580.SPOTLIGHT(ENGLISH,2015)

580.SPOTLIGHT(ENGLISH,2015),|Biography|Thriller|Drama|,Dir:-Tom McCarthy,*ing:-Mark Ruffalo, Michael Keaton, Rachel McAdams.

88മത് അക്കാദമി  പുരസ്ക്കരങ്ങളില്‍  6  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Spotlight.നാമനിര്‍ദേശം  ലഭിച്ച  വിഭാഗങ്ങള്‍  ചുവടെ.

  • Best Motion Picture of the Year

Michael Sugar
Steve Golin
Nicole Rocklin
Blye Pagon Faust

  • Best Performance by an Actor in a Supporting Role

Mark Ruffalo

  • Best Performance by an Actress in a Supporting Role

Rachel McAdams

  • Best Achievement in Directing

Tom McCarthy

  • Best Writing, Original Screenplay

Josh Singer
Tom McCarthy

  • Best Achievement in Film Editing

Tom McArdle
 

 അമരിക്കന്‍  പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ  ടീം  ആയിരുന്നു Spotlight.”ദി ബോസ്റ്റന്‍  ഗ്ലോബ് ”  പത്രത്തിലെ ആ  ടീം  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയ നിലവാരം  കെട്ടിയുയര്‍ത്തി.ഈ ചിത്രം അവതരിപ്പിക്കുന്നത്‌  അവരുടെ ആ ടീം  നേരിടേണ്ടി  വന്ന ഏറ്റവും  വലിയ പ്രതിസന്ധികളില്‍  ഒന്നിനെ  കുറിച്ചാണ്.വിശ്വാസം എന്നത് മനുഷ്യന്  എന്നും ഒഴിച്ചുക്കൂട്ടനാവാത്ത ഒന്നായിരുന്നു.അത് കൊണ്ട് തന്നെ അത് പ്രതിനിധീകരിക്കുന്ന  സ്ഥാപനങ്ങളുടെ മേല്‍ ഉള്ള ഏതൊരു നീക്കവും അവന്‍ സ്വയം  തിരഞ്ഞെടുക്കാന്‍  വിദൂരമായ സാധ്യത മാത്രമുള്ള മതത്തിനെ  പ്രതിക്കൂട്ടില്‍  ആക്കുമ്പോള്‍  പലപ്പോഴും പ്രതിരോധത്തില്‍ ആകുന്നു,

   ഈ ചിത്രവും  അത്തരത്തില്‍  ഉള്ള ഒരു കഥ പറയുന്നു.അമേരിക്കയിലെ ബോസ്ടന്‍  നഗരത്തിലെ പ്രധാന പത്രങ്ങളില്‍ ഒന്നാണ് “ദി ബോസ്റ്റന്‍ ഗ്ലോബ്”.2000 നു  ശേഷം  അവര്‍ക്ക്  പുതിയ  ന്യൂസ് എഡിറ്റര്‍ വരുന്നു.ബാരോണ്‍ എന്ന ആള്‍ വ്യത്യസ്തന്‍  ആയിരുന്നു.എന്ത് കാര്യത്തിലും തികഞ്ഞ പ്രൊഫഷനലിസം കാണിച്ചിരുന്ന ബാരോണ്‍ ആ അടുത്ത്  ആ പത്രത്തിലെ ഒരു കോളം വാര്‍ത്തയെ Follow-Up ചെയ്യാന്‍ ആവശ്യപ്പെടുന്നു.ഒരു  വൈദികന് നേരെ ഉള്ള കുറ്റാരോപണം ആയിരുന്നു  ആ വാര്‍ത്ത‍.കുട്ടികളെ ലൈംഗികം ആയി  ചൂഷണം ചെയ്യുന്ന വൈദികര്‍  കത്തോലിക്കാ സഭയില്‍  ഉണ്ടെന്നുള്ള സംശയം  പലര്‍ക്കും ഉണ്ടായിരുന്നു.എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും  ശക്തമായ ഒരു മത സ്ഥാപനത്തിന് നേരെ വിരല്‍  ഉയര്‍ത്താന്‍  പലരും   ഭയപ്പെട്ടിരുന്നു.പരസ്യമായ  ഒരു  അങ്ങാടി  രഹസ്യം  ആയിരുന്നു  അത്.

   ഈ  കേസിന്റെ  പിന്നില്‍  ഉള്ള സംഭവങ്ങള്‍  അന്വേഷിക്കാന്‍  ആണ്  ബാരോണ്‍ ആ സമയത്ത് ഉണ്ടായിരുന്ന Spotlight ടീമിനോട്  ആവശ്യപ്പെടുന്നത്.സിനിമയുടെ പ്ലോട്ടില്‍ നിന്നും  ഒട്ടും മാറാതെ  എന്നാല്‍  ഒരു  ത്രില്ലര്‍  സിനിമയുടെ ഫീല്‍ കൊണ്ട്  വന്നത്  ചിത്രത്തെ  കൂടുതല്‍  മികവിലേക്ക്  ഉയര്‍ത്തുന്നു.വിവാദ വിഷയം  ആയ്യിരുന്നു സിനിമയുടെ പ്രമേയം എങ്കിലും യഥാര്‍ത്ഥത്തില്‍  നടന്ന സംഭവങ്ങളെ  കുറിച്ചുള്ള വിശദമായ  വിശകലനം  ആയിരുന്നു  ഈ ചിത്രം.മാര്‍ക്ക് രഫലോ,മൈക്കില്‍ കീറ്റോണ്‍,രേച്ചാല്‍ മക് ആഡംസ്  തുടങ്ങി നല്ല  ഒരു  നിര  അഭിനേതാക്കള്‍  തന്നെയുണ്ട്‌ ഈ ചിത്രത്തില്‍.സംഭവത്തിന്റെ അവസാനം എന്താകും  എന്നറിയാം എന്നിരുന്നിട്ടും  ഈ ചിത്രത്തിന് പ്രേക്ഷകനെ  പിടിച്ചിരുത്താന്‍ ആയി  യാതൊരു  മുഷിപ്പും  ഇല്ലാതെ.ഈ  വര്‍ഷം   ഇറങ്ങിയ  ചിത്രങ്ങളില്‍  തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന് .

More movie suggestions @www.movieholicviews.blogspot.com

579.THE INTERN(ENGLISH,2015)

579.THE INTERN(ENGLISH,2015),|Comedy|,Dir:-Nancy Meyers,*ing:-Robert De Niro, Anne Hathaway, Rene Russo.

   വാര്‍ദ്ധക്യം  മനുഷ്യന്റെ  ജീവിതത്തിലെ  ഏറ്റവും  ദുരിതം  നിറഞ്ഞ സമയം  ആണ് ഒരു  ശരാശരി മനുഷ്യനെ സംബന്ധിച്ച്.ജീവിതക്കാലം മൊത്തം കഷ്ടപ്പെട്ട്  ജോലി  ചെയ്യുന്നത് ഒരു  പക്ഷെ ഈ  കാലഘട്ടത്തില്‍ വിശ്രമിക്കാന്‍  ആയിരിക്കും.എന്നാല്‍ പല മനുഷ്യരും അനുഭവിക്കുന്നത് ദുരിതം മാത്രം  ആയിരിക്കും.ചിലര്‍ക്ക്  അവരുടെ ഇണയെ നഷ്ടപ്പെടുന്നു.മറ്റു ചിലര്‍ക്ക് രോഗങ്ങളും ശ്രദ്ധിക്കാന്‍ മക്കള്‍ പോലും  ഇല്ലാത്ത അവസ്ഥയും.എന്നാല്‍  ബെന്‍ തന്റെ എഴുപതാം വയസ്സിലും വ്യത്യസ്തന്‍ ആണ്.ഇപ്പോഴും ബെന്‍ സ്വയം തിരക്കുകളില്‍  ജീവിക്കാന്‍  ആണ്  ആഗ്രഹിക്കുന്നത്.ഒറ്റയ്ക്ക്  താമസിക്കുന്ന ബെന്‍  തന്റെ  ജീവിതത്തില്‍ ഉടന്നീളം കാത്തു  സൂക്ഷിച്ചിരുന്ന ചിട്ടകള്‍ അതെ രീതിയില്‍  തന്നെ  തുടരുന്നു.ഒരു  വിട്ടു വീഴ്ചയും  ഇല്ലാതെ.

    Intern ആയി ഒരു പുതു തലമുറ ഓണ്‍ലൈന്‍ വസ്ത്ര വിപണന കമ്പനിയില്‍ ബെന്നിന്  കയറാനുള്ള  അവസരം  ലഭിക്കുന്നു.ചില ബാധ്യതകളുടെ പുറത്തു ആ  കമ്പനി നടത്തുന്ന പ്രോഗ്രാം ആയിരുന്നു അത്.മികച്ച രീതിയില്‍ അഭിമുഖങ്ങളെ നേരിട്ട ബെന്‍ അവിടെ Intern ആകുന്നു.സ്വന്തം ഐഡിയകള്‍ വിജയകരമായി മാര്‍ക്കറ്റ് ചെയ്ത ജൂള്‍സ് എന്ന സ്ത്രീയുടെ സ്വപ്നം ആയിരുന്നു ആ പ്രോജക്റ്റ്.അവര്‍ അതിനായി സ്വന്തം ജീവിതം പോലും നോക്കാതെ അധ്വാനിച്ചൂ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവര്‍ വിജയകരമായി  തന്റെ  ബിസിനസുമായി മുന്നോട്ടു പോകുന്നു.അവര്‍ക്ക്  താല്‍പ്പര്യം  ഇല്ലാതിരുന്നിട്ട് പോലും ബെന്‍ അവരുടെ ഒപ്പം ജോലി ചെയ്യേണ്ടി  വരുന്നു.

     ബെന്നിന്  ജീവിതത്തില്‍ ആകെ  ഉള്ളത് എക്സ്പീരിയന്‍സ് മാത്രം ആയിരുന്നു.40 വര്‍ഷം അയാള്‍ ജോലി  ചെയ്തിരുന്ന സ്ഥലത്ത്  പുതിയ കെട്ടും  ഭാവവും ആയി പുതിയ രീതികളും ബെന്‍  ഇണങ്ങി  തുടങ്ങുമ്പോള്‍ അയാള്‍  ജീവിതത്തില്‍ പുതിയ  ഒരു  അദ്ധ്യായം തുടങ്ങുക  ആയിരുന്നു.ബിസിനസ്സില്‍   വിജയം നേടിയെങ്കിലും ജീവിതത്തില്‍  പതറി  തുടങ്ങുന്ന ജൂള്‍സിനു  ബെന്‍ എങ്ങനെ സഹായം ആകുന്നു  എന്നതാണ്  ബാക്കി ചിത്രം.റോബര്‍ട്ട് ഡി നീറോ  എന്നത്തേയും  പോലെ  സ്ക്രീനില്‍  നിറഞ്ഞു  നിന്നൂ.ചെറിയ തമാശകളും അല്‍പ്പം പോസിറ്റീവ് ചിന്തകളും  ഒക്കെ  നല്‍കി കൊണ്ട് ചിത്രം അവസാനിക്കുമ്പോള്‍ സന്തോഷത്തോടെ  കണ്ടിരിക്കാവുന്ന  ഒരു  ചിത്രം  ആയി Intern മാറുന്നു.

More movie suggestions @www.movieholicviews.blogspot,com 

578.HENERAL LUNA(FILIPINO,2015)

578.HENERAL LUNA(FILIPINO,2015),|Biography|History|,Dir:-Jerrold Tarog,*ing:-John Arcilla, Mon Confiado, Arron Villaflor.

     ദേശസ്നേഹം  എന്ന  വാക്കിനു  പലതരത്തില്‍  ഉള്ള വ്യാഖ്യാനങ്ങള്‍  നല്‍കിക്കൊണ്ടിരിക്കുന്ന ഈ   കാലത്ത് ഫിലിപ്പിന്‍സില്‍  നിന്നും  ദേശ  സ്നേഹം  എന്ന  വാക്കിനെ   അവരുടെ  സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ള പോരാട്ടവുമായി  ചേര്‍ത്ത്  വായിച്ച്   അതിന്റെ  വിലയെ  കുറിച്ച് അവര്‍ അറിയാന്‍  കാരണം  ആയ   ഒരാള്‍  ഉണ്ടായിരുന്നു. ജെനറല്‍ ലൂണ.കര്‍ക്കശക്കാരന്‍  ആയ ഒരു  പട്ടാളക്കാരന്‍  എന്നതില്‍  ഉപരി ഒരു  വലിയ ദേശ സ്നേഹിയും ആയിരുന്ന മനുഷ്യന്‍.എന്നാല്‍ സ്വാതന്ത്ര്യം  എന്ന  വാക്കിനും ദേശസ്നേഹം  എന്നതിനും പ്രത്യേകിച്ച് ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ജനത.അവര്‍ക്ക് ആര് അവരെ  ഭരിച്ചാലും  അവരുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം  ആയിരുന്നു  പ്രാധാന്യം.ഒരു  യുദ്ധത്തിനു  സൈന്യം ട്രെയിനില്‍  പോകുമ്പോള്‍ അതില്‍  സ്വന്തക്കാരെ  സഞ്ചാരികളെ പോലെ  കൊണ്ട്  പോകാന്‍  താല്‍പ്പര്യപ്പെടുന്ന  സൈനികര്‍  ഉള്ള  ഒരു  രാജ്യം.

   പറഞ്ഞു  വരുന്നത്  ഫിലിപ്പിന്‍സ്  എന്ന  രാജ്യത്തെ  കുറിച്ചാണ്.യഥാര്‍ത്ഥ സംഭവങ്ങളും അല്‍പ്പം ഫിക്ഷനും കൂട്ടി  ചേര്‍ത്ത് ആണ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദേശസ്നേഹി ആയ  ജെനറല്‍ ലൂണയുടെ  കഥ  അവതരിപ്പിച്ചിരിക്കുന്നത്.സ്പെയിനിന്‍റെ  അടുക്കല്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു എന്ന്  വരുത്തി തീര്‍ത്ത  രീതിയില്‍  അമേരിക്ക, ഫിലിപ്പിന്‍സില്‍ തങ്ങളുടെ കോളനി  സ്ഥാപിക്കാന്‍  ഉള്ള ശ്രമങ്ങള്‍  തുടങ്ങുന്നു.എന്നാല്‍ ഈ  നീക്കം  മുന്നില്‍  കണ്ട ജെനറല്‍  ലൂണ സൈന്യത്തിനെ സജ്ജം  ആക്കാന്‍  ശ്രമിക്കുന്നു.എന്നാല്‍ ഭരണ സംവിധാനങ്ങളില്‍ മുഖ്യ സ്ഥങ്ങളില്‍ ഉണ്ടായിരുന്ന ചിലര്‍ അമേരിക്കയെ  അനുകൂലിക്കുന്നു.അവരില്‍ പലരും  സ്പെയിന്‍  ഭരണത്തിലും  കച്ചവട താല്‍പ്പര്യങ്ങളിലൂടെ അവരുടെ  പങ്കാളികള്‍  ആയിരുന്നു.

   കണ്ണിന്റെ  മുന്നില്‍  ഉള്ള  മിത്രത്തെ  കൂടുതല്‍  ഭയക്കേണ്ടി  വന്ന അവസ്ഥ  ആയിരുന്നു  ജെനറല്‍  ലൂണയ്ക്ക്.ലൂണയുടെ  കാര്‍ക്കശ്യം  നിറഞ്ഞ  സ്വഭാവം  പലരെയും  ഭയപ്പെടുത്തി.രാജ്യത്തിലെ  ഏറ്റവും ശക്തനായ  ,പട്ടാള  ജെനറലിന്റെ വാക്കുകളെ ധിക്കരിക്കുന്ന  ആര്‍ക്കും  മരണം  എന്നത്  ശിക്ഷ  ആണെന്ന്  പട്ടാള നിയമത്തിലെ  ആദ്യ വാക്ക്യം  ആയി  ചേര്‍ത്ത  രാജ്യത്ത്  ജെനറല്‍  ലൂണ  അത്രയ്ക്കും  ശക്തനും  ആയിരുന്നു.എന്നാല്‍  ജെനറല്‍   ലൂണ  തന്‍റെ ജീവിത ലക്ഷ്യത്തില്‍  വിജയിച്ചോ?ശത്രുക്കളുടെ നീക്കങ്ങളെ എങ്ങനെ  ലൂണ  നേരിട്ടു?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ഫിലിപ്പിന്‍സ്  സിനിമ  ചരിത്രത്തിലെ  വലിയ  സംഭവങ്ങളില്‍  ഒന്നായിരുന്നു ഈ  ചിത്രം.ഈ വര്‍ഷത്തെ  മികച്ച വിദേശ  സിനിമകളുടെ  അവസാന  പട്ടികയില്‍  ഓസ്ക്കാര്‍  പുരസ്ക്കാരത്തില്‍  എത്തി ചേരും  എന്ന്  പലരും പ്രതീക്ഷിച്ച  ചിത്രം.എന്നാല്‍ പ്രതി  സ്ഥാനത്ത്  അമേരിക്ക  വന്നത്  കൊണ്ട് അവഗണിക്കപ്പെട്ടൂ  എന്ന  അഭിപ്രായങ്ങള്‍  പലയിടത്ത്  നിന്നും  കേട്ടിരുന്നു.ഒരു എപിക്/ബയോഗ്രഫി എന്ന  നിലയില്‍  ചിത്രം  മികച്ചു  നില്‍ക്കുന്നു.പ്രത്യേകിച്ചും ജെനറല്‍  ലൂണ ആയി  വേഷമിട്ട  ജോണ്‍  ആര്‍ക്കില്ല മികച്ച  പ്രകടനം  ആയിരുന്നു  നടത്തിയത്.എന്നാല്‍  സാധാരണ  ഇത്തരം  ബയോപിക് ചിത്രത്തില്‍  നിന്നും  പ്രതീക്ഷിക്കുന്ന  ഒരു  അവസാനം  അല്ല  ഫിലിപ്പിന്‍സിലെ  ഏറ്റവും  മഹാനായ,തന്ത്രജ്ഞനായ,ധൈര്യശാലി ആയ  മനുഷ്യന്‍റെ  കഥയുടെ അവസാനം സംഭവിച്ചത്.

More movie suggestions @www.movieholicviews.blogspot.com

577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)

577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975),|Drama|,Dir:-Milos Forman,*ing:-Jack Nicholson, Louise Fletcher, Michael Berryman.

   “താളവട്ടം” എന്ന സിനിമ  മലയാളികള്‍ക്ക് അത്ര  എളുപ്പം മറക്കാന്‍ സാധിക്കുന്ന ഒന്നല്ല.പ്രത്യേകിച്ചും മോഹന്‍ലാല്‍ എന്ന നടന്‍റെ മികച്ച അഭിനയം.പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഒരുക്കാലത്ത്‌ ഇംഗ്ലീഷ് സിനിമകളുടെ മലയാളം പതിപ്പ് സ്വന്തമായ ഒരു ടീമിനെ കൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ “കോപ്പി” എന്ന വാക്ക് ഉപയോഗിച്ച് തള്ളിക്കളയാന്‍ കഴിയാത്ത രീതിയില്‍ മലയാള സിനിമയുടെ അവിസ്മരണീയ സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു.താളവട്ടം പ്രചോദനം കൊണ്ടത്‌ “One Flew Over The Cuckoo’s Nest”ല്‍ നിന്നുമായിരുന്നു.ഹോളിവുഡ് സിനിമകള്‍ ഭൂരിപക്ഷം  മലയാളികള്‍ക്ക് അപ്രാപ്യം ആയിരുന്ന കാലത്ത് ഇറങ്ങിയത്‌ കൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ അധികം നേരിടേണ്ടിയും വന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

   ഇനി ജാക്ക് നിക്കോല്‍സന്റെ ഒറിജിനലിലേക്ക്.താളവട്ടത്തില്‍ കണ്ട അതെ സാഹചര്യം തന്നെ ആണ് ഈ ചിത്രത്തിലും.ഒരു മാനസികാരോഗ്യ കേന്ദ്രവും അവിടത്തെ അന്തേവാസികളും.മക് മര്‍ഫി അവിടെ പ്രവേശിക്കപ്പെടുന്നത് അയാള്‍  ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ആയിരുന്നു.കുറ്റവാളി ആയിരുന്നെങ്കിലും അയാളുടെ മാനസിക നില തൃപ്തികരം ആണോ എന്നറിയാന്‍ ഉള്ള അന്വേഷണം ആണ് അധികൃതര്‍  അയാളെ അവിടെ പ്രവേശിപ്പിക്കുന്നത്.മരുന്നുകളും പട്ടാള ചിട്ടയും ആയി പ്രവര്‍ത്തിക്കുന്ന  മാനസികാരോഗ്യ കേന്ദ്രത്തില്‍ പല തരത്തില്‍ ഉള്ള രോഗികളെ കാണാന്‍ സാധിക്കും.ചിലരെങ്കിലും സ്വന്തം താല്‍പ്പര്യപ്രകാരം ആണ് അവിടെ എത്തുന്നത്‌.മക്  മര്‍ഫി എന്നാല്‍ അവിടത്തെ വ്യവസ്ഥിതിയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു.ഒരു പക്ഷെ അയാളുടെ രീതികള്‍ ആയിരുന്നു അവിടത്തെ ഹെഡ് നഴ്സ് ആയ രാച്ചടിന്റെ മരുന്നുകളെക്കാളും  രോഹികള്‍ക്ക് ആശ്വാസം ആയതു മക്  മര്‍ഫി കുറ്റവാളി ആകാം,മാനസിക രോഗി ആകാം.എന്നാല്‍ അയാള്‍ അവിടെ ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു.ജീവിതത്തിലെ ആഗ്രഹങ്ങള്‍ എല്ലാം അവസനിച്ചവര്‍ക്ക് അയാള്‍ പുതിയ പ്രതീക്ഷ ആകുന്നു.മക്  മര്‍ഫി എന്ന കഥാപാത്രം തന്നെ തികച്ചും ദുരൂഹം ആയിരുന്നു.അയാള്‍ക്ക്‌ ശരിക്കും മാനസികമായ പ്രശ്നം ഉണ്ടോ എന്ന് ഇടയ്ക്കിടെ സംശയിക്കും.പ്രത്യേകിച്ചും അയാള്‍ ചീഫിനും,ബില്ലിക്കും ഒക്കെ ജീവിതത്തില്‍ നല്‍കിയ പ്രതീക്ഷകള്‍.എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ആണ് ചീഫ്.വലിയ ശരീരവും നല്ലൊരു മനസ്സും ഉള്ള അയാള്‍ സ്വാതന്ത്ര്യ ജീവിതം ആഗ്രഹിച്ചിരുന്നില്ല എന്ന് പോലും തോന്നും.

   എന്നാല്‍ വിധി അവര്‍ക്കായി കരുതി വച്ചിരുന്നത് വേറെ ആയിരുന്നു.ചിത്രത്തിന്‍റെ ക്ലൈമാക്സ് ഒക്കെ പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും മക്  മര്ഫിക്ക്  സംഭവിച്ചത് അയാള്‍ അര്‍ഹിച്ചിരുന്നത് അല്ല എന്ന് തോന്നി പോകുന്നത് സ്വാഭാവികം.അത്രയ്ക്കും അയാള്‍ മനസ്സില്‍ തങ്ങി നില്‍ക്കും.ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളുടെ  ചരിത്രത്തില്‍ “It Happened One Night” (1934) നു ശേഷം മുഖ്യ അഞ്ചു വിഭാഗത്തില്‍ പുരസ്ക്കാരം നേടുന്ന ചിത്രമായി മാറി. Best Picture, Actor in Lead Role, Actress in Lead Role, Director, Screenplay  എന്നീ  വിഭാഗങ്ങള്‍ ആണ് ഒമ്പത് വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം നേടിയത്.”കെന്‍ കേസ്സെ”  എഴുതിയ നോവലിനെ ആസ്പദം  ആക്കിയാണ് ചിത്രം നിര്‍മ്മിച്ചത്‌.അമേരിക്കന്‍ സിനിമ ചരിത്രത്തിലെ തന്നെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ആണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

576.INSANITY(CANTONESE,2014)

576.INSANITY(CANTONESE,2014),|Mystery|Thriller|,Dir:-Kwong-yiu Lee,*ing:-Ching Wan Lau, Xiaoming Huang, Alex Fong

   മാനസിക രോഗത്തിന്റെ  പേരില്‍  തന്റെ  ജീവിതത്തില്‍  ചെയ്ത  ഏറ്റവും  വലിയ  തെറ്റിന് നിയമത്തിന്‍റെ പരിഗണന ലഭിച്ച  ആള്‍  ആണ് ഫാന്‍  ക്വോക് സാംഗ്.Schizophrenic ആണെന്ന് വൈദ്യശാസ്ത്രം വിധിച്ച  രോഗി എന്ന നിലയില്‍ നിന്ന് അയാള്‍  മോചനം  നേടിയത് ചുരുങ്ങിയ  വര്‍ഷങ്ങള്‍ക്കുള്ളില്‍  ആയിരുന്നു.ചോ മിംഗ് കിറ്റ്‌ എന്ന സമര്‍ത്ഥന്‍ ആയ  ഡോക്റ്റര്‍ തന്‍റെ അഭിമാനപ്രശ്നം എന്ന നിലയില്‍ ആണ്  ആ കേസിനെ കാണേണ്ടി വന്നത്.അതിനു കാരണം മൂന്നു  വര്‍ഷത്തിനുള്ളില്‍ ഷീസോഫ്രീനിയ ഭേദം ആകില്ല  എന്ന്  വാദിച്ച മറ്റു ഡോക്റ്റര്‍മാര്‍ ആയിരുന്നു.എന്നാല്‍ അയാള്‍ അയാളുടെ  തീരുമാനത്തില്‍  ഉറച്ചു  നില്‍ക്കുന്നു അയാളുടെ കഴിവില്‍ മതിപ്പുള്ള   ആശുപത്രി ചീഫ് ചോമിംഗിന്റെ   വാദത്തെ അവസാനം  ശരി  വയ്ക്കുന്നു.

    ഫാന്‍ ക്വോക് മാനസിക നില തെറ്റി ചെയ്ത പാതകം അയാളുടെ ഭാര്യയെ  കൊല്ലപ്പെടുതിയത്  ആയിരുന്നു.അതി ക്രൂരമായി ചെയ്ത ആ പാതകത്തിന്റെ അനന്തര ഫലം അയാളെ  കാത്തിരുന്നു.അയാളുടെ  ഭാര്യയുടെ അമ്മ  അയാളോട് പെരുമാറിയത് ആ രീതിയില്‍ ആയിരുന്നു.അയാളെ മാനസികമായി വീണ്ടും  തളര്‍ത്തുക എന്ന ഉദ്ദേശം.അതിനായി അവര്‍ അയാള്‍ക്ക്‌ അറിയാത്ത രഹസ്യം അയാളെ അറിയിക്കുന്നു.തന്റെ രോഗത്തിന് മരുന്നുകള്‍ നിര്‍ത്തിയ അയാള്‍ ആ രഹസ്യം അറിയുന്നതോടെ  പഴയ രീതിയിലേക്ക് പോകാന്‍ തുടങ്ങുന്നു.അതിന്റെ ഇടയ്ക്ക് അയാള്‍ എടുക്കുന്ന അടുത്ത തീരുമാനം വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.എന്നാല്‍  ഈ സംഭവങ്ങള്‍  ബാധിക്കുന്ന  മറ്റൊരാള്‍ കൂടി  ഉണ്ട്.തന്‍റെ  ഉറപ്പിന്മേല്‍ ഷീസോഫ്രിനിയ ഉള്ള രോഗിയെ മോചിപ്പിച്ച  ഡോക്റ്റര്‍.ഈ സംഭവങ്ങള്‍  അയാളെയും  എങ്ങനെ  ബാധിക്കും?  ആ സംഭവങ്ങളുടെ ബാക്കി ആണ് ഈ ചിത്രം.

  പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ ചിത്രം കാണുമ്പോള്‍ മനസ്സില്‍ രൂപം കൊള്ളുന്ന  കഥ ഇതാണ്.എന്നാല്‍ ഈ കഥയില്‍ പലപ്പോഴും  പ്രേക്ഷകന്‍ ചതിക്കപ്പെടുക  ആയിരുന്നു.ഒരു  കണ്ണാടിയിലെ പ്രതിബിംബം പോലെ രോഗാവസ്ഥയെ കാണുന്ന ഒരാള്‍ക്ക്‌ ആ പ്രതിബിംബത്തിന് ഒരു രൂപം നല്‍കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ മാത്രമായി ഒളിപ്പിച്ച രഹസ്യം.സ്വന്തം credibility നശിക്കാന്‍ ആരാണ്  ഇഷ്ടപ്പെടുക?സിനിമയുടെ അവസാന രംഗങ്ങളില്‍ മാത്രം കഥ മൊത്തത്തില്‍ മനസ്സിലാകും.വിമര്‍ശനങ്ങള്‍ പലയിടത്ത് നിന്നും  ഈ ഹോംഗ് കോംഗ്-ചൈനീസ് ചിത്രത്തിന്  നേരെ  ഉണ്ടായെങ്കിലും സൈക്കോ ത്രില്ലര്‍  എന്ന നിലയില്‍ ചിത്രം മികവു  പുലര്‍ത്തുന്നുണ്ട്.ഒരു പക്ഷെ അവിടത്തെ പ്രേക്ഷകരുടെ അഭിരുചികളില്‍ നിന്നും മാറി ഉള്ള ചിത്രം ആയിരുന്നിരിക്കാം ഇത്.ഈ ചിത്രത്തില്‍  ഇനി  എന്തു  എന്ന്  പ്രേക്ഷകന്‍  ചിന്തിക്കുമ്പോള്‍ ഇനിയും കഥയുണ്ട്  എന്ന് കാണിക്കുന്നത് ആണ്  ഈ ചിത്രത്തെ നല്ലൊരു  സൈക്കോളജിക്കല്‍  ത്രില്ലര്‍  ആക്കി  മാറ്റുന്നത്.

More movie suggestions @www.movieholicviews.blogspot.com

575.CREED(ENGLISH,2015)

575.CREED(ENGLISH,2015),|Drama|Sport|,Dir:-Ryan Coogler,*ing:-Michael B. Jordan, Sylvester Stallone, Tessa Thompson

   സ്പോര്‍ട്സ്  പ്രമേയം ആയി  വരുന്ന സിനിമകളിലെ മുഖ്യ കഥാപാത്രം  ആണ്  അതിലെ  കോച്ച് കഥാപാത്രം.പല  സിനിമകളിലെയും  Emotional ഭാഗം  ഒക്കെ   നായക  കഥാപാത്രവും  കോച്ചും   ഒക്കെ  തമ്മില്‍  ആകും.ബോക്സിംഗ്  പ്രമേയം  ആയി വരുന്ന  ഒരു  ചിത്രത്തില്‍  ആ രംഗം  ചെയ്യാന്‍  ഏറ്റവും  യോജിച്ച ആള്‍  ആരാണ്  എന്ന്  ചോദിച്ചാല്‍  ഭൂരിഭാഗം  ആളുകള്‍ക്കും  ഒരേ  അഭിപ്രായം  ആയിരിക്കും-സില്‍വസ്റ്റര്‍  സ്റ്റലോന്‍.റോക്കി  പരമ്പരയിലെ  റോക്കി ബല്‍ബാവോ എന്ന  കഥാപാത്രം ആണ്   ആ കഥാപാത്രം  എങ്കിലോ ?ഈ സിനിമയുടെ  ഏറ്റവും  വലിയ  ഹൈ  ലൈറ്റ്  ആയി  എനിക്ക്  തോന്നിയത്  അതാണ്‌.ഒപ്പം  റോക്കി  പരമ്പരയുടെ പിന്തുടര്‍ച്ച  പോലെ അവതരിപ്പിക്കാന്‍  പറ്റിയ  ഏറ്റവും  മികച്ച  ചിത്രവും  ഇതായിരിക്കും  എന്നതാണ്.

  റോക്കി  പരമ്പരയിലെ  ശക്തനായ  മറ്റൊരു  കഥാപാത്രം ആയിരുന്നു “Carl Weathers” അവതരിപ്പിച്ച അപ്പോളോ  ക്രീഡ് എന്ന  കഥാപാത്രം.റോക്കി  ബല്‍ബാവോയുടെ അടുത്ത്   ശക്തമായി  പോരാടിയ  ക്രീഡ് മരണപ്പെട്ടപ്പോള്‍  അവശേഷിപ്പിച്ചത്  തനിക്കു  ഒരു  പിന്‍ഗാമിയെ  ആയിരുന്നു.തന്‍റെ രഹസ്യ ബന്ധത്തില്‍  ഉണ്ടായ  കുട്ടി  എന്നാല്‍ സ്വന്തം  പാരമ്പര്യം  മനസ്സിലാക്കാതെ ജുവനൈല്‍  ഹോമുകളില്‍  ജീവിക്കുന്നു.ഒരു ദിവസം അവനെ  തേടി അപ്പോളോ  ക്രീഡിന്റെ  ഭാര്യ  എത്തുന്നതോടെ  അവന്റെ  ജീവിതം  മാറുന്നു.

  നല്ല  ജീവിതം  ലഭിച്ചു  എങ്കിലും   ബോക്സിംഗ്  റിംഗ്  അവനെ  ഹരം   കൊള്ളിക്കുന്നുണ്ട്.അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ബോക്സിംഗ്  റിങ്ങില്‍  സജീവം  ആകാന്‍  വേണ്ടി  അവന്റെ  ജീവിതത്തിലെ ഏറ്റവും  വലിയ  തീരുമാനം  എടുക്കുന്നു.ആ തീരുമാനം  അവനെ  കൊണ്ടെത്തിക്കുന്നത്  അവന്‍  പ്രതിധാനം  ചെയ്യുന്ന  പാരമ്പര്യത്തിലേക്ക്‌  ആണ്.അതിന്റെ  ബാക്കി  കണ്ണികളിലേക്കും  .എന്നാല്‍  ഡോണി  എന്ന  പേരിനോടൊപ്പം  അമ്മയുടെ  പേരിന്റെ  ഭാഗം  ആയ  ജോണ്‍സണ്‍ ഉപയോഗിക്കാന്‍  ആഗ്രഹിക്കുന്ന  അവനു  ക്രീഡ്  എന്ന  പേര്  പ്രതീക്ഷയുടെ  ഭാരം  തന്നെ  ആയിരുന്നു.ആ പ്രതീക്ഷകളോട്  അവന്‍  നീതി  പുലര്‍ത്തിയോ  ഇല്ലയോ  എന്നതാണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.കഴിഞ്ഞ  വര്‍ഷം  ഇറങ്ങിയ  സ്പോര്‍ട്സ്  പ്രമേയം  ആയി  വരുന്ന  ചിത്രങ്ങളില്‍  മികച്ചതെന്നു  പറയാന്‍  കഴിയുന്ന  ഒരു  ചിത്രം  ആയിരുന്നു  Creed.

More movie suggestions @www.movieholicviews.blogspot.com

574.INCEPTION(ENGLISH,2010)

574.INCEPTION(ENGLISH,2010),|Mystery|Sci-Fi|,Dir:-Christopher Nolan,*ing:-Leonardo DiCaprio, Joseph Gordon-Levitt, Ellen Page.

   സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ,ക്രിസ്ടഫര്‍ നോളന്റെ “Larger Than Life” ആശയം  എന്ന് പറയാം സ്വപ്നങ്ങളില്‍ നെയ്തെടുത്ത ഈ ചിത്രത്തെക്കുറിച്ച്.സ്വപ്നങ്ങളില്‍ കയറി കളവു നടത്തുക.കളവു നടത്തുന്നത് മനുഷ്യ മനസ്സുകളിലെ  നിഗൂഡ  രഹസ്യങ്ങളും.ഈ ചിത്രത്തിന്‍റെ കഥ ഇതില്‍ നിന്നും തുടങ്ങാം.നോളന്‍  ആവിഷ്ക്കരിച്ച പുതുമ ഈ  തീം  തന്നെയാണ്.മനസ്സിന്റെ നിഗൂഡമായ,പ്രവചനാതീതമായ സ്വഭാവം കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക ആയി അതിനെ കണക്കാക്കാം,ഡോം കോബ് ആ ജോലിയില്‍ മിടുക്കന്‍ ആണ്.ഒരു തരം മോഷണം എന്ന്  പറയാം ലോകത്തിലെ തന്നെ വിലപ്പെട്ട രഹസ്യം എന്ന് ഓരോരുത്തരും കരുതുന്ന അവരുടെ രഹസ്യങ്ങള്‍ മറ്റൊരാള്‍ മോഷ്ടിക്കുക എന്നതിനെക്കുറിച്ച്.വിലമതിക്കാനാവാത്ത ഏറ്റവും  വലിയ സ്വത്തും ഒരുവന്‍റെ ജീവന്റെ അവസാനം വരെ തന്നില്‍ തങ്ങി നില്‍ക്കുന്ന രഹസ്യങ്ങള്‍ ആകാം.

     കോബ് ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് ദുഷ്ക്കരമായ   ഒരു  ജോലി ആണ്.സയിട്ടോ എന്ന ജാപനീസ്   ബിസിനസ്സുകാരന്  വേണ്ടി ഫിഷര്‍ എന്ന  മറ്റൊരു  ബിസിനസ്സുകാരന്റെ മനസ്സ്  ഏറ്റെടുക്കുക  എന്ന ദൗത്യം.ഫിഷറിന്റെ മനസ്സില്‍ സയിറ്റൊയ്ക്ക് അനുകൂലമായ ചിന്തകള്‍ നിക്ഷേപിക്കുക.ആ ചിന്തകളെ വളര്‍ത്തുക.അത് ഒരു പ്രക്രിയ ആണ്.പ്രതികൂല സാഹചര്യങ്ങളില്‍   ഒരു ചെറിയ ചെടി വളര്‍ത്തുന്ന പോലെ തന്നെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു ജോലി.കോബ് ഈ ജോലിക്കായി  ഒരു  ടീമിനെ  ഉണ്ടാക്കുന്നു.ആര്‍തര്‍,Ariadne,ഈംസ്,യൂസഫ്‌ എന്നിവര്‍ ആയിരുന്നു ആ ടീമിലെ  മറ്റുള്ളവര്‍.എന്നാല്‍ കോബിന്  ഇടയ്ക്ക് തന്‍റെ ലക്ഷ്യത്തില്‍ പ്രശ്നങ്ങള്‍  ഉണ്ടാകുന്നുണ്ടായിരുന്നു.കോബിന്റെ മനസ്സ്  പതറി പോകുന്ന നിമിഷങ്ങള്‍.

   Inception എന്ന ചിത്രത്തിന്‍റെ  കഥ  ചുരുക്കി  പറഞ്ഞാല്‍ എളുപ്പം ആണ്.എന്നാല്‍ സിനിമയിലേക്ക് മുഴുകുമ്പോള്‍ ഈ കഥയും അഭിപ്രായവും എല്ലാം മാറും.കാരണം മനസ്സിനെ നോളന്‍ അവതരിപ്പിച്ച രീതി തന്നെ.ഒരു  Maze ലൂടെ  പോകുന്ന  അത്ര  ദുഷ്ക്കരമായി വഴി കണ്ടെത്താന്‍ ആകാതെ പ്രേക്ഷകനും കുഴയും.ചിലപ്പോള്‍ മനസ്സും  തലച്ചോറും പതിവിലും അധികം ജോലി എടുത്തു ഒരു തരം മടുപ്പ്  ഉണ്ടാകാന്‍ പോലും സാധ്യത ഉണ്ടാകാം.നോളന്റെ  സിനിമകളെ  കുറിച്ച്  ചിന്തിക്കാന്‍  തന്നെ  സിനിമ  കാണുന്ന  സമയം  ഒരു  Spare തലച്ചോറ്  കൂടി  കയ്യില്‍  കരുതേണ്ടി  വരുന്ന  അവസ്ഥ.8 ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച ചിത്രം 4  എന്നതില്‍  പുരസ്ക്കാരം  നേടിയിരുന്നു. Cinematography,  Sound Editing, Sound Mixing,  Visual Effects എന്നിവയില്‍ ആയിരുന്നു അത്.സിനിമയുടെ സാങ്കേതിക വശങ്ങളില്‍ മികവുറ്റ  രീതിയില്‍ ആണ്  ചിത്രം അവതരിപ്പിച്ചത്.ഹാന്‍സ്  സിമ്മരിന്റെ  പശ്ചാത്തല സംഗീതം  കൂടി ആയപ്പോള്‍ ചിത്രം സിനിമ ചരിത്രത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി   മാറി.നാല്  ഭൂഖണ്ഡം ,ആറു  രാജ്യങ്ങള്‍  എന്ന നിലയില്‍ ചിത്രീകരിച്ച  ചിത്രത്തിന്റെ  ഓരോ ഫ്രെയിമും മനസ്സില്‍  തങ്ങി  നില്‍ക്കുന്നവയാണ്.വല്ലാത്ത ഒരു ബ്ലെണ്ട് ആണ്  ഹാന്‍സ്  സിംമാറിന്റെ  സംഗീതവും സിനിമയുടെ  ദ്രിശ്യഭംഗിയും  നോളന്റെ ഭാവനയും എന്ന്  തോന്നിപ്പോകും  സിനിമ  കണ്ടു  തീരുമ്പോള്‍.

More movie suggestions @www.movieholicviews.blogspot.com

573.3 (TAMIL,2012)

573.3 (TAMIL,2012),|Drama|Romance|,Dir:-Aishwarya R. Dhanush,*ing:-Dhanush,Sruthi Hassan.

  2012 ലെ യൂടൂബ് തരംഗം ആയിരുന്നു “Why This Kolaveri Di”എന്ന ഗാനം.  അനിരുധ് -ധനുഷ് കൂട്ടുക്കെട്ടില്‍ വന്ന ആ പാട്ട് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനിരുധിനു തമിഴ് സംഗീത ലോകത്തില്‍ ഒരു സ്ഥാനം നേടി കൊടുത്തൂ.”കൊലവറി” ഗാനം സോണിയുടെ മികച്ച മാര്‍ക്കറ്റിംഗ് കൂടി ആയപ്പോള്‍ ശരിക്കും വൈറല്‍ ആയി മാറി.ചിത്രം റിലീസ് ആയപ്പോള്‍ സമ്മിശ്രം  ആയ പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഓണായി മാറി അന്ന് 3 എന്ന ഈ ചിത്രം.

   Personal ആയി ഈ ചിത്രം വളരെയധികം relate ചെയ്യുന്നത് കൊണ്ട് ഈ ചിത്രത്തിനോട് ഒരു ഇഷ്ട കൂടുതല്‍ ഉണ്ട് .പ്രത്യേകിച്ചും രാമും ജനനിയും തമ്മില്‍ ഉള്ള പ്ലസ് ടൂ പ്രണയം ഒക്കെ നല്ല നോസ്ടാല്ജിയ ആയിരുന്നു.ഓരോ പ്രാവശ്യവും സിനിമ കാണുമ്പോള്‍ ആ ഒരു കാലഘട്ടത്തിലേക്ക് ഉള്ള മടങ്ങി പോക്കായി തോന്നും ചിത്രം.ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത ചിത്രം  ധനുഷിന്‍റെ കരിയറില്‍ ഒരു പാട്ടുകാരന്‍ എന്ന നിലയിലും തനിക്കു മികവു ഉണ്ടെന്നു തെളിയിച്ചു.അനിരുധിന്റെ പാട്ടുകള്‍ എല്ലാം തന്നെ മികച്ചു നിന്നൂ.പ്രണയ  സിനിമകള്‍ അധികം ഇഷ്ടപ്പെടില്ലെങ്കിലും ഈ ചിത്രത്തിന്‍റെ ആ ഭാഗങ്ങള്‍ ഒക്കെ ഹൃദ്യം ആയിരുന്നു.

  എന്നാല്‍ രാമിന്റെ ജീവിതത്തില്‍ അവന്‍ പോലും അറിയാതെ സംഭവിക്കുന്ന മാറ്റം അവന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മേല്‍ കരി നിഴല്‍ വീഴ്ത്തുന്നു.റാമിനു വേണ്ടി തനിക്കു ലഭിച്ച അമേരിക്കന്‍ വിസയുള്ള പാസ്പോര്‍ട്ട് പോലും കത്തിച്ചു കളഞ്ഞ ജനനിക്ക്, അവനു സംഭവിച്ച മാറ്റം അറിയുമ്പോള്‍ അവള്‍ക്കു അവനോടുള്ള പ്രണയത്തിനു പകരം ഭയം ഉണ്ടാകും റാമിനെ കൊണ്ട് ചില തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു.ആദ്യ പകുതിയില്‍ കാമുകിക്ക് പ്രാധാന്യം നല്‍കിയ ചിത്രം എന്നാല്‍ പിന്നീട് സുഹൃത്ത് ബന്ധത്തിന്‍റെ നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്നു.സെന്തില്‍ എന്ന കഥാപാത്രം റാമിന്‍റെ തണല്‍ ആയി അവസാനം വരെ കൂടെ നിന്നൂ.സിനിമയുടെ തുടക്കം മുതല്‍ റാമിന്റെ ജീവിതത്തില്‍ സംഭവിച്ചത് ഒരു ദുരൂഹത ആയി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു സാധാരണക്കാരന്‍ ആയ കഥാപാത്രവും അവന്റെ സുഹൃത്തും ആ രഹസ്യം അവരില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നത്  വളരെ ദുഷ്ക്കരം ആയ ഒന്നായി മാറിയിരുന്നു.കാരണം ജനനിയുടെ സാമീപ്യം തന്നെ.ട്രാജഡി ആയുള്ള  ക്ലൈമാക്സ് ശരിക്കും depressive ആയിരുന്നെങ്കിലും എന്റെ സ്വന്തം അഭിപ്രായത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നായി ഇത് എന്നും കാണും.

More movie suggestions @www.movieholicviews.blogspot.com

572.THE REVENANT(ENGLISH,2015)

572.THE REVENANT(ENGLISH,2015),|Action|Thriller|Drama|,Dir:-Alejandro González Iñárritu,*ing:-Leonardo DiCaprio, Tom Hardy, Will Poulter.

88 മത്  അക്കാദമി  പുരസ്ക്കാരങ്ങളില്‍  12  നാമനിര്‍ദേശം  ആണ്  The Revenant വാരി   കൂട്ടിയിരിക്കുന്നത് .

  • Best Motion Picture of the Year

Arnon Milchan
Steve Golin
Alejandro González Iñárritu
Mary Parent
Keith Redmon

  • Best Performance by an Actor in a Leading Role

Leonardo DiCaprio

  • Best Performance by an Actor in a Supporting Role

Tom Hardy

  • Best Achievement in Directing

Alejandro González Iñárritu

  • Best Achievement in Cinematography

Emmanuel Lubezki

  • Best Achievement in Film Editing

Stephen Mirrione

  • Best Achievement in Costume Design

Jacqueline West

  • Best Achievement in Makeup and Hairstyling

Sian Grigg
Duncan Jarman
Robert A. Pandini

  • Best Achievement in Sound Mixing

Jon Taylor
Frank A. Montaño
Randy Thom
Chris Duesterdiek

  • Best Achievement in Sound Editing

Martín Hernández
Lon Bender

  • Best Achievement in Visual Effects

Richard McBride
Matt Shumway
Jason Smith
Cameron Waldbauer

  • Best Achievement in Production Design

Jack Fisk (production design)
Hamish Purdy (set decoration)

  എന്നീ  വിഭാഗങ്ങളില്‍  ആണ്  അത്.

“Revenge is a dish best served cold” – Revenant

2014 ലെ ഏറ്റവും അധികം നിരൂപക പ്രശംസ ലഭിച്ച ചിത്രം ആയിരുന്നു Birdman.ഒരു പക്ഷെ ഇനാരിറ്റൂ സംവിധാനം ചെയ്ത ചിത്രങ്ങളിലെ ഏറ്റവും  മികച്ചത് എന്ന് പറയാം ആയിരുന്നു ആ ചിത്രത്തെ.എന്നാല്‍
2015 ല്‍  ഇനാരിറ്റൂ  The Revenant എന്ന ചിത്രം ആയി വന്നപ്പോള്‍ അതിലെ കാസ്റ്റിംഗ് തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.കാരണം മികച്ച നടനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം എല്ലാ വര്‍ഷവും അകന്നു പോകുന്നു ലിയോനാര്‍ഡോ ഡി കാപ്രിയോ തന്നെ ആയിരുന്നു മുഖ്യ കാരണം.പിന്നെ മറ്റൊരാള്‍  മികവില്‍ നിന്നും മികവിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ടോം ഹാര്‍ഡി എന്ന നടനും.ഇതു വേഷവും ഗംഭീരം ആക്കാന്‍ ടോം ഹാര്‍ഡി നല്ലത് പോലെ ശ്രമിക്കുന്നുണ്ടെന്ന് തോന്നും ഓരോ ചിത്രം കഴിയുമ്പോഴും.

  1800 കളിലെ അമേരിക്കയുടെ പശ്ചാത്തലം ആണ് ചിത്രത്തിന് ഉള്ളത്.അമേരിക്കന്‍ റെഡ് ഇന്ത്യന്‍സ് ആയി കുടിയേറാന്‍ വന്നവര്‍ യുദ്ധം ചെയ്യുന്ന സമയം.തങ്ങളുടെ സ്വന്തമായതു ഒക്കെ തട്ടി എടുക്കാന്‍ വന്നവരെ അവരും നിലനില്‍പ്പിനായി ആക്രമിച്ചു തുടങ്ങുന്നു.എങ്ങും ഭയം നിറഞ്ഞു നില്‍ക്കുന്നു.മൃഗങ്ങളെ കൊല്ലപ്പെടുത്തി അവയുടെ തോല്‍ കച്ചവടം നടത്തുന്ന സംഘം റെഡ് ഇന്ത്യന്‍സിന്റെ ആക്രമണത്തില്‍ തകരുന്നു.അവരില്‍ നിന്നും രക്ഷപ്പെട്ടവര്‍ അവിടെ നിനും പാലായനം ചെയ്യുന്നു.ഹ്യൂഗ് ഗ്ലാസ് എന്ന അവരുടെ കൂട്ടത്തിലെ വേട്ടക്കാരന്‍ എന്നാല്‍ ആ യാത്രയില്‍ ആക്രമിക്കപ്പെടുന്നു.തന്‍റെ മക്കളെ രക്ഷിക്കാന്‍ ഉള്ള അമ്മ കരടിയുടെ ശ്രമം ആയിരുന്നു ആ ആക്രമണം.ഹ്യൂഗോ മരണത്തെ മുന്നില്‍ കാണുന്നു.നേരത്തെ ഒരു അപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട ഹ്യൂഗോയ്ക്ക് ആകെ ഉള്ളത് ഒരു മകന്‍ മാത്രം ആണ്.അവനെ സംരക്ഷിക്കേണ്ടത് ഹ്യൂഗോയുടെ കടമ ആയിരുന്നു.എന്നാല്‍ ആ ആക്രമണത്തോടെ ഹ്യൂഗോ അശക്തന്‍ ആകുന്നു.

  ഹ്യൂഗോയെ പരിചരിക്കാന്‍ മകന്‍ ഹോക്ക് ഒപ്പം നില്‍ക്കാന്‍ തീരുമാനിക്കുന്നു.ജിം,ഫ്ലിട്സ് ഗാര്‍ഡ് എന്നിവര്‍ തീരുമാനിക്കുന്നു.ഫ്ലിട്സ് ഗാര്‍ഡ് നേരത്തെ തന്നെ ഹ്യൂഗോയും ആയി ശത്രുതയില്‍ ആയിരുന്നു.അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.ഡി കാപ്രിയോ കരടിയും ആയി നടത്തുന്ന പോരാട്ടം ചിത്രത്തിന്‍റെ ഒരു ഹൈലൈറ്റ്  ആണ്.ഒരു പക്ഷെ കരടിക്ക് ഒരു ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടാന്‍ ഉള്ള സാധ്യത വരെ കാണുന്നുണ്ട്.അത്രയ്ക്കും ഗംഭീരം ആയിരുന്നു ആ രംഗങ്ങള്‍.പിന്നെ എടുത്തു പറയേണ്ടത് ടോം  ഹാര്‍ഡി.ഫ്ലിട്സ് ഗാര്‍ഡ് ശരിക്കും ക്രൂരതയുടെ പര്യായം ആയി മാറുകയായിരുന്നു.ലിയോയ്ക്ക്  ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടുമോ  എന്നത്  കാത്തിരുന്നു  തന്നെ  കാണണം  .പക്ഷെ ടോം ഹാര്‍ഡി അഭിനയത്തില്‍ മികച്ചു നിന്നൂ.പ്രതികാരം ആണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.ആ ഒരു ഫീല്‍ പ്രേക്ഷകനില്‍ എത്തിക്കാനും ഇനാരിറ്റുവിനും  കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com

571.THE HATEFUL EIGHT(ENGLISH,2015)

571.THE HATEFUL EIGHT(ENGLISH,2015),|Action|Mystery|,Dir:-Quentin Tarantino,*ing:-Samuel L. Jackson, Kurt Russell, Jennifer Jason Leigh .

88 മത് അക്കാദമി  നാമനിര്‍ദേശം 3 വിഭാഗങ്ങളില്‍ ലഭിച്ച  ചിത്രം  ആണ്  The Hateful Eight

  • Best Performance by an Actress in a Supporting Role

Jennifer Jason Leigh

  • Best Achievement in Cinematography

Robert Richardson

  • Best Achievement in Music Written for Motion Pictures, Original Score

Ennio Morricone

  എന്നീ  വിഭാഗങ്ങളില്‍ ആയിരുന്നു  അത്.

  2015 ലെ ഏറ്റവും വലിയ പ്രതീക്ഷ ആയിരുന്നു The Hateful Eight.ടരാന്റിനോ എന്ന ഒറ്റ പേര്  മാത്രം  മതിയായിരുന്നു  പ്രതീക്ഷകളുടെ ഭാരം  കൂട്ടാന്‍ ആയി.ഒപ്പം സാമുവല്‍ ജാക്സണ്‍,ടിം റോത്ത് തുടങ്ങി വലിയ ഒരു താരനിരയും.ആറു അദ്ധ്യായം ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സിനിമയുടെ കഥയുടെ പുരോഗതി ആ അദ്ധ്യായങ്ങള്‍ക്ക് അനുസരിച്ചാണ് ഉള്ളത്.

“Chapter One: Last Stage to Red Rock”
“Chapter Two: Son of a Gun”
“Chapter Three: Minnie’s Haberdashery”
“Chapter Four: Domergue’s Got a Secret”
“Chapter Five: The Four Passengers”
“Final Chapter: Black Man, White Hell”

  എന്നീ ആറു അദ്ധ്യായങ്ങള്‍ അവതരിപ്പിക്കുന്ന കഥ നടക്കുന്നത് അമേരിക്കയിലെ  സിവില്‍ യുദ്ധം കഴിഞ്ഞുള്ള സംഭവങ്ങളിലൂടെ ആണ്.മഞ്ഞിന്‍റെ ഇടയിലൂടെ പോകുന്ന ഒരു കുതിരവണ്ടിയെ കത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു.മേജര്‍ മാര്‍കിസ് വാറന്‍.തന്റെ കുതിര അതി ശൈത്യത്തില്‍ നഷ്ടപ്പെട്ട അയാള്‍ റെഡ് റോക്കിലേക്ക് പോകുകയായിരുന്നു.കൊടും മഞ്ഞിലൂടെ മുന്നോട്ടു പോകാന്‍ കഴിയാതെ നിന്ന അയാളുടെ മുന്നില്‍ എത്തിയ കുതിരവണ്ടിയില്‍ ഉണ്ടായിരുന്ന ആള്‍ മാര്‍ക്കിസിനു അഭയം കൊടുത്തില്ല.കാരണം ആയാളും ഒരു പ്രത്യേക ഉദ്യമത്തില്‍ ആയിരുന്നു.

അവരുടെ കൂടെ  പിന്നീട് മറ്റൊരാള്‍ കൂടി ചേരുന്നു.അവരുടെ യാത്ര എത്തി ചേര്‍ന്നത്‌  ഒരു ലോഡ്ജില്‍ ആയിരുന്നു.സിനിമയുടെ കഥ അവിടെ നിന്നും ആണ് ശരിക്കും തുടങ്ങുന്നത്.ആദ്യ കുറച്ചു സമയം കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതിനു ശേഷം ലോഡ്ജില്‍ എത്തിയത് മുതല്‍ ദുരൂഹമായ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.ടാരന്റിനോ ചിത്രങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍,ഗ്രാഫിക് രീതിയില്‍ ഉള്ള രക്ത ചൊരിച്ചില്‍  ഒക്കെ ഇവിടെ ആരംഭിക്കുന്നു.

  കുറെ ഏറെ കഥാപാത്രങ്ങള്‍ അവരുടെ കഥാപാത്ര രൂപീകരണം ആണ് ചിത്രത്തില്‍ സബ് -പ്ലോട്ടുകള്‍ ആയി അവതരിപ്പിക്കുന്നത്‌.പലതും വളരെ രസകരം ആയിരുന്നു.ഒരു മുറിയില്‍ സാഹചര്യങ്ങള്‍ കാരണം ഒരുമിച്ചു കൂടുന്ന അഹങ്കാരവും തന്‍ പോരിമയും ഉള്ള കഥാപാത്രങ്ങള്‍ അവര്‍ പരസ്പ്പരം വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും കാരണങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍.സാമൂഹികമായ വേലിക്കെട്ടുകള്‍ എല്ലാം അതിനു കാരണവും ആണ്.എന്നാല്‍ സാഹചര്യങ്ങളെ നേരിടാന്‍ ആരെയെങ്കിലും വിശ്വസിക്കണ്ട അവസ്ഥ.ടാരന്റിനോ ചിത്രങ്ങളുടെ ആരാധകരെ അധികം നിരാശപ്പെടുത്താത്ത ചിത്രം ആണ് The Hateful Eight.ഓസ്ക്കാര്‍ വേദിയില്‍ ചിത്രം ചലനങ്ങള്‍ ഉണ്ടാക്കാന്‍ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് കാത്തിരുന്ന് കാണാം.

More movie suggestions @www.movieholicviews.blogspot.com

570.WE’RE THE MILLERS(ENGLISH,2013)

570.WE’RE THE MILLERS(ENGLISH,2013),|Comedy|Adventure|,Dir:-Rawson Marshall Thurber,*ing:-Jason Sudeikis, Jennifer Aniston, Emma Roberts.

   ബോക്സോഫീസില്‍ ചലനം  ഉണ്ടാക്കിയ കോമഡി ചിത്രം ആയിരുന്നു We’re The Millers.ഡേവിഡ് ക്ലാര്‍ക്ക് എന്ന മയക്കു മരുന്ന് ഡീലര്‍ ചെറിയ രീതിയില്‍ ഉള്ള കച്ചവടം ഒക്കെ ആയി ജീവിക്കുന്നു.കച്ചവടത്തില്‍ നിന്നും കിട്ടുന്ന പണം ഒക്കെ സൂക്ഷിച്ചു  വയ്ക്കുന്ന ഡേവിഡ് എന്നാല്‍ ഒരു ദിവസം ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊള്ളയടിക്കപ്പെടുന്നു.ബ്രാഡ് എന്ന മയക്കുമരുന്ന് മാഫിയ താളവു ഡേവിഡ് കുറച്ചു പണം കച്ചവടത്തില്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു.എന്നാല്‍ കൊള്ളയടിക്കപ്പെട്ട ഡേവിഡ് അതിനു കഴിയാത്ത സാഹചര്യത്തില്‍ ആകുന്നു.

  ബ്രാഡ്  എന്നാല്‍ അതിനു  ഒരു  വഴി കണ്ടെത്തുന്നു.ഡേവിഡ്  അമേരിക്കന്‍ അതിര്‍ത്തി കടന്നു മെക്സിക്കോയില്‍ പോയി കുറച്ചു മയക്കു മരുന്ന് കടത്തി കൊണ്ട് വരണം.ഡേവിഡ്‌ അതിനായി ഒരു പ്ലാന്‍ തയ്യാറാക്കുന്നു.നൈറ്റ് ക്ലബ്ബിലെ stripper ആയ  റോസ്,താമസിക്കാന്‍  വീട് പോലും ഇല്ലാത്ത കാസെ,കെന്നി എന്ന ആരും ഇല്ലാത്ത പതിനെട്ടു വയസ്സുകാരന്‍ എന്നിവരെ ചേര്‍ത്തായിരുന്നു ആ പ്ലാന്‍.മില്ലര്‍ കുടുംബം എന്ന പേരില്‍ അവര്‍ മെക്സിക്കോയിലേക്ക് കടക്കുന്നു.ബ്രാഡ് ആവശ്യപ്പെട്ട സാധനവുമായി തിരിച്ചു വരുന്നൂ.അതായിരുന്നു ഡേവിഡ്‌ മനസ്സില്‍ വിചാരിച്ചിരുന്നത്.കുടുംബമായി യാത്ര ചെയ്യുമ്പോള്‍ അതിര്‍ത്തിയില്‍ പോലീസ് പ്രശ്നം ഉണ്ടാക്കില്ല എന്ന് ഡേവിഡ്‌ കരുതുന്നു.

   എന്നാല്‍ ഡേവിഡ്‌ കരുതിയത്‌ പോലെ അല്ലായിരുന്നു കാര്യങ്ങള്‍.ആദ്യം  മുതല്‍ തന്നെ ഡേവിഡ്‌ പ്ലാന്‍ ചെയ്തത് തെറ്റി തുടങ്ങുന്നു.എന്നാല്‍ എങ്ങനെയൊക്കെയോ എല്ലാം നല്ലതായി പോകുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയിരുന്നു ഡേവിഡ്‌ വിചാരിക്കുക പോലും ചെയ്യാത്ത ഒരു ശത്രു ഉണ്ടാകുന്നത്.ഡേവിഡ്‌ മറ്റു മൂന്നു പേരുടെയും കൂടെ ആരും അല്ലാത്ത  രീതിയില്‍ തുടങ്ങുന്ന യാത്ര എന്നാല്‍ അവരില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്നു.ആരും സ്വന്തമായി ഇല്ലാത്ത ആ നാലു പേരും ജീവിതം കൂടുതല്‍ അറിഞ്ഞു തുടങ്ങി.ആ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം പറയുന്നത്.കോമഡി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രവും ഇഷ്ടപ്പെടും എന്ന് തോന്നുന്നു.

More movie suggestions @www.movieholicviews.blogspot.com

569.THE SITTER(ENGLISH,2011)

569.THE SITTER(ENGLISH,2011),|Comedy|,Dir:-David Gordon Green,*ing:-Jonah Hill, Ari Graynor, Sam Rockwell,

   2011 ലെ ഏറ്റവും മോശം സിനിമ ആയി  The Chicago Sun-Times തിരഞ്ഞെടുത്ത ചിത്രം ആയിരുന്നു The Sitter.സ്ഥിരം അമേരിക്കന്‍ കോമഡി സിനിമകളിലെ കഥാ.ഒരു രാത്രി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ കഥയ്ക്ക്‌ ആധാരം,ജീവിതത്തില്‍ പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ ജീവിക്കുന്ന യുവാവ് ആയി ജോനാ ഹില്‍, നോഹ  എന്ന  കഥാപാത്രത്തെ  അവതരിപ്പിച്ചു.ഒരു പ്രത്യേക സാഹചര്യത്തില്‍ നോഹയുടെ അമ്മയെ സഹായിക്കാന്‍  Baby Sitting നു അവരുടെ സുഹൃത്തിന്‍റെ  വീട്ടില്‍   നോഹയ്ക്ക്  പോകേണ്ടി വരുന്നു.

  അവിടെ ഉണ്ടായിരുന്ന  മൂന്നു  കുട്ടികളും പ്രത്യേക അവസ്ഥകളില്‍ കൂടി കടന്നു പോകുന്നവര്‍ ആയിരുന്നു.ധനിക കുടുംബം ആയിരുന്നു എങ്കിലും ജീവിതത്തെ ഏറെ ഭയക്കുന്ന ഇമോഷണല്‍ ആയ സ്ലേറ്റര്‍,അവന്റെ  അനുജത്തി  ബ്ലിത്ത് ,കുട്ടി  ആയിരുന്നെങ്കിലും ഒരു  സെലിബ്രിറ്റി ആകണം എന്ന ആഗ്രഹത്തില്‍ അവളുടെ കുട്ടിക്കാലം  ജീവിക്കുന്നതിനു  പകരം  മുതിര്‍ന്ന ആളുകളെ പോലെ പെരുമാറാന്‍ ശ്രമിക്കുന്നു.മൂന്നാമത്തെ ആള്‍ റോഡ്രിഗോ മെക്സിക്കോയില്‍ നിന്നും എടുത്തു വളര്‍ത്തിയ കുട്ടി  ആയിരുന്നു.വ്യത്യസ്തമായി എന്തിനെയും വെറുപ്പോടെ  കാണുന്ന പ്രകൃതം ആയിരുന്നു അവനു.

നോഹ അവിടെ എത്തുമ്പോള്‍ ഇവര്‍ മൂവരും ആയി ആദ്യം  ഒത്തു പോകുന്നില്ല.എന്നാല്‍ നോഹ പിന്നെ അവരുടെ ഒപ്പം കൂടി ആ രാത്രി അപ്രതീക്ഷിതമായി ചില സാഹസങ്ങള്‍ ചെയ്യേണ്ടി വരുന്നു.അവര്‍ നാലു പേരും തമ്മില്‍ ഒരു നല്ല ബന്ധം ഉടലെടുക്കുക ആയിരുന്നു.സ്ഥിരം ഫോര്‍മാറ്റില്‍ വന്നത് കൊണ്ട് സ്വീകരിക്കാതെ പോയ ഈ ചിത്രം എന്നാല്‍ ടൈം പാസായി വെറുതെ കണ്ടു കൊണ്ടിരിക്കാവുന്ന ഒന്നാണ്.പ്രത്യേകിച്ചും ജോനാ ഹില്ലിന്റെ തമാശ  ചിത്രങ്ങള്‍  ഇഷ്ടപ്പെടുന്നവര്‍ക്ക്.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started