448.LITTLE MISS SUNSHINE(ENGLISH,2006)

448.LITTLE MISS SUNSHINE(ENGLISH,2006),|Comedy|Drama|,Dir:-Jonathan Dayton, Valerie Faris,*ing:-Steve Carell, Toni Collette, Greg Kinnear.

  കുടുംബ ബന്ധങ്ങളിലെ തീവ്രത വെളിവാകുന്നത് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി  വരുന്ന അവസ്ഥകളില്‍ ആണ്.ചിലപ്പോള്‍ അധികം അടുപ്പം പോലും ഇല്ലാത്തവര്‍ ആ സമയങ്ങളില്‍ ഒരുമിച്ചു പ്രവൃത്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പലതും മാറാറുണ്ട് അല്ലെങ്കില്‍ ആ പ്രശ്നങ്ങളില്‍ നിന്നും മാനസികമായ രീതിയില്‍ ആശ്വാസം തോന്നും.എല്ലാ കുടുംബത്തിലും ഇങ്ങനെ ആണെന്ന് അര്‍ത്ഥം ആക്കുന്നില്ല.എന്നാല്‍ ഹൂവര്‍സ് എന്ന ഈ അമേര്‍ക്കന്‍ കുടുംബത്തിന്‍റെ കഥ അവതരിപ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ സാധ്യം ആയിരുന്നോ എന്ന് കാണാം ഈ ചിത്രത്തില്‍.

   സംവിധായ ദമ്പതികള്‍ ആയ ജോനാതന്റെയും വലെരിയയുടെയും ആദ്യ സംരഭം ആയിരുന്നു ഈ ചിത്രം.യഥാര്‍ത്ഥ  ജിവിത ദമ്പതികള്‍  ആയതു  കൊണ്ട് തന്നെ ചില രംഗങ്ങളില്‍ ഒക്കെ നല്ല വിധം നിരീക്ഷിച്ചു ആണ് കഥാപാത്ര സൃഷ്ടി നടത്തിയിരിക്കുന്നതെന്ന് മനസ്സിലാകും.Little Miss Sunshine ഒരു റോഡ്‌ മൂവി കൂടി ആണ്.അത് കൊണ്ട് തന്നെ സിനിമയുടെ മുക്കാല്‍ ഭാഗവും റോഡില്‍ ആണ് സംഭവിക്കുന്നത്‌.ആത്മഹത്യക്ക് സ്വയം പ്രേരിതന്‍ ആയ ഫ്രാങ്ക് എന്നയാളെ അയാളുടെ സഹോദരി തന്റെ കൂടെ താമസിക്കാന്‍ കൊണ്ട് വരുന്നു.ഷെറില്‍ ഹൂവറിനു രണ്ടു കുട്ടികള്‍ ആണുള്ളത്.പൈലറ്റ്‌ ആകാന്‍ വേണ്ടി ഉള്ള കോഴ്സിനു ചേരുന്നത് വരെ മൂത്ത കുട്ടിയായ ഡ്വെയ്ന്‍ മൌന വൃത്തം എടുക്കുന്നു.ഇളയ പെണ്‍ക്കുട്ടി ഒലിവ് ലിറ്റില്‍ മിസ്സ്‌ സണ്‍ഷൈന്‍ എന്ന സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യാദൃഷികമായി അവസരം  ലഭിക്കുന്നു.ആ സമയം തന്‍റെ വിജയത്തിനായുള്ള ക്ലാസുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ നൊമ്പരത്തില്‍ ആണ് പിതാവായ റിച്ചാര്‍ഡ്‌.

  ഏറെ സംസാരത്തിന് ശേഷം അവര്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന മത്സരത്തിനു പോകാന്‍ തീരുമാനിക്കുന്നു.ഒപ്പം റിച്ചാര്‍ഡിന്റെ അച്ഛന്‍ എഡ്വിനും പോകുന്നു.അവരുടെ ആല്ബെര്‍ക്യുകെ-കാലിഫോര്‍ണിയ യാത്രയും അതിന്‍റെ ഇടയ്ക്ക് നടക്കുന്ന രസകരമായ സംഭവങ്ങളും യാത്രയുടെ അവസാനം  അവരില്‍ എന്താണ് അവശേഷിക്കുന്നതും എന്നതാണ് കഥ.ഈ ചിത്ര, രണ്ടു ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു.മികച്ച സഹ നടനും തിരക്കഥയ്ക്കും ഉള്ള പുരസ്ക്കാരങ്ങള്‍ ആണ് ചിത്രത്തിന് ലഭിച്ചത്.വളരെ നല്ലൊരു ഫീല്‍ ഗുഡ് ചിത്രം ആണ് Little Miss Sunshine.

More movie suggestions @www.movieholicviews.blogspot.com

447.MASAAN(HINDI,2015)

447.MASAAN(HINDI,2015),|Drama|,Dir:-Neeraj Ghaywan,*ing:-Richa Chadda, Sanjay Mishra, Vicky Kaushal.

  ജീവിതത്തില്‍ നേരിടുന്ന അപ്രതീക്ഷിതമായ ദുരിതങ്ങള്‍ അവരെ മാനസികമായി തളര്‍ത്തുന്നു.സാമൂഹിക വ്യവസ്ഥിതിയെ ഭയക്കുന്ന ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ ജീവിക്കുന്ന അവരുടെ ജീവിതം പല ബന്ധങ്ങളാല്‍ പിണഞ്ഞു കിടക്കുന്നു.മസാനിലെ മുഖ്യ രണ്ടു കഥാപാത്രങ്ങളായ ദേവിയും ദീപകും പരസ്പ്പരം പരിചയം ഇല്ലെങ്കിലും അവരുടെ ലോകം ഒരു പരിധി വരെ ഒന്നാണ്.എന്നാല്‍ സ്വഭാവ രീതികളില്‍ വലിയ അന്തരം കാണാനും സാധിക്കും.ജീവിതത്തില്‍ അപാരമായ ധൈര്യം കാണിക്കുന്ന ദേവി അവള്‍ വളര്‍ന്ന പരിതസ്ഥിതി അനുസരിച്ച് ഇങ്ങനെ അല്ലായിരുന്നു ജീവിക്കേണ്ടി വരുക.എന്നാല്‍ അവള്‍ സ്വന്തമായ നിലപ്പാടുകള്‍ എടുക്കേണ്ടി വരുന്നു.ജീവിതം തന്നെ മറ്റൊരാളുടെ ഭിക്ഷ ആയി മാറുമ്പോള്‍ അതിന്‍റെ പ്രതിഫലം അവളുടെ അച്ഛന്റെ ചിന്തകള്‍ക്കും അപ്പുറം ആണ്.ഒരു സംസ്കൃത അദ്ധ്യാപകന്‍ ആയിരുന്ന ഒരാള്‍ അങ്ങനെ ഒക്കെ ചിന്തിക്കുന്നതില്‍ വൈചിത്ര്യം ഇല്ല.ദേവിയെ തളര്‍ത്തുന്ന  മരണം  പോലും അവള്‍ക്കു ഊര്‍ജം ആണ് നല്‍കുന്നത്.

  കുടുംബത്തിന്‍റെ അവസ്ഥയിലും ശവങ്ങളെ ചുട്ടെരിക്കുന്ന ബനാറസിലെ ആ സമൂഹത്തില്‍ വളര്‍ന്ന ദീപക്കും തന്‍റെ ജീവിതത്തോട് പട പൊരുതുന്നു.എന്നാല്‍ അത് മനസ്സ് നിറയെ ചിരിച്ചു നിഷ്ക്കളങ്കം ആയാണ്.അവന്‍ തന്റെ ഭാവിയെ നേരിടുന്നത്.ക്യാമ്പസ് പ്ലേസ്മെന്റില്‍ ഒരു ജോലി പ്രതീക്ഷിക്കുന്ന ആ ചെറുപ്പക്കാരന്‍ ഇന്ത്യയിലെ ഏതൊരു ചെറു പട്ടണത്തിലും കാണാവുന്ന  മുഖം ആണ്.എന്നാല്‍ അയാളുടെ ജീവിതത്തിലെ യാതനകള്‍ ഉണ്ടാകുന്ന ആ നിമിഷം പ്രേക്ഷകന്‍റെ മനസ്സിലും നൊമ്പരം ആകുന്നുണ്ട്.സ്വഭാവ സവിശേഷതകള്‍ മുഖ്യ കഥാപാത്രങ്ങള്‍ എന്ന പോലെ ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.Gangs Of Wasseypur ല്‍ അനുരാഗ് കഷ്യപ്പിന്റെ സംവിധാന സഹായി ആയിരുന്ന നീരജ് പിന്നീട് Ugly yil സെക്കണ്ട്‌ യൂനിറ്റ് ഡയറക്ട്ടര്‍ ആയപ്പോള്‍  തന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്തപ്പോള്‍ സങ്കീര്‍ണമായ,വെളിച്ചം അധികം പ്രതീക്ഷയായി വരാത്ത ഒരു ചിത്രം ആണ് തിരഞ്ഞെടുത്തത്.

  യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും നോക്കുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിലും ഇങ്ങനത്തെ അവസ്ഥയില്‍ രക്ഷിക്കാന്‍ അമാനുഷിക ശക്തികള്‍ ഒന്നും പിറവി എടുക്കില്ല എന്ന വസ്തുത സംവിധായകനും തിരക്കഥകൃത്തും കണക്കില്‍ എടുത്തിട്ടുണ്ട്.സാധാരണക്കാരന്റെ ജീവിതം.അതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അയാള്‍ക്ക്‌ പൊരുതാന്‍ ഉള്ള ശക്തി മാത്രം ആണ് കൈമുതല്‍ ആയി ഉള്ളത്.ഹിന്ദിയിലെ മുഖ്യധാര കൊമേര്‍ഷ്യല്‍ ചിന്തകളില്‍ നിന്നും മാറി സഞ്ചരിച്ച ഈ ചിത്രത്തില്‍ പ്രേക്ഷകനെ ത്രില്‍ അടുപ്പിക്കുന്ന ഒന്നും ഇല്ല.എന്നാല്‍  ഈ ചിത്രം ആണ് ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ സംസാരം.കാന്‍സില്‍  FIPRESCI Prize,Un Certain Regard – Avenir Prize എന്നീ വിഭാഗത്തില്‍ വളരെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഒരു ഇന്ത്യന്‍ ചിത്രം അര്‍ഹം ആകുന്നത്.ഇത്തരം  ചിത്രങ്ങളുടെ വിജയം ഹിന്ദി സിനിമയില്‍ വ്യത്യസ്ഥത പരീക്ഷിക്കുന്ന എല്ലാവര്ക്കും പ്രചോദനം ആകും.ഇതൊക്കെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നവയാണ്.അല്ലെങ്കില്‍ ഇതൊക്കെ ജീവിതത്തില്‍ സാധിക്കാന്‍ സാധ്യത ഉള്ളതാണ് എന്നും ചിത്രം പറയാതെ പറയുന്നുണ്ട്.”ഞാന്‍ സ്റ്റീവ് ലോപസ്” പോലുള്ള ചിത്രങ്ങള്‍ ഇഷ്ടമായിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രത്തിലെ അതിസാധാരണമായ സാധാരണ കാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ഇന്ത്യന്‍ സിനിമയില്‍ ഈ ചിത്രം അല്‍പ്പ ദിവസം എങ്കിലും ബ്രഹ്മാണ്ട ചിത്രങ്ങളുടെ ഒപ്പം സംസാര വിഷയം ആകാന്‍ സാധ്യത ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com

446.SEVEN PSYCHOPATHS(ENGLISH,2012)

446.SEVEN PSYCHOPATHS(ENGLISH,2012),|Crime|Comedy|,Dir:-Martin McDonagh,*ing:-Colin Farrell, Woody Harrelson, Sam Rockwell .

  കഥാപാത്ര സൃഷ്ടിയിലും കഥ അവതരിപ്പിക്കുന്ന രീതിയിലും വ്യത്യസ്തതയും അതെ സമയം ഒരു “ക്ലാസിക് കള്‍ട്ട്” entertainer എന്ന രീതിയിലും പുതുമ ഉള്ള ചിത്രം ആണ് Seven Psychopaths.ഭ്രാന്തമായ ഒരു ആശയം ആണ് സിനിമയുടെ കഥയായി അവതരിപ്പിക്കുന്നത്‌.സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ത മനോനില ഉള്ള കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍.വൈകാരികമായ നിലയിലും അവരുടെ ഓരോ ചുവടുവയ്പ്പിലും ഒരു വ്യക്തിത്വം കാത്തു സൂക്ഷിച്ച ഒരു കൂട്ടം ആളുകളുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം അതേ മൂഡില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

   തന്‍റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന മാര്‍ട്ടി തന്‍റെ കഥാപാത്രങ്ങള്‍ ആകാന്‍ 7 ഭ്രാന്തന്മാരെ തിരയുകയാണ്.എഴുത്തുകാരുടെ പേടി സ്വപ്നം ആയ Writers Block ലൂടെ ആണ് അയാളുടെ കഥാ രചന നീങ്ങുന്നത്‌.ഒരു കഥാപാത്രത്തിന്റെ പോലും സ്വഭാവ സവിശേഷത അയാള്‍ക്ക്‌ കടലാസില്‍ പകര്‍ത്താന്‍ സാധിക്കുന്നില്ല.തന്‍റെ കാമുകിയോടൊപ്പം താമസിക്കുന്ന മാര്‍ട്ടിയുടെ ഉറ്റ സുഹൃത്താണ് ബില്ലി.ഒരു നടന്‍ ആകാന്‍ ഉള്ള ആഗ്രഹത്തില്‍ നടക്കുന്ന ബില്ലി അയാളെ വ്യത്യസ്തമായ സ്വഭാവ വിശേഷതകള്‍ ഉള്ള കഥാപാത്രങ്ങളെ കണ്ടെത്താന്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.ബില്ലിയുടെ കഥകളില്‍ നിന്നും ഓരോ കഥാപാത്രത്തെയും കണ്ടെത്താന്‍ മാര്‍ട്ടി ശ്രമിക്കുമ്പോള്‍ അവര്‍ പലരും മാര്‍ട്ടിയുടെ ജീവിതത്തിലേക്ക് തനിയെ എത്തി ചേരുന്നു.മാര്‍ട്ടിയുടെ തിരക്കഥ രചനയില്‍ ഈ കഥാപാത്രങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നാണു ചിത്രത്തിന്‍റെ ബാക്കി കഥ.

  കഥാപാത്രങ്ങള്‍ ആയി സ്ക്രീനില്‍ വരുന്നവര്‍ എല്ലാം തന്നെ മികച്ചതായി തോന്നി.ഒരു ഭ്രാന്തന്‍  ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ എല്ലാം തന്നെ അത് കൊണ്ട് അവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ കാരണം കുറേ ഏറെ ചിരിക്കാന്‍ വക നല്‍കുന്നുണ്ട്.അത് പോലെ തന്നെ മനസ്സില്‍ ദു:ഖം ഉളവാക്കുന്ന കഥാപാത്രങ്ങള്‍ പലപ്പോഴും അവരുടെ വിധി തീരുമാനിക്കുന്നു.ഗയ് റിച്ചി സിനിമകളുടെ ഒരു മൂഡ്‌ ആണ് ഈ ചിത്രത്തിനും ഉള്ളത്.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാവുന്ന ഒരു ചിത്രം.ക്ലൈമാക്സ് ഒക്കെ ഗംഭീരം ആയി മാറി.പ്രേക്ഷകനെയും പല വൈകാരിക തലങ്ങളില്‍ എത്തിക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്കെല്ലാം സാധിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

445.VAVIEN(TURKISH,2009)

445.VAVIEN(TURKISH,2009),|Comedy|Drama|,Dir:-Durul Taylan, Yagmur Taylan,*ing:-Engin Günaydin, Binnur Kaya, Settar Tanriögen .

  ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍  ഒരു  സ്വിച്ചിന്റെ അതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരു  സ്ഥലത്ത് ഘടിപ്പിച്ച  സ്വിച്ചിനാണ് ടര്‍ക്കിഷ് ഭാഷയില്‍ വാവിയെന്‍ എന്ന് പറയുന്നത്.ഈ ചിത്രത്തില്‍ ഈ പേരിനു നല്ല പ്രാധാന്യം  ഉണ്ട്.വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടിയും ആയി കഴിയുന്ന ഒരാള്‍ മറ്റൊരു  സ്ത്രീയില്‍  അനുരക്തന്‍ ആകുമ്പോള്‍ അയാളുടെ സ്നേഹം എന്ന വികാരം ഏറ്റു വാങ്ങാന്‍ തയ്യാറായ  ഒരു സ്ത്രീ ഉണ്ടെങ്കിലും അത് കാണാതെ പോകുന്ന ജലാല്‍ എന്ന മധ്യ വയസ്ക്കന്‍ ആണ് സിനിമയിലെ മുഖ്യ കഥാപാത്രം.അങ്ങനെ  ഒരു  സെക്കണ്ടറി  സ്വിച്ച് ആകാന്‍ വിധിക്കപ്പെട്ടവള്‍ ആയിരുന്നു സെവിലേ.

  സെവിലെയുടെ വേരുകള്‍ ജര്‍മനിയില്‍ ആയിരുന്നു.അവരുടെ പിതാവ് മാസം യൂറോ അയച്ചു കൊടുക്കുമായിരുന്നു ജലാല്‍ അറിയാതെ.ജലാലിന്റെ ആഡംബര  ജീവിതം അയാളെ കടക്കാരന്‍ ആക്കുന്നു.പട്ടണത്തില്‍ ഇലക്ട്രിക്കല്‍ നടത്തുന്ന ജലാലിനും പാര്ട്ട്നര്‍ക്കും എന്നാല്‍ നഷ്ടം ആയിരുന്നു കച്ചവടം.ഒരു സ്ക്കൂളിലെ വലിയ ഇലക്ട്രിക്കല്‍ പ്രോജക്റ്റ് കിട്ടിയിട്ടുണ്ടെന്ന് എല്ലാരേയും പറഞ്ഞു വിശ്വസിപ്പിച്ച  അവര്‍ ജോലിയില്‍ തങ്ങള്‍ പ്രഗല്‍ഭര്‍ ആണെന്ന് നാട്ടുകാരുടെ മുന്നില്‍ കാണിക്കാനും വാരാന്ത്യത്തില്‍ ജീവിതം ആഘോഷിക്കാനും ഒക്കെ പോകുന്നു.

  ജലാലിനു സേവിലയുടെ പണത്തെ കുറിച്ച് അറിവുണ്ടായിരുന്നു.അയാള്‍ ഭാര്യ അറിയാതെ അവര്‍ അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്നും ചെറുതായി മോഷണം നടത്താറും ഉണ്ട്.എന്നാല്‍ ഒരു ദിവസം അയാള്‍ക്ക്‌  പണത്തിന്റെ ആവശ്യം കൂടി വന്നു.അയാള്‍ ഭാര്യയുടെ പണം മൊത്തം സ്വന്തം ആക്കാന്‍ തീരുമാനിച്ചു.അതിനായി അയാള്‍ തന്ത്രങ്ങള്‍ മെനയുന്നു.ആദ്യ കുറച്ചു രംഗങ്ങള്‍ സാധാരണ കുടുംബ ചിത്രം പോലെ പോയെങ്കിലും “ചിലരുടെ ഭാഗ്യം ചില ദിവസങ്ങളില്‍ കൂടുതലായിരിക്കും എന്നും തെറ്റ് തിരുത്താന്‍  ഒരു അവസരം കിട്ടിയാല്‍ എന്ത് ചെയ്യണം ” എന്നും  ഉള്ള ചിന്തകള്‍ അവശേഷിപ്പിച്ചും അവസാനിക്കുന്നു.ഒരു കൊച്ചു നല്ല ചിത്രം ആണ് Vavien.

 More movie suggestions @www.movieholicviews.blogspot.com

444.MERANTAU(INDONESIAN,2009)

444.MERANTAU(INDONESIAN,2009),|Action|Drama|,Dir:-Gareth Evans,*ing:-Iko Uwais, Sisca Jessica, Christine Hakim

  Raid പരമ്പരയിലെ ആദ്യ രണ്ടു ഭാഗങ്ങള്‍ കാണാത്തവര്‍  ചുരുക്കം ആയിരിക്കും.മൂന്നാമത്തെ ഭാഗം Raid  3 വരുന്നത് സ്ഥിരീകരിക്കുകയും  ചെയ്തു അണിയറക്കാര്‍.ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമ എന്നൊക്കെ Raid ആദ്യ ഭാഗത്തെ വിളിച്ചാല്‍ അതിശയോക്തി ഇല്ല എന്ന് പറയാം.ബ്രൂസ്‌ലിയെ  ഒന്നും മറന്നല്ല  പറയുന്നത്.ബ്രൂസ്‌ലി സിനിമകളിലെ വില്ലന്മാരും പ്രശസ്തര്‍ ആയി തീര്‍ന്നു എങ്കിലും Raid പരമ്പരയിലെ  വില്ലന്മാരെ.പ്രത്യേകിച്ചും  യയന്‍  റുഹിയാനേ Raid ആദ്യ  ഭാഗം  കണ്ടവര്‍ക്ക് ഒന്നും മറക്കാന്‍ സാധിക്കില്ല.നായകനെക്കാളും കയ്യടി ലഭിച്ച യയന്റെ ഒക്കെ സിനിമ ജീവിതത്തിലെ ആദ്യ റോള്‍ ആയിരുന്നു ഇത്.അത് പോലെ തന്നെ  ആയിരുന്നു തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ച  ഐക്കോ ഉവെയ്സിന്റെ കാര്യവും.Merantau ആണ് ആളുടെയും ആദ്യ പടം.സംവിധായകന്‍ Raid പരമ്പരയിലൂടെ പ്രശസ്തന്‍ ആയ ഗാരത് ഇവാന്‍സും.

  ചുരുക്കത്തില്‍ Raid പരമ്പരയുടെ ആദ്യ ഭാഗം തുടങ്ങുന്നത് Merantau ല്‍ ആണ്.കഥ സംബന്ധം ആയ തുടക്കം അല്ല.പകരം അതിഭീകരം ആയ ഒരു സിനിമ ക്രൂ ഇവിടെ നിന്നും ജനനം കൊള്ളുന്നു.ഒരു ഇന്തോനേഷ്യന്‍ സിനിമ ലോകം മൊത്തം അതിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ പ്രശസ്തം ആയപ്പോള്‍ സിലാറ്റ് എന്ന ആയോധന രീതിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.ഇന്തോനേഷ്യയില്‍ പ്രചാരത്തില്‍ ഉള്ള ആയോധന കലയാണ് സിലാറ്റ്.യുദ എന്ന യുവാവ് അതില്‍ മിടുക്കന്‍ ആണ്.മെരന്റോ എന്ന വിഭാഗത്തിലെ ആളുകള്‍ പഠനം കഴിയുമ്പോള്‍ നാട് വിട്ടു പോയി സമ്പാദിക്കുന്ന സംസ്ക്കാരം വച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു.അതിന്‍റെ ഭാഗം ആയി യുദായും തന്‍റെ കുടുംബത്തെ വിട്ടു ജക്കാര്‍ത്തയില്‍ പോകുന്നു.സിലാറ്റ് ജക്കാര്‍ത്തയില്‍ ഉള്ള കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു യുദായുടെ ഉദ്ദേശം.

  എന്നാല്‍ ജക്കാര്‍ത്തയില്‍ എത്തിയ യുദായ്ക്ക് തന്റെ പരിചയക്കാരന്റെ മേല്‍വിലാസത്തില്‍ ആരെയും കാണാന്‍ സാധിച്ചില്ല.അവിടെ അവന്‍ എങ്ങനെയൊക്കെയോ കഴിഞ്ഞു കൂടുമ്പോള്‍ ആണ് ഒരു ദിവസം യുദായുടെ നേരെ ഒരു മോഷണ ശ്രമം നടക്കുന്നത്.ആദിത് എന്ന ബാലന്‍ ആയിരുന്നു ആ ശ്രമം നടത്തിയത്.അവന്റെ പിന്നാലെ ഓടിയ യുദാ എത്തി ചേര്‍ന്നത്‌ ഒരു വലിയ അപകടത്തില്‍ ആയിരുന്നു.പെണ്‍ക്കുട്ടികളെ കടത്തി കൊണ്ട് പോകുന്ന ഒരു റാക്കറ്റ് ആയിരുന്നു എതിരാളികള്‍.കഥയില്‍ പുതുമ ഒന്നും ഇല്ലെങ്കിലും മികച്ച ആക്ഷന്‍ കൊറിയോഗ്രാഫി ആണ് സിനിമയില്‍ ഉള്ളത് Raid പോലെ തന്നെ.അസാധാരണമായ ഒറിജിനാലിറ്റി ഉള്ള അപകടകരമായ  ആക്ഷന്‍ സീനുകള്‍ ആണ് പടത്തിന്റെ ഹൈ ലൈറ്റ്.Raid സിനിമയുടെ ആരാധകര്‍ക്കും ആയോധന കള പ്രമേയം ആയി വരുന്ന സിനിമകളുടെ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ചിത്രം ആണ് Merantau.

More movie suggestions @www.movieholicviews.blogspot.com

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986),|Crime|Drama|,Dir:- John McNaughton,*ing:-Michael Rooker, Tracy Arnold, Tom Towles

  ഹെന്‍ട്രി ലീ ലൂക്കാസ്-അമേരിക്കയിലെ പരമ്പര കൊലപാതക കേസുകളില്‍ ഏറ്റവും കൂടുതല്‍ നിഗൂഡവും വിവാദവും ആയ കേസുകളിലെ കൊലപാതകി .ഹെന്‍ട്രി ,താന്‍ അറുന്നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസില്‍ കുറ്റം ഏല്‍ക്കുന്നു.അതും സ്വന്തം അമ്മയെ കൊന്ന കേസില്‍ നിന്നും ജയില്‍ മോചിതന്‍ ആയ 1975 മുതല്‍ 1983 വരെയുള്ള കാലയളവില്‍.തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുകയും അതില്‍ പ്രത്യേകിച്ച് ഒരു രീതി അവലംബിക്കുകയോ ചെയ്യാത്ത ബുദ്ധിമാനായ കൊലയാളി ആയിരുന്നു ഹെന്‍ട്രി.ഇംഗ്ലീഷ് അക്ഷര ക്രമ മാല,ദിവസം,കൊലപാതകം നടന്ന സ്ഥലങ്ങള്‍ തമ്മില്‍ ഉള്ള ദൂരം അളക്കല്‍,സുഹൃത്തുക്കളെ കൊല്ലുക എന്നീ മണ്ടത്തരങ്ങള്‍ ചെയ്യാത്തത് കൊണ്ട് തന്നെ ആകും അയാളില്‍ ആര്‍ക്കും സംശയം  തോന്നാത്തതും. അന്നത്തെ ശാസ്ത്രീയമായ  രീതിയില്‍ കുറ്റ കൃത്യങ്ങള്‍ കണ്ടെത്താന്‍ ഉള്ള ഉപകരണങ്ങളുടെ അഭാവത്തില്‍ ഹെന്‍ട്രി തുടക്കം ഒന്നും കൊലപാതകി ആയി പോലീസിനു തോന്നിയില്ല എന്ന് മാത്രം അല്ല അയാളുടെ ഒതുങ്ങി കൂടിയ ജീവിതം അയാളെ പോലീസിന്റെ കണ്ണില്‍ എത്തിച്ചും ഇല്ല.

  ഇത് യഥാര്‍ത്ഥ ഹെന്‍ട്രിയുടെ  കഥ.എന്നാല്‍ അയാളുടെ കഥ സിനിമ ആക്കിയപ്പോള്‍ ജോണ്‍ മക് നോട്ടന്‍ എന്ന സംവിധായകന്‍ അധികം നിറം പിടിപ്പിക്കുകയോ നാടകീയത കൊടുക്കുകയോ ചെയ്തില്ല.പകരം ചില രംഗങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍  ഉള്ളത് കൊണ്ട് ബന്ധങ്ങള്‍ മാത്രം  മാറ്റി കൊടുത്തു.ഹെന്‍ട്രി ചുരുക്കത്തില്‍ ആരെയും സ്നേഹിക്കുന്നില്ല.സ്ത്രീകള്‍ അയാളുടെ അടുത്ത് വരുമ്പോള്‍ അയാളിലെ കൊലപാതകി ഉണരും.ചെറുപ്പത്തില്‍ സ്വന്തം അമ്മയില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍ ആണ് അയാളെ കൊണ്ട് അതൊക്കെ ചെയ്യിക്കുന്നത്.പല കൊലപാതകങ്ങളും പിന്നീട് അയാള്‍ ചെയ്തത് അല്ല എന്ന് തെളിഞ്ഞിരുന്നു.എങ്കിലും അയാളുടെ കൊലപാതകങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ആയിരുന്നു.

  ഈ സിനിമയില്‍ നേരത്തെ പറഞ്ഞത് പോലെ നാടകീയ വിഷയങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ഭീകരമായ ട്വിസ്റ്റ് ഉള്ള ക്ലൈമാക്സ് ഒന്നും കാണില്ല.പകരം രക്തം കട്ട പിടിക്കുന്ന രീതിയില്‍ പ്രേക്ഷകനില്‍ ഒരു ഭീതി നിറയ്ക്കാന്‍ സാധിക്കുന്ന ഹെന്‍ട്രി എന്ന കഥാപാത്രത്തെ മാത്രമേ കാണാന്‍ സാധിക്കൂ.സംവിധായകന്‍ ആയ ജോണിന്റെ അഭിപ്രായത്തില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ നില വിളിച്ചതും പിന്നീട് വളരെയധികം സരസനും മാന്യനുമായ നായക കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കിളിനെ കണ്ടു ഒരു സ്ത്രീ പേടിച്ച കഥയും പറഞ്ഞു.യഥാര്‍ത്ഥ സംഭവങ്ങളോട് പരമാവധി നീതി പാലിച്ചത് കൊണ്ട് തന്നെ X റേറ്റിംഗ് ലഭിച്ച ഈ ചിത്രം തിയറ്റരുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.എന്തായാലും ചിത്രത്തില്‍ മിക്ക  കഥാപാത്രങ്ങളും ജീവിതത്തിലെ സ്വന്തം പേരാണ് സ്വീകരിച്ചിരിക്കുന്നത്.സീരിയല്‍ കില്ലര്‍ സിനിമകളിലെ ഏറ്റവും ഭീകരമായ ചിത്രങ്ങളില്‍ ഒന്നാണ് ഹെന്‍ട്രിയുടെ കഥ.

more movie suggestions @www.movieholicviews.blogspot.com

442.THE MAN WHO COULD WORK MIRACLES(ENGLISH,1936)

442.THE MAN WHO COULD WORK MIRACLES(ENGLISH,1936),|Fantasy|Comedy|,Dir:-Lothar Mendes,*ing:-Roland Young, Ralph Richardson, Edward Chapman .

    H G Wells എഴുതിയ അതേ പേരില്‍ ഉള്ള ചെറു കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നാസികള്‍ ഉയര്‍ത്തിയ ഭീഷണിയും ബ്രിട്ടന്റെ ഒപ്പം ലോക ശക്തി ആകാന്‍ നടക്കുന്ന മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും അവരുടെ സാമ്രാജ്യത്തിന്റെ വിസ്തീര്‍ണം കൂട്ടാന്‍ നോക്കുന്ന ഒരു കാലഘട്ടത്തില്‍ ഇറങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ അക്കാലത്തെ സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന രാഷ്ട്രീയം ഒക്കെ ഫാന്റസിയുടെ മേമ്പൊടി ചേര്‍ത്ത് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അത് സിനിമയുടെ രാഷ്ട്രീയ വശം .എന്നാല്‍ ഈ സിനിമയുടെ ആശയം ആണ് രസകരം.ആഗ്രഹിക്കുന്നതെന്തും സാധ്യം ആക്കാന്‍ കഴിവുള്ള ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അയാള്‍ അത് കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്ന എന്ന  ചിന്തയാണ് ഈ ചിത്രം നല്‍കുന്നത്.ആ മനുഷ്യന്‍ നല്ല മനസ്സുള്ള ഒരു സാധാരണക്കാരന്‍ ആണെങ്കിലോ??

     മൂന്നു ദേവന്മാര്‍ മനുഷ്യന്‍റെ ജീവിതത്തെ കുറിച്ചും അവര്‍ പരിണമിച്ച വഴികളെ കുറിച്ചും ഉള്ള സംസാരത്തില്‍ ആണ് ചിത്രം ആരംഭിക്കുന്നത്.രണ്ടു പേര്‍ മനുഷ്യന്‍റെ കഴിവുകളെ പരിഹസിച്ചപ്പോള്‍ മൂന്നാമത്തെ ആള്‍ മനുഷ്യന് ശക്തികള്‍ കൊടുത്താല്‍ അവന്‍ ഇനിയും പുരോഗമിക്കും എന്ന അഭിപ്രായം ആണുള്ളത്.അത് കൊണ്ട് മനുഷ്യര്‍ക്ക്‌ മുഴുവന്‍ താന്‍ അത്തരം കഴിവ് നല്‍കാന്‍ പോവുകയാണെന്ന് പറഞ്ഞു.എന്നാല്‍ മറ്റു രണ്ടു ദേവന്മാരും അതിനെ എതിര്‍ക്കുന്നു.സാമ്പിള്‍ ആയി ഒരു മനുഷ്യനെ തിരഞ്ഞെടുക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു.അതിനു സമ്മതിച്ച മൂന്നാമത്തെ ദേവന്‍ അതിനായി തിരഞ്ഞെടുക്കുന്നത് ജോര്‍ജ് ഫോതരിന്ഗേ എന്ന നിഷ്ക്കളങ്കനും സാധാരണക്കാരനും ആയ മനുഷ്യനെ ആയിരുന്നു.

  ഒരു മദ്യ ശാലയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് അയാള്‍ക്ക് ഈ കഴിവ് ലഭിക്കുന്നത്.ആഗ്രഹിക്കുന്നതെന്തും,മനുഷ്യന്‍റെ മനസും ചിന്തയും ഒഴികെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ് ലഭിച്ച ഫോതരിന്ഗേ എന്ന സാധാരണക്കാരന്‍ അതെങ്ങനെ വിനിയോഗിച്ചു എന്നാണു ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഒരു പക്ഷെ അന്നത്തെ ടെക്നോളജി ഉപയോഗിച്ചുള്ള ഏറ്റവും മികച്ച അത്ഭുതങ്ങള്‍ ആയിരിക്കും സ്ക്രീനില്‍ കാണിച്ചിട്ടുണ്ടാവുക.കാരണം ഇന്നത്തെക്കാലത്ത് ഒരു വലിയ ബട്ജറ്റ് ചിത്രത്തിന് വേണ്ടുന്ന അത്ര ഗ്രാഫിക്സ് വര്‍ക്കുകള്‍ ആ ചിത്രത്തില്‍ ഉണ്ട്.എന്നാല്‍ അവതരിപ്പിച്ചിരിക്കുന്നത് അന്നത്തെ ലഭ്യമായ മികച്ച രീതിയില്‍ ആയിരുന്നിരിക്കണം എന്ന് അനുമാനിക്കുന്നു .

More movie suggestions @www.movieholicviews.blogspot.com

441.UNFRIENDED(ENGLISH,2014)

441.UNFRIENDED(ENGLISH,2014),|Horror|Thriller|,Dir:-Levan Gabriadze,*ing:-Heather Sossaman, Matthew Bohrer, Courtney Halverson.

      ഒരു സിനിമ മൊത്തം Skype,Youtube,Facebook,പിന്നെ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ആപ്ലികേഷനിലൂടെയും മാത്രം അവതരിപ്പിച്ചിരിക്കുന്നു -Unfriended അഥവാ  Cybernatural എന്ന ചിത്രത്തില്‍.The Den എന്ന ചിത്രത്തിലും സമാനമായ അവതരണ  രീതി ആയിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറ ഇടയ്ക്കെങ്കിലും പുറം കാഴ്ചകള്‍ എടുത്തിരുന്നു.എന്നാല്‍ ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത് ബ്ലെയര്‍ എന്ന പെണ്‍ക്കുട്ടിയുടെ ലാപ് ടോപ്‌ സ്ക്രീനിലൂടെ ആണ്.പുതിയ തലമുറ തങ്ങളുടെ ജീവിതവും ബന്ധങ്ങളും എല്ലാം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആണെന്നുള്ള ധ്വനി ചിത്രം നല്‍കുന്നുണ്ട്.

   ലോറ എന്ന പെണ്‍ക്കുട്ടി ആത്മഹത്യ ചെയ്യുന്നത് യൂടൂബില്‍ ബ്ലെയര്‍ കാണുന്നിടത്ത് നിന്നാണ് ഈ ചിത്രം തുടങ്ങുന്നത്.അന്ന് ലോറ മരിച്ചതിന്റെ ആദ്യ വാര്‍ഷികം ആയിരുന്നു.അപ്പോഴാണ്‌ ബ്ലെയറിന്റെ കാമുകന്‍ മിച്ച്‌ ഓണ്‍ ലൈന്‍ വരുന്നത്.സ്കൈപ്പില്‍ വീഡിയോ ചാറ്റ് നടത്തിക്കൊണ്ടിരുന്ന അവരുടെ ഇടയിലേക്ക് പെട്ടന്ന് സ്കൈപ്  ഗ്രൂപ്പ് ചാറ്റ് ഓണ്‍ ആയി വന്നു.അവരുടെ സുഹൃത്തുക്കള്‍ ആയ ജെസ്,ആഡം,കെന്‍ എന്നിവര്‍ ആയിരുന്നു ഗ്രൂപ്പ് ചാറ്റില്‍ ബാക്കി ഉള്ളവര്‍.ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ അവര്‍ അറിയാത്ത ഒരു അക്കൌന്റ് കൂടി അവര്‍ കാണുന്നു.അതാരാണെന്നു അവര്‍ക്ക് മനസ്സിലാകുന്നില്ല.ആ സമയം മരിച്ച ലോറയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും മെസേജുകള്‍ വരുന്നു.അവര്‍ക്ക് സംശയം “വാല്‍ റോമേല്‍ ” എന്ന മറ്റൊരു സഹപാഠിയെ ആണ്.അവര്‍ അവളെയും താല്‍പ്പര്യം ഇല്ലാഞ്ഞിട്ടു കൂടി ആ ഗ്രൂപ്പ് ചാറ്റില്‍ കൂട്ടുന്നു.

  എന്നാല്‍ പിന്നീട് നടന്നതൊക്കെ അപ്രതീക്ഷിതം  ആയ സംഭവങ്ങള്‍ ആയിരുന്നു.ഒരവസരത്തില്‍ glitch ആണെന്ന് പോലും കരുതിയ ആ അജ്ഞാത അക്കൌന്റ് അപകടകരം ആയ ഒന്നായി മാറുന്നു.അവരുടെ എല്ലാം ജീവന് വില പറയുന്നു.ആരായിരുന്നു ആ അക്കൌണ്ടിന്റെ പിന്നില്‍?ക്ലീഷേ കഥ ആണെങ്കിലും ചിത്രം അവതരിപ്പിച്ച രീതി പുതുമ ഉള്ളതായിരുന്നു.ഒരു ഓണ്‍ ലൈന്‍ ചാറ്റ് നടത്തുന്ന ലാഘവത്തോടെ കണ്ടിരുന്ന സിനിമ പിന്നീട് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ആയി മാറുമ്പോഴും ഒരു ത്രില്ലര്‍ സിനിമയുടെ മികവ് നിലനിര്‍ത്തി.ഇനി ഈ ചിത്രത്തിന്‍റെ ബിസിനസ് വശം കൂടി നോക്കൂ.വെറും 1 മില്ല്യന്‍ $ മുടക്കിയ ഈ ചിത്രം 54 മില്ല്യന്‍ $ കളക്ഷന്‍ നേടി വന്‍ ലാഭം നേടി കൊടുക്കുകയും ചെയ്തു.കഥാപരമായി  പുതുമ ഇല്ലെങ്കിലും അവതരണ രീതിയുടെ പുതുമ ഈ ചിത്രം ഒരു പ്രാവശ്യം കാണാവുന്ന ഒന്നാക്കി മാറ്റുന്നുണ്ട് .

More movie suggestions @www.movieholicviews.blogspot.com

440.THE CONSPIRACY(ENGLISH,2012)

440.THE CONSPIRACY(ENGLISH,2012),|Mystery|Thriller|,Dir:-Christopher MacBride,*ing:-Aaron Poole, James Gilbert, Ian Anderson |.

   Conspiracy തിയറികള്‍ പലപ്പോഴും ലോകത്ത് പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ ഒക്കെ  ചേര്‍ത്ത് പ്രചരിക്കാറുണ്ട്.ഈ തിയറികള്‍ പലപ്പോഴും വിശ്വസനീയം ആയ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.ദിവസം,മാസം,വര്‍ഷം,വ്യക്തികള്‍ എന്നീ എല്ലാ ഘടകങ്ങളും പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് കൊണ്ട് നടത്തുന്ന ഇത്തരം തിയറികള്‍ വായിക്കുന്ന ആളുകള്‍ പെട്ടന്ന് വിശ്വസിക്കുകയും ചെയ്യും.ഒരിക്കല്‍ ഇത്തരം തിയറികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ എന്തിനും ഏതിനും ഇവയുടെ പിന്നാലെ പോകുന്ന ചിലരെങ്കിലും ഉണ്ട്.അപ്രത്യക്ഷമായ  മലേഷ്യന്‍ വിമാനം,ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയതു,9/11 മുതല്‍ നമ്മുടെ ഇന്ത്യയില്‍ പോലും നടക്കുന്ന സംഭവങ്ങളുടെ പേരില്‍  ഇത്തരം ധാരാളം  Conspiracy തിയറികള്‍ പ്രചാരത്തില്‍ ഉണ്ട്.

   എന്നാല്‍ ഇതിലൊക്കെ ഏറ്റവും വലുതാണ്‌ ലോകം ഭരിക്കുന്നതും ലോകത്തെ എല്ലാ സംഭവങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന സീക്രട്ട് ഏജന്‍സികള്‍ ഒക്കെ.The Illuminati,The Knight Templar,The Gilderbeg Group തുടങ്ങി ധാരാളം എലൈറ്റ് ഗ്രൂപ്പുകളുടെ നില നില്‍പ്പ് തന്നെ New World Order കൊണ്ട് വരാന്‍  ഉള്ള ശ്രമം ആണെന്ന് വിശ്വസിക്കുന്നവര്‍ ഏറെ ഉണ്ട്.ലിസ്റ്റില്‍ ഇനിയും ധാരാളം ഗ്രൂപ്പുകള്‍ ഉണ്ട്.ഇത്തരം ഒരു പ്രമേയം ആണ് ക്രിസ്ടഫര്‍ മാക്‌ ബ്രൈഡ് തന്റെ ചിത്രമായ The Conspiracy യ്ക്ക്  പശ്ചാത്തലം ആക്കിയിരിക്കുന്നത്.ഈ കനേഡിയന്‍ Conspiracy സിനിമയില്‍ ടെറന്‍സ്‌ ജി എന്നയാള്‍ ലോകത്തോട്‌ വിളിച്ചു പറയുന്ന തിയറികളില്‍ താല്‍പ്പര്യം തോന്നിയ ആരോണ്‍,ജിം എന്നിവര്‍ ഒരു ഡോക്യുമെന്റ്റി നിര്‍മിക്കാന്‍ പോവുകയും അതിനെ ചുറ്റിപ്പറ്റി ഉള്ള സംഭവങ്ങളും ആണ് ഈ Faux Documentary ചിത്രത്തില്‍ ഉള്ളത്.

  മക് ബ്രൈഡ് ധാരാളം പടങ്ങള്‍ നടത്തിയതിനു ശേഷം ആണ് ഈ ചിത്രം നിര്‍മിച്ചതെന്ന് പറയുന്നു.ഫിക്ഷണല്‍ അയ വിവരങ്ങളും ഒപ്പം സത്യങ്ങളും  ഇതില്‍ ഉണ്ടെന്നു അവകാശപ്പെടുന്നുണ്ട്. Fangoria സൈറ്റില്‍ നടത്തിയ അഭിമുഖത്തില്‍ മക് ബ്രൈഡ് പറഞ്ഞത് ശ്രദ്ധിക്കുക .

FANG: How much of the movie is based on actual cases or people?

MacBRIDE: I tried to make sure the film was a mixture of fact and fiction. Some people are actors, while some are just playing themselves. Many of the conspiracy theories in the film are real ones that we haven’t embellished at all. And even the fictional aspects are based on actual groups and people who do exist in the world. The reason I did this was because that’s what it’s like when you’re looking into a conspiracy theory: It’s so hard to discern fact from fiction.

   ശരിക്കും ഒരു മുറിയില്‍ ഒത്തു ചേരുന്നവര്‍ ലോകത്തെ നിയന്തിര്‍ക്കാന്‍ മാത്രം ശക്തി ഉണ്ടാവുക.ശരിക്കും ഭീകരമായ ഒരു concept അല്ലെ അത്?ഒരു ഡോക്യുമെന്റ്റിയുടെ രൂപത്തില്‍ അവതരിപ്പിച്ച ഈ ചിത്രത്തിലെ പല സംഭവങ്ങളും,പ്രത്യേകിച്ചും മതാചാരങ്ങള്‍,ഹാന്‍ഡ്‌ ഷെയ്ക്ക് എന്നിവ ഒക്കെ പ്രചാരത്തില്‍ ആയതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാനും ചെറുതായി വിശ്വസിക്കുന്നു അതൊക്കെ.പ്രത്യേകിച്ചും മിത്രാസ് ഒക്കെ ശരിക്കും  ഉണ്ടെന്നുള്ള വിവരങ്ങള്‍.Conspiracy Theory  കള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിശ്വസിക്കണോ വേണ്ടയോ എന്ന രീതിയില്‍ തീര്‍ച്ചയായും ഒന്ന് കണ്ടു നോക്കാവുന്ന ചിത്രം ആണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

439.SINISTER(ENGLISH,2012)

439.SINISTER(ENGLISH,2012),|Horror|Mystery|,Dir:-Scott Derrickson,*ing:-Ethan Hawke, Juliet Rylance, James Ransone.

    ഹൊറര്‍ സിനിമകളില്‍ ഭയം തോന്നിപ്പിക്കാനായി   മുടിയും അഴിച്ചു നടക്കുന്ന പ്രേതങ്ങളെക്കാളും പലര്‍ക്കും ഇഷ്ടം  ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന കുറച്ചു രംഗങ്ങള്‍ ആണെന്ന് തോന്നുന്നു .ഒരു ത്രില്ലര്‍ /മിസ്റ്ററി സിനിമ പോലെ കാണുന്ന സമയത്ത് ഉള്ള ചില ചലനങ്ങള്‍.ഹെഡ് ഫോണ്‍ വച്ച് സിനിമ കാണുമ്പോള്‍ പേടിക്കാന്‍ അതൊക്കെ ധാരാളം ആണ്.അത് കൊണ്ട് തന്നെ ആണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രം എനിക്ക് ഇഷ്ടം ആയതും.

   Sinister എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ഹൊറര്‍ നോവലുകള്‍ എഴുതുന്ന എലിസന്‍ ഒസ്വാല്ട്ട്  ആണ്.കുടുംബവും ആയി അയാള്‍ പുതിയ വെട്ടിലേക്ക് മാറുന്നു.തന്‍റെ അവസാനത്തെ നോവല്‍ ഹിറ്റ്‌ എന്ന് പറയാവുന്നത് അയാള്‍ പത്തു വര്‍ഷം മുന്‍പ് ഇറക്കിയ “Kentucky Blood” ആണ്.അതിനു ശേഷം വന്ന രണ്ടു നോവലുകളും ഹിറ്റ്‌ ആയില്ല.അയാള്‍ പുതുതായി താമസിക്കാന്‍ വന്ന സ്ഥലം ഒരു ക്രൈം സീന്‍ ആണ്.ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയെ കാണാതെ ആവുകയും ചെയ്ത വീടാണ് ആ സ്ഥലം.എലിസന്‍ തന്റെ ഭാര്യയേയും കുട്ടികളെയും ഈ വിവരം അറിയിക്കുന്നില്ല.ആ സ്ഥലത്തെ ഷരീഫ് ആ സ്ഥലത്ത് നിന്നും മാറി പോകാന്‍ പറയുന്നുണ്ടെങ്കിലും തന്‍റെ പുതിയ കഥ എഴുതാന്‍ ആ  മരണങ്ങള്‍  നടന്ന സ്ഥലം തന്നെയാണ് എന്നയാള്‍ വിചാരിക്കുന്നു.

  എലിസന്‍ കഥ എഴുതുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു.അവിചാരിതം ആയാണ് അയാള്‍ ആ പെട്ടി കാണുന്നത്.അതില്‍ ഉണ്ടായിരുന്നത് 8 mm ഫിലിമുകളും.ആ ഫിലിമുകളില്‍ ഉള്ളത് അതീവ ഭയാനകവും ആയിരുന്നു.എന്തായിരുന്നു ആ ഫിലിമുകളിലെ ദൃശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ചിത്രത്തിന്‍റെ ആദ്യ സീന്‍ ശ്രദ്ധിക്കാതെ ഇരുന്നപ്പോള്‍ ആണ് പെട്ടന് ഒരു കാര്യം ശ്രദ്ധിച്ചത്.ആദ്യ സീന്‍ തന്നെ നന്നായിട്ടുണ്ട് ഒരു ഹൊറര്‍ പടം എന്ന നിലയില്‍.ചിത്രത്തിലെ ഹൈ ലൈറ്റ് ആണ് 8 mm ഫിലിമുകളില്‍ ഉള്ള വിവരങ്ങള്‍.കുറച്ചൊക്കെ പേടിക്കാന്‍ വേണ്ടി ഹെഡ് ഫോണ്‍ വച്ച് പടം കണ്ടാല്‍ മതിയെന്ന് തോന്നുന്നു.ഇതിന്‍റെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ റിലീസ് ആകുന്നുണ്ട് .

More movie suggestions @www.movieholicviews.blogspot.com

438.THE WRESTLER(ENGLISH,2008)

438.THE WRESTLER(ENGLISH,2008),|Drama|Sports|,Dir:-Darren Aronofsky,*ing:-Mickey Rourke, Marisa Tomei, Evan Rachel Wood.

  ഡാരന്‍ അരനോഫ്സ്ക്കിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെയധികം ചിന്തിക്കാന്‍ ഉള്ള വക തരുന്നവയാണ്.സങ്കീര്‍ണം  ആയ ഫിലോസഫികള്‍ ആണ് അരനോഫ്സ്ക്കി സിനിമകളില്‍ ഉള്ളത്.എന്നാല്‍ The Wrestler എന്ന ചിത്രം കുറച്ചു വ്യത്യസ്തം ആണ്.ഈ ചിത്രത്തില്‍ അതി സങ്കീര്‍ണം ആയ തീമുകള്‍ സംവിധായകന്‍ പ്രേക്ഷകന്‍റെ മുന്നില്‍ വയ്ക്കുന്നില്ല.പകരം ചെറിയ ഒരു ചോദ്യം പ്രേക്ഷകന്‍റെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.ഒരു മനുഷ്യ ജീവന് ബയോളജിക്കല്‍ ആയ  വസ്തുക്കള്‍ അല്ലാതെ ജീവിക്കാന്‍ ഉള്ള ഊര്‍ജം നല്‍കുന്നത് എന്താണെന്ന്.ചോദ്യത്തില്‍ ഉള്ള സങ്കീര്‍ണത എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച സിനിമയില്‍ ഇല്ല.പ്രേക്ഷകന്‍റെ മുന്നില്‍ തന്നെ അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്.അല്‍പ്പം  നൊമ്പരത്തോടെ മാത്രമേ സിനിമയുടെ അവസാന രംഗങ്ങള്‍ കാണാന്‍ സാധിക്കൂ എന്ന് മാത്രം.

  മിക്കി റൂര്‍ക്കിയുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അദ്ദേഹം അവതരിപ്പിച്ച പ്രൊഫഷനല്‍ ഗുസ്തിക്കാരന്‍ ആയ “റാന്റി ‘ദി റാം ‘ റോബിന്‍സണ്‍ “എന്ന കഥാപാത്രം.മുന്‍ക്കൂട്ടി തയ്യാറാക്കിയ തിരക്കഥ ആണ് പ്രൊഫഷനല്‍ ഗുസ്തിയില്‍ ഉള്ളത്.ആര് ജയിക്കും എന്നും അവരുടെ നീക്കങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ആദ്യം തന്നെ തീരുമാനിച്ചിരിക്കും.തിരക്കഥ ആണെങ്കില്‍ പോലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.റാന്റി ‘ദി റാം’ പ്രൊഫഷനല്‍ ഗുസ്തിയിലെ ലെജന്‍ഡ് ആണ്.ആരാധകരും ഒപ്പം മത്സരിക്കുന്നവരും എല്ലാം ബഹുമാനിക്കുന്ന വ്യക്തിത്വം.എന്നാല്‍ അയാളുടെ ജീവിതം ആകെ കുത്തഴിഞ്ഞതായിരുന്നു ചെറുപ്പത്തില്‍.അത് കൊണ്ട് തന്നെ പ്രായം ആയപ്പോള്‍ അയാള്‍ ഒറ്റയ്ക്കായി .എന്നാല്‍ അയാള്‍ ജീവിച്ചിരുന്നത് വിജയത്തിന്റെയും കാണികളുടെ ആര്‍പ്പുവിളികളും നിറഞ്ഞ ജീവിതത്തില്‍ ആയിരുന്നു,ആകെ അയാള്‍ ആ ലോകത്തില്‍ നിന്നും പുറത്തു വരുമ്പോള്‍ കാണുന്നത് ഒരു ബാറിലെ സ്ട്രിപ്പര്‍ ആയ കാസിടിയെ ആയിരുന്നു.

   എന്നാല്‍ ആ ഒരു ദിവസം അയാള്‍ തളരുന്നു.ജീവിതത്തിലെ ദുസഹമായ നിമിഷങ്ങള്‍.താന്‍ മികച്ചത് എന്തില്‍ ആയിരുന്നോ അത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്നു.ഒരു പുതിയ ജീവിതം.അയാള്‍ക്ക്‌ പരിചിതം അല്ലാത്തത് അയാള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതന്‍  ആകുന്നു.എന്നാല്‍ അയാളെ കാത്തിരുന്നത് മുന്‍ ജീവിതത്തിലെ നിഴലുകള്‍ ആയിരുന്നു.ആ ജീവിതം അയാളെ വേട്ടയാടുന്നു .റാന്റി അവിടെ മുതല്‍ പ്രേക്ഷകന് ഒരു നൊമ്പരം ആകുന്നുണ്ട്.ക്ലൈമാക്സ് രംഗം ഒക്കെ മനസ്സില്‍ ചെറിയ ഒരു വേദന ഉണ്ടാക്കും.ഒപ്പം സ്വന്തമായി ഒരു ചോദ്യം ചോദിക്കാനും തോന്നും.”ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ് ?”
തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് The Wrestler.

More movie suggestions @www.movieholicviews.blogspot.com

437.THE TOWN THAT DREADED SUNDOWN(ENGLISH,2014)

437.THE TOWN THAT DREADED SUNDOWN(ENGLISH,2014),|Crime|Mystery|,Dir:-Alfonso Gomez-Rejon,*ing:-Addison Timlin, Veronica Cartwright, Anthony Anderson .

  അറുപത്തി ഏഴു വര്‍ഷം കഴിഞ്ഞുള്ള റ്റെക്സര്‍ക്കാനയുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ആദ്യ ഭാഗം ആസ്പദം ആക്കി ആണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് പഠനം നടത്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം ആണ് ഈ ചിത്രത്തിന്‍റെ കഥയില്‍ നല്‍കിയിരിക്കുന്നത്.അന്നത്തെ കേസ് അന്വേഷണം ഒക്കെ നടക്കുന്നത് പത്രത്താളുകളെ ഒക്കെ ആശ്രയിച്ചും ആയിരുന്നു.ഒരു വിധത്തില്‍ 1976 ല്‍ ഇറങ്ങിയ സിനിമയോടുള്ള ആദര സൂചകം ആയി ഇറക്കിയ ഈ ചിത്രം ആദ്യ ഭാഗം അവശേഷിപ്പിച്ച കടങ്കഥയില്‍ നിന്നും ഒരു കഥ കുഴിച്ച് എടുക്കുന്നതായി തോന്നി.

  എല്ലാ വര്‍ഷവും താങ്ക്സ് ഗിവിംഗ് ഡേയുടെ അന്ന് റ്റെക്സര്‍ക്കാനയില്‍ നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആദ്യ ഭാഗം സ്ക്രീനില്‍ വീണ്ടും പ്രദര്‍ശനത്തിനു എത്താറുണ്ട്.ആ ചെറിയ പട്ടണത്തിനു ആ കൊലപാതകിയോടു ബഹുമാനം തോന്നി തുടങ്ങിയോ എന്ന് പോലും സംശയിച്ചു പോകും.ആ പട്ടണത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ,തെളിവുകള്‍ അവശേഷിപ്പിക്കാത്ത പരമ്പര കൊലയാളി ആയ ഫാന്റാത്തിനെ  അനുകരിച്ചു അന്ന് രാത്രി വീണ്ടും കൊലപാതകം നടക്കുന്നു.ഇത്തവണ സ്ക്കൂള്‍ ജീവിതം അവസാനിച്ചതിന്റെ ആഘോഷം കഴിഞ്ഞിറങ്ങിയ കമിതാക്കളില്‍ ആണ്‍ക്കുട്ടി ആണ് കൊല്ലപ്പെട്ടത്.

  പെണ്‍ക്കുട്ടി ആയ ജാമിയെ വെറുതെ വിട്ട കൊലപാതകി “അത് മേരിയെ മറന്നതിനുള്ള ശിക്ഷ ആണെന്ന്” എല്ലാവരും അറിയണം എന്ന് അവളോട്‌ പറയുന്നു.ജനങ്ങള്‍ വീണ്ടും ഭീതിയില്‍ ആയി.എന്നാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും കൊലയാളി വളരെ വേഗം പ്രവര്‍ത്തിക്കുന്ന ആളായിരുന്നു.ആരാണ് ആ കൊലയാളി?ഫാന്‍റം കൊലപാതകത്തോട് അഭിനിവേശം തോന്നിയ ആരെങ്കിലും നടത്തുന്ന  കോപ്പി ക്യാറ്റ് കൊലപാതകങ്ങള്‍  ആയിരിക്കുമോ?അതോ  ആ കൊലപാതകങ്ങളുടെ പുറകില്‍ വേറെ എന്തെങ്കിലും ലക്‌ഷ്യം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.The Town That Dreaded Sundown ചില രംഗങ്ങളില്‍ ആദ്യ ഭാഗത്തെ ഓര്‍മിപ്പിച്ചു.അതെ രീതികള്‍ പിന്തുടരുന്ന കൊലപാതകങ്ങള്‍.പിന്നെ ആധുനിക രീതിയില്‍ ഉള്ള ചലച്ചിത്ര നിര്‍മാണവും.ആദ്യ ഭാഗം പറയാന്‍ ശ്രമിക്കാത്തത് നാടകീയമായ ഉദ്ധേശ്യത്തോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം,

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started