424.TED 2(ENGLISH,2015)

424.TED 2(ENGLISH,2015),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Seth MacFarlane, Amanda Seyfried.

  ആദ്യ  ഭാഗത്തിലെ ജോണ്‍,ടെഡ്  എന്നിവരില്‍  നിന്നും  പുതിയ കാലത്ത്  ഉള്ള രണ്ടു പേരും  പഴയതില്‍  നിന്നും  അത്യാവശ്യം  വ്യത്യസ്തര്‍ ആണ്.കാരണം ജോണിന്റെ കല്യാണ  ജീവിഅതം ദുരിതമായി തീരുന്നു.ടെഡ് ആയുള്ള ചങ്ങാത്തം ഇഷ്ടപ്പെടാതെ  വരുന്ന ലോറി ജോണിനെ  ഉപേക്ഷിക്കുന്നു.എന്നാല്‍ ടെഡ് പുതിയ ജീവിതം ആരംഭിക്കുക  ആണ്.തന്റെ കാമുകിയും സഹ പ്രവര്‍ത്തകയും ആയി സൂപ്പര്‍ മാര്‍ക്കറ്റില്‍  ജോലി  ചെയ്യുന്ന ടാമി ലിന്നിനെ വിവാഹം  ചെയ്യുന്നതോടെ ആണ് രണ്ടാം ഭാഗം  ആരംഭിക്കുന്നത്.

  വിവാഹ ശേഷം അവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍  ഉണ്ടാകുന്നു.മനുഷ്യന്‍റെ പോലെ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാത്ത ടെഡ് തങ്ങളുടെ ഇടയില്‍ ഒരു കുട്ടി  വന്നാല്‍ എല്ലാ പ്രശ്നവും മാറും എന്ന് മനസ്സിലാക്കി ഒരു  കുട്ടിയെ സ്വന്തം ആക്കാന്‍ ശ്രമിക്കുന്നു.അവരുടെ ആരാധ്യ താരം ആയ ഫ്ലാഷ് ഗോര്‍ടന്റെ അടുക്കല്‍ വരെ പോകുന്നു.എന്നാല്‍ ഒന്നും നടക്കാതെ ആയപ്പോള്‍ ദത്തെടുക്കാന്‍ അവര്‍ പോകുമ്പോള്‍  ആണ് ടെഡ് അറിയുന്നത്,സര്‍ക്കാര്‍ ടെഡ് എന്ന ജീവനുള്ള പാവയെ  മനുഷ്യന്‍ എന്നുള്ളതിന്റെ നിര്‍വചനത്തില്‍ നിന്നും മാറ്റാന്‍ പോകുന്നു എന്ന്.അത് കൊണ്ട് തന്നെ ദത്തെടുക്കല്‍ നിയമവിധേയം അല്ല എന്നും ടെഡ് വെറും ഒരു വസ്തു മാത്രം ആണെന്നും എല്ലാവരും പറയുന്നു.ജോലിയും അത് പോലെ തന്റെ കല്യാണം പോലും നിയമപരം അല്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ടെഡ് ജോണും ആയി ചേര്‍ന്ന് നിയമയുദ്ധം തുടങ്ങാന്‍ ശ്രമിക്കുന്നു.അതിനായി അവര്‍ക്ക് ലഭിച്ച വക്കീല്‍ തന്റെ ആദ്യ കേസ് ഏറ്റെടുക്കുന്ന സമാന്ത ആയിരുന്നു.

   ചിത്രം മുഴുവനും ചിരിക്കാന്‍ ഉള്ളത് രണ്ടാം ഭാഗത്തിലും ഉണ്ട്.ക്ലൈമാക്സ് രംഗത്തിലേക്കു  പോകുമ്പോള്‍ അടുത്ത സൂപര്‍മാനെ കോമിക്  കോണില്‍  അവതരിപ്പിക്കുന്നതൊക്കെ രസകരം  ആയിരുന്നു.എണ്‍പത്കളിലെ ജീവിതത്തിലെ നോസ്റ്റാള്‍ജിയയും ആ ജീവിതം ആയിരുന്നു ശരി എന്ന് കരുതുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയില്‍ ഇത്തവണയും ഡോണി എത്തുന്നുണ്ട് പ്രധാന കഥാപാത്രം ആയി തന്നെ.ജോണ്‍,ടെഡ് എന്നിവരുടെ സാഹസങ്ങള്‍ തുടര്‍ന്ന് കാണാന്‍ രണ്ടാം ഭാഗം കാണുക.

More movie suggestions @www.movieholicviews.blogspot.com

423.TED(ENGLISH,2012)

423.TED(ENGLISH,2012),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Mila Kunis, Seth MacFarlane (Voice)

  കുട്ടിക്കാലത്ത്  ഒരിക്കലും നടക്കാന്‍ സാധ്യത  ഇല്ലാത്ത  കാര്യങ്ങളെ ആഗ്രഹിക്കാറുണ്ട്  പലരും.അങ്ങനെ  ഒരു ക്രിസ്തുമസ് കാലത്ത്  തനിക്കു  വേണ്ടി  ഒരു പ്രത്യേക  സമ്മാനം  ആഗ്രഹിച്ച ജോണ്‍ ബെന്നറ്റിനു  അത്  ലഭിച്ചു.തന്റെ അച്ഛന്‍  വാങ്ങി  കൊണ്ട്  വന്ന  പാവക്കരടി  ജീവന്‍ വയ്ക്കുന്നു  ഒരു ഇടിമ്മിന്നലിന്റെ സമയത്ത്.ആ സമയത്ത് വലിയ ഒരു  വാര്‍ത്ത  ആയിരുന്ന ആ സംഭവം.പ്രാര്‍ഥിച്ചു  പാവയ്ക്കു  ജീവന്‍  കൊണ്ട്  വന്ന അത്രയും നിഷ്ക്കളങ്കം ആയ  ബന്ധം  ആണ് ഈ ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്‌ .

  “When you hear the sound of thunder, / Don’t you get too scared. / Just grab your thunder buddy / And say these magic words: / “Fuck you, thunder! / You can suck my dick! / You can’t get me thunder / ‘Cause you’re just God’s farts!”

  ഇരുപത്തേഴു  വര്‍ഷങ്ങള്‍ക്കു ശേഷം ആ സൗഹൃദത്തിന്റെ മാറ്റം  ആണ്  മുകളില്‍  കൊടുത്തിരിക്കുന്ന വരികളില്‍  ഉള്ളത്.35 ഉം 27  ഉം  വയസ്സുള്ള  ജോണ്‍ ,ടെഡ്  എന്നിവര്‍ തങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ തന്നെ തീരുമാനിക്കുന്നു.ഉറ്റ സുഹൃത്തുക്കളായ അവര്‍ രണ്ടു പേരും മയക്കുമരുന്ന്,സ്ത്രീകള്‍ എന്നിവയില്‍  ആണ് ആനന്ദം കണ്ടെത്തുന്നത്.ജോണ്‍ , ലോറി കോളിന്‍സ്    എന്ന സ്ത്രീയുമായി പ്രണയത്തില്‍  ആണ്.എന്നാല്‍ ഇവരുടെ സുഹൃത്ത് ബന്ധം  ലോറിയ്ക്ക് മുഷിപ്പ്  ഉണ്ടാക്കുന്നു.ആ സമയത്താണ് ടെഡ്, ടാമി ലിന്‍  എന്ന സ്ത്രീയും ആയി  പ്രണയത്തില്‍  ആകുന്നതു.ഒരുമിച്ചു ഇപ്പോഴും  ഉള്ള സുഹൃത്തുക്കള്‍.ഒരാള്‍ മനുഷ്യന്‍,മറ്റെയാള്‍ ജീവന്‍  ഉള്ള പാവ.അവരുടെ  ഇടയില്‍  രണ്ടു  കാമുകിമാര്‍.

  അവരുടെ ബന്ധം  വളരെയധികം മാറുന്നു.ആ സമയം ആണ് ഡോണി രംഗത്ത്‌ വരുന്നത്.ടെഡ് ജോണിന്റെ സ്വന്തം ആയിരുന്നപ്പോള്‍ അതിനെ കുട്ടിക്കാലത്ത് സ്വന്തം ആക്കാന്‍ ശ്രമിച്ച ഡോണി ഇപ്പോള്‍ സ്വന്തം മകന്  വേണ്ടി  Ted നെ  കൊണ്ട്  പോകാന്‍ ശ്രമിക്കുന്നു.വില്ലനായി  വരുന്ന  ഡോണി.അതിന്‍റെ  ഇടയ്ക്ക്  തങ്ങളുടെ കാമുകിമാരെ  നിയന്ത്രിക്കാന്‍ ആകാതെ  സഹിക്കെടുന്ന  കാമുകന്മാര്‍..രസകരമായ ചിത്രം ആണ് Ted.അമേരിക്കന്‍ ചിത്രങ്ങളിലെ കോമഡി ജോണറിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും എരിവും ചിരിയും എല്ലാം ഉള്ള ചിത്രം ആണ് ടെഡ്.ആദ്യ  ഭാഗം പണ്ട്  കണ്ടപ്പോള്‍ തന്നെ  ഇഷ്ടമായി ചിത്രം.ഈ വര്‍ഷം രണ്ടാം ഭാഗം ഇറങ്ങി.

More movie suggestions @www.movieholicviews.blogspot.com

422.MAN OF VENDETTA(KOREAN,2010)

422.MAN OF VENDETTA(KOREAN,2010),|Crime|Thriller|,Dir:-Min-ho Woo,*ing:-Myung-min Kim, So-hyun Kim, Byung-joon Lee

  കുട്ടികളെ തട്ടിക്കൊണ്ടു  പോകുന്ന കഥകള്‍ പ്രമേയം ആയി ധാരാളം കൊറിയന്‍ സിനിമകള്‍ വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് കൊണ്ടും ആകാം ഈ പ്രമേയത്തില്‍ ഉള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നതും.ജൂ യംഗ് ഒരു പാസ്റ്റര്‍ ആണ്.അയാളുടെ 5 വയസ്സുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ട് പോകുന്നു.പോലീസില്‍ വിവരം അറിയിക്കരുതെന്നും മകളെ തിരിച്ചു കിട്ടാനായി പണവും അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ജൂ യംഗിന്റെ ഭാര്യ ആ വിവരം പോലീസിനെ അറിയിക്കുന്നു.ഐസ് ഹോക്കി രിങ്കിന്റെ അടുത്ത് വരാന്‍ ആവശ്യപ്പെട്ട അയാള്‍ എന്നാല്‍ പോലീസ് അവിടെ എത്തി എന്ന് മനസ്സിലാക്കിയപ്പോള്‍ ആ പെണ്‍ക്കുട്ടിയെയും കൊണ്ട് രക്ഷപ്പെടുന്നു.

   എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ജീവിതത്തിന്റെ ഇടയില്‍ ജൂ യംഗ് തന്റെ പാസ്റ്റര്‍ വേഷം ഉപേക്ഷിക്കുന്നു.ദൈവത്തില്‍ വിശ്വാസം ഇല്ലാതായി തീര്‍ന്ന അയാള്‍ തന്റെ ജീവിതം മൊത്തം മാറ്റുന്നു.സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആരംഭിക്കുന്നു അയാള്‍.അയാളുടെ ഭാര്യ എന്നാല്‍ മകളെ അന്വേഷിക്കുന്നു ഈ എട്ടു വര്‍ഷവും.അവര്‍ പ്രതീക്ഷയോടെ മകളുടെ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള രൂപത്തെ ഊഹിച്ചെടുത്തു ചിത്രം ഉണ്ടാക്കി അത് നോട്ടീസിലാക്കി ആളുകള്‍ക്ക് നല്‍കുന്നു.ജൂ യംഗ് എന്നാല്‍ മകള്‍ മരിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.

  കടത്തില്‍ അകപ്പെട്ട ജൂ യംഗ് ഭാര്യയോടു അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് വില്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ തങ്ങളുടെ മകള്‍ ജനിച്ച ആ സ്ഥലം ആര്‍ക്കും കൊടുക്കില്ല എന്നവര്‍ പറയുന്നു.ഈ സമയത്താണ് അവര്‍ ഒരു കാഴ്ച കാണുന്നത്.പ്രതീക്ഷയോടെ അതിനെ പിന്തുടര്‍ന്ന അവരുടെ ജീവിതത്തില്‍ അപകടം സംഭവിക്കുന്നു.അവര്‍ എന്താണ് കണ്ടത്?ഈ ചിത്രത്തിന്‍റെ ബാക്കി കഥ ആ ചോദ്യത്തിന്‍റെ ഉത്തരം അനുസരിച്ചിരിക്കുന്നു.വില്ലന്‍ കഥാപാത്രത്തെ എല്ലാം തുടക്കം മുതല്‍ കാണിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കാരണം ചിത്രം കൂടുതല്‍ സഞ്ചരിക്കുന്നു.കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാവുന്ന ഒരു ചിത്രം ആണിത്.കൊറിയന്‍ ചിത്രങ്ങളിലെ രഹസ്യ സ്വഭാവം ചിത്രത്തില്‍ അധികം കാണിക്കാന്‍ ശ്രമിച്ചിട്ടില്ല.എന്നാലും മോളെ രക്ഷിക്കാന്‍ വേണ്ടി നായക കഥാപാത്രം ചെയ്യുന്നത് ശരി ആണോ തെറ്റാണോ എന്നൊക്കെ ഉള്ളില്‍ നിന്നും ഉത്തരം അന്വേഷിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

421.SNATCH(ENGLISH,2000)

421.SNATCH(ENGLISH,2000),|comedy|Crime|,Dir:-Guy Ritchie,*ing:- Jason Statham, Brad Pitt, Benicio Del Toro .

   വര്‍ഷങ്ങളായി ഗയ് റിച്ചി സിനിമകള്‍ ഹാര്‍ഡ് ഡിസ്ക്കില്‍ ഉണ്ടായിരുന്നു  എങ്കിലും ഇത് വരെ ഒന്നും കണ്ടിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ആ സിനിമകള്‍ ഒക്കെ കാണാന്‍ തീരുമാനിച്ചത്.Snatch ല്‍ തന്നെ തുടങ്ങി.ക്രൈം/കോമഡി ജോനറില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പലരുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്.ഈ ചിത്രം കണ്ടത് മുതല്‍ എന്‍റെയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടും.വ്യത്യസ്തം ആയ ഒരു മേക്കിംഗ് രീതിയാണ് ഈ ചിത്രത്തില്‍ ഏറെ ആകര്‍ഷിച്ചത്.ഒപ്പം കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയും എല്ലാം കൂടി വ്യത്യസ്തമായ ശൈലിയില്‍ ഉള്ള കഥാവതരണം ആണ് ഈ ചിത്രത്തിന്.എടുത്തു പറയണ്ട മറ്റൊരു ഭാഗം ആണ് പശ്ചാത്തല സംഗീതം.ആകെ മൊത്തം ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു അത്.

   സമാന്തരമായി സഞ്ചരിക്കുന്ന രണ്ടു കഥകള്‍ ആണ് ചിത്രത്തില്‍.ഒരു കഥ ടര്‍ക്കിഷ് എന്ന ബോക്സിംഗ് പ്രൊമോട്ടറുടെ കഥയാണ്.Gorgeous George നെ വച്ച് അടുത്ത് നടക്കുന്ന ടൂര്‍ണമെന്റില്‍ ബെറ്റ് വയ്ക്കാന്‍ ടര്‍ക്കിഷ് ,ബ്രിക്ക് ടോപ്‌  എന്ന കുപ്രസിദ്ധ പന്തയക്കരനോട് പറയുന്നു.എന്നാല്‍ ഇടയ്ക്ക് നടന്ന ചില അനിഷ്ട സംഭവങ്ങള്‍ കാരണം ജോര്‍ജിന് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ആയി.അപ്പോഴാണ്‌ ആ അവസ്ഥയ്ക്ക് കാരണക്കാരന്‍ ആയ മിക്കിയെ ആ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ ഉള്ള ബ്രിക്ക് ടോപ്സിന്റെ തീരുമാനം വരുന്നത്.ഇതേ സമയം ലോകത്തെ തന്നെ മുന്തിയ ഇനം രത്നം വില്‍ക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു മറ്റൊരു കൂട്ടര്‍.രത്നം വില്‍ക്കാനായി ലണ്ടനില്‍ എത്തിയ ഫ്രാങ്കി മറ്റൊരു ഇടപാടില്‍ പെടുന്നു.പന്തയം വയ്ക്കാന്‍ ഉള്ള ത്വര കൂടുതലായ ഫ്രാങ്കിയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവി അവിടെ എത്തുന്നു.

  രണ്ടു വ്യത്യസ്ത സംഭവങ്ങള്‍ ,ആ പ്ലോടുകളില്‍ നിന്നും കൊണ്ട് തന്നെ രസകരമായ ട്വിസ്റ്റ്.ഇതൊക്കെയാണ് ഈ ചിത്രത്തില്‍ ഉള്ളത്.പ്രത്യേകിച്ചും ക്ലൈമാക്സില്‍ നടക്കുന്ന സംഭവങ്ങള്‍ ഈ രണ്ടു കഥകളെയും പരസ്പ്പരം ബന്ധിപ്പിക്കുന്നു അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളിലൂടെ.ജേസന്‍ സ്ടാതം,ബ്രാഡ് പിറ്റ്,വിന്നി ജോണ്‍സ് തുടങ്ങി ഒരു വന്‍ താര നിര തന്നെയുണ്ട്‌ ഈ ചിത്രത്തില്‍.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് Snatch.

More movie suggestions @www.movieholicviews.blogspot.com

420.TRUE STORY(ENGLISH,2015)

420.TRUE STORY(ENGLISH,2015),|Mystery|Drama|Crime|,Dir:-Rupert Goold,*ing:-James Franco, Jonah Hill, Felicity Jones

   ജെയിംസ് ഫ്രാങ്കോ,ജോനാ ഹില്‍ എന്നിവര്‍ ഒത്തു ചേരുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍ വരുന്നത് ഒരു  തട്ടുപ്പൊളിപ്പന്‍ തമാശ  പടം ആയിരിക്കും,സേത്ത് റോജന്‍ ഒക്കെ ഉള്ള ഒരെണ്ണം.എന്നാല്‍ അവര്‍ രണ്ടു പേരും True Story എന്ന ചിത്രവും ആയി വന്നപ്പോള്‍ പിറന്നത്‌ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നടന്ന ഒരു ചിത്രം ആയിരുന്നു.ഒരു പത്രപ്രവര്‍ത്തകനും തന്റെ ഭാര്യയേയും മക്കളെയും കൊന്നൊടുക്കിയ ഒരു കുറ്റവാളിയും തമ്മില്‍ ഉള്ള ബന്ധം ആയിരുന്നു ഈ ചിത്രം.ഈ ചിത്രത്തിന് നല്ല വശവും ഉണ്ട് ചീത്ത വശവും ഉണ്ട്.ആദ്യം നല്ല വശത്തെ കുറിച്ച് പറയാം.

  രൂപര്റ്റ് ഗൂല്ട് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജോനാ ഹില്‍ “മൈക്കില്‍ ഫിങ്കില്‍” എന്ന സീരിയസ് പത്രപ്രവര്‍ത്തകന്റെ റോളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്.വാര്‍ത്തയിലെ അവ്യക്തത കാരണം New York Times അയാളെ പിരിച്ചു വിടുമ്പോള്‍ അടുത്ത ജോലിക്കായി അയാള്‍ അന്വേഷിക്കുന്നു.ആ സമയം ആണ് ഒരു ജയില്‍ കുറ്റവാളിയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു എഡിറ്റര്‍ ഫിങ്കിലിനെ സമീപിക്കുന്നത്.എന്ത് കൊണ്ട് താന്‍ അത് ചെയ്യണം എന്ന ചോദ്യത്തിന് ഫിങ്കിലിന്റെ പേരാണ് കൊലപാതകിയായ ക്രിസ്റ്റ്യന്‍ ലോംഗോ അയാളുടെ പേരിന് പകരം പോലീസ് പിടിച്ചപ്പോള്‍ പറഞ്ഞതെന്ന് പറഞ്ഞു.വ്യക്തമായ വ്യക്തിത്വ മോഷണം അവിടെ സംഭവിച്ചിരുന്നു.ജയിലില്‍ ലോംഗോയെ കാണാന്‍ എത്തിയ ഫിങ്കിലിനെ വരവേറ്റത്  അയാളോട് ആരാധന ഉള്ള ഒരു കുറ്റവാളിയെ ആയിരുന്നു.അയാളുടെ കഥ ഫിങ്കില്‍ കേള്‍ക്കാന്‍ തുടങ്ങി തന്റെ പുതിയ ബുക്കിനായി.പകരം അയാള്‍ ചോദിച്ചത് എഴുതുന്ന വിദ്യ ലോംഗോയെ പഠിപ്പിക്കണം എന്നായിരുന്നു.അവര്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴവും കൊലപാതകത്തിനു പിന്നില്‍ ഉള്ള രഹസ്യങ്ങളും ഒക്കെ ആണ് ചിത്രം പിന്നീട് ചര്‍ച്ച ചെയ്യുന്നത്.

  ആദ്യം പറഞ്ഞിരുന്നല്ലോ ഈ ചിത്രത്തിന്‍റെ മോശം ഭാഗം.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയെടുത്ത ഈ ചിത്രം അവസാനിക്കുന്നത് സംഭവങ്ങള്‍ സംഭവിച്ച അതെ രീതിയില്‍ ആണ്.നാടകിയമായ രംഗങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല.അത് കൊണ്ട് തന്നെ ചിത്രത്തിന്‍റെ ജോനറിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്നത് സംശയം ആണ്.ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമ പോലെ ചിത്രത്തിന്‍റെ അവതരണം  മൊത്തത്തില്‍ രഹസ്യങ്ങള്‍ പലതും ഉണ്ടാകും എന്ന രീതിയിലും എന്നാല്‍ ചിത്രം അവസാനിക്കുന്നത് നോണ്‍-ഫിക്ഷണല്‍ രീതിയിലും.സിനിമയിലെ ഫിക്ഷന്‍ നല്‍കുന്ന ത്രില്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് നിരാശ ആയിരിക്കും ഈ ചിത്രം.എന്നാല്‍ രണ്ടു പേര്‍,അവരുടെ വ്യക്തിത്വം മുഖ്യ കഥാപാത്രം ആയി വരുന്ന ഈ ചിത്രത്തിന്‍റെ തീവ്രത ജോനയും ഫ്രാങ്കോയും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com

419.BAAHUBALI:THE BEGINNING(TAMIL,2015)

419.BAAHUBALI:THE BEGINNING(TAMIL,2015),Dir:-S S Rajamouli,*ing:-Prabhas,Sathyaraj,Rana Daggubatti.

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.ലോകമെമ്പാടും ഉള്ള പ്രേക്ഷകര്‍ക്ക്‌ ഭാഷ ദേശ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന “യോദ്ധാവും യുദ്ധവും” എല്ലാം വലിയ ക്യാന്‍വാസില്‍ അവതരിപ്പിച്ച ഈ തെലുങ്ക് ചിത്രം ഇന്ത്യന്‍ നിലവാരം വച്ചുള്ള ദൃശ്യാ വിസ്മയങ്ങള്‍ക്ക് ബെഞ്ച്‌ മാര്‍ക്ക് ആകുന്നുണ്ട്.ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ ഇഷ്ടപ്പെടുന്ന മാസ് എന്ന ഘടനയിലേക്ക് അവതരിപ്പിച്ച ഈ ഫാന്റസി ചിത്രം രണ്ടു ഭാഗം ആയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

    അപകടകരമാം വിധത്തില്‍ ഉള്ള സാഹചര്യങ്ങളില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ സംഘയും ഭര്‍ത്താവും കൂടി വളര്‍ത്തുന്നു.ചെറുപ്പത്തില്‍ തന്നെ സാഹസികതകള്‍ ഇഷ്ടം ആയ ആ കുട്ടി പിന്നീട് വളര്‍ന്നു വരുന്നതും അവന്‍റെ ജനനത്തിനു മുമ്പുള്ള രഹസ്യങ്ങളും ആണ് ആദ്യ ഭാഗത്തില്‍ ഉള്ളത്.കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ പകുതിയില്‍ കൊമേര്‍ഷ്യല്‍ സിനിമകളിലെ പതിവ് ചേരുവകകള്‍ ആയ പ്രണയം,നായകന്‍റെ ശക്തി പ്രകടനം എന്നിവയെല്ലാം ആയാണ് പോയത്.ഇത്തരം സിനിമകള്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയാത്ത രീതിയില്‍ ഉള്ള കഥാവതരണം തന്നെ.പിന്നീട് രണ്ടാം പകുതിയില്‍ ചിത്രം അതി വേഗതയില്‍ ആകുന്നു.ഇത്തരം ഒരു ബ്രഹ്മാണ്ട ചിത്രം എന്ത് ആവശ്യപ്പെടുന്നോ അത് ചിത്രം പ്രേക്ഷകര്‍ക്ക്‌ നല്‍കി.പ്രഭാസും രാണ ദഗ്ഗുബട്ടിയും എല്ലാം രൂപം കൊണ്ട് തന്നെ ആ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യര്‍ ആണെന്ന് തോന്നിപ്പിച്ചു.രമ്യ കൃഷ്ണന്‍,സത്യരാജ് എന്നിവരുടെ കഥാപാത്രങ്ങള്‍ ആയിരുന്നു ആദ്യ ഭാഗത്തില്‍ തിളങ്ങിയത്.അനുഷ്ക്ക ഷെട്ടിയുടെ കഥാപാത്രത്തിന് ഈ ഭാഗത്തില്‍ അധികം പ്രാധാന്യം ഇല്ലായിരുന്നു.മറ്റൊരു നായികയായ തമന്ന മാത്രം ആണ് മിസ്‌ കാസ്റ്റിംഗ് ആയി തോന്നിയത്.സ്വീറ്റ് ആന്‍ഡ് റഫ് കഥാപാത്രത്തില്‍ സ്വീറ്റ് ആയി തോന്നി എന്നാല്‍ റഫ് ആകാന്‍ തീരെ കഴിഞ്ഞില്ല എന്നൊരു തോന്നല്‍.

   കീരവാണിയുടെ സംഗീതം ആണ് ചിത്രത്തിന്‍റെ ആകര്‍ഷണം.ചിത്രത്തിന്‍റെ മുഴുവന്‍ മൂഡും സംഗീതത്തില്‍ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു.വിസ്മയ ദൃശ്യങ്ങള്‍ നേരത്തെ പറഞ്ഞത് പോലെ ഇന്ത്യന്‍ സിനിമയില്‍ ഒരു അത്ഭുതം ആയിരിക്കും.എന്നാല്‍ ടെക്നോളജി എല്ലാവര്‍ക്കും പ്രാപ്തം ആയ ഈ സമയത്ത് പോലും ഹോളിവുഡ് ജനനം കൊടുത്ത സമാന സിനിമകളും ആയി താരതമ്യം ചെയ്യേണ്ടത് ആവശ്യം ഉള്ള കാര്യം ആണോ എന്ന് ചിന്തിക്കണം.ആ സിനിമകളില്‍ ഒക്കെ ഉള്ളത് പോലെ “ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍” ,ഓര്‍ക്കുക “പെര്‍ഫെക്ഷന്‍” അഥവാ “പൂര്‍ണത” ആ രംഗള്‍ക്ക് മുഴുവനായി നല്‍കാന്‍ സാധിച്ചോ എന്ന്.എങ്കിലും രണ്ടാം ഭാഗത്തിന് വേണ്ടി വഴിയൊരുക്കാന്‍ വേണ്ടി അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ നിന്നും ഇതിലും മികച്ച ചിത്രം രാജമൌലിയില്‍ നിന്നും പ്രതീക്ഷിക്കാം.മഗധീരയിലെ യുദ്ധത്തിന്റെ അത്ര മികവ്  ഈ ചിത്രത്തിലെ അവസാന യുദ്ധ രംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല എന്നും തോന്നുന്നു.എന്തായാലും ആദ്യ ഭാഗം ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം പൊളിച്ചെഴുതും എന്ന് പ്രതീക്ഷിക്കാം.
Baahubali:The Beginning നു എന്റെ മാര്‍ക്ക് 3.5/5

More movie suggestions @www.movieholicviews.blogspot.com

418.CHIRAKODINJA KINAVUKAL(MALAYALAM,2015)

418.CHIRAKODINJA KINAVUKAL(MALAYALAM,2015),Dir:-Santhosh Viswanath,*ing:-Kunchako Boban,Reema Kallingal,Sreenivasan.

   1996 ല്‍ അഴകിയ രാവണനില്‍ ഹാസ്യാത്മക സന്ദര്‍ഭം ഒരുക്കാനായി മെനഞ്ഞെടുത്ത അമ്പുജാക്ഷന്റെ “ചിറകൊടിഞ്ഞ കിനാവുകള്‍” ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്ക് പുനരവതരിക്കുമ്പോള്‍ പിറവി എടുത്തത്‌ മലയാള സിനിമയിലെ ക്ലീഷകളെ നിരത്തി പരിഹസിക്കുന്ന സ്പൂഫ് വിഭാഗത്തില്‍ ഉള്ള ചിത്രം ആണ്.തങ്ങളെ വിശ്വസിച്ചു പടം കാണാന്‍ ഇറങ്ങി തിരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞു തുടങ്ങിയ ചിത്രം യാഥാസ്ഥിതിക സിനിമയിലെ നന്ദി പറച്ചിലുകള്‍ക്ക് പ്രഹരം നല്‍കി ആണ് തുടങ്ങിയത്.

  അമ്പുജാക്ഷന്റെ തയ്യല്‍ക്കാരന്റെയും സുമതിയുടെയും അവളുടെ അച്ഛനായ വിറകു വെട്ടുകാരന്റെയും കഥ മലയാളികള്‍ക്ക് എല്ലാം പരിചിതം ആണ്.അത് കൊണ്ട് തന്നെ കേട്ട് പഴകിയ ആ കഥയ്ക്ക്‌ പുതിയ രൂപം നല്‍കുമ്പോള്‍ അതില്‍ വ്യത്യസ്തത വേണം എന്നുള്ള ചിന്തയാകാം അണിയറ പ്രവര്‍ത്തകരില്‍ സ്പൂഫ് എന്ന ആശയം ജനിപ്പിച്ചതെന്നു തോന്നുന്നു.മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളുടെ പാത പിന്തുടര്‍ന്ന പല ചിത്രങ്ങളും അതാത് സിനിമകളെ പിന്നീട് ഓര്‍മിപ്പിച്ചു കൊണ്ട് മലയാള സിനിമയുടെ പതിവ് ക്ലീഷേകള്‍ ആയി മാറുകയാണ് ഉണ്ടായത്.മലയാള സിനിമ എന്നാല്‍ ഇത്തരം ക്ലീഷേകള്‍ അനിവാര്യം ആണെന്ന ചിന്തയും കൊണ്ടാണ് അമ്ബുജാക്ഷന്‍ കഥ പറയുവാനായി ന്യൂ ജെനറേഷന്‍ ചിറകൊടിഞ്ഞ കിനാവുകളും ആയി ആ ഹോട്ടലില്‍ എത്തുന്നത്‌.മലയാള സിനിമയിലെ നായകാവതരണം മുതല്‍ വരിക്കാശ്ശേരി മന,അടക്കി ഒതുക്കിയ മാര്‍ക്കറ്റില്‍ നടക്കുന്ന സംഘട്ടനം ,അതി ബുദ്ധിമാനും ലോക പ്രശസ്തനും സര്‍വോപരി പണക്കാരനും ആയ എന്നാല്‍ കൊച്ചു ജീവിതം ആഗ്രഹിച്ച നായകന്‍ എന്ന് വേണ്ട ഒരു വിഷം ക്ലീശേകളെ മൊത്തം പൊളിച്ചടുക്കി ഈ ചിത്രത്തില്‍.

   കല്ലുകടിയായി തോന്നിയത് ക്ലീശേകളെ കഥാപാത്രങ്ങള്‍ തന്നെ വിവരിച്ചു കൊടുക്കുന്ന രംഗങ്ങളെ ആണ്.സ്പൂണ്‍ ഫീഡിംഗ് ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ ആ ക്ലീശേയും അനിവാര്യം ആണെന്ന് കരുതിയതില്‍ തെറ്റില്ല.തിരക്കഥ ഒരുക്കിയ പ്രവീണ്‍ ചെറുതറ സ്പൂഫ് എന്ന രീതിയില്‍ മികവാര്‍ന്ന തിരക്കഥ തന്നെ ആണ് ഒരുക്കിയത്.വ്യത്യസ്തത ചിന്തിക്കുമ്പോള്‍ ക്ലീശേകളിലൂടെ തന്നെ വ്യത്യസ്തത അവതരിപ്പിച്ച ചിന്ത തന്നെയാണ് ചിത്രത്തിന്‍റെ മേന്മയും.ഇത്തരം സിനിമകള്‍ പരിചിതം അല്ലാത്ത പ്രേക്ഷകര്‍ അല്ലെങ്കില്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചു വന്നവര്‍ക്ക് ചിത്രം ഇഷ്ടപ്പെടാതെ ഇരിക്കാനും സാധ്യത ഉണ്ട്.എങ്കിലും പുതിയ ചിന്തകള്‍ക്ക് തുടക്കം ഇടാന്‍ ഉള്ള വെടി മരുന്ന് ഈ സിനിമയില്‍ ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com

417.STRANGERLAND(2015,ENGLISH)

417.STRANGERLAND(2015,ENGLISH),|Drama|Mystery|,Dir:-Kim Farrant,*ing:-Nicole Kidman, Hugo Weaving, Joseph Fiennes |.

  ചില സിനിമകള്‍ ഇങ്ങനെയാണ്.ഏതു വഴിക്കും പോകാവുന്ന കഥ.എന്നാല്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാതെ സിനിമയുടെ മൊത്തവും ഊഹിച്ചെടുക്കാന്‍ കൊടുക്കുക.Strangerland എന്ന ഓസ്ട്രേലിയന്‍-ഐറിഷ് സംരംഭം ആയ ചിത്രവും ഇങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബ്രയിന്‍ ട്വിസ്ട്ടര്‍ ഒന്നും അല്ല ഈ ചിത്രം.പക്ഷേ സത്യം എന്താണ് എന്ന് പലവിധ സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉളവാക്കും എന്ന് തീര്‍ച്ച.

  ഓസ്ട്രേലിയന്‍ മരുഭൂമി പ്രദേശം ആയ നാത്ഗരിയില്‍ ആണ് പാര്‍ക്കര്‍ ദമ്പതികള്‍ അവരുടെ രണ്ടു മക്കളായ ലില്ലി,ടോം എന്നിവരോടൊപ്പം പുതിയ ജീവിതം തേടി എത്തുന്നത്‌.ജീവിതത്തില്‍ നടന്ന ദു:ഖകരമായ സംഭവ വികാസങ്ങള്‍ ആണ് അവരെ അവിടെ എത്തിച്ചത്.വളരെയധികം ചൂടുള്ള ആ ഭൂ പ്രദേശം അവരുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.ടോം രാത്രി ഉറക്കം വരാതെ ഇറങ്ങി നടക്കും.മാത്യുവും കാതറിനും അസ്വസ്ഥര്‍ ആണ്.എന്നാല്‍ പതിനഞ്ചു വയസ്സുള്ള ലില്ലി ആ സ്ഥലത്ത് സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ നോക്കുന്നു.അവളുടെ പ്രായത്തിന്റെ ചപലതകള്‍ ഏറെ ആണ്.അത് കൊണ്ട് തന്നെ അവള്‍ക്കു കിട്ടിയതൊക്കെ പുരുഷ സുഹൃത്തുക്കളും.മാത്യു ഇതില്‍ അസ്വസ്ഥന്‍ ആണ്.ഒരു ദിവസം രാത്രി മാത്യൂ ഉറക്കത്തില്‍ നിന്നും എണീറ്റ്‌ രാത്രി നോക്കുമ്പോള്‍ ടോം പതിവ് പോലെ രാത്രി നടക്കാന്‍ പോകുന്നു.പുറകെ നടന്നു പോകുന്ന ലില്ലിയെയും കാണുന്നു.എന്നാല്‍ പിറ്റേ ദിവസം രാവിലെ മുതല്‍ രണ്ടു പേരെയും കാണാതെ ആകുന്നു.
\
  മണല്‍ക്കാറ്റ് ആഞ്ഞടിക്കുന്ന ആ ദിവസങ്ങള്‍ അവര്‍ക്ക് പുറത്തു ജീവിക്കാന്‍ സാധിക്കില്ല അധിക നാള്‍.പോലീസ് കേസ് അന്വേഷിച്ചു തുടങ്ങുന്നു.പെണ്‍ക്കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന മരുഭൂമിയിലെ ഭീകരനായ പാമ്പ് മുതല്‍ ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കഥകള്‍ വരെ അഭ്യൂഹങ്ങള്‍ ആയി വരുമ്പോള്‍ പോലീസ് അന്വേഷണവും ഇരുട്ടില്‍ ആകുന്നു.വളരെയധികം സാധ്യതകള്‍ അങ്ങനെ ഉണ്ടാക്കി എടുത്ത ചിത്രം എന്നാല്‍ അവസാനിക്കുമ്പോള്‍ സാധ്യതകള്‍ എല്ലാം തന്നെ മുന്നില്‍ തുറന്നു വച്ച പ്രതീതി.പൂര്‍ണമായും കുറ്റാന്വേഷണ നിരീക്ഷണ ചിത്രം എന്നതിലുപരി ഇമോഷണല്‍ മെലോ ഡ്രാമയ്ക്കാണ് സിനിമയില്‍ അവസാനം മേല്‍ക്കൈ കൊടുത്തിരിക്കുന്നത്‌.അത് കൊണ്ട് തന്നെ ക്രൈം ജോണര്‍ സിനിമ മാത്രം പ്രതീക്ഷിക്കുന്ന  പലര്‍ക്കും നിരാശ ആകും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

416.THE DIVINE MOVE(KOREAN,2014)

416.THE DIVINE MOVE(KOREAN,2014),|Thriller|Crime|,Dir:-Beom-gu Cho,*ing:-Kil-Kang Ahn, Sung-kee Ahn, Greg Chun .

   ചൈനീസ് ഗെയിം ആയ ബടൂക്ക് (GO) പ്രമേയം ആയി വരുന്ന കൊറിയന്‍ ചിത്രം ആണ് The Divine Move.പ്രസ്തുത ഗെയിമിലെ ഏറ്റവും മികച്ച നീക്കത്തെ ആണ് ആ വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കണ്ട ഈ ഗെയിം എതിരാളിയുടെ തോല്‍‌വിയില്‍ നിന്നും പണം സമ്പാദിക്കുന്ന അപകടകാരികള്‍ ആയ ഒരു മാഫിയ ആണ് ഈ ചിത്രത്തില്‍ കൊറിയയിലെ കാസിനോയില്‍ ഇത് കൈകാര്യം ചെയ്യുന്നത്.ആധുനിക സജ്ജീകരണങ്ങളോടെ കളിക്കുന്ന ഈ കളി പലപ്പോഴും ജീവന്‍-മരണ പോരാട്ടം ആയി തീരാറുണ്ട്.അത് കൊണ്ട് തന്നെ ഈ കളിയില്‍ കളിക്കുന്നവരെ മറ്റൊരിടത്ത് ഇരുന്നു കളിക്കാന്‍  സഹായിക്കുന്ന രീതിയില്‍ പലരും കള്ളത്തരം കാണിക്കാറുണ്ട്.എന്നാല്‍ വന്‍ പണമിടപാട് നടത്തുന്ന സാല്‍-സൂവും കൂട്ടരും കളിയില്‍ അവരുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഏതു അറ്റവും  വരെ പോകാന്‍ മടിക്കില്ല.

  പ്രൊഫഷനല്‍ ബടൂക്ക് കളിക്കാരന്‍ ആയ ടായി-സിയോക് അന്ന് അശ്രദ്ധയോടെ ഉള്ള ഒരു നീക്കത്തില്‍ ടൂര്‍ണമെന്റ് പരാജയപ്പെട്ടതിനു ശേഷം നിരാശനായി നടക്കുമ്പോള്‍ ആണ് ജ്യേഷ്ഠന്‍ ആയ കിം മിയൂക് അവനെയും കൂട്ടി ഒരു സ്ഥലത്ത് പോകുന്നത്.പണം കൊണ്ടുള്ള അപകടകരമായ ഗെയിം കളിക്കാന്‍  ആണ് ജ്യേഷ്ഠന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയ ടായി-സിയോക് അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എന്നാല്‍ സഹോദരന് വേണ്ടി മറ്റൊരു സ്ഥലത്തിരുന്നു കളിയില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ അത് സമ്മതിക്കുന്നു.എന്നാല്‍ ദാരുണം ആയ സംഭവങ്ങള്‍ ആണ് അതിനു ശേഷം നടന്നത്.ചെയ്യാത്ത കുറ്റത്തിന് ടായി-സിയൂക് ജയിലില്‍ ആകുന്നു.എന്നാല്‍ അവിടെ വച്ച് അയാളുടെ ജീവിതം മാറുന്നു.ജയിലില്‍ നിന്നും പുറത്തു ഇറങ്ങിയാല്‍ തന്നോടും കുടുംബത്തോടും ദ്രോഹം ചെയ്തവരെ നശിപ്പിക്കാന്‍ ടായി-സിയൂക് നീക്കങ്ങള്‍ നടത്തുന്നു,

  ടായി സിയോക്കിന്റെ പക അയാളെ തന്റെ ഒപ്പം കൂട്ടാന്‍ കുറച്ചു ആളുകളെ കണ്ടെത്താന്‍ സഹായിച്ചു.ആ മരണക്കളിക്ക് അവര്‍ തയ്യാറായി.എന്നാല്‍ ഈ കളിയില്‍ വേറെയും ചില കളികള്‍ കളിക്കണം.ആ കളിയാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ബടൂക്ക് എന്ന കളി നമ്മുടെ ഇടയില്‍ പ്രചാരത്തില്‍ ഇല്ലാത്തതു കൊണ്ട് തന്നെ ത്രില്ലിംഗ് ആകേണ്ട പല രംഗങ്ങളും അതിന്‍റെ പൂര്‍ണതയില്‍ അറിയുവാന്‍ സാധിച്ചില്ല.പകയും മാഫിയയും ഒക്കെ ആയി മുന്നേറുന്ന ഈ ചിത്രം തരക്കേടില്ലാത്ത കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താം.രണ്ടാമതൊരു ഭാഗത്തിന് വാതില്‍ തുറന്നിട്ടാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

  

415.INDRU NETRU NAALAI(TAMIL,2015)

415.INDRU NETRU NAALAI(TAMIL,2015),|Sci_Fi|Drama|,Dir:-Ravi Kumar. R,*ing:-Vishnu,Miya,Karunakaran.

  സമയത്തിനെ മനുഷ്യന്റെ വരുതിയിലാക്കി മറ്റു കാലഘട്ടത്തിലേക്ക് പോകുന്ന ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ ഇത്തരം പ്രമേയങ്ങള്‍ സര്‍വ സാധാരണം ആയിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ “ആദിത്യ 369” എന്ന തെലുങ്ക്‌ ചിത്രത്തിന് ശേഷം “Funn2shh..”. എന്നിവയിലൂടെ മാത്രം ആയിരുന്നു ടൈം മെഷീന്‍ എന്ന കണ്സപ്റ്റ് ഉപയോഗിച്ചത്.വളരെയധികം സാധ്യതകള്‍ ഉണ്ടാകുമായിരുന്ന ഈ വിഷയത്തോട് പലപ്പോഴും ഇന്ത്യന്‍ സിനിമ ലോകം മുഖം തിരിച്ചിരുന്നു.എന്നാല്‍ രവികുമാര്‍ എന്ന സംവിധായകന്‍ ഈ വിഷയം ആയി  വന്നപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് സങ്കീര്‍ണം ആയ ടൈം മെഷീന്‍ യാത്രകള്‍ അതിന്‍റെ തിയറി ഒക്കെ ആയി അവതരിപ്പിക്കുന്നതിനു പകരം ഏറ്റവും സുരക്ഷിതം ആയ കോമഡി ചിത്രം ആയാണ്.അത് കൊണ്ട് തന്നെ ഈ ചിത്രം എല്ലാ തരത്തിലും ഉള്ള പ്രേക്ഷകരെ സംബോധന ചെയ്യുന്നുണ്ട്.

    ചെന്നൈയില്‍ താമസിക്കുന്ന ഇളങ്കോ എന്ന യുവാവ് സ്വന്തമായി ഒരു ബിസിനസ് ആശയം പ്രാവര്‍ത്തികം ആക്കി  വിജയിപ്പിക്കണം എന്ന ആഗ്രഹത്തില്‍ ആണ്.മറ്റുള്ളവരുടെ കീഴില്‍ ജോലിക്ക് പോകാന്‍ ആഗ്രഹം ഇല്ലാത്ത ആള്‍.ഇളങ്കോയുടെ സുഹൃത്തായ പുളിവെട്ടി അറുമുഖം ഒരു തട്ടിപ്പ് ജ്യോത്സ്യന്‍  ആണ്.നായകന്‍ ഒരു പണക്കാരി പെണ്‍ക്കുട്ടിയും ആയി ഇഷ്ടത്തിലും ആണ്.സിനിമയില്‍ സാധാരണ തമിഴ് സിനിമയ്ക്ക് വേണ്ടിയ ചേരുവകകള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കുറച്ചു ബോധം ഉള്ള ഒരു ശാസ്ത്ര കുതുകി കൂടി ആകുമ്പോള്‍ അമ്പതു വര്‍ഷങ്ങള്‍ മുന്നില്‍ നിന്നും അയക്കപ്പെട്ട ടൈം മെഷീന്‍ ഇവിടെ നടത്തുന്ന സാഹസികതകള്‍ ആണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

  ടൈം മെഷീന്‍ ചിലരുടെ സ്വപ്നം ആയിരുന്നു എങ്കിലും അതിവിടെ അകപ്പെട്ടപ്പോള്‍ ഭാവിയില്‍ ഉള്ളവരുടെ ആഗ്രഹം തകരുന്നു.എന്നാല്‍ ഇവിടെ എത്തപ്പെട്ട ടൈം മെഷീന്‍ വര്‍ത്തമാന കാലത്തില്‍ നല്ലതും ചീതയും ആയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.അങ്ങനെ ചിത്രത്തിന്‍റെ അവസാനം വരെ അത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി ആണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.തമിഴ്‌ സിനിമയ്ക്ക് ഉണ്ടായ കഥകളിലെ വൈവിധ്യവും ഉണര്‍വും ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നതായി കേള്‍ക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

414.SPY(ENGLISH,2015)

414.SPY(ENGLISH,2015),|Comedy|Adventure|Action|,Dir:-Paul Feig,*ing:-Melissa McCarthy, Rose Byrne, Jude Law .

  ജേസന്‍ സ്ടാതം അന്യായ “തള്ളല്‍” നടത്തിയ Spy ഈ വര്‍ഷം ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച കോമഡി ചിത്രം ആണെന്ന് പറയാം.സ്ടാതം പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു വിജയിച്ചു എങ്കില്‍ ചിത്രത്തിന്‍റെ നിലവാരം ഒരു കോമഡി ചിത്രം എന്ന നിലയില്‍ മുകളില്‍ തന്നെ ആണ്.എലികള്‍ ഒക്കെ ഓടി കളിക്കുന്ന ആ കെട്ടിടത്തില്‍ ആണ് സി ഐ എയുടെ രഹസ്യാന്വേഷണ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കുന്നത്.ബ്രാഡ്ലി ഫൈന്‍ എന്ന മിടുക്കന്‍ ആയ ചാരന് തത്സമയം അയാളുടെ ഓപറേഷനുകളില്‍ സഹായം എത്തിക്കുക എന്നതാണ് സൂസന്‍ കൂപ്പറിന്റെ ജോലി.

  രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലിക്ക് എത്തിയിട്ട് പത്തു വര്‍ഷം ആയെങ്കിലും ഫീല്‍ഡ് ജോലിക്ക് ഇത് വരെ സൂസനെ ആരും അയച്ചിട്ടില്ല.എന്നാല്‍ ബ്രാഡ്ലി ഫൈന്‍ ഒരു ഓപറേഷന്‍ നടത്തുന്ന ഇടയില്‍ അപകടത്തില്‍ പെടുന്നു.ബ്രാഡ്ലി ഫൈന്‍ ഇല്ലാതായതിന്  ശേഷം ആ ഓപറേഷന്‍ മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു സി ഐ ഏ .കാരണം അവരുടെ അവശേഷിക്കുന്ന ഏജന്റുമാരെ ശത്രു പക്ഷത്തില്‍ ഉള്ളവര്‍ക്ക് അറിയാം.ലോകത്തിനു തന്നെ ഭീഷണി ആകാന്‍ സാധ്യത ഉള്ള പ്രവൃത്തിയില്‍ നിന്നും എതിരാളികളെ തടസപ്പെടുത്തുക എന്ന ജോലിക്ക് സൂസന്‍ തയ്യാറാകുന്നു.

  എന്നാല്‍ സൂസന്റെ ആഗ്രഹം പോലെ അല്ല ഒന്നും സംഭവിക്കുന്നത്‌.അതിനോടൊപ്പം സഹ പ്രവര്‍ത്തകരില്‍ ചിലര്‍ വയ്ക്കാന്‍ നോക്കുന്ന പാരകള്‍.സൂസന്‍ തന്റെ പുതിയ ജീവിതത്തില്‍ വിജയി ആകുമോ?സൂസന്റെ പുതിയ അവതാരം ആണ് ഈ കോമഡി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.സൂസന്‍ കൂപ്പര്‍ ആയി വന്ന മെലീസ ശരിക്കും  ചിരിപ്പിച്ചു.അത് പോലെ തന്നെ നാന്‍സി ആയി വന്ന മിറാണ്ട ഹാര്‍ട്ട്,ആല്‍ടോ ആയി വന്ന പീറ്റര്‍ ഒക്കെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു.നര്‍ഗീസ് ഫക്രി ചെറിയ ഒരു റോളില്‍ ചിത്രത്തില്‍ വരുന്നുണ്ട്.ഒരു മുഴുനീള കോമഡി ചിത്രം കാണണം എന്ന് തോന്നുമെങ്കില്‍ Spy കണ്ടു നോക്കാവുന്നതാണ്.

More movie suggestions @www.movieholicviews.blogspot.com

413.MUST WATCH MOVIES FOR MOTOR CYCLE LOVERS

413.MUST WATCH MOVIES FOR MOTOR CYCLE LOVERS

മോട്ടര്‍ സൈക്കിള്‍ പ്രേമികള്‍  തീര്‍ച്ചയായും കണ്ടിരിക്കണ്ട 6 സിനിമകളെ പരിചയപ്പെടുത്തുന്നു.സ്വന്തം  മോട്ടര്‍ സൈക്കിളിനെ  മിസ്‌ ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ അത് മാറ്റാനായി ഈ അഞ്ചു സിനിമകള്‍ കാണാന്‍ ശ്രമിക്കൂ.നിങ്ങളുടെ അടുക്കല്‍ മോട്ടര്‍ സൈക്കിള്‍ പറന്നെത്തിയ  പ്രതീതി ഉണ്ടാകും.

1.Motor Cycle Diaries

   നിങ്ങള്‍ വിപ്ലവ ആശയത്തിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന ആളാകട്ടെ എന്നാല്‍ രണ്ടു  കൂട്ടര്‍ക്കും ചെഗുവേരയുടെ വിപ്ലവത്തിലേക്കുള്ള യാത്ര അവതരിപ്പിച്ച ഈ ചിത്രത്തെ ഒരിക്കലും അവഗണിക്കാന്‍ സാധിക്കില്ല.കള്‍ട്ട് ക്ലാസിക് റോഡ്‌ മൂവി എന്ന് പറയാവുന്ന ഈ ചിത്രം 1952 ല്‍ ചെ യും സുഹൃത്തും കൂടി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആയിരുന്നപ്പോള്‍ ദക്ഷിണ അമേരിക്കയിലൂടെ നടത്തിയ യാത്രകളുടെ രേഖാ ചിത്രം ആണ്.നോര്‍ട്ടന്‍ 500 എന്ന പഴയ മോഡല്‍  ബൈക്കിലെ ആ യാത്രാനുഭവം ഒരിക്കലും നഷ്ടപ്പെടുത്താന്‍ കഴിയില്ല.

2.Easy rider

   അമേരിക്കയില്‍ ഒരു കാലത്തെ തരംഗം ആയിരുന്ന ഹിപ്പി സംസ്ക്കാരത്തിന്റെ നേര്‍ കാഴ്ച ആണ് ഈ ചിത്രം.പീറ്റര്‍ ഫോണ്ടയും ഡെന്നിസ് ഹോപ്പറും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അവരുടെ സ്വാതന്ത്ര്യം അന്വേഷിച്ചു അമേരിക്കയിലൂടെ യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.അമേരിക്കയുടെ പ്രകൃതി  സൌന്ദര്യം ശ്രദ്ധയോടെ പകര്‍ത്തിയ ഈ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം കൂടി ആകുമ്പോള്‍ അതി സുന്ദരമായ ഒരു യാത്ര നടത്തിയ അനുഭവം ആണുണ്ടാവുക.പീറ്റര്‍ ഫോണ്ടയുടെ “Captain America” chopper എന്ന ബൈക്ക് ഈ ചിത്രം കണ്ടവര്‍ ആരും മറക്കില്ല.ലോകത്തിലെ തന്നെ പ്രശസ്തമായ ബൈക്ക് എന്ന് വേണമെങ്കില്‍ അതിനെ വിളിക്കാം.

 3.The Wild One

   മോട്ടര്‍ സൈക്കിള്‍ ആരാധകരുടെ മറ്റൊരു മുഖം ആണ് പരസ്പ്പരം റോഡില്‍ പോരാടുന്ന ഗ്യാങ്ങുകള്‍.അത്തരത്തില്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇറങ്ങിയ outlaw biker ചിത്രം ആണ് The Wild One.ചെറുപ്പക്കാരന്‍ ആയ മര്‍ലോണ്‍ ബ്രാണ്ടോ അവിസ്മരനീയം ആക്കിയ ജോണി സ്ട്രാബ്ലാര്‍ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.തങ്ങളുടെ നേതാവിനെ ജയിലില്‍ അടച്ചപ്പോള്‍ ഒരു പട്ടണത്തെ മൊത്തം ഭീതിയില്‍ ആഴ്ത്തുന്ന രണ്ടു ഗ്യാങ്ങുകളുടെ  ഈ ചിത്രം പിന്നീട് കള്‍ട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെട്ടു.Triumph Bonneville,Thunderbird 650cc എന്നിവയാണ് പ്രധാന കഥാപാത്രങ്ങള്‍ ഉപയോഗിച്ച ബൈക്കുകള്‍ .

 4.Madmax Series.

   മോട്ടര്‍ സൈക്കിള്‍ മാത്രമല്ല മോഡിഫൈ ചെയ്ത വണ്ടികളുടെ കമനീയ ശേഖരം ആണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍.മോഡിഫൈ എന്നാല്‍ വെറുതെ നിറം അടിച്ചു മാറ്റിയ വണ്ടികള്‍ അല്ല.പകരം ഭാവി ലോകത്തില്‍ സംഭവിക്കാവുന്ന അവസ്ഥകളെ നേരിടുന്ന രീതിയില്‍ പോലും അവയൊക്കെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.Kawasakai 1977 KZ-1000,Kawasaki KH250,Kawasaki KZ-1000, Z900,SOHC Honda CB750 / CB900 എന്നിവയൊക്കെ അവയിലെ ചില  മോഡലുകള്‍  മാത്രം.ഇരുപതു  വര്‍ഷങ്ങള്‍ക്കു ശേഷം ഇറങ്ങിയ നാലാം  ഭാഗത്തിലും  മോട്ടര്‍ സൈക്കിളുകള്‍ ചീറി പായുന്നുണ്ട്‌ .

5.Wild Hogs.

  സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബൈക്ക് യാത്ര.ആ യാത്ര ജീവിതത്തിലെ വിരസതകളില്‍ നിന്നും ഉള്ള മോചനത്തിന് വേണ്ടി ആയാലോ?നാല് സുഹൃത്തുക്കള്‍ അത്തരത്തില്‍ നടത്തിയ യാത്രകള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.തമാശയും,സൗഹൃദവും എല്ലാം ഇഴകി ചേര്‍ന്ന Harley Sportster, Harley Fat Boys, Harley Softtail Springer എന്നിവയ്ക്ക് പുറമേ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത OCC ബൈക്കും ആയിരുന്നു മുഖ്യ കഥാപാത്രങ്ങള്‍.സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള യാത്രയുടെ രസകരമായ വേര്‍ഷന്‍ ആണ് ഈ ചിത്രം.

6.The World’s Fastest Indian

    ന്യൂസീലാന്റിലെ കിവി ബര്‍റ്റ് മണ്രോയുടെ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദം ആക്കി ചെയ്ത ഈ ചിത്രം ഒരു കാലഘട്ടത്തിലേക്കുള്ള  മടങ്ങി പോക്ക് കൂടി ആണ്.600 cc യുടെ 1920 മോഡല്‍ ഇന്ത്യന്‍ സ്കൌട്ട് ബൈക്ക് ആണ് ചിത്രത്തിലെ പ്രധാനി.അന്തോണി ഹോപ്ക്കിന്‍സ് അനശ്വരം ആക്കിയ ഈ ചിത്രം മോട്ടര്‍ സൈക്കിളിലൂടെ വിശ്വ വിജയം നേടിയ ആ സമയത്തെ വേഗതയേറിയ ബൈക്കിനെ കുറിച്ചായിരുന്നു.

The edited version as published in http://www.autobeatz.com/home_special_details.php?ID=412

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started