496.ULIDAVARU KANDANTHE(KANNADA,2014)

496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara .

   ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക്‌ സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്‌,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്ത അവസ്ഥയിലേക്ക് മാറി.ഹിന്ദി സിനിമകളിലേക്കും ഹിന്ദിയുടെ സ്വാധീനം ജനങ്ങളിലേക്ക് പടര്‍ന്നതും ഒരു കാരണമായി.എന്നാല്‍ ഇടയ്ക്കിടെ നല്ല സിനിമകള്‍ക്കായുള്ള അവരുടെ ശ്രമങ്ങള്‍ നിശബ്ദം ആയി നടന്നിരുന്നു.”ലൂസിയ” എന്ന സിനിമ കര്‍ണാടകയില്‍ ഉള്ള ആളുകള്‍ക്ക് എത്ര മാത്രം പരിചിതം ആണെന്ന് അറിയില്ലെങ്കിലും മറ്റു ഭാഷകളില്‍ ഒക്കെ സിനിമ ശ്രദ്ധേയം ആയി മാറി.Found Footage ചിത്രം ആയ “6-5=2” ഒക്കെ കന്നഡ സിനിമയുടെ അടുത്തുള്ള നിലവാര തകര്‍ച്ചയുടെ ഇടയില്‍ വ്യത്യസ്തത പരീക്ഷിച്ച ചിത്രം ആയിരുന്നു.ഉപേന്ദ്രയെ പോലെ ഉള്ളവര്‍ ഒക്കെ ഈ പുത്തന്‍ ഉണര്‍വിന്റെ സമയത്ത് അല്‍പ്പം Eccentric എന്ന് തോന്നാവുന്ന തീമുകളും ആയി തിരിച്ചു വരവ് നടത്താനും ശ്രമിക്കുന്നുണ്ട് .

  “Cannes Film Festival” ല്‍ പ്രദര്‍ശിപ്പിക്കുകയും നല്ല അഭിപ്രായങ്ങളും നേടിയ ചിത്രം ആയിരുന്നു “Ulidavaru Kandanthe”.”As Seen By The Rest” എന്ന അര്‍ത്ഥം ഉള്ള സിനിമയുടെ പേര് പോലെ തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥയും.നോണ്‍-ലീനിയര്‍  ആഖ്യാന ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം  ജന്മാഷ്ടമി ദിവസം ” മാല്‍പ്പേ ” എന്ന കടലോര ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ ആണ് കാണിക്കുന്നത്.റെജിന എന്ന പത്രപ്രവര്‍ത്തക തന്റെ പുതിയ ഫീച്ചര്‍ ആയി തിരഞ്ഞെടുത്തത് അന്ന് നടന്ന സംഭവങ്ങളുടെ സത്യം അറിഞ്ഞുള്ള ഒരു യാത്ര ആയിരുന്നു.ആറു ഭാഗങ്ങളായി അവള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥ ഒരു പത്ര പ്രവര്‍ത്തക എന്ന നിലയില്‍ റെജിനയുടെ കാഴ്ചപ്പാടില്‍ നിന്നും അവതരിപ്പിക്കുന്നതിനു പകരം അന്നത്തെ ആ സംഭവങ്ങളില്‍ എന്തെങ്കിലും രീതിയില്‍ ബന്ധം ഉള്ള ആളുകളുടെ കാഴ്ചപ്പാടില്‍ നിന്നും ആണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

   അതിനായി  മാല്‍പ്പയില്‍ എത്തിയ റെജീന ,റിച്ചി എന്ന അവിടത്തെ കുപ്രസിദ്ധ ഗുണ്ടയുടെ ജീവിതവും അയാളുമായി ബന്ധം ഉള്ളവരെയും എല്ലാം കണ്ടെത്തുന്നു.റിച്ചിയുടെ ഭൂത കാലം റെജിനയ്ക്ക് പരിചിതം ആയിരുന്നു ഒരു പരിധി വരെ.എന്നാല്‍ റിച്ചി എന്ന ആരോടും പ്രത്യേക അനുകമ്പ ഇല്ലാത്ത ആളുടെ ജീവിതത്തില്‍ അയാള്‍ കാരണം വിഷമിക്കുകയും അയാളെ മുതലെടുക്കുകയും ചെയ്ത പല കഥാപാത്രങ്ങളെയും ആണ് പിന്നീട് കാണാന്‍ ശ്രമിക്കുന്നത്,അന്ന് ആ ഗ്രാമത്തില്‍ എന്താണ് സംഭവിച്ചത്?പലരുടെയും വീക്ഷണ കോണിലൂടെ അന്ന് നടന്ന സംഭവങ്ങളുടെ രഹസ്യം റെജിന കണ്ടെത്തുമോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.  സംവിധായകന്‍  ആയ രക്ഷിത് ഷെട്ടി ആണ് റിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത്.Rashomon മായി സാദൃശ്യം ഈ സിനിമയ്ക്ക് അതിന്‍റെ അവതരണ രീതിയില്‍ കാണാന്‍ സാധിക്കും.പ്രത്യേകിച്ചും പലരുടെയും കണ്ണിലൂടെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ ഒക്കെ.എങ്കില്‍ കൂടിയും കന്നഡ സിനിമയിലെ തന്നെ വ്യത്യസ്തമായ രീതിയില്‍ ഉള്ള ചിത്രങ്ങളുടെ ഇടയില്‍ തന്നെ ആകും  ഈ ചിത്രത്തിന്‍റെ സ്ഥാനവും.

  More movie suggestions @www.movieholicviews.blogspot.com

495.CANADIAN BACON(ENGLISH,1995)

495.CANADIAN BACON(ENGLISH,1995),|Comedy|,Dir:-Michael Moore,*ing:-John Candy, Alan Alda, Rhea Perlman .

   Canadian Bacon എന്ന സിനിമയുടെ തീം ഇന്നത്തെ  ലോകത്തില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഉള്ള സിനിമയായി എടുത്താല്‍ എവിടെ നിന്നെങ്കിലും ഒരു വിവാദം പൊട്ടി മുളയ്ക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ഉള്ളതാണ്.അമേരിക്കന്‍ ദേശീയത എന്നത് പലപ്പോഴും ട്രോള്‍ ഒക്കെ ആയി മാറുമ്പോള്‍ ആ രീതിയില്‍ തന്നെയുള്ള കളിയാക്കലുകളും പരിഹാസവും ഒക്കെ മറ്റു രാജ്യങ്ങളെ കുറിച്ച് ആകാറുണ്ട്.ലോക ശക്തി ആണെന്നുള്ള അമേരിക്കയുടെ ധാരണ അവരുടെ സിനിമകളില്‍ പലപ്പോഴും “The Big American Dream” ല്‍ ജീവിക്കുന്ന ഇതിഹാസങ്ങളെ ഉണ്ടാക്കാറും ഉണ്ട്.എന്നാല്‍ ഈ ചിത്രം അതില്‍ നിന്നും എല്ലാം വ്യത്യസ്തം ആണ്.”Satire” ആയാണ് ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്.അയല്‍ രാജ്യങ്ങളായ അമേരിക്ക ,കാനഡ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും അവരുടെ രീതികളെയും രാഷ്ട്രീയ നിലപാടുകളെയും എല്ലാം നല്ല രീതിയില്‍ തന്നെ ഈ ചിത്രം പരിഹസിച്ചിരിക്കുന്നു.

   വ്യത്യസ്ത സ്വഭാവം ഉള്ള രണ്ടു അയല്‍ രാജ്യങ്ങള്‍.ഒന്ന് രാഷ്ട്രീയ  ലക്ഷ്യങ്ങളും അവരുടെ ലോകത്തിനു മേലുള്ള മേല്‍ക്കോയ്മയും കാണിക്കാന്‍ വെമ്പല്‍ കൊല്ലുന്ന അമേരിക്ക.മറ്റൊന്ന് ആരെയും ദ്രോഹിക്കാതെ സമാധാനം മാത്രം ആഗ്രഹിച്ചു കഴിയുന്ന എപ്പോഴും “I am Sorry” എന്ന വാക്ക് കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായ കാനഡയും.അമേരിക്കന്‍ പ്രസിഡന്‍റ് ആടുത്ത തവണയും ബാലറ്റ് പെട്ടിയില്‍ തന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ ഇറങ്ങുകയാണ്.കുട്ടികളുടെ പഠനം ആണ് യുദ്ധത്തെക്കാളും പ്രധാനം എന്ന് കരുതുന്ന പ്രസിഡന്റ്‌ ആ കാരണം കൊണ്ട് തന്നെ പോളുകളില്‍ പുറകില്‍ ആണ്.ശീത യുദ്ധം കഴിഞ്ഞ സമയം ആയതിനാല്‍ പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ആരും ഇല്ല.റഷ്യ പലതായി പിരിയുകയും ചെയ്യുന്നതോടെ അവര്‍ക്ക് ആവശ്യം ജനങ്ങളെ ആവേശത്തില്‍ ആക്കാന്‍ ദേശീയതയില്‍ ഊന്നിയ ഒരു യുദ്ധം അല്ലെങ്കില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ ആണെന്ന് പ്രസിഡന്റ്‌ന്‍റെ അനുചരന്മാര്‍ അറിയിക്കുന്നു.

   അമേരിക്കായ്‌ യുദ്ധം ചെയ്യുന്നതില്‍ നിന്നും പിന്മാറിയതോടെ അപകടത്തില്‍ ആയതു ആയുധ വ്യാപാരം ചെയ്യുന്നവര്‍ ആയിരുന്നു.എല്ലാവരും കൂടി അമേരിക്കയ്ക്ക് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി എടുക്കാന്‍ നോക്കുന്നു.ഇത്തവണ അവര്‍ തിരഞ്ഞെടുത്തത് കാനഡ ആയിരുന്നു.എന്ത് പറഞ്ഞാലും പ്രശ്നമില്ല തങ്ങളുടെ നാട്ടിലെ ബിയര്‍ കൊള്ളില്ല എന്ന് മാത്രം പറഞ്ഞാല്‍ ദേഷ്യം വരുന്ന കാനഡ അമേരിക്കയുടെ ശത്രു ആകാന്‍ കുറച്ചു പേര്‍ ശ്രമിക്കുമ്പോള്‍ ആണ് സാധാരണക്കാരായ ഒരു കൂട്ടം ആളുകള്‍ അണിയറയില്‍ ഒരുങ്ങുന്ന രഹസ്യം ഒന്നും മനസ്സിലാകാതെ കാനഡയോട് യുദ്ധം ചെയ്യാനായി തീരുമാനിക്കുന്നത്.രസകരം ആണ് ചിത്രം.പ്രത്യേകിച്ചും രണ്ടു രാജ്യങ്ങളുടെ മേല്‍പ്പറഞ്ഞ സ്വഭാവ വിശേഷങ്ങള്‍ കൂടി കൂട്ടുമ്പോള്‍ തങ്ങളെക്കാളും താഴെ നിലവാരം ഉള്ളൂ എന്ന് കരുതുന്ന കാനഡയെ എതിര്‍ക്കുന്ന രീതി ഒക്കെ ശരിക്കും തമാശയായി തീരുന്നുണ്ട്.അത് പോലെ തന്നെ അമേരിക്കകാരുടെ സ്വഭാവവും.തികച്ചും ഫിക്ഷണല്‍ ആയ ഒരു നല്ല കോമഡി ചിത്രം ആണ് Canadian Bacon.കഥ എന്ന രീതിയില്‍ നോക്കിയാല്‍ ഒന്നും ഇല്ലെങ്കിലും ഈ സംഭവങ്ങള്‍ ഒക്കെ ഒരു കോമഡി സ്ക്കിറ്റ്  കാണുന്ന രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം ആണ്.

  More movie suggestions @www.movieholicviews.blogspot.com

494.AN ETHICS LESSON(KOREAN,2013)

494.AN ETHICS LESSON(KOREAN,2013),|Crime|Thriller|,Dir:-Myung-rang Park,*ing:-Jin-woong Jo, Tae-hoon Kim, Do Won Kwak.

  ഒരു കൊലപാതകം.അതുമായി ബന്ധപ്പെട്ട അഞ്ചു പേര്‍.വ്യത്യസ്തമായ സ്വഭാവം ഉള്ളവര്‍ ആയിരുന്നു ഈ അഞ്ചു പേരും.കൂടുതലും ഇരുണ്ട വെളിച്ചത്തില്‍ ആണ് അവരുടെ സ്വഭാവം ഉള്‍പ്പെടുന്നത്.നാട്ടില്‍ സഭ്യം ആണെന്ന് കരുതുന്ന എല്ലാത്തിന്റെയും  എതിര്‍ വശം ആണ് ഇവരുടെ  സ്വഭാവ രീതികള്‍.പ്രത്യേകിച്ചും നല്ല വശങ്ങള്‍ ഒന്നും അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ആ രീതിയില്‍ നോക്കുമ്പോള്‍ നായക കഥാപാത്രം എന്നുള്ളത് ഈ ചിത്രത്തിന് അന്യം ആണ്.ഒരു സിനിമയുടെ യാഥാസ്ഥിക കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ ആ ഒരു ഭാഗം എങ്ങനെ പ്രേക്ഷകന്‍ സ്വീകരിക്കും എന്നത് അബുസരിച്ചു ഇരിക്കും ഈ സിനിമയുടെ ആസ്വാദനം.

   പോലീസ് ഉദ്യോഗസ്ഥന്‍ ആയ ജുംഗ് ഹൂന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.അയാളുടെ പ്രധാന വിനോദം എന്ന് പറയുന്നത് അടുത്ത ഫ്ലാറ്റില്‍ ഉള്ള സുന്ദരിയായ ,മോഡല്‍ ആകാന്‍ ആഗ്രഹം ഉള്ള കോളേജ് വിദ്യാര്‍ഥിനിയുടെ മുറിയില്‍ അയാള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ അവളെ രഹസ്യമായി  നിരീക്ഷിക്കുക എന്നതാണ്.അവളുടെ സംഭാഷണങ്ങള്‍ എഡിറ്റ്‌ ചെയ്തു അത് അയാളുടെ കാമുകി അയാളോട് സംസാരിച്ചതാണ് എന്ന രൂപത്തില്‍ അവതാരിപ്പിക്കാന്‍ ശ്രമിക്കുന്നു.പുതിയ ഫോട്ടോഗ്രാഫറുടെ മുന്നില്‍ തന്‍റെ ഷൂട്ട്‌ കഴിഞ്ഞ അവള്‍ അന്ന് രാത്രി മുറിയില്‍ എത്തി ചേര്‍ന്നത്‌ പ്രൊഫസറും അവളുടെ കാമുകനും ആയ കിം സൂ വിനോടൊപ്പം ആണ്.എന്നാല്‍ അന്നു രാത്രി അവള്‍ കൊല്ലപ്പെടുന്നു.കൊലപാതകവും കൊല ചെയ്ത ആള്‍ എന്ന് സംശയിക്കുന്ന വ്യക്തിയേയും ജുംഗ് ഹൂന് അറിയാം.എന്നാല്‍ ആ വിവരം പോലീസില്‍ അവതരിപ്പിക്കാന്‍ കഴിയില്ല.കാരണം-അനധികൃതം ആയി വച്ചിരിക്കുന്ന ക്യാമറകള്‍ അയാളെ കൂടി പ്രതിക്കൂട്ടില്‍ ആക്കും എന്നത് തന്നെ,

 എന്നാല്‍ പോലീസിനു സാഹചര്യ തെളിവുകള്‍ വച്ച് കൊലപാതകി എന്ന് സംശയിക്കുന്ന ആളെ പിടി കിട്ടുന്നു.ഈ സമയം ആണ് പുതിയ രണ്ടു കഥാപാത്രങ്ങളുടെ വരവ്.കൊലപാതകവും ആയി ബന്ധം ഉള്ള ആളുകള്‍.ഓരോരുത്തര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ട് ഈ കൊലപാതകവും ആയി ബന്ധിപ്പിക്കുന്നത്.നേരത്തെ പറഞ്ഞത് പോലെ നായക കഥാപാത്രം എന്നൊരു വ്യക്തിയെ ചൂണ്ടി കാണിക്കാനും സാധിക്കില്ല.കാരണം അവരുടെ എല്ലാം പ്രവൃത്തികളില്‍  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നത് തന്നെ.നിഗൂഡം ആയ രഹസ്യങ്ങള്‍ ഒന്നും ചിത്രം അവതരിപ്പിക്കുന്നില്ല.എന്നാല്‍ ആ ഒരു രീതിയിലേക്ക് ആണ് ചിത്രം പോകുന്നത് എന്ന തോന്നല്‍ ഉണ്ടാക്കുന്നും ഉണ്ട്.ഇവിടെ മോശം ആളുകളും മരിച്ച ആളും മാത്രമേ ഉള്ളൂ.ആരാണ് യഥാര്‍ത്ഥ കൊലപാതകി?കാരണം എന്ത്?എങ്ങനെ ആണ് ഈ അഞ്ചു പേര്‍ ഈ കൊലപാതകം ആയി ബന്ധപ്പെട്ടിരിക്കുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  More movie suggestions @www.movieholicviews.blogspot.com

   

493.DOUBLE BARREL(MALAYALAM,2015)

493.DOUBLE BARREL(MALAYALAM,2015),Dir:-Lijo Jose Pellissery,*ing:-Prithviraj,Indrajith,Arya.

  “ഡബിള്‍ ബാരല്‍ “,ഓണ റിലീസുകളിലെ ബോക്സ്  ഓഫീസ് ദുരിതം ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ആണ് അത് ട്രിം ചെയ്തു പ്രദര്‍ശിപ്പിക്കുന്നു എന്ന് അറിഞ്ഞത്.എന്തായാലും ട്രിം ചെയ്തിട്ടും തിയറ്ററില്‍ കൈ അടിക്കാനോ ഒന്നും ആളുണ്ടായിരുന്നില്ല.(ട്രിം ചെയ്യാത്ത വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടും ഇല്ല).ഇത് ഈ സിനിമയുടെ തിയറ്ററിലെ അവസ്ഥ.ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുള്ള സംവിധായകന്‍ അവതരിപ്പിച്ച വ്യത്യസ്ത “മലയാള” ചിത്രം മാത്രം ആയി “ഡബിള്‍ ബാരല്‍” മാറുന്നു.അതിന്‍റെ കാരണങ്ങള്‍ പലതാകാം.ആരുടേയും കുറ്റം അല്ല.പ്രേക്ഷകന്റെയോ സംവിധായകന്റെയോ ഭാഗത്ത്‌ തെറ്റുകള്‍ക്ക് സ്ഥാനം ഇല്ല.ഭൂരി ഭാഗം വരുന്ന പ്രേക്ഷകര്‍ ,അതും Entertainment എന്ന വാക്കിനു രസിപ്പിക്കുക എന്ന അര്‍ത്ഥം മാത്രം കാണുന്ന പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെക്കുറിച്ച് തെറ്റ് പറഞ്ഞ് ഈ സിനിമയുടെ പരാജയത്തെ കാണാന്‍ സാധിക്കില്ല.

  സംവിധായകന്‍ ഒരുക്കിയത് മലയാളത്തിലെ പുതിയ പരീക്ഷണ രീതിയില്‍ ഉള്ള ചിത്രം ആയിരുന്നു.”എമിര്‍ കുസ്റ്റൂരിക്ക”,”ഗയ് റിച്ചീ ” പോലുള്ള സംവിധായകരുടെ സിനിമകളില്‍,ചില ലിത്വാനിയന്‍ ചിത്രങ്ങളില്‍    കാണുന്ന തരം പശ്ചാത്തലവും ഒക്കെ ഒരുക്കി ഉള്ള ചിത്രം.എന്നാല്‍ ഈ തീമിന് മലയാളികളും ആയി എന്ത് മാത്രം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തില്‍ ആണ് ഈ ചിത്രം നേരിട്ട ബോക്സോഫീസ് പരാജയത്തിന്‍റെ കാരണം വ്യക്തം ആവുക.ഈ ക്രൂവിനെ തന്നെ വച്ച് ഒരു സാധാ   ഡോണ്‍,രത്നം,പലതരം കഥാപാത്രങ്ങള്‍ക്ക് പകരം സാധാരണക്കാര്‍ ആയ മലയാളികള്‍ ഒക്കെ മതിയായിരുന്നു.ചിത്രം രക്ഷപ്പെട്ടേനെ.അവസാനം “മാഡ് മാക്സ്” ഒന്നും ആകേണ്ട ആവശ്യവും ഇല്ലായിരുന്നു.എന്നാല്‍ ഫോര്‍മുല ചിത്രങ്ങളില്‍ പുതുമകള്‍ ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ സംവിധായകന്‍ മലയാളം സംസാരിക്കുന്ന വ്യത്യസ്തമായ പരീക്ഷണം തന്നെ ആണ് നടത്തിയത്.

  മലയാള ചിത്രങ്ങളില്‍ അധികം കണ്ടിട്ടില്ലാത്ത കോമിക് കഥകളിലെ പോലുള്ള കഥാപാത്രങ്ങള്‍.അടിയില്ല ,വെടി മാത്രം എന്ന് പറയുമ്പോള്‍ പൊട്ടുന്ന വെടികള്‍ക്കു പോലും ഒരു കോമിക്  ടച്ച്‌.മലയാളത്തില്‍ നിന്നും ഉള്ള ഹോളിവുഡ് നിലവാരം ഉള്ള സിനിമ എന്നൊന്നും ആരും പറയില്ല എന്നാലും.കാരണം വിദേശ ഭാഷകളില്‍ ഇത്തരം ചിത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഡയലോഗുകളില്‍ പോലും സിനിമയുടെ മൂഡ്‌ ഉണ്ടാക്കാവുന്ന സഹായം അതാത് ഭാഷകള്‍ നല്‍കും.എന്നാല്‍ മട്ടാഞ്ചേരി,തിരോന്തരം,തൃശൂര്‍ ഭാഷകളില്‍ മാത്രം അധോലോകം ഒക്കെ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ ഭാഷ ഒരു പ്രശ്നം ആകുന്നുണ്ട്  ഈ മൂഡില്‍ ഉള്ള ചിത്രത്തിന്.ഇതേ സിനിമ ലോകത്തെങ്ങും ഇല്ലാത്ത ഭാഷയില്‍ ടബ്ബ് ചെയ്തു മലയാളം സബ് ടൈറ്റില്‍ വച്ച് ഇറക്കിയിരുന്നെങ്കില്‍ തന്നെ വേറെ output ആയേനെ.കാരണം മനസ്സിലാകാത്ത ഭാഷകളില്‍ പോലും ഇത്തരം സിനിമകള്‍ കാണുമ്പോള്‍ കഥാപാത്രങ്ങള്‍ പഞ്ച് ആയി ഉപയോഗിക്കുന്ന വാക്കുകള്‍ ഒക്കെ കേള്‍ക്കാന്‍  ഒരു ഇതുണ്ട്.മലയാള ഭാഷയില്‍ പലതും പൈങ്കിളി ആയി പോവുകയും ചെയ്യും.

    പുരാതനക്കാലം മുതല്‍ മൂല്യം ഏറിയ രത്നത്തിന്റെ കഥ അവതരിപ്പിച്ച ചിത്രം,ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്താണ് പ്രതീക്ഷിച്ചത് അതൊക്കെ ആണ് സ്ക്രീനിലും കാണാന്‍ സാധിച്ചത്.അത് കൊണ്ട് തന്നെ ഇറങ്ങാനോ,ഉറങ്ങാനോ തോന്നിയും  ഇല്ല തിയറ്ററില്‍ നിന്ന്.സങ്കീര്‍ണമായ കഥയൊന്നും ഇല്ല ചിത്രത്തിന്.തികച്ചും പ്ലെയിന്‍ ആയ കഥ.ഒരു സിനിമ…അതിലെ വ്യത്യസ്ഥത കണ്ടു കണ്ണൊന്നും തള്ളിയില്ല എങ്കിലും എനിക്ക് നല്ലൊരു സിനിമ ആയിട്ട് തന്നെ ഈ ട്രിം വേര്‍ഷന്‍ തോന്നി.റേറ്റിംഗ് ഒന്നും  നടത്തിയിട്ട് ഒന്നും ആകില്ല എന്നറിയാം.എന്നാലും തിയറ്ററില്‍ നിന്നും കാണുന്ന സിനിമയ്ക്ക് അതൊക്കെ  ഇടാം എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3/5.ഇതെന്റെ സ്വന്തം അഭിപ്രായം മാത്രം ആണ്.സോഷ്യല്‍ മീഡിയ  റേറ്റിംഗ് കണ്ടു സിനിമ കാണണോ വേണ്ടയോ  എന്ന്  തീരുമാനിക്കാനും മാത്രം മണ്ടന്മാര്‍ അല്ല മലയാളി പ്രേക്ഷകര്‍ എന്നും അറിയാം.ഇത് ടോറന്റ് ഹിറ്റ്‌ ആകുംമോ എന്ന് പോലും പ്രവചിക്കാന്‍  ആകുന്നില്ല.എന്നാലും  ഒരു അഭിപ്രായം ഉണ്ട്.ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനത്തെ ഒരു സിനിമ ഇറങ്ങി എന്ന് അന്നത്തെ cHuNkZz,pOpPiNzZ,sMoKiEzZ ഒക്കെ പറയുമായിരിക്കും.

More movie suggestions @www.movieholicviews.blogspot.com

492.AND THEN THERE WERE NONE(ENGLISH,1945)

492.AND THEN THERE WERE NONE(ENGLISH,1945),|Crime|Thriller|Mystery|,Dir:-René Clair ,*ing:-Barry Fitzgerald, Walter Huston, Louis Hayward .

  അഗത ക്രിസ്റ്റിയുടെ ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ആദ്യ സിനിമ ആവിഷ്ക്കാരം  ആണ് 1945 ല്‍ ഇറങ്ങിയ ഈ ചിത്രം.കഥയില്‍ ഉടന്നീളം നിഗൂഡത നില നിര്‍ത്തിയ ഈ ചിത്രത്തിന്‍റെ കഥ അഗത നോവല്‍  ആക്കി ഇറക്കിയപ്പോള്‍ അത് അവരുടെ മികച്ച കൃതികളില്‍ ഒന്നായി മാറി.അവര്‍ ഏറ്റവും ബുദ്ധിമുട്ടി എഴുതിയ കഥയും ഈ നോവല്‍ ആണെന്ന് പറയപ്പെടുന്നു.ഈ കഥ തന്നെ നാല് പ്രാവശ്യം ആണ് സിനിമ ആയി മാറിയത്. Ten Little Indians എന്ന പേരില്‍ ആണ് മറ്റു മൂന്നു പ്രാവശ്യവും റിലീസ് ആയതു.ഒരു കൂട്ടം മനുഷ്യര്‍ അടച്ചിട്ട മുറിയില്‍ അല്ലെങ്കില്‍ സ്ഥലങ്ങളില്‍  എത്തുന്ന കഥകള്‍ ആസ്പദം ആക്കി ചിത്രങ്ങള്‍ പിന്നീട് ധാരാളം വന്നിട്ടുണ്ടെങ്കിലും അത്തരം ഒരു ആശയത്തില്‍ വന്ന ആദ്യക്കാല ചിത്രങ്ങളില്‍ ഒന്നാണ് And Then There Were None.

  എട്ടു പേര്‍ ഒരു ബോട്ടില്‍ ആണ് ആ ദ്വീപിനെ ലക്‌ഷ്യം ആക്കി യാത്ര ചെയ്തത്.U N ഓവന്‍ എന്ന ആള്‍ വാരാന്ത്യത്തില്‍ നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് അവര്‍ യാത്ര ആകുന്നതു,അവിടെ എത്തി ചേര്‍ന്ന ആളുകള്‍ അവിടത്തെ ജോലിക്കാരായ തോമസ്‌,എതേല്‍ എന്നിവരെ കാണുന്നു.അവര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ അവര്‍ ഒരുക്കി കൊടുക്കുന്നു.തോമസ്‌-എതേല്‍ ദമ്പതികള്‍ ആ ബംഗ്ലാവില്‍ അന്ന് രാവിലെ ആണ് ഒരു ഏജന്‍സി വഴി എത്തി ചേര്‍ന്നത്‌.Mr & Mrs. ഓവന്‍ വരാനായി അവര്‍ കാത്തിരുന്നു.വൈകിട്ടത്തെ ഭക്ഷണ സമയം അവര്‍ അവിടെ എത്തി ചേരും എന്നും ലണ്ടനിലെ ഗതാഗത കുരുക്കില്‍ അവര്‍ അകപ്പെട്ടു പോയി എന്ന് അറിയിച്ചതായി തോമസ്‌ അവരെ അറിയിക്കുന്നു.

   അല്‍പ്പ സമയം കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ അവര്‍ തുടങ്ങിആതിഥേയര്‍ ഇല്ലാതെ തന്നെ,അവിടെ വട്ടത്തില്‍ നില്‍ക്കുന്ന 10 ചെറിയ ഇന്ത്യക്കാരുടെ പ്രതിമ അവര്‍ എല്ലാവരും കാണുന്നു.അതിനെ കുറിച്ചുള്ള പാട്ടിനെ കുറിച്ച് അവര്‍ സംസാരിക്കുന്നു.10 റെഡ് ഇന്ത്യന്‍സ് മരിക്കുന്നതിനെ കുറിച്ചായിരുന്നു ആ പാട്ട്.അല്‍പ്പ സമയം കഴിഞ്ഞ് അവിടെ ഇരുന്ന ഗ്രാമഫോണ്‍ റെക്കോര്ഡ് തോമസ്‌ പ്രവര്‍ത്തിപ്പിക്കുന്നു.അതില്‍ അവര്‍ ഓവന്റെ സംഭാഷണം കേട്ടൂ.അവിടെ ഉണ്ടായിരുന്ന പത്തു പേരുടെയും ജീവിതത്തില്‍ അവര്‍ അറിഞ്ഞോ അറിയാതയോ ചെയ്ത കുറ്റങ്ങളെ കുറിച്ചായിരുന്നു അത്.അവര്‍ പരിഭ്രാന്തര്‍ ആകുന്നു.അവിടെ നിന്നും  രക്ഷപ്പെടുന്നതിനെ  കുറിച്ച് ആലോചിക്കുന്നു.എന്നാല്‍ അടുത്ത തിങ്കളാഴ്ച മാത്രമേ അടുത്ത ബോട്ട് തിരിച്ചു ഉള്ളൂ എന്നവര്‍ മനസ്സിലാക്കുന്നു.പ്രധാന സംഭവം അവര്‍ ആരും ഇത് വരെ ഒവനെ കണ്ടിട്ടില്ല എന്നതായിരുന്നു.സുഹൃത്തുക്കളുടെ സുഹൃത്ത്‌ എന്ന നിലയില്‍ ആണ് സമൂഹത്തില്‍ പല തുറകളില്‍ ജോലി ചെയ്യുന്ന അവര്‍ എത്തുന്നത്‌.അന്ന് രാത്രി അവിടെ ആദ്യ മരണം നടക്കുന്നു.പിന്നീടും മരണങ്ങള്‍ നടക്കുന്നു.ഓരോ മരണത്തിനു ശേഷവും റെഡ് ഇന്ത്യന്‍സിന്റെ ആ പ്രതിമയിലെ ഓരോ റെഡ് ഇന്ത്യനെയും പൊട്ടിച്ചതായി കാണാം.അതിലും ഭീകരം ആയിരുന്നു അവര്‍ കണ്ടെത്തിയ മറ്റൊരു രഹസ്യം.വേറെ ഒരു മനുഷ്യക്കുഞ്ഞ് പോലും ഇല്ലാത്ത ആ ദ്വീപിലെ കൊലയാളി അവരുടെ കൂട്ടത്തില്‍ തന്നെ ഉള്ള ഒരാള്‍ ആയിരുന്നു എന്ന രഹസ്യം.

  എന്താകും ഇനി അവിടെ സംഭവിക്കുക?പരസ്പ്പരം ഉള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടം ആകുന്നു.ആരാണ് ആവരുടെ ഇടയില്‍ ഉള്ള കൊലയാളി?അങ്ങനെ ഒരാള്‍ ഉണ്ടോ??അതോ മരണത്തിനു വേറെ എന്തെങ്കിലും കാരണങ്ങള്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.മികച്ച മിസ്റ്ററി/ത്രില്ലര്‍ ആണ് ഈ ചിത്രം.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇത്തരം ചിത്രങ്ങള്‍ കാണാന്‍ തന്നെ നല്ല രസം ആണ്.ഒരുതരം ദുരൂഹത കറുപ്പിന്റെയും വെളുപ്പിന്റെയും ഏറ്റ കുറച്ചില്‍ കാരണം ഉണ്ടാകുന്നത് കാണുമ്പോള്‍ തന്നെ പ്രേക്ഷകനും ആ സിനിമയുടെ ഭാഗം ആകുന്നു.

  More movie suggestions @www.movieholicviews.blogspot.com

491.POSSIBLE WORLDS(ENGLISH,2000)

491.POSSIBLE WORLDS(ENGLISH,2000),|Mystery|Crime|Sci-Fi|Fantasy|,Dir:-Robert Lepage,*ing:-Tilda Swinton, Tom McCamus, Sean McCann .

   കനേഡിയന്‍ ചിത്രമായ Parallel Worlds ,John Mighton രചിച്ച നോവലിന്റെ സിനിമ രൂപം ആണ്.കാനഡയിലെ നാടക കലയില്‍ ശ്രദ്ധേയമായ  പേരാണ് Robert Lepage.അദ്ദേഹം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജോണര്‍ എന്ന തരം തിരിവില്‍ സിനിമ കാണുന്ന പ്രേക്ഷകനെ ഈ ചിത്രം കുഴപ്പിക്കും.ഒരു ക്രൈം /മിസ്റ്ററി ത്രില്ലര്‍ ആയി തുടങ്ങുന്ന ഈ ചിത്രം പിന്നെ ഫാന്റസിയുടെയും സയന്‍സ് ഫിക്ഷന്റെയും രൂപത്തിലേക്കും മാറും.അപ്പോഴും ചിത്രം കുറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.സിനിമയെ ഒരു ക്രൈം ത്രില്ലര്‍ ആയി മാത്രം കണ്ടാല്‍ ഇങ്ങനെ ഒരു സംശയം വരില്ലായിരുന്നു.എന്നാല്‍ പ്രേക്ഷകന്‍ അതിനു തയ്യാറായാല്‍ പോലും സിനിമയുടെ Tail End Extension ആകുമ്പോള്‍ വീണ്ടും ചെറിയ സംശയങ്ങള്‍ ഉടലെടുക്കും.

   സിനിമയുടെ ആരംഭത്തില്‍ ജോര്‍ജ് ബാര്‍ബര്‍ എന്നയാള്‍ സോഫയില്‍ മരിച്ചു കിടക്കുന്നതായി അയാളുടെ വീട്ടിലെ ജോലിക്കാരന്‍ കാണുന്നു.പോലീസ് വന്നു അന്വേഷണം തുടങ്ങുന്നു.അയാള്‍ കൊല്ലപ്പെട്ട രീതി അവറെ ശരിക്കും കുഴപ്പിക്കുന്നു.കാരണം അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 1000 ഡോളര്‍ പോലും മോഷ്ടിക്കാത്ത ആ കൊലയാളി ആകെ മൊത്തത്തില്‍ അയാളുടെ അടുക്കല്‍ നിന്നും കവര്‍ന്നത് അയാളുടെ തലച്ചോര്‍ മാത്രം ആയിരുന്നു.ഒരാളുടെ തലച്ചോര്‍ കൊണ്ട് മറ്റൊരാള്‍ക്ക് എന്താണ് ഉപയോഗം?ശരീര ഭാഗങ്ങള്‍ വില്‍ക്കപ്പെടുന്ന മാര്‍ക്കറ്റില്‍ പോലും മരിച്ച ഒരാളുടെ തലച്ചോറിന് വില ഇല്ല.

  അടുത്തത് നമ്മള്‍ കാണുന്നത് വേറെ ഒരു ലോകത്ത് ഉള്ള ജോര്‍ജ് ബാര്‍ബറെ ആണ്.ലോകം മുഴുവനും യാത്ര ചെയ്യുന്ന,ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ പണം നിക്ഷേപിക്കണം എന്ന് വലിയ കമ്പനികളെ ഉപദേശിക്കുന്ന ജോലി ആണ് അയാള്‍ ചെയ്തിരുന്നത്.അതി ബുദ്ധിമാന്‍ ആയ ജോര്‍ജ് ബാര്‍ബര്‍ മറ്റൊരു കമ്പനിയിലേക്ക്  മാറാന്‍ നടന്ന അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും അയാളുടെ കഴിവ് പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.അയാള്‍ അവിടെ ബാറില്‍ വച്ച് മറ്റൊരു ബാങ്കര്‍ ആയ ജോയ്സ് എന്ന സ്ത്രീയെ പരിചയപ്പെടുന്നു.പിന്നെ കാണിക്കുന്നത് വേറെ ഒരു ലോകം ആണ്.അയാള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ ആയി റിസേര്‍ച് നടത്തുന്ന ആളുകള്‍ ഇരിക്കുന്ന ഒരു കഫേട്ടേരിയയില്‍ പോകുന്നു.അവിടെ ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ എതിരെ ഇരിക്കുന്ന സ്ത്രീയെ പരിചയപ്പെടുന്നു.അവരുടെ പേരും ജോയ്സ് എന്നായിരുന്നു.

  ശരിക്കും മറ്റുള്ള ലോകങ്ങള്‍ ഉണ്ടോ?അതായത് സമാന്തരമായി നമ്മള്‍ എല്ലാം മറ്റു ജീവിതങ്ങള്‍ നയിക്കുന്ന ലോകങ്ങള്‍?വളരെ നല്ല ഒരു ചിന്തയാണ് അത്.പല ലോകങ്ങളിലും പല ജീവിതം,പല വികാരങ്ങള്‍.ജീവിതത്തിലെ വ്യത്യസ്തത എന്ന് പറയുന്നത് ഇതാകും.പ്രത്യേകിച്ചും ഈ വിവരം മനസ്സിലാകുന്ന ഒരാള്‍ക്ക്‌.ജോര്‍ജിന് അത് അറിയാമായിരുന്നോ? ജോര്‍ജ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സയന്‍സ് ഫിക്ഷനില്‍ നിന്നും ഈ ചിത്രം പലപ്പോഴും ഫാന്റസിയുടെ ലോകത്തും പോകുന്നുണ്ട്.വ്യത്യസ്തം ആയ തീമുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടു നോക്കാവുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.com

490.PATHOLOGY(ENGLISH,2008)

490.PATHOLOGY(ENGLISH,2008),|Thriller|Crime|,Dir:-Marc Schölermann,*ing:-Alyssa Milano, Milo Ventimiglia, Keir O’Donnell.

  കൊലപതകങ്ങളിലെ “ചെസ്സ്‌” കളി എന്ന് പറയാം പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ക്ക്.കുറ്റകൃത്യം,കുറ്റവാളി എന്നിവയെ പരിഷ്കൃത സമൂഹം കണ്ടെത്തുന്നത് കൊലയാളി അവശേഷിപ്പിച്ച തെളിവുകളില്‍ നിന്നും ആയിരിക്കും.ഈശ്വരന്‍ പോലും പരിപൂര്‍ണന്‍ അല്ല എന്ന അഭിപ്രായം ഉള്ളത് പോലെ തന്നെ ഏറ്റവും ബുദ്ധിപൂര്‍വ്വം ആയ കൊലപാതകം നടത്താന്‍ മാത്രം പൂര്‍ണത ആര്‍ക്കും ഇല്ലന്നാണ്‌ പലരും അഭിപ്രായപ്പെടുന്നത്.Perfect Crime പ്രമേയം ആക്കി ചിത്രങ്ങള്‍ പലതും വന്നിട്ടും ഉണ്ട്.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് സിനിമകള്‍ ആയ Rope,Strangers on a Train,Dial M For Murder തുടങ്ങി പല ചിത്രങ്ങളിലും ഈ വിഷയം പ്രമേയം ആയിട്ടുണ്ട്‌.റിക്കാര്‍ഡോ ടാരിന്‍ ചിത്രങ്ങളിലും ഈ വിഷയം പ്രമേയം ആയി വന്നിട്ടുണ്ട്.പ്രത്യേകിച്ചും Aura,Thesis ona Homicide തുടങ്ങിയവ.Spoorloos ,Elevator to the Gallows ,Double Indemnity തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഈ പ്രമേയം ആയി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

  ഒരു കൊലപാതകം അതിന്‍റെ പൂര്‍ണതയില്‍ നടത്തുക എന്നത് ഒരു മനുഷ്യന് ഒരിക്കലും കാരണം അല്ലെങ്കില്‍ കാരനക്കാരനെ  കണ്ടെത്താന്‍ സാധിക്കാത്ത അത്ര വിദഗ്ധമായി നടത്തുക എന്നതാണ്.അതേ സമയം കൊലപാതകങ്ങളുടെ കാരണങ്ങള്‍ കണ്ടു പിടിക്കാന്‍ ശാസ്ത്രീമായി സഹായിക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്.ഫോറന്‍സിക് വിദഗ്ധര്‍.ശരീര ശാസ്ത്രം അറിയുന്നതിന് പുറമേ കൊലപാതകത്തിന് കാരണമായ വസ്തുക്കള്‍ എന്താണ് എന്ന് കണ്ടെത്തുന്നതില്‍ ആണ് അവരുടെ വൈദഗ്ധ്യം.ടെഡ് ഗ്രേ സമര്‍ത്ഥന്‍ ആയ ഫോറന്‍സിക് വിടഥന്‍ ആയിരുന്നു.പഠനത്തിനു ശേഷം ടെഡ് ഫോറന്‍സിക് സയന്‍സിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായാണ് തന്റെ കാമുകിയുടെ അടുക്കല്‍ നിന്ന് പോലും മാറി അവിടെ എത്തുന്നത്‌.

  മരണത്തിന്റെ കാരണങ്ങള്‍ അതി വിദഗ്ധമായി റിവേര്‍സ് ആയി സംഭവങ്ങള്‍ അപഗ്രഥിക്കുക എന്ന രീതിയില്‍ അവര്‍ ജോലി ചെയ്യുമ്പോള്‍ ആണ് ജേക്ക് എന്ന മറ്റൊരു ഡോക്റ്റര്‍ ഗ്രേയെ കണ്ടു മുട്ടുന്നത്.സ്വന്തം ബുദ്ധി ശക്തിയില്‍ അഭിമാനം കൊള്ളുന്ന അവര്‍ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാന്‍ ആയ ആളെ കണ്ടെത്താന്‍ ഉള്ള ശ്രമം നടത്തുന്നു.അതിനായി കണ്ടെത്തിയ രീതി ഇതായിരുന്നു.പൂര്‍ണതയുള്ള,ആര്‍ക്കും കാരണം കണ്ടെത്താന്‍ ആകാത്ത ഒരു കൊലപാതകം.മരണത്തെ പിന്നോട്ട് അപഗ്രഥിക്കാന്‍ ഉള്ള കഴിവ് ഉള്ള അവരുടെ നീക്കങ്ങള്‍ പലപ്പോഴും അപകടകരം ആയിരുന്നു.അവരുടെ ഇടയില്‍ നടക്കുന്ന പൂര്‍ണതയ്ക്കായി ഉള്ള അന്വേഷണം ആണ് ബാക്കി ഉള്ള ചിത്രം.

  More movie suggestions @www.movieholicviews.blogspot.com

489.KUNJIRAMAYANAM(MALAYALAM,2015)

489.KUNJIRAMAYANAM(MALAYALAM,2015),Dir:-basil Joseph,*ing:-Vineeth Srinivasan,Dhyan Sreenivasan,Aju Varghese.

  മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഓണക്കാല റിലീസുകളും ആയി എത്തിയപ്പോള്‍ “കുഞ്ഞിരാമയണം” എന്ന കുഞ്ഞു സിനിമയുടെ വിധി എന്താകും എന്ന് പലരും സംശയിച്ചിരുന്നു.എന്നാല്‍ മികച്ച സിനിമ എന്ന അഭിപ്രായങ്ങള്‍ നേടാതെ ഭിന്നാഭിപ്രായം വന്നപ്പോള്‍ മികച്ചു നിന്നത് “കുഞ്ഞിരാമയണം” എന്ന കറുത്ത കുതിര ആയിരുന്നു.”വിനീത് ശ്രീനിവാസന്‍ സ്ക്കൂള്‍ ഓഫ് മൂവീസില്‍”നിന്നും വന്ന ബേസി ല്‍ ആദ്യമായി സിനിമയുടെ സംവിധായകന്‍ ആയി ഈ ചിത്രത്തിലൂടെ മാറി എങ്കിലും യൂടൂബില്‍ ഉള്ള ഷോര്‍ട്ട് ഫിലിംസില്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിച്ച രണ്ടു ഷോര്‍ട്ട് ഫിലിംസിന്‍റെ സംവിധായകന്‍ എന്ന നിലയില്‍ പരിചിതന്‍ ആയി കേരളത്തില്‍.അത് കൊണ്ട് തന്നെ ബേസിലിന്റെ സിനിമയ്ക്ക് പ്രതീക്ഷയും ഉണ്ടായിരുന്നു കുറച്ചു പേര്‍ക്ക് എങ്കിലും.എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ആരുമില്ല ചിത്രത്തില്‍ എന്നുള്ളത് ആരാധകരെ ആകര്‍ഷിച്ചില്ല.എങ്കില്‍ പോലും ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയതിന്‍റെ സൂചനകള്‍ തിയറ്റരുകളില്‍ ഇപ്പോള്‍ കാണാം.

  കുഞ്ഞിരാമായണത്തിന്‍റെ കഥ എന്ന് പറയാവുന്നത് ബാലരമ/ബാലഭൂമി യില്‍ അവതരിപ്പിക്കുന്ന ഫിക്ഷന്‍ കഥകളോട് സമാനമാണ്.ദേശം എന്ന സാങ്കല്‍പ്പിക ഗ്രാമം.നന്മയും കുശുമ്പും ഉള്ള നാട്ടുകാര്‍.പുരോഗതി അധികം ഒന്നും കടന്നു കൂടിയിട്ടില്ലാത്ത ആ ഗ്രാമവാസികള്‍ കാലാകാലങ്ങളായി പലതരം വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ആയിരുന്നു.സിനിമയില്‍ നായക കഥാപാത്രം എന്ന് ആരെ വേണമെങ്കിലും വിളിക്കാവുന്ന സാഹചര്യം ആയിരുന്നു കഥയില്‍.നൊസ്റ്റാള്‍ജിയയില്‍ തന്നെ കുഞ്ഞിരാമായണവും തുടങ്ങി.ഒരു കാലത്ത് അന്നത്തെ കൗമാരക്കാരുടെ ഏറ്റവും വലിയ ഭയം ആണ് സിനിമയുടെ കഥയുടെ ആരംഭം.അവിടെ നിന്നും തുടങ്ങിയ കഥ സിനിമ അവസാനിക്കുമ്പോഴും പ്രാധാന്യത്തോടെ അവിടെ തന്നെ ഉണ്ട്.

  കോമഡി സ്ക്കിറ്റ് പോലെ ഉള്ള അവതരണം പല രംഗങ്ങളിലും പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ടായിരുന്നു.സാധാരണ ഗതിയില്‍ ഉള്ള ഒരു വരിയില്‍ പറയാവുന്ന കഥയില്‍ നിന്നും സങ്കീര്‍ണം ആകുന്നുണ്ട് പലപ്പോഴും കഥാഗതിയില്‍.കോമഡിയിലൂടെ സസ്പന്‍സ് അവതരിപ്പിക്കുക എന്ന ഉദ്ദേശം ആണെങ്കില്‍ അത് തരക്കേടില്ലാതെ വിജയവും ആയിട്ടുണ്ട്‌.വിനീത്  ശ്രീനിവാസന്‍,ധ്യാന്‍ എന്നിവരുടെ അഭിനയത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ വന്നിരുന്നു എങ്കിലും ഒരു ചിത്രകഥ പോലെ അവതരിപ്പിച്ച ചിത്രത്തിന് അനുയോജ്യര്‍ ആയിരുന്നു അവര്‍.അജു,നീരജ് ദീപക്,മാമുക്കോയ എന്ന് വേണ്ട മിക്ക കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ ആവശ്യത്തിനു പ്രാധാന്യം ഉണ്ടായിരുന്നു.ഓണ റിലീസുകളില്‍ മെച്ചം കുഞ്ഞിരാമായണം ആണെന്ന് സിനിമയ്ക്ക് ശേഷം മറ്റുള്ള ചിത്രങ്ങളും കണ്ടു തീര്‍ത്തവര്‍ പറയുന്നുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അഭിപ്രായത്തില്‍ ഈ ചിത്രം  ഓണക്കാല ചിത്രങ്ങളിലെ വിജയി ആണെന്ന് കരുതാം.

കുഞ്ഞിരാമായണം എന്നെ ചിരിപ്പിച്ചു.എനിക്ക് ചിത്രം ഇഷ്ടമായി.എന്റെ റേറ്റിംഗ് 3/5!!

More movie views @www.movieholicviews.blogspot.com

488.IDEALISTEN(DANISH,2015)

488.IDEALISTEN(DANISH,2015),|Thriller|,Dir:-Christina Rosendahl,*ing:-Peter Plaugborg, Søren Malling, Thomas Bo Larsen.

   ജനങ്ങള്‍ അറിയേണ്ടത് എന്താണെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കുമ്പോള്‍ ആണ് ജനാധിപത്യം എന്ന വാക്കിനു അര്‍ത്ഥം ഇല്ലാതെ ആകുന്നതു.ഈ പ്രവൃത്തി പലതരം രാഷ്ട്രീയ പ്രേരിതം അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രധാന കാരണങ്ങള്‍ കൊണ്ടാകാം.വലിയ നുണകള്‍ പടച്ചു വിടുന്ന രാഷ്ട്രീയക്കാരോടൊപ്പം ബ്യൂറോക്രാട്ടുകളും കൂടി ചേരുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് രാഷ്ട്ര ബോധം ഉള്ള സാധാരണക്കാര്‍ ആകും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ മറ്റൊരു വന്‍ യുദ്ധത്തിലേക്ക് തിരിച്ചു വിടുമായിരുന്ന സംഭവങ്ങള്‍ ആയിരുന്നു ശീത യുദ്ധ സമയത്ത് ലോക രാഷ്ട്രങ്ങള്‍ നടത്തിയിരുന്നത്.Based on a True Story എന്ന ടാഗുമായി വന്ന ഈ ചിത്രം അന്ന് ഡെന്മാര്‍ക്കില്‍ നടന്ന സുപ്രധാനമായ ഒരു വിഷയത്തെ ആണ് ഫിക്ഷന്‍ ആയി അവതരിപ്പിക്കുന്നത്‌.

  “Thulegate” political scandal എന്ന പേരില്‍ കുപ്രസിദ്ധി നേടിയ സംഭവങ്ങളുടെ തുടക്കം 1968 ല്‍ നടന്ന അമേരിക്കന്‍ ബോംബര്‍ വിമാനം ആയ B-52 തകര്‍ന്നു വീഴുന്നതോടെ ആണ്.ഡെന്മാര്‍ക്കിന്റെ കീഴില്‍ ആയിരുന്ന ഗ്രീന്‍ ലാന്‍ഡില്‍ ആയിരുന്നു സംഭവം.നാല് ഹൈഡ്രജന്‍ ബോംബുകളുമായി തകര്‍ന്നു വീണ ആ വിമാനത്തെ കുറിച്ച് പരക്കെ ദുരൂഹതകള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആണവ ആയുധങ്ങളോട് പിന്തിരിഞ്ഞു നില്‍ക്കുന്ന അല്ലെങ്കില്‍ നില്‍ക്കുന്നു എന്ന തോന്നല്‍ ഉളവാക്കുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍.വിമാനം തകര്‍ന്നു വീണപ്പോള്‍ ഉണ്ടായ ആണവ വികീരണങ്ങള്‍ പ്രാധാന്യത്തോടെ കാണണം എന്നൊരു കൂട്ടം വാദിച്ചപ്പോള്‍ അത് പ്രത്യേക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് അധികൃതര്‍ തീര്‍പ്പ് കല്‍പ്പിച്ചു.

  എന്നാല്‍ പോള്‍ ബ്രിങ്ക് എന്ന റേഡിയോ ജേര്‍ണലിസ്റ്റ് ഈ വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ഇറങ്ങി തിരിക്കുന്നു.ഭരണകൂട രഹസ്യമായി മാറിയ  ഈ സംഭവങ്ങളെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്നു.പോള്‍ ബ്രിങ്ക് നടത്തിയ അന്വേഷണം പലരെയും ഭയപ്പെടുത്തുന്നു.അയാള്‍ തനിക്കു കിട്ടുന്ന വിവരങ്ങള്‍ എല്ലാം വീഡിയോ ആയും ഓഡിയോ ആയും രേഖയാക്കുന്നു,പോള്‍ ബ്രിങ്ക് നടത്തിയ അന്വേഷണത്തിന്റെ കഥയാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍,അതും നടന്ന സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ചപ്പോള്‍ ഒരു ഡോക്യുമെന്‍ററി ആയി മാറാതെ ഒരു സിനിമ എന്ന നിലയില്‍ നല്ല ത്രില്ലര്‍ ആയി മാറി എന്നതാണ് ഈ ചെറിയ ബട്ജറ്റ് ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിന്‍റെ മേന്മ.

ഇനി സിനിമ പറയാത്ത കഥ :

  പോള്‍ ബ്രിങ്ക് താന്‍ കണ്ടെത്തിയ വിവരങ്ങള്‍ “Thule case – lying Universe” എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ലോകത്തിലെ വന്‍ ശക്തി ആയ അമേരിക്കയെ പോലും അവരും ഡെന്മാര്‍ക്ക്‌ എന്ന രാജ്യവും ആയി ഉണ്ടായിരുന്നു എന്ന് പറയുന്ന രഹസ്യ  ഉടമ്പടിയുടെ പേരില്‍ വിറപ്പിച്ച പോള്‍ ബ്രിങ്ക് മരിച്ചതും ദുരൂഹമായിരുന്നു.49 ആം വയസ്സില്‍ പോള്‍ അന്തരിക്കുമ്പോള്‍ അയാളുടെ മരണം ആരൊക്കെയോ ആഗ്രഹിച്ചിരുന്നതായി സംശയിക്കാം.

More movie views @www.movieholicviews.blogspot.com

487.ITIRAZIM VAR(TURKISH,2014)

487.ITIRAZIM VAR(TURKISH,2014),|Mystery|Thriller|Crime|,Dir:-Onur Ünlü,*ing:-Serkan Keskin, Hazal Kaya, Öner Erkan .

  ഈ ചിത്രത്തിന്‍റെ Synopsis ആദ്യമായി വായിച്ചപ്പോള്‍ കണ്ടത് “പള്ളിയിലെ ഇമാം കേസ് അന്വേഷിക്കുന്ന കഥ എന്നതായിരുന്നു”.ടര്‍ക്കിയില്‍ പോലീസിനു സമാനമായ സ്ഥാനം കേസ് അന്വേഷണത്തില്‍ പള്ളിയിലെ ഇമാമിന് ഉണ്ടോ എന്ന് ആദ്യം ഇത് വായിച്ചപ്പോള്‍ ചിന്തിച്ചു.എന്നാല്‍ പള്ളിയിലെ ഇമാം ഒരു കേസിന്‍റെ ഭാഗമായി മാറുന്നത് എങ്ങനെയാണ് എന്നത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പിന്നീട് മനസ്സിലായി.ടര്‍ക്കിഷ് സിനിമകള്‍ കൂടുതലും ഡ്രാമ.കോമഡി ചിത്രങ്ങള്‍ ആണ്.എന്നാല്‍ ഇടയ്ക്ക് വിരളമായി റിലീസ് ആകുന്ന ക്രൈം.മിസ്റ്ററി ചിത്രങ്ങള്‍ക്ക് അവരുടേതായ ഒരു വ്യക്തിത്വവും നിലവാരവും സൂക്ഷിക്കുന്നും ഉണ്ട്.Av Mevsimi പോലെ ഉള്ള ചിത്രങ്ങളൊക്കെ ടര്‍ക്കിഷ് രീതിയില്‍ അവതരിപ്പിച്ച ക്രൈം ത്രില്ലറുകള്‍ ആയിരുന്നു.(http://movieholicviews.blogspot.in/2015/01/270av-mevsimiturkish2010.html)

   ഈ ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്. മാര്‍ക്കറ്റിന്റെ അടുത്തുള്ള ഒരു ചെറിയ പള്ളി.നിസ്ക്കാരം നടക്കുമ്പോള്‍ ആണ് അവര്‍ ആ വെടി ശബ്ദം കേള്‍ക്കുന്നത്.തിരിഞ്ഞു നോക്കിയാ ഇമാം സല്‍മാന്‍ ബുലുറ്റ്‌ കണ്ടത് അയാളുടെ പുറകില്‍ നിന്ന സാലിഹ് എന്നയാള്‍ ആണ് വെടിയേറ്റ്‌ വീണത്‌.രണ്ടു പ്രാവശ്യം വെടിയേറ്റ അയാള്‍ അവിടെ തന്നെ വീണു മരിക്കുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.മരിച്ച സാലിഹ് അവിടെ അടുത്തുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കട നടത്തുന്നു എന്ന അറിവ് മാത്രമേ ഇമാമിന് തുടക്കത്തില്‍  ഉണ്ടായിരുന്നുള്ളൂ.പോലീസ് അന്വേഷണം ആരംഭിക്കുന്നു.

  പോലീസ് സല്‍മാനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക്‌ അറിയാവുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ സാലിഹ് നല്ല മനുഷ്യന്‍ ആണെന്ന് പറയുമ്പോള്‍ ആണ് പോലീസ് അയാളോട് ആദ്യമായാണ്‌ കൊല്ലപ്പെട്ട ആള്‍ നല്ലവന്‍ ആണെന്ന് ഒരാള്‍ പറയുന്നതെന്ന് പറയുന്നു.സല്‍മാന്‍ പിന്നീട് അറിഞ്ഞ സാലിഹ് എന്ന മനുഷ്യനെ കുറിച്ചുള്ള കഥകള്‍ എല്ലാം അയാളുടെ വിശ്വാസത്തിനും അപ്പുറം ആയിരുന്നു.ഇതിന്‍റെ ഇടയ്ക്ക് ആണ് അപ്രതീക്ഷിതം ആയ വഴി തിരിവ് ഉണ്ടാകുന്നത്.ഇമാം കൊലപാതകത്തിലെ മുഖ്യ പ്രതികളില്‍ ഒരാളാണെന്ന് പോലീസിനു കരുതാനുള്ള തെളിവുകള്‍ ലഭിക്കുന്നത്.ചെറുപ്പത്തില്‍ ബോക്സര്‍ ആയും പിന്നീട് പട്ടാളക്കാരനും ആയി മാറിയ വൈവിധ്യമേറിയ കരിയര്‍ ഉള്ള ആ ഇമാം പിന്നീട് നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചു എടുക്കാന്‍ ഉള്ള ശ്രമം ആണ് ഷെര്‍ലോക്ക് ഹോംസിന്റെ അന്വേഷണ രീതിയില്‍ നടത്തുന്നത്.കേസില്‍ നിന്നും സ്വയം രക്ഷപ്പെടുകയും അതിനോടൊപ്പം ശരിക്കും ഉള്ള കുറ്റവാളിയെ കണ്ടെത്താന്‍ ബുദ്ധിമാനായ  സല്‍മാന്‍ ശ്രമിക്കുന്നു.ആരാണ് സാലിഹ് എന്ന കച്ചവടക്കാരനെ കൊല്ലപ്പെടുത്തിയത്?എന്തായിരുന്നു അതിന്‍റെ കാരണം?ഇതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഇത്തരം ഒരു കുറ്റാന്വേഷണ ത്രില്ലറില്‍ വേണ്ട എല്ലാ ചേരുവകകളും ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകും ഈ ടര്‍ക്കിഷ് ചിത്രവും.

More movie suggestions @www.movieholicvies.blogspot.com

486.SOUTHPAW(ENGLISH,2015)

486.SOUTHPAW(ENGLISH,2015),|Sports|Action|Drama|,Dir:-Antoine Fuqua,*ing:-Jake Gyllenhaal, Rachel McAdams, Oona Laurence

  സ്പോര്‍ട്സ് മുഖ്യ പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം ഫോര്‍മുല ഉണ്ട്.മികച്ച കരിയര്‍ ഉള്ള നായക കഥാപാത്രം/കഥാപാത്രങ്ങള്‍.പിന്നീട് അവരുടെ കരിയറിലെ മോശം സമയം ,അവിടെ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ ഒരു മിശ്രിതം ആയിരിക്കും ഈ ചിത്രങ്ങള്‍.ഒരു പരിധി വരെ സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് ഊഹിക്കാവുന്ന ചിത്രങ്ങള്‍ ആണ് ഭൂരിഭാഗം സ്പോര്‍ട്സ് ചിത്രങ്ങളും.പക്ഷെ പിന്നെയും പിന്നെയും ഇത്തരം ഫോര്‍മുല ചിത്രങ്ങള്‍ പ്രേക്ഷകന്‍റെ അടുക്കല്‍ എത്തുകയും അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് വിജയിക്കുന്ന കഥാപാത്രത്തോട് ഉള്ള സ്നേഹം കൊണ്ടായിരിക്കണം.

  ഒരു ഉദാഹരണം ആണ് Undisputed 2 ലെ വില്ലന്‍ കഥാപാത്രം ആയ യൂറി ബോയ്ക്ക എന്ന സ്കോട്ട് അട്കിന്സിന്റെ വില്ലന്‍ കഥാപാത്രത്തെ വെറുത്തവര്‍ മൂന്നാം ഭാഗം വന്നപ്പോള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതിന് കാരണം.മേല്‍പ്പറഞ്ഞ രീതിയിലാണ് ആ കഥാപാത്രം മൂന്നാം ഭാഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്.ശരിക്കും ഇത്തരം സിനിമകളില്‍ കഥാപാത്ര സൃഷ്ടി ആകാം കഥാപാത്രങ്ങളെ പ്രേക്ഷകന് കൂടുതല്‍ പരിചിതം ആക്കാന്‍ കാരണം.മാത്രമല്ല പരാജയത്തില്‍ നിന്നും ഉയിര്‍ത്തു എണീക്കുന്ന കഥാ പാത്രങ്ങളോട് ഉള്ള അനുകമ്പയും ഇതില്‍ ഒരു ഘടകം ആയിരിക്കും.Southpaw എന്ന ചിത്രത്തിലും ഇത്തരം രീതി തന്നെ ആണ് പിന്തുടര്‍ന്നിരിക്കുന്നത്.

  ജേക് ഗില്ലന്ഹാള്‍ അവതരിപ്പിച്ച ബില്ലി ഹോപ്‌ എന്ന കഥാപാത്രം തന്റെ 43 ബോക്സിംഗ് മത്സരത്തിലും വിജയി ആയിരുന്നു.പ്രൊഫഷനല്‍ ബോക്സിങ്ങിലെ ലോക ചാമ്പ്യന്‍ ആണ് ബില്ലി.ബില്ലിയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു അയാള്‍ വിശ്വസിച്ച സുഹൃത്തുക്കളും ഭാര്യ ആയ മൌറീനും.ആഡംബര പൂര്‍ണം ആയ അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ ദുരിതങ്ങള്‍ സംഭവിക്കുന്നു.ഒപ്പം ഉണ്ടായിരുന്നവര്‍ അയാളെ ഉപേക്ഷിച്ചു പോകുന്നു.മകള്‍ ആയ ലെയലയെ പോലും അയാളുടെ അടുക്കല്‍ നിന്നും അകറ്റുന്ന സംഭവങ്ങള്‍ ഉണ്ടായി.ബോക്സിംഗ് മത്സരത്തില്‍ ദേഷ്യവും വാശിയും മാത്രമാണ് അപകടകരമായ രീതിയില്‍ ജയിക്കുന്ന ബില്ലിയുടെ മത്സരങ്ങളിലെ ഏറ്റവും വലിയ ശക്തിയും.തെരുവില്‍ നിന്നും മികച്ച ജീവിതം കെട്ടിപ്പെടുത്തിയ അയാള്‍ക്ക്‌ സ്വന്തമായി ഉണ്ടായിരുന്ന എല്ലാം നഷ്ടം ആയപ്പോള്‍ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമം ആണ് ബാക്കി ചിത്രം.ജേക്,വിറ്റ്ടേക്കര്‍ എന്നിവരുടെ മികച്ച അഭിനയം കൂടി ആയപ്പോള്‍ കണ്ടിരിക്കാവുന്ന ഒരു നല്ല ഫോര്‍മുല ബോക്സിംഗ്  ചിത്രം ആയി Southpaw മാറി.

 More movie suggestions @www.movieholicviews.blogspot.com

485.PHANTOM(HINDI,2015)

485.PHANTOM(HINDI,2015),Dir:-Kabir Khan,*ing:-Saif Ali Khan,Katrina Kaif.

   “A Story You Wish Were True”-Phantom സിനിമയുടെ ടാഗ് ലൈന്‍ ഇതാണ്.26/11 ലെ മുംബൈ ഭീകരാക്രമണം കഴിഞ്ഞിട്ട് 7 വര്‍ഷം കഴിഞ്ഞെങ്കിലും അതിനു ഉത്തരവാദികള്‍ ആണെന്ന് കരുതുന്ന പലരും നിയമത്തിന്‍റെ മുന്നില്‍ വന്നിട്ടില്ല.സിനിമയുടെ ടാഗ് ലൈനില്‍ പറയുന്നത് പോലെ അന്ന് കുറ്റവാളികള്‍ ആയിരുന്നവറോഡു പകരം വീട്ടിയാല്‍ എങ്ങനെ ഉണ്ടാകും എന്നാണു സാങ്കല്‍പ്പികമായ ഈ കഥയില്‍ ഉള്ളത്.ദേശ സ്നേഹം എന്ന വാക്ക് കോമഡി ആയ തെക്കേ ഇന്ത്യയില്‍ ,ശരിക്കും പറഞ്ഞാല്‍ കേരളം പോലെ ഉള്ള സ്ഥലത്ത് ചിലരെങ്കിലും ദേശസ്നേഹം  മിഥ്യ ധാരണ ആണെന്ന് പോലും കരുതുന്നുണ്ട് .അത് കൊണ്ട് തന്നെ ഇത്തരം ഒരു ആശയം ഇഷ്ടമാകുമോ എന്ന് സംശയവും ഉണ്ട്.പ്രത്യേകിച്ചും സുരക്ഷിതമായ ഭൂപ്രകൃതി കാരണം തോന്നാവുന്ന ഒരു വികാരം ആകും അത്.

  ഇനി മുംബൈ ആക്രമണങ്ങളില്‍  പ്രിയപ്പെട്ടവരെ നഷ്ടം ആയവര്‍ക്ക് ഇങ്ങനെ ഒക്കെ തോന്നല്‍ ഉണ്ടായി കൂടാ എന്നുമില്ല.അത്തരം ഒരു വിഷയം ആണ് കബീര്‍ ഖാന്‍ ഇന്ത്യ-പാക് ബന്ധം അവതരിപ്പിച്ച “ബജ്രംഗി ഭായ്ജാന്‍” എന്ന ചിത്രത്തിന് ശേഷം അവതരിപ്പിച്ചത്.ഭജ്രംഗി ഭായ്ജാനില പാക്കിസ്ഥാനിലെ നന്മകള്‍ തുറന്നു കാണിക്കാന്‍ ശ്രമിച്ച കബീര്‍ ഖാന്‍ ഇത്തവണ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാന്‍ ആണെന്നും അവരുടെ ഒത്താശയോടെ നടത്തിയ മുംബൈ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാല്‍ എങ്ങനെ ഉണ്ടാകും എന്നാണ് സിനിമയില്‍ അവതരിപ്പിച്ചത്.തികച്ചും വ്യത്യസ്തം ആയ ചിന്തകള്‍.ഹുസൈന്‍ സൈദിയുടെ “Mumbai Avengers” എന്ന നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  RAW ഇന്ത്യയുടെ ശത്രുക്കളെ നേരിടാന്‍ പുതിയൊരു രീതി ആവിഷ്ക്കരിക്കുന്നതും ആണ് ചിത്രത്തിന്‍റെ കഥ.പല Conspiracy Theory കളിലും മറ്റു രാജ്യങ്ങളുടെ ഓപറേഷന്‍ നടക്കുന്നത് പോലെ ഉള്ള സംഭവം ഇന്ത്യന്‍ രീതിയില്‍ എങ്ങനെ ഉണ്ടാകും?ഡേവിഡ് ഹെഡ് ലി മുതല്‍ പാക്കിസ്ഥാനി തീവ്രവാദ ഗ്രൂപുകളുടെ വക്താക്കളെ അപകടപ്പെടുത്താന്‍ RAW നിയോഗിക്കുന്ന ഓഫീസര്‍ ആണ് മുന്‍ പട്ടാളക്കാരന്‍  ആയ ദാനിയല്‍ ഖാന്‍.ഡാനിയല്‍ നടത്തുന്ന ഓപറേഷന്‍ ആണ് ചിത്രം.രാജ്യ സ്നേഹം ഒക്കെ നല്ലത് പോലെ നിറച്ചിട്ട്‌ ഉണ്ടെങ്കിലും  Baby പോലെ ഉള്ള ചിത്രങ്ങളുടെ വേഗമേറിയ സ്ക്രിപ്റ്റ് ഈ ചിത്രത്തിന് അന്യം ആയതു പോലെ തോന്നി.എന്തായാലും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ നടന്നു കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് ചിത്രം ഒരു ആശ്വാസം തന്നെയാണ്.അല്ലാത്തവര്‍ കാണാതെ ഇരിക്കുന്നതാകും നല്ലത്.കാരണം കബീര്‍ ഖാന്‍ ചിത്രം അവതരിപ്പിച്ചത് ദേശ സ്നേഹം വലിയ ഒരു അളവില്‍ ചേര്‍ത്ത് ആണ്.
ചിത്രം എന്തായാലും എനിക്ക് ഇഷ്ടമായി.ഒരു പക്ഷെ ഒരിക്കല്‍ എങ്കിലും ശത്രു രാജ്യങ്ങള്‍ എന്ന് കരുതുന്നവര്‍ക്ക് അല്‍പ്പം എങ്കിലും ഭയം ഇങ്ങനെ ഉള്ള ഓപറേഷന്‍ മൂലം ഉണ്ടായാല്‍ നന്നായിരുന്നു എന്ന് കരുതുന്നു,

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started