855.FUNNY GAMES(GERMAN,1997)

 

അപരിചതരുടെ മരണ കളി-Funny Games

   വീട്ടില്‍ അപ്രതീക്ഷിതമായി എത്തി ചേര്‍ന്ന അതിഥികള്‍ക്ക് വേണ്ടി ഏതാനും മുട്ടകള്‍ വാങ്ങിക്കുവാന്‍ ആണ് അവന്‍ അവിടെ എത്തിയത്.എന്നാല്‍ ഓരോ നിമിഷവും അവന്‍ അന്നയെ മാനസികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയിരുന്നു.അല്‍പ്പ നേരത്തിനു ശേഷം അവന്‍റെ തന്ത്രശാലിയായ സുഹൃത്തും കൂടി വന്നപ്പോള്‍ ആണ് അന്നയും കുടുംബവും തങ്ങള്‍ അകപ്പെട്ട യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നത്.പരിചയമില്ലാത്ത ഒരാള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാത്രം അപകടകരമായ കാര്യങ്ങള്‍ ചെയ്യാം?ഒരു പക്ഷെ സ്വന്തം ജീവന് പോലും ആപത്താകുന്ന രീതിയില്‍,ഒരു ശസ്ത്രക്രിയ നടത്തുന്ന അതെ ശ്രദ്ധയോടെ മനസ്സിനെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍?

   അവധിക്കാലം ചിലവഴിക്കാന്‍ മകനോടൊപ്പം തങ്ങളുടെ അവധിക്കാല വസതിയില്‍ എത്തിയ ജിയോര്ജ്-അന്ന ദമ്പതികള്‍ അന്നത്തെ ദിവസം അസധരനമായോന്നും പ്രതീക്ഷിച്ചിരുന്നില്ല.പിന്നീട് എത്തി ചേരുന്ന സുഹൃത്തുക്കളോടൊപ്പം,അവരുടെ കുടുംബത്തോടൊപ്പം അല്‍പ്പം നേരം ചിലവഴിക്കാം എന്നതായിരുന്നു.എന്നാല്‍ ആ രണ്ടു യുവാക്കള്‍,വെളുത്ത വസ്ത്രം അണിഞ്ഞു വന്ന അവര്‍ മാനസികമായ ആധിപത്യം അവരുടെ മേല്‍ നേടിയതിനു ശേഷം ചെയ്തതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.

  സമാനമായ രീതിയില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മൈക്കല്‍ ഹനെക്കെയുടെ ഈ ജര്‍മന്‍ ചിത്രം അവതരണ രീതിയില്‍ പുലര്‍ത്തിയിരിക്കുന്ന അതീവ ശ്രദ്ധ കാരണം തന്നെ പ്രേക്ഷകനെ മറ്റൊന്നിലേക്കും അടുപ്പിക്കാതെ പ്രമേയത്തിന്റെ ഭീകരമായ തീവ്രത മാത്രമാണ് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇത്തരം ചിത്രങ്ങളില്‍ ഉള്ള nudity,അമിതമായി അവതരിപ്പിക്കുന്ന  slasher രംഗങ്ങള്‍  പോലുള്ള ചേരുവകകള്‍ സ്ക്രീനില്‍ അവതരിപ്പിക്കുക വഴി ഉണ്ടാകുന്ന impactല്‍ നിന്നും വ്യത്യസ്തമാണ്.ഉദാഹരണത്തിന് അന്നയോട്‌ അവര്‍ ഡ്രസ് മാറാന്‍ പറയുന്ന രംഗം.തീര്‍ച്ചയായും ഇത്തരം ഒരു സീനില്‍ നായികയുടെ ശരീരത്തിലേക്ക് തിരിയും ക്യാമറ.എന്നാല്‍ ആ രംഗത്തിന് സിനിമയുടെ ഇതൊരു രംഗതിനോടോപ്പവും ഉള്ള പ്രാധാന്യം മാത്രം നല്‍കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.മറ്റൊന്നാണ് അവര്‍ നടത്തുന്ന അപകടകരമായ പ്രവൃത്തികള്‍.ഭിത്തിയില്‍ ചിതറിയ രക്തം,പശ്ചാത്തലത്തില്‍ ഉള്ള സംഭാഷങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ആണ് പ്രേക്ഷകനുമായി സംവേദിക്കുന്നതു അഥവാ അവതരിപ്പിക്കപ്പെടുന്നത്.

   അര്‍ത്ഥവത്തായ ഒരു മന്ദഹാസം മതി ചിത്രത്തിന്റെ അവസാനം പ്രേക്ഷകനില്‍ ഭീതിയുടെ ആഴം കൂട്ടാന്‍.ചിത്രം കാണുമ്പോള്‍ ശ്രദ്ധിക്കുക,എത്ര ഭീകരം ആണ് ഇത്തരം ചിരികള്‍ എന്നത്.പ്രത്യക്ഷത്തില്‍ കാണുന്നത് ഒന്നുമല്ല യാതാര്‍ത്ഥ്യം.ഇടയ്ക്ക് ചിത്രത്തിന്റെ ഗതി വേറൊരു രീതിയില്‍ മാറ്റിയതിനു ശേഷം അത് മറ്റൊരു രീതിയില്‍ അവതരിപ്പിക്കുക ,പലപ്പോഴായി അവതരിപ്പിക്കപ്പെട്ട Fourth Wall Breaking സീനുകള്‍ എല്ലാം പ്രേക്ഷകനില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നത് അനുസരിച്ചിരിക്കും ചിത്രത്തോടുള്ള പ്രിയം കൂടുന്നത്.അതില്‍ ‘ഹെനെക്കിയന്‍ മാജിക്’ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു എന്ന് കാണാം.

Finalizando:കഥയുടെ synopsis പരിചിതം ആണെങ്കിലും സമാന പ്രമേയമുള്ള ചിത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര രീതിയില്‍ അവതരിപ്പിച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ആണ് ‘Funny Games’.ചിത്രം പിന്നീട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് സംസാരിച്ചിരുന്നു.ഒരു തരിക്ക് എങ്കിലും മികവു ജര്‍മന്‍ ചിത്രത്തിന് കാണിചിരുന്നതായി തോന്നി.’Cache’യിലെ പോലെ ഉള്ള ഭീകരത കൊണ്ട് വരുന്നതിനോടൊപ്പം സിനിമയുടെ അവസാനം വരെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച നിഗൂഡത,ക്രൂരത എന്നിവയൊക്കെ ആ കുടുംബത്തെ പോലെ തന്നെ പ്രേക്ഷകനെയും ഭയപ്പെടുത്തും.

855.Funny Games
German,1997
Thriller,Crime

MHV Rating:✪✪✪✪½

Director: Michael Haneke
Writer: Michael Haneke
Stars: Susanne Lothar, Ulrich Mühe, Arno Frisch

More movie suggestions @www.movieholicviews.blogspot.ca

854.MUSUDAN(KOREAN,2016)

“അജ്ഞാത കൊലയാളിയെ തേടി ദക്ഷിണ കൊറിയന്‍ സേനയുടെ ദൌത്യം”:Musudan

അജ്ഞാതമായ എന്തോ ഒന്ന് തങ്ങളുടെ പട്ടാളക്കാരെ അപകത്തില്‍പ്പെടുത്തി എന്ന വിവരം വച്ച് മാത്രമാണ് പുതിയ ടീം അവരെ രക്ഷിക്കാന്‍ ആയി തിരിക്കുന്നത്.വെറും 24 മണിക്കൂറില്‍ തീര്‍ക്കേണ്ട ദൌത്യം.എന്നാല്‍ തങ്ങള്‍ നേരിടാന്‍ പോകുന്നത് എന്തിനെ ആയിരുന്നു എന്ന് അവര്‍ക്ക് ഒരു വ്യക്തതയും ഇല്ലായിരുന്നു.അതൊരു പക്ഷെ വടക്കന്‍ കൊറിയയുടെ പട്ടാളക്കാരെ ആകാം.ദക്ഷിണ കൊറിയന്‍ പട്ടാളക്കാരെ അവര്‍ കഴിയാവുന്നത്ര ക്രൂരമായി ആണ് വധിക്കാറും ഉള്ളത്.ക്യാപ്റ്റന്‍ ജോ ജിന്‍ ഹോയുടെ നേതൃത്വത്തില്‍ ഉള്ള അഞ്ചംഗ സംഘം രാവിലെ തന്നെ തങ്ങളുടെ രഹസ്യ ദൌത്യത്തിനായി ഇറങ്ങി.

  ശത്രുവിനെ തിരഞ്ഞു ഇറങ്ങിയ അവര്‍ എന്നാല്‍ അല്‍പ്പ ദൂരം കഴിഞ്ഞപ്പോള്‍ തന്നെ തങ്ങളുടെ കൂട്ടത്തില്‍ മുന്‍പ് ഉണ്ടായിരുന്നവരുടെ വൈകൃതമാക്കപ്പെട്ട ശരീര ഭാഗങ്ങള്‍ ആണ് കാണുന്നത്.അല്‍പ്പം ഭയം അവരുടെ ഉള്ളിലും വന്നു തുടങ്ങി.കാരണം ശത്രു ആരാണെന്ന് ഉള്ള ഒരു വിവരവും ഇല്ല എന്നത് തന്നെ.ഇതേ സമയം മറ്റൊരു കൂട്ടരും എന്തിനെയോ അന്വേഷിച്ചു ദക്ഷിണ-വടക്കന്‍ കൊറിയയുടെ അതിര്‍ത്തിയില്‍ ഉള്ള ആ കാടുകളില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം അറിയാവുന്ന ചിലരും ഉണ്ട്.എന്താണ് ആ രഹസ്യം?ആരാണ് ഇവരുടെ അജ്ഞാത ശത്രു?പ്രേക്ഷകനും ഒരു കൌതുകം തോന്നി തുടങ്ങും.

  “Predator” ന്റെ ആദ്യ ഭാഗം വളരെ അധികം സ്വാധീനിച്ചിട്ടുണ്ടാകാം ‘Musudan’ ന്‍റെ അണിയറ പ്രവര്‍ത്തകരെ.തുടക്കത്തില്‍ ഉള്ള കൊലപാതകങ്ങള്‍ എല്ലാം അജ്ഞാത കൊലയാളിയുടെ PoV യില്‍ ആണ് അവതരിപ്പിക്കുന്നത്‌ പോലും.എന്നാല്‍ പിന്നീട് യഥാര്‍ത്ഥത്തില്‍ കൊലയാളിയെ കാണിക്കുമ്പോള്‍ അത്ര ഒരു impact ഉണ്ടാകുന്നില്ല.സിനിമയുടെ ഭൂരിഭാഗവും ഈ ദൌത്യം മാത്രം അവതരിപ്പിച്ചു പ്രേക്ഷകനെ ഒരു മൂഡില്‍ ആക്കിയ ചിത്രത്തിന് അവിടെ ത്രില്‍ അടിപ്പിക്കാന്‍ അധികം സാധിച്ചില്ല.അത് പോലെ ഇത്തരം ചിത്രങ്ങളിലെ അതീവ സാഹസിക രംഗങ്ങള്‍ ഒക്കെ താരതമ്യേന കുറവും ആയിരുന്നു.അത് പോലെ ചിത്രത്തിന് മൊത്തത്തില്‍ ഒരു പൂര്‍ണത കിട്ടിയതായി തോന്നിയില്ല.ഒരു പക്ഷെ രണ്ടാം ഭാഗം വരും എന്ന പ്രതീക്ഷ നല്‍കുന്ന സ്ഥലത്താണ് ചിത്രം നിര്‍ത്തുന്നത്.

Finalizando:-മികച്ച കൊറിയ ത്രില്ലര്‍ ചിത്രം എന്ന അവകാശ വാദം ഒന്നും ഈ ചിത്രത്തിന് യോജിക്കില്ല,പ്രത്യേകിച്ചും ക്ലൈമാക്സിലേക്ക് പോകുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി.നേരത്തെ പറഞ്ഞ പോലെ മികച്ച ത്രില്ലര്‍ എന്ന ഫീല്‍ നല്കുന്നില്ലെങ്കിലും ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ഒന്നാണ് ‘ Musudan’

854.Musudan
Korean,2016
Thriller,Mystery
MHV Rating:✪✪✪

Director: Goo Mo
Writer: Goo Mo
Stars: Ji-han Do, Lee Ji-ah, Dong-yeong Kim

853.A DAY(KOREAN,2017)

“ടൈം ലൂപ്പില്‍ ബന്ധിക്കപ്പെട്ട മൂന്നു ജീവിതങ്ങളുടെ ആ ഒരു ദിവസം” ‘A Day’

ഡോക്റ്റര്‍ കിം-ജൂന്‍ യംഗ് ഫ്ലൈറ്റില്‍ വച്ച് കണ്ട സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുന്നു.വലിയൊരു ആപത്തിനെ കുറിച്ചുള്ള ദു:സ്വപ്നം മാത്രമായിരുന്നു അത് ആദ്യം അയാള്‍ക്ക്‌.എന്നാല്‍ സ്വപ്നത്തില്‍ ഉള്ള കാഴ്ചകള്‍ പിന്നീട്  അതെ ക്രമത്തില്‍ നടക്കുന്നതായി അയാള്‍ക്ക്‌ മനസ്സിലാക്കുന്നു.കണ്മുന്നില്‍ നേരിടാന്‍ പോകുന്ന ആപത്തു അയാളെ അലട്ടുമ്പോള്‍ ആയിരുന്നു ആ രഹസ്യം അറിയുന്നത്.സമാന രീതിയില്‍ ഉള്ള സ്വപ്നം കണ്ട വേറെയും 2 പേര്‍ ഉണ്ട്.അവരുടെ ജീവിതം എല്ലാം കൂടി ഉച്ചയ്ക്ക് 12 മണിയ്ക്ക് കൂട്ടി മുട്ടുന്നു.അവിടെ നിന്നും വീണ്ടും സംഭവങ്ങള്‍ ആവര്‍ത്തിക്കും.മൂന്നു പേരുടെ ജീവിതവും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സംഭവിക്കാന്‍ പോകുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടും!!

   “ടൈം ലൂപ്” പല രീതിയില്‍ അവതരിപ്പിക്കാന്‍ ആയിരിക്കും പുതിയ സിനിമകളുടെ ശ്രമം.സിനിമാറ്റിക്ക് പ്രമേയം എന്ന രീതിയില്‍ ധാരാളം സാധ്യതകള്‍ ടൈം ലൂപ്പിന് ഉണ്ട്.എന്നാല്‍ അതിലെ ആവര്‍ത്തന വിരസത പ്രേക്ഷകന് വിരസമാകാതെ ഇരിക്കുക എന്നത് വളരെയേറെ ശ്രമകരമാണ്.ആ ഒരു കാര്യത്തില്‍ A Day എന്ന കൊറിയന്‍ ചിത്രം വിജയിച്ചു എന്ന് തന്നെ പറയാം.ആ ഒരു ദിവസത്തെ ഏതാനും മണിക്കൂറുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ കഴിയുന്നത്ര സാദ്ധ്യതകള്‍ ആണ് കഥാപാത്രങ്ങള്‍ തേടുന്നത്.അവര്‍ എങ്ങനെ ആണ് ആ ഒരു സമയം കണ്ടു മുട്ടുന്നത്?ആ കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം എന്താണ്?അതാണ്‌ ചിത്രത്തിന്റെ ബാക്കി ഉള്ള കഥ.

  പ്രേക്ഷകനും  കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാധ്യത ചിത്രം നല്‍കുന്നുണ്ട്.പ്രത്യേകിച്ചും ‘Trial and Error’ രീതിയില്‍ ആ മൊത്തം സംഭവത്തെ അവര്‍ സമീപിക്കുന്നത് ശരിക്കും നല്ല ത്രില്ലിംഗ് ആയിരുന്നു.സാധ്യതകളുടെ ഒരു കടല്‍ ആയിരുന്നു അവരുടെ മുന്നില്‍ ഉണ്ടായിരുന്നത്.അതില്‍ നിന്നും ശരികള്‍ കണ്ടെത്തുക എന്നത് ദുഷ്ക്കരം ആയ സംഭവമായിരുന്നു..ചെറിയ മാറ്റങ്ങള്‍ പോലും ഈ ഒരു സംഭവത്തിന്റെ മൊത്തം സ്വഭാവവും മാറ്റും എന്നത് കൊണ്ട് തന്നെ അവരുടെ ഓരോ നീക്കവും നിര്‍ണായകം ആയിരുന്നു.അതിന്റെ ഒരു പിരിമുറുക്കം സിനിമ നല്‍കുന്നുമുണ്ട്.

  Finalizando:’A Day’ എന്ന ചിത്രം കൊറിയന്‍ സിനിമ പ്രേക്ഷകര്‍ക്ക്‌ ഒരു ചെറിയ വിരുന്നാണ്.പ്രത്യേകിച്ചും മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌.’ടൈം ലൂപ്’ ആസ്പദമാക്കി പല ഭാഷയിലും ചിത്രങ്ങള്‍ വന്നിട്ടുണ്ട്.അത്തരം സിനിമകളോട് താല്‍പ്പര്യം ഉള്ളവര്‍ക്കും ഇഷ്ടമാകും ഈ ചിത്രം.പിന്നെ,വലിയ രീതിയില്‍ സങ്കീര്‍ണം ആയ പ്രമേയം അല്ല അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ നല്ലൊരു സിനിമാനുഭവം ആകുന്നുമുണ്ട്.

853.A Day
Korean,2017
Mystery/Thriller

MHV rating:✪✪✪½

Director: Sun-ho Cho
Writer: Sun-ho Cho
Stars: Myung-min Kim, Yo-han Byeon, Hye-Sun Shin

852.THE CROW(ENGLISH,1995)

    സാറ പറയുന്നത് പോലെ.’ആളുകള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നു മരിച്ചവരുടെ ആത്മാവ് കാക്കകള്‍ മരണത്തിന്‍റെ നാട്ടിലേക്ക് എത്തിക്കുമെന്ന്.പക്ഷെ ചിലപ്പോള്‍ വളരെ മോശമായ എന്തെങ്കിലും സംഭവിക്കുകയും ആത്മാവിനു നിത്യശാന്തി ലഭിക്കാതെയും വരുമ്പോള്‍  ,ചിലപ്പോള്‍ കാക്കകള്‍ ആ ആത്മാവിനെ തിരിച്ചു കൊണ്ട് വരും,തെറ്റായ സംഭവങ്ങള്‍ നേരെ ആക്കാന്‍’.എറിക് ട്രെവനെയും(Brandon Lee) അടുത്ത ദിവസം വിവാഹം ചെയ്യാന്‍ പോകുന്ന ഷെല്ലിയെയും(Sofia Shinas) ഗുണ്ടകള്‍ ആക്രമിച്ചു കൊല്ലപ്പെടുത്തുന്ന സീന്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ ആരും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അങ്ങനെ ഒരു മരണം അവിടെ സംഭവിക്കുമെന്ന്.ഫന്‍ബോയ്‌(Michael Massee) വെടിയുതിര്‍ക്കുമ്പോള്‍ അതില്‍ നിന്നും ഉതിര്‍ന്ന യഥാര്‍ത്ഥ വെടിയുണ്ട ബ്രണ്ടന്റെ ശരീരത്തിലൂടെ കടന്നു പോകും എന്ന്.എന്നാല്‍ ബ്രണ്ടന്‍ ഉയിര്‍ത്തെഴുന്നേറ്റൂ.എറിക് ട്രേവനെ പോലെ.’The Crow’ എക്കാലത്തെയും മികച്ച കള്‍ട്ടുകളില്‍ ഒന്നായി മാറി.23 വര്‍ഷങ്ങള്‍ക്കു അപ്പുറവും മരണത്തിന്‍റെ മണമുള്ള ഒരു കള്‍ട്ട് ചിത്രം.പിതാവായ ബ്രൂസ് ലീയെ പോലെ തന്നെ ദുരൂഹതകള്‍ ബാക്കിയാക്കി എന്ന് ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്ന ഒന്ന്.

 

  സാറയുടെ വാക്കുകള്‍ അന്വര്‍ത്ഥം ആക്കിക്കൊണ്ടാണ് എറിക് തിരികെ വരുന്നത്.തന്റെ പ്രിയതമയുടെയും തന്റെയും മരണത്തിനു ഇടയാക്കിയ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ,”ഹാലോവീന്‍” നടക്കുന്നതിന്‍റെ തലേ ദിവസം നടക്കുന്ന മരിച്ചവരെ ഓര്‍മിക്കുന്ന ദിവസം ആണ് അവന്‍ തന്റെ പ്രതികാരം തുടങ്ങുന്നത്.പ്രതികാരം എന്നാല്‍ സര്‍വ നാശം തന്നെ ആയിരുന്നു ലക്‌ഷ്യം.എറിക്കിനും ഷേല്ലിയ്ക്കും ലഭിക്കാതെ പോയ ജീവിതത്തിനു ഇനി കൊല്ലപ്പെടുന്നവരും അര്‍ഹരല്ല.എറിക്കിന്റെ പ്രതികാരത്തിന്റെ കഥയാണ് ‘The Crow’.

   ജെയിംസ് ഓ’ബാറിന്റെ നോവല്‍ സിനിമ ആക്കിയപ്പോള്‍ ബ്രണ്ടന്‍ ലീയെ നായകന്‍ ആക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യം ഇല്ലായിരുന്നു.ജോണി ഡെപ്പ്,ക്രിസ്ത്യന്‍ സ്ലേറ്റര്‍ അല്ലെങ്കില്‍ റിവര്‍ ഫീനിക്സ് എന്നിവരില്‍ ഒരാളെ ആയിരുന്നു ആ വേഷത്തിനു പരിഗണിച്ചത്.എന്നാല്‍ അന്ധവിശ്വാസം എന്ന് കരുതി ചിന്തിക്കുന്നവരെ മാറ്റി നോക്കിയാല്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ സെറ്റില്‍ അപകടങ്ങള്‍ പലതായിരുന്നു.എല്ലാം സൂചനകള്‍ ആയിരുന്നിരിക്കണം.മരിച്ചവരുടെ ആത്മാവും അതിനെ വഹിക്കുന്ന കാക്കയും പല ജന സംസ്ക്കാരങ്ങളിലും ഉള്ള കെട്ടുക്കഥകളില്‍ ഒന്നായിരുന്നു.എന്നാല്‍ ആലങ്കാരികമായി ഈ സംഭവങ്ങളെ സമീപിച്ചാല്‍,ഏതെങ്കിലും ആത്മാക്കളുടെ അസംതൃപ്തി എങ്ങനെയെങ്കിലും ഉണ്ടായിരുന്നിരിക്കാം.അല്ലെങ്കില്‍ ഇത്രയും സംഭവങ്ങള്‍ എങ്ങനെ?ചിത്രത്തിന്റെ മുഴുവന്‍ മൂഡില്‍ പോലും മരണം ഉണ്ട്.

  എവിടെയും മരണത്തെ കാണാന്‍ സാധിക്കും.’The Crow’ വല്ലാത്തൊരു അനുഭവം ആണ് പ്രേക്ഷകന്.ബ്രണ്ടന്‍ ലീയ്ക്ക് ഒരിക്കലും പിതാവിനെ പോലെ ഒരു ഇതിഹാസം ആയി തീരാന്‍ ഉള്ള സാവകാശം ലഭിച്ചിരുന്നില്ല.എന്നാല്‍ മരണം അവനു നല്‍കിയത് അമരത്വം ആയിരുന്നു.തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിലെ തന്റെ മരണത്തോടെ ലഭിച്ച ആരാധക വൃന്ദം.ഇന്നും ഇംഗ്ലീഷ് സിനിമകളിലെ മികച്ച കള്‍ട്ട് ഫോലോയിംഗ് ഉള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘The Crow’.

  Finalizando:ദുര്‍ബലമായ ഒരു കഥയില്‍ ചേര്‍ക്കാവുന്ന അത്ര വയലന്‍സും ഇരുട്ടിലൂടെയും സൃഷ്ടിച്ചത് പ്രേക്ഷകന് എന്നെന്നും ഓര്‍ക്കാന്‍ ഉള്ള ഒരു ചിത്രമായിരുന്നു.അധികം വിശേഷണങ്ങളുടെ ഒന്നും ആവശ്യമില്ല.’The Crow’.ആ ഒരു പേര് മതി കാക്കയുടെ ഉള്ളില്‍ നിന്നും അവനെ നിയന്ത്രിക്കുന്ന ആത്മാവിന്റെ നൊമ്പരത്തിന്റെയും പ്രതികാരത്തിന്റെയും കഥ അറിയാന്‍.

851.The Crow
English,1995
Fantasy,Action

MHV Rating:Cult Status!!

Director: Alex Proyas
Writers: James O’Barr (comic book series and comic strip), David J. Schow (screenplay)
Stars: Brandon Lee, Michael Wincott, Rochelle Davis 

851.CACHE(FRENCH,2005)

 ” രഹസ്യങ്ങളുടെ മറ നീക്കാനാകാത്ത ‘Cache’.”

   തന്റെ പ്രവൃത്തികളെ ആരോ നിരീക്ഷിക്കുന്നു.തന്റെ വീടും,താന്‍ യാത്ര ചെയ്യുന്ന സ്ഥലവും എല്ലാം വീഡിയോ ആയി വരുന്നു.ചിലപ്പോള്‍ VHS കാസറ്റ് ആയി ഒറ്റയ്ക്ക് ലഭിക്കുകയും അല്ലാത്തപ്പോള്‍ ദുരൂഹതകള്‍ നിറഞ്ഞ,വയലന്റ് ആയുള്ള ഒരു കൊച്ചു കുട്ടി വരച്ചത് പോലെയുള്ള ചിത്രങ്ങളുടെ ഒപ്പവും .ജോര്‍ജസും കുടുംബവും തങ്ങള്‍ക്കു കിട്ടുന്ന ഇത്തരം ദ്രിശ്യങ്ങളില്‍ അസ്വസ്തര്‍ ആയിരുന്നു.പ്രധാനമായും തങ്ങളെ ആരോ നിരീക്ഷിക്കുന്നു എന്നതിനും അപ്പുറം അത് അയച്ചു തരുന്ന ആള്‍ എന്താണ് അവരോടു പറയാന്‍ ഉദേശിക്കുന്നത് എന്ന ദുരൂഹതയും.

  സിനിമയുടെ അവസാനം പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ആയി ഒരു സീന്‍ സംവിധായകന്‍ ‘മൈക്കില്‍ ഹനകെ’ കൊടുത്തിരിക്കുന്നതായി തോന്നാം.എന്നാല്‍ ആ ദൃശ്യങ്ങളില്‍ പോലും ദുരൂഹത ഒളിച്ചു കടത്തിയിട്ടും ഉണ്ട്.ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരെയും ക്രിട്ടിക്കുകളെയും എല്ലാം കുഴപ്പിച്ച കുറെ കാര്യങ്ങള്‍ ഉണ്ട് ചിത്രത്തില്‍.ഒരു ‘ജിഗ്സോ പസില്‍’ ആയി പൂരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും പൂര്‍ണമായി ഒരു ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്ന്.’Cache’ യുടെ അത്തരം ചില സാധ്യതകള്‍ ആണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  Spoilers Ahead!!

 ആദ്യമായി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘Cache’ കാണുമ്പോള്‍ സിനിമയുടെ ക്ലൈമാക്സില്‍ സംതൃപ്തന്‍ ആയിരുന്നു.എന്നാല്‍ ഈ അടുത്ത് വായിച്ച ഒരു ലേഖനം അഭിപ്രായങ്ങളെ മൊത്തം മാറ്റി മറിച്ചു.അതില്‍ നിന്നും ഉരുത്തിരിഞ്ഞ ചില സംശയങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കണ്ട വിശദീകരണങ്ങളും ആയി  സമന്വയിപ്പിക്കുക മാത്രമാണ് ഇവിടെ.സിനിമയിലെ ചില ദൃശ്യങ്ങളുമായി അവയെ ബന്ധെപ്പെടുത്താം.

പ്രേക്ഷകനെ ആദ്യ കാഴ്ചയില്‍ വളരെയധികം സംതൃപ്തി നല്‍കുന്ന ഒരു വിശദീകരണം ആകും ഈ ചിത്രം.സിനിമയുടെ End Credits എഴുതി കാണിക്കുന്ന സമയം അധികം ശ്രദ്ധിക്കാതെ പല ഭാഗത്ത്‌ നിന്നും വന്നു പ്രേക്ഷകന്‍ അധികം ശ്രദ്ധിക്കാത്ത ഒരു കോണില്‍  കണ്ടു മുട്ടുന്ന ജോര്‍ജസിന്റെ മകന്‍ പിയെരെട്ടും ,മജീദിന്റെ മകനും.അത് വരെ നടന്ന സംഭവങ്ങള്‍ക്ക് അവര്‍ രണ്ടു പേരും ഉത്തരവാദികള്‍ ആണെന്നുള്ള കണ്ടെത്തല്‍.മുന്‍ പരിചയം ഉള്ള രീതിയില്‍ തന്നെ ആണ് അവര്‍ സംസാരിക്കുന്നതും.എന്നാല്‍ ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.എങ്ങനെ ആണ് മജീദിന്റെയും ജോര്‍ജസിന്റെയും കുട്ടിക്കാലം ഇത്ര വ്യക്തമായി ആ ചിത്രങ്ങളില്‍ ഉള്ള അത്ര വ്യക്തതയോടെ രണ്ടു പേര്‍ക്കും അറിയുന്നത് എന്ന്.രണ്ടാമത്തേത് അവരുടെ ഈ കണ്ടു മുട്ടല്‍ ആരാണ് വീഡിയോ ആക്കുന്നത് എന്നും?ചിത്രത്തിന്റെ രഹസ്യം അനാവരണം ചെയ്യാന്‍ സംവിധായകന്‍ ചെയ്യുന്ന ഒറ്റപ്പെട്ട ഒരു വീഡിയോ ആയി ഇതിനെ കണക്കാക്കാം.കഥ അവിടെ തീരുന്നു.കാരണം രണ്ടു പേര്‍ക്കും സ്വന്തം വീടുകളില്‍ വീഡിയോ റെക്കോര്ഡ് ചെയ്യാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നു.പക്ഷെ അവര്‍ മജീദിന്റെ മരണം പ്രതീക്ഷിച്ചിരുന്നോ?എന്നാല്‍ പലരും ഇത്തരം ഒരു ആശയത്തെ തള്ളി കളയുകയും പകരം ഫ്രഞ്ച്-അള്‍ജീരിയന്‍ ജനതയുടെ ഇപ്പോഴത്തെ തലമുറകള്‍ തമ്മില്‍ ഉള്ള സൗഹൃദം അവരുടെ ഭൂതക്കാലത്തെ സംഭവങ്ങളെ സ്വാധീനിക്കില്ല എന്നുള്ള സംവിധായകന്റെ ‘Statement’ ആയും ആണ് കണക്കാക്കുന്നത്.

മജീദിന്റെ പ്രതികാരം:

  മജീദിന് ജോര്‍ജസിനോട് വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികാരം ചെയ്യാനുള്ള കാരണം വ്യക്തമാണ്.ആദ്യത്തെ കാരണം.തങ്ങളുടെ വീട്ടിലെ ജോലിക്കാരായിരുന്ന അല്ജെരിയന്‍ ദമ്പതികളുടെ മകനായിരുന്നു മജീദ്‌.അള്‍ജീരിയന്‍ ജനത തങ്ങളുടെ അവകാശങ്ങള്‍ക്കായി ഫ്രാന്‍സില്‍ നടത്തിയ പ്രക്ഷോഭത്തില്‍ മജീദിന്റെ മാതാപിതാക്കളെ കാണാതായിരുന്നു.അത് കൊണ്ട് മജീദിനെ ദത്തെടുക്കാന്‍ ജോര്‍ജസിന്റെ മാതാപിതാക്കള്‍ തയ്യാറാകുന്നു.എന്നാല്‍ കുട്ടിക്കാലത്ത് ജോര്‍ജസിനു മജീദിനെ ഇഷ്ടമില്ലതിരുന്നതു കാരണം അവന്‍ രക്തം ചര്ധിക്കുന്നു എന്ന കള്ളം അവന്‍ അവരോടു പറയുന്നു.ആദ്യം അത് വിശ്വസിക്കാതെ ഇരുന്ന മാതാപിതാക്കന്മാരെ പിന്നീട് മജീദിനെ കൊണ്ട് ഒരു കോഴിയെ വെട്ടിപ്പിച്ചു അവന്റെ ശരീരത് ചീറ്റുന്ന ചോര കാണിച്ചു അത് അവന്‍ ചര്ധിച്ചതായി തെളിവ് കാണിക്കുന്നു.

അതിന്റെ അനന്തരഫലമായി അവനെ ടി ബി ആണെന്നുള്ള സംശയം കാരണം അവിടെ നിന്നും മാറ്റുന്നു.ഒരു പക്ഷെ മജീദിന് ലഭിക്കാമായിരുന്ന നല്ല ജീവിതത്തെ തകരാത്തത് ജോര്‍ജസ് ആണെന്നുള്ള വിശ്വാസം അയാള്‍ക്ക് ഉണ്ടായിരുന്നിരിക്കാം.ആ ചിത്രങ്ങളിലെ വ്യക്തമായ സന്ദേശം അതായിരിക്കും നല്‍കുക.എന്നാല്‍ പിന്നീട് മജീദ്‌ ജോര്‍ജസിനെ കാണുകയും അയാളുടെ മുന്നില്‍ വച്ച് തന്നെ കഴുത് അറുത്തു മരിക്കുന്നുമുണ്ട് ,താന്‍ അല്ല ആ വീഡിയോ ഒന്നും അയച്ചതെന്ന് പറഞ്ഞു കൊണ്ട്.അവിടെ കഥ തീര്‍ന്നൂ എന്ന് പറയുമ്പോഴും ആദ്യം ഉള്ള സീനിലെ അവരുടെ മക്കള്‍ തമ്മില്‍ ഉള്ള കൂടിക്കാഴ്ച സംശയം ഉണ്ടാക്കുന്നു.അതിനോടൊപ്പം സ്വന്തം മരണത്തെ പുല്‍കാന്‍ പോകുന്ന ഒരാള്‍ എന്ത് കൊണ്ട് സത്യം അവസാന നിമിഷങ്ങളില്‍ പോലും പറഞ്ഞില്ല എന്ന ദുരൂഹതയും.

  സ്ക്രിപ്റ്റ് എഴുതുന്ന സുഹൃത്ത്‌:

  സുഹൃത്തുക്കളും ആയി വീട്ടില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവിടെ ഇല്ലാതിരുന്ന സുഹൃത്ത്‌ എഴുതുന്ന സ്ക്രിപ്റ്റിനെ കുറിച്ച് പറയുന്നുണ്ട്.ആര്‍ക്കും അതിന്റെ തീമിനെ കുറിച്ച് വലിയ പിടിയില്ല.ഒരു പക്ഷെ അന്ന് അവിടെ ഇല്ലാതിരുന്ന അയാള്‍ തന്റെ കഥയ്ക്കായി എങ്ങനെയെങ്കിലും ജോര്‍ജസിന്റെ ഭൂതക്കലാതെ കുറിച്ചുള്ള വിവരങ്ങള്‍,മജീദ്‌ വഴി ആണെങ്കിലും അറിഞ്ഞു തന്റെ സ്ക്രിപ്ട്ടിനായി ഉപയോഗിക്കുന്നതും ആകാം.എന്നാല്‍ ഇത് എത്രത്തോളം ശക്തമായ ഒരു വാദം ആണെന്നുള്ള സംശയമുണ്ട്‌.പക്ഷെ അവസാനത്തെ സീന്‍ ഈ ഒരു സാധ്യതയ്ക്ക് ബലം എകുന്നുണ്ട്.

മജീദിന്റെ മകന്‍:

  വളരെ സാധ്യതകള്‍ ഉള്ള ഒരു ഉത്തരം.ജോര്‍ജസിന്റെ മകനുമായി ഏതെങ്കിലും തരത്തില്‍ സൗഹൃദം ഉണ്ടാവുകയും,അധികം സീനുകളില്‍ കാണിക്കാത്ത അവനെ ഏതെങ്കിലും രീതിയില്‍ കൂട്ട് പിടിച്ചു വീഡിയോകള്‍ അവരുടെ വീടിനു നേരെ വയ്ക്കുക.മജീദില്‍ നിന്നും കുട്ടിക്കാലത്ത് അറിഞ്ഞ രഹസ്യങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ മജീദ്‌ രേഖപ്പെടുത്തിയത് അവന്‍ ഉപയോഗിച്ച് ഇപ്പോഴത്തെ സ്വന്തം ജീവിതത്തോടും ഉള്ള നിരാശ കാരണം തനിക്കും കൂടി ലഭിക്കുമായിരുന്ന നല്ല ജീവിതം തട്ടി തെറുപ്പിച്ച ജോര്‍ജസിനോട് ഉള്ള ദേഷ്യം.ജോര്‍ജസിന്റെ അമ്മയുടെ കാര്യങ്ങള്‍ അവനും അറിയാം എന്നത് കൊണ്ട് അവന്‍ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട് എന്ന ഒരു അര്‍ത്ഥം കൂടി കാണാം.അവന്‍ പിന്നീട് ജോര്‍ജസിനെ കാണാന്‍ പോയപ്പോള്‍,തന്റെ പിതാവിന്റെ മാരണ ശേഷം അവന്‍ അവസാനം കാര്യങ്ങളെ ലഘൂകരിച്ചത് ഒരു പക്ഷെ മരണത്തില്‍ ഉള്ള കുറ്റബോധം കാരണം ആയിരിക്കണം.പ്രേക്ഷകന്‍ അവിടെ പ്രതീക്ഷിച്ചത് മറ്റൊന്നാണ്.പ്രത്യേകിച്ചും ജോര്‍ജസിന്റെ അപ്പോഴത്തെ പ്രതികരണങ്ങള്‍.അവസാന രംഗം അവന്‍ തന്നെ റെക്കോര്ഡ് ചെയ്യാന്‍ ഉള്ള അവസരം കൂടി അതില്‍ ഉണ്ടാകാം.

  പിയരറ്റ്:

  ജോര്‍ജസിന്റെ മകന്‍ പിയരറ്റ് ഈ സംഭവങ്ങളില്‍ ഉള്‍പ്പെടാന്‍ ഉള്ള സാധ്യത,അവനെ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍,പിന്നെ അമ്മയ്ക്ക് പിയരെയും ആയി ഉണ്ടായിരുന്നിരിക്കാം എന്നുള്ള അവന്റെ സംശയവും ആയിരിക്കാം.അവന്റെ ഒരു രാത്രിയിലെ തിരോധാനം ശരിക്കും ദുരൂഹതകള്‍ ഏറെ നിറഞ്ഞതായിരുന്നു എന്നും കൂടി കൂട്ടി വായിക്കണം.അവന്റെ പതിവ് രീതികള്‍ അവന്‍ ഉപേക്ഷിച്ച ദിവസം അവന്‍ എന്ത് ചെയ്യുകയായിരുന്നു എന്നതും.

  ജോര്‍ജസിന്റെ കുടുംബം:

  വളറെ valid ആയുള്ള മറ്റൊരു വാദം ആണ് മജീദിന്റെ ജനനം.ജോര്‍ജസിന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അവിഹിത ബന്ധത്തില്‍ ജോലിക്കാരിക്ക് ഉണ്ടായ കുട്ടി ആയിരുന്നിരിക്കാം മജീദ്‌.അതായിരിക്കും അവര്‍ അവനെ ദത്തെടുക്കാന്‍ തീരുമാനിച്ചതും.വര്‍ഷങ്ങള്‍ക്കു ശേഷം മജീദിന്റെ മകന്‍ ജോര്‍ജസിന്റെ അമ്മയുടെ കാര്യങ്ങള്‍ അറിയുന്നതും,അമ്മയെ കാണാന്‍ പോയപ്പോള്‍ അവരുടെ പെരുമാറ്റത്തിലെ ദുരൂഹതയും എല്ലാം കൂടി കൂട്ടി വായിച്ചാല്‍ അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ ആകില്ല.

സ്വതവേ നുണയന്‍ ആയ,കുട്ടിക്കാലത്തും പിന്നീട് കുടുംബ ജീവിതത്തിലും നുണ പറയുന്ന ജോര്‍ജസിനെ നന്നാക്കാന്‍ ഇവരില്‍ ആരെങ്കിലും ചെയ്ത പ്രവൃത്തികള്‍ ആയിക്കൂടെന്നില്ല ഇനി.അത് അയാളുടെ ഭാര്യ പോലും ആകാം.

 എന്തായാലും ശക്തമായതും എന്നാല്‍ ലൂപ് ഹോള്‍സ് ഏറെയുള്ളതും ആയ ധാരാളം സംഭവങ്ങളെ ഈ ചിത്രത്തിന് വേണ്ടി അവലോകനം ചെയ്യേണ്ടതായുണ്ട്.പ്രേക്ഷകന് മുന്നില്‍ ഹെനെക്ക തുറന്നിട്ടത് സാധ്യതകളുടെ കൂമ്പാരമായിരുന്നു.പ്രേക്ഷകന് ഒരു സിനിമയെ ഏതു വിധേയനെയും സ്വന്തം ചിന്തകള്‍ക്ക് അനുസരിച്ച് കഥയെ പാകപ്പെടുത്താനുള്ള അവസരം.

‘Cache’ കുറിച്ചുള്ള സംശയങ്ങള്‍ അവസാനിക്കില്ല ഒരിക്കലും. പല രൂപത്തില്‍ പ്രേക്ഷകന് മുന്നില്‍ ഒരു പ്രഹേളിക ആയി തന്നെ എന്നും കാണും ഈ അര്‍ജന്റെനിയന്‍ മാസ്റ്റര്‍പീസ്.

Cache
French,2005
Mystery,Drama

MHV Rating: Masterpece!!

Director: Michael Haneke
Writer: Michael Haneke
Stars: Daniel Auteuil, Juliette Binoche, Maurice Bénichou

850.BREATHE(TAMIL SERIES,2018)

‘Breathe’- ഇന്ത്യന്‍ ‘ബ്രേക്കിംഗ് ബാഡ്” (അല്‍പ്പം അതിശയോക്തിയോടെ)

 ഉറക്കത്തില്‍ ‘ഡാനി മസ്കരാനസ്’ മിയ്ക്കപ്പോഴും ഞെട്ടി ഉണരുമായിരുന്നു.തന്റെ ഏറ്റവും വലിയ ഭയത്തെ അയാള്‍ നേരിടുകയാണ്.അയാള്‍ തന്റെ എല്ലാമെല്ലാം ആയതിനെ സംരക്ഷിക്കാം ശ്രമിക്കുന്നു.അതിനു മുന്നില്‍ അയാള്‍ക്ക്‌ സാധാരണ മനുഷ്യരുടെ മുഖങ്ങള്‍ ഇല്ലായിരുന്നു.പകരം,രാത്രി കാണുന്ന ദു:സ്വപ്‌നങ്ങളിലെ മുഖമായിരുന്നു  അവര്‍ക്കെല്ലാം.അവയെല്ലാം അയാളെ ഭയപ്പെടുത്തിയിരുന്നു.എന്നാല്‍ അയാള്‍ പിന്തിരിഞ്ഞു ഓടാന്‍ തയ്യാറല്ലായിരുന്നു. നഗരത്തില്‍ നടക്കുന്ന സ്വാഭാവിക മരണങ്ങള്‍ ശരിക്കും അങ്ങനെ തന്നെ ഉള്ളവയാണോ? ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കബീര്‍  സാവന്തിന് തോന്നി തുടങ്ങി അങ്ങനെ ഒരു സംശയം

  ‘Breathe (2018)’ ആമസോണ്‍ പ്രൈമിന്റെ ഇന്ത്യന്‍  സീരീസ്.8 എപ്പിസോഡുകള്‍ ആയി ആദ്യ സീസന്‍ അവസാനിക്കുമ്പോള്‍ ലഭിക്കുന്നത് മികച്ച ഇന്ത്യന്‍ സീരീസുകളില്‍ ഒന്നാണ്.ആദ്യ എപിസോഡില്‍ കഥാപാത്രങ്ങളെ പ്രേക്ഷകന് പരിചയപ്പെടുത്തി തുടങ്ങിയ പരമ്പര ഏഴാമത്തെ എപിസോഡ് വരെ മികച്ച ത്രില്ലര്‍ ആയിരുന്നു പലപ്പോഴും.എന്നാല്‍ അപ്രതീക്ഷമായിരുന്നു എട്ടാം എപിസോഡ്.പ്രതീക്ഷകള്‍ക്ക് വിപരീതമായി ‘ഇമോഷണല്‍ ഘടകങ്ങള്‍’ സമന്വയിപ്പിച്ച് ഞെട്ടിച്ചു.

  രണ്ടു സാധാരണക്കാര്‍,ഫുട്ബോള്‍ കോച് ആയ ഡാനി(മാധവന്‍)യും പോലീസ് ഉദ്യോഗസ്ഥന്‍ ആയ കബീര്‍ സാവന്തും(അമിത് സാദ്).രണ്ടു പേരും തമ്മില്‍ സമാനതകള്‍ ഏറെയാണ്‌.ഡാനിയുടെ ഭാര്യ മരിച്ചെങ്കില്‍ കബീര്‍ ഭാര്യയും ആയി അകന്നു ആണ് താമസിക്കുന്നത്.കബീറിന്റെ മകള്‍ അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ മരണപ്പെട്ടു.ഡാനിയുടെ മകന്‍ ജോഷ്‌,സമാനമായ ഒരു അവസ്ഥയെ നേരിടുന്നു.ഇവരുടെ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ രണ്ടു പേരും നേര്‍ക്ക്‌ നേര്‍ വരുന്നു.”Breathe” ന്റെ മൊത്തത്തില്‍ ഉള്ള കഥ ഇതാണ്.

  മാധവന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഡാനി മസ്ക്കരാനസ്.അല്‍പ്പം വില്ലന്‍ ചായവു ഇടയ്ക്ക് തോന്നുന്ന വേഷം തന്റെ പ്രിയപ്പെട്ടതിനെ സംരക്ഷിക്കാം ഏതു അറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു.ഇത്തരം സീനുകളില്‍ മാധവന്റെ മുഖത്തെ ക്രൂരത ഭയപ്പെടുത്തുന്ന ഒന്നായിരുന്നു.കബീര്‍ സാവത് ആയി വന്ന അമിത് സാദും സമാനമായ്‌ ഒരു കഥാപാത്രമായിരുന്നു.അയാളുടെ ജീവിതത്തിലെ നിരാശകള്‍ ഒരു പരിധി വരെ അയാളുടെ സ്വഭാവത്തില്‍ പ്രകടമായിരുന്നു.ചുരുക്കത്തില്‍ പരസ്പ്പരം വായിച്ചെടുക്കാന്‍ കഴിയുന്ന രണ്ടു കഥാപാത്രങ്ങള്‍.എന്നാല്‍ ഒരാള്‍ക്ക്‌ ഇവിടെ പിഴയ്ക്കണം.എങ്കില്‍ മാത്രമേ ‘ Breathe’ അവസാനിക്കൂ.ആര്‍ക്കയിരുന്നു പിഴച്ചത് എന്നതാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്‌.കഥയിലേക്ക് അധികം പോകുന്നില്ല!!എല്ലാം കണ്ടു തന്നെ അറിയുക.നിരാശരാകില്ല!!!

 Finalizando:-ഹിന്ദിയിലെ ഒക്കെ ‘സോപ്പ് സീരിയലുകള്‍’ മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്തു ഇറക്കുന്നത്‌ പോലെ കൂടുതല്‍ ജനകീയമായി Breathe പോലെ ഉള്ള പരമ്പരകള്‍ നമ്മുടെ സ്വീകരണ മുറികളില്‍ വരേണ്ട സമയമായി.ഇത്തരം ഒരു മൂഡ്‌ ഉള്ളതാകണം എന്നില്ല.’ഫ്രണ്ട്സ്’ ഒക്കെ പോലെ ജനകീയം ആകുന്നതു മതി.അല്ലാതെ അമ്മായി അമ്മയെയും മരുമകളെയും തല്ലു കൂടിപ്പിച്ചു എത്ര നാള്‍ കൂടി ഇവരൊക്കെ ജീവിക്കും?”Breathe’ അതിനുള്ള ഒരു പുത്തന്‍ ഉണര്‍വ് ആകട്ടെ.ഇഷ്ടപ്പെട്ട മികച്ച സീരീസുകളില്‍ എന്നും ഉണ്ടാകും ‘ Breathe’

850.Breathe

   Tamil,2018
Thriller,Drama

MHV Rating:✪✪✪✪½

Director:Mayank Sharma
Stars: Madhavan, Amit Sadh, Sapna Pabbi

movieholicviews.blogspot,ca

849.RV:RESURRECTED VICTIMS(KOREAN,2017)

“പ്രതികാരത്തിന്റെ കൊറിയൻ ഉയിർത്തെഴുന്നേൽപ്പു”- RV:Resurrected Victims

   ഒരു മോഷണ ശ്രമത്തിനിടെ കൊലയാളിയാല്‍  കൊല്ലപ്പെട്ട അമ്മ,പിന്നീട് തിരിച്ചു വന്നിരുന്നു വീട്ടില്‍ ടി വി കാണുന്നു എന്ന് കേട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍  ‘സിയോ-ജിന്‍-ഹോംഗ്’ ശരിക്കും ഞെട്ടിപ്പോയി.മാനസിക വൈകല്യമുള്ള സഹോദരിയുടെ തോന്നലുകള്‍ ആണെന്ന് അയാള്‍ കരുതി.എന്നാല്‍ അവളുടെ ആ ഫോണ്‍ വിളി സത്യമായിരുന്നു.’It is Over’ എന്ന പാര്‍ക്ക് ഹെയുടെ നോവല്‍ ആണ് RV:Resurrected Victims എന്ന ചിത്രത്തിന് പ്രമേയം.കൊലപാതകത്തിന് ഇരയായവര്‍ പിന്നീട് തങ്ങളുടെ പ്രതികാരം തീര്‍ക്കാനായി തിരിച്ചു വന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ചിത്രത്തില്‍ ഉടന്നീളമുണ്ട്.കഥ ഊന്നല്‍ നല്‍കിയിരിക്കുന്നത് അത്തരത്തില്‍ ഉള്ള സാങ്കല്‍പ്പികമായ ഒരു അവസ്ഥയിലേക്ക് ആണ്.

   അമ്മ മരിക്കുമ്പോള്‍ സിയോ ആ റോഡിനു അപ്പുറം ഉണ്ടായിരുന്നു.അന്ന് അമ്മയുടെ മരണത്തിനു ശേഷം സിയോയ്ക്ക് കൊലപാതകത്തില്‍ രണ്ടാമത് ഒരാളുടെ പങ്കു ഉള്ളതായി സംശയം തോന്നിയിരുന്നു.പ്രോസിക്യൂട്ടര്‍ ആയ സിയോ സ്വന്തമായി കേസന്വേഷണം നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഒമ്പത് വര്‍ഷത്തിനു ശേഷം RV ആയി വന്ന അമ്മ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചത്‌ സിയോയെ ആണ്.RV യുടെ സാധാരണഗതിയില്‍ ഉള്ള പ്രതികരണം അവരുടെ മരണത്തിനു കാരണക്കാര്‍ ആയവരെ ശിക്ഷിക്കാന്‍ ആകും.സ്വാഭാവികമായും സിയോയും പോലീസിന്റെ അന്വേഷണ പരിധിയില്‍ ആയി.

  ഒരു ഫാന്റസി ചിത്രം എന്ന ഘടകം കൊണ്ട് വരുകയും എന്നാല്‍ പിന്നീട് പൂര്‍ണമായും ദുരൂഹമായ ഭൂതക്കാലം അന്വേഷിച്ചുള്ള യാത്രയും ആണ് ചിത്രം.മനുഷ്യന്റെ വികാരവിചാരങ്ങള്‍ അവനു പൂര്‍ണ ബോധത്തില്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.അതിനു ഉള്ള കഴിവ് ഒരു ദിവസം ആര്‍ക്കോ നഷ്ടമായി.പിന്നീട് അവിടെ സംഭവിച്ചത് അരുതായ്മകളുടെ ഒരു പരമ്പരയായിരുന്നു.ആര്‍ക്കാണ് അത് സംഭവിച്ചത്?എന്തായിരുന്നു അതിന്റെ അനന്തര ഫലങ്ങള്‍?മികച്ച ഒരു പ്ലോട്ടിലേക്ക് ആണ് ചിത്രം പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.

  സ്ഥിരം ക്രൈം-അന്വേഷണം എന്നീ ഫോര്‍മാറ്റില്‍ നിന്നും മാറി കൊണ്ട് വന്ന RV എന്ന ആശയം നന്നായിരുന്നു. The Crow പോലെ ഉള്ള ചിത്രങ്ങളിലും,സ്വതവേ ഇന്ത്യന്‍ സിനിമകളില്‍ പല രീതിയില്‍ അവതരിപ്പിച്ച പ്ലോട്ട് ആണിത്.പുനര്‍ജ്ജന്മം എന്നതു ആയിരിക്കും അവിടെ പലപ്പോഴും ഇത്തരം ചിത്രങ്ങളിലെങ്കിലും ഇവിടെ മരണത്തില്‍ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ,അതിനെ തുടര്‍ന്ന് നടത്തുന്ന പ്രതികരങ്ങള്‍ക്ക് ഒരു പ്രതിഭാസമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.

Finalizando:ചിത്രത്തിന്റെ തുടക്കം RV എന്ന പ്രതിഭാസത്തിനു നല്‍കിയ പ്രാധാന്യം പിന്നീട് കഥയുടെ വഴിത്തിരുവില്‍ കൈ വിട്ടതായി തോന്നി.എന്നാല്‍ ക്ലൈമാക്സ് രംഗങ്ങള്‍ മറ്റൊരു ഫീല്‍ ആണ് തന്നത്.പ്രത്യേകിച്ചും ആ അമ്മയുടെ നോട്ടം.ശരിക്കും മനസ്സലിയിപ്പിച്ചു.കൊറിയന്‍ സിനിമകള്‍ പരീക്ഷണം തുടരുകയാണ്.അവരുടെ തന്നെ പ്രശസ്തമായ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങള്‍ ഭാവനയില്‍ ചേര്‍ത്ത ഘടകങ്ങളുമായി പ്രേക്ഷകനെ ഇഷ്ടപ്പെടുത്താന്‍.കാണാന്‍ ശ്രമിക്കുക!!

849.RV:resurrected Victims
      Korean,2017
Mystery/Thriller

MHV Rating:✪✪✪½

Director: Kyung-taek Kwak
Writers: Kyung-taek Kwak, Ha-Ik Park (novel)
Stars: Rae-won Kim, Hae-sook Kim, Dong-il Sung 

848.THE GAME(ENGLISH,1997)

“ജീവിതത്തില്‍ എല്ലാം നേടിയ ആള്‍ക്ക് നല്‍കാന്‍ ഇനി എന്താണ് ഉള്ളത്?-‘The Game’ പറയുന്ന കഥ.

    നിക്കോളാസ് വാന്‍ ഓര്‍ട്ടന്‍(Michael Douglas) തന്റെ ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള വിശ്വാസത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഏറെ കാലത്തിനു ശേഷം അയാളെ കാണാന്‍ വരുന്ന സഹോദരന്‍ കൊണ്രാട്(Sean Penn)  ആ കളിയിലേക്ക് ക്ഷണിക്കുന്നത്.തന്റെ ജീവിതത്തില്‍ പിന്നീടു നടന്ന സംഭവങ്ങള്‍ക്ക് ആ കളിയും ആയി ബന്ധം ഉണ്ടെന്നു അയാള്‍ മനസ്സിലാക്കിയെങ്കിലും ഇത് വരെ ജീവിതത്തില്‍ നേടിയവയൊക്കെയും തന്റെ മുന്നില്‍ നിന്നും അകന്നു പോകുന്നതായി അയാള്‍ നേരിട്ട് അറിഞ്ഞു.അയാള്‍ക്ക് ആ ഗെയിമിനെ കുറിച്ചുള്ള കൌതുകം അയാളുടെ അന്ന് വരെ ഉള്ള അക്ഷമയെയും,അഹങ്കാരത്തെയും പോലും പരീക്ഷിക്കുന്നു.

  ഡേവിഡ് ഫിഞ്ചര്‍ ചിത്രങ്ങളില്‍ സങ്കീര്‍ണതകള്‍ അധികം ഇല്ലാതെ,എന്നാല്‍ സ്ഥിരം ചേരുവകകള്‍ പലതും ചേര്‍ത്ത് അവതരിപ്പിച്ച ചിത്രമാണ് ‘The Game’.പതിയെ നിക്കോളസിന്റെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ പലയിടത്തായി നല്‍കി ആരംഭിച്ച ചിത്രം എന്നാല്‍ ഒരു അവസരത്തില്‍ അതിവേഗം കഥ പറയുന്ന ഒരു ത്രില്ലര്‍ ആയി മാറുന്നു.ഫിഞ്ചര്‍ ചിത്രങ്ങളിലെ ഫിലോസഫിക്കല്‍ അംശങ്ങള്‍ പലപ്പോഴും ചിത്രത്തില്‍ കാണില്ല.എന്നാല്‍ കൂടി ഒരു മനുഷ്യന്റെ ജീവിതം അയാള്‍ പോലും എങ്ങനെ മാറ്റി മറിയ്ക്കാം എന്ന് അവതരിപ്പിച്ചതിലൂടെ സങ്കീര്‍ണമായ മനുഷ്യ സ്വഭാവത്തില്‍ ചിത്രം ഊന്നല്‍ നല്‍കുന്നുണ്ട്.

  നിക്കോളസിന്റെ അനുഭവങ്ങള്‍ ചിലപ്പോള്‍ പ്രേക്ഷകനും അസ്വസ്ഥത ഉണ്ടാക്കും.കാരണം അയാള്‍ കളിക്കുന്ന ആ ഗെയിമില്‍,കടന്നു പോകുന്ന പലതും മിഥ്യയില്‍ പൊതിഞ്ഞ ഒന്നായി മാറി നിക്കോളസിന്റെ നിയന്ത്രണത്തില്‍ നിന്നും പോകുന്നു.ചിത്രം ക്ലൈമാക്സില്‍ ആകുമ്പോള്‍ ഒന്നിലേറെ തവണ ഈ പ്രതിഭാസം കാണാം.ഒരു സംഭവം നടക്കുന്നു എന്ന്  വിശ്വസിക്കുന്നതിനോടൊപ്പം അതെ സംഭവത്തിന്‌ വേറെയും ഭാഷ്യങ്ങള്‍ നല്‍കി പകര്‍ന്നാടുന്ന കഥാപാത്രങ്ങള്‍ പലപ്പോഴും സങ്കീര്‍ണം ആണ്.നിക്കോളസിന്റെ മനസ്സില്‍ ആയിരുന്നു ശരിക്കും ആ കളി നടന്നിരുന്നത്.അയാള്‍ ഒരിക്കലും കടന്നു പോകാത്ത വഴികളിലൂടെ അയാള്‍ സഞ്ചരിക്കുമ്പോഴും ഭയം തന്നെ ആയിരുന്നു അയാളെ അലട്ടിയിരുന്നത്.എന്നാല്‍ എല്ലാത്തില്‍ നിന്നും മുക്തി നേടി,സര്‍വവും പരിത്യജിച്ചു അയാള്‍ വരുമ്പോള്‍ പോലും ചിത്രം സൂക്ഷിച്ചു വച്ചത് നിഗൂഡത ആയിരുന്നു.

  ഒരു പിറന്നാള്‍ ദിവസം ആരും ഇത്തരത്തില്‍ ഒന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.അയാള്‍ അനുഭവിച്ചതിനു എല്ലാം ശരിക്കും അര്‍ഹന്‍ ആയിരുന്നോ?’The Redemption of Nicolas Van Ortan’ എന്ന് ചിത്രത്തെ വിശേഷിപ്പിച്ചാല്‍ പോലും മതിയാകില്ല.കാരണം അത്തരത്തില്‍ ഒരു വ്യത്യാസം അയാളുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഉള്ളതെല്ലാം ആ കളിയില്‍ ഉണ്ടായിരുന്നു.

  Finalizando:ഒരു ഗെയിമിലേക്ക് കഥാപാത്രങ്ങള്‍ ചുരുങ്ങുന്ന ചിത്രങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ഇതില്‍ ഒരു ഗെയിം എന്നതിലുപരി ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തു അയാളിലെ വ്യക്തിത്വം അധികം അപകടകരം അല്ലാത്ത രീതിയില്‍ നശിപ്പിക്കുമ്പോള്‍ പ്രേക്ഷകന് മനസ്സില്‍ തോന്നുന്ന ഒരു കഥ അല്ല അവസാനം ആകുമ്പോള്‍.കണ്ടു തന്നെ അറിയുക ‘The Game’.

848.The Game
English,1997
Mystery,Thriller
MHV Rating:✪✪✪½

Director: David Fincher
Writers: John Brancato, Michael Ferris
Stars: Michael Douglas, Deborah Kara Unger, Sean Penn

847.LUCIA de B(DUTCH,2014)

അവള്‍,’മരണത്തിന്‍റെ മാലാഖ’-Lucia de B

  അവര്‍ അവളെ ‘മരണത്തിന്റെ മാലാഖ’ ആയി മുദ്രകുത്തി.പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അവളുടെ മേല്‍ ചാര്ത്തപ്പെട്ടൂ.പ്രായമേറിയവരുടേയും മരണം അവളാണ് നിശ്ചയിച്ചുറപ്പിച്ച് നടത്തിയതെന്ന് അവര്‍ ആരോപിച്ചു.ഒരു സമൂഹം ഒന്നടങ്കം ഒരാളെ ഇത്തരത്തില്‍ വിശേഷിപ്പിക്കണമെങ്കില്‍ അവളുടെ ക്രൂരത എത്ര ഭീകരം ആയിരിക്കും.ചിലര്‍ അവളെ മന്ത്രവാദിനി എന്നും വിളിച്ചു.

  അവളുടെ പേര് ‘Lucia de B’.നെതര്‍ലന്‍ഡ്‌സില്‍ ഒരു നേഴ്സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.കരയുന്ന കുട്ടികള്‍ പോലും അവളുടെ കയ്യില്‍ എത്തുമ്പോള്‍ നിശബ്ദര്‍ ആകുമായിരുന്നു.വല്ലാത്ത ഒരു മാന്ത്രികത ആയിരുന്നു അവളുടെ സ്പര്‍ശനത്തിന് എന്ന് തോന്നുന്നു.പ്രായം ഏറിയവരെയും അവള്‍ പരിചയിച്ചു.ഡോക്റ്റര്‍ ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പോലും അവള്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് രോഗികള്‍ക്ക് വേണ്ടി ചെയ്യാന്‍ ശ്രമിച്ചു.എന്നാല്‍ അതായിരുന്നു അവളുടെ കുഴപ്പവും.അവളുടെ ആത്മാര്‍ഥത.അത് പലരും സംശയത്തോടെ  ആണ് കണ്ടത്.2000-’01 കാലയളവില്‍ ആശുപത്രിയില്‍ ഉണ്ടായ ഒമ്പതോളം മരണങ്ങള്‍ ആണ് അവളുടെ മേല്‍ ആരോപിക്കപ്പെട്ടത്.പല കാരണങ്ങള്‍ കൊണ്ടും അവളുടെ നന്മ അവിടെ ആരും ചര്‍ച്ച ചെയ്തില്ല.

  എന്നാല്‍ ലൂസിയ ശരിക്കും ഒരു പാവം സ്ത്രീ ആയിരുന്നു.ചെറുപ്പക്കാലത്ത് നേരിട്ട ദുരിതങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കി കൂട്ടി സാധാരണ ഒരു ജീവിതം ആയിരുന്നു ആഗ്രഹിച്ചത്.എന്നാല്‍ അവളുടെ ജോലി സമയത്ത് ഉണ്ടായതെന്ന് പറയുന്ന മരണങ്ങള്‍ അവളെ പ്രതിക്കൂട്ടില്‍ ആക്കി.ആ സമയത്താണ് പുതുതായി അഭിഭാഷകവൃത്തിയിലേക്ക് കാലെടുത്തു വച്ച ജൂഡിത്ത് ,തനിക്കു ആദ്യ വലിയ കേസ് ആയി ലൂസിയയുടെ മേല്‍ ആരോപിക്കപ്പെട്ട കേസില്‍ ഭാഗം ആകുന്നതു.പ്രോസിക്യൂഷന് വേണ്ടി വാദിക്കുന്ന കൂട്ടത്തില്‍ ഉണ്ടായിരുന്ന ജൂഡിത്ത് പല വിവരങ്ങളും കേട്ടറിവിന്റെയും ഒപ്പം പുസ്തകങ്ങളില്‍ നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍ ആണ് ഈ കേസില്‍ പ്രയോഗിക്കുന്നത്.നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ ജൂഡിത്ത് നടത്തിയ കണ്ടെത്തലുകള്‍ ശരിയും ആയിരുന്നു.നിയമപരമായി ഒരു തെറ്റും അവിടെ ഇല്ലായിരുന്നു എന്നതാണ് രസകരം.

  ഫലം,ലൂസിയ കുറ്റവാളി ആണെന്ന് കോടതി നിസംശയം വിധിച്ചു.ജനവികാരം പോലും കോടതി വിധിയെ സ്വാധീനിച്ചിരുന്നു.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ‘Lucia de B’ എന്ന ഈ ഡച്ച്‌ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിരപരാധിയെ അപരാധി ആക്കി ചിത്രീകരിക്കുക ആണ് ഈ കേസില്‍ ഉണ്ടായത്.പിന്നീട് ജൂഡിത്ത് തന്നെ തെളിവുകളില്‍ ഉള്ള വൈരുധ്യം മനസ്സിലാക്കി ലൂസിയയുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങുക ആയിരുന്നു.ലൂസിയയുടെ കേസിന്റെ നാള്‍വഴികളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.

  ഒരു ക്രൈം ചിത്രം എന്നതിലുപരി സമൂഹം ഒരാളെ എത്ര മാത്രം വേഗത്തില്‍ കുറ്റവാളിയായി മുദ്ര കുത്തും എന്നത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്.’ആള്‍ക്കൂട്ട നീതി’ പ്രഖ്യാപിക്കുന്ന പല അവസരങ്ങളിലും നിരപരാധികള്‍ ഇങ്ങനെ പ്രശ്നങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടു അകപ്പെടുന്നുണ്ടാകാം.അതിലും ഭീകരം ആണ് നീതി വ്യവസ്ഥയെ പോലും അത്തരം ‘ആള്‍ക്കൂട്ടങ്ങള്‍’ സ്വാധീനിക്കുന്നത്.ലൂസിയ ആയി അഭിനയിച്ച Ariane Schluter ലൂസിയ ആയി മികച്ചു നിന്ന്.ആത്മവിശ്വാസവും നിസഹായതയും എല്ലാം അവരുടെ മുഖത്ത് നിന്നും വായിക്കാമായിരുന്നു. 87 ആം അക്കാദമി പുരസ്ക്കരങ്ങളില്‍ ഡച്ച്‌ നോമിനേഷന്‍ ആയിരുന്നു പ്രസ്തുത ചിത്രം.അധികം അതിശയോക്തി ഒന്നുമില്ലാതെ ‘സമൂഹവും കുറ്റവാളികളും’ എന്ന വിഷയത്തില്‍ പഠിക്കാന്‍ ഏറെയുണ്ട് ഈ ചിത്രം.

 847.Lucia de B
  Dutch,2014
Crime,Drama

MHV Rating:✪✪✪✪

Director: Paula van der Oest
Writers: Moniek Kramer , Tijs van Marle
Stars: Marwan Kenzari, Sallie Harmsen, Barry Atsma

846.FORGOTTEN(KOREAN,2017)

‘Forgotten’: ഓര്‍മകളിലേക്ക് ഉള്ള ഒരു കൊറിയന്‍ സിനിമ യാത്ര.

മഴയുള്ള ആ രാത്രി ആയിരുന്നു സിയോക് യൂവിനെ വാനില്‍ വന്ന ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നത് സഹോദരന്‍ ആയ സിയോക് ജിന്‍ കാണുന്നത്.അവനെ കൊണ്ട് ശ്രമിക്കാവുന്നത്ര നോക്കിയിട്ടും സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സഹോദരന്‍ തിരിച്ചെത്തിയപ്പോള്‍ സിയോക് ജിന്നിന് സംശയങ്ങള്‍ ഏറി.തിരികെ വന്നത് തന്റെ സഹോദരന്‍ ആണോ?തന്റെ ചുറ്റും ഉള്ളവര്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ?അതോ എല്ലാം തന്റെ തോന്നല്‍ ആണോ?താന്‍ കഴിക്കുന്ന മരുന്നുകള്‍ ആണോ തന്നെ കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്നത്?

    ‘Forgotten’ എന്ന കൊറിയന്‍ ചിത്രത്തിന്റെ മൂല കഥ ഇതാണ്.സന്തോഷകരമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കുടുംബത്തില്‍ ഇളയ പുത്രനായ സിയോക് ജിന്നിന്റെ റോള്‍ മോഡല്‍ മൂത്ത സഹോദരന്‍ ആയ സിയോക് യൂവാണ്.മികവിന്റെ അടയാളമായി അവന്‍ എന്നും നോക്കി കാണുന്നത് എന്നും സ്വന്തം സഹോദരനെ ആണ്.എന്നാല്‍ പുതിയ താമസ സ്ഥലത്ത് എത്തിയതിനു ശേഷം നടന്ന സംഭവങ്ങള്‍ വിചിത്രമായി സിയോക് ജിന്നിന് തോന്നി തുടങ്ങി.ഒരു കൊറിയന്‍ മിസ്റ്ററി ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന എല്ലാം ചിത്രം തുടക്കം നല്‍കുന്നുണ്ട്.

  എന്നാല്‍ ചിത്രം അപ്രതീക്ഷിതമായി വേറെ ഒരു തലത്തിലേക്ക് പിന്നീട് മാറുന്നുണ്ട്.അത് വരെ മുന്നില്‍ കണ്ടു കൊണ്ടിരുന്ന കഥയില്‍ നിന്നും മാറുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍.കഥയിലെ നിഗൂഡതകള്‍ ഏറെയാണ്‌.പലതും അത് വരെ കണ്ടു കൊണ്ടിരുന്ന കഥാപാത്രങ്ങളുടെ വ്യക്തിത്വം പോലും മാറ്റി മറിയ്ക്കുന്നവ.പ്രേക്ഷകനെ ഒരു കറുത്ത തുണി കൊണ്ട് കണ്ണ് മൂടിക്കെട്ടി പിന്നീട് തുറന്നു കാണിക്കുന്ന ഒരു പ്രതീതി.ആ കാഴ്ചകള്‍ സിനിമയുടെ അവസാന പേരുകള്‍ എഴുതി കാണിക്കുന്നത് വരെ തുടരുന്നു.’It seemed predictable at first.But a total changeover in story happened later’

  സിനിമയുടെ അവതരണ രീതികളില്‍ വലിയ വ്യത്യസ്തത ഒന്നും അവകാശപ്പെടാന്‍ ‘Forgotten’ നു കഴിയില്ല.ഭൂരിഭാഗവും മഴയും ഇരുട്ടും നിരങ്ങ ‘ക്ലീഷേ’ ആണ്.പക്ഷേ അവതരിപ്പിച്ച കഥ,അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ എല്ലാം ചേര്‍ന്ന് മികച്ച ഒന്നായി മാറ്റിയിരിക്കുന്നു.കൊറിയന്‍ സിനിമയുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും!!

846.Forgotten
       Korean,2017
      Mystery

MHV Rating✪✪✪½

Director: Hang-jun Zhang
Writer: Hang-jun Zhang
Stars: Ha-Neul Kang, Mu-Yeol Kim, Seong-kun Mun 

845.LIMITLESS(ENGLISH,2011)

“Limitless’ ബുദ്ധിയുടെ അതിരുകള്‍ ഭേദിച്ച എഡിയുടെ കഥ.

  IQ (Intelligence Quotient)-മനുഷ്യ ബുദ്ധിയുടെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം.മനുഷ്യരില്‍ അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വ്യത്യസ്തപ്പെട്ടിരിക്കും.പല പ്രവൃത്തികളിലും ഉള്ള മികവിന്റെ വ്യതിയാനത്തിന് കാരണ ഹേതു ഇത്തരം ഒരു കഴിവിന്റെ വ്യത്യാസം ആയിരുന്നിരിക്കണം.എന്തായാലും പല പരീക്ഷകളിലും IQ പരീക്ഷിക്കാന്‍ ഉള്ള മാര്‍ഗത്തില്‍ രൂപപ്പെടുത്തിയ ചോദ്യങ്ങള്‍ കാണാന്‍ സാധിക്കും.ഒരു കാര്യത്തെ കുറിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ ഉള്ള അവലോകനം നടത്താന്‍ കഴിയുന്നതും ഇത്തരം ഒന്നിന്റെ ഏറ്റ കുറച്ചിലുകള്‍ കാരണം ആയിരിക്കും.

4 അക്കങ്ങളില്‍ ഉള്ള IQ ഏതൊരാളെയും മോഹിപ്പിക്കുന്ന ഒന്നാണ്.സാധാരണ രീതിയില്‍ എത്തി ചേരാന്‍ ബുദ്ധിമുട്ടുള്ള അസാമാന്യ ബുദ്ധിപാടവം നേടാന്‍ ഒരു മരുന്നിനു കഴിഞ്ഞാലോ?എഡി മൊറ (Bradley Cooper) നു പഴയ ഒരു പരിചയക്കാരനില്‍ നിന്നും FDA അപ്രൂവ് ചെയ്ത ഗുളിക ആണെന്നും പറഞ്ഞു NZT-48 ലഭിക്കുന്നു.തന്റെ പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്ന എഡി ,എന്നാല്‍ തനിക്കു നേരിടേണ്ടി വന്ന Writer’s Block കാരണം ആകെ നിരാശന്‍ ആയിരുന്നു.എന്നാല്‍ NZT-48 കഴിക്കുന്നതോടെ അയാള്‍ക്ക്‌ ലഭ്യം ആകുന്നതു സ്വപ്നതുല്യം ആയ ഒരു ജീവിതം ആയിരുന്നു.

   പണ്ട് വെറുതെ വായിച്ചും അറിഞ്ഞും പോയത് പോലും അയാള്‍ക്ക്‌ മുഴുവന്‍ രൂപത്തില്‍ തന്നെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ സാധിച്ചു.പുസ്തകം വളരെ പെട്ടെന്ന് തന്നെ എഴുതി തീര്‍ത്ത എഡി പിന്നീട് പണം ഒഴുകുന്ന വലിയ ബിസിനസുകളിലെക്കും തന്റെ പുതിയ കഴിവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു.ഏതൊരു കാര്യത്തിനും മോശം വശം ഉണ്ടെന്നത് പോലെ ആ മരുന്നിനും ഉണ്ടായിരുന്നു മോശം വശം.ആരോഗ്യപരമായും,എന്തിനു സ്വന്തം ജീവന്‍ പോലും അപായപ്പെടുത്താന്‍ കഴിയുന്ന ഇരുതല മൂര്‍ച്ച ഉള്ള വാളായിരുന്നു NZT-48 എന്ന് എഡി മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകിയിരുന്നു.താന്‍ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും അയാള്‍ക്ക്‌ രക്ഷപ്പെടാന്‍ സാധിക്കുമോ?എഡിയുടെ ജീവിതം ഇനി എന്തായി തീരും?ആ കഥയാണ് ‘Limitless’ അവതരിപ്പിക്കുന്നത്‌.

ബ്രാഡ് കൂപ്പരിനോപ്പം റോബര്‍ട്ട് ഡി നീറോയും ശ്രദ്ധേയമായ ഒരു വേഷം ചെയ്ത Limitless ആക്ഷന്‍/സയന്‍സ് ഫിക്ഷന്‍ എന്ന രീതിയില്‍ വളരെയധികം മികവു പുലര്‍ത്തുന്നു.ജീവിതത്തിലെ ഏറ്റവും നിരശജനകാമായ അവസ്ഥയില്‍ നിന്നും പുതിയ ജീവിതം ലഭിച്ച എഡി എന്ന കഥാപാത്രം മികച്ചതായിരുന്നു.ഒരു മനുഷ്യന്റെ എല്ലാ ദൌര്‍ബല്യങ്ങളും,പ്രത്യേകിച്ച് ഇത്തരം ഒരു കഴിവ് കിട്ടുമ്പോള്‍ ചിത്രത്തില്‍ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.അലന്‍ ഗ്ലിന്‍ രചിച്ച ‘Dark Fields’ എന്ന നോവലാണ്‌ ചിത്രത്തിനാധാരം.

Finalizando:-സമാനമായ പ്രമേയവുമായി വന്ന ചിത്രങ്ങളില്‍ മികച്ചവയില്‍ ഒന്നാണ് Limitless.ഒരു സിനിമ എന്ന നിലയില്‍ വളരെ വേഗതയേറിയ ആഖ്യാന രീതി സിനിമയെ ഏതൊരു പ്രേക്ഷകനും കൂടുതല്‍ താല്‍പ്പര്യം ഉള്ളതാക്കി മാറ്റും.കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്ന്!!

845.Limitless
Action,Sci-Fi,Mystery

MHV Rating:✪✪✪½

Director: Neil Burger
Writers: Leslie Dixon (screenplay), Alan Glynn (novel)
Stars: Bradley Cooper, Anna Friel, Abbie Cornish

844.THE OUTLAWS(KOREAN,2017)

സിയോളിനെ ഭയപ്പെടുത്തിയ യഥാര്‍ത്ഥ ഗുണ്ടാ സംഘങ്ങളുടെ കഥ:’The Outlaws’

    കൊറിയന്‍-ചൈനീസ് വംശജരുടെ ‘Black Dragon Gang’ പണത്തിനായി എന്തും ചെയ്യും.ഒരു ദാക്ഷിണ്യവും ഇല്ലാതെ അവര്‍ മരിക്കുന്നത് വരെ മനുഷ്യ ശരീരത്തില്‍ അവരുടെ ആയുധങ്ങള്‍ കയറ്റി ഇറക്കും ഒരു മാതിരി ഉന്മാദാവസ്ഥയില്‍ ഉള്ളവരെ പോലെ.നിലവില്‍ അവരവരുടെ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ പ്പോലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായി.ജാംഗ് ചെന്‍ (Yoon Kye-Sang) ആണ് അവരുടെ സംഘത്തലവന്‍.ക്രൂരതയുടെ പര്യായം എന്നൊക്കെ പറയാവുന്ന കഥാപാത്രം.

   2007 ല്‍ സിയോളില്‍ പോലീസ് ഇത്തരത്തില്‍ ഉള്ള ഗുണ്ടാ സംഘങ്ങളെ തകര്‍ക്കാന്‍ ആയി നടത്തിയ “Heuksapa Incident” നെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്‍ ആയ മാ സുക് ഡോ(Ma Dong-Seok) ആണ് ചിത്രത്തില്‍ പോലീസിന്റെ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.മാ ദോംഗ് സിയോക്കിന്റെ മികവുറ്റ,മാസ് എന്നൊക്കെ വിളിക്കാവുന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍.കൊറിയന്‍ വേരുകള്‍ ഉള്ള ചൈനീസ് വംശജര്‍ അവരുടെ വാസസ്ഥലമായി സിയോളില്‍ ഒരു ‘ചൈന ടൌണ്‍’ തന്നെ നിര്‍മിച്ചിരുന്നു.
പോലീസ് നേരത്തെ ഉള്ള ഗുണ്ടാ സംഘങ്ങളെ തന്ത്രപരമായി തന്നെ അധികം ആക്രമണങ്ങളില്‍ ഏര്‍പ്പെടുത്താതെ നിയന്ത്രിച്ചിരുന്ന സമയം ആണ് എല്ലാവരുടെയും ശത്രു ആയി ‘Black Dragon Gang’ അവിടേക്ക് വരുന്നത്.അവരുടെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം ക്രൂരതകള്‍ തുടങ്ങിയപ്പോള്‍ എല്ലാവരുടെയും ഉദ്ദേശം ഒന്ന് മാത്രമായി.ബാധിക്കപ്പെട്ട എല്ലാവരും പുതിയ ഗ്യംഗിന്റെ അവസാനത്തിനായി പരിശ്രമിക്കുന്നു പോലീസുകാരുടെ സഹായത്തോടെയും അല്ലാതെയും.തീര്‍ച്ചയായും രക്തം ധാരാളം ഒഴുകും.ആ രക്തചൊരിച്ചിലിന്റെ കഥയാണ് ‘The Outlaws’ ബാക്കി അവതരിപ്പിക്കുന്നത്‌.

  ഒരു ഗാംഗ്സ്ട്ടര്‍ ചിത്രം എന്ന നിലയിലുപരി മികച്ച ഒരു ത്രില്ലര്‍ കൂടി ആണ് ‘The Outlaws’.പൊതുവേ ക്രൂരതയുടെ പര്യായമായി പലപ്പോഴും ചിത്രീകരിക്കപ്പെട്ട ചൈനീസ് കൊറിയന്‍ വംശജരുടെ പ്രവൃത്തികളുടെ നേര്‍പ്പതിപ്പ് എന്ന നിലയില്‍ ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.സ്വതവേ ഗാംഗ്സ്ട്ടര്‍ ചിത്രങ്ങളില്‍ ‘ഗോഡ് ഫാദര്‍’ സിനിമയുടെ അനുകരണങ്ങള്‍ കാണപ്പെടുമെങ്കിലും ഇവിടെ അത്തരത്തില്‍ ഉള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടും ഉണ്ട്.ഇടയ്ക്കിടെ കടന്നു പോകുന്ന ബ്ലാക്ക് ഹ്യൂമറിലൂടെ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.ഒരിക്കല്‍ കണ്ടു മറക്കാവുന്ന ചിത്രങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് ‘The Outlaws’.വയലന്‍സ് രംഗങ്ങള്‍ ഒക്കെ ചിത്രത്തിന്റെ പ്രമേയത്തോട് തീര്‍ച്ചയായും ഒത്തു ചേര്‍ന്ന് പോകുന്നുണ്ട്.

  Finalizando:-സ്ഥിരം കൊറിയന്‍ ഗാംഗ്സ്ട്ടര്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായി കഥാപാത്രങ്ങളുടെ വ്യക്തിപരമായ അധികം detailing ഇല്ലാതെ പൂര്‍ണമായും അതിഭാവുകത്വം ഏറെ ഇല്ലാതെ ഒരു സിനിമ എന്ന മീഡിയയോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട് ‘The Outlaws’.തീര്‍ച്ചയായും കാണാന്‍ താല്‍പ്പര്യമുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയത്!!

844.The Outlaws
Korean,2017
Thriller,Action,Crime

MHV Rating:✪✪✪✪

Director: Yoon-Seong Kang
Stars: Ma Dong-Seok,Gwi-hwa Choi, Sun-gyu Jin, Jae-yoon Jo

movieholicviews.blogspot.ca

Design a site like this with WordPress.com
Get started