795.INCENDIES(FRENCH,2010)

795.INCENDIES(FRENCH,2010),|Mystery|Drama|War|,Dir:-Denis Villeneuve,*ing:-Lubna Azabal, Mélissa Désormeaux-Poulin, Maxim Gaudette.

    നവാല്‍ മര്‍വാന്‍ തന്‍റെ മരണത്തിനു ശേഷം ഇരട്ടകള്‍ ആയ തന്‍റെ മക്കള്‍ക്ക്‌ വേണ്ടി എഴുതിയ വില്‍പത്രത്തില്‍ ഉണ്ടായിരുന്നത് അവര്‍ക്കുള്ള സ്വത്തു വിവരങ്ങള്‍  മാത്രമല്ലായിരുന്നു.അറിയപ്പെടാത്ത അവരുടെ ജീവിതം കൂടിയായിയിരുന്നു.കാനഡയില്‍ കുടിയേറിപ്പാര്‍ത്ത നവാല്‍ അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തന്‍റെ മക്കളെ നിര്‍ബന്ധിതരാക്കുന്നു.അധികമാര്‍ക്കും അറിയാത്ത അവരുടെ മുന്‍ക്കാല ജീവിതം,അവരുടെ രാഷ്ട്രീയം,പ്രണയം,ജീവിതത്തിലെ ദുരിതങ്ങള്‍ എന്നിവയെല്ലാം അവരുടെ മരണത്തിനു ശേഷം പ്രാധാന്യമേറി വരുന്നു.

   തന്‍റെ വില്‍പ്പത്രത്തില്‍ ജീന്‍ മര്‍വാനും,സൈമണ്‍ മര്‍വാനും ആയി നീക്കി വച്ചവയില്‍ രണ്ടു എഴുത്തുകളും ഉണ്ടായിരുന്നു.ഒന്ന് അവരുടെ പിതാവിനെ കണ്ടെത്തി അയാള്‍ക്ക്‌ കൊടുക്കാന്‍.മറ്റൊന്ന് അവര്‍ക്ക്  ഒരിക്കലും അറിയാത്ത തങ്ങളുടെ സഹോദരനെ കണ്ടെത്തി അയാളെ ഏല്‍പ്പിക്കാന്‍ ഉള്ളത് .സൈമണ്‍ തന്‍റെ അമ്മയുടെ ഭ്രാന്തിനെ അവഗണിക്കാന്‍ ശ്രമിക്കുന്നെങ്കിലും നോട്ടറി ആയ ലെബേലും സഹോദരി ജീന്‍ മര്‍വാനും ,നവാലിന്റെ ആഗ്രഹം തന്നെ നടക്കണം എന്ന് വാശി പിടിക്കുന്നു.നവാലിന്റെ ആവശ്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടലുകളില്‍ നിന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിക്കാനായുള്ള അന്വേഷണം തുടരുന്നതായാണ് Incendies എന്ന ഫ്രഞ്ച്-കനേഡിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌,മനുഷ്യന്റെ ദുരൂഹവും ഒരിക്കലും മനസ്സിലാകാന്‍ സാധിക്കാത്ത മനുഷ്യന്റെ വിധിയെ കുറിച്ചും ആണ്.ആരോടും പരിഭവങ്ങള്‍ പറയാനും ചോദ്യം ചെയ്യാനും സാധിക്കാന്‍ കഴിയാത്ത വിധി.സാഹചര്യങ്ങളുടെ സ്വാധീനം മാത്രമായിരിക്കാം ഒരു പക്ഷെ ഓരോ മനുഷ്യന്റെയും വിധിയെ തീരുമാനിക്കുന്നത് എന്നതിന് അടിവരയിടുന്നു ചിത്രത്തില്‍ പലയിടത്തും.

   തന്‍റെ പ്രണയത്തിനു പകരമായി നവാലിനു നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ടവനെ ആണ്.കുടുംബത്തിന്റെ മാന്യത തകര്‍ത്തൂ എന്ന് പറഞ്ഞു നവാലിന്റെ സഹോദരന്മാര്‍ നടത്തിയ കൊലപാതകം.അവളുടെ പ്രണയത്തിന്‍റെ അടയാളമായി ലഭിച്ച ആണ്ക്കുഞ്ഞിനെ ജനിച്ചയുടന്‍ തന്നെ അവള്‍ക്കു ഉപേക്ഷിക്കേണ്ടി വരുന്നു,ജീവിതത്തില്‍ മറ്റു പലതും നേടാം എന്ന ഉപാധിയോടെ.ഒരമ്മ എന്ന നിലയില്‍ നവാല്‍ ആ സാഹചര്യത്തില്‍ തീര്‍ത്തും ബലഹീന ആയിരുന്നു.എന്നാല്‍ പിന്നീട് ലഭിച്ച പുതു ജീവിതത്തില്‍ അവര്‍ രാഷ്ട്രീയവും സാമൂഹികവുമായ ഐക്യപ്പെടലുകള്‍ നടത്തുന്നു.ഒപ്പം എന്നെങ്കിലും തനിക്കു നഷ്ടമായ കുഞ്ഞിനെ തിരികെ കണ്ടെത്തും എന്ന വിശ്വാസത്തോടെ.

  നവാല്‍ തന്‍റെ രക്തത്തെ കണ്ടെത്തുമോ എന്ന ചോദ്യം പ്രേക്ഷകനില്‍ ഉണ്ടാകുമ്പോള്‍ ,ആ ഉത്തരം നല്‍കുന്ന അടുത്ത ചോദ്യമാണ് ഒരിക്കലും പൂരിപ്പിക്കാന്‍ ആകാത്ത സമസ്യ പോലെ അവസാനിക്കുന്നതും.ഒരിക്കലും ചേര്‍ക്കാന്‍ കഴിയാത്ത ഒരു കണക്കു കൂട്ടല്‍.പ്രത്യേകിച്ചും പരിഷ്കൃത സമൂഹത്തില്‍ നീചമായി കരുതുന്ന പലതിനെയും അറിഞ്ഞു കൊണ്ട് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.ദുരൂഹമായ നവാല്‍ മര്‍വാന്റെ സംഭവബഹുലം ആയ കഥയാണ് Incendies അവതരിപ്പിക്കുന്നത്‌.

  ടെന്നീസ് വില്ലേനൂവിന്റെ അസാധാരണമായ സംവിധായക മികവില്‍ കുത്തുകള്‍ യോജിപ്പിച്ച് ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന ഒരു കളി പോലെയാണ് Incendies ന്‍റെ അവതരണം.വില്ലേനൂവിന്റെ ചിത്രങ്ങളില്‍ പലപ്പോഴുംകാനുന്ന ദുരൂഹതയേറിയ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഇവിടെയും അന്യമല്ല.യാഥാസ്ഥിക കുടുംബങ്ങളില്‍ ഒരു പെണ്‍ക്കുട്ടിയുടെ പ്രണയം അവള്‍ക്കു ജീവിതം മുഴുവന്‍ ബാധ്യതയായി തീരുന്നതും,സംഘര്‍ഷഭരിതം ആയ, അജ്ഞാതമായ ആ രാജ്യത്തെ കലാപങ്ങള്‍ എല്ലാം രാഷ്ട്രീയമായും സാമൂഹികമായും പലതിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നു.

“1+1=2” ആണെന്നാണ്‌ പഠിച്ചിട്ടുള്ളത്.എന്നാല്‍ സാധാരണ ഗതിയില്‍ ഒരിക്കലും ശരിയാകാത്ത  ഒന്നാണ് “1+1=1”.പക്ഷേ
ന്യായീകരിക്കാന്‍ ആകാത്ത തെറ്റുകളുടെ മേലെ ഉള്ള സത്യങ്ങളുടെ കണക്കുകള്‍ പലപ്പോഴും ഇങ്ങനെ ആണ്.അജ്ഞാതമായ,നിഗൂഡതകള്‍ ഏറെയുള്ള തെറ്റുകളുടെ സൂത്ര വാചകം.

794.MISHAWR RAWHOSHYO(BENGALI,2013)

794.MISHAWR RAWHOSHYO(BENGALI,2013),|Mystery|Thriller|Adventure|,Dir:-Srijit Mukherji,*ing:-Prasenjit Chatterjee, Indraneil Sengupta, Rajit Kapoor.

    ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തി ചേരാന്‍ ഉള്ള വഴിയായി താരങ്ങളും അല്ലെങ്കില്‍ ആരാധകരും തിരഞ്ഞെടുക്കുന്ന വഴി ആ അഭിനേതാവിന്റെ ആയി വരുന്ന മാസ്/ആക്ഷന്‍ സിനിമയായിരിക്കും.പൊതുവായി പറയുന്നു എന്നതിനപ്പുറം ഇതിന്റെ ആധികാരികത ഒന്നും അവകാശപ്പെടുന്നില്ല.പക്ഷെ അങ്ങനെ ഒരു ചിന്ത ശക്തമായി ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.നിര്‍മാതാക്കള്‍ക്ക് ഒരു താരത്തിന്റെ വില അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാകും അത്.

  എന്നാല്‍ ബംഗാളി സിനിമയില്‍ ഇത്തരത്തില്‍ ഒരു നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലു എന്ന് പറയുന്നത് ഐതിഹാസിക ഡിട്ടക്ട്ടീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കപ്പെടുമ്പോള്‍ ആണെന്ന് തോന്നുന്നു.ശക്തവും പ്രശസ്തവുമായ ധാരാളം കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ബംഗാളില്‍ നിന്നും പിറവി കൊണ്ടിട്ടുണ്ട്.ശരദിന്ദു ബന്ധോപധയുടെ ബ്യോമ്കേഷ്,സത്യജിത് റേയുടെ ഫെലുദ,സുനില്‍ ഗംഗോപധ്യയുടെ കക്കാബന്ദു എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.പലപ്പോഴും വായനയിലൂടെ പ്രേക്ഷകര്‍ക്ക്‌ പരിചിതര്‍ ആയവര്‍ പിന്നീട് ബംഗാളിന്റെ സിനിമ സംസ്ക്കാരത്തിന്റെ കൂടെ ഭാഗമായി തീര്‍ന്നൂ എന്ന് വേണം പറയാന്‍.

   ഇജിപ്തില്‍ നടന്ന ഭരണ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു രഹസ്യം കണ്ടുപ്പിടിക്കാന്‍ കക്കബന്ധുവും അദ്ധേഹത്തിന്റെ ബന്ധുവായ ശോന്തുവും ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇജിപ്റ്റിലെ ഏകാധിപത്യ ഭരണം അവസാനിക്കുന്ന ദിവസങ്ങളില്‍ ആരംഭിക്കുന്ന സിനിമയുടെ കഥയില്‍ നിന്നും അല്‍പ്പം പുറകോട്ടു പോകുമ്പോള്‍ 2010ല്‍ അല്‍ മാമൂന്‍ എന്ന ബിസിനസ്സുകാരന്‍, അയാളുടെ ഗുരുവും കലാപങ്ങളിലെ സൂത്രധാരനും ആയ മുഫ്തി മുഹമ്മദ്‌ അബോധാവസ്ഥയില്‍ കുറിച്ചിട്ട Hieroglyphic അടയാളങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുന്നു.

  കലാപത്തിന്റെ ഇടയില്‍ മുഫ്തി മുഹമ്മദിന്റെ പക്കല്‍ എത്തി ചേര്‍ന്ന നിധിയുടെ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് അത് എന്ന് അല്‍ മാമൂന്‍ സംശയിക്കുന്നു.അത് കൊണ്ട് അതിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ കക്കബന്ധുവിനെ സമീപിക്കുന്നു.എന്നാല്‍ കക്കാബന്ദു ആ അഭിപ്രായത്തോട് യോജിക്കുന്നില്ല.ഡല്‍ഹിയില്‍ ഉള്ള മുഫ്തി മുഹമ്മദിനെ സന്ദര്‍ശിച്ച ശേഷം കക്കാബന്ദു ശോന്തോയുടെ ഒപ്പം ഇജിപ്തിലേക്ക് യാത്രയാകുന്നു ആ അടയാളങ്ങളുടെ രഹസ്യം കണ്ടെത്താന്‍.ഇതേ സമയം മുഫ്തിയുടെ മറ്റൊരു ശിഷ്യനും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഹാനി അല്‍ ഖദിയും ആയി കക്കാബന്ദു പരിചയത്തില്‍ ആകുന്നു.അഭിപ്രായ വ്യത്യാസങ്ങളെയും വിശ്വാസമില്ലായും മൂലം അല്‍ മാമൂനും ഹാനിയും ഇപ്പോള്‍ ശത്രുക്കള്‍ കൂടിയാണ്.

   കക്കാബന്ദു മുഫ്തി മുഹമ്മദിന്റെ അവ്യക്തമായ അടയാളങ്ങള്‍ കണ്ടെത്തുമോ ?അതിന്റെ രഹസ്യം എന്താണ്?ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം അറിയാന്‍ ചിത്രം കാണുക.തൊണ്ണൂറുകളിലെ ബാല പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തില്‍ ഉള്ള കഥകളും കഥാപാത്രങ്ങളും ധാരാളം വന്നിരുന്നു.അത്തരത്തില്‍ ഉള്ള ഒരു നൊസ്റ്റാള്‍ജിയയുടെ അകമ്പടിയോടെ ആണ് ഇത്തരം കഥാപാത്രങ്ങളെ പലപ്പോഴും അവതരിപ്പിക്കുക.എന്നാല്‍ 1979ല്‍ രൂപകല്‍പ്പന ചെയ്ത കഥാപാത്രത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നന്നായി ഇളക്കി പ്രതിഷ്ടിച്ചിരിക്കുന്ന ഈ ചിത്രത്തില്‍.

  ബംഗാളി സിനിമയില്‍ വന്‍ വിജയങ്ങളില്‍ ഒന്നായി തീര്‍ന്ന ഈ പ്രസേന്ജിത് ചാറ്റര്‍ജി ചിത്രം സമാനമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ,സ്ഥിരം ഷെര്‍ലോക്ക് ഹോംസ് pattern ആണ് പിന്തുടര്‍ന്നതെങ്കിലും ഇത്തരത്തില്‍ ഉള്ള കഥകള്‍ വായനയിലൂടെയും സിനിമകളിലൂടെയും ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് മികച്ചതായി തന്നെ അനുഭവപ്പെടും.ഈ ചിത്രത്തിന്റെ അടുത്ത ഭാഗം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു.”യതി ഒഭിജാന്‍” എന്ന പേരില്‍.ശ്രീജിത്ത്‌ മുഖര്‍ജി തന്നെയായിരുന്നു അതിന്റെയും സംവിധാനം ഒപ്പം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും.

793.THE OTHERS(ENGLISH,2001)

793.THE OTHERS(ENGLISH,2001),|Thriller|Mystery|Horror|,DIr:-Alejandro Amenábar,*ing:-Nicole Kidman, Christopher Eccleston, Fionnula Flanagan.

   രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് The Others അവതരിപ്പിക്കുന്നത്‌.ഹൊറര്‍ ചിത്രങ്ങള്‍ക്ക് പൊതുവായി ഉള്ള പല ക്ലീഷേകളും ഒരു പരിധി വരെ മാറ്റി വച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഹൊറര്‍ ചിത്രം എന്ന ലേബലില്‍ നിന്നും മാറി കൂടുതലായി മിസ്റ്ററി/ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് The Others.

    ഗ്രേസ് അവളുടെ രണ്ടു മക്കളുമായി ചാനല്‍ ദ്വീപുകളില്‍ ഒന്നായ  ജേര്‍സിയിലെ ആ വലിയ ബംഗ്ലാവില്‍ കഴിയുന്നു.മക്കളായ അന്നയും നിക്കോളാസും Xeroderma Pigmentosum എന്ന ജനിതക രോഗം മൂലം സൂര്യ പ്രകാശത്തില്‍ നിന്നും അകന്നാണ് ജീവിക്കുന്നത്.ഗ്രേസ് വീടുകളുടെ ജനാലകള്‍ മുഴുവന്‍ കട്ടിയേറിയ കര്‍ട്ടനുകള്‍ ഉപയോഗിച്ച് അവിടെ ഉള്ള ഇരുട്ട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.കത്തോലിക്കാ വിശ്വാസിയായ ഗ്രേസ് ബൈബിള്‍ പ്രകാരം ആണ് ജീവിക്കുന്നത്.കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള അവരുടെ പല ഉത്തരങ്ങളും ബൈബിള്‍ അനുസരിച്ചായിരുന്നു അവര്‍ നല്‍കിയിരുന്നത്.

   മകളായ അന്ന എന്നാല്‍ പലപ്പോഴും ഗ്രേസിന്റെ ചിന്തകളോട് യോജിക്കുന്നില്ലായിരുന്നു.പ്രത്യേകിച്ചും അവള്‍ ആ വീട്ടില്‍ അവള്‍ക്കു മാത്രം കാണാനും സംസാരിക്കാനും സാധിക്കുന്ന വിക്റ്റര്‍ എന്ന ആണ്ക്കുട്ടി.എന്നാല്‍ അന്നയുടേത് വെറും കള്ളക്കഥകള്‍ ആണെന്നാണ് ഗ്രേസ് പറയുന്നത്.ആ ബംഗ്ലാവിലേക്ക് ഒരു ദിവസം ജോലി അന്വേഷിച്ചു മൂന്നു പേര്‍ എത്തി ചേരുന്നു.ഗ്രേസ് അവര്‍ക്ക് ജോലി നല്‍കുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിനകം പത്രത്തില്‍ കൊടുക്കാനായി ഗ്രേസ് ജോലിക്കാരെ അന്വേഷിച്ചുള്ള എഴുത്ത് പോസ്റ്റ്മാന്‍ കൊണ്ട് പോയിട്ടില്ല എന്ന് മനസ്സിലാക്കുമ്പോള്‍ പുതുതായി വന്ന മൂന്നു പേരെയും സംശയിക്കുന്നു.അവര്‍ അത് സമ്മതിക്കുകയും,മറ്റെന്തെങ്കിലും പറയുന്നതിന് മുന്‍പ് ഗ്രേസ് അവര്‍ പരസ്യം കണ്ടു എത്തിയതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതായി അറിയിക്കുന്നു.അവര്‍ അവിടെ തുടരുന്നു.

  ഗ്രേസിന്റെ ഭര്‍ത്താവായ ചാള്‍സ് യുദ്ധത്തിനായി പോയിട്ട് ഇത് വരെ മടങ്ങി വന്നിരുന്നില്ല.ഗ്രേസ് അയാളെയും കാത്തു കൊണ്ട് ആ ദ്വീപില്‍ കഴിയുമ്പോള്‍ ആണ് അവിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍,മറ്റാരുടെയോ ഒക്കെ സാന്നിധ്യം മുതലായവ അനുഭവപ്പെടുന്നത്.ഭയചകിതയായ ഗ്രേസ് തന്‍റെ വിശ്വാസങ്ങളില്‍ നിന്നും അല്‍പ്പം പിന്നോട്ട് പോവുകയും തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ നേരിടാനും ശ്രമിക്കുന്നു.ഈ സമയമാണ് പുതുതായി വന്ന ജോലിക്കാരെ കുറിച്ച് അവള്‍ ചില സത്യങ്ങള്‍ മനസ്സിലാക്കുന്നത്.എന്തായിരുന്നു ആ സത്യങ്ങള്‍?ഗ്രേസിന്റെ നിലനില്‍പ്പ്‌ തന്നെ ആശങ്കയില്‍ ആകുന്ന സംഭവങ്ങള്‍ ആണ് പിന്നീട് സംഭവിക്കുന്നത്‌.സാധാരണയായ ഒരു പ്ലോട്ടിനും അപ്പുറം നിഗൂഡതകള്‍ ഏറെ നിറഞ്ഞ കാഴ്ചകള്‍ ആണ് പ്രേക്ഷകനെ പിന്നീട് കാത്തിരിക്കുന്നത്.

   ഹെന്‍റി ജെയിംസ് 1898ല്‍ എഴുതിയ The Turn of the Screw, എന്ന നോവലില്‍ നിന്നുമുള്ള പ്രചോദനം ഈ ചിത്രത്തിനുണ്ടായിരുന്നു.സ്പാനിഷ് ഭാഷയില്‍ ഒരു വാക്ക് പോലും സംസാരിക്കാത്ത ഈ ചിത്രം ,സ്പെയിനിലെ ദേശിയ പുരസ്ക്കാരമായ ഗോയ പുരസ്ക്കാരങ്ങളില്‍ 8 വിഭാഗത്തില്‍ വിജയി ആയി.ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം എന്ന് കൂടി വിളിക്കവുന്നത്ര സ്ക്കോപ്പ് ഈ ചിത്രത്തിനുണ്ട്.നമ്മള്‍ ജീവിക്കുന്ന ലോകം ,അത് യാഥാര്‍ത്ഥ്യം ആണോ അതോ മിഥ്യയില്‍ പണിതെടുത്ത ലോകമാണോ എന്നുള്ള സംശയം പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കാന്‍ The Others നു സാധിക്കും.കാരണം അതിന്റെ പശ്ചാത്തലം അത്തരത്തില്‍ ഒന്നാണ്.

792.WHO KILLED COCK ROBIN(MANDARIN,,2017)

792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko.

   നാടോടി പാട്ടുകളിലൂടെ  പ്രസിദ്ധിയാര്‍ജിച്ച കഥയുടെ  Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ്‌ പോലുമുണ്ട്.

     Who Killed Cock Robin  എന്ന തായ്‌വാന്‍ ചിത്രം മേല്‍പ്പറഞ്ഞ കവിത പോലെ ആണ്.അസാധാരണമായ രീതികളിലൂടെ ,ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു അപകടം ,അതില്‍ ഉള്‍പ്പെട്ടിരുന്ന പലരുടെയും മാറിയ ജീവിത സാഹചര്യത്തില്‍ അവരെ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനോടൊപ്പം ദുരൂഹതകള്‍ ഏറെ ഉള്ള ഒന്നായി മാറുന്നു.

   വാംഗ് ഒരു പത്രപ്രവര്‍ത്തകനാണ്.വാര്‍ത്തകള്‍ കണ്ടെത്താന്‍ വേണ്ടി സാഹസികതകള്‍ക്ക് മടിക്കാത്ത യുവാവ്.ഒരു ദിവസം അപകടത്തില്‍പ്പെടുന്ന വാങ്ങിന്റെ Second-hand കാര്‍ മെക്കാനിക് പരിശോധിച്ചപ്പോള്‍ ആണ് അയാള്‍ ആ സത്യം മനസ്സിലാക്കുന്നത്.പണ്ട് അപകടത്തില്‍ ഉള്‍പ്പെട്ട വണ്ടിയുടെ എഞ്ചിനും ആ വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് വാങ്ങിന്റെ കയ്യില്‍ ഉള്ള ഇപ്പോഴത്തെ കാര്‍.അന്നത്തെ അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ ആണ് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാംഗ് ദൃക്സാക്ഷി ആകേണ്ടി വന്ന ഒരു അപകടവും ആ കാറുമായി ബന്ധം ഉണ്ടെന്നു മനസ്സിലാകുന്നത്‌.

   അതെ സമയത്ത് വാംഗിന്റെ ഒരു പിഴവ് മൂലം ജോലി നഷ്ടപ്പെടുന്നു.അയാള്‍ അന്ന്  അപകടം നടന്ന സമയത്ത് എടുത്ത അവ്യക്തമായ ഫോട്ടോ ഉപയോഗിച്ച്  സംഭവങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു.എന്നാല്‍ സംഭവം വിചാരിക്കുന്ന പോലെ അല്ലായിരുന്നു.സാധാരണ ഒരു അപകടം ആയി എല്ലാവരും കരുതിയിരുന്ന ആ സംഭവത്തിന്‌ ദുരൂഹതകള്‍ ഏറെ ഉണ്ടായിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങള്‍,വ്യക്തികള്‍ എല്ലാം ഈ അപകടത്തില്‍ പങ്കുണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന പലരും അവരുടെ മറ നീക്കി പുറത്തു വരുന്നു.അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?വാംഗ് കണ്ടെത്തുന്ന സത്യങ്ങള്‍ ആരെയെല്ലാം ബാധിക്കുന്നു?വാംഗിന് ഈ സംഭവങ്ങളില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ വല്ലതും ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  പലപ്പോഴും സത്യവും മിഥ്യയും ആയി ധാരാളം വേര്‍ഷനുകള്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.വളരെ എളുപ്പം മനസ്സിലാകും എന്ന് ചിന്തിക്കുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.എന്നാല്‍ ഓരോ കഥാപാത്രവും ഈ സംഭവവും ആയുള്ള ബന്ധം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന്‍ അല്‍പ്പമെങ്കിലും കുഴപ്പത്തില്‍ ആകും.അന്ന് നടന്ന യഥാര്‍ത്ഥ സംഭവം എന്താണ് എന്നുള്ളത് എന്ന്.സിനിമയുടെ അവസാന ഭാഗങ്ങളില്‍ ചിത്രം വ്യക്തമാകുമ്പോള്‍ അവിടെയും അപ്രതീക്ഷിതമായ നഷ്ടങ്ങളും ലാഭങ്ങളും മാത്രം.Realistic ആയി ചിത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി Handheld Camera ഉപയോഗിച്ചായിരുന്നു ഈ ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ഷൂട്ട്‌ ചെയ്തത്.അതിനു സംവിധായകന്‍ നല്‍കിയ വിശദീകരണം,പ്രേക്ഷകന്‍ അന്ന് നടന്ന അപകടം അവര്‍ നേരിട്ട് കണ്ട feel ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു എന്നതാണ്.

  അവസാനം Who Killed Cock Robin എന്ന നേഴ്സറി ഗാനം പോലെ ആര്?എന്തിനു?എങ്ങനെ? തുടങ്ങി ധാരാളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും,അത് പോലെ ഒരു സംഭവത്തിന്‌ വ്യത്യസ്തമായ കാഴ്ചയിലൂടെ സിനിമ അവസാനിക്കുന്നു.

791.MIDNIGHT RUNNERS(KOREAN,2017)

791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park

Synopsis:-

  കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്‌.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു.

  രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍ ഇരുവരും തങ്ങളുടെ പരിശീലനത്തിലും തങ്ങള്‍ പിന്നീട് ചെയ്യാന്‍ പോകുന്ന ജോലിയുടെ വില തിരിച്ചറിഞ്ഞു തന്നെ പ്രവര്‍ത്തിക്കുന്നു.ഒരു ദിവസം രാത്രിയില്‍ അക്കാദമിയില്‍ നിന്നും ഒഴിവുക്കിട്ടിയ സമയം പുറത്തു പോയ അവര്‍,സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ വഴിയില്‍ വച്ച് കാണുന്നു.എന്നാല്‍ നിമിഷ നേരം കൊണ്ട് അജ്ഞാതരായ കുറച്ചാളുകള്‍ അവളെ ഒരു കാറില്‍ വന്നു തട്ടിക്കൊണ്ടു പോകുന്നു.

 കിം-ജൂനും ,ഹീ-യൂലും തങ്ങള്‍ പഠിച്ചത് ജീവിതത്തില്‍ പ്രായോഗികം ആക്കാന്‍ ശ്രമിക്കുന്നു.അവര്‍ അതില്‍ ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പഠനം കഴിയാത്ത അവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു.എന്നാല്‍ അവരിലെ കര്‍ത്തവ്യ ബോധം തങ്ങളുടെ നിസഹായവസ്ഥയെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു.ആരായിരുന്നു ആ പെണ്‍ക്കുട്ടി? അവളെ തട്ടി കൊണ്ട് പോയത് ആരായിരുന്നു?എന്തായിരുന്നു അവരുടെ ഉദ്ദേശം?കൂടുതലറിയാന്‍ ചിത്രം കാണുക.

PoV:-

  കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് Midnight Runners.2017 ലെ മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് തമാശകള്‍ ഇട ചേര്‍ന്ന ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആയാണ്.അല്‍പ്പം പോലും മുഷിപ്പിക്കാതെ ഒറ്റയിരുപ്പില്‍ കാണാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ആയിരുന്നു സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ മികച്ച പ്രകടനങ്ങളിലൂടെ 2 മുഖ്യ കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞൂ.

  വ്യത്യസ്തമായ സ്വഭാവങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവരുടെ ചിന്തകള്‍ പലപ്പോഴും യോജിച്ചു പോകുന്നു.ചിത്രത്തിന്റെ കഥയുടെ സ്വഭാവം മാറുന്ന സ്ഥലം മുതല്‍ കൊറിയന്‍ സിനിമകളിലെ ഡാര്‍ക്ക്‌ ത്രില്ലറുകളില്‍ ഒന്നായി മാറിയെങ്കിലും കി-ജൂനും ,ഹിയൂളും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരം ആക്കി തീര്‍ത്തൂ.നവീന ലോകത്തിലെ പുത്തന്‍ കുറ്റ കൃത്യങ്ങള്‍ പലപ്പോഴും വിചിത്രമായിരിക്കും.അതില്‍ ഇരയായി മാറുന്ന പലരും ഉണ്ടാകാം.അത്തരത്തില്‍ ഒരു ഗൗരവമേറിയ പ്രമേയം ആയിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്,

  സൌഹൃദത്തിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് മികച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാരിലേക്ക് മാറാനുള്ള ലക്‌ഷ്യം വന്ന രണ്ടു യുവാക്കളിലേക്ക്‌ മാറുന്നു.തങ്ങളുടെ നിസഹായവസ്ഥയിലും സ്വാര്‍ത്ഥത ഇല്ലാതെ തങ്ങള്‍ എന്ത് ലക്‌ഷ്യം വയ്ക്കുന്നോ അതിനു പ്രമൂഖ്യം നല്‍കിക്കൊണ്ട് ഏതറ്റം വരെ പോയിട്ടാണെങ്കിലും തങ്ങളുടെ കടമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവരുടെ കഥ പ്രേക്ഷകന് താല്‍പ്പര്യത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല.ഈ വര്‍ഷത്തിലെ മികച്ച കൊറിയന്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Midnight Runners.

790.V.I.P(KOREAN,2017)

790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk.

  Synopsis:-

   ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു.

  കഥ പിന്നീട് പോകുന്നത് അഞ്ചു വര്‍ഷം മുന്‍പ് നടന്ന കൊറിയയില്‍ പലയിടത്തായി ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടികളുടെ മരണത്തിലേക്ക് ആണ്.ഉത്തര കൊറിയയിലെ ഒരു കുടുംബത്തില്‍ മൂന്നു പേരെ കൊല്ലുകയും അവിടത്തെ പെണ്‍ക്കുട്ടിയെ കൂട്ടം ചേര്‍ന്ന് ഭീകരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ ഘാതകരെ കണ്ടെത്തിയ ഡേ-ബം എന്ന ഉത്തര കൊറിയന്‍ പോലീസ് ഉദ്യോഗസ്ഥന് അവര്‍ സമ്മാനിച്ചത്‌ അവഗണന ആയിരുന്നു.കാരണം കൊലപാതകി ആയ കിം ഗ്വാംഗ് II ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ മകനായിരുന്നു.

  ഒരു പരമ്പര കൊലയാളി ആയി മാറിയ അവന്‍ കൂട്ടം ചേര്‍ന്ന് പെണ്‍ക്കുട്ടികളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു.അവിടെ നിന്നും കഥ ചെല്ലുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സിയോളില്‍ വീണ്ടും സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആണ്.കിമ്മിന്റെ പിതാവ്,മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍  ഉത്തര കൊറിയന്‍ അധികാരികള്‍ക്ക് അഭിമതന്‍ ആവുകയും,അതിന്റെ ഫലമായി ഉത്തര കൊറിയയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിച്ച കിം  തന്‍റെ ക്രൂരതകള്‍ ദക്ഷിണ കൊറിയയില്‍ തുടരുകയും ചെയ്തതിന്റെ തെളിവായി ധാരാളം മൃത ദേഹങ്ങള്‍ കണ്ടെത്തുന്നു.മുന്‍പ് നടന്ന കൊലപാതകങ്ങളുടെ അതെ രീതിയില്‍.  പോലീസ് ഉദ്യോഗസ്ഥനായ ചേ-യി ഡോ ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

 ആ സമയം കിമ്മിനെ അന്വേഷിച്ചു വേറൊരു കൂട്ടരും എത്തുന്നു.അമേരിക്കയില്‍ നിന്നും.അവര്‍ക്ക് അജ്ഞാതമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്.അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനായി അവര്‍ സമീപിച്ചിരിക്കുന്നത് പാര്‍ക്കിനെ ആയിരുന്നു.ഇതേ സമയം കിമ്മിനെ പിടിക്കൂടന്‍ മറ്റൊരാള്‍ കൂടി എത്തുന്നു.കിം തന്‍റെ ക്രൂരതകള്‍ ഫോട്ടോ ആയും വീഡിയോ ആയും പകര്‍ത്തുമ്പോള്‍ തെളിവുകള്‍ ഉണ്ടാകുന്നു.എന്നാല്‍ കിമ്മിനെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കാം ഒരുങ്ങുന്ന FBI യും,കൊറിയന്‍ ഇന്റലിജന്‍സും ആയി പോലീസിനു നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്നു.ഈ സാഹചര്യം കിമ്മിന് കൂടുതല്‍ എളുപ്പമാക്കി,കേസില്‍ നിന്നും രക്ഷപ്പെടാന്‍.ഇവരില്‍ അവസാന വിജയം ആരുടെ ആയിരിക്കും? ബാക്കി എന്തുണ്ടായി എന്നതാണ് V.I.P എന്ന കൊറിയന്‍ ക്രൈം ത്രില്ലര്‍ പറയുന്നത്.

  PoV

വളരെയധികം വിമര്‍ശങ്ങള്‍ ലഭിച്ചിരുന്നു ബോക്സോഫീസില്‍ വന്‍ വിജയം ആയിരുന്നിട്ടും ഈ ചിത്രത്തിന്.അതിനുള്ള കാരണം ചിത്രത്തില്‍ കൊല ചെയ്യപ്പെടുന്ന പെണ്‍ക്കുട്ടികളുടെ  ആയി വരുന്ന രംഗങ്ങളില്‍ കണ്ടെത്തിയ അശ്ലീലതയും വയലന്‍സും  ആയിരുന്നു.ഒരു പരിധി വരെ കുറ്റപ്പെടുത്തലുകള്‍ ശരിയായിരുന്നു.കാരണം ,അക്കാദമിക് താല്‍പ്പര്യങ്ങള്‍ ഉള്ള ചിത്രത്തില്‍ നിന്നും ഭിന്നമായി ജനകീയ താരങ്ങള്‍ അഭിനയിച്ച ചിത്രം കുടുതല്‍ ആളുകളില്‍ എത്തിച്ചേരുമ്പോള്‍  വ്യാപകമായി  ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷം ആയിരുന്നു.

   എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ പ്രേക്ഷകര്‍ ചിത്രത്തെ വന്‍ വിജയം ആക്കിയതും ചരിത്രം.തുടക്കം കൊറിയന്‍ സിനിമകളിലെ സ്ഥിരം മഴയും കൊലപാതകങ്ങളും എല്ലാം സ്ഥിരം ഫോര്‍മാറ്റില്‍ ഉള്ള ചിത്രത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങളും മുഖവും നല്കുംമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ അധികാരവും കടമയും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ ആയിരുന്നു.ലേ-ബൂമ്മും,യി-ഡോയും സമാനമായ സാഹചര്യങ്ങളോട് പോരുതിയവര്‍ ആയിരുന്നു.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ FBI ഉദ്യോഗസ്ഥന്‍ സാഹചര്യങ്ങള്‍ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നു.

  ഈ അടുത്ത് ഇറങ്ങിയ കൊറിയന്‍ ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു V.I.P.സ്ഥിരം രീതിയില്‍ തുടങ്ങുകയും എന്നാല്‍ പിന്നീട് സങ്കീര്‍ണമായ ഒരു കഥയും അതിന്റെ ദുരൂഹതകളും മാറി വരുമ്പോള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.കൊറിയന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും V.I.P

789.LIAR’S DICE(HINDI,2013)

789.LIAR’S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta.

87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത “Liar’s Dice”.റോഡ്‌ മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

   Synopsis:-

       ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെ പുലര്‍ത്തുന്ന ഗ്രാമത്തില്‍ നിന്നും ഉള്ള അവളുടെ യാത്രയെ ആരും അവിടെ പിന്താങ്ങുന്നില്ല.എന്നാല്‍ തന്‍റെ ഭര്‍ത്താവിനു എന്ത് പറ്റി എന്നറിയാന്‍ ഉള്ള ത്വരയില്‍ അവള്‍ തന്‍റെ യാത്ര ആരംഭിക്കുന്നു.

   യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന നവാസുധീന്‍ എന്ന പട്ടാളക്കാരന്‍ ആണെന്ന് തോന്നിപ്പിക്കുന്ന ആളുമായി ഉടലെടുക്കുന്ന ബന്ധവും  (അത് പ്രണയത്തിന്‍റെ അല്ല).കമലയും മകളും അവരുടെ യാത്രയില്‍ കണ്ടെത്തുന്ന രഹസ്യങ്ങളും ആണ് ചിത്രത്തിന്റെ ബാക്കിയുള്ള കഥ.

 PoV:-

  അസംഘിടതമായ ഒരു തൊഴില്‍ മേഘലയാണ്‌ ഇന്ത്യയിലെ കെട്ടിടം നിര്‍മാണ തൊഴിലാളികളുടെ.പല സ്ഥലങ്ങളിലും നിന്നുമായി വന്നു മതിയായ സുരക്ഷ ഉപകരണങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുന്ന അവരില്‍ പലരും അപകടത്തില്‍ പെടുകയും ,പിന്നീട് കാഴ്ചയില്‍ നിന്നും മറയുകയും ചെയ്യുന്നത് പതിവ് കാഴ്ചകളാണ്.അവരുടെ അപകടങ്ങളുടെ മേല്‍ നിര്‍മാണ കമ്പനികള്‍ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന ഭീകരമായ സത്യം മനുഷ്യന് ജീവന്,അവന്‍ ചെയ്യുന്ന ജോലിയനുസരിച്ചു നല്‍കുന്ന തുച്ഛമായ വില പേടിപ്പിക്കുന്നതാണ്.

  Liar’s Dice എന്ന ചിത്രം പറയാന്‍ ശ്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ഒരു വിഷയമാണ്.കമലയോട് ഒരു ദയയും ഇല്ലാതെ പെരുമാറുന്ന നവാസുധിന്‍,അപരിചിതയായ സ്ത്രീയോട് ,അവളുടെ സാഹചര്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ചിന്താഗതിയിലേക്ക് താഴുന്നുണ്ട്‌.എന്നാല്‍ അയാളില്‍ ചില നന്മയോക്കെ ഉണ്ടായിരുന്നു എന്ന് ഇടയ്ക്ക് തോന്നി പോകും.

  ചിത്രത്തിന്റെ അവസാനം നവാസുധീന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ ചേരുന്ന ഏറ്റവും മികച്ച പേരാണ് Liar’s Dice.എതിരാളികളെ പറ്റിക്കാനും അവരുടെ പറ്റിക്കാനുള്ള ശ്രമങ്ങളെ കണ്ടെത്താനും ഉള്ള ഈ കളി പോലെ നവാസുധീനും അവസാനം തന്‍റെ ഭാവങ്ങള്‍ മാറുന്നു.ചിത്രം അവതരിപ്പിക്കുന്ന പ്രമേയം എല്ലാവര്‍ക്കും അറിയാവുന്ന ,എന്നാല്‍ പ്രതികരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരു വിഷയമാണ്.ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത ഗീതു മോഹന്‍ദാസ്‌ പ്രശംസയര്‍ഹിക്കുന്നു.നവാസുധീന്‍ സിദ്ധിഖിയുടെയും ഗീതാഞ്ജലി ഥാപ്പയുടെയും മികച്ച അഭിനയം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.

  ഒരു റോഡ്‌ മൂവിയുടെ അധികം ആഡംബരങ്ങള്‍ ഇല്ലാതെ,എന്നാല്‍ പ്രമേയപരമായും സിനിമ എന്ന നിലയിലും പ്രസക്തവും മികച്ചു നില്‍ക്കുന്ന  ഒന്നാണ് Liar’s Dice.

   

788.GUKORORKU:TRACES OF SIN(JAPANESE,2016)

788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide.

   Synopsis:-

    ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്ന നിഗൂഡതകള്‍ ഏറെ ഉള്ള ഒരു കൊലപാതകത്തിനെ കുറിച്ച് സ്വന്തമായ രീതിയില്‍ അന്വേഷണം നടത്താനുള്ള അനുവാദം നേടുന്നു.ഒരു വര്‍ഷത്തില്‍ മരണപ്പെട്ടവരും ആയി ബന്ധമുള്ള ആളുകളെ കണ്ടെത്തി, സന്തുഷ്ടമായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന അന്വേഷണം ആയിരുന്നു ഉദ്ദേശ്യം.

  ടനാകയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളോടൊപ്പം അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭാവങ്ങള്‍ക്കുള്ള ഉത്തരം കൂടി കണ്ടെത്താന്‍ ഉണ്ട്.വളരെ വലിയ ഒരു ലക്‌ഷ്യം ആണ് അയാളുടെ മുന്നില്‍ ഉള്ളത്.മരണപ്പെട്ടവരുടെ ഭൂതക്കാലവും ,പുറമേ ഉള്ള കാഴ്ചയില്‍ നിന്നും വിഭിന്നമായ അവരുടെ താല്‍പ്പര്യങ്ങളും അവരുടെ സുഹൃത്തുക്കളിലൂടെയും,ശത്രുക്കളിലൂടെയും അനാവരണം ചെയ്യപ്പെടുന്നു.ഇതിനോടൊപ്പം കൊലപാതകിയെയും അവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങളും ചുരുളഴിയുന്നു.

   Point-of-View

   വളരെ എളുപ്പം പറഞ്ഞു പോകാവുന്ന ഒരു കഥയാണ് പ്രത്യക്ഷത്തില്‍ ചിത്രതിനുള്ളതായി തോന്നുക.എന്നാല്‍ ടോകുരു നുകുയിയുടെ   “Gukoroku” എന്ന നോവലിനെ ആസ്പദം ആകി വന്ന ചിത്രം അതിലുമുപരി ആയുള്ള കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ തന്നെ ജാപ്പനീസ് സമൂഹത്തിലെ ജനനം കൊണ്ട് ഉയര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകളുടെയും അതിനോടൊപ്പം അതില്‍ ഉള്‍പ്പെടാത്ത ആളുകളുടെയും കഥ അവതരിപ്പിക്കുന്നു.

  അതിനായി തിരഞ്ഞെടുത്തത് പ്രശസ്തമായ ഒരു സര്‍വകലാശാല ആണ്.മാതാപിതാക്കന്മാരുടെ സമൂഹത്തിലെ പണവും പ്രതാപവും ആണ് ഇവിടെ ആളുകളെ തരം തിരിച്ചിരിക്കുന്നത്.”Insiders” എന്ന് അറിയപ്പെടുന്ന സമൂഹത്തിലെ Elite വിഭാഗവും,”Outsiders” എന്ന് അറിയപ്പെടുന്ന മറുഭാഗവും ആണ് ഇവിടെ ഉള്ളത്.അനാവശ്യമായ ഒരു വിടെയത്വം,അല്ലെങ്കില്‍ തങ്ങളുടെ മുകളില്‍ ഉള്ളവരുടെ ഒപ്പം ചേരണം എന്ന് ആഗ്രഹിക്കുന്നവരാണ് “Outsiders” ല്‍ ഭൂരിഭാഗവും.ജാതി-മത വ്യവസ്ഥിതികള്‍ അല്ല ഇവിടെ അവരെ വിഭജിക്കുന്നത്.അത് പൂര്‍ണമായും അവര്‍ ഓരോരുത്തരും ജനിച്ച കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ്.

  സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി ആരെയും കരുവാക്കുന്ന,മറ്റുള്ളവരുടെ ജീവിതം തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഏണിപ്പടി ആക്കാന്‍ കൊതിക്കുന്നവര്‍.അവരുടെ ജീവിതത്തിനു ചുറ്റും പൊള്ളയായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് ഉള്ളത്.മരിച്ചവരുടെ എല്ലാം യഥാര്‍ത്ഥ മുഖം പുറം ലോകത്തിനു അന്യം ആയിരുന്നെങ്കിലും മനുഷ്യ സഹജമായ പ്രതികാരം,തനിക്കു ലഭിക്കാത്തത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ ഉള്ള അസൂയ ,തങ്ങളുടെ ജീവിതം മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കപ്പെട്ടവരുടെ പ്രതികാരം.അങ്ങനെ എന്തും ആകാം മരണത്തിനു കാരണം.

    ടനാകയെ ആദ്യം ബസ്സില്‍ വച്ച് കാണുമ്പോള്‍ ഉണ്ടാകുന്ന സംഭവവും,അതില്‍ നിന്നും സമാനമായ സാഹചര്യത്തില്‍ ബസ്സില്‍ അയാളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന പ്രതികരണം ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള സ്വഭാവം അവതരിപ്പിക്കുന്നു.തുടക്കത്തില്‍ കാണുന്നതല്ല ഈ ചിത്രം.ടനാകയെ പോലെ തന്നെ ഏറെ മാറ്റങ്ങള്‍ ചിത്രത്തിനും ഉണ്ടാകുന്നു;നിഗൂഡതയുടെ അകമ്പടിയോടെ

 

  

787.SON OF CAIN(SPANISH,2013)

787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González.

   കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്ന പിതാവും ആയുള്ള മാനസിക സംഘര്‍ഷങ്ങള്‍ അസാധാരണം അല്ല പലപ്പോഴും.വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ അമ്മയോടുള്ള അടുപ്പം പോലെ മൃദുവാകില്ല അച്ഛനുമായുള്ള ബന്ധം.

Synopsis:

   Son of Cain എന്ന സ്പാനിഷ് ചിത്രം  ആരംഭിക്കുമ്പോള്‍ പ്രേക്ഷകനില്‍ കഥാപരമായി ഇത്തരം ഒരു പ്രമേയം ആണ് ഊഹിക്കാന്‍ സാധിക്കുക.ധനികരായ മാതാപിതാക്കളുടെ മൂത്ത മകനാണ് നിക്കോ.ഒരു പതിന്നാലു വയസ്സുകാരന്‍റെ ചിന്തകളായി അവന്റെ പല പ്രവര്‍ത്തികളും വിലയിരുത്തപ്പെടുന്നു.കാര്‍ലോസ് ആല്‍ബര്‍ട്ട് എന്ന ധനികനായ പിതാവും ആയി ഉള്ള പ്രശ്നങ്ങള്‍ അവനുണ്ടായിരുന്നു.പ്രധാനമായും അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിച്ചിട്ടു കാലം കുറെ ആയി.കാര്‍ലോസ് ഒരു പരിധി വരെ നിക്കോയുടെ ഈ സ്വഭാവം അവന്റെ പ്രായത്തിന്റെ ആയി അവഗണിക്കുന്നു.

   എന്നാല്‍ അപകടകരമായ അവന്റെ ചില പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ വന്നപ്പോള്‍ ആണ് കാര്‍ലോസ് ജൂലിയോ എന്ന മനശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടിയത്.ചെസ്സില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന നിക്കൊയ്ക്കു അവന്റെ ഇഷ്ടങ്ങളിലൂടെ ഉള്ള ഒരു തെറാപ്പി നടത്താന്‍ ആയിരുന്നു ജൂലിയോ ശ്രമിക്കുന്നത്.നിക്കോ ജൂലിയോയും ആയി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു.എന്നാല്‍ നിക്കോയെ ചുറ്റിപ്പറ്റി കുറെ അധികം രഹസ്യങ്ങള്‍ ഉണ്ടായിരുന്നു.അവന്റെ വിചിത്രവും അപകടകരവുമായ സ്വഭാവത്തിന് കാരണം എന്തായിരുന്നു?ധാരാളം രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുണ്ട് കാര്‍ലോസ് ആല്‍ബര്‍ട്ടിന്റെ ആ കുടുംബത്തില്‍ നിന്നും.ഒരു പക്ഷെ ഏറ്റവും അപകടകരമായത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  PoV:

 നേരത്തെ പറഞ്ഞത് പോലെ പ്രേക്ഷകന് ഊഹിക്കാനാകുന്നു വഴിയിലൂടെ സഞ്ചരിക്കുന്ന ചിത്രം പിന്നീട് പലപ്പോഴും അതിന്റെ നിഗൂഡം ആയ വശം അവതരിപ്പിക്കുന്നു.പ്രത്യേകിച്ചും ജൂലിയനും ആ കുടുംബവും ആയുള്ള ബന്ധം,നിക്കോയുടെ ലക്ഷ്യങ്ങള്‍ എന്നിവ.ചിത്രം ക്ലൈമാക്സ്‌ ആകുമ്പോള്‍ നിക്കോയുടെ പ്രവര്‍ത്തികളും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണം ആകുന്നു.തന്‍റെ ഭ്രാന്തമായ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരാള്‍ പൊരുതുമ്പോള്‍ അവിടെ നഷ്ടം പലരിലും എത്തുന്നു.പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരു നിമിഷം എങ്കിലും ഞെട്ടലോടെ ആകും അവസാനം രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ Son of Cain എന്ന ചിത്രത്തെ സമീപിക്കാന്‍ കഴിയുക.Ignacio Garcia-Valino രചിച്ച Dear Cain എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

786.JULIA’S EYES(SPANISH,2010)

786.JULIA’S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui

ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലും ആളുകളെ അശക്തരാക്കും.

  കഥാസംഗ്രഹം:

          ജന്മനാ ഉള്ള പ്രത്യേകതരം അസുഖം കാരണം കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഇരട്ട സഹോദരിമാര്‍ ആയ സാറ-ജൂലിയ എന്നിവര്‍ക്കുള്ളത്.ജൂലിയ ജോലി സംബന്ധമായ തിരക്കുകള്‍ കാരണം സൈക്കാട്രിസ്റ്റ് ആയ ഭര്‍ത്താവിനോടൊപ്പം മറ്റൊരു സ്ഥലത്താണ് ജീവിക്കുന്നത്.കാഴ്ച കുറഞ്ഞു വരുന്ന സാറ ഒരു ദാതാവിനെ ലഭിച്ചാല്‍ ഉടന്‍ തന്നെ ഓപറേഷന്‍ ചെയ്യാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു.അവളെ കാണാനായി എത്തുന്ന ജൂലിയ  കാണുന്നത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അവളുടെ ശവശരീരം ആയിരുന്നു.

    പോലീസിനു ആ മരണത്തില്‍ ദുരൂഹത ഒന്നും തോന്നിയില്ലെങ്കിലും ജൂലിയയ്ക്ക് അവളുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു.അവളുടെ സംശയങ്ങള്‍ കൊണ്ടെത്തിക്കുന്നത് അധികം ആര്‍ക്കും പരിചിതം അല്ലാതിരുന്ന സാറയുടെ കാമുകന്‍ ആയിരിക്കും എന്ന് കരുതപ്പെടുന്ന ആളിലേക്കും,അവളുടെ ഓപ്പറേഷന്‍ നേരത്തെ തന്നെ കഴിഞ്ഞൂ എന്ന അറിവിലേക്കും ആയിരുന്നു.ഓപ്പറേഷന്‍ കഴിഞ്ഞെങ്കില്‍ എന്തിനവള്‍ മറച്ചു വച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെങ്കിലും ദുരൂഹമായിരുന്നു ജൂലിയയെ പോലും പിന്തുടരുന്നു എന്ന് തോന്നിയ ,സാറയുടെ കാമുകന്‍ ആണെന്ന് പലരും കരുതിയ ആള്‍ക്ക്.ജൂലിയയ്ക്ക് തന്‍റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ തന്‍റെ സഹോദരിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍,തന്‍റെ കാഴ്ച നഷ്ടമാകുന്നതിനു ഉള്ള ശ്രമം അവള്‍ തുടങ്ങുന്നു.എന്നാല്‍ കൈപ്പിടിയില്‍ അവളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എത്തും എന്ന് ചിന്തിക്കുമ്പോള്‍ മരണങ്ങള്‍ ദുരൂഹമായി സംഭവിക്കുന്നു.ജൂലിയയുടെ അന്വേഷണത്തിന്റെ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

പ്രേക്ഷകന്റെ കണ്ണിലൂടെ:

 
സിനിമയുടെ തുടക്കം മുതല്‍ ഉള്ള ദുരൂഹത അവസാനം വരെ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായ കഥാഗതി ആണെങ്കിലും ചില കഥാപാത്രങ്ങളുടെ അവതരണത്തില്‍ നിന്ന് തന്നെ അവരുടെ ഉള്ളിലെ ദുരൂഹതയ്ക്ക്‌ മറ്റൊരു വശം നല്‍കാന്‍ സാധിച്ചിട്ടുമുണ്ട്.ഇടയ്ക്ക് ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നുള്ള തോന്നല്‍ ഉലവക്കുമെങ്കിലും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി മാറുന്നു.അന്ധയായ സ്ത്രീ എന്ന നിലയില്‍ ഉള്ള പരിഗണന പോലും നല്‍കാതെ അവളുടെ ശരീരതിനായി കൊതിക്കുന്ന കഥാപാത്രം ഇടയ്ക്ക് അല്‍പ്പം വെറുപ്പ്‌ ഉളവാക്കുകയും സിനിമയുടെ പ്ലോട്ടില്‍ ശക്തമായ ഒരു ട്വിസ്റ്റിനു വഴിവയ്ക്കുകയും ചെയ്യുന്നുണ്ട്.ജൂലിയയുടെ കണ്ണുകള്‍ക്ക്‌ ഒരു പക്ഷെ “Feel Good Movie” യുടെ ആനുകൂല്യം ഒന്നും ലഭിക്കുന്നില്ല.അങ്ങനെ ഒരു അവസാനം സിനിമയ്ക്ക് യോജിക്കാത്ത രീതിയില്‍  സിനിമയുടെ മൊത്തത്തില്‍ ഉള്ള അവതരണത്തിന് വലിയൊരു പങ്കുണ്ട്.
   

       

785.DOG DAY AFTERNOON(ENGLISH,1975)

785.DOG DAY AFTERNOON(ENGLISH,1975),|Crime|Biography|Drama|,Dir:-Sidney Lumet,*ing:- Al Pacino, John Cazale, Penelope Allen.

     ബ്രേക്കിംഗ് ന്യൂസുകള്‍ “സര്‍വസാധാരണം”ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ്‌ 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി  വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം?മീഡിയയുടെ മുന്നില്‍ ആ ഒരു ദിവസം, സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണം ആയ ഒരു കാലഘട്ടത്തില്‍ അതിനു പോലും മുതിര്‍ന്ന ജോണിന് അന്ന് പോലും കിട്ടാത്ത അത്ര പ്രശസ്തി ആയിരിക്കാം ബ്രൂക്ലിനില്‍ നടന്ന ബാങ്ക് കൊള്ളയിലൂടെ ലഭിച്ചത്.ജോണിന് അവകാശപ്പെട്ടത് ആണ് ആ ദിവസം.പില്‍ക്കാലത്ത് മികച്ച സിനിമകളില്‍ ഒന്നായി മാറിയ “Dog Day Afternoon” പോലും സംഭവബഹുലം ആയ അയാളുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം ആയി മാറിയത് അതിനുള്ള  തെളിവാണ്.

    ജോണിനോട്‌ വളരെയധികം രൂപ സാദൃശ്യമുള്ള അല്‍ പച്ചീനോ ചെയ്ത സണ്ണി എന്ന കഥാപാത്രത്തിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്.ഒരു ബാങ്ക് കൊള്ളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ അധികം ഒന്നുമില്ലാതെ നടത്തിയ ഒന്നായിരുന്നു അത്.ആദ്യം തന്നെ കൂടെ ഉണ്ടായിരുന്ന ആള്‍ ഭയം കാരണം ഓടി പോയി.സണ്ണിയുടെ ഒപ്പം ഉണ്ടായിരുന്ന “സാല്‍” ആയിരുന്നെങ്കില്‍ സ്വഭാവ വൈരുദ്ധ്യങ്ങളുടെ  ഒരു കലവറ ആയിരുന്നു.കാന്‍സര്‍ വരാതെ ഇരിക്കാനും ആത്മാവിനെ കാത്തു സൂക്ഷിക്കാനും തീരുമാനിച്ച ഒരാള്‍ പക്ഷെ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു എന്ന് മാത്രം.

   ബാങ്കില്‍ ഒരു മോഷണം നടത്താന്‍ പോലുമുള്ള പണം ഇല്ലാത്ത സമയത്ത് അതിനായി തുനിഞ്ഞ കവര്‍ച്ചക്കാരുടെ അവസ്ഥ എന്ത് മാത്രം ഭീകരം ആയിരിക്കും?അതും അല്‍പ്പ സമയത്തിനുള്ളില്‍ പോലീസും ,എഫ് ബി ഐ യും ജനക്കൂട്ടവും എല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയ ഒന്നായി മാറുമ്പോള്‍.മുന്‍ സൈനികന്‍ ആയ,സൈനിക സേവനത്തിനു ശേഷം പലതരം ജോലികള്‍ ചെയ്ത സണ്ണിയുടെ, അന്നത്തെ കവര്ച്ചയ്ക്ക് പിന്നില്‍ ഉള്ള ലക്‌ഷ്യം സാധാരണ ഒരു മനുഷ്യന് എത്ര മാത്രം ദഹിക്കും എന്നുള്ളത് ഒരു സംശയം ആണ്.പിന്നീട് അതിനെ കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നിരുന്നു എന്നത് വേറൊരു സത്യം.

   സണ്ണി എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ചതിനെ വെറും ദുരന്തങ്ങള്‍ മാത്രമായി കാണാന്‍ സാധിക്കില്ല.അതില്‍ പലതും അയാളുടെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നു.ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളെയും അയാള്‍ നേരിട്ടത് അസാധാരണമായ വഴികളിലൂടെ ആയിരുന്നു.വിവാഹ ജീവിതത്തില്‍ പോലും അയാള്‍ ഈ ഒരു ശൈലി ആയിരുന്നു പിന്തുടര്‍ന്നത്‌.ബാങ്ക് കവര്ച്ചയ്ക്കിടയില്‍ അയാള്‍ക്ക്‌ ജനങ്ങളില്‍ നിനും ലഭിച്ച ഹര്‍ഷാരവങ്ങള്‍ പോലും അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ അതിനെ നേരിട്ട രീതിയിലൂടെ ലഭിച്ച അനുമോദനം പോലും ആയി കണക്കാക്കാം.

  ബന്ദികള്‍ ആയി ആ ബാങ്കില്‍ അടയ്ക്കപ്പെട്ടവര്‍ പോലും അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം കിട്ടിയാല്‍ അള്‍ജീരിയയില്‍ പോകാമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ അവരുടെ പ്രതികരണം എല്ലാം രസകരമായിരുന്നു.മനുഷ്യത്വം ഏറെ ഉള്ള മനുഷ്യന്‍.അയാള്‍ തന്‍റെ ജീവിതത്തില്‍ എല്ലാവരെയും സ്നേഹിച്ചിരുന്നു എന്ന് തോന്നും.സണ്ണിയുടെ പുറമെയുള്ള സ്വഭാവത്തില്‍ അയാളുടെ ഭ്രാന്തമായ ചിന്തകളുടെ സൂചനകള്‍ ഒന്നും കാണില്ല.

  സണ്ണി ആയി അക്ഷരാര്‍ത്ഥത്തില്‍ പച്ചീനോ ജീവിക്കുകയായിരുന്നു എന്ന് തോന്നി പോകും.അത്രയ്ക്കും ജീവന്‍ ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്.പിന്നീട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ആ ദിവസം തിരശീലയില്‍ കണ്ട ജോണ്‍,സിനിമയിലെ ചില കാര്യങ്ങളോട് നീരസം പ്രകടിപ്പിച്ചെങ്കിലും സണ്ണി,സാല്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

 “Dog Day” എന്ന് വിശേഷിപ്പിക്കാവുന്ന ആ ചൂട് കൂടിയ ദിവസം നടന്ന സംഭവങ്ങള്‍ അന്നത്തെ ദിവസത്തിന്റെ കാഠിന്യം ഏറെ കൂട്ടി.  ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകളില്‍ നടന്ന കുറ്റകൃത്യം ടെലിവിഷന്റെ ജനപ്രീതിയുടെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ എങ്ങനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നും.അത് പോലെ താനെ നല്ലവനാണ് എന്ന് തോന്നുന്ന കള്ളന്മാര്‍ക്ക്;റോബിന്‍ ഹൂഡ്,കായംക്കുളം കൊച്ചുണ്ണി എന്നിവര്‍ക്ക് ലഭിച്ച ജന പിന്തുണ പോലെ ഒന്ന് സണ്ണിക്ക് ലഭിച്ചതും ഒക്കെ രസകരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ക്രിമിനല്‍ ആയി മാറിയ ഒരാളുടെ ജീവിതം തന്നെ മാറ്റിയ യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്ക്കാരം ആയ Dog Day Afternoon മികച്ച തിരക്കഥയ്ക്കുള്ള ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാരവും നേടിയിരുന്നു.ഒരു ക്രൈം ചിത്രം കാണുമ്പോള്‍ ഉള്ളതിനേക്കാളും കുറേ ചോദ്യങ്ങള്‍ ആകും പ്രേക്ഷകന്റെ മുന്നില്‍ സണ്ണി എന്ന കഥാപാത്രം അവശേഷിപ്പിക്കുക.എന്ത് കൊണ്ട് സണ്ണി ഇങ്ങനെ ആയി തീര്‍ന്നൂ എന്നത് ആണ് അതില്‍ ഏറ്റവും പ്രസക്തമായത്.

    

784.THE UNKNOWN WOMAN(ITALIAN,2006)

784.THE UNKNOWN WOMAN(ITALIAN,2006),|Mystery|Thriller|Drama|,Dir:-Giuseppe Tornatore,*ing:-Kseniya Rappoport, Michele Placido, Claudia Gerini.

      ഒരു സിനിമയുടെ കഥ തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തം ആണ് The Unknown Woman എന്ന ഇറ്റാലിയന്‍ ചിത്രം.കഥയില്‍ ആണ് വൈരുധ്യം കാണാന്‍ കഴിയുക.തികച്ചും അസാധാരണം ആയ നിഗൂഡത നിറഞ്ഞ കഥ.എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകന്റെ നിലപാടും മാറി തുടങ്ങും.

 ****കഥ ചുരുക്കത്തില്‍***

    ഐറീന ആ ചെറിയ പട്ടണത്തിലേക്ക് വന്നത് ചില  ഉദ്ധേശ്യത്തോടെ ആയിരുന്നു.ആദ്യം ക്ലീനിംഗ് ജോലികള്‍ ചെയ്തു തുടങ്ങിയ അവള്‍ തന്‍റെ ലക്‌ഷ്യത്തിലേക്ക് എത്തുവാന്‍ ആയുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നു.അവിടെ ഉള്ള ഒരു വീട്ടില്‍ കയറുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം.സമ്പന്നമായ ആ കുടുംബത്തില്‍ അവള്‍ക്കു താല്‍പ്പര്യം തോന്നാന്‍ കാരണങ്ങളും ഉണ്ട്.അതിനായി അവള്‍ ഒരുക്കുന്ന വഴികള്‍ ചില സമയങ്ങളില്‍ അപകടകരം ആയി മാറുന്നുണ്ട്.നേരത്തെ അവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെ അവള്‍ ക്രൂരമായി ഒഴിവാക്കി.ആ വീട്ടില്‍ കടന്നു കൂടിയ അവള്‍ അവിടെ ഉള്ളവരുടെ വിശ്വാസം നേടുന്നു.അവിടെ ഉള്ള കൊച്ചു കുട്ടിയ ആ തിയില്‍ ദുരൂഹമായ ഒരു ബന്ധം അവള്‍ക്കുണ്ടായിരുന്നു.അത് എന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.

  ***സിനിമയെക്കുറിച്ച്***

  ഐറീന ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നത് അവളുടെ ഭൂതക്കാലത്തിലെ ഓര്‍മകളിലൂടെ ആണ്.ഒരു വേശ്യയായി ജീവിക്കുന്ന അവളുടെ പ്രണയവും,പിന്നീട് അവളുടെ ജീവിതത്തില്‍ സംഭവിച്ച ദുരിതങ്ങളില്‍ നിന്നും എല്ലാം രക്ഷപെടാന്‍ അവള്‍ കഴിയുന്നതും ശ്രമിക്കുന്നുണ്ട്.അവളുടെ ജീവിതം ക്രൂരമായ രീതിയില്‍ ഉപയോഗിക്കുന്ന പിമ്പിനെ അവള്‍ നേരിടുന്നതും അവളുടെ പ്രിയപ്പെട്ടവന്റെ മരണവും,അവള്‍ അന്വേഷിച്ചു ഇറങ്ങുന്ന സ്വന്തം ചോരയും എല്ലാം അവളുടെ ജീവിതത്തില്‍ ഇഴകി ചേര്‍ന്നിരിക്കുന്നു.

  വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ നടത്തുന്ന അന്വേഷണം അപകടം നിറഞ്ഞത്‌ ആണെന്ന് അവള്‍ക്കു അറിയാമായിരുന്നെങ്കിലും അവള്‍ക്കു സ്വന്തം ജീവിതത്തിലെ അവസാന പ്രതീക്ഷ അത് മാത്രമായിരുന്നു.അതിനായി ഏതു രീതിയും സ്വീകരിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു.ഏറെക്കുറെ അവള്‍ അതില്‍ പലതിലും വിജയിച്ചുവെങ്കിലും സിനിമയുടെ അവസാന നിമിഷങ്ങളില്‍ അവളെ കാത്തിരുന്നത് നാടകീയമായ മറ്റു ചില സത്യങ്ങള്‍ ആയിരുന്നു.ലക്‌ഷ്യം മുന്നില്‍ ഉണ്ടെങ്കിലും അതില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ അവളുടെ സമനില പോലും തെറ്റിച്ചിരിക്കാം.

  ദുരൂഹതകള്‍ ഏറെ നിറഞ്ഞ കഥാപാത്രങ്ങളും അത് പോലെ തന്നെ ദുരൂഹതകള്‍ ഏറെ നിറഞ്ഞ കഥയും ആണ് The Unknown Woman (La sconosciuta) യിലൂടെ Giuseppe Tornatore അവതരിപ്പിക്കുന്നത്‌.മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും നല്ലൊരു സിനിമ കാഴ്ച ആയിരിക്കും ഈ ഇറ്റാലിയന്‍ ചിത്രം.

Design a site like this with WordPress.com
Get started