ക്ക് എഴുതുന്ന പണി എന്നു എല്ലാവർക്കും കാണിച്ചു കൊടുത്തു കൊണ്ടു മുന്നേറി അദ്ദേഹം.നാട് നന്നാക്കാൻ വരുന്ന കലക്റ്റർ,വാട്ട് മെമ്പർ,ബൈക്ക് റേസിംഗിലൂടെ ആളുകളെ ഒന്നിപ്പിച്ചു സമാധാനം കൊണ്ടു വരാൻ ശ്രമിക്കുന്നു.ഇതിന്റെ ഇടയിൽ കഥയും കഥാപാത്രങ്ങളും ഒന്നും വികസിക്കുന്നതായി എങ്ങും കാണുന്നുമില്ല..

തിയറ്ററിൽ കണ്ടവർക്കും സമാന അനുഭവം ആണെന്ന് വിശ്വസിക്കുന്നു..സ്പോർട്സ് സിനിമകളിലെ ഏറ്റവും interesting ആയ ക്ളൈമാക്‌സ് സീനിൽ 2 പ്രാവശ്യം ഉറങ്ങി പോയി..റിവൈൻഡ് അടിച്ചു മൂന്നാമത്തെ ചാൻസിൽ ആണ് കണ്ടു തീർത്തത്..അത്രയ്ക്കും ബോർ ആയിരുന്നു പടം…’ഗൂഡാലോചന’ ഒക്കെ എന്തു ഭേദം!!!

902.SKETCH(TAMIL,2018)

902.Sketch(Tamil,2018)
Rakesh Manoharan:
ഒരു ആക്ഷൻ ചിത്രം എങ്ങനെ എടുക്കരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് “സ്കെച്ച്”.കഥയിൽ പുതുമ ഒന്നും ഇല്ല എന്നത് ഒരു വലിയ കുറവായി കാണണ്ട.അവസാന ട്വിസ്റ്റ് മുൻപ്  സിനിമകളിൽ കണ്ടതാണെങ്കിലും,അൽപ്പം കൂടി ആ ഭാഗത്തിന് ഒക്കെ പ്രാധാന്യം കൊടുക്കാമായിരുന്നു എന്നു തോന്നി.

ഒരു ഗുണ്ടയുടെ പ്രണയം.അതിനു ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പാട്ടിന്റെ ആവശ്യം ഉണ്ടായിരുന്നോ??തിയറ്ററിൽ സിനിമ കണ്ടവരുടെ വിരലുകൾ മൊബൈലിലേക്ക് പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.സ്കെച്ചിന്റെ പഞ്ച ഡയലോഗ് ചിലപ്പോഴൊക്കെ സ്വയം കളിയാക്കുന്ന പോലെ തോന്നിയെങ്കിലും സ്കെച്ച് ചെയ്യുന്ന രീതി ഒക്കെ നന്നായിട്ടുണ്ട്.തമെന്നയുടെ കഥാപാത്രത്തിന് കൊടുത്ത സ്‌പേസ് കുറച്ചു കൂടി പോയി.സിനിമയുടെ ഒഴുക്കിനെ നന്നായി ബാധിച്ചു.കാശ് കുറെ വാങ്ങിച്ചിട്ടും ബാഹുബലി 2ൽ കുറച്ചു അഭിനയിച്ചതിന്റെ പശ്ചാത്താപം ആണെന്ന് തോന്നുന്നു ഈ റോൾ.

 അന്യൻ ഒക്കെ ഇറങ്ങിക്കഴിഞ്ഞ സമയത്തു ഇതു പോലത്തെ ഒക്കെ റോൾ ചെയ്തു മാസ് ഹീറോ എന്ന ലേബലിൽ ആകാൻ അന്നേ ശ്രമിച്ചിരുന്നെങ്കിൽ ചിയാന്റെ സിനിമകൾക്കു ഇപ്പൊ ഉള്ള ഗതി വരില്ലായിരുന്നു.

ചിത്രം പലതും പറയാൻ ശ്രമിച്ചു.മാസിൽ തുടങ്ങി പിന്നെ പ്രണയം വന്നൂ..അവസാനം സന്ദേശവും.മൂന്നും കൊമേർഷ്യൽ സിനിമകളിലെ പഴകിയ ചേരുവകൾ ആണെങ്കിലുംത അതു ശരിയായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനും കൂട്ടരും പരാജയപ്പെട്ടൂ.അവസാനം വെറുതെ ഇരുന്നു കണ്ടു,മറക്കാൻ മാത്രം ഗും ഉള്ള ഒരു ചിയാൻ ചിത്രം കൂടി റിലീസ് ആയി..

എന്നാൽ മികച്ച സിനിമകളിൽ ഇനിയും ചിയാൻ വരുമെന്ന പ്രതീക്ഷയോടെ!!

901.ORAYIRAM KINAKKALAL(MALAYALAM,2018)

901.Orayiram Kinakkalal(Malayalam,2018)

Rakesh Manoharan:
മാർക്കറ്റിങ്ങിന് ഇത്ര വിലയുള്ള സമയത്തു സ്വന്തം പ്രൊഡക്റ്റിനോട് ഒരു ബഹുമാനമോ വിശ്വാസമോ ഇല്ലാത്ത ആളുകൾ ഉണ്ടാക്കിയ സിനിമ ആണ് ‘ഒരായിരം കിനാക്കൾ’.കാരണം ഡി വി ഡി റിലീസ് ആയ സമയത്തു ഏറെ കണ്ട ഒരു ചോദ്യമാണ് “ഇതെന്തു സിനിമ”? എന്നു .മുട്ടിനു മുട്ട് ട്വിസ്റ്റ് വേണം എന്ന് കരുതുന്ന മലയാളിയുടെ പുതിയ സിനിമ ചിന്തയുടെ ഒപ്പം ആണ് സിനിമയും പോകുന്നത്.

പണം ആവശ്യമില്ലാത്ത ആളുകൾ കാണില്ലല്ലോ.അതു പോലെ പണം ആവശ്യം ഉള്ളവരുടെ ജീവിതത്തിൽ എത്തി ചേരുന്ന അവസരവും അതു പല വിധത്തിൽ ഉള്ള പ്രശ്നങ്ങളിലേക്ക് മാറുന്നതും ആണ് സിനിമയുടെ ഇതിവൃത്തം.ഒറ്റ രാത്രിയിലെ സംഭവങ്ങൾ ആണ് സിനിമയുടെ പ്രധാന കഥാ തന്തു.

തരക്കേടില്ലാത്ത രീതിയിൽ തന്നെ അവതരിപ്പിച്ച സിനിമ കുഴപ്പമില്ലാത്ത ഒരു entertainer ആണ്.കലാഭവൻ ഷാജോണിന്റെ ഷാജഹാൻ എന്ന പൊലീസ് കഥാപാത്രം ആകും മറ്റുള്ളവരിൽ നിന്നും ശ്രദ്ധേയം ആകുന്നത്.പക്കാ പോലീസ് ഫ്രോഡിൽ നിന്നും അയാൾക്ക്‌ ഉണ്ടാകുന്ന transition നന്നായിരുന്നു.എല്ലാവരും തെറ്റിദ്ധരിക്കുന്ന കഥാപാത്രത്തിൽ നിന്നും അവസരത്തിന് അനുസരിച്ചു മാറുന്ന ആളായും പിന്നീട് ഉള്ള ഭാഗങ്ങളും.റോഷൻ മറയുവിന്റെ കഥാപാത്രം ഭയങ്കര വെറുപ്പ് വാങ്ങി പിടിക്കുന്ന ഒന്നാണ്.സ്പോർട്സ് ഭ്രാന്തൻ ആയ സായ് കുമാറിന്റെ ലാലാജി പിന്നീട് ലാലേട്ടൻ ആകുന്നതും ഒക്കെ രസമുണ്ടായിരുന്നു.

  മികച്ച മലയാള സിനിമ അല്ലായിരുന്നു “ഒരായിരം കിനാക്കൾ”.പക്ഷെ മോശവും അല്ല.ആവറേജ് വിജയം എങ്കിലും നേടേണ്ടിയിരുന്ന ഒന്നാണ്..

900.VIKADAKUMARAN(MALAYALAM,2018)

 
900.Vikadakumaran(Malayalam,2018)

വികടകുമാരൻ
പ്രത്യേകം ലോജിക് ഒന്നും നോക്കാതെ ഇരുന്ന് കണ്ടാൽ നോസ്റ്റാള്ജിക് ആയ കുറെ തമാശകൾ ഒക്കെ ഉള്ള സിനിമ.ത്രിൽ/ട്വിസ്റ്റ് ക്ളൈമാക്‌സ് പോലും ചിരിപ്പിച്ചു.വിഷ്ണു ഉണ്ണി കൃഷ്ണൻ നല്ല പൊസിറ്റിവ് സ്‌ക്രീൻ പ്രസൻസ് ആയിരുന്നു.ധര്മജനും അതു പോലെ.

   ഒരു മിസ്റ്ററി/സസ്പെൻസ് ത്രില്ലർ ഒന്നുമല്ലായിരിക്കും ബോബൻ സാമൂവലും കൂട്ടരും ഉദ്ദേശിച്ചതെന്നു തോന്നുന്നു.മുൻ ചിത്രങ്ങളിൽ ഒന്നായ ‘റോമൻസ്’ പോലെ അണിയിച്ചൊരുക്കാൻ ആകും ബോബൻ-രാജേഷ് ടീം ശ്രമിച്ചത്.എന്തായാലും ചിത്രത്തെ കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു.അതു കൊണ്ടു നിരാശപ്പെടുത്തിയില്ല.ഇതു സ്വന്തം അഭിപ്രായം മാത്രമാണ്.മോശം അഭിപ്രായങ്ങളും കണ്ടിരുന്നു.

  ജിനുവിന്റെ വില്ലൻ വേഷത്തിനോട് ദേഷ്യം തോന്നി.പക്ഷെ സിനിമയുടെ നന്മയ്ക്കു വേണ്ടി ആണല്ലോ എല്ലാം എന്നു കരുതി ആശ്വസിച്ചു.വിഷ്ണു ഉണ്ണി കൃഷ്ണൻ ഇതു പോലത്തെ സിനിമകൾ ചെയ്യുന്നതാണ് രസം.കുറച്ചു നന്മ ഒക്കെ ഉള്ള കൊമെഡിയൻ നായകൻ.’കട്ടപ്പനയിലെ ഹൃതിക് റോഷൻ’ ഒക്കെ പോലെ. 

  മലയാള സിനിമയിൽ നടക്കുന്ന വലിയ മാറ്റങ്ങൾക്കിടയിൽ രണ്ടു രണ്ടര മണിക്കൂർ ഉള്ള ഇത്തരം സിനിമകളോട് ഒരു അയിത്തവും ഇല്ല.നല്ല ടൈം പാസ് ആണ് ഈ ചിത്രവും..

899.LAVA KUSA(MALAYALAM,2017)

   899.Lava Kusa (Malayalam,2017)
യാതൊരു പ്രതീക്ഷയും ഇല്ലാതെ ആണ് കണ്ടു തുടങ്ങിയത്.ശരിക്കും,കാണാൻ ഒരാഗ്രഹവും ഇല്ലാതിരുന്നിട്ടും ചുമ്മാ ഒരു സിനിമ കാണാം എന്നു കരുതി ആണ് കണ്ടത്.ചുമ്മാ ഇരുന്നു കണ്ടു സിനിമ തീർന്നൂ.ലോജിക്  ഒന്നും ആലോചിക്കാതെ,വെറുതെ ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ.

  സിനിമയിലെ ട്വിസ്റ്റോ,പ്ലോട്ടോ,ലോജിക്കില്ലായ്മയോ ഒന്നും വിഷയം ആയി തോന്നിയില്ല.Funky songs,bgm,പിന്നെ ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള pleasant മൂഡ് ഒക്കെ ഒരു ഘടകം ആയിരുന്നിരിക്കാം മോശം അഭിപ്രായം ഉണ്ടാകാത്തതിനു കാരണം.തിയറ്റർ കാഴ്ച ഒന്നും എന്തായാലും സിനിമ അർഹിക്കുന്നില്ല.പഴ തൊലിയിൽ തെന്നി വീഴുന്ന തരത്തിൽ ഉള്ള കോമഡികൾ,നല്ല ഡാൻസർ ആയ നീരജിന് മനസ്സു തുറന്നു ഡാൻസ് ചെയ്യാൻ കിട്ടിയ അവസരം.അജു,ബിജു,ദീപ്തി,മേജർ ഒക്കെ അതിന്റെ ഭാഗം ആയെന്നു മാത്രം.

  ബാലരമയിലെ കുറ്റാന്വേഷണ കഥ പോലെ ഒക്കെ ആയിരുന്നു കഥ.ബ്രില്യൻസ് ഇല്ല,വലിയ അന്താരാഷ്ട്ര പ്രശ്നം ഉണ്ടാക്കുന്ന കഥ ഇല്ല,പാട്ടില്ല.ബി ജി എം ഒക്കെ പലപ്പോഴും നേരത്തെ കേട്ടത് പോലെയും തോന്നി.പക്ഷെ പറഞ്ഞു വരുമ്പോൾ എന്താ..കൾട്ടും അല്ല,മികച്ച ചിത്രവും അല്ലാത്ത ഒരു കൊച്ചു സിനിമ ആണ് ‘ലവകുശ.’

898.ACHAYANS(MALYALAM,2017)

898.Achayans(Malayalam,2017)

കണ്ണൻ താമരക്കുളം എന്ന സംവിധായകൻ സംവിധാനം പഠിച്ചു പഠിച്ചു ബെറ്റർ ആയി വരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രമാണ് അച്ചയാൻസ്… പേര് പറയാൻ പോലും കൊള്ളാത്ത ആദ്യ പടത്തിൽ നിന്നും ആടുപുലിയാട്ടം എന്ന സിനിമയിലേക്ക് എത്തിയ ‘അഗ്രികൾച്ചർ സ്റ്റാർ’-താമരക്കുളം കൂട്ടുക്കെട്ടിന്റെ സിനിമ ആദ്യം കണ്ടപ്പോ വധം ആയി തോന്നിയെങ്കിലും ആകസ്മികമായി 2 പ്രാവശ്യം കല്യാണ വണ്ടിയിൽ ഇതിന്റെ ഡി വി ഡി കാണേണ്ട അവസ്ഥ വന്നപ്പോൾ കുറേക്കൂടി ഇഷ്ടമായി…ഇനിയും കണ്ടാൽ ഒരു പക്ഷെ കട്ട ഫാൻ ആയി പോകുമോ എന്നു കരുതി കണ്ടില്ല…(ആടിന്റെ കാര്യത്തിൽ ഇതു സംഭവിച്ചതാണ്)

   അച്ചയാൻസ് ഒരു പടി കൂടി കടന്നു ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി…ക്ളൈമാക്‌സ് ആകാറാകുമ്പോ ഇരുന്നു ഉറങ്ങി പോകുന്നത് കൊണ്ടും എവിടെ വരെ കണ്ടൂ എന്നു ഓർമ ഇല്ലാത്തതു കൊണ്ടും ഹോട്ടലിൽ എല്ലാവരും എത്തുന്നത് കഴിഞ്ഞുള്ള ഭാഗങ്ങൾ ഒരു 4 ദിവസം എങ്കിലും കണ്ടു കാണും…

  ക്ളൈമാക്‌സ് ഇത്രയ്ക്കും അവസാനം വരെ നീട്ടി പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയത് അഭിനന്ദനാര്ഹം ആണ്…കണ്ണേട്ടനിൽ ഉള്ള സ്പാർക്ക് ആളി കത്തിയിട്ടുണ്ട്..മലയാളത്തിലെ സദാചാര വാദികളെ നൈസ് ആയി വെല്ലുവിളിച്ചു ഒരു ലെബനീസ് ചിത്രം എടുക്കുകയും ജയറാം സാറിനു പോലും അതു മനസ്സിലാകാതെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ആണ് വിശ്വാസം..

 ലംബോധര ശങ്കര പാടി വരുന്ന പ്രകാശ് രാജ് കേസ് അന്വേഷണത്തിൽ ഉപയോഗിച്ച നൂതനമായ റിസോർട്ട് ട്രിക്ക്,മാണിപ്പുലേഷൻ ഓഫ് പ്രതി തുടങ്ങിയ ബുദ്ധിപൂർവമായ നീക്കങ്ങൾക്ക് ശേഷം one-side ലവിനെ possessiveness  ആയി മൃദുലപ്പെടുത്തി പ്രേക്ഷകന് ചിന്തിക്കാൻ ഉള്ള ഇടം കൊടുക്കാത്തത് സേതു ബ്രില്യൻസ് കൂടി ആകാം…

  എന്തായാലും ഈ അടുത്തു വന്ന സംവിധായകരിൽ ഏറ്റവും അധികം വളർച്ച ഉണ്ടായ സംവിധായകൻ കണ്ണൻ താമരക്കുളം തന്നെയാണെന്ന് എവിടെയും പറയാൻ മടിയില്ല..എല്ലാവരും ആദ്യത്തെ രണ്ടു മൂന്നു സിനിമകളിൽ കഴിവ് തെളിയിച്ച കഴിഞ്ഞു ബോർ ആകുമ്പോൾ കണ്ണൻ താമരക്കുളം അത്ഭുതം ആണ് ഓരോ സിനിമ കഴിയുമ്പോഴും.. 6 അല്ലെങ്കിൽ 7 മത്തെ സിനിമയിൽ ജയറമേട്ടനും ഒരു 50 കോടി സിനിമ കൊണ്ടു വരാൻ സാധിക്കും എന്ന് തന്നെയാണ് വിശ്വാസം…അൽപ്പം കാത്തിരുന്നാൽ മലയാളത്തിലെ എണ്ണം പറഞ്ഞ കൂട്ടുക്കെട്ട് ആയി മാറുമെന്ന് മനസ്സു പറയുന്നു…

897.VELIPADINTE PUSTHAKAM(MALYALAM,2017)

897.Velipadinte Pusthakam(Malayalam,2017)

ലാൽ ജോസ് ഒരു തലമുറയോട് ചെയ്ത ഏറ്റവും വലിയ പാതകം ആണ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം.യാഥാർഥ്യത്തോട് ഒരിക്കലും ഒത്തു ചേരാത്ത ചിത്രം.റീയൂണിയൻ ദിവസം കൊലപാതകം ഒക്കെ തട്ടിക്കൂട്ടിയ ചിത്രം അന്നത്തെ പ്രേക്ഷകരുടെ ആസ്വാദന ശേഷിയുടെ നിലവാരമില്ലായ്‌മ കാരണം വലിയ ഹിറ്റ് ആയി മാറി.എന്നാൽ ഏകദേശം 11 വർഷങ്ങൾക്കു ശേഷം അതിനുള്ള പ്രായശ്ചിത്തം ആയി വന്ന ക്യാംപസ് ചിത്രമാണ് വെളിച്ചപ്പാടിന്റെ പുസ്തകം.

 ഒരേ മുഖം,ഒരു മെക്സിക്കൻ അപാരത,ആനന്ദം തുടങ്ങി ധാരാളം ക്യാംപസ് ചിത്രങ്ങൾ അരങ്ങു വാഴ്ന്നു വന്ന മലയാളത്തിൽ വേറിട്ടു നിൽക്കുന്ന ഈ ചിത്രം.സ്ഥിരമായി മോഹൻലാലിനെ അനുകരിക്കുന്ന അനൂപ് മേനോനിൽ നിന്നും അനൂപ് മേനോൻ വലിയ രീതിയിൽ വളർന്നിരിക്കുന്നു.പലയിടത്തും വിശ്വനാകാൻ ഇടിക്കുള കഷ്ടപ്പെടുകയും ഉണ്ടായി.വിശ്വൻ സ്വഭാവികഥയോടെ മേനോന്റെ കയ്യിൽ ഭദ്രം ആയിരുന്നു

  ജിമിക്കി കമ്മൽ എന്ന പാട്ട് പലതരം അർത്ഥ  വിചിന്താനങ്ങൾക്ക് പിന്നീട് ഇരയായി തീർന്നെങ്കിലും ലക്ഷണമൊത്ത കേരള ക്യാംപസ് എന്ന ധാരണയോട് 200 ശതമാനം നീതി പാലിച്ചൂ.ലാലിന്റെ മൈക്കൽ ഇടിക്കുള പലപ്പോഴും ദേവദൂതനിലെ കഥാപാത്രത്തെ ഓര്മിപ്പിച്ചൂ.ക്ലൈമാക്സിൽ തല്ലിന് ശേഷം ഇരുന്ന മൈക്കിൾ പലപ്പോഴും കിരീടത്തിലെ സേതു മാധവനെയും ഓര്മിപ്പിച്ചൂ.

  മലയാളികളെ പലപ്പോഴും നോസ്റ്റാള്ജിയയിലേക്കു തള്ളി വിട്ട് ലാൽ ജോസ് മാജിക് തന്നെ ഉണ്ടായി.സലീം കുമാറിന്റെ തമാശകൾ അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ രസിപ്പിച്ചൂ.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി എല്ലാവരെയും മുഷിപ്പിക്കുമായിരുന്ന ചിത്രം കേരളത്തിലെ ബുജികൾക്കു വേണ്ടി അല്ലാതെ സാധാരണക്കാർക്ക് വേണ്ടി മാത്രം എടുത്തതാണ് എന്നു നിസംശയം വാദിക്കാം.

  ക്രിസ്ത്യൻ സഹോദരന്മാർക്ക് വേണ്ടി ക്രിസ്ത്യാനിയോട് തന്നെ പോരാടിയ ഹിന്ദു സഹോദരൻ ആയ വിശ്വത്തിലൂടെ ഫാസിസ്റ്റ് സർക്കാരിന് ഉള്ള തിരിച്ചടി കൂടി നൽകുന്നുണ്ട്.ലിച്ചി ടീച്ചർ ആയി വന്നപ്പോൾ അടുത്ത ലേഡി സൂപ്പർ സ്റ്റാർ ആണെന്നുള്ള ചോദ്യത്തിനും ഉത്തരം കിട്ടി.സിനിമയ്ക്കുള്ളിലെ പ്രൊഡ്യൂസർ ആയി വന്ന വിജയ് ബാബു അഭിനേതാക്കളെ ഒക്കെ തിരഞ്ഞെടുക്കുന്ന രീതി ത്രസിപ്പിച്ചു

  സൈക്കോളജിക്കൽ/മിസ്റ്ററി/crime ചിത്രങ്ങളുടെ ആരാധകർക്കു ആശ്വാസം ആണീ സിനിമ.ഒരു സിനിമയിൽ പ്രധാനപ്പെട്ട സംഘട്ടന രംഗത്തു വെള്ളം തീർന്നു മഴ നിൽക്കുന്നതും,പിന്നീട് ട്വിസ്റ്റ് വെളിപ്പെടുമ്പോൾ മഴ പെയത്ത്‌ നടത്തിയതും സ്വാഭാവികതയുടെ ഉദാഹരങ്ങൾ ആണ്.

896.NJANDUKALUDE NAATTIL ORU IDAVELA(MALAYALAM,2017)

896.Njandukalude Naattil Oru Idavela(Malayalam,2017)

കാണാൻ വലിയ ആഗ്രഹം ഇല്ലാതെ കണ്ടു തുടങ്ങിയ സിനിമ ആയിരുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’.സെന്റി അടിപ്പിച്ചൂ കൊല്ലും എന്നൊരു പേടി ചിത്രം അഡ്രസ് ചെയ്യുന്ന അസുഖം കാരണം ഉണ്ടായിരുന്നു.

 പക്ഷെ നല്ല പോസിറ്റിവ് ആയി ആ വിഷയം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.കാൻസർ എന്ന അസുഖത്തിന്റെ ഭീകരത അപ്പന്റെ പെങ്ങളും മൂത്ത മകനും മരിച്ച സമയം മനസ്സിലാക്കിയിട്ടുണ്ട്.അസുഖം ആണെന്നറിഞ്ഞു അൽപ്പ ദിവസത്തിനുള്ളിൽ മരണത്തിനു കീഴ്പ്പെടുക.മനസ്സിൽ യുവരാജ് സിംഗും,മംമ്തയും,ഇന്നസെന്റും പോലെ ഉള്ളവർ മുന്നിൽ പ്രത്യാശ ആയി നിൽക്കുമ്പോൾ ജിഷ്ണു ഒരു വേദന ആയും മാറി.

 പക്ഷെ പുത്തൻ ജീവിത രീതികൾ തുടങ്ങേണ്ട രീതിയിൽ കാനഡ എന്ന രാജ്യത്തു എത്തിയപ്പോൾ ആണ് ഈ അവസ്ഥ വന്നവർ ഓക്കെ അതിനെ എങ്ങനെ നേരിടുന്നു എന്നു കണ്ടത്.OMKV എന്നു ഞണ്ടിനു നേരെ ബോർഡ് എഴുതി വച്ചു സാധാരണ ഒരു പനി വല്ലതും വന്നത് പോലെ ജോലിയിൽ നിന്നും മാറി ഭേദമായി വരുന്ന സഹ പ്രവർത്തക യിവാൻ,ശരിക്കും അത്ഭുതപ്പെടുത്തി.എത്ര നിസാരം ആയാണ് അവർ ആ അവസ്ഥയെ കാണുന്നത് എന്നുള്ളത് ഒരു കൗതുകം ആയിരുന്നു.

 ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ യിവാനെ പോലെ ഉള്ള ഇവിടത്തെ ധാരാളം ആളുകളുടെ അത്ര പോസിറ്റിവ് അല്ലായിരുന്നു.കാരണം കുടുംബ ബന്ധുക്കളിൽ ആകുലത ഉള്ളവർ കൂടുതൽ ആയിരുന്നു.നിവിൻ പോളിയ്ക്ക് ചിത്രത്തിന്റ കൊമേർഷ്യൽ മുഖം ആയി മാറുക അല്ലാതെ പ്രത്യേകിച്ചു റോൾ ഒന്നും ഇല്ലായിരുന്നു.കയ്യടക്കത്തോടെ ,ഒന്നു പിഴച്ചാൽ കൈ വിട്ടു പോകുമായിരുന്ന കഥാപാത്രങ്ങളെ,നുറുങ്ങു തമാശകളിലൂടെ ഓക്കെ പോസിറ്റിവ് ഊർജം നൽകുന്ന ചിത്രം ആയി മാറ്റിയതിനു അല്താഫിന് ആണ്‌ ഫുൾ ക്രെഡിറ്റ്.  .

 ചിത്രത്തെ ഒതുക്കത്തോടെ അവതരിപ്പിച്ചതിലൂടെ ശാന്തി കൃഷ്ണ അവതരിപ്പിച്ച മുഖ്യ കഥാപാത്രം പോലും അധികം സ്ട്രെയിൻ എടുക്കേണ്ടി വന്നില്ല എന്നു തോന്നുന്നു.തിയറ്റർ വിജയ പരാജയങ്ങളിൽ ഒന്നും നോക്കാതെ വളരെയധികം ഒരു പ്രേക്ഷകന് എന്ന നിലയിൽ ചിത്രം അവസാനം സന്തോഷം ആണ് നൽകിയത്.

895.RANGASTHALAM(TELUGU,2018)

895.Rangasthalam(Telugu,2018)

Rakesh Manoharan:
രംഗസ്ഥലം

സിനിമ ഇറങ്ങിയ അന്ന് മുതൽ കേട്ട ‘തള്ളൽ’ ആയിരുന്നു രസം ചരൻ തേജിന് അഭിനയിക്കാൻ അറിയാം എന്നു.മഗധീര ഒഴികെ ഉള്ള സിനിമകൾ എല്ലാം തന്നെ അഭിനയ കുലപതി ആണെന്ന് ഉള്ള ഒരു ഫിലും ഉണ്ടാക്കി..

എന്നാൽ ഇന്ന് സിനിമ കണ്ടപ്പോൾ..ശരിക്കും ഞെട്ടി പോയി..മൂന്നു മണിക്കൂറോളം ഉള്ള ഒരു തെലുങ്കു സിനിമ..അതും RCT നായകൻ…കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്…ജോസഫ്സ്..കുട്ടിക്ക് അഭിനയിക്കാൻ അറിയാം എന്നായിരുന്നു..കഥ ഒക്കെ സ്ഥിരം ആയിരുന്നെങ്കിലും അതു ആസ്വാദ്യകരമായി എടുക്കാൻ സുകുമാറിനു കഴിഞ്ഞു..അതിന്റെ ഒപ്പം ചീത്ത പേരെല്ലാം മാറ്റി ഉള്ളിൽ കിടക്കുന്ന അഭിനയം എല്ലാം പുറത്തും കൊണ്ടു വന്നോടി..ചിട്ടി ബാബു എന്ന കഥാപാത്രം RCT യുടെ കരിയർ ബ്രെക്കിങ് തന്നെ ആണ്..അയാൾ ചില സീൻ ഒക്കെ ഗംഭീരം ആക്കി..പ്രത്യേകിച്ചും ആ ക്ളൈമാക്‌സ്…ഇത്രയും ചീത്ത പേര് കേട്ട ഒരു നടനിൽ നിന്നും പ്രതീക്ഷിച്ചും ഇല്ല..

  ഇടയ്ക്കു സംഘട്ടനങ്ങളിൽ ഒക്കെ വളരെ കുറച്ചു കത്തി സീനുകൾ ഉണ്ടായിരുന്നത് ഒഴിച്ചു തെലുങ്കു സിനിമകളുടെ മാസ് വശം ഒന്നും ഇല്ലാത്ത സിനിമ.എങ്കിലും എന്തൊക്കെയോ നല്ല ഘടകങ്ങൾ ഉണ്ട് മൊത്തത്തിൽ..ആദി ഒക്കെ നന്നായിരുന്നു..പാട്ടുകളും അതേ…സിനിമ കാണാത്തവർ കുറവായിരിക്കും..പ്രത്യേകിച്ചു കഥ ഒന്നും പറയാൻ ഇല്ലെങ്കിലും ഇടയ്ക്കു ഒരു കമ്മട്ടിപ്പാടം ഒക്കെ ആയി സിനിമ മാറുന്നുണ്ട്..
കാണാത്തവർ കാണുക….!!

894.AADHI(MALAYALAM,2018)

894.Aadhi(Malayalam,2018)
       Action,Thriller

പ്രണവ് ശരിക്കും അധ്വാനിച്ചു സിനിമയിൽ.ഇടയ്ക്കിടെ ശബ്ദത്തിലും ചില ഭാവങ്ങളിലും എല്ലാം ലാലേട്ടൻ തന്നെ ആയിരുന്നു.ശബ്ദത്തിൽ ലാലേട്ടന്റെ ഒരു ‘ഹെവി ബാസ് വേർഷൻ’.

ജീത്തു ജോസഫ്,ഓരോ സിനിമയിലും പ്രതീക്ഷകളിൽ നിന്നും ഏറെ താഴെ പോകുന്നതായി തോന്നി.പ്രണവ് ഫാക്റ്റർ ഇല്ലായിരുന്നുവെങ്കിൽ ചിത്രത്തിന്റെ അവസ്ഥ തന്നെ മോശം ആകുമായിരുന്നു.നല്ല ഇഴച്ചിൽ തോന്നി ഇടയ്ക്കു.അതു കഥ demand ചെയ്യുന്ന ഒന്നായി തോന്നിയില്ല .അതു കൊണ്ടാണ് ലാഗ് പരാമർശിച്ചത്.

  മോശം സിനിമ ഒന്നുമല്ല.പക്ഷെ താര പുത്രന് കിട്ടാവുന്ന വലിയ ലോഞ്ച് എന്നു കരുതി കണ്ട സിനിമയിൽ അങ്ങനെ ഒന്നും തോന്നിയില്ല,അതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും.മൊത്തത്തിൽ എന്തൊക്കെയോ കുറവുകൾ..പക്ഷെ  വീണ്ടും അഭിനയിച്ചാൽ വലിയ താരമായി മാറാൻ കാലിബർ ഉള്ള നടൻ ആണ് പ്രണവ്.ആളുടെ സ്റ്റണ്ട് സീനുകൾ ഒക്കെ മലയാള സിനിമയിലെ പുത്തൻ അനുഭവം ആയിരുന്നു.പ്രണവ് എന്ന നടൻ അല്ലാതെ മറ്റൊരു പ്രത്യേകതയോ മികച്ചതോ ഒന്നും ആയി തോന്നിയില്ല സിനിമ.ചുമ്മാ കണ്ടു കൊണ്ടിരിക്കാം.കണ്ടില്ലെങ്കിൽ നഷ്ടം ആകുന്നതു ആ സ്റ്റണ്ട് സീനുകൾ മാത്രവും!!

Parkour സീനുകളിൽ പ്രണവ് ശരിക്കും തിളങ്ങി.ഒരു പക്ഷെ യുവ താരങ്ങളിൽ ആക്ഷൻ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ പോകുന്നത് പ്രണവ് ആയിരിക്കും.കാത്തിരിക്കുന്നു അടുത്ത പ്രണവ് ചിത്രങ്ങൾക്കായി!!

893.MOTHER(KOREAN,2009)

893.Mother(Korean,2009)
       Mystery,Drama

“വിചിത്രമായ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ അവളുടെ മൃതദേഹം വച്ച രീതി ആണ്.സാധാരണ ഗതിയിൽ മൃതദേഹം കുഴിച്ചു മൂടാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ആ രീതിയിൽ മൃതദേഹം അവിടെ അങ്ങനെ പ്രദർശിപ്പിച്ചത്?കൊലയാളിക്ക് അവളോട് അത്ര മാത്രം ദേഷ്യം ഉണ്ടായിരുന്നിരിക്കാം.അവളുടെ ശരീരം അവിടെ വച്ചാൽ ആ ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും കാണാൻ സാധിക്കും”.ജിൻ -ടേ ,ഹ്യേ-ജായോട് ഇതു പറയുമ്പോൾ ചെയ്യാത്ത കുറ്റത്തിന് ബലിയാട് ആയി മാറിയ മകനെ കുറിച്ചു ആയിരുന്നു അവരുടെ വിഷമം.

   മാനസിക വളർച്ച ഇല്ലാത്ത 28 കാരൻ മകൻ മദ്യപിച്ചു വന്ന ദിവസം ,മരണപ്പെട്ട പെണ്ക്കുട്ടിയെ പിന്തുടർന്നൂ എന്ന സാക്ഷി മൊഴി,മറ്റു അന്വേഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പോലീസ് അവനെ പ്രതിയാക്കി.ഓര്മക്കുറവ് കൂടി ആയപ്പോൾ ഡോ-ജുൻ ആണ് പ്രതി എന്നുള്ള രീതിയിൽ തന്നെ സംഭവങ്ങൾ മുന്നോട്ടു പോയി.എന്നാൽ അവന്റെ അമ്മ ഹ്യേ-ജയ് തോൽക്കാൻ തയ്യാറല്ലായിരുന്നു.ദരിദ്ര ആയിരുന്നെങ്കിലും തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു സ്വന്തം മകനെ രക്ഷിക്കാൻ അവർ ശ്രമം തുടരുന്നു.ഏറ്റവും വില കൂടിയ വക്കീൽ,കാശ് കൊടുത്തു കൂടെ നിർത്തിയ ഡോ-ജുന്നിന്റെ അൽപ സ്വൽപ്പം ഫ്രോഡ് ആയ സുഹൃത്തു തുടങ്ങിയവരെ എല്ലാം അവരുടെ കഴിവിന് അനുസരിച്ചു മകന്റെ നിരപരാധിത്വം തെളിയിക്കാൻ ആയി അവർ ഉപയോഗിച്ചു.എന്നാൽ പലപ്പോഴും അവർ ഇടറി പോയി.അവരുടെ അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം.അവർ ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുമോ?അവരുടെ ചിന്തകളോട് ചേർന്നു നിൽക്കുന്ന ഒന്നാകുമോ അതു?ആ രഹസ്യം കണ്ടെത്താനായി ചിത്രം കാണുക.


2010 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ദക്ഷിണ കൊറിയയുടെ ഓസ്കാർ നാമനിർദേശം ആയിരുന്നു “Mother” എന്ന ഈ ചിത്രം.ബോംഗ്-ജൂൻ- ഹോ സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്കം തന്നെ പ്രധാന കഥാപാത്രമായി കിം-ഹ്യേ ജയയെ കണ്ടു കൊണ്ടാണ് തിരക്കഥ പോലും പൂർത്തിയാക്കിയത് .കൊറിയൻ ഗ്രാമ പശ്ചാത്തലത്തിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ഒരമ്മയും മകനും തമ്മിൽ ഉള്ള ബന്ധം പലപ്പോഴും വിചിത്രം ആയിരുന്നു.അവരുടെ ലോകം തന്നെ മകനെ ചുറ്റിപ്പറ്റി ആയിരുന്നു.അവർക്ക് അവനെ നഷ്ടം ആകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും കഴിയുന്നില്ല.മനോഹരമായി തന്നെ കിം ആ കഥാപാത്രത്തെ അവതരിപ്പിച്ചു.

   ഒരു സാധാരണ മിസ്റ്ററി ചിത്രം ആയി തുടക്കം തോന്നുമെങ്കിലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കഥയിൽ ഉണ്ട്.അവിടെ സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നു.കുറച്ചു സമയം മാത്രമേ പിന്നെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ ഉള്ളായിരുന്നു എങ്കിലും ജീവിതം ബാക്കി വച്ചതിലൂടെ യാത്ര തുടരുമ്പോൾ പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ ആരും തയ്യാറാകില്ല..ചിത്രം കാണുക!!ഇഷ്ടമാകും..

892.OCTOBER(HINDI,2018)

892.October(Hindi,2018)
       Romance,Drama

“October-അസാധാരണമായ ഒരു  പ്രണയ കഥ”

   മുകളിൽ പറഞ്ഞിരിക്കുന്നത് തന്നെ ശരി ആണോ എന്നൊരു സംശയമുണ്ട്. പ്രണയ കഥ പ്രമേയമായി വരുന്ന സിനിമ കണ്ടു ആദ്യമായി ആണ് ഇത്രയും കുഴങ്ങുന്നത്!!സിനിമയുടെ ഴോൻറെ കൊടുത്തിരിക്കുന്നത് Romance/Drama എന്നും ആണ്.പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴും തീരുമ്പോഴും ഒരു ഫാന്റസി ചിത്രം പോലെ ആണ് തോന്നിയത്.അല്ലെങ്കിൽ practical sense ൽ നോക്കിയാൽ ഡാൻ എന്ന കഥാപാത്രത്തിന്റെ ഭ്രാന്തു.വളരെ മികച്ച ചിത്രമായി ഭൂരിഭാഗവും ആളുകൾ വിലയിരുത്തിയ ചിത്രമാണ്.ഇങ്ങനെ ഒക്കെ തോന്നാൻ ഉള്ള കാരണം പറയാം.

  പ്രായോഗിക തലത്തിൽ സിനിമയെ സമീപിച്ചാൽ, 21 വയസ്സുള്ള ഡാൻ.അവൻ ഒരു ഹോട്ടലിൽ കോഴ്‌സ് കഴിഞ്ഞുള്ള ഇന്റർൻഷിപ്പിൽ ആണ്.സ്വതവേ ‘വെട്ടൊന്നു മുറി രണ്ടു’ എന്ന നിലപാടുള്ള യുവാവിന്റെ സ്വഭാവം ഹോട്ടൽ മേഘലയിൽ യത്ഗ്ര സ്വീകാര്യം ആയ ഒന്നല്ലായിരുന്നു.ഇന്റർൻഷിപ് പൂർത്തിയാക്കിയില്ലെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നും 3L രൂപ ഫൈൻ ആയി അടയ്ക്കണം എന്നും നിബന്ധന ഉണ്ടായിരുന്നു.ഒരു പുതു വർഷ രാത്രിയിൽ ആയിരുന്നു ആ ഹോട്ടലിൽ അപകടം ഉണ്ടായത്.ശ്യൂലി എന്ന മറ്റൊരു ഇന്റർണ് മൂന്നാം നിലയിൽ നിന്നും താഴെ വീഴുന്നു.മരണത്തിനെ നേരിൽ കണ്ട അവൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആയി.സഹപാഠിയ്ക്ക് നേരിട്ട ഒരു ദുരന്തം എന്നതിൽ നിന്നും അവൾ വീഴ്ചയ്ക്ക് മുൻപ് അവസാനമായി ചോദിച്ച ചോദ്യം “Where is Dan?” എന്നത് അവനെ സംബന്ധിച്ചു എന്തോ ഒന്നായി മാറി.ആകെ മൊത്തം കണ്ടു പരിചയം മാത്രം ഉള്ളവരിൽ എന്തു ബന്ധം ഉടലെടുക്കാൻ ആണ്?

  രണ്ടു കാരണങ്ങൾ ആകും ഉണ്ടാവുക.ഒന്നു ഡാൻ അവളെ നിശബ്ദമായി പ്രണയിച്ചിരുന്നു.അല്ലെങ്കിൽ ഡാനിന്റെ സ്വഭാവം അനുസരിച്ചു ആ ചോദ്യത്തിനു അവളുടെ അവസാനത്തെ സംഭാഷണം എന്ന പ്രാമുഖ്യം നൽകി കൊണ്ടുള്ള കരുതൽ ആയി മാറി കാണണം.എങ്ങനെ ആയാലും purely ഡാനിന്റെ മനസ്സിന്റെ ചിന്തയ്ക്കാണ് ഇവിടെ പ്രാമുഖ്യം എന്നു തോന്നുന്നു.’ഒക്ടോബർ’ എന്തു കൊണ്ട് നല്ല ഒരു ചിത്രം ആകുന്നു എന്ന ചോദ്യത്തിന് ഉത്തരം എന്നാൽ ഈ വിശകലനത്തിൽ നിന്നും ലഭിക്കും എന്നു തോന്നുന്നില്ല.

  പതിയെ ഉള്ള ‘ഒക്ടോബർ’ തീം മ്യൂസിക് ആകാം,വരുണ് ധവാൻ ചെയ്ത മികച്ച കഥാപാത്രത്തിലൂടെ ആകാം.കണ്ണിലൂടെ സംസാരിക്കാൻ ശ്രമിച്ച ശ്യൂലി ആകാം,മികച്ച അഭിനയം കാഴ്ച വച്ച ‘അമ്മ കഥാപാറ്റഗ്രാം ആകാം.ഇതെല്ലാം കൂടി നന്നായി വന്ന ആ കഥയാകാം.വല്ലാത്ത ഒരു ഫീൽ ആയിരുന്നു ചിത്രം..ഇന്നത്തെ ലോകത്തിൽ ഒരു ഭാരമായി മനുഷ്യൻ മാറുമ്പോൾ ഉള്ള ചിന്താഗതികൾ രണ്ടു ഭാഗത്തു നിന്നും അവതരിപ്പിക്കുമ്പോഴും,അതിൽ നിന്നും ശ്യൂലിയ്ക്കു ലഭിക്കുന്ന പ്രോത്സാഹനം,ഡാനിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ.ഈ ഒരു സംഭവം ഡാൻ എന്ന വ്യക്തിയെ തന്നെ അടിമുടി മാറ്റുന്നു.അവസാന രംഗത്തിൽ അവൻ ആ മുല്ലപ്പൂ ചെടിയും ആയി പോകുമ്പോൾ അവൻ കൂടെ കൂട്ടുന്നത് എന്തിനെ ആണ്??ആ ചോദ്യത്തിനുള്ള ഉത്തരം ആകും സിനിമയുടെ കാതൽ.

  വളരെ മികച്ച ഒരു പ്രത്യേകതരം ചിത്രം ആയി തോന്നി ‘ഒക്റ്റോബർ’ ഞാൻ എന്ന പ്രേക്ഷകന്.പലർക്കും പല രീതിയിൽ ആകാം തോന്നിയിട്ടുണ്ടാവുക.എന്നാൽ കുറച്ചു നല്ല ഓർമ്മകൾ നൽകി ഈ ചിത്രം.

Design a site like this with WordPress.com
Get started