747.DAGLICHT(DUTCH,2013)

747.DAGLICHT(DUTCH,2013),|Mystery|Thriller|,Dir:-Diederik Van Rooijen,*ing:-Derek de Lint, Fedja van Huêt, Maartje van de Wetering
       മരിയോൻ പോയുടെ നോവലിനെ  ആസ്പദമാക്കി അവതരിപ്പിച്ച ഡച്ച് ചിത്രമാണ് Daglicht.താൻ കണ്മുന്നിൽ കണ്ട ജീവിതം അല്ല പലരും മെനഞ്ഞെടുത്ത ഒരു മായിക ലോകം ആയിരുന്നു താൻ ഇതു വരെ ജീവിച്ച ജീവിതം എന്നു ഐറിസ് മനസ്സിലാക്കുന്നത് അവളുടെ മകന്റെ രോഗാവസ്ഥയുടെ സമയത്താണ്.ഐറിസ് പ്രശസ്തയും പ്രഗത്ഭയുമായ ഒരു അഭിഭാഷകയാണ്.ഒരു വലിയ Law Firm ൽ ജോലി ചെയ്യുന്നു.
   ധനികനായ ബിസിനസ്സ് കുടുംബത്തിലർ മകന്റെ ഒരു “കുസൃതി” നിയമത്തിന്റെ മുന്നിൽ അയാളെ കുറ്റവാളി ആക്കിയപ്പോൾ അയാൾക്ക്‌ വേണ്ടി കോടതിയിൽ വാദിക്കാൻ ഐറിസ് നിയോഗപ്പെടുന്നു.തന്റെ ദാമ്പത്യ ജീവിതത്തിലെ തകർച്ചയും മകന്റെ രോഗവും അവരെ തളർത്തിയ സമയം ആയിരുന്നു അത്.ഐറിസ് തന്റെ തിരക്കുകൾക്കിടയിൽ മകനെ നോക്കാനായി തന്റെ അമ്മയെ സമീപിക്കുന്നു.ഒരു പക്ഷെ ജീവിതത്തിൽ ,താൻ യഥാർത്ഥത്തിൽ ആരാണ് എന്നുള്ള ഐറീസിന്റെ കണ്ടെത്തലുകൾ അവിടെ ആരംഭിക്കുന്നു.
   ഈ അവസരത്തിൽ ആണ് അവൾ ആദ്യമായി ആ രഹസ്യത്തിന്റെ ഒരു അറ്റം അറിയുന്നത്.ഐറിസിന്റെ മൂത്ത സഹോദരനെ പോലെ ആണ് അവളുടെ മകനും എന്ന വീട്ടിൽ വന്ന ആളുടെ സംസാരം ഐറീസിനെ കുഴപ്പിച്ചൂ.കാരണം,അവളുടെ ഓർമയിൽ അങ്ങനെ ഒരു സഹോദരൻ അവർക്കില്ല.അതു കൊണ്ടു തന്നെ അജ്ഞാതനായ തന്റെ ആഹോദരനെ കണ്ടെത്താൻ ഉള്ള ശ്രമം അവൾ ആരംഭിക്കുന്നു.
  ചിത്രത്തിന്റെ മുഖ്യ കഥ ഇവിടെ നിന്നും തുടങ്ങുന്നു.ചില കുടുംബങ്ങളിൽ കാണും ഇത്തരം കഥകൾ.ഒരു പക്ഷെ നല്ലതിന് വേണ്ടി മറച്ചു വയ്‌ക്കേണ്ട കഥകൾ.പ്രേക്ഷകനെ ത്രസിപിപ്പിക്കുന്ന സസ്പെൻസുകളും തിരിച്ചറിവുകളും ആണ് പിന്നീട് ചിത്രം മുഴുവൻ.താൻ ആരാണെന്നുള്ള ഐറീസിന്റെ കണ്ടെത്തലുകൾ പ്രേക്ഷകനും ആസ്വാദ്യകരമാകും.

745.WILL YOU BE THERE(KOREAN,2016)

745.WILL YOU BE THERE(KOREAN,2016),|Fantasy|Mystery|Romance|,Dir:-Ji Yeong Hong,*ing:-Kim Yun Seok,Byun Yo-Han,Park Hye Soo.

  കഴിഞ്ഞ കാലങ്ങളിലെ ഓർമകൾ ചിലപ്പോഴെങ്കിലും നൊമ്പരങ്ങൾ ആയി മാറാറുണ്ട്.പ്രത്യേകിച്ചും നഷ്ടങ്ങൾ.ഓർമകൾ അവയെ എന്നും താലോലിക്കുന്നതായി തോന്നും.ഒരു പക്ഷെ നഷ്ടങ്ങളുടെ വിലയായി ജീവിച്ചു തീർക്കേണ്ട ജീവിതം മാറ്റി എഴുതാൻ കഴിഞ്ഞാലോ?കെടുതികൾ ബാക്കിയാക്കിയ മനുഷ്യ ജീവിതങ്ങൾക്ക് വില കൽപ്പിച്ച സൂ ഹ്യൂൻ എന്ന പൊലീസ് സർജന് ആ അവസരം ഒരിക്കൽ അപ്രതീക്ഷിതം ആയി ലഭിച്ചൂ.അയാളിലെ മനുഷ്യ സ്നേഹി ചിലർക്ക് താങ്ങായത്തിന്റെ പ്രതിഫലം ആയിരുന്നു നഷ്ടമായത് തിരികെ ലഭിക്കാൻ ഉള്ള ആ അവസരം.

   ദുരൂഹതകൾ ഏറെയുള്ള ആ വൃദ്ധനിൽ നിന്നും ലഭിച്ച 10 ഗുളികകൾ അയാൾ ഏറെ ഇഷ്ടപ്പെട്ട അയാളുടെ ഭൂതകാലത്തിൽ എത്തിക്കുന്നു.ആദ്യം അയാൾ ഭയന്നെങ്കിലും തന്റെ നഷ്ടപ്പെട്ട പ്രണയിനിയെ ,അയാളുടെ യൗവന കാലത്തു കണ്ടു മുട്ടുമ്പോൾ അവളോട്‌ ഒപ്പം സ്വപ്നത്തിൽ എന്ന പോലെ അൽപ്പ നേരം ചിലവഴിക്കണം എന്നു മാത്രമേ കരുതിയിരുന്നുള്ളൂ.തന്റെ മുന്നിൽ നിൽക്കുന്ന പ്രായമേറിയ സ്വന്തം പതിപ്പിനെ മനസ്സിലാകാതെ സംശയത്തോടെ നോക്കി കാണുന്ന യുവാവിനെ മുൻ നിർത്തി താൻ പിൽക്കാലത്തു അനുഭവിച്ച നഷ്ടങ്ങളുടെ ആഴം കുറയ്ക്കാം എന്നു അയാൾ  മനസ്സിലാക്കുന്നു.എന്നാൽ സൂ ഹ്യൂനു പ്രതിബന്ധങ്ങൾ ഏറെ ആണ്.പ്രത്യേകിച്ചും എണ്ണപ്പെട്ടു കഴിഞ്ഞ തന്റെ ദിവസങ്ങൾ ,ഒപ്പം ചെറിയ മാറ്റങ്ങൾ പോലും കാലങ്ങൾ കടന്നുള്ള ഈ യാത്രയിൽ ദോഷകരം ആയി മാറുകയും ചെയ്യാം എന്നുള്ള അറിവും. Trial and Error രീതിക്ക് വളരെയധികം സാധ്യതകൾ ഉണ്ടിവിടെ.

   Guillaume Musso യുടെ ഫ്രഞ്ച് നോവൽ ആയ “Seras Tu La” യെ ആസ്പദം ആക്കി അവതരിപ്പിച്ചിരിക്കുന്ന ഈ “ടൈം ട്രാവൽ” ചിത്രം അധികം സങ്കീർണതകൾ ഇല്ലാതെ മനോഹരമായി എടുത്ത പ്രണയത്തിന് കൂടി പ്രാധാന്യം ഉള്ള ചിത്രമാണ്.ഭൂതകാലത്തിൽ ഉള്ള കഥാപാത്രങ്ങൾ പലപ്പോഴും രസകരം ആയിരുന്നു.ഒരാളുടെ ഇപ്പോഴത്തെ ജീവിതത്തിൽ നിന്നും സുന്ദരമായ അയാളുടെ തന്നെ ഓർമകൾ ഒക്കെ ചിത്രത്തിന് കൂടുതൽ നിറമേകി.ടൈം ട്രാവൽ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്കു കൊറിയൻ സിനിമയുടെ പുതിയ താരങ്ങൾ പഴയ കാലവും പഴയ താരങ്ങൾ പുതിയ ലോകവും അവതരിപ്പിക്കുന്ന ചിത്രം ഈ ചിത്രം ഇഷ്ടം ആകാൻ സാധ്യത ഏറെയാണ്.

More movie suggestions @www.movieholicviews.blogspot.ca

746.LUCK KEY(KOREAN,2016)

746.LUCK KEY(KOREAN,2016),|Comedy|Action|,Dir:-Lee Gae Byok,*ing:-Yoo Hae Jin,Lee Joon,Jo Yoon Hee..
   ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും,പിന്നീട് അപ്രതീക്ഷിതമായി ലഭിക്കുന്ന വലിയ അവസരങ്ങളിലൂടെ തരപരിവേഷം ലഭിച്ച ഒരു പിടി താരങ്ങളെ സിനിമ ലോകത്തു കാണാൻ സാധിക്കും സിനിമ എന്ന മായിക ലോകത്തിന്റെ പ്രത്യേകതയും അതാണ്.ഒരു പക്ഷെ ശരിയായ സമയത്തു ലഭിക്കുന്ന അവസരങ്ങളും കഴിവ് പ്രകടിപ്പിക്കാൻ ഉള്ള സന്ദർഭവും തലവര മാറ്റി എഴുതുന്ന അത്ഭുത ലോകം.
  സിനിമയോടുള്ള അഭിനിവേശം യൂ ഹേ ജിന്നിനെ എല്ലാവരെയും പോലെ കൊണ്ടെത്തിച്ചത് അഭിനയം പഠിക്കാൻ ഉള്ള കോളേജുകളുടെ പടിവാതിൽക്കൽ.എന്നാൽ ഒരു സിനിമ നടൻ ആകാൻ ഉള്ള ആകാര ഭംഗി ഇല്ല എന്ന കാരണത്താൽ 2 പ്രാവശ്യം തഴയപ്പെട്ടൂ.എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറാതെ ശ്രമങ്ങളിലൂടെ അവസാനം കോളേജിൽ ചേരുന്നു.പിന്നീട് ലഭിച്ച അപ്രധാന വേഷങ്ങൾ പിന്നീട് വരാൻ ഇരുന്ന ചെറിയ റോളുകളുടെ തുടക്കമായിരുന്നു.പിന്നീട് മികച്ച ഒരു സ്വഭാവ നടൻ എന്ന ലേബലിൽ നിന്നും നായകൻ ആയി ഒരു സിനിമ വിജയിപ്പിക്കുക എന്ന ഒരു വലിയ പരിണാമത്തിലൂടെ ആണ് അയാൾ കടന്നു പോയത്.ശരിക്കും സിനിമയിലെ അതിഭാവുകത്വം ജീവിതത്തിൽ സംഭവിച്ച നടൻ.അതു സംഭവിച്ചത് ജാപ്പനീസ് വിജയ  ചിത്രം ആയ Key of Life ന്റെ കൊറിയൻ റീമേക്കിലൂടെ.
  ആകസ്മികമായി സ്വന്തം ജീവിതങ്ങൾ പരസ്പരം മാറ്റപ്പെടുന്ന രണ്ടു പേരുടെ കഥയാണ് Luck Key അവതരിപ്പിക്കുന്നത്.ഒരു അഭിനേതാവ് ആകാൻ ആഗ്രഹിക്കുന്ന ജെ സൂങ്,അപകടകാരി ആയ വാടക കൊലയാളി  ഹ്യൂംഗ് വൂക്കിന്റെ ജീവിതം ജീവിക്കുന്നു.തിരിച്ചു എല്ലാം മറന്നു പോയ ഹ്യൂംഗ് വൂക്കിന്റെ ജീവിതം ഏറ്റെടുക്കുന്നു.സർവ സുഖങ്ങളിലും കഴിഞ്ഞ,ആളുകൾ ഭയപ്പെടുന്ന ഒരാളും ,തന്റെ ലക്ഷ്യങ്ങൾ നിറവേരൻ സാധിക്കാതെ ആത്മഹത്യ ചെയ്യാൻ പോയ ഒരാളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സങ്കീർണതകൾ നിറഞ്ഞ സംഭവങ്ങൾ ആണ് Luck Keyയുടെ ബാക്കി ഉള്ള കഥ.
  കൊമേർഷ്യൽ ചേരുവകൾ കൂട്ടിയിണക്കിയ ഈ ചിത്രം മികച്ച ഹാസ്യ രംഗങ്ങളാൽ സമ്പന്നമാണ്.മികച്ച വിജയ ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ച ഈ ചിത്രം കഥാപാരമായി പുതുമകൾ അധികം ഇല്ലെങ്കിലും അവതരണ – അഭിനയ മികവുകൾ കാരണം ആണ് ശ്രദ്ധേയമായത്.ഏതു ഭാഷയിൽ അവലംബിക്കാൻ കഴിയുന്ന കഥാ ശൈലി പരിചിതമായ ഭാഷ സിനിമ കാണുന്നു എന്ന പ്രതീതി ആണ് ഉളവാക്കുന്നത്.കൊറിയൻ സിനിമകളിലെ മികച്ച കോമഡി സിനിമകളിൽ ഒന്നായി ഈ ചിത്രം മാറുന്നതിനു ഇതെല്ലാം ആകാം കാരണം..
More movie suggestions @www.movieholicviews.blogspot.ca
 

744.Le VAMPIRE De DUSSELDORF(FRENCH,1965)

744.Le VAMPIRE De DUSSELDORF(FRENCH,1965),|Crime|Drama|,DIr:-Robert Hossein,*ing:-Robert Hossein, Marie-France Pisier, Roger Dutoit

   “Tell me, after my head has been chopped off will I still be able to hear; at least for a moment, the sound of my own blood gushing from the stump of my neck?”

   തന്‍റെ തല അറുത്തു മാറ്റിയുള്ള വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ പീറ്റര്‍ കൂര്‍ട്ടന്‍ ജയിലിലെ മനശാസ്ത്രജ്ഞനോട് ചോദിച്ച ചോദ്യമാണ്.ബ്ലേഡ് കഴുത്തില്‍ കൊള്ളുന്ന അല്‍പ്പ സമയത്തേക്ക് ചെവിയും തലച്ചോറും പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം മറുപടി നല്‍കി.പീറ്റര്‍ അപ്പോള്‍ പറഞ്ഞൂ “That would be the pleasure to end all pleasures”.അതെ,രക്തദാഹി ആയിരുന്നു പീറ്റര്‍.തന്‍റെ ഇരകളുടെ രക്തം രുചിച്ചു നോക്കാന്‍ പോലും അയാള്‍ ശ്രമിച്ചിരുന്നു.ഡിസല്ടോര്ഫ് എന്ന  ജർമൻ  പട്ടണത്തെ തന്റെ വിളനിലം ആക്കിയ രക്തദാഹിയുടെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ക്യാമറ തിരിച്ചിരിക്കുകയാണ്  “റോബര്‍ട്ട് ഹൊസൈന്‍” സംവിധാനത്തിനോടൊപ്പം കഥയെഴുതി മുഖ്യ കഥാപാത്രം ആയ പീറ്റര്‍ കൂര്‍ട്ടനെ അവതരിപ്പിച്ച “Le Vampire De Dusseldorf” എന്ന ഫ്രഞ്ച് ചിത്രത്തില്‍.

   സിനിമയിലേക്ക് കടക്കും മുന്‍പ് പീറ്റര്‍ കൂര്‍ട്ടന്‍ എന്ന കൊലപാതാകിയെ കുറിച്ച്.പീറ്ററിലെ രക്തദാഹിയുടെ വിത്ത് പാകിയത്‌ അയാളുടെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ തീരെ അതിശയോക്തി ആകില്ല.പതിമൂന്നു മക്കളില്‍ ഒരാളായി ജനിച്ച പീറ്ററിന്റെ വീട്ടില്‍ സ്ഥിരം അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നു.ലൈംഗിക വൈകൃതങ്ങളില്‍ തല്‍പ്പരന്‍ ആയ സ്വപിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയതാകാം അയാളുടെ ചെയ്തികള്‍ക്ക് ഉള്ള പ്രചോദനം.സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിന് അയാള്‍ പിടിയിലാവുകയും ഭര്‍ത്താവില്‍ നിന്നും  വിവാഹ മോചനം നേടിയ പീറ്ററിന്റെ അമ്മ ഡിസൾഡോർഫിലേക്കു പുന:വിവാഹിത ആയി വരുകയാണ് ഉണ്ടായത്.എന്നാല്‍ പീറ്ററിന്റെ ഉള്ളിലെ കൊലപാതകി വളരെ ചെറുപ്പത്തില്‍ തന്നെ ജനിച്ചിരുന്നു.കുട്ടിക്കാലത്ത് തന്നെ തന്‍റെ രണ്ടു സഹപാഠികളെ അയാള്‍ വെള്ളത്തില്‍ മുക്കി കൊന്നെങ്കിലും അത് അപകട മരണം ആയി കേസ് അവസാനിപ്പിക്കുക ആണ് ഉണ്ടായത്.പലപ്പോഴായി സ്ത്രീകളെയും കൊച്ചു പെണ്‍ക്കുട്ടികളെയും ഇരയാക്കിയ അയാള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെയും കൊല്ലപ്പെടുത്തിയിട്ടുണ്ട്.

    ജർമൻ ഹിറ്റ്ലര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളെ പീഡിപ്പിച്ചു കത്തി കൊണ്ട് കുത്തി കൊല്ലപ്പെടുതുന്ന കൊലപാതകിയെ പിടിക്കൂടാന്‍ ഉള്ള ശ്രമങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു.ഇടക്കാലത്ത് സൈനിക സേവനം അനുഷ്ഠിച്ച പീറ്റര്‍ പിന്നീട് ഒരു ഫാക്റ്ററിയില്‍ അലസനായ തൊഴിലാളി ആയി ആണ് കഴിഞ്ഞിരുന്നത്.അയാളുടെ ജീവിതത്തിലെ ആ കാലഘട്ടം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ബാറിലെ നര്‍ത്തകി ആയ അന്നയോട്‌ അയാള്‍ക്ക്‌ പ്രണയം തോന്നിയിരുന്നു.മറ്റു പെണ്‍ക്കുട്ടികളെ അയാള്‍ തന്‍റെ സംസാരത്തിലൂടെയും മാന്യമായ പെരുമാറ്റത്തിലൂടെയും ആകര്‍ഷിച്ച അയാള്‍ക്ക്‌ പക്ഷെ അന്നയെ ഒരിക്കലും ഒരു ഇര ആയി കാണാന്‍ കഴിഞ്ഞിരുന്നില്ല.തന്നെ തിരിച്ചറിയാന്‍ തക്ക വിധത്തില്‍ സാക്ഷി ആയി മാറിയേക്കാവുന്ന സ്ത്രീയെ പോലും അയാള്‍ പോലീസിനെ മുന്‍ക്കൂട്ടി അറിയിച്ചതിനു ശേഷം വിദഗ്ധമായി കൊല്ലപ്പെടുത്തി.

  അയാളുടെ രീതി അതായിരുന്നു.തന്‍റെ ഇരയെ കുറിച്ച് പോലീസില്‍ അറിയിക്കും.എല്ലായ്പ്പോഴും പോലീസ് എത്തുമ്പോഴേക്കും അയാള്‍ കൃത്യം നിര്‍വഹിച്ചതിന് ശേഷം മടങ്ങിയിട്ടുണ്ടാകും.അയാളുടെ ഇരകള്‍ ആയ സ്ത്രീകളുടെ രീതികള്‍ അവലംബിച്ച് മഫ്തിയില്‍ കൊലയാളിയെ പിടിക്കൂടാന്‍ ആയി വന്ന പോലീസുകാരിയെ പോലും അയാള്‍ കൊലപ്പെടുത്തുന്നു.ആര്‍സന്‍ ഉപയോഗിച്ചുള്ള തീപിടുത്തം അയാള്‍ ആസ്വദിച്ചിരുന്നു.പലപ്പോഴും അതില്‍ ഇരകള്‍ ആകുന്നവരുടെ വേദന അയാള്‍ ആസ്വദിച്ചിരുന്നു എന്ന് പറയാം.ഈ ചെയ്തികളുടെ എല്ലാം ഇടയില്‍ തന്‍റെ ഭാര്യ ആയ ഫ്രോ കൂര്‍ട്ടനോട് അയാള്‍ ഒരു പ്രത്യേക സ്നേഹം കരുതി വച്ചിരുന്നു.താന്‍ പിടിയില്‍ ആകും എന്ന് തോന്നിയ സമയം അയാള്‍ അവരോടു തന്‍റെ കുറ്റങ്ങള്‍ ഏറ്റു പറയുകയും പോലീസിനോട് അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പറയുന്നു.അത് വഴി അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആള്‍ക്ക് ലഭിക്കുന്ന പാരിതോഷികം അവര്‍ക്ക് ലഭിക്കും എന്ന് കണക്കു കൂട്ടുന്നു.അവസാനം അയാള്‍ നേരത്തെ പറഞ്ഞത് പോലെ ഭാര്യ പോലീസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ഒരു പള്ളിയില്‍ വച്ച് ശാന്തന്‍ ആയി കീഴടങ്ങുകയും ചെയ്യുന്നു. സിനിമ ഈ ഭാഗത്തിലേക്ക് പോകുന്നില്ല.പിടിയിലായപ്പോള്‍ അയാള്‍ ഒമ്പത് കൊലപാതകങ്ങള്‍ക്കും ഏഴു കൊലപാതക ശ്രമങ്ങള്‍ക്കും കേസ് ചുമത്തപ്പെട്ടൂ.എന്നാല്‍ 79 കുറ്റകൃത്യങ്ങള്‍ അയാള്‍ നടത്തിയതായി അവകാശപ്പെട്ടു.കൂടുതലും കൊലപാതകങ്ങള്‍!!

   പരമ്പര കൊലയാളികളെ ആസ്പദം ആക്കിയുള്ള ചിത്രങ്ങള്‍ പലപ്പോഴും അവരുടെ കൃത്യങ്ങളിലേക്ക് അധികം കടന്നു ചെല്ലുന്നതിനു പകരം വൈകാരികം ആയ അവരുടെ വശങ്ങളിലേക്ക് ആകും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.ഇവിടെയും അത് തന്നെ സംഭവിച്ചിട്ടുണ്ട്.ഹിറ്റ്‌ലറുടെ ഭരണത്തിലെ ആദ്യ നാളുകളിലെ അടിച്ചമര്‍ത്തല്‍ ചിത്രത്തില്‍ ഇടയ്ക്കിടെ സൂചിപ്പിക്കുന്നും ഉണ്ട്.വിദഗ്ധമായി ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയം അവിടെ സ്പഷ്ടമാണ്.ഒരു docu-cinema എന്നത്തില്‍ നിന്നും കൊലയാളിയുടെ മറ്റു ചില വശങ്ങളിലേക്കും ചിത്രം സഞ്ചരിച്ചത് നല്ലൊരു ഉദ്യമം ആയിരുന്നു.ചലച്ചിത്രം ഉണ്ടാക്കിയ ചലനത്തെക്കാളും പീറ്റര്‍ കൂര്‍ട്ടന്‍ എന്ന രക്തദാഹി ആയ,മാദ്ധ്യമങ്ങള്‍ “ദാസല്ടോര്ഫിലെ രക്തരക്ഷസ്സ്” എന്ന് കൊലപാതകിയുടെ ജീവ ചരിത്രം ആയിരിക്കും കൂടുതല്‍ ഭയാനകം.

 

  

743.10 RILLINGTON PLACE(ENGLISH,1971)

743.10 RILLINGTON PLACE(ENGLISH,1971),|Crime|Drama|,Dir:-Richard Fleischer,*ing:-Richard Attenborough, Judy Geeson, John Hurt .

   “I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill.”

  തന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി തിരഞ്ഞെടുത്ത വഴി കൊലപാതകം ആയിരുന്നു.അയാളുടെ കുറ്റ സമ്മതത്തിന്റെ ഇടയില്‍ ഉള്ള വാചകങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അയാളുടെ കൊലപാതക പരമ്പര ഭാവിയില്‍ ഇംഗ്ലണ്ടിലെ “മോശമായ” രീതിയില്‍ പ്രസിദ്ധി നേടിയ ആ സ്ഥലത്തിന്‍റെ രൂപഘടന പോലും മാറ്റി മറിച്ചു.മനുഷ്യന്‍റെ വൈകൃതമായ മനസ്സിന്റെ ചെയ്തികളോടൊപ്പം നീതി പീഠം പോലും തങ്ങള്‍ക്കു സംഭവിച്ച തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുക ഉണ്ടായി ഈ കേസിന്‍റെ അവസാനം.10 Rillington Place ല്‍ എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞാല്‍ മാത്രമേ സംഭവം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷവും സംസാരവിഷയം ആയ ഈ കേസിന്‍റെ പ്രാധാന്യം മനസ്സിലാകൂ.

   എട്ടോളം സ്ത്രീകളെ കൊല്ലപ്പെടുത്തിയ ജോണ്‍ ക്രിസ്റ്റി എന്നയാളുടെ വിലാസം ആയിരുന്നു 10 Rillington Place.ആദ്യ ലോക മഹായുദ്ധത്തില്‍ ഭാഗം ആവുകയും യുദ്ധത്തില്‍ പരുക്കേറ്റത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച്‌ കുടുംബ ജീവിതത്തിലേക്ക് മാറിയ ജോണ്‍ രണ്ടാം ലോക മഹായുദ്ധത്തിലും തന്‍റെ സാന്നിധ്യം അറിയിച്ചു.ഒരു പക്ഷെ സമൂഹത്തിനു മുന്നില്‍ അയാളുടെ ഈ പശ്ചാത്തലം തന്നെ ആയിരിക്കണം ആളുകള്‍ക്ക് അയാളോടും അയാളുടെ പ്രായത്തേയും ബഹുമാനിക്കാന്‍ കാരണം.ഓഫീസിലെ ജോലിയും ആയി തന്‍റെ ഭാര്യ ആയ എതെലിനോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ തികഞ്ഞ ഒരു കുറ്റവാളിയും ആയിരുന്നു.സൈനിക സേവനത്തിന്റെ ഇടയില്‍ പലപ്പോഴായും പിന്നീടും നാലോളം പ്രാവശ്യം കുറ്റകൃത്യങ്ങള്‍ നടത്തിയ അയാള്‍ എന്നാല്‍ അതെല്ലാം മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥം ആയി മറച്ച് വച്ചു.തന്‍റെ ജീവിത ശൈലി കണ്ടു അയാളില്‍ വിശ്വാസം വരുന്ന തന്‍റെ ഇരകളോട് അവരുടെ അസുഖങ്ങള്‍ പോലെ ഉള്ള പ്രശ്നങ്ങള്‍ മാറ്റി തരാം എന്ന് പറഞ്ഞു അവരെ വിഷ വാതകം ശ്വസിപ്പിച്ചതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ച് ആണ് കൊലപ്പെടുത്തിയിരുന്നത്.

   മൃതദേഹങ്ങള്‍ ആ കെട്ടിടത്തിന്റെ ചുറ്റുപാടുകളില്‍ തന്നെ ആണ് അയാള്‍ ഒളിപ്പിച്ചിരുന്നത് ഫാക്റ്ററി ജീവനക്കാരി ആയ.റൂത്ത്,അയാളുടെ സഹ പ്രവര്‍ത്തക ആയ മുറ്യല്‍ എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന സംഭവങ്ങള്‍ ആണ് സിനിമയ്ക്ക് ആധാരം.ഇവാന്‍സ്-ബെറില്‍ ദമ്പതികള്‍ അവരുടെ മകളായ ജെരാള്‍ടിനും ആയി ജോണ്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിക്കാന്‍ വരുന്നു.ഇവാന്‍സ് വിദ്യാഭ്യാസം കുറഞ്ഞ ആളായിരുന്നുവെങ്കിലും തന്‍റെ ജോലിയെക്കുറിച്ച് ഒക്കെ വിടുവായത്തം പറയുകയും അത് വഴി തന്‍റെ കുറവുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളായിരുന്നു.ഭാര്യയും ആയുള്ള അയാളുടെ വഴക്കുകള്‍ സമീപവാസികള്‍ക്ക്‌ അറിയാവുന്നതും ആയിരുന്നു.സുന്ദരിയായ ബെറില്‍ ജോണ്‍ ക്രിസ്റ്റിയുടെ അടുത്ത ഇര ആകാന്‍ ഉള്ള അവസ്ഥ ഉണ്ടാകുന്നു.രണ്ടാമതൊരു കുട്ടിയെ കൂടി വളര്‍ത്താന്‍ ഉള്ള വരുമാനം ഇല്ലാതിരുന്ന അവര്‍ ബെറില്‍ രണ്ടാമതും ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭചിദ്രം നടത്താന്‍ തീരുമാനിക്കുന്നു.അവര്‍ അതിനായി അധികം ചിലവില്ലാതെ അത് ചെയ്യുന്ന ഒരു ഡോക്റ്ററെതിരയുന്നു. അപ്പോഴാണ്‌ തന്‍റെ സൈനിക സേവന കാലത്ത്  വൈദ്യ ശാസ്ത്ര രംഗത്ത്‌ അഗാധമായ ജ്ഞാനം തനിക്കു ലഭിച്ചെന്ന് ബോധ്യപ്പെടുത്തി ജോണ്‍, ബെറിലിനെ തന്‍റെ വരുതിയിലാക്കുന്നു.ഇവാന്സിന്റെ സമ്മതത്തോടെ നടന്ന “ഗര്‍ഭചിദ്രം” എന്നാല്‍ ബെറിലിന്റെ മരണത്തിലേക്ക് ഉള്ള കയ്യൊപ്പ് ആണെന്ന് അയാള്‍ അറിഞ്ഞില്ലെന്നു മാത്രം.

   ഗര്‍ഭചിദ്രം നടന്നതിന്റെ ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ ബെറില്‍ മരിച്ചു എന്ന് ജോണ്‍ ,ഇവാന്സിനെ വിശ്വസിപ്പിക്കുന്നു.പോലീസിന്റെ അടുക്കല്‍ പോകാന്‍ തീരുമാനിച്ച ഇവാന്‍സിനെ ജോണ്‍ ക്രിസ്റ്റി പല രീതിയിലും പിന്തിരിപ്പിക്കുന്നു.അന്ന് രാത്രി കൈ കുഞ്ഞായ മകളെയും ഏല്‍പ്പിച്ചു നാട് വിട്ട ഇവാന്‍സ് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ എത്തിയ സമയം ജോണ്‍ ക്രിസ്റ്റി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു.പിന്നീട് സാഹചര്യങ്ങള്‍ മൂലം പശ്ചാത്താപ വിവശന്‍ ആയ ഇവാന്‍സ് പോലീസിനോട് സത്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു.അയാള്‍ ആദ്യം മുതല്‍ തന്നെ ജോണ്‍ ക്രിസ്റ്റിയുടെ പേര് പറയുന്നും ഇല്ല.കാരണം ജോണ്‍ അയാളുടെ മാനസിക നില അങ്ങനെ ആക്കിയിരുന്നു.ആ സമയത്ത് തന്നെ തന്‍റെ മകളുടെയും മരണ വാര്‍ത്ത‍ അറിഞ്ഞ അയാള്‍ കൊലപാതകങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു.വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഇവാന്‍സ്.കോടതിയില്‍ പിന്നീട് 10 Rillington Place ന്‍റെ പരിസര പ്രദേശങ്ങളില്‍ നിന്നും മൃത ദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ ജോണ്‍ ക്രിസ്റ്റി സാക്ഷി ആയി ഇവാന്‍സിന് എതിരെ മൊഴി നല്‍കുകയും ചെയ്തു.

  പലപ്പോഴായി മൊഴികള്‍ മാറ്റി പറഞ്ഞ ഇവാന്‍സിനു വധ ശിക്ഷ ലഭിക്കാന്‍  അധികം താമസം ഉണ്ടായില്ല.എന്നാല്‍ ഈ സമയം തന്‍റെ ഭര്‍ത്താവിനെ കുറിച്ച് പലതും മനസ്സിലാക്കിയ ഭാര്യ എതെലിനേയും അയാള്‍ കൊലപ്പെടുത്തി ശവശരീരം ചുവരുകളുടെ ഇടയില്‍ ഒളിപ്പിക്കുന്നു.പിന്നീട് അവിടത്തെ ചെറിയ പണികള്‍ക്ക് ആയി വന്ന തൊഴിലാളികള്‍ അവരുടെ ശവശരീരം കണ്ടെത്തുമ്പോള്‍ അനാവരണം ചെയ്യപ്പെട്ടത് ക്രൂരനായ ഒരു കൊലയാളിയെ ആയിരുന്നു.തന്‍റെ ഭാര്യ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറ്റി എന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച ജോണിന്‍റെ പൊയ്മുഖം അവിടെ അഴിയുന്നു.പിടികിട്ടാപ്പുള്ളിയായി ആയാല്‍ മാറിയതിനു ശേഷവും മൂന്നോളം കൊലപാതകങ്ങള്‍ അയാള്‍ നടത്തി.എന്നാല്‍ ഇതിലും എല്ലാം ഭീകരം ആയിരുന്നു അയാള്‍ നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ച രീതി.തെറ്റിദ്ധരിക്കപ്പെട്ട കോടതി വധ ശിക്ഷ നല്‍കിയ  ഇവാന്‍സിന്റെ വിധി നിശിതമായി വിമര്‍ശിക്കപ്പെട്ടൂ.പോലീസിനെയും കോടതിയേയും അതി വിദഗ്ധമായി തന്‍റെ ഇരകളെ പോലെ തന്നെ ജോണ്‍ ക്രിസ്റ്റി കബളിപ്പിച്ചിരുന്നു.

    ബെറിലിനെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ജോണ്‍ ക്രിസ്റ്റി പിനീട് സമ്മതിക്കുകയും ഒപ്പം തന്‍റെ മറ്റു കൊലപാതകങ്ങളും ഏറ്റു പറഞ്ഞിരുന്നു,ജെരാള്‍ടിന്റെ ഒഴികെ.എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ജോണ്‍ ക്രിസ്റ്റി ആണ് അതും ചെയ്തതെന്ന് മനസ്സിലാക്കി തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഇംഗ്ലണ്ടിലെ നീതി വ്യവസ്ഥ ഇവാന്‍സിനോട് “മരണാന്തര മാപ്പ്” അപേക്ഷിക്കുകയും ഉണ്ടായി.ഇതിനോടൊപ്പം വന്ന പല തെറ്റുകള്‍ കാരണം അവസാനം 1965 ല്‍ ഇംഗ്ലണ്ടില്‍ വധ ശിക്ഷ നിര്‍ത്തലാക്കാന്‍ പോലും ഈ സംഭവങ്ങള്‍ വഴി തെളിച്ചു.ജോണ്‍ ക്രിസ്റ്റി ആയി അഭിനയിച്ച സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ ജോണ്‍ ക്രിസ്റ്റിയുടെ വലിഞ്ഞ ശബ്ദം പോലുള്ള പലതും ഓര്‍മിപ്പിച്ചു എന്നുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.

  കേസിന്‍റെ പലപ്പോഴും ആയി ശേഖരിച്ച രേഖകളുടെ ഒപ്പം സംഭവം നടന്ന 10 Rillington Place ല്‍ തന്നെ ആണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതും.ഒരു ക്രൈം ഡ്രാമ എന്നതിലുപരി കണ്മുന്നില്‍ അവതരിപ്പിക്കപ്പെട്ട വെറുക്കപ്പെടേണ്ട വ്യക്തിത്വും മനസ്സ് നിറയെ വൈകൃതം ആയ കുറ്റകൃത്യ വാസന ഉള്ള ജോണ്‍ ക്രിസ്റ്റിയുടെ ജീവ ചരിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ച ചിത്രം ആയിരുന്നു 10 Rillington Place എന്ന് പറയാം.ചെറുപ്പത്തില്‍ തനിക്കു നേരിട്ട കളിയാക്കലുകള്‍ ആയിരിക്കാം ജോണ്‍ ക്രിസ്റ്റിയുടെ മനസ്സില്‍ ഇത്തരം ചിന്തകള്‍ നിറച്ചിരുന്നത്. തന്‍റെ ലക്‌ഷ്യം പന്ത്രണ്ടോളം കൊലപാതകങ്ങള്‍ ആണെന്ന് പറഞ്ഞ ഒരു കുറ്റവാളി പരമ്പര കൊലപാതകികളില്‍ ഇന്നും വെറുക്കപ്പെട്ട പേരായി തന്നെ അവശേഷിക്കുന്നു.1953 ജൂലൈ 15 നു അയാള്‍ തൂക്കിലെറ്റപ്പെട്ടൂ.

742.MISSING WOMAN(KOREAN,2016)

742.MISSING WOMAN(KOREAN,2016),|Mystery|Thriller|,Dir:-Eon-hie Lee,*ing:-Ji-won Uhm, Hyo-jin Kong, Joon Go.

     ജീവിതം നമുക്കായി കാത്തു വച്ചിരിക്കുന്നത് എന്താണ് എന്ന് അറിയാതെ സന്ദര്ഭങ്ങൾക്കു അനുസരിച്ചു മായറ്റങ്ങൾക്കു വിധേയം ആവുക എന്ന പ്രക്രിയയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും നിത്യേന ചെയ്തു കൊണ്ടിരിക്കുന്നത്.ചുരുക്കത്തിൽ,എല്ലാ സംഭവങ്ങളെയും ആപ്രതിക്ഷിതം എന്നു പറയേണ്ടി വരും.ജീ സുൻ പ്രഗത്ഭൻ ആയ ഒരു ഡോക്റ്ററെ തന്റെ ജീവിതപങ്കാളി ആക്കുമ്പോൾ ഒരിക്കലും അയാളിൽ നിന്നും പിരിയേണ്ടി വരും എന്ന് കരുതിയില്ലായിരിക്കും.അതിലും ഏറെ തന്റെ മകളുടെ തിരോധാനവും.അവൾ തന്റെ മോശപ്പെട്ട സ്വപ്നങ്ങളിൽ പോലും ചിന്തിക്കാത്ത ഒന്നാകും അത്.
   കാരണം,ഹാൻ മേയെ അവൾ അത്രയധികം വിശ്വസിച്ചിരുന്നു.അപ്രതീക്ഷിതമായി തന്റെ മകളെ സൂ ജീൻ ഹാൻ മേയെ നോക്കാൻ ഏല്പിക്കുമ്പോൾ ആ ബന്ധം സ്വന്തം ആയ ഒരാളോട് തോന്നുന്ന അത്ര ആകുമെന്ന് അവരും കരുതിയിരുന്നില്ല.തന്റെയും  മകളുടെയും വിശ്വാസം ഹാൻ മേ അവരിൽ നിന്നും പിടിച്ചു എടുക്കുക ആയിരുന്നു;അവരുടെ സ്നേഹവും പരിചരണവും വഴി.തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടം ആയ വിവാഹമോചന കേസിലെ നിർണായകം ആയ ഒരു സമയത്താണ് സൂ ജിനു അവളുടെ മകളെ നഷ്ടമാകുന്നത്.ഒപ്പം ഹാൻ മേയും അപ്രതിക്ഷം ആയി.മകൾ മരണപ്പെട്ടോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നറിയാത്ത ഒരു അമ്മ.അവൾക്കു മകളെ കുറിച്ചു അറിഞ്ഞേ തീരൂ.കാരണം രണ്ടാണ്.
  ഒന്നു,സ്വാഭാവികം ആയ മാതൃസ്നേഹം തന്നെ.രണ്ടാമതായി തന്റെ ഭാഗത്തു തെറ്റു ഉണ്ടെന്നു കരുതുന്നവരെ,അവർ തെറ്റാണ് എന്നു മനസ്സിലാക്കിക്കുക.എന്നാൽ ഹാൻ മേയെ കുറിച്ചു അന്വേഷിച്ചു ഇറങ്ങിയ സൂ ജിന്നെ കാത്തിരുന്നത് രഹസ്യങ്ങളുടെ ഒരു നിലവറ ആയിരുന്നു.സൂ ജിന്റെ പ്രതീക്ഷകൾക്ക് അപ്പുറം ഉള്ള സംഭവങ്ങൾ ആണ് പിന്നീട് സംഭവിക്കുന്നത്.അവ എന്താണെന്നറിയാണ് ചിത്രം കാണുക.തരക്കേടില്ലാതെ അവതരിപ്പിച്ച ഒരു കൊറിയൻ മിസ്റ്ററി ചിത്രം ആണ് “Missing Woman”.സൂ ജിന്റെ മകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം കൊറിയൻ ചിത്രങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തില്ല!!
 
   

741.MEMORIES OF MURDER(KOREAN,2003)

|

741.MEMORIES OF MURDER(KOREAN,2003),|Mystery|Crime|,Dir:-Joon Ho Bong,*ing:-Kang-ho Song, Sang-kyung Kim, Roe-ha Kim .

   “മഴയുടെ കുളിരില്‍ ,ഇരുളിന്‍റെ കറുപ്പില്‍ ഉന്മാദത്തില്‍ ആകുന്ന കൊലപാതകി.സംഘര്‍ഷഭരിതം ആയ രാഷ്ട്രീയാവസ്ഥ.കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അവലോകനങ്ങള്‍ പരിചിതം അല്ലാത്ത കുറ്റാന്വേഷകര്‍.”കൊറിയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ കൊലപാതക പരമ്പരയുടെ കാലഘട്ടത്തെ ആകെ മൊത്തത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.1986 മുതല്‍ 1991 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊല്ലപ്പെട്ടത് പത്തോളം സ്ത്രീകള്‍.ഹോസോംഗ് എന്ന ചെറിയ കൊറിയന്‍ പട്ടണത്തില്‍ ലൈംഗികമായി പീഡനം നടത്തിയതിനു ശേഷം ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ അവശേഷിപ്പിച്ചത് ഒട്ടേറെ ദുരൂഹതകള്‍ ആയിരുന്നു.സ്ത്രീകളെ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ആയിരുന്നു ബന്ധനസ്ഥര്‍ ആക്കി ആയിരുന്നു കൊലപ്പെടുത്തിയിരുന്നത്.മഴയുടെ ശീതളതയില്‍ ചുവന്ന വസ്ത്രം ധരിച്ചിരുന്ന സ്ത്രീകള്‍ ആയിരുന്നു കൊലപാതകിയുടെ ഇരകള്‍.മഴയും ഇരുട്ടും ഈ കൊലപാതകങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുന്നുണ്ട്.

    ബോംഗ് ഹോ ജൂന്‍ അവതരിപ്പിച്ച Memories of Murder എന്ന കൊറിയന്‍ ചിത്രം പ്രതിപാദിക്കുന്നത് ഹോസോംഗിലെ കൊലപാതകങ്ങളെ കുറിച്ചാണ്.ചിത്രം അവതരിപ്പിക്കുന്നത്‌ പാര്‍ക്ക് ഡൂ മാന്‍ എന്ന കുറ്റാന്വേഷകനിലൂടെ.ചിത്രത്തിനു ആസ്പദം ആയ സംഭവങ്ങളുടെ കാലഘട്ടത്തിനു ഇവിടെ വലിയ പ്രാധാന്യം ഉണ്ട്.ശാസ്ത്രീയ അവലോകനങ്ങള്‍ക്ക്‌ വലിയ സ്ഥാനം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍  കൊലയാളി എന്തെങ്കിലും തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലം കുറ്റകൃത്യം നടന്ന അതെ സമയം പോലെ കാത്തു സൂക്ഷിക്കാന്‍ ഉള്ള സാമാന്യ യുക്തി പോലും അന്യം ആയിരുന്നു അന്ന്.ഓടയില്‍ കണ്ടെത്തിയ ആദ്യ സ്ത്രീ ശരീരം പിന്നില്‍ ആയി കൈകള്‍ കെട്ടിയ നിലയില്‍ ആയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ പാര്‍ക്കും സഹായിയും പിന്തുടര്‍ന്ന രീതികള്‍ ഒരു പക്ഷേ ആധുനിക കുറ്റാന്വേഷണ രീതികളെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു.കുറ്റവാളിയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ തന്നെ തനിക്കു അവരെ മനസ്സിലാകും എന്ന് പാര്‍ക്ക്  വിശ്വസിക്കുന്നു.മര്‍ദ്ദനമുറകളിലൂടെ പ്രതികള്‍ കുറ്റം സമ്മതിക്കും എന്ന് സഹായിയും.

   ഇവരുടെ അടുക്കലേക്കു ആണ് സിയോളില്‍ നിന്നും സിയോ എന്ന കുറ്റാന്വേഷകന്‍ വരുന്നത്.ശാസ്ത്രീയമായ രീതിയില്‍ സിയോ കൊലപാതകങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിക്കുംനോള്‍ മന്ത്രവാദിനിയുടെ അടുക്കല്‍ പോയും ഒരു മുടി പോലും തെളിവായി കിട്ടാത്തതിനാല്‍ ബുദ്ധ സന്യാസികളുടെ മന്ദിരത്തിലും ആണുങ്ങള്‍ കുളിക്കുന്ന സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണം എന്ന അഭിപ്രായം ആണ് പാര്‍ക്കിനു.വ്യത്യസ്ത രീതികള്‍ അവലംബിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ അവരില്‍ പതിവായിരുന്നു.കുറ്റവാളി ആക്കാന്‍ സാധിക്കുന്ന ആളെ കണ്ടെത്തി അയാളെ ഭീഷണിയിലൂടെയും മറ്റും കേസിന് തുമ്പ് കണ്ടെത്താന്‍ പാര്‍ക്ക് ശ്രമിക്കുന്നു.മാനസിക വളര്‍ച്ച ഇല്ലാത്ത യുവാവ്,ഫാക്റ്ററി തൊഴിലാളി എന്നിവ ഉദാഹരണങ്ങള്‍.എന്നാല്‍ സിയോ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ മറ്റൊരു കൊലപാതകം നടന്നിട്ടുണ്ടാകം ഏന് സംശയിക്കുന്നു.അതിനു നിരത്തിയ കാരണങ്ങള്‍ ആയിരുന്നു അടുത്ത് കാണാതായ ചുവന്ന വസ്ത്രം ധരിച്ച മഴ ഉള്ള രാത്രി കാണാതായ സ്ത്രീ.മറ്റു രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോഴും മഴ ഉണ്ടായിരുന്നു.അവര്‍ ധരിച്ചിരുന്നത് ചുവന്ന വസ്ത്രവും ആയിരുന്നു.

   ഈ അവസരത്തില്‍ ആണ് റേഡിയോയില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന അനുസരിച്ച് പാട്ടുകള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ഒരു പ്രത്യേക ഗാനം പ്രേക്ഷകാഭ്യാര്‍ത്ഥന മാനിച്ചു വയ്ക്കുന്ന ദിവസം ആണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌ എന്നും മനസ്സിലാകുന്നത്.അതിനോടൊപ്പം നേരത്തെ ലഭിച്ച തെളിവുകള്‍ കൂടി ആകുമ്പോള്‍ ഒരു പരമ്പര കൊലപാതകിയുടെ വിചിത്രം ആയ കുറ്റകൃത്യ രീതി ആണ് അനാവരണം ചെയ്യപ്പെടുന്നത്.ആ ഗാനങ്ങള്‍ ആവശ്യപ്പെട്ട പാര്‍ക്ക് ഹ്യേന്‍ ഗ്യൂവിനെ പോലീസ് പ്രതിയെന്നു സംശയിക്കുന്നു.എന്നാല്‍ അയാള്‍ ഒരിക്കലും കുറ്റകൃത്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.തന്‍റെ രീതികളിലെ പാളിച്ചകള്‍ മനസ്സിലാക്കിയ പാര്‍ക്ക് സിയോയുടെ ഒപ്പം അന്വേഷണ വഴിയില്‍ സഞ്ചരിച്ചു തുടങ്ങുന്നു.എന്നാല്‍ കുറ്റകൃത്യം തങ്ങളുടെ കയ്യില്‍ അത്യാവശ്യത്തിനു തെളിവുണ്ടായിട്ടു പോലും തെളിയിക്കാന്‍ കാഴിയാതെ വരുമ്പോള്‍ സിയോ പഴയ പാര്‍ക്കിന്റെ രീതികളിലേക്ക് മാറി തുടങ്ങുന്നതായി കാണാന്‍ സാധിക്കുന്നു.കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പാര്‍ക്ക് പ്രതിയാക്കാന്‍ ശ്രമിച്ച മാനസിക വളര്‍ച്ചയില്ലാത്ത യുവാവിന്റെ മൊഴികളില്‍ നിന്നും പ്രധാനപ്പെട്ട ഒരു വസ്തുത അവര്‍ കണ്ടെത്തുന്നു.അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും കൊലപാതക രീതി അവന്‍ വിശദീകരികുന്നത്അവന്‍ നേരിട്ട് കണ്ട പോലെ ആയിരുന്നു.അവനെ സാക്ഷി ആക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് അന്ന് രാത്രി ഉണ്ടായ സംഭവങ്ങളില്‍ അവന്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.ഇനി പോലീസിന്റെ മുന്നില്‍ ഉള്ളത് പ്രതിയുടെ എന്ന് സംശയിക്കുന്ന ശരീര ദ്രാവകങ്ങള്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ നിന്നും ലഭിച്ചിരുന്നു.കൊറിയയില്‍ ഡി എന്‍ ഏ പരിശോധന നടത്താന്‍ സാഹചര്യം ഇല്ലാതിരുന്നത് കൊണ്ട് അത് അമേരിക്കയിലേക്ക് അയച്ചു അവര്‍ കാത്തിരിക്കുന്നു.ആ സമയം വീണ്ടും ഒരു കൊലപാതകം സമാനമായ രീതിയില്‍ സംഭവിക്കുന്നു.ഇത്തവണ ഇര ഒരു സ്ക്കൂള്‍ പെണ്‍ക്കുട്ടി ആയിരുന്നു.

   പ്രതി എന്ന് സംശയിക്കുന്ന പാര്‍ക്ക് ഹേന്‍ ഗ്യൂവിനെ സിയോ അതിന്റെ ദേഷ്യത്തില്‍ കൊല്ലപ്പെടുത്താന്‍ പോകുമ്പോള്‍ ആണ് അയാള്‍ അല്ല പ്രതി എന്ന രീതിയില്‍ ഉള്ള പരിശോധനാഫലം അമേരിക്കയില്‍ നിന്നും വരുന്നത്.പ്രതി ആരെന്നു കണ്ടെത്താന്‍ ആകാതെ അവര്‍ ആ റെയില്‍വേ പാളത്തില്‍ നില്‍ക്കുന്നിടത്ത് നിന്നും കാലം മുന്നോട്ട് പോയി 2003 ല്‍ നില്‍ക്കുമ്പോള്‍ പഴയ കുറ്റാന്വേഷകന്‍ പാര്‍ക്ക് ഇപ്പോള്‍ പഴയ ജോലി ഉപേക്ഷിച്ച് സെയില്‍സ് മാന്‍ ആയി പണിയെടുക്കുന്നു.അയാള്തനിക്ക് ആദ്യമായി മൃതദേഹം ലഭിച്ച ഓടയ്ക്കരുകില്‍ വെറുതെ ഒന്ന് നോക്കി നില്‍ക്കുമ്പോള്‍ ആണ് അവിടെ ഒരു ചെറു പെണ്‍ക്കുട്ടി വരുന്നത്.അന്ന് രാവിലെ മറ്റൊരാളും അവിടെ അതേ രീതിയില്‍ ആ ഓടയിലേക്കു നോക്കിയെന്നും  അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ചെയ്ത ഒരു പ്രാധാനപ്പെട്ട കാര്യവും ആയി ആ ഓടയ്ക്ക്‌ ബന്ധം ഉണ്ടെന്നു പറഞ്ഞാതായി പറയുന്നു.അയാളെ കണ്ടാല്‍ എങ്ങനെ ഇരിക്കും എന്ന പാര്‍ക്കിന്റെ ചോദ്യത്തിന് സാധാരണ ആയ ഒരു മുഖം എന്നായിരുന്നു അവളുടെ ഉത്തരം.കുറ്റവാളികളുടെ കണ്ണില്‍ നോക്കി പ്രതിയെ കണ്ടെത്തുന്ന പാര്‍ക്ക് ഒരു പക്ഷേ തന്‍റെ കണ്ണുകളിലൂടെ സ്ക്രീനില്‍ നോക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രതിയെ തിരയുന്നുണ്ടാകാം.

  കുറ്റകൃത്യങ്ങള്‍ നടന്നതിനു ശേഷം അവ തെളിയിക്കാന്‍ ആയില്ലെങ്കില്‍ അവയുടെ അന്വേഷണം അവസാനിപ്പിക്കുന്ന Statute of Limitation ഈ കേസില്‍ നിലവില്‍ വന്നെങ്കിലും 2004 ല്‍ സമാനമായ രീതിയില്‍ ഒരു പെണ്‍ക്കുട്ടി മരിക്കുമ്പോള്‍ വീണ്ടും ഈ കേസ് പോലീസിന്റെ മനസ്സില്‍ വന്നിരുന്നു.ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണം നടന ഈ സംഭവം ഇന്നും ദുരൂഹം ആയി തന്നെ അവശേഷിക്കുന്നു.കൊലപാതകിയുടെ ശ്രദ്ധയെക്കാളും പോലീസിന്റെ തുടക്കത്തില്‍ ഉള്ള അശ്രദ്ധയും മതിയാ പരിശീലനവും ശാസ്ത്രീയ അപഗ്രഥനങ്ങളുടെ അഭാവവും എല്ലാം ആയിരിക്കാം ഈ കേസിനെ ഇന്നും ദുരൂഹം ആയി അവശേഷിപ്പിച്ചത്.കൊറിയന്‍ ക്രൈം സിനിമകളെ മനോഹരം ആക്കുന്ന,കൊലപാതകങ്ങളെ സുന്ദരമാക്കുന്ന മഴയുടെ നനവുള്ള ഇരുട്ടിന്‍റെ ഭംഗി വ്യക്തമായി അവതരിപ്പിച്ച ചിത്രം ആയിരുന്നു Memories of Murder.ഹോസോംഗ് കൊലപാതകങ്ങള്‍ പലപ്പോഴായി സിനിമകള്‍ക്കും ടെലിവിഷന്‍ സീരീസുകള്‍ക്കും വിഷയം ആയിട്ടുണ്ടെങ്കിലും നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷക പിന്തുണയും ലഭിച്ച ഈ ചിത്രം ഇന്ന് കൊറിയന്‍ സിനിമകളിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.പിന്നീട് വന്ന സമാന പ്രമേയം ഉള്ള പല ചിത്രങ്ങളും അവലംബിച്ചിരിക്കുന്നത് ഇതേ രീതി ആണ്.ഒരു പക്ഷേ കൊലപാതകങ്ങളുടെ സൗന്ദര്യം അവതരിപ്പിച്ച കൊറിയന്‍ സിനിമകളിലെ പ്രധാനപ്പെട്ട സിനിമ തന്നെ ആണ് Memories of Murder എന്ന് നിസംശയം പറയാം.

  ഹോസോംഗിലെ കൊലപാതകി ഇന്നും കാത്തിരിക്കുന്നുണ്ടാകാം മഴയുള്ള രാത്രിയില്‍ അയാളെ ഉന്മാദാവസ്ഥയില്‍ എത്തിക്കുന്ന ആ പാട്ടില്‍ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെ തന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളിലൂടെ പ്രാപിച്ചു അവളുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍…അയാളുടെ കൊലപാതകങ്ങളുടെ ഓര്‍മയില്‍!!!

740.CITIZEN X(ENGLISH,1995)

740.CITIZEN X(ENGLISH,1995),|Crime|Biography|,Dir:-Chris Gerolmo,*ing:-Stephen Rea, Donald Sutherland, Max von Sydow

  “The Soviet Union doesn’t have serial killers! It is a decadent, western phenomenon.”

പ്രതിച്ഛായ ബാധ്യത ആയി തീര്‍ന്ന ഭരണക്കൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണിവ.പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളിയുടെ 52 ഇരകള്‍ക്ക് കാരണമായ സമീപനം മേല്‍പ്പറഞ്ഞ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.മിഖായേല്‍ ഗോര്‍ബചോവിന്റെ “ഗ്ലാസ്നോസ്റ്റ്‌” നയങ്ങള്‍ നില നിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം.പരമ്പര കൊലപാതകികള്‍ എന്നത് വൈദേശികമായ ഒരു മിഥ്യാധാരണ ആണെന്ന നിലപാട് ആണ് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.അതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം ശരി ആണെന്ന് ലോകത്തോട്‌ വിളിച്ചു പറയുന്നതിന്‍റെ ഭാഗമായി പൊതു ജനമദ്ധ്യത്തില്‍ നിന്നും മറച്ചു വയ്ക്കേണ്ടി വരുന്നു ആ കൊലപാതകങ്ങള്‍.ഒപ്പം തങ്ങളുടെ സാങ്കേതിക വളര്‍ച്ചയെ കുറിച്ചുള്ള അമിതമായ ആത്മവിശ്വാസവും കൊണ്ടെത്തിക്കുന്നത് “ചിക്കാറ്റിലോ” യില്‍ ആണ്.

   എണ്‍പതുകളുടെ തുടക്കം മുതല്‍ അവസാനം വരെ റഷ്യന്‍ പോലീസിനെ കുരുക്കിയ പരമ്പര കൊലപാതകിയുടെ കഥ അവതരിപ്പിക്കുക ആണ് HBO യുടെ ടെലിവിഷന്‍ സിനിമ ആയ Ctizen X ലൂടെ.പാടം ഉഴുന്നതിന്റെ ഇടയില്‍ ആണ് ആദ്യ മൃത ദേഹം ലഭിക്കുന്നത്.ആ ഭാഗത്ത്‌ തന്നെ തെളിവുകള്‍ കാണും എന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ അയക്കുന്ന പോലീസ് ഫോറന്‍സിക് വിദഗ്ധന്‍ ബുറക്കോവിനായി അവര്‍ അന്ന് കൊണ്ട് വന്നത് ഏഴു മൃതദേഹങ്ങള്‍ കൂടി ആയിരുന്നു.ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം മനസ്സിലായ ബുറക്കോവ്ഉന്നത കമ്മിറ്റിയുടെ മുന്നില്‍ തന്‍റെ സംശയം അവതരിപ്പിക്കുന്നു.ഒരു രാത്രിയില്‍ വിശ്രമം ഇല്ലാതെ 8 മൃതദേഹങ്ങളുടെ പരിശോധന നടത്തിയത് ബുറക്കോവിന്റെ മടുക്കാത്ത മനസ്സിന്‍റെ കഴിവ് ആണെന്ന് മനസ്സിലാക്കിയ കേണല്‍ ഫെറ്റിസോവ് കുറ്റാന്വേഷണത്തില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും അയാളെ കൊലപാതകങ്ങളുടെ അന്വേഷണ ചുമതല നല്‍കി.

  സമാനമായ ചിന്താഗതിക്കാര്‍ ആയിരുന്നു ബുറക്കോവും കേണല്‍ ഫെറ്റിസോവും.ബുറക്കോവ് അല്‍പ്പം കൂടി വൈകാരികതയ്ക്ക് അടിമപ്പെട്ടു പോകുന്ന ആള്‍ ആയിരുന്നു എന്ന് മാത്രം.തന്‍റെ മേല്‍ ഉദ്യോഗസ്ഥര്‍ ശകാരിക്കുമ്പോള്‍ കരയുകയും ,തന്നെ കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ സന്തോഷത്താല്‍ കരയുകയും ചെയ്തിരുന്ന ബുറക്കോവ് എന്നാല്‍ വര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്‍റെ ലക്ഷ്യമായ പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു.തന്‍റെ ആവശ്യങ്ങള്‍ കമ്മിറ്റി പലപ്പോഴും നിരാകരിച്ചു കൊണ്ടിരുന്നപ്പോള്‍ പോലും.ഒരിക്കല്‍ സംശയത്തിന്‍റെ പേരില്‍ ചിക്കാറ്റിലോയെ പിടിക്കൂടിയപ്പോള്‍ പോലും പാര്‍ട്ടി അംഗം ആണെന്ന കാരണത്താല്‍ വിട്ടയക്കുക ആണ് ഉണ്ടായിരുന്നത്.ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മാറാതിരുന്ന സാങ്കേതിക വിദ്യയും അന്ന് വിനയായി.

  ഇനി ആരാണ് ചിക്കാറ്റിലോ?ഒരു പക്ഷെ അമ്പതിലേറെ കൊലപാതകങ്ങള്‍ നടത്താനും മാത്രം ശക്തന്‍ ആണോ അയാള്‍ എന്ന് സംശയിക്കാവുന്ന രൂപത്തോട് കൂടിയ ആത്മവിശ്വാസം ഇല്ലാത്ത,കിടപ്പറയില്‍ പരാജയമായ,ജോലി സ്ഥലത്ത് പരിഹസിക്കപ്പെട്ടിരുന്ന ഒരാള്‍ ആയിരുന്നു കുടുംബസ്ഥന്‍ ആയ ചിക്കാറ്റിലോ.മുന്‍ അധ്യാപകന്‍ ആയിരുന്ന അയാള്‍ ലൈംഗിക ആരോപണങ്ങള്‍ കാരണം ആ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നു.തന്‍റെ ദിവസേന ഉള്ള  ജീവിതത്തിലെ പരാജയങ്ങള്‍ അയാള്‍ മറന്നിരുന്നത് കൊലപാതകങ്ങളിലൂടെ ആയിരുന്നു.ലൈംഗിക ആയി പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടികള്‍,ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ആണ്‍ കുട്ടികള്‍ എന്നിവ അയാള്‍ക്ക്‌ തന്നില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള “വസ്തുക്കള്‍” മാത്രം ആയിരുന്നു.മരിച്ചതിനു ശേഷവും ഇരകളുടെ മേല്‍ തന്‍റെ ലൈംഗിക അഭിനിവേശം തീര്‍ക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു.

  റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആയിരുന്നു അയാള്‍ തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്.ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ദുര്‍ബലരായ ആളുകള്‍ ആയിരുന്നു അയാളുടെ ലക്‌ഷ്യം.തന്‍റെ 52 ഇരകളില്‍ 35 പേരും 17 നു വയസ്സില്‍ താഴെ ഉള്ളവര്‍ ആയിരുന്നു എന്നതിലൂടെ തന്നെ അയാളുടെ കൊലപാതകങ്ങളിലെ സുപ്രധാനമായ ഒരു സാദൃശ്യം ബുറക്കോവ് മനസ്സിലാകുന്നു.റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിനെ നിയോഗിച്ചെങ്കിലും മേല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊലയാളി സ്വവര്‍ഗാനുരാഗി ആണെന്ന “കണ്ടെത്തല്‍” കാരണം അത്തരം ആളുകളുടെ വേട്ടയായി മാറ്റപ്പെട്ടു.എന്നാല്‍ 8 വര്‍ഷത്തോളം തന്‍റെ കണ്ടെത്തലുകളില്‍ വിശ്വസിച്ച ബുറക്കോവ് അവസാനം ലക്‌ഷ്യം കാണുന്നു.മാറപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്ഥാനക്കയറ്റം ലഭിച്ച ഫെറ്റിസോവും ബുറക്കോവും കുറ്റാന്വേഷണത്തില്‍ ശാസ്ത്രീയം ആയ രീതികളിലേക്ക് അന്വേഷണം മാറ്റുന്നു.അമേരിക്കയുടെ FBI സഹായം വരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു.

   അല്‍പ്പ ദിവസത്തിന് ശേഷം ചിക്കാറ്റിലോ ആകസ്മികം ആയി പിടിയിലാകുമ്പോള്‍ അയാള്‍ തന്‍റെ 52 മത്തെ ഇരയെ വകവരുത്തിയിട്ടുണ്ടായിരുന്നു.എട്ടു വയസ്സുള്ള ഒരു പെണ്‍ക്കുട്ടി.അവളുടെ ബന്ധുവായ പോലീസുകാരന്‍ ആ മൃത ശരീരം കണ്ടപ്പോള്‍ അല്‍പ്പം നേരത്തെ അയാളെ പിടിക്കൂടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കാം.അധികാരത്തിന്റെ വടം വലിയില്‍ ഉള്ള ഈഗോ ഈ കേസില്‍ അവസാനം വരെ വില്ലന്‍ ആയി.അശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട ചിക്കാറ്റിലോ തന്‍റെ കുറ്റകൃത്യങ്ങള്‍ നീണ്ട ഏഴു ദിവസം സമ്മതിക്കുന്നില്ല.കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ പുറത്തു വിടേണ്ട ദിവസം നാടകീയ സംഭവങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിക്കുന്നത്. അവസാനം ബുറക്കോവ്, ബുക്കാനോവ്സ്ക്കി എന്ന “മനശാസ്ത്ര വിദഗ്ദ്ധനെ” രംഗത്തിറക്കുന്നു.കൊലപാതക രീതികള്‍ ഉപയോഗിച്ച് കൊലപാതകിയെ കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വിശദമായ പഠനം നടത്തിയിരുന്നു.റഷ്യയില്‍ ആദ്യമായി കൊലപാതക കൃത്യങ്ങളെ പ്രതികളുടെ മനോനില അനുസരിച്ച് തെളിയിക്കുന്ന രീതികളുടെ തുടക്കം ആയിരുന്നു അതെന്ന് പറയാം.കുറ്റം ഏറ്റു പറയുന്ന ചിക്കാറ്റിലോ അതെങ്ങനെ നടപ്പാക്കി എന്ന് വിശദീകരിക്കുന്നു അവസാനം.

  തന്‍റെ കുറ്റകൃത്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാം ഒരു ഇരുമ്പ് കൂടില്‍ അടയ്ക്കപ്പെട്ട അയാളെ പിന്നീട് ശിക്ഷ ആയി വെടി വച്ച് കൊല്ലാന്‍ ഉത്തരവിടുക ആയിരുന്നു നീതി പീഠം അവസാനം.റോബര്‍ട്ട് കല്ലന്‍ രചിച്ച “”The Killer Department” എന്ന പുസ്തകത്തെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ടെലിവിഷന്‍ ചിത്രം എന്ന നിലയില്‍ ആണ് HBO ഈ ചിത്രം അവതരിപ്പിച്ചതെങ്കിലും പരമ്പര കൊലപാതകികളെ കുറിച്ചുള്ള സിനിമകളിലെ അധികം ശ്രദ്ധിക്കാതെ കിടക്കുന്ന മാണിക്യം ആണ് “Citizen X”എന്നത് ബുക്കാനോവസ്ക്കി,തന്‍റെ അജ്ഞാത കൊലയാളി കഥാപാത്രത്തിന് നല്‍കിയ പേര് ആണത്.വിലക്കുകള്‍ മൂലം പൊതു ജനങ്ങള്‍ക്ക്‌ ഇത്തരം ഒരു സംഭവത്തെ കുറിച്ച് സൂചന ഇല്ലാതിരുന്നതും ഒരു കേസ് അന്വേഷണത്തില്‍ ഭരണക്കൂട നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകും എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് ചിക്കാറ്റിലോയും അയാളുടെ 52 ഇരകളും.എട്ടു വര്‍ഷത്തോളം സ്വവര്‍ഗാനുരാഗികളെ കണ്ടത്താന്‍ ബുറക്കോവ് ചവിട്ടി തുറക്കുന്ന വാതിലുകളില്‍ നിന്നും തന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അയാള്‍ക്ക്‌ അവസരം വരുന്നതിലൂടെ ആണ് കേസ് അന്വേഷണം പൂര്‍ത്തി ആകുന്നതു എന്ന് വേണമെങ്കില്‍ പറയാം.

739.NEXT TIME I’LL AIM FOR THE HEART(FRENCH,2014)

739.NEXT TIME I’LL AIM FOR THE HEART(FRENCH,2014),|Crime|Drama|,Dir:-Cédric Anger,*ing:-Guillaume Canet, Ana Girardot, Jean-Yves Berteloot

         “അലന്‍ ലമേര്‍” 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു.ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു.സ്ത്രീകളെ  മോഷ്ടിച്ച കാറുകളില്‍ കയറ്റി കൊണ്ട് പോയി വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരും കഷ്ടപ്പെട്ടൂ.ഈ  സംഭവങ്ങള്‍ക്കിടയില്‍ നടന്ന ഒരു അപകടം പോലീസിനോടൊപ്പം സേന വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസും അന്വേഷണത്തില്‍ പങ്കാളികള്‍ ആകുന്നു.കൊലയാളി ആയ അലന്‍ അന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ അയാളെ ഒരു പരിധി കുറ്റവാളി എന്ന് മുദ്ര കുത്തുന്നതില്‍ നിന്നും രക്ഷിച്ചിരുന്നു.തന്‍റെ കൃത്യങ്ങള്‍ക്കിടയില്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരുന്ന കുറിപ്പുകളില്‍ നിന്നും അയാള്‍ ഒരു Gendarme ആണെന്നുള്ള സൂചന ലഭിച്ചിരുന്നു.

   എന്നാല്‍ സേന വിഭാഗത്തിന് വരുത്താവുന്ന നാണക്കേട്‌ കാരണം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആ സംശയങ്ങള്‍ക്ക് കാത് കൊടുത്തില്ല.അലന്റെ കുറ്റകൃത്യങ്ങള്‍ എല്ലാം ഒരേ തരത്തില്‍ ഉള്ളവ ആയിരുന്നു.ഒരു പ്രത്യേക രീതി പിന്തുടര്‍ന്ന കുറ്റകൃത്യങ്ങള്‍ ആയിരുന്നു അവ.ഏകയായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആയിരുന്നു അയാളുടെ സ്ഥിരം ഇരകള്‍.അലന്‍ ഉപയോഗിച്ചിരുന്ന 9 mm Beretta തിരകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പലയിടത്തായി നടന്ന ഈ കുറ്റകൃത്യങ്ങളില്‍ സമാനമായ വസ്തുതകള്‍ ഉണ്ടെന്നു മനസ്സിലാക്കുവാന്‍ സഹായിച്ചു.വെടി ഉതിര്‍ക്കുമ്പോള്‍ തന്‍റെ ഇരയുടെ മുഖത്തിന്‌ നേരെ നോക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും ഉന്നം തെറ്റി അവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.ചിത്രത്തില്‍ അലന്റെ കഥാപാത്രം ആയ ഫ്രാങ്ക് ഒരിക്കല്‍ പറയുന്നുണ്ട് “അടുത്ത തവണ ഹൃദയത്തിലേക്ക്പ തന്നെ താന്‍ നിറയൊഴിക്കും എന്ന്ത”.കൊലപാതകി തന്നെ കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന വിരോധാഭാസം കൊണ്ട് തന്നെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴികളില്‍ നിന്നും രൂപപ്പെടുത്തിയ രേഖാ ചിത്രങ്ങള്‍ അലനോട് സാദൃശ്യം ഉണ്ടായിട്ട് പോലും അയാളുടെ സ്വഭാവത്തില്‍ ഉള്ള മതിപ്പ് കാരണം ആരും ശ്രദ്ധിച്ചില്ല എന്നതും ശ്രദ്ധേയം ആയ ഒരു കാര്യമാണ്.ചിത്രത്തില്‍ ഒരു രംഗം ഉണ്ട് തന്‍റെ മുഖത്തോട് സാദൃശ്യം ഉള്ള രേഖാ ചിത്രവും ആയി അന്വേഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും കയറി “ഇയാളെ അറിയാമോ?” എന്ന് ചോദിക്കുന്നു.ചിലര്‍ക്കെങ്കിലും “ഇത് താന്‍ തന്നെ അല്ലെ” എന്ന് ചോദിക്കണം എന്ന് തോന്നിയിട്ട് പോലും ഉണ്ടാകാം.എന്നാല്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനോട് അങ്ങനെ ചോദിയ്ക്കാന്‍ ഉള്ള വിമുഖത പലരിലും ഉണ്ടായിരുന്നിരിക്കാം.തന്‍റെ ജോലി അയാളെ ഒരു പരിധി വരെ രക്ഷിച്ചിരുന്നു എന്നതും സത്യം ആണ്.

     അലന്റെ കുറ്റകൃത്യങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് സിനിമ ആക്കിയപ്പോള്‍ അലന്‍ എന്ന പേര് ഫ്രാങ്ക് ആയി മാറി.സെട്രിക്അന്ജെര്‍ സംവിധാനം ചെയ്ത “Next Time I’ll Aim For The Heart”, അലന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലേക്ക് ഉള്ള ഒരു എത്തി നോട്ടം കൂടി ആയി മാറുന്നു.താന്‍ എന്താണ് എന്ന് സ്വയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട വ്യക്തിത്വം ആയിരുന്നു അയാളുടെ.പ്രകടമായിരുന്നു ഈ സ്വഭാവ വൈചിത്ര്യം.പ്രത്യേകിച്ചും സ്ത്രീകളോട് അയാള്‍ക്ക്‌ ഉണ്ടായിരുന്ന സമീപനം.നല്ല കുടുംബം,ജോലി എന്നിവ ഉണ്ടായിരുന്നിട്ടു കൂടി തന്‍റെ ലൈംഗികാഭിമുഖ്യം എന്താണ് എന്നറിയാതെ അയാള്‍ കുഴങ്ങിയിരുന്നു.ചിത്രത്തില്‍ പലപ്പോഴും ഒരു സ്വവര്‍ഗാനുരാഗി ആണോ അയാള്‍ എന്ന സംശയം പോലും അയാള്‍ക്ക്‌ ഉണ്ടായിരുന്നതായി അവതരിപ്പിക്കുന്നുണ്ട്.സ്ത്രീകളെ സ്നേഹിക്കാന്‍ അയാളുടെ മനസ്സ് പലപ്പോഴും സമ്മതിക്കുന്നില്ലയിരുന്നു.അയാള്‍ക്ക്‌ പ്രണയം തോന്നിയ സോഫിയയോട് പോലും മുടിയിഴകള്‍ ചീപ്പില്‍ കാണുമ്പോള്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന വെറുപ്പ്‌ അയാളുടെ സ്വഭാവ വൈചിത്ര്യത്തിനു നല്ല ഒരു ഉദാഹരണം ആണ്.ആ സംഭവം കാരണം അയാള്‍ സോഫിയയെ അവളോട്‌ പറയാതെ ഉപേക്ഷിക്കാന്‍ കാരണം ആകുന്നു.

   ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ പോലും പോലീസ് വിഭാഗത്തില്‍ ഉണ്ടായിരുന്നവരിലേക്ക് നീണ്ട സംശയത്തിന്‍റെ മുനകള്‍ കൃത്യം നടന്ന സമയത്ത് ഫ്രാങ്കിനെ തങ്ങളോടൊപ്പം കാണുന്നില്ല എന്ന വസ്തുതയും ആയി കൂട്ടി വായിച്ചപ്പോള്‍ ആണ് കേസിന് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്.അറസ്റ്റില്‍ ആയെങ്കിലും പ്രതിക്ക്  “Schizophrenia” ആണെന്ന കാരണത്താല്‍ കോടതി അയാളെ കുറ്റ  വിമുക്തന്‍ ആക്കി ജീവിതക്കാലം മുഴുവന്‍ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയാന്‍ വിധിക്കുക ഉണ്ടായി.”വാസിലെ കൊലപാതകി ” എന്ന് അറിയപ്പെട്ടിരുന്ന അലന്റെ കഥ പ്രമേയം ആക്കി സിനിമകള്‍ പിന്നീട് വന്നിട്ടുണ്ട്.കേസന്വേഷണം നടത്തുന്ന കുറ്റവാളി എന്ന കഥാപാത്രം അലനെ കേന്ദ്രീകരിച്ചു ആയിരുന്നു അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്.

   കുറ്റവാളികള്‍ ആയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ള ഏറ്റവും വലിയ രക്ഷാകവചം അവരുടെ ജോലിയില്‍ നിന്നും ലഭിക്കുന്ന സമൂഹത്തിലെ ഉന്നത സ്ഥാനം ആണ്.കാലിക പ്രസക്തി ഉള്ള പ്രമേയം ആണ് ഈ ചിത്രം എന്നുള്ളത് സേനാവിഭാഗങ്ങളില്‍ നിന്നും തന്നെ ഉള്ളവര്‍ പ്രതികള്‍ ആയി വരുമ്പോള്‍ നമ്മളെ ഓര്‍മപ്പെടുത്തുന്നു.ഒരാളുടെ മനസ്സില്‍ ഉള്ള കുറ്റ കൃത്യങ്ങളോട് ഉള്ള ആഭിമുഖ്യം മാത്രം ആണ് അയാളെ ക്രൂരതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തന്‍ ആക്കുന്നത്.അയാളുടെ സമൂഹത്തില്‍ ഉള്ള സ്ഥാനമാനങ്ങള്‍ ഒന്നും അതില്‍ വരുന്നില്ല.സേനാവിഭാഗങ്ങളില്‍ കൂടി വരുന്ന കുറ്റവാളികളുടെ കാര്യവും ഇത് തന്നെ.ഇവിടെ അലന് തന്‍റെ മാനസിക പ്രശ്നങ്ങള്‍ വച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ന്യായീകരണം പറയാമയിരുന്നെങ്കില്‍ പോലും മറ്റുള്ളവരുടെ അവസ്ഥയും അത് തന്നെ ആണോ എന്നുള്ളതും പരിശോധിക്കേണ്ടത് ആണ്.

http://www.mathrubhumi.com/crime-beat/crime-flick/crimenews-1.1858924

738.ELEVATOR TO THE GALLOWS(FRENCH,1958)

738.ELEVATOR TO THE GALLOWS(FRENCH,1958),|Crime|Thriller|,Dir:-Louis Malle,*ing:-Jeanne Moreau, Maurice Ronet, Georges Poujouly .

   “If you want to kill someone, you’d better pull off a perfect crime. Our security lies in the fact that that’s damnably hard to do.” .

  പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ആയ ക്ലോഡ് ലെലോയുടെ “Perfect Crime” നെ കുറിച്ചുള്ള പ്രശസ്തമായ വാക്കുകള്‍  ആണിത്.ഒരാളെ കൊല്ലണം  എങ്കില്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം ചെയ്യുക എന്നത് ആയിരിക്കും  ഓരോ കൊലയാളിയുടെയും ലക്‌ഷ്യം.നിയമത്തിന്റെ കണ്ണില്‍ അയാള്‍ തെറ്റുകാരന്‍ ആകുന്നതു വരെ അത് ഒരു പരിപൂര്‍ണ വിജയം ആയ കുറ്റകൃത്യം ആയി മാറുന്നു.എന്നാല്‍ പലപ്പോഴും കുറ്റകൃത്യം ചെയ്ത ആള്‍ ബാക്കി വയ്ക്കുന്ന ചെറിയ ഒരു അശ്രദ്ധ മതിയാകുംഅയാളുടെ പ്രവൃത്തിക്ക് കളങ്കം ചാര്‍ത്താന്‍.മനുഷ്യനാല്‍ ഏറെക്കുറെ അസാധ്യം ആയ ഒന്നാണെന്ന് പറയാം തെളിവില്ലാതെ ഒരു കുറ്റകൃത്യം ചെയ്യുക എന്നത്.”Elevator To the Gallows ” എന്ന ഫ്രഞ്ച് ചലച്ചിത്രം പ്രതിനിധീകരിക്കുന്നത് ഇത്തരം സങ്കീര്‍ണം ആയ ആശയത്തെ ആണ്;ഒപ്പം അതിന്റെ പാളിച്ചകളെയും.

 
   ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.ഫ്ലോറന്‍സ് കരാല ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നും തന്‍റെ കാമുകന്‍ ആയ ജൂലിയനും  ആയുള്ള സംഭാഷണത്തിലാണ്.വൈകിട്ട് അവര്‍ തമ്മില്‍ കാണാം എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ ക്രൂരമായ ഒരു കൊലപാതകത്തിന് അരങ്ങൊരുങ്ങുന്നു.ഫ്ലോരന്സിന്റെ ഭര്‍ത്താവും പ്രശസ്ത ആയുധ വ്യാപാരിയും ആയ കരാലയെ അന്ന് ജൂലിയന്‍ കൊല ചെയ്യാന്‍ തീരുമാനിക്കുന്നു.ജൂലിയന്‍ കരാലയുടെ വിശ്വസ്തനായ ജോലിക്കാരന്‍ ആണ്.സൈനിക സേവനം അനുഷ്ഠിച്ച ജൂലിയന്  ആത്മഹത്യ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൃത്യം നടത്താന്‍ സാധിക്കുന്നു.ഓഫീസില്‍ വച്ച് കൊല നടത്തിയതിനു ശേഷം ജൂലിയന്‍ തന്‍റെ കാറിന്റെ അടുക്കലേക്കു പോകുന്നു.

   ചിത്രത്തിന്‍റെ നേരത്തെ സൂചിപ്പിച്ച അപ്രതീക്ഷിതം ആയ “അശ്രദ്ധ” ഇവിടെ ആരംഭിക്കുന്നു.കൊലപാതകം നടത്താന്‍ വേണ്ടി കരാലയുടെ ഓഫീസിലേക്ക് കയറാന്‍ ജൂളിയനെ സഹായിച്ച കയര്‍ അയാള്‍ അവിടെ നിന്നും മാറ്റാന്‍ മറന്നു പോയി.ഒരു വലിയ അശ്രദ്ധ തന്നെ ആയിരുന്നു അത്.ഒരു പക്ഷെ ഒരിക്കലും തെളിയാതെ പോകുമായിരുന്ന കേസില്‍ പ്രധാന ഭാഗം ആ കയറിനു കൈ വരുന്നു.തന്‍റെ കാറില്‍ ഇരുന്നു കൊണ്ട് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ ആടുന്ന ആ കയര്‍ കണ്ട ജൂലിയന്‍ അതെടുക്കാന്‍ ആയി വെപ്രാളത്തില്‍ തിരിച്ചു കയറുന്നു.ഓഫീസിലെ ലിഫ്റ്റില്‍ കയറിയ ജൂലിയന്റെ വിധി അവിടെ മാറുന്നു.ഓഫീസ് അടയ്ക്കാന്‍ നേരം വൈദ്യുതി നിലയ്ക്കുമ്പോള്‍ അയാള്‍ അവിടെ അകപ്പെട്ടു പോകുന്നു.പുറത്തിറങ്ങാന്‍ ഒരു വഴിയും ഇല്ലാതെ ആയ ജൂലിയന്‍ അവിടെ അകപ്പെടുന്നു.”തൂക്കു കയറിലേക്ക് ഉള്ള അയാളുടെ യാത്ര അവിടെ ആരംഭിക്കുന്നു”.

     ഇനി ഇതിനു സമാന്തരം ആയി മറ്റൊരു കഥ കൂടി നടക്കുന്നു.ജൂലിയന്റെ വിലപ്പിടിപ്പ് ഉള്ള കാറില്‍ ആകൃഷ്ടന്‍ ആയ ചെറിയ കുറ്റകൃത്യങ്ങളും ആയി നടക്കുന്ന ലൂയിസും അവന്റെ കാമുകി വെറോനിക്കയും ആ കാര്‍ മോഷ്ടിച്ച് യാത്ര തുടങ്ങുന്നു.ഒരു പക്ഷെ പിടിക്കപ്പെടും  എന്ന ഉറപ്പു ഉണ്ടായിരുന്നിട്ടു കൂടി അത്ര വിലപ്പിടിപ്പ് ഉള്ള കാറില്‍ യാത്ര ചെയ്യാന്‍ ഉള്ള അവരുടെ ആഗ്രഹം ആയിരുന്നു അവരെ കൊണ്ട് അത് ചെയ്യിച്ചത്.അവരുടെ യാത്രയില്‍ കണ്ടു മുട്ടുന്ന ബെന്ക്കര്‍-ഫ്രീഡ ദമ്പതികളും ആയി അവര്‍ ചങ്ങതത്തില്‍ ആകുന്നു.ലൂയിസിന്‍റെ പേര് മാറ്റി ജൂലിയന്‍ എന്ന പേരാണ് അവര്‍ അവിടെ ഉപയോഗിച്ചത്.എന്നാല്‍ അന്ന് നടന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവസാനിക്കുന്നത്‌  ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലപാതകത്തില്‍ ആയിരുന്നു.ജൂലിയന്റെ കാര്‍ അവിടെ ഉപേക്ഷിച്ച്  ലൂയിസും വെറോനിക്കയും മരണപ്പെട്ടവരുടെ കാറില്‍ തിരിച്ചു എത്തുന്നു.തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തിന് ശിക്ഷ ലഭിക്കും എന്ന് ഭയന്ന അവര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു.

     പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുള്ള ചിത്രത്തിന്റെ കഥ ഇതാണ്.നേരിട്ട് പരിചയം ഇല്ലാത്ത വ്യക്തികള്‍ ചെയ്യുന്ന 3 കൊലപാതകങ്ങള്‍.എന്നാല്‍ ജിഗ്സോ പസിലില്‍ ചേര്‍ത്ത് വയ്ക്കുന്ന പരസ്പര പൂരകങ്ങള്‍ ആയ  വിടവുകള്‍ പോലെ അവരുടെ ഇടയില്‍ ഒരു ബന്ധം ഉണ്ട്.അന്ന് ഈ മൂന്നു പേരുടെയും അവസ്ഥയ്ക്ക് പ്രധാന കഥാപാത്രം ആയ കാര്‍.മോട്ടലില്‍ കൊലപാതക സമയത്ത് ഉപയോഗിച്ച കാര്‍ ജൂലിയനെ ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലയാളി ആയി മാറ്റുന്നു.അവിടെ അവര്‍ ഉപയോഗിച്ച പേരും ജൂലിയന്‍ എന്നായിരുന്നു.ജൂലിയന്‍ ചെയ്യാത്ത കുറ്റകൃത്യത്തില്‍ അയാള്‍ പ്രതിയാകുന്നു.അയാള്‍ പിറ്റേദിവസം  ലിഫ്റ്റില്‍ നിന്നും പുറത്തു വരുമ്പോള്‍ പോലീസ് പിടിയില്‍ ആകുന്നു.

  ആത്മഹത്യക്ക് ശ്രമിച്ച ലൂയിസിനെയും വെറോനിക്കയെയും ഫ്ലോറന്‍സ് കണ്ടെത്തുന്നു.തലേ ദിവസം രാത്രി തന്‍റെ കാമുകന്റെ ഒപ്പം എത്തി ചേരാന്‍ കൊതിച്ച ഫ്ലോറന്‍സ് ജൂലിയന്റെ കാറില്‍ യാത്ര ചെയ്യുന്ന വെറോനിക്കയെ കണ്ടു ഇടയ്ക്ക് തെറ്റിദ്ധരിക്കുന്നുണ്ട്.എന്നാല്‍ മോട്ടലില്‍ നടന്ന കൊലപാതകത്തിന്റെ പിന്നില്‍ ഉള്ള രഹസ്യം അറിയാന്‍ ഉള്ള അവരുടെ ത്വര ആണ് അവളെ അവിടെ എത്തിക്കുന്നത്.ഇവിടെ ആണ് അടുത്ത തെളിവ് വില്ലന്‍ ആകുന്നതു.ജൂലിയന്റെ പോക്കറ്റ് ക്യാമറ.കരാലയുടെ മരണം ആത്മഹത്യ ആണെന്ന് കരുതിയ പോലീസിനു അടുത്ത പിടി വള്ളി ആയി അത് മാറുന്നു.ആ ഫോട്ടോയില്‍ കണ്ടെത്തുന്ന തെളിവുകളോടെ ചിത്രം അവസാനിക്കുന്നു.നേരത്തെ പൂരിപ്പിക്കാന്‍ കഴിയാതെ ഇരുന്ന സമസ്യ അവിടെ തീരുന്നു.ഒരു പക്ഷെ തെളിവുകളുടെ അഭാവത്തില്‍ ജൂലിയനും,ലൂയിസ്-വെറോണിക്ക എന്നിവര്‍ക്കും ഒപ്പം ഈ കേസുകളില്‍ വരാന്‍ സാധ്യത പോലും ഇല്ലാതിരുന്ന ഫ്ലോറന്‍സ് പോലും അവിടെ അകപ്പെടുന്നു.,

  ഇവിടെ വിധി മാറുന്നത് അവസാനം 4 വ്യക്തികളുടെ ആണ്.കുറ്റകൃത്യം ചെയ്യുമ്പോള്‍ അവര്‍ വിചാരിക്കുന്നത് തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുക ഇല്ല എന്ന് തന്നെ ആണ്.ആത്മഹത്യക്ക് ശ്രമിച്ച ലൂയിസും വെറോനിക്കയും പോലുംചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അങ്ങനെ തന്നെ കരുതി.എന്നാല്‍ “ദൈവത്തിന്റെ കരങ്ങള്‍” എന്ന് വിശേഷിക്കപ്പെടുന്ന നിര്‍ണായക തെളിവുകള്‍,അത് ഒളിപ്പിച്ചു വയ്ക്കാന്‍ തക്ക കഴിവ് ഓരോരുത്തരുടെയും പ്രവൃത്തികളുടെ ശേഷിപ്പുകള്‍ ആയി ചുറ്റും ഉണ്ട് എന്നതാണ് ഒരു വസ്തുത.തങ്ങളുടെ ബാക്കി ഉള്ള ജീവിതത്തില്‍ വര്‍ഷങ്ങള്‍ ഇരുട്ട് മുറിയില്‍ പകല്‍ എന്നോ രാത്രി  എന്നോ അറിയാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന അവരുടെ വിധിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഒരു സിനിമ എന്ന നിലയില്‍ ആസ്വദിച്ചു തന്നെ കാണണം.യാഥാസ്ഥിക കൊലപാതക ചിത്രങ്ങളില്‍ നിന്നും മാറി കഥാപാത്രങ്ങളില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതം ആയ സംഭവങ്ങളിലൂടെ പോകുന്ന ചിത്രത്തിലെ പല രംഗങ്ങളും ഊഹിക്കവുന്നതിന്റെ അപ്പുറം ആണ്.അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ ഈ ചിത്രം അവതരിപ്പിച്ചാല്‍ പോലും സുപ്രധാനം ആയി മാറുന്ന തെളിവുകള്‍ അവരെ തേടി എത്തുന്നതായി കാണാം.

  ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം എന്ന നിലയില്‍ അവഗണിക്കണ്ട ചിത്രം അല്ല Elevator of the Gallows.കാരണം ഇതിലെ വര്‍ണമില്ലായ്മ കൂട്ടിച്ചേര്‍ക്കുന്നത് പ്രേക്ഷകനില്‍ സങ്കീര്‍ണം എന്ന് തോന്നിപ്പിക്കുന്ന കൊലപതങ്ങളിലെ തീക്ഷണതയിലേക്ക് ആണ്.ഫ്രഞ്ച് സിനിമകളില്‍ മാറ്റത്തിന്റെ അലയടികള്‍ തുടങ്ങിയ സമയത്ത് അവതരിപ്പിച്ച ഈ ചിത്രം ഇന്നത്തെ പരിതസ്ഥിതികളില്‍ പോലും പുതുമയേറിയ വിഷയം ആണ്.കാമുകന്‍/കാമുകിയും  ആയി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവ്/ഭാര്യയെ കൊല്ലുന്ന എത്രയോ കേസുകള്‍ മിക്കപ്പോഴും വായിക്കുന്നു മാധ്യമങ്ങളിലൂടെ.ആ കുറ്റകൃത്യങ്ങളില്‍ എല്ലാം ഇത് പോലെ തന്നെ അശ്രദ്ധമായ തെളിവുകള്‍ പടര്‍ന്നു കിടക്കുന്നുണ്ടാകാം.എത്ര മറച്ചാലും ഒളിച്ചാലും കുറ്റാന്വേഷണ സമയത്ത് അപ്രതീക്ഷിതമായി വരുന്ന തെളിവുകള്‍.Elevator to the Gallows ലെ കാറും,ക്യാമറയും പോലെ.

More movie suggestions @www.movieholicviews.blogspot.ca

737.LA RANCON DE LA GOIRE(FRENCH,2014)

737.LA RANCON DE LA GOIRE(FRENCH,2014),|Crime|Comedy|,Dir:-Xavier Beauvois,*ing:-Benoît Poelvoorde, Roschdy Zem, Séli Gmach.

      “La Rancon De La Goire/The Price of Fame (2014)-അസാധാരണമായ ഒരു കുറ്റകൃത്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം “

        കുറ്റകൃത്യങ്ങള്‍  പ്രധാന പ്രമേയം  ആയി  വരുന്ന സിനിമകള്‍ക്ക്‌ പൊതുവായി ഒരു അവതരണ രീതി കാണപ്പെടാറുണ്ട്.Protagonist അഥവാ കഥയിലെ മുഖ്യ  കഥാപാത്രത്തിന്റെ വീക്ഷണങ്ങള്‍ ആണ് പൊതുവേ സിനിമ ആയി അവതരിപ്പിക്കുന്നത്‌.ഇതില്‍ Protagonist പലപ്പോഴും  നന്മയുടെ വക്താക്കള്‍  ആയിരിക്കും.തിന്മയെ അതിജീവിച്ചു  നന്മ വിജയിക്കുന്നു  എന്ന  പ്രതീതി ഉളവാക്കുന്ന ചിത്രങ്ങള്‍.എന്നാല്‍  ലോകത്തിനെ  തന്‍റെ  നിശബ്ദ ചിത്രങ്ങളിലൂടെ  ചിരിപ്പിക്കുകയും അത് പോലെ തന്നെ കണ്ണിലെ ചെറു  നനവോടെ  തന്‍റെ  കാലഘട്ടത്തിലെ സാമൂഹിക  വ്യവസ്ഥ  അവതരിപ്പിച്ച ചാര്‍ളി  ചാപ്ലിന്‍  എന്ന  ഐതിഹാസിക  നടന്‍റെ  ജീവിതത്തിലെ  അവസാന  അദ്ധ്യായം  കുറിച്ചിടുന്ന  നാടകീയത നിറഞ്ഞ സംഭവങ്ങള്‍  സിനിമ ആയി  അവതരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ചത്  മറിച്ചാണ്.

       La Rancon De La Goire/Price of Fame എന്ന ഫ്രഞ്ച്  ചലച്ചിത്രം അവതരിപ്പിക്കപ്പെടുന്നത്  യഥാര്‍ത്ഥ  സംഭവങ്ങളിലൂടെ ആണ്.1977 ലെ ഒരു  ക്രിസ്തുമസ് ദിനത്തില്‍  അന്തരിച്ച ചാര്‍ളി  ചാപ്ലിന്റെ   മൃതദേഹം മോഷണം  പോയതുമായി  ബന്ധപ്പെട്ട  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.പണത്തിനു  വേണ്ടി  ഉള്ള  തട്ടിക്കൊണ്ടു പോകലുകള്‍ പ്രമേയം  ആയി  വളരെയധികം സിനിമകള്‍ വന്നിട്ടുണ്ട്.എന്നാല്‍  ജീവനില്ലാത്ത ശരീരം മോഷ്ടിച്ച് കൊണ്ട്  പോയി  വില  പേശുക  എന്ന  നാടകീയത  ചാര്‍ളി  ചാപ്ലിന്റെ  ജീവിതത്തിന്റെ അവസാനം  ഉണ്ടായി.ഇവിടെ  കഥ അവതരിപ്പിച്ചിരിക്കുന്നത് കുടിയേറ്റക്കാര്‍  ആയ  എഡി,ഒസ്മാന്‍  എന്നിവരുടെ  വീക്ഷണത്തില്‍  കൂടി  ആണ്.ഒരു പക്ഷെ ഇത്തരം ഒരു ചിത്രത്തില്‍ Antagonist ആയി   സ്വാഭാവികമായും  പ്രതി സ്ഥാനത്ത് നില്‍ക്കുന്നവര്‍ ഇവരായിരിക്കും.എന്നാല്‍ 2014 ല്‍ ചാപ്ലിന്റെ  മകന്‍ ആയ യൂജിന്‍ ചാപ്ലിന്‍ ,കൊച്ചുമകള്‍ ഡോലോരാസ് ചാപ്ലിന്‍ എന്നിവര്‍ ചെറിയ വേഷം അവതരിപ്പിച്ച സേവ്യര്‍ ബ്യോവോയുടെ La Rancon De La Gore എന്ന ഫ്രഞ്ച് സിനിമയില്‍ ആ   അവസ്ഥയെ  തമാശയോടൊപ്പം  കലര്‍ത്തി  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.

   സ്വിറ്റ്സര്‍ലന്‍ഡ്  പോലീസിനെ  കുഴക്കിയ  ഒരു  കേസ് ആയിരുന്നു  അത്.ചെറുകിട  കള്ളന്മാര്‍  ആയ എഡി,ഒസ്മാന്‍  എന്നിവര്‍  അവരുടെ  പഴയക്കാല  ജീവിതത്തില്‍ നിന്നും  വഴി  മാറി  സഞ്ചരിക്കാന്‍  തുടങ്ങിയപ്പോള്‍ ആണ് ഒസ്മാന്റെ ഭാര്യയുടെ ചികിത്സ ചിലവ്  മുതല്‍ ഉള്ള  കണക്കുകള്‍  അവരുടെ  നിലപ്പാടുകള്‍  മാറ്റിയത്.ചാപ്ലിന്റെ  മരണ  ശേഷം  അദ്ധേഹത്തിന്റെ  ആസ്ഥിയെ കുറിച്ചുള്ള  വാര്‍ത്തകള്‍  അവരെ  വേറെ  ഒരു  രീതിയില്‍ ചിന്തിക്കാന്‍ ആണ് പ്രേരിപ്പിച്ചത്.മോഷ്ടിച്ച ശവ ശരീരവും ആയി  അവര്‍ ചാപ്ലിന്റെ വിധവ ഊനയോട് നടത്തിയ വില പേശലുകള്‍ക്ക് എന്നാല്‍ അവര്‍ വഴങ്ങുന്നില്ല.പോലീസ് ഈ കേസില്‍ ആദ്യം മുതല്‍ താല്‍പ്പര്യത്തോടെ തന്നെ മുന്‍പോട്ടു പോയി.എന്നാല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

  ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചവര്‍ റോഷി,ബെനോ എന്നീ നടന്‍മാര്‍ ആയിരുന്നു.ചിത്രത്തില്‍ സ്വാഭാവികം അയ തമാശകള്‍ കൂടി വന്നിട്ടുണ്ട്.സാഹചര്യങ്ങളിലൂടെ വഴി മാറി വന്നവ. ചിത്രത്തില്‍ യഥാര്‍ത്ഥ മോഷ്ടാക്കളുടെ പേര് മാറ്റി ആണ് അവതരിപ്പിചിര്‍ക്കുന്നത്.പോളണ്ടുകാരന്‍ ആയ റോമന്‍ വര്‍ദാസ്,ബള്‍ഗേറിയന്‍ ആയ ഗനേവ് എന്നിവര്‍ ആയിരുന്നു യഥാര്‍ത്ഥ പ്രതികള്‍.കുറ്റകൃത്യത്തില്‍ ഉള്ള കൗതുകം പോലെ തന്നെ പോലീസ് അന്വേഷണവും പരിചിതമായ സാഹചര്യങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ വളരെ ഉദ്വേകജനകവും അല്ലായിരുന്നു.പതിവ് രീതികളിലൂടെ സഞ്ചരിക്കാന്‍ മാത്രമേ അവര്‍ക്കും സാധിച്ചുള്ളൂ.ഒരു ക്രൈം ചിത്രം എന്നതില്‍ ഉപരി ഈ ചിത്രത്തെ ശ്രദ്ധേയം ആക്കുന്നത് അതില്‍ ഉള്‍പ്പെട്ട ആളും അതിലെ “കൗതുക”കരമായ കുറ്റകൃത്യവും ആണ്.ഒരു പക്ഷെ തന്‍റെ അഭിനയത്തിലൂടെ ലോകത്തിന് മുന്നില്‍ പ്രശസ്തന്‍ ആയ ഒരാളുടെ അന്ത്യത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ നാടകീയത ആയിരുന്നു ഈ ചിത്രം.

“അതെ,ചാപ്ലിന്‍ അഭിനയിക്കുക ആയിരുന്നു തന്‍റെ കല്ലറയില്‍ പോലും.”

More movie suggestions @www.movieholicviews.blogspot.ca
    

736.GOD TOLD ME TO(ENGLISH,1976)

736.GOD TOLD ME TO(ENGLISH,1976),|Mystery|Crime|,Dir:-Larry Cohen,*ing:-Tony Lo Bianco, Deborah Raffin, Sandy Dennis

   Chariots of God എന്ന എറിക് വോന്റെ പുസ്തകത്തെ കുറിച്ച് പലരും കേട്ടിരിക്കും.ദൈവ സങ്കല്‍പ്പത്തിന്റെ വാദങ്ങള്‍ക്ക് പുതിയ  മുഖം  നല്‍കിയ ഒരു തിയറി ആയിരുന്നു ദൈവം  എന്നുള്ളത്  പണ്ട്  ഭൂമിയില്‍ വന്ന അന്യഗ്രഹ ജീവികള്‍  എന്നും.അവര്‍  അന്ന്  നിര്‍മിച്ച പല വസ്തുക്കളും  ഇപ്പോഴും  മനുഷ്യ  കുലത്തിന്  ഒരു പ്രഹേളിക  ആയി  തുടരുന്നു  എന്നൊക്കെ  ഉള്ള  വാദം  ആയിരുന്നു  അതില്‍.ഒരു  ഫിക്ഷന്‍  എന്ന  നിലയില്‍ Siva Trilogy യും  അതിനു ശേഷം ഇന്ത്യന്‍  എഴുത്തുകാരില്‍  ബാധിച്ച  എഴുത്തിന്റെ   രീതിയും  ഒക്കെ Chariots of God പോലെ  ദൈവ  വിശ്വാസത്തിനു  പുതിയ  മാനങ്ങള്‍  നല്‍കുന്നു.എന്നാല്‍  Chariots of God മുന്നോട്ടു  വച്ച  ആശയം   ഒരു  പുസ്തകം  എന്ന  നിലയില്‍  നിന്നും  പല  വാദ-പ്രതി  വാദങ്ങള്‍ക്കും  വേദി  ആയിരുന്നിട്ടും  ഉണ്ട്.

  ഇജിപ്തിലെ  പിരമിഡുകള്‍  മുതല്‍  ദല്‍ഹിയിലെ ഉരുക്ക്  സ്തൂപം  പോലെ  ഉള്ള  പല  നിര്‍മാണങ്ങളും  ആ പുസ്തകത്തില്‍  വിഷയം  ആയിട്ടുണ്ട്‌.പലതും  ശാസ്ത്രജ്ഞന്മാര്‍  ശാസ്ത്രീയ  വിശകലനം  നല്‍കുകയും  ചെയ്തു.ഇനി  ഈ  സിനിമയും  ഈ വാദങ്ങളും  തമ്മില്‍  ഉള്ള  ബന്ധത്തെ കുറിച്ച്  പറയാം.ചിത്രത്തില്‍  ഒരു സീനില്‍ ഈ  വാദത്തെ  കുറിച്ച്  നേരിട്ട്  അല്ലാതെ  പരാമര്‍ശിക്കുന്നുണ്ട്,ഒരു  സംഭാഷണത്തില്‍.മാത്രമല്ല സിനിമയുടെ  മുഖ്യ  പ്രമേയം  പോലും  ഈ  ഒരു വാദത്തില്‍  നിന്നും  ആണ്.അമേരിക്കയില്‍  പലയിടത്തായി  നടക്കുന്ന  കൊലപാതകങ്ങളും അവ  ചെയ്തവര്‍  ദൈവം  പറഞ്ഞിട്ടാണ്  അത്  ചെയ്തതെന്ന  മൊഴിയും  ആണ്  കുറ്റാന്വേഷണ  വിദഗ്ധരെ  കുഴക്കിയത്.കേസ്  അന്വേഷിക്കുന്നത് പീറ്റര്‍ എന്ന ഉദ്യോഗസ്ഥന്‍ ആണ്.അയാള്‍ അന്വേഷണത്തിന്റെ  ഇടയില്‍ തന്‍റെ  കുടുംബ പ്രശ്നങ്ങളും  എല്ലാം  ആയി  വല്ലാത്ത  ഒരു  സാഹചര്യത്തിലും  ആണ്.തങ്ങളെ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി അവരുടെ ഇടയില്‍ തന്നെ ഒളിച്ചു താമസിക്കുന്നു എന്ന വിവരം മറ്റു സാമൂഹിക അസ്ഥിരതകളിലെക്കും വഴി തുറന്നു.

   സിനിമയില്‍  മേല്‍പ്പറഞ്ഞ  ആശയത്തോട്  ചേര്‍ന്ന്  നില്‍ക്കുന്ന  അവതരണ  രീതിയോടൊപ്പം  അപ്രധാനം  എന്ന്  തോന്നിയിരുന്നു  പീറ്ററിന്റെ  കുടുംബ  ജീവിതം  ഒക്കെ  കഥയില്‍  സ്വാധീനം  ചെലുത്തുന്നു  എന്ന്  പിന്നീട്  മനസ്സിലാകുമ്പോള്‍ അവഗണിക്കേണ്ട  ചിത്രം  അല്ല  ഇതെന്ന്  നിസംശയം പറയാം.എഴുപതുകളുടെ അവസാനത്തില്‍ റിലീസ് ആയ ചിത്രം ,അന്നത്തെ സംസ്ക്കാരം എല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.മേല്‍പ്പറഞ്ഞ ആശയം കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഉള്ളവര്‍ക്ക് കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയും ഈ ചിത്രത്തിലെ പ്രമേയം എന്ന് വിശ്വസിക്കുന്നു!!

More movie suggestions @www.movieholicviews.blogspot.ca

Design a site like this with WordPress.com
Get started