520.KNOCK KNOCK(ENGLISH,2015)

520.KNOCK KNOCK(ENGLISH,2015),|Mystery|Thriller|,Dir:-Eli Roth,*ing:-Keanu Reeves, Lorenza Izzo, Ana de Armas.

  ഈ അടുത്ത് കണ്ട disturbing ആയ ചിത്രങ്ങളില്‍ ഒന്നാണ് കീനൂ റീവ്സിന്റെ Knock Knock.മറ്റൊരു ചിത്രം The Gift(2015) ആയിരുന്നു.ഈ രണ്ടു ചിത്രവും ക്ലൈമാക്സ് ആകുമ്പോള്‍ ആകെ മൊത്തം ഒരു ഷോക്ക് ആകും.പ്രതി നായക വേഷത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ നായക കഥാപാത്രങ്ങള്‍ക്ക് ശല്യം ആകുന്നതില്‍ ഉപരി സിനിമ തീരുമ്പോള്‍ പ്രേക്ഷകനും ചെറുതല്ലാത്ത രീതിയില്‍ സമാനമായ ഒരു വികാരം ഉണ്ടാക്കി.പ്രത്യേകിച്ചും ഈ ചിത്രത്തിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍.സ്ത്രീ പീഡനം എന്നൊക്കെ ഉള്ളതില്‍ നിന്നും വ്യത്യസ്തം ആയി നല്ല രീതിയില്‍ പുരുഷ പീഡനം ആണ് ചിത്രം.അവരുടെ പ്രവൃത്തിയില്‍ എന്തൊക്കെ ന്യായം കണ്ടെത്താന്‍ ശ്രമിച്ചാലും വെറുപ്പ്‌ തോന്നിപ്പിക്കും ആ കഥാപാത്രങ്ങള്‍.

  Erotic Thriller ആയാണ് എലി റോത്ത് ഈ ചിത്രം അവതരിപ്പിച്ചതെങ്കിലും അത്തരം രംഗങ്ങള്‍ കുറവാണ്.പകരം പ്രമേയപരമായി ആണ് ഈ ചിത്രം ആ ജോണറില്‍ ഉള്‍പ്പെടുന്നത്.മധ്യവയസ്ക്കന്‍ ആയ ഇവാന്‍ എന്ന ആര്‍കിറ്റെക്റ്റ് ആയാണ് കീന് റീവ്സ് ഈ ചിത്രത്തില്‍ വേഷം ഇടുന്നത്.ഭാര്യയും രണ്ടു കുട്ടികളും ആയി സന്തോഷകരമായ കുടുംബ ജീവിതം അയാള്‍ക്കുണ്ട്.സ്വന്തമായ വീടും അത്യാവശ്യത്തിനു പണവും എല്ലാം ഉള്ള സന്തുഷ്ട കുടുംബം.ആ വര്‍ഷത്തെ ഫാദേര്‍സ് ഡേ ദിവസം ആണ് ഇവാന്റെ കുടുംബം ഒരു ബീച്ചിലേക്ക് വാരാന്ത്യം ചിലവിടാന്‍ പോകുന്നത്.എന്നാല്‍ ജോലി തിരക്ക് മൂലം ഇവാന്‍ അവരോടൊപ്പം പോകുന്നില്ല.

   അന്ന് വളരെ വൈകിയും ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അയാളുടെ മുന്നില്‍ ആ മഴയുള്ള പാതിരാത്രി ആണ് രണ്ടു അതിഥികള്‍ എത്തുന്നത്‌.വഴി തെറ്റി ആ രാത്രിയില്‍ മഴയത് എത്തിയ അവരെ അയാള്‍ സഹായിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ പിന്നീട് അയാളുടെ ജീവിതത്തില്‍ എടുത്ത തെറ്റായ തീരുമാനം എന്ന് തോന്നിക്കാന്‍ ആ ഒറ്റ സംഭവം മതിയായിരുന്നു.അതിനു ശേഷം ഇവാന്റെ ജീവിതം എങ്ങനെ ആയെന്നാണ്‌ ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

519.PRIVATE EYE(KOREAN,2009)

519.PRIVATE EYE(KOREAN,2009),|Mystery|Thriller|Crime|,Dir:-Dae-min Park,*ing:-Jeong-min Hwang, Deok-Hwan Ryu, Ji-won Uhm .

Film Noir വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊറിയന്‍ കുറ്റാന്വേഷണ ചിത്രം ആണ് Private Eye.2009 ല്‍ റിലീസ് ആയ ഈ ചിത്രം ഒരു ബോക്സോഫീസ് വിജയം കൂടി ആയിരുന്നു.ജിയോംഗ് മിന്‍ നായകന്‍ ആകുന്ന ഈ ചിത്രം ഒരേ രീതിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും അതിന്‍റെ നിഗൂഡത വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഹോംഗ് ജിന്‍ ഹോ എന്ന കുറ്റാന്വേഷകന്റെ ശ്രമങ്ങളിലൂടെയും ആണ് വികസിക്കുന്നത്.

   ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ജപ്പാന്റെ കീഴില്‍ ഉള്ള കൊറിയ ആണ് പശ്ചാത്തലം.അധികാര വര്‍ഗം അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കേസുകള്‍ വളച്ചു ഒടിക്കുന്ന സമയം.കാര്യക്ഷമം അല്ലാത്ത പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൂടി ആയപ്പോള്‍ സമൂഹത്തില്‍ അസ്ഥിരത ഉണ്ടായ സമയം.ക്വാംഗ് സൂ എന്ന മെഡിക്കല്‍ വിദ്യാര്‍ഥി വഴിയില്‍ കിടന്നു കിട്ടിയ ജഡവും ആയി പോകുന്നു.മനുഷ്യ ശരീരം കൂടുതല്‍ അടുത്തറിയാനും അതില്‍ തന്‍റെ പഠനത്തിന് സഹായകരം ആകും എന്നും കരുതി അവന്‍ അത് കൊണ്ട് പോയി ഓപറേഷന്‍ ചെയ്യുന്നു.ശവ ശരീരം മുറിവുകള്‍ ഒക്കെ തുന്നിക്കെട്ടി ഹൃദയവും കരളും എല്ലാം പുറത്തു എടുക്കുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിനുള്ളില്‍ ആ ശവ ശരീരം ആ സ്ഥലത്തെ മന്ത്രിയുടെ മകന്റെ ആണെന്ന് അവന്‍ മനസ്സിലാക്കുന്നു.

  കൊല്ലപ്പെട്ടു എന്ന് പോലീസ് കരുതുന്ന ആളുടെ മൃതദേഹം തിരികെ കൊടുത്താല്‍ അതില്‍ നടത്തിയിരിക്കുന്ന  തുന്നലുകള്‍ അവനെ കുറ്റവാളി ആയി മുദ്ര കുത്തുമോ എന്ന് ഭയപ്പെടുന്നു.ആ അവസരത്തില്‍ ആണ് അവന്‍ ഹോംഗ് ജിന്‍ ഹോ എന്ന കുട്ടന്വേഷകനെ പരിചയപ്പെടുന്നത്.അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കാന്‍ കൊതിക്കുന്ന അയാള്‍ അതിനായുള്ള ധന സമാഹരണത്തില്‍ ആണ്.അതിനായി കിടപ്പറ രഹസ്യങ്ങള്‍ ആവശ്യം അനുസരിച്ച് ചോര്‍ത്തി കൊടുക്കുന്ന ജോലി ആണ് ഹോംഗ് ചെയ്യുന്നത്.ക്വാംഗ് സൂ തന്‍റെ കാര്യവുമായി അയാളെ സമീപിച്ചെങ്കിലും അതിലെ അപകടം മുന്‍ക്കൂട്ടി കണ്ടു അയാള്‍ ആ കേസ് ഏറ്റെടുക്കുന്നില്ല.എന്നാല്‍ അമേരിക്കന്‍ യാത്രയ്ക്കുള്ള തുക ഒപ്പിക്കാം എന്നുള്ള ധാരണയില്‍ ഹോംഗ് ആ കേസ് ഏറ്റെടുക്കുന്നു.ഈ അവസരത്തില്‍ സമാനമായ മറ്റൊരു കൊലപാതകം കൂടി നടക്കുന്നു.അതും പ്രമുഖന്‍ ആയ ഒരാള്‍ .ആരാണ് ഈ കൊലകള്‍ക്ക് പിന്നില്‍?എന്താണ് കാരണം? ട്വിസ്ട്ടുകളും മറ്റുമായി പോകുന്ന മികച്ച ഒരു മിസ്റ്ററി /ത്രില്ലര്‍ ആണ് Private Eye.

More movie suggestions @www.movieholicviews.blogspot.com

518.THE SUBJECTS(ENGLISH,2015)

518.THE SUBJECTS(ENGLISH,2015),|Mystery|Thriller|,Dir:-Robert Mond,*ing:-Paul O’Brien, Charlotte Nicdao, Emily Wheaton.

 
ഹോളിവുഡ് സിനിമ ലോകം സൂപ്പര്‍ ഹീറോകള്‍ കയ്യടക്കുമ്പോള്‍ Anti-Super Hero കഥ പ്രമേയം ആക്കിയാണ് The Subjects എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു മുറിയില്‍ അടയ്ക്കപ്പെട്ട കഥാപാത്രങ്ങളെ പ്രമേയം ആക്കിയുള്ള ചിത്രങ്ങള്‍ ഹോളിവുഡ് ക്ലീഷേ ആയി മാറിയിരിക്കുന്നു ഇപ്പോള്‍.എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന Mystery Element പലപ്പോഴും അത്തരം സിനിമകളെ രക്ഷപ്പെടുത്തി എടുക്കാറുണ്ട്.ലോകത്തിന്‍റെ ഭാവി എന്ന് സ്വയം പ്രചാരണം നടത്തുന്ന ഒരു മരുന്ന് കമ്പനിയുടെ മരുന്ന് പരീക്ഷണത്തിന്‌ വിധേയരാകാന്‍ വന്ന എട്ടു പേരിലൂടെ ആണ് ഈ ചിത്രം വികസിക്കുന്നത്.

  പണം ആഗ്രഹിച്ചു തന്നെയാണ് ആ എട്ടു പേരും ആ പരീക്ഷണത്തിന്‌ തയ്യാറാകുന്നത്.പലതരം ജീവിത പശ്ചാത്തലത്തില്‍ നിന്നും വന്ന അവര്‍ എട്ടു പേരും ഒരു മുറിയില്‍ അടയ്ക്കപ്പെടുന്നു.എട്ടു മണിക്കൂര്‍ നീളം ഉള്ള ആ മരുന്ന് പരീക്ഷണം തുടങ്ങുമ്പോള്‍ ആ മുറി അടയ്ക്കപ്പെടുന്നു.എന്തിനുള്ള മരുന്നുകള്‍ ആണ് അവര്‍ക്ക് നല്‍കുന്നത് എന്നത് അജ്ഞാതം ആയിരുന്നു.അവര്‍ മരുന്ന് കഴിക്കുന്നു.വാതിലുകള്‍ അടയ്ക്കപ്പെടുന്നു.ഇനിയുള്ള എട്ടു മണിക്കൂറുകള്‍ അടയ്ക്കപ്പെട്ട ആ മുറിയില്‍  ചിലവഴിക്കാന്‍ തീരുമാനിച്ച അവര്‍ സമയം മുന്നോട്ടു പോകാന്‍ പല വഴികളും പരീക്ഷിക്കുന്നു.

  വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലം എന്നത് കൊണ്ട് തന്നെ വിഭിന്നമായ ജീവിത കാഴ്ചപ്പാട് ഉള്ളവരായിരുന്നു അവര്‍ ഓരോരുത്തരും.അത് അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.ഒപ്പം സൗഹൃദങ്ങളും.ആ സമയത്താണ് മരുന്ന് പരീക്ഷണത്തിന്റെ ആദ്യ ആദ്യ ഫലം അവര്‍ അറിയുന്നത്.ഞെട്ടലോടെ മാത്രം അവര്‍ക്ക് സമീപിക്കാവുന്ന ഒരു ഫലം ആയിരുന്നു അവര്‍ അനുഭവിച്ചത്.അവിടെ എന്താണ് സംഭവിച്ചത്?എന്തിനായിരുന്നു ആ മരുന്ന് പരീക്ഷണം?കുഴപ്പമില്ലാത്ത ട്വിസ്ട്ടുകളും ആയി തരക്കേടില്ലാത്ത ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് The Subjects.

More movie suggestions @www.movieholicviews.blogspot.com

517.VIDOCQ(FRENCH,2001)

517.VIDOCQ(FRENCH,2001),|Mystery|Thriller|Fantasy|Action|Crime|,Dir:-Pitof,*ing:-Gérard Depardieu, Guillaume Canet, Inés Sastre .

  Digital cinematography സാങ്കേതികത ആദ്യമായി ഉപയോഗിച്ച് റിലീസ് ആയ മുഴുനീള ചിത്രം ആണ് വിഡോക്.ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഈ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പശ്ചാത്തലം ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.വിഡോക്, ഫ്രഞ്ച് ജനതയുടെ മുന്നില്‍ നായക തുല്യ പരിവേഷം ഉള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.എന്നാല്‍ ചില പ്രശ്നങ്ങള്‍ മൂലം വിഡോക് ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.പിന്നീട് വിഡോക് സ്വതന്ത്രമായി കേസുകള്‍ അന്വേഷിക്കുന്ന ജോലി ആരംഭിക്കുന്നു തന്‍റെ പങ്കാളിയായ നിമിയറും ആയി ചേര്‍ന്ന്.

   ചിത്രത്തിന്‍റെ ആരംഭത്തില്‍ വിഡോക് അജ്ഞാതനായ ഒരു കൊലയാളിയുടെ പുറകെ പോകുന്നതാണ് കാണിക്കുന്നത്.അപകടകരമായ ആ സാഹചര്യത്തില്‍ നടന്ന സംഘട്ടനത്തില്‍ വിഡോക് കൊല്ലപ്പെടുന്നു.എന്നാല്‍ മരിക്കുന്നതിനു മുന്‍പ് വിഡോക് മുഖമൂടിയില്‍ ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ആരാണെന്ന് മനസ്സിലാക്കിയിരുന്നു.വിഡോക് മരണപ്പെട്ടതിനു ശേഷം ഏറ്റീന്‍ ബോസറ്റിന്റെ രംഗപ്രവേശം.ഏറ്റീന്‍, വിഡോക് തന്നെ അയാളുടെ ആത്മകഥ എഴുതാന്‍ വിളിച്ചു വരുത്തിയ പത്രപ്രവര്‍ത്തകന്‍ ആണെന്നാണ്‌ പരിചയപ്പെടുത്തുന്നത്.ഏറ്റീന്‍ വിഡോക് എങ്ങനെ മരിച്ചു എന്താണ് അതിന്‍റെ കാരണം എന്നിവയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.എന്നാല്‍ ഒരു പിടി ചാരം മാത്രമായി മാറിയ ആ മരണത്തിനു തെളിവുകള്‍ ഒന്നും ഇല്ലായിരുന്നു.

   ഏറ്റീന്‍ ,വിഡോക് അവസാനം അന്വേഷിച്ചു കൊണ്ടിരുന്ന കേസിന്‍റെ പുറകെ അന്വേഷണം ആരംഭിക്കുന്നു.വിഡോക് മരണപ്പെട്ട സംഭവവും ആയി ആ കേസിന് ബന്ധം ഉണ്ടെന്നു അയാള്‍ കരുതുന്നു.അസാധാരണമായ രീതിയില്‍ കൊല്ലപ്പെട്ട രണ്ടു ആയുധ കച്ചവടക്കാരുടെ മരണത്തിനു രാഷ്ട്രീയ ലക്‌ഷ്യം ഉണ്ടെന്നുള്ള പ്രചരണം എന്നാല്‍ അതെ രീതിയില്‍ മറ്റൊരു ഡോക്റ്റര്‍ മരിച്ചപ്പോള്‍ മാറി.എന്താണ് ഈ മരണങ്ങളുടെ എല്ലാം രഹസ്യം?കൂടുതല്‍ അറിയാന്‍ ഫാന്റസിയും ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ മിസ്റ്ററി/ത്രില്ലര്‍ കാണുക.ചിത്രം ഉടനീളം ട്വിസ്ട്ടുകളും മറ്റും അവതരിപ്പിച്ചിട്ടുണ്ട്.ത്രില്ലര്‍ സിനിമ പ്രേമികള്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.com 

516.THE SERPENT AND THE RAINBOW(ENGLISH,1988)

516.THE SERPENT AND THE RAINBOW(ENGLISH,1988),|Mystery|Horror|,Dir:-Wes Craven,*ing:-Bill Pullman, Cathy Tyson, Zakes Mokae.

  അന്ധ വിശ്വാസങ്ങള്‍ ഒരു വിധം എല്ലാ സമൂഹത്തിലും കാണപ്പെടാറുണ്ട്.അത്തരം ചിലത് കാലക്രമേണ പേരിനുള്ള ഒരു ചടങ്ങായി മാറാറുണ്ട്.മനുഷ്യന്‍ പരിഷ്കൃത സമൂഹത്തിലേക്കുള്ള കാല്‍വയ്പ്പില്‍ പല അന്ധവിശ്വാസങ്ങളും ഇങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.ഹെയ്തി എന്ന രാഷ്ട്രീയ അസ്ഥിരത ഉള്ള പട്ടിണി പാവങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ഉള്ള രാജ്യത്ത് ഒരിക്കല്‍ യഥാര്‍ത്ഥത്തില്‍ സിനിമകളിലും പാശ്ചാത്യ കഥകളിലും മാത്രം കണ്ടിട്ടുള്ള Zombie ആയി ആളുകള്‍ മാറുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. Clairvius Narcisse എന്ന പേരുള്ള ഹെയ്തിയന്‍ ഇത്തരം ഒരു പ്രതിഭാസം മൂലം മരണപ്പെട്ടു എന്ന് കരുതി മൃതദേഹം മറവു ചെയ്യുകയും പിന്നീട് അയാള്‍ ജീവനോടെ തിരിച്ചു വരുകയും ചെയ്തു എന്നതാണ് ആ വാര്‍ത്ത.

   ഈ സംഭവത്തെ ആസ്പദം ആക്കി കനേഡിയന്‍ ethnobotanist വേഡ് ഡേവിസ്  എഴുതിയ പുസ്തകം ആയിരുന്നു ചിത്രത്തിന്‍റെ അതെ പേരുള്ള നോണ്‍-ഫിക്ഷണല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന The Serpent And The Rainbow(1985).അതിലെ വിവരങ്ങളെ ആസ്പദം ആക്കി സിനിമ രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ മെല്‍ ഗിബ്സന്‍ അതില്‍ നായകന്‍ ആകണം എന്ന നിബന്ധന കഥാകൃത്ത്‌ മുന്നോട്ടു  വച്ചിരുന്നു.എന്നാല്‍ അത് നടക്കാതെ വരുകയും ബില്‍ പുള്‍മാനെ വച്ച് സിനിമ ഷൂട്ട്‌ ചെയ്യുകയും ചെയ്തു.ഹെയ്തി നേരിട്ടിരുന്ന രാഷ്ട്രീയ അസ്ഥിരത സിനിമയുടെ ഷൂട്ടിങ്ങിനെ ബാധിച്ചിരുന്നു.ഇനി സിനിമയുടെ കഥയിലേക്ക്.മരണപ്പെട്ടു എന്ന് കരുതി ക്രിസ്ടോഫ് എന്ന ഹെയ്തി സ്ക്കൂള്‍ ടീച്ചറുടെ മൃതദേഹം മറവു ചെയ്യുന്നു.എന്നാല്‍ പിന്നീട് അയാള്‍ ജീവിക്കുന്നതായി കണ്ടെത്തി അത് വാര്‍ത്ത ആയപ്പോള്‍ ഡെന്നിസ് അലന്‍ എന്ന അമേരിക്കക്കാരനെ ഒരു വലിയ മരുന്ന് നിര്‍മാണ കമ്പനി അതിന്‍റെ പുറകില്‍ ഉള്ള രഹസ്യം കണ്ടെത്താനായി ഹെയ്തിയിലേക്ക് അയക്കുന്നു.

  ആമസോണ്‍ കാടുകളില്‍ ഒക്കെ തന്‍റെ പരിവേഷണം നടത്തിയ അലന്‍ എന്നാല്‍ ആ യാത്രയ്ക്കിടയില്‍ കഴിച്ച ഒരു കാറ്റ് മരുന്ന് കഴിച്ചതിനു ശേഷം  ഇടയ്ക്ക് കാണുന്ന ദു:സ്വപ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ട്.ഹെയ്തിയില്‍ എത്തിയ അലന്‍ അവിടെ വച്ച് തന്‍റെ സ്വപ്നങ്ങളില്‍ ഉള്ള ഭീകരനായ മനുഷ്യനെ കണ്ടു മുട്ടുന്നു.രാഷ്ട്രീയ അസ്ഥിരത കാരണം ചില ആളുകളുടെ കയ്യില്‍ ഒതുങ്ങിയ ഹെയ്തി ഭരണത്തില്‍ സുപ്രധാന പങ്കു വയ്ക്കുന്ന ആളായിരുന്നു അത്.അന്ധവിശ്വാസം എന്ന് അലന്‍ പോലും തള്ളി കളഞ്ഞ ആ വാര്‍ത്തയ്ക്കു മറ്റൊരു വശം ഉണ്ടെന്നുള്ള അറിവ് അയാളെ കുഴപ്പത്തില്‍ ആക്കുന്നു.സ്വന്തം ജീവനും ഒപ്പം ഉള്ളവരുടെ ജീവനും കൊണ്ട് അയാള്‍ നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം.സിനിമയിലും പുസ്തകത്തിലും  പ്രതിപാദിക്കപ്പെടുന്ന മരുന്നിന്റെ ശാസ്ത്രീയ വശത്തെ കുറിച്ച് പിന്നീട് പല വാദപ്രതിവാദങ്ങളും നടന്നിരുന്നു.ഹെയ്തിയില്‍ ഉള്ള വൂഡൂ മന്ത്രവാദ കഥകള്‍ ആ നാട്ടുകാരെ ഭയപ്പെടുത്തി എങ്കില്‍ ആളുകളെ Zombie ആക്കുന്ന ആ മരുന്ന് എന്തായിരുന്നു.എന്താണ് അതിന്‍റെ പിന്നില്‍ ഉള്ള രഹസ്യം എന്നുള്ളത് അറിയാന്‍ ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

515.KIRUMI(TAMIL,2015)

515.KIRUMI(TAMIL,2015),Dir:-Anucharan,*ing:-Kathir,Charlie.

  നവാഗത സംവിധായകന്‍ ആയ അനുചരണ്‍ ,ദേശിയ അവാര്‍ഡ് നേടിയ കാക്ക മുട്ടയുടെ സംവിധായകന്‍ ആയ മണികണ്ഠനും ആയി ഒരുമിച്ചു കഥ എഴുതിയ ചിത്രം ആണ് കിറുമി.കിറുമി എന്നാല്‍ നമ്മുടെ നാട്ടിലെ കൃമി എന്ന് തന്നെ അര്‍ഥം വരുന്ന തമിഴ് പദം ആണ്.ചെന്നൈ നഗരത്തിലെ സാധാരണക്കാരന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആണ് കതിര്‍.കല്യാണം കഴിഞ്ഞെങ്കിലും എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന മോഹവുമായി വീട്ടില്‍ പോലും പോകാതെ സുഹൃത്തുക്കളോടൊപ്പം ആണ് താമസം.പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴി തേടുന്ന കതിര്‍ ഇടയ്ക്കിടെ രാത്രി ബാറില്‍ പോയി ചീട്ടു കളിച്ച് പണം ഉണ്ടാക്കാറും ഉണ്ട്.പണം ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിനായി ശ്രമിക്കാതെ അവസരം കാത്തു കഴിയുന്ന ചെറുപ്പക്കാരുടെ പ്രതിനിധി ആണ് കതിര്‍.

   സഹോദരിയുടെ മകളെ വിവാഹം ചെയ്ത കതിരിന് ഒരു കുട്ടിയും ഉണ്ട്.അയല്‍വാസിയായ പ്രഭാകരന്‍ കതിരിന്റെ സ്വന്തം ജ്യേഷ്ഠനെ പോലെ ആണ്.അയാളുടെ ജോലി കതിരിന് എന്താണ് എന്നറിയില്ല.എന്നാല്‍ രഹസ്യ സ്വഭാവം ഉള്ള എന്തോ ഒന്നാണെന്ന് അറിയാം.എന്നാല്‍ പ്രഭാകരന്‍ ജീവിതത്തില്‍ സാധാരണ നിലയില്‍ ആണ് കഴിയുന്നത്‌.കതിര്‍ പലപ്പോഴും ധന സമ്പാദനത്തിന്‍റെ കാര്യം പറയുമ്പോള്‍ പ്രഭാകരനും ആയി ചേരില്ല.എന്നാല്‍ അങ്ങനെ ഒരു ദിവസം കതിരിന്റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു.അപ്രതീക്ഷിതമായി പ്രഭാകരന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മനസ്സിലാക്കുന്നു.പോലീസിന്‍റെ അതേ അധികാരം ഉള്ള മറ്റൊരു കൂട്ടം ആളുകള്‍.അജ്ഞാതരായ അവരുടെ സഹായം പോലീസ് പല കേസുകളിലും ആവശ്യമായി വരാറും ഉണ്ട്.

  തന്‍റെ ജീവിതത്തില്‍ വന്ന ആ മാറ്റം ആ ജോലിയില്‍ കതിര്‍ ഭാഗം ആകുന്നതിലൂടെ ആയിരുന്നു.എന്നാല്‍ തന്‍റെ സ്വാധീനം പോലീസിന്റെ സഹായത്തോടെ തനിക്കു വെറുപ്പ്‌ ഉള്ളവരെ അറിയിക്കാം എന്ന് കരുതി കളിച്ച കളി കതിരിന് തീക്കളി ആയി മാറി.ആ കഥ ആണ് ചിത്രം ബാക്കി പറയുന്നത്.തമിഴ് സിനിമ വളരെയധികം മാറാന്‍ ഉള്ള ശ്രമം ഒരു ഭാഗത്ത്‌ നിന്നും നടക്കുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രം ഒക്കെ.പ്രത്യേകിച്ചും ക്ലൈമാക്സ്.ഒരു തമിഴ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാനാവാത്ത ഒന്നാണ്.ഒരു മസാല പടം ആക്കി മാറ്റാന്‍ ഉള്ള സ്കോപ് ആ ക്ലൈമാക്സില്‍ ഉണ്ടായിരുന്നു എങ്കിലും വിവേകപൂര്‍വമായ ഒരു കാര്യത്തിലൂടെ സിനിമ അവസാനിപ്പിച്ചൂ.ശരിക്കും അത് തന്നെയാണ് ഈ സിനിമയുടെ വ്യത്യസ്ഥത എന്ന് പറയുന്നതും.

More movie suggestions @www.movieholicviews.blogspot.com

514.PIXELS(ENGLISH,2015)

514.PIXELS(ENGLISH,2015),|Comedy|Sci-Fi|,Dir:-Chris Columbus,*ing:-Adam Sandler, Kevin James, Michelle Monaghan .

  തൊണ്ണൂറുകളില്‍ കുട്ടിക്കാലം കടന്നു പോയ ആളുകള്‍ക്ക് ഉള്ള നോസ്ടാല്‍ജിയയില്‍ ഒന്നാണ് വീഡിയോ ഗെയിമുകള്‍.സൂപ്പര്‍ മരിയോ,ഫ്ലിന്റ്സ്ട്ടോന്‍സ്,ഡോങ്കി കോംഗ്,സ്ട്രീറ്റ് ഫൈറ്റര്‍,ഡക്ക് ഹണ്ട്,പാക്-മാന്‍ തുടങ്ങി കുറേ കളികള്‍ catridge ല്‍ വരുമ്പോള്‍ നോക്കുന്നത്  സത്യം അല്ല എന്നറിയാതെ അതിന്‍റെ പുറത്തു എഴുതി വച്ചിരിക്കുന്ന 10000-in-one എന്നൊക്കെ ഉള്ള സ്റ്റിക്കര്‍ ആയിരുന്നു.കൂടുതല്‍ ഗെയിം ഉള്ള catridge കയ്യില്‍ ഉണ്ടെന്നു പറയാന്‍ ഒരു അഭിമാനവും ഉണ്ടായിരുന്നു.ഇന്നത്തെ PS,X Box മുതലായവയിലെ പോലെ ഉള്ള വീഡിയോ ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത ആ ഗെയിമുകള്‍ ഇഷ്ടമുള്ള ആളുകള്‍ കുറേ ഉണ്ടായിരുന്നു താനും.ടി വിയില്‍ കണക്റ്റ് ചെയ്തു കളിക്കാവുന്ന ടെന്നീസ്,ക്രിക്കറ്റ്,കൊറിയന്‍ ഫുട്ബോള്‍ ഒക്കെ നല്ല രസമായിരുന്നു.Pixelated ആയ ദൃശ്യങ്ങള്‍ ഒക്കെ മതിയായിരുന്നു അന്നത്തെ കുട്ടികള്‍ക്ക് രസിക്കാന്‍.

  അത് പോലെ തന്നെ ആയിരുന്നു ഈ സിനിമയിലെ നായകന്‍ ബ്രെന്നറിനും.ഒരു പ്രത്യേക രീതിയില്‍ ആണ് ഓരോ കളിയും കളിക്കുന്നതെന്ന് ബ്രെന്നര്‍ മനസ്സിലാക്കിയതോടെ അവനു വീഡിയോ ഗെയിമുകളില്‍ ഉള്ള പ്രവീണ്യം ലോകം അറിഞ്ഞൂ.ലോക വീഡിയോ ഗെയിം ചാമ്പ്യന്‍ഷിപ്പില്‍ 1982 ല്‍ ബ്രെന്നര്‍ ഡോങ്കി കോംഗ് ഗെയിമില്‍ ഫൈനല്‍ മത്സരത്തില്‍ വീഡിയോ ഗെയിമുകളിലെ സൂപ്പര്‍ സ്റ്റാര്‍ ആയ എഡിയോട് തോല്‍ക്കുന്നു.ബ്രെന്നറുടെ കൂടെ അന്നുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആണ് കൂപ്പറും ലട്ലോയുംവര്‍ഷങ്ങള്‍ കഴിഞ്ഞൂ.കൂപ്പര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആയി.ബ്രന്നര്‍ വീടുകളില്‍ പോയി പുതിയ ഗെയിം console ഒക്കെ install ചെയ്യുന്ന റ്റെക്നീഷ്യനും.പ്രസിഡന്റ് ആയെങ്കിലും കൂപ്പര്‍ അത്യാവശ്യ അവസരങ്ങളില്‍ ബ്രന്നറുടെ സഹായം തേടാറുണ്ട്.ഒരു ദിവസം അപ്രതീക്ഷിതമായി 1982 ലെ ഗെയിം ചാമ്പ്യന്‍ഷിപ്  അന്ന് മറ്റു ഗ്രഹങ്ങളിലേക്ക് അയച്ച സന്ദേശത്തിന്റെ  മറുപടി ഭൂമിയിലേക്ക്‌ കിട്ടുന്നു.അന്യ ഗ്രഹവും ഭൂമിയും ആയുള്ള ഒരു ഗെയിം ആണ് അവരുടെ ഉദ്ദേശം.ബാക്കി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം.ആ കളി കളിക്കാന്‍ അതിലെ വിദഗ്ധര്‍ തന്നെ വേണം.

  പതിവ് പോലെ ആദം സാണ്ട്ലര്‍ ചിത്രം മോശം അഭിപ്രായം നേടിയെങ്കിലും സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ചില്ല.വലിയ സംഭവം ഒന്നും അല്ലെങ്കിലും ആദ്യം പറഞ്ഞ നോസ്ട്ടാല്‍ജിയയ്ക്ക് മരുന്ന് കൂട്ടുന്നുണ്ട് ഈ ചിത്രം.അന്നത്തെ ആ ഗെയിമുകള്‍ ശരിക്കുള്ള ലോകത്ത് നടന്നാല്‍ എന്ത് സംഭവിക്കും എന്നുള്ളത് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.വെറുതെ ടൈം പാസ് എന്ന നിലയില്‍ കാണാന്‍ ഉള്ളത് മാത്രമേ ചിത്രത്തില്‍ ഉള്ളൂ.എന്നാല്‍ പോലും ആ ടൈം പാസില്‍ നോസ്ടാല്‍ജിയ കൂടി മുക്കി എടുത്തിരിക്കുന്നു ഈ കൊച്ചു ചിത്രം.ആ ഗെയിമുകളും ആയി relate ചെയ്യാന്‍ പറ്റാത്തവര്‍ക്ക് അസഹനീയം ആയിരിക്കും ഈ ചിത്രം എന്നതും കൂടി ഓര്‍മിപ്പിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

513.THELMA & LOUISE(ENGLISH,1991)

513.THELMA & LOUISE(ENGLISH,1991),|Adventure|Drama|Crime|,Dir:-Ridley Scott,*ing:-Susan Sarandon, Geena Davis, Harvey Keitel.

  “തെല്‍മയും ലൂയിസും -അതി സാഹസികമായ ഒരു റോഡ്‌ മൂവി !!”

 ലൂയിസ്-ഒരു റെസ്ട്ടോരന്റില്‍ ആണ് ജോലി ചെയ്യുന്നത്.തെല്‍മ-ഡാരില്‍ എന്നയാളെ വിവാഹം ചെയ്തു ജീവിക്കുന്നു.ഭാര്യയുടെ ജീവിതത്തിനു യാതൊരു വിലയും കൊടുക്കാത്ത ആളായിരുന്നു ഡാരില്‍.ലൂയിസിന് ഒരു പ്രണയം ഉണ്ടായിരുന്നു എങ്കിലും അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം അവരെ ആ ബന്ധത്തില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരിപ്പിച്ചു.വാരാന്ത്യം ആഘോഷിക്കാന്‍ ഒരിക്കല്‍ തെല്‍മയും ലൂയിസും കൂടി പദ്ധതി തയ്യാറാക്കി.ഉറ്റ സുഹൃത്തുക്കള്‍ ആയ അവര്‍ യാത്ര തിരിച്ചു.തെല്‍മ,ഭര്‍ത്താവില്‍ നിന്നും അനുവാദം കിട്ടില്ല എന്ന് ഉറപ്പായത് കൊണ്ട് ഒരു കുറിപ്പില്‍ അവളുടെ അനുവാദം വാങ്ങിക്കല്‍ ഒതുക്കി.ആരോടും ചോദിയ്ക്കാന്‍ ഇല്ലാത്ത ലൂയിസ് തെല്‍മയോടൊപ്പം ലൂയിസിന്‍റെ കാറില്‍ യാത്ര തുടങ്ങി.

  തെല്‍മ ഭര്‍ത്താവിന്റെ തോക്ക് കൈ  വശം എടുത്തിരുന്നു.ഉപയോഗിക്കാന്‍ അറിയില്ലെങ്കിലും എന്തെങ്കിലും ഒരു ആവശ്യം വരും എന്ന് അവള്‍ വെറുതെ കരുതി.ഏറെ കാലത്തിനു ശേഷം സ്വാതന്ത്ര്യം ലഭിച്ച തെല്‍മ ആ ദിവസങ്ങള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചൂ.അവര്‍ വഴിയില്‍ വച്ച് ഒരു ബാറില്‍ കയറുന്നു.അവിടെ വച്ച് കണ്ട ഹാര്‍ലാനുമായി അവര്‍ ചങ്ങാത്തം കൂടുന്നു.പിന്നീട് അവര്‍ അവിടെ നിന്നും യാത്ര തിരിക്കാന്‍ തുടങ്ങുമ്പോള്‍ ആണ് അപ്രതീക്ഷിതം ആയി അത് സംഭവിച്ചത്.മദ്യത്തിന്‍റെ ലഹരിയില്‍ ആയിരുന്നു എങ്കിലും ഒരു നിമിഷത്തെ തീരുമാനം അവരുടെ ജീവിതം ആകെ മൊത്തം മാറ്റി മറിക്കുന്നു.ആ നിമിഷത്തെ ശരി മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.പ്രത്യാഘാതങ്ങള്‍ ഓര്‍ക്കാതെ ചെയ്ത ഒരു പ്രവൃത്തി.

  പിന്നീട്,ആ സംഭവത്തോടെ   സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതെ ഒതുങ്ങി കൂടി ഇരുന്ന അവരുടെ ജീവിതം സാഹസികത കൊണ്ട് നിറഞ്ഞൂ.ഇടയ്ക്ക് വഴില്‍ വച്ച് കണ്ടു മുട്ടിയ J.D ആയിരുന്നു തെല്‍മയുടെ ആദ്യ സ്വാതന്ത്ര്യ  ആഹ്വാനം  എങ്കില്‍ പിന്നീട് അവള്‍ പോലും ശരിക്കും ആ സാഹസികത ആഘോഷിച്ചു.അമേരിക്കന്‍ പോലീസ് മുഴുവന്‍ അവരെ  അന്വേഷിച്ചു തുടങ്ങുന്നു .ഭാഗ്യവും അതിനും അപ്പുറം അടക്കി വച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും അവര്‍ ശരിക്കും ഒരു ഒളിച്ചോട്ടം തന്നെ ആണ് നടത്തിയത്.സിനിമയുടെ അവസാന അര മണിക്കൂര്‍ ശരിക്കും വേറെ ഒരു ലെവല്‍ ആണ്.Stylish adventure  എന്നൊക്കെ പറയുന്ന രീതിയില്‍ ഉള്ള ഒന്ന്.അവരുടെ ആ റോഡ്‌ യാത്രയുടെ അവസാനം വരെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു പ്രത്യേകതരം ഫീല്‍ ആയിരുന്നു ചിത്രത്തിന്റെ അവസാന രംഗം കണ്ടപ്പോള്‍.കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് തെല്‍മയുടെയും ലൂയിസിന്റെയും കഥ. !!

More movie suggestions @www.movieholicviews.blogspot.com

512.SLEEPLESS NIGHT(FRENCH,2011)

512.SLEEPLESS NIGHT(FRENCH,2011),|Thriller|Crime|,Dir:- Frédéric Jardin,*ing:-Tomer Sisley, Serge Riaboukine, Julien Boisselier .

ഏതാനും മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Sleepless Night .പോലീസുകാരന്‍ ആയ വിന്‍സെന്റ്‌ മറ്റൊരു പോലീസുകാരന്‍ ആയ മാനുവലും ഒരുമിച്ചു നടത്തുന്ന മയക്കുമരുന്ന് മോഷണം ആണ് ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്‌.മാര്‍സിയാനോ എന്ന മാഫിയ തലവന്‍റെ കൂട്ടാളികളുടെ കയ്യില്‍ നിന്നും മയക്കു മരുന്ന് തട്ടി എടുക്കാന്‍ ഉള്ള ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.വിന്‍സെന്റും ആ ശ്രമത്തിനിടയില്‍ അപകടപ്പെടുന്നു.പരുക്കുമായി വീട്ടില്‍ എത്തിയ വിന്‍സെന്റിനെ കാത്തിരുന്നത് അയാളുടെ മകന്‍ തോമസ്‌ മാത്രം ആയിരുന്നു.തോമസിന്റെ അമ്മ ജൂലിയ അയാളെ ഉപേക്ഷിച്ചു പോയിരുന്നു.

  പകല്‍ വെളിച്ചത്തില്‍ നടന്ന ആ മോഷണ ശ്രമത്തിനു ഉത്തരവാദികളെ തിരിച്ചറിഞ്ഞ മാര്‍സിയാനോ തോമസിനെ തട്ടി കൊണ്ട് പോകുന്നു.മയക്കുമരുന്ന് തിരിച്ചു ഏല്‍പ്പിച്ചാല്‍ മകനെ വിട്ടു നല്‍കാം എന്ന് അയാള്‍ വിന്‍സെന്‍റിനെ അറിയിക്കുന്നു.മകനെ എങ്ങനെ എങ്കിലും രക്ഷിക്കാന്‍ തീരുമാനിച്ച വിന്‍സെന്റ്‌ മാനുവലിന്റെ അടുക്കല്‍ ചെന്ന് ആ ബാഗ് എടുത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നു.എന്നാല്‍ തനിക്കു പണത്തിന്റെ ആവശ്യം ഉണ്ടെന്നു പറഞ്ഞു മാനുവല്‍ എതിര്‍ക്കുന്നു.എങ്കിലും വിന്‍സെന്റ്‌ എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് തോമസിനെ രക്ഷിക്കാനായി മാര്‍സിയനോയുടെ പബ്ബിലേക്ക് പോകുന്നു.അവിടെ ഒരു ടോയിലറ്റിന്റെ മുകളില്‍ ഒളിപ്പിച്ചു വച്ച ബാഗുമായി അയാള്‍ മാര്‍സിയാനോയെ കാണാന്‍ പോകുന്നു.

  എന്നാല്‍ വിന്‍സെന്റ്‌ അറിയാതെ അയാളെ പിന്തുടരുന്നവര്‍ ഉണ്ടായിരുന്നു.അവര്‍ വിന്‍സെന്റ്‌ പ്ലാന്‍ ചെയ്ത സംഭവങ്ങളെ അട്ടിമറിക്കുന്നു.വിന്‍സെന്റിന്റെയും ഒപ്പം മകന്‍ തോമസിന്റെയും ജീവന്‍ അപകടത്തില്‍ ആകുന്നു.പിന്നീട് നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ഫ്രഞ്ച് ചിത്രം അവതരിപ്പിക്കുന്നത്‌.സിനിമ ഏറെ കുറെയും മാര്‍സിയാനോയുടെ പബ്ബില്‍ ആണ് നടക്കുന്നത്.മകനെ കണ്ടെത്താന്‍ ഉള്ള ശ്രമവുമായി വിന്‍സെന്റ്‌ ഒരു വശത്തും മയക്കു മരുന്ന് കച്ചവടക്കാര്‍ മറു വശത്തും നില്‍ക്കുമ്പോള്‍ മറ്റൊരു എതിരാളി കൂടി അവരെ കാത്തിരിക്കുന്നു.പൂര്‍ണമായും ഒരു ത്രില്ലര്‍ ചിത്രം ആണ് Sleepless Night എന്ന് പറയാം.സിനിമയുടെ അവസാന ഭാഗം വരെ പ്രേക്ഷകന് ആകാംക്ഷ നല്‍കുന്ന രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  ഈ ചിത്രം തമിഴില്‍ കമല്‍ഹാസന്‍ നായകനായി “തൂങ്കാവനം” എന്ന പേരില്‍ ഒഫീഷ്യല്‍ റീമേക്ക് ആയി ഇറങ്ങുന്നുണ്ട്.

  More movie suggestions @www.movieholicviews.blogspot.com

511.THE GIFT(ENGLISH,2015)

511.THE GIFT(ENGLISH,2015),|Thriller|Mystery|,Dir:-Joel Edgerton,*ing:-Jason Bateman, Rebecca Hall, Joel Edgerton .

   ചിലര്‍ക്കെങ്കിലും ഭൂതക്കാലം ഒരു ചോദ്യ ചിഹ്നമായി മുന്നില്‍ വരാറുണ്ട്.പലപ്പോഴും ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ ഉള്ള ചില കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീട് അവരെ പിന്തുടരുന്നു.എന്നാല്‍ ചിലര്‍ ഭൂതക്കാലത്ത് ചെയ്ത നന്മകള്‍ അനുഗ്രഹം ആയി മാറുകയും ചെയ്യാറുണ്ട്.നന്മയും തിന്മയും വേര്‍തിരിക്കുന്നത് ഏതു അളവ് കോലില്‍ ആണെങ്കിലും അതിന്‍റെ ഫലം വരുക പ്രതികാരം ആയോ സഹായം ആയോ ആകും.ഇനി ഈ അവസ്ഥയെ സൈമണ്‍ എന്ന ജീവിതത്തില്‍ വിജയി ആയി എന്ന് സ്വയം അഭിമാനിക്കുന്ന മനുഷ്യന്‍റെ ജീവിതത്തിലേക്ക് അവലോകനം ചെയ്യാം.അത്തരം ഒരു അവലോകനത്തിന്റെ കഥ ആണ് മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആയ The Gift അവതരിപ്പിക്കുന്നത്‌.

   സൈമണ്‍ തന്റെ ഭാര്യയായ റോബിനുമായി ജീവിക്കുകയാണ്.പുതിയ വീട് വാങ്ങിച്ചു പുതിയ നഗരത്തിലേക്ക് സൈമണും ഭാര്യയും താമസം ആരംഭിക്കുന്നു.അവിടെ വച്ചാണ് ഒരു ഷോപ്പിംഗിന്റെ ഇടയില്‍ വച്ച് അവരെ ഒരു അപരിചിതന്‍ പരിചയപ്പെടുന്നത്.സൈമണിന് ആളെ ആദ്യം മനസ്സിലായില്ല.എന്നാല്‍ ആ അപരിചിതന് സൈമണിനെ മനസ്സിലായി.പിന്നീടാണ് ഇരുപതു വര്‍ഷം മുന്‍പ് ഒപ്പം പഠിച്ച ഗോര്‍ടോ ആണത് എന്ന് സൈമണ്‍ മനസ്സിലാക്കുന്നത്.അടുത്ത ദിവസം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് സൈമണിന്റെ വീട്ടില്‍ ആദ്യ സമ്മാനം എത്തുന്നു ഗോര്‍ടോയുടെ വക.പിന്നീട് ദിവസവും ഓരോ സമ്മാനം ആയി അയാള്‍ വരുന്നു.കൂടുതലും റോബിന്‍ മാത്രം ഒറ്റയ്ക്ക് ഉള്ളപ്പോള്‍ ആയി അയാളുടെ സന്ദര്‍ശനം.ചുരുക്കത്തില്‍ ഗോര്‍ടോ അവരുടെ ജീവിതത്തില്‍ ഇടപ്പെടാന്‍ ശ്രമിക്കുകയും സൈമണിനും റോബിനും അയാള്‍ ഒരു ശല്യം ആയി മാറുകയും ചെയ്യുന്നു.

   ഒരു ദിവസം സൈമണ്‍-റോബിന്‍ എന്നിവരെ തന്‍റെ വീട്ടിലേക്കു ഗോര്‍ടോ വിരുന്നിനു ക്ഷണിക്കുന്നു.എന്നാല്‍ അന്ന് സൈമണ്‍ ഗോര്‍ടോയോടു ഇനി മുതല്‍ അവരെ കാണാന്‍ ശ്രമിക്കരുത് എന്ന് അറിയിക്കുന്നു.എന്നാല്‍ പിന്നീട് ആരാണ് ഗോര്‍ടോ എന്നറിയാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ അവരെ കൊണ്ടെത്തിച്ചത് ഭീകരമായ ഒരു ഭൂതക്കാലത്തിലേക്ക് ആയിരുന്നു.സൈമണ്‍-ഗോര്‍ടോ എന്നിവരുടെ ആരും അറിയാത്ത ഭൂതക്കാലം.ഭൂതക്കാലത്തെ പ്രവൃത്തികള്‍ വര്‍ത്തമാന കാലത്ത് സമ്മാനങ്ങളുമായി എത്തിയതാണെന്ന് മനസ്സിലായപ്പോഴേക്കും പലതും സംഭവിച്ചിരുന്നു.മികച്ച ത്രില്ലര്‍ ചിത്രം എന്നതില്‍ ഉപരി ചെയ്യാവുന്നതിലും `ഏറ്റവും ക്രൂരമായ പ്രതികാരം ആണ് ഇവിടെ ഈ കഥാപാത്രങ്ങളില്‍ ഒരാള്‍ ചെയ്യുന്നത്.ശരിക്കും പ്രേക്ഷകനെ പോലും ശരിയും തെറ്റും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കുഴപ്പിക്കുന്ന ഒന്ന്.ഈ വര്‍ഷം ഇറങ്ങിയ ത്രില്ലര്‍ /മിസ്റ്ററി ചിത്രങ്ങളില്‍ മികച്ചതാണ് ഇത്.ജേസന്‍ ബേട്മാന്‍,ജോയല്‍ എട്ഗേര്ട്ടന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു ഈ ചിത്രത്തില്‍.

More movie suggestions @www.movieholicviews.blogspot.com

510.QUEEN(HINDI,2014)

510.QUEEN(HINDI,2014),|Comedy|Drama|,Dir:-Vikas Bahl,*ing:-Kangana Ranaut, Rajkummar Rao, Lisa Haydon,

 “ഫിര്‍ സിന്ദഗി ” എന്ന മിലിന്ദ് സോമന്‍-ഗുല്‍ പനാഗ് ചിത്രം ഷൂട്ടിങ്ങിന് ശേഷം പത്തു വര്‍ഷമായി പെട്ടിയിലാണ്.ആ ചിത്രം ആണ് വികാസ് ബാല്‍ “ക്വീന്‍” എന്ന പേരില്‍ റീമേക്ക് ചെയ്തു ഇറക്കുന്നത്‌.  നായക കഥാപാത്രങ്ങള്‍ക്ക് പ്രാമൂഖ്യം ഉള്ള ബോളിവുഡ് സിനിമകളില്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്‌.അപൂര്‍വ്വം ആയി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിലൂടെ ബോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന രണ്ടു പേരാണ് വിദ്യ ബാലനും കങ്കണയും.ഖാന്മാരുടെ സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ ഹിന്ദി സിനിമ ലോകത്ത് നിലനില്‍പ്പ്‌ ഉണ്ടാകൂ എന്ന ചിന്തയ്ക്ക് വിരാമം ഇട്ട നടി കൂടി ആണ് കങ്കണ.കങ്കണ ഇത് വരെ ഖാന്‍ ത്രയങ്ങളുടെ സിനിമയില്‍ അഭിനയിച്ചിട്ടില്ല എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടത് ആണ്.

  സ്ത്രീ പക്ഷ സിനിമ ആണെങ്കിലും പൂര്‍ണമായും ഒരു ഫെമിനിസ്റ്റ് ചിത്രം അല്ല Queen.യാഥാസ്ഥിതിക  കാഴ്ചപ്പാടുകളിലൂടെ ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആണ് റാണിയും ജീവിച്ചത്.ബേക്കറി നടത്തിയിരുന്ന റാണിയുടെ കുടുംബം വിജയ്‌ എന്ന യുവാവിന്‍റെ കുടുംബവും ആയുള്ള അടുപ്പം വച്ചാണ് അവളെ അവനു വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ വിദേശ രാജ്യത്ത് നിന്നും നേടിയ ഉന്നത വിദ്യാഭ്യാസം വിജയുടെ തീരുമാനത്തെ മാറ്റാന്‍ കാരണമായി.റാണിയെ പോലെ ഒരു പെണ്‍ക്കുട്ടി തനിക്കു ഇണങ്ങില്ല എന്ന് അവനു തോന്നുന്നു.ദൗര്‍ഭാഗ്യകരമായ ഒരു തീരുമാനം വിജയ്‌ അവരുടെ കല്യാണത്തിന്റെ തലേന്ന് എടുക്കുന്നു.വിജയ്‌ കല്യാണത്തില്‍ നിന്നും പിന്മാറി.റാണി ഏറെ അപേക്ഷിച്ചുവെങ്കിലും വിജയ്‌ തീരുമാനം മാറ്റുന്നില്ല.

   ദു:ഖിതയായ റാണി എന്നാല്‍ തളരാന്‍ തയ്യാറല്ലായിരുന്നു.അവള്‍ ഹണിമൂണ്‍ നടത്താനായി നിശ്ചയിച്ച പാരീസ് ആമ്സ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്ക്  ഒറ്റയ്ക്ക് പോകാന്‍ തീരുമാനിക്കുന്നു  നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തം ആയി വിജയ്‌ ഇല്ലാതെ.അവള്‍ ആ യാത്രയില്‍ കുറെ ഏറെ ആളുകളെ കണ്ടു മുട്ടുന്നു.ജീവിക്കാനായി പലതും ചെയ്യുന്നവര്‍,അവളുടെ ദു”ഖത്തെക്കാളുംവലിയ ദു:ഖങ്ങള്‍ ഉള്ളവര്‍ ഒക്കെ.റാണിയുടെ ജീവിതം തന്നെ മാറുന്നു.അവള്‍ പോരാടിയത് പുരുഷ സമൂഹത്തോട് ഒന്നും അല്ലായിരുന്നു.പകരം തന്‍റെ ജീവിത വിധിക്ക് എതിരായിരുന്നു.അത് കൊണ്ട് തന്നെ ഇതിലെ സ്ത്രീപക്ഷം എന്നത് ആണിന്‍റെ ഒപ്പം നില്‍ക്കാന്‍ പട വെട്ടുന്ന ഫെമിനിസ്റ്റ് രീതികളില്‍ അല്ലായിരുന്നു.രസകരമായ സംഭവങ്ങളും നല്ല പാട്ടുകളും ഒക്കെ ഉള്ള ഒരു നല്ല സിനിമ ആയിരുന്നു Queen.കങ്കണയെ തേടി മികച്ച നദിക്കു ഉള്ള ദേശിയ പുരസ്ക്കാരം എത്തിയപ്പോള്‍ ഈ ചിത്രം മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശിയ പുരസ്ക്കാരവും നേടുകയുണ്ടായി.

More movie suggestions @www.movieholicviews.blogspot.com

   

509.FILMISTAAN(HINDI,2013)

509.FILMISTAAN(HINDI,2013),|Comedy|Drama|,Dir:-Nitin Kakkar,*ing:-Sharib Hashmi, Inaamulhaq, Kumud Mishra |.

  സിനിമയും രാഷ്ട്രീയവും ഇന്ത്യയുടെ ആത്മാവില്‍ ഒഴുകുന്ന രണ്ടു കാര്യങ്ങള്‍ ആണ്.ബോളിവുഡ് സിനിമള്‍ക്ക് പലപ്പോഴും പ്രമേയം ആയിട്ടുണ്ട്‌ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം.പലപ്പോഴും ശത്രു രാജ്യം എന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്‍ കഥാപാത്രങ്ങളായി അത്തരം ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.തിരിച്ചു അവരുടെ സിനിമകളില്‍ ഇന്ത്യ  ആകും വില്ലന്‍ കഥാപാത്രങ്ങള്‍.ഇത് രണ്ടു രാജ്യങ്ങളിലെയും ആളുകളുടെ രാജ്യസ്നേഹം ഉപയോഗപ്പെടുത്തുന്നു.എന്നാല്‍ “ബജ്രംഗി ഭായ്ജാന്‍” പോലെ ഉള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഒരു കാലത്ത് ഒന്നായിരുന്ന ജനതയുടെ സ്നേഹം എന്ന വികാരത്തെ ആയിരുന്നു.

  ഫില്‍മിസ്ഥാന്‍ എന്ന 2014 ലെ മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശിയ പുരസ്ക്കാരം നേടിയ ഈ ചിത്രം അവതരിപ്പിക്കുന്നത്‌ ബോളിവുഡ് സിനിമയും ശത്രു പക്ഷത്ത്  ഉള്ള പാക്കിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങളും സണ്ണി എന്ന ഇന്ത്യക്കാരന്‍ അവര്‍ക്ക് സിനിമകളിലൂടെ നല്‍കിയ സന്തോഷവും ആയിരുന്നു.സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള അവസരങ്ങള്‍ തേടി ഇറങ്ങിയ ഒരു ശരാശരി  സ്വപ്‌നങ്ങള്‍ ഉള്ള ഇന്ത്യന്‍  ചെറുപ്പക്കാരന്‍ ആയിരുന്നു സണ്ണി.എന്നാല്‍ സ്വപ്നതുല്യമായ ബോളിവുഡ് എന്ന സിനിമ ലോകം അവനു അന്യം ആയി നിന്നു.സിനിമയില്‍ പിന്നണി പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവുകയും ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ ഉള്ള ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചും കൊണ്ട് സണ്ണി ജീവിച്ചു.ആ സമയത്താണ് ഒരു സുഹൃത്ത്‌ വഴി ഡോക്യുമെന്‍ററി നിര്‍മിക്കാന്‍ ആയി ഇന്ത്യയില്‍ വന്ന അമേരിക്കന്‍ സംഘത്തെ സഹായിക്കാന്‍ ഉള്ള ജോലി സണ്ണിക്ക് ലഭിക്കുന്നത്.ഒരു രാത്രി  അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകരാറില്‍ ആകുന്നു.

   കാര്‍ ശരി ആക്കി കൊണ്ട് വരാന്‍ പറഞ്ഞിട്ട് ബാക്കി ഉള്ളവര്‍ സണ്ണിയെ കൂട്ടാതെ പോകുന്നു.ആ സമയം ആണ് അജ്ഞാതര്‍ ആയ കുറച്ചു ആളുകള്‍ സണ്ണിയെ തട്ടിക്കൊണ്ടു പോകുന്നത്.പിന്നീട് സണ്ണി കണ്ണ് തുറക്കുമ്പോള്‍ അയാള്‍ പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ആയിരുന്നു.അമേരിക്കന്‍ സംഘത്തെ തട്ടിക്കൊണ്ടു പോയി വില പേശാന്‍ തീരുമാനിച്ച തീവ്രവാദി സംഘടന ആയിരുന്നു സണ്ണിയെ തട്ടിക്കൊണ്ടു പോയത്.ആള് മാറി ആണ് തട്ടിക്കൊണ്ടു പോയതെങ്കിലും അവര്‍ സണ്ണിയെ വിടുന്നില്ല.സണ്ണിയെ അവര്‍ തടവില്‍ ആക്കുന്നു,എന്നാല്‍ സണ്ണിക്ക് ജീവിതത്തിലെ ചില പ്രധാന ബന്ധങ്ങള്‍ ലഭിക്കുക ആയിരുന്നു ആ സംഭവത്തോടെ.ബോളിവുഡ് സിനിമകളെ ഇഷ്ടമുള്ള ആ ഗ്രാമത്തിലെ ആളുകള്‍ക്ക് അവന്‍ പ്രിയപ്പെട്ടവന്‍ ആയി മാറി.സണ്ണിയുടെ അവിടത്തെ ജീവിതവും തല്‍പ്പര കക്ഷികള്‍  സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന തീവ്രവാദവും തമ്മില്‍ ഉള്ള അദൃശ്യമായ സംഘര്‍ഷവും കൂടി ഉള്‍പ്പെടുത്തി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.അധികം ബഹളങ്ങള്‍ ഇല്ലാത്ത നല്ലൊരു കൊച്ചു ചിത്രം ആണ് ഫില്‍മിസ്ഥാന്‍.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started