412.COLD EYES(KOREAN,2013)

412.COLD EYES(KOREAN,2013),|Action|Thriller|Crime|,Dir:-Ui-seok Jo, Byung-seo Kim,*ing:-Hyo-ju Han, Kyung Jin, Woo-sung Jung

  കൊറിയന്‍ സിനിമയിലെ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ് 2013 ല്‍ റിലീസ് ആയ Cold Eyes.ഈ ആക്ഷന്‍ /ത്രില്ലര്‍ ചിത്രം ഹീസ്റ്റ് മൂവി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബുദ്ധിപൂര്‍വ്വം ആയി കരുക്കള്‍ നീക്കി വലിയ മോഷണങ്ങള്‍ നടത്തുന്ന കൊള്ള സംഘവും അവരും പോലീസും ആയുള്ള Cat & Mouse കളി ആണ് ചിത്രം.ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ ചിത്രം ആധുനിക രീതിയില്‍ കുറ്റവാളികളെ പിടി കൂടാനും കുറ്റ കൃത്യങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് നീങ്ങുന്ന ഒരു പോലീസ് ടീമിന്റെ കഥയാണ് അവതരിപ്പിക്കുന്നത്‌.

  ചിത്രം ആരംഭിക്കുന്നത് തന്നെ വളരെയധികം ഹോംവര്‍ക്ക് ചെയ്ത് നടപ്പിലാക്കിയ ഒരു ബാങ്ക് മോഷണത്തോടെ ആണ്.പുതുതായി സര്‍വീസില്‍ കയറിയ ഹാ യൂന്‍ ജൂയുടെ ഏറ്റവും വലിയ കഴിവ് അവളുടെ ഫോട്ടോഗ്രാഫിക് മെമ്മറി ആയിരുന്നു.ആ ടീമിന് വേണ്ടതും അത് തന്നെ ആയിരുന്നു.കാരണം അവര്‍ കേസ് അന്വേഷണങ്ങള്‍ നടത്തുന്നത് കൂടുതലും Surveillance Camera ഉപയോഗിച്ചുള്ള മാര്‍ഗങ്ങളിലൂടെ ആയിരുന്നു.കുറ്റവാളികള്‍ എന്ന് കരുതുന്ന ആളുകളുടെ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അവരുടെ നീക്കങ്ങളെ ഒരു പടി മുന്നില്‍ ചിന്തിച്ചു വീഴ്ത്തുകയും ചെയ്യുന്നതായിരുന്നു അവരുടെ പ്രവര്‍ത്തന രീതി.ചീഫ് ഹ്വാങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടീമിന്റെ ഇപ്പോഴത്തെ ആവശ്യം ജെയിംസ് എന്ന അതി ബുദ്ധിമാന്‍ ആയ കൊള്ള സംഘ നേതാവിനെ വീഴ്ത്തുക എന്നതായിരുന്നു.

  ചടുല വേഗത്തില്‍ പോകുന്ന ഈ ചിത്രം വളരെയധികം മികവോടെ ആണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്.കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള സാധാരണ രീതികളില്‍ നിന്നും വിഭിന്നമായി കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ ഇടയില്‍ പെടുത്താവുന്ന രീതിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം എന്നാല്‍ സിനിമയുടെ കാര്യം മാത്രം നോക്കുമ്പോള്‍ നല്ല ഹീസ്റ്റ് മൂവിക്കു വേണ്ടിതെല്ലാം ചേര്‍ത്താണ് ഇറക്കിയിരിക്കുന്നത് .തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രം ആണ് Cold Eyes.

More movie suggestions @www.movieholicviews.blogspot.com

411.DIE BAD(KOREAN,2000)

411.DIE BAD(KOREAN,2000),|Crime|Drama|,Dir:-Seung-wan Ryoo,*ing:-Seong-bin Park, Seung-beom Ryu, Jung-shik Bae

  കൊറിയന്‍ സിനിമകളിലെ പരീക്ഷണ ചിത്രം എന്ന് വേണമെങ്കില്‍ പറയാം ഈ ക്രൈം/ഡ്രാമ ചിത്രത്തെ.സിയുംഗ് വാന്‍ റിയൂവിന്റെ ആദ്യ സംവിധാന സംരംഭം ആയ ഈ ചിത്രം അവതരണ രീതിയില്‍ പുതുമകള്‍ കൊണ്ട് വന്ന ഒന്നാണ്.അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ചിലപ്പോള്‍ വില കൊടുക്കേണ്ടി വരുന്നത് ബാക്കി ഉള്ള ജീവിതം കൊണ്ടാണ്.ഒപ്പം പലരും ഒത്തു ചേരുമ്പോള്‍ ആ തെറ്റിന്റെ വില ഒരാളില്‍ ഒതുങ്ങാതെ ഒരു കൂട്ടം ആളുകളെ ബാധിക്കുന്നു.ഈ ഒരു ആശയം ആണ്  സംവിധായകന്‍ ഈ ചിത്രത്തിലൂടെ  മുന്നോട്ടു വച്ചിരിക്കുക.

  ഈ ചിത്രത്തെ നാളായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.Rumble,Nightmare,Modern Man,Die Bad എന്നിവയാണ് ഈ നാല് ഭാഗങ്ങള്‍.നായക കഥാപാത്രം ആയ പാര്‍ക്ക് സുംഗ് ബിന്‍ 19 വയസ്സില്‍ ഉള്ള ചോര തിളപ്പില്‍ മറ്റെല്ലാം മറന്നു കൊണ്ട് സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ ജീവിതം അവസാനിച്ചത്‌ മറ്റൊരാളുടെ മരണത്തോടെ ആയിരുന്നു.ജയിലില്‍ 7 വര്‍ഷം കഴിഞ്ഞു കൂട്ടിയ പാര്‍ക്ക് തിരിച്ചെത്തിയപ്പോള്‍ നേരിടേണ്ടി വരുന്നത് മുന്‍ വിധിയോടെ അയാളെ കാണുന്ന വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും ആയിരുന്നു.ജോലി സമ്പാദിച്ചു എവിടെങ്കിലും ഒതുങ്ങി കൂടാന്‍ അയാള്‍ തീരുമാനിക്കുന്നുണ്ടെങ്കിലും സമൂഹ വ്യവസ്ഥ അയാള്‍ എവിടെ എത്തണം എന്ന് ആഗ്രഹിച്ചോ അവിടെ തന്നെ എത്തി ചേരുന്നു.

   കൊറിയന്‍ സിനിമകളില്‍ ക്ലാസിക് പദവി നേടാന്‍ ഈ ചിത്രത്തെ സമീപിച്ച രീതി കൊണ്ടായിട്ടുണ്ട്.സമൂഹം മോശക്കാരന്‍ എന്ന് വിളിക്കുന്ന ഗുണ്ടയും പോലീസില്‍ ചേര്‍ന്ന പാര്‍ക്കിന്റെ സുഹൃത്തും ആയുള്ള മോക്ക് ഡോക്യുമെന്‍ററി ഭാഗം ഒക്കെ വ്യത്യസ്ത പുലര്‍ത്തിയവ ആയിരുന്നു.സാധാരണ ഗതിയില്‍ ഉള്ള കൊറിയന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം ആയി നിറങ്ങളില്‍ പോലും ഏറ്റ കുറച്ചിലുകള്‍ നാല് ഭാഗങ്ങളിലും കാണാം.ഓരോ കഥയ്ക്കും അനുസൃതം ആയ മാറ്റങ്ങള്‍. വ്യത്യസ്തമായ ഈ മേക്കിംഗ് ശൈലിയില്‍ ആകൃഷ്ടരായ ഹോളിവുഡ് ലിയോനാര്‍ഡോ കാപ്രിയോ നിര്‍മാതാവും അഭിനേതാവും ആയി ഈ ചിത്രം റീമേക്ക് ചെയ്യുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും പിന്നീട് വിസ്മൃതിയില്‍ ആകുകയായിരുന്നു.

More movie suggestions @www.movieholicviews.blogspot.com

410.INGLOURIOUS BASTERDS(ENGLISH,2009)

410.INGLOURIOUS BASTERDS(ENGLISH,2009)Drama|War|Adventure|,Dir:-Quentin Tarantino,*ing:-Brad Pitt, Diane Kruger, Eli Roth.

  രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാസികളുടെ ജൂത വിരോധം അതിന്‍റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോള്‍ ഉള്ള സംഭവങ്ങളുടെ ടരാന്റിനോ വേര്‍ഷന്‍ ആണ് ഈ ചിത്രം.Jew Hunter എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ഹാന്‍സ് ലണ്ട ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്നിരുന്ന സമയത്താണ് ശോശന്നയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നത്..Inglourious Basterds എന്നറിയപ്പെടുന്ന പട്ടാള ഗ്രൂപ്പിനെ അമേരിക്ക പിന്നീട്  നിര്‍മിക്കുന്നു.അല്‍ടോ റെയിന്‍ എന്ന ഓഫീസറുടെ ഒപ്പം ജൂതന്മാരായ അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെട്ടതായിരുന്നു അവരുടെ ടീം.  Inglourious Basterds ന്‍റെ പ്രവര്‍ത്തന രീതി രസകരം ആയിരുന്നു അതിനൊപ്പം അതി ക്രൂരവും.തങ്ങള്‍ കൊല്ലുന്ന നാസികളുടെ ശിരോചര്‍മം അവര്‍ മുറിച്ചു എടുത്തിരുന്നു.അഭിമാന ചിഹ്നം ആയി.അവര്‍ വിട്ടയക്കുന്നവരുടെ നെറ്റിയില്‍ സ്വാസ്തിക മുദ്ര ചാപ്പ കുത്തുകയും ചെയ്തിരുന്നു.

     കേണല്‍ ഹാന്‍സ് ലണ്ടയ്ക്ക് ചേര്‍ന്ന എതിരാളികള്‍ ആയിരുന്നു നാസികളുടെ ഇടയില്‍ ഭീതി പകര്‍ത്തിയ Inglourious Basterds.യുദ്ധ തന്ത്രങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചിരുന്ന കണ്ണില്‍ ചോര ഇല്ലാത്തവരുടെ ഇടയില്‍ അവരുടെ സഹായികള്‍ ആയി പലരും ഉണ്ടായിരുന്നു മറ്റു വേഷങ്ങളില്‍.ടരാന്റിനോയുടെ ഈ ചിത്രം യുദ്ധ സിനിമയായി കണക്കാക്കാം എങ്കിലും ഹിറ്റ്ലര്‍ തന്‍റെ അവസാന നിമിഷങ്ങള്‍ ചിലവഴിച്ചതൊക്കെ ഫിക്ഷണല്‍ രീതിയില്‍ സ്വന്തമായി ഉണ്ടാക്കിയ ഭാവനാ പൂര്‍ണം ആയ കഥയിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.നാസികളുടെ യുദ്ധ നായകന്‍ ആയ സോലറുടെ വീര നായക പരിവേഷം Pride of the Nation ആയി തിരയില്‍ അവതരിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ ടരാന്റിനോ സ്റ്റൈലില്‍ രക്ത വരണം ആയിരുന്നു.വയലന്‍സിന്റെ പ്രസരിപ്പ് കൂറ്റന്‍ എന്ന വണ്ണം ഒഴുക്കുന്ന ചോര ടരന്റിനോ സ്പെഷ്യല്‍ ആണ്.

  തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ Inglourious Basterds നെ ഉള്‍പ്പെടുത്തണം.കാരണം ഈ ചിത്രത്തില്‍ എല്ലാം ഉണ്ട്.വളച്ചൊടിച്ച ചരിത്രം ആണെങ്കില്‍ കൂടി ഹിറ്റ്ലര്‍ ഒക്കെ തമാശ രൂപേണ അവതരിപ്പിക്കപ്പെട്ടതൊക്കെ രസകരം ആയിരുന്നു.പടത്തില്‍ അസാധ്യ അഭിനയം കാഴ്ച വച്ചത് കേണല്‍ ഹാന്‍സ് ലണ്ടയെ അവതരിപ്പിച്ച ക്രിസ്ടോഫ് വാള്‍ട്സ് ആയിരുന്നു.ബ്രാഡ് പിറ്റിന്റെയും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം.ഓസ്ക്കാര്‍ നാമനിര്‍ദേശം എട്ടു വിഭാഗങ്ങളില്‍ നേടിയെങ്കിലും ക്രിസ്ടോഫ് വാല്‍ത്സിലൂടെ മികച്ച സഹനടന് ഉള്ള പുരസ്ക്കാരം മാത്രമേ  ലഭിച്ചിരുന്നുള്ളൂ.പതിവ് പോലെ ഓസ്ക്കാര്‍ പ്രതീക്ഷ ഉണ്ടായിരുന്നു ആ വര്‍ഷം ഈ ചിത്രത്തിന് എങ്കിലും Hurt Locker കടുത്ത എതിരാളി ആയി മാറുക ആണുണ്ടായത്.

More movie suggestions @www.movieholicviews.blogspot.com

409.HELPLESS(KOREAN,2012)

409.HELPLESS(KOREAN,2012),|Thriller|Mystery|,Dir:-Young-Joo Byun,*ing:-Sun-kyun Lee, Min-hee Kim, Seong-ha Jo .

   ജംഗ് മന്‍-ഹോ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന കാംഗ് സിയോംഗും  ആയി തന്‍റെ മാതാപിതാക്കന്മാരെ വിവാഹം ക്ഷണിക്കാന്‍ പോകുകയായിരുന്നു.മഴയുള്ള ആ ദിവസം ആദ്യമായി കാണാന്‍ പോകുന്ന തന്‍റെ പ്രിയതമന്റെ മാതാപിതാക്കളെ ഇമ്പ്രസ്സ് ചെയ്യാന്‍ കാംഗ് സിയോംഗ് തന്‍റെ ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു.ഭക്ഷണം കഴിച്ചാല്‍ എന്തെങ്കിലും കാരണവശാല്‍ തന്‍റെ വസ്ത്രം അഴുക്കാകുമോ എന്നതായിരുന്നു അവളുടെ ഭയം.യാത്രയുടെ ഇടയില്‍ വിശ്രമിക്കാന്‍ ആയി മന്‍-ഹോ റസ്റ്റ്‌ സ്റ്റോപ്പിന്റെ അടുക്കല്‍ വണ്ടി നിര്‍ത്തുന്നു.കാംഗ് സിയോംഗിനു വേണ്ടി കാപ്പിയും വാങ്ങി കൊണ്ട് വരുമ്പോള്‍ മന്‍-ഹോ അവളെ കാറില്‍ കാണുന്നില്ല.മന്‍-ഹോ അവളെ അവിടെ മൊത്തം തിരക്കുന്നു.പോലീസില്‍ കേസ് നല്‍കുന്നു.എന്നാല്‍ അന്വേഷണം എങ്ങും എത്തുന്നില്ല.

   മേല്‍ പറഞ്ഞ കഥ എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ?ഒരു പരിധി വരെ ചിത്രത്തിന്‍റെ തുടക്കം കണ്ടപ്പോള്‍ Spoorloos ലെ റെക്സിനെയും സസ്ക്കിയയെയും ആണ് എനിക്ക് ഓര്‍മ വന്നത്.ആ സിനിമയുടെ റീമേക്ക് ആണോ എന്ന് വരെ കരുതി.എന്നാല്‍ ജാപ്പനീസ് എഴുത്തുകാരന്‍ ആയ മിയാബി മിയൂക്കി എഴുതിയ കഥ മറ്റൊരു രീതിയില്‍ പ്രേക്ഷകനെ ഞെട്ടിക്കാന്‍ തക്ക കഴിവുള്ള ചിത്രം ആയിരുന്നു.Spoorloosന്‍റെ കഥ എന്ത് മാത്രം പ്രേക്ഷകനെ ക്ലൈമാക്സില്‍ റെക്സിലൂടെ  ഞെട്ടിക്കും എന്നത് പോലെ തന്നെ ആയിരുന്നു ഈ ചിത്രത്തില്‍ കല്യാണത്തിന് ഒരാഴ്ച മുന്‍പ് മാത്രം വായുവില്‍ അപ്രത്യക്ഷ അയ കാംഗ് സിയോംഗിന്റെ കഥയും.മന്‍-ഹോ അവളെ അന്വേഷിക്കാന്‍ ആയി കിം ജോംഗ് എന്ന കൈക്കൂലി വാങ്ങി പോലീസ്  സര്‍വീസില്‍ നിന്നും സസ്പെന്‍ഷന്‍ ലഭിച്ച ബന്ധുവിനെ ഏല്‍പ്പിക്കുമ്പോള്‍ കഥയുടെ രഹസ്യങ്ങള്‍ ചുരുളഴിയുന്നു.

  എന്തായിരുന്നു ആ രഹസ്യങ്ങള്‍?കാംഗ് സിയോംഗ് എവിടേക്ക് ആണ് യഥാര്‍ത്ഥത്തില്‍  അപ്രത്യക്ഷ ആയത്?അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അസാധാരണം ആയി അനുഭവപ്പെട്ടു എല്ലാവര്‍ക്കും.സാധാരണം എന്ന് ചിന്തിച്ചിരുന്ന ജീവിതം അസാധാരണം ആയ ഒരു കഥയാണ് എന്ന് മനസ്സിലാക്കുന്ന മന്‍-ഹോയെയും അയാളെ ചുറ്റി പറ്റിയുള്ളവരുടെയും കഥയാണ് ഈ കൊറിയന്‍ മിസ്റ്ററി/ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌.കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം ആണ് Helpless.

More movie suggestions @www.movieholicviews.blogspot.com

408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014)

408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014),|Mystery|Thriller|,Dir:-Baran bo Odar,*ing:-Tom Schilling, Elyas M’Barek, Wotan Wilke Möhring.

  സാങ്കല്‍പ്പികം ആയ ഒരു രാജ്യം ആയി ഇന്റര്‍നെറ്റിനെ  കണക്കാക്കിയാല്‍ ആ രാജ്യത്തെ പൗരന്മാര്‍ ആണ് നമ്മളില്‍ പലരും.യഥാര്‍ത്ഥ ലോകത്തില്‍ ആഗ്രഹിച്ചതൊക്കെ  ആകാന്‍  പറ്റാതെ വരുമ്പോള്‍ ഇന്റര്‍നെറ്റ്‌ എന്ന രാജ്യത്തില്‍ അദൃശ്യമായ ,അജ്ഞാതമായ ഒരു പേരില്‍ ആര്‍ക്കും വിഹരിക്കാം.യഥാര്‍ത്ഥ  ലോകത്തില്‍ ആള്‍മാറാട്ടം ,മറ്റൊരാളെ പറ്റിക്കുക മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷകള്‍ ധാരാളം ഉണ്ടെങ്കിലും ഇന്റര്‍നെറ്റ്‌ ലോകത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൊടുക്കണമെങ്കില്‍ മജ്ജയും മാംസവും  ഉള്ള മനുഷ്യനെ ചുറ്റി പറ്റിയുള്ള അന്വേഷണത്തിലും മുന്നില്‍ നില്‍ക്കുന്നത് ചെയ്‌താല്‍ മാത്രമേ  മതിയാകൂ.കാരണം പലപ്പോഴും വന്‍ രീതിയില്‍ നടത്തുന്ന ഇന്റര്‍നെറ്റ്‌ ലോകത്തിലെ കബളിക്കപ്പെടല്‍ ഡിസൈന്‍ ചെയ്യുന്നത് അതി വിദഗ്ദ്ധരായ ഹാക്കര്‍മാര്‍ ആണ്.അത് കൊണ്ട് തന്നെ ഒരു സംവിധാനവും കമ്പ്യൂട്ടറും സുരക്ഷിതം അല്ല.ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയവും ഇതാണ്.

   ചിത്രം ആരംഭിക്കുന്നത് ബെഞ്ചമിന്‍ എന്ന യുവാവിനെ ചോദ്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരിലൂടെ ആണ്.എന്നാല്‍ അവരുടെ മുന്നില്‍ മിണ്ടാതിരുന്ന ബെഞ്ചമിന്‍ താന്‍ ഹന്നെ ലിന്റ്ബെര്‍ഗ് എന്ന  സര്‍ക്കാര്‍ വിഭാഗത്തിലെ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്ന വിഭാഗത്തിലെ മുന്‍ മേധാവിയോടു ആയിരിക്കും എന്ന് പറയുന്നു.അന്വേഷണ സംഘം ലിന്റയെ ബെഞ്ചമിന്റെ അടുക്കല്‍ എത്തിക്കുന്നു.ലിന്റ ബെഞ്ചമിനെ ചോദ്യം ചെയ്തു തുടങ്ങുന്നു.ഒരു ഹാക്കര്‍ ആയി താന്‍ മാറിയത്, ബെര്‍ലിനില്‍ ആ സമയം നടന്ന ഹാക്കിംഗ് ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള മത്സരങ്ങളെ കുറിച്ചും എല്ലാം ബെഞ്ചമിന് അവരോടു പറയാന്‍ ഉണ്ടായിരുന്നു.ലിന്ടയുടെ ജോലി പോകാന്‍ കാരണക്കാരന്‍ ആയി ബെഞ്ചമിന്‍ എങ്ങനെ മാറുന്നു എന്നുള്ള രഹസ്യവും എല്ലാം ലിന്റ മനസ്സിലാക്കുന്നു.ബെഞ്ചമിന് എന്നാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ത്തെ തീരൂ.അത് പോലെ ലിന്റയ്ക്ക് വേണ്ടി ബെഞ്ചമിന്‍ അവസാനമായി ഒരു ജോലിയും ചെയ്യണം.എന്താണ് സംഭവിച്ചത്?ഒരു ഹാക്കറുടെ ആത്മാഭിമാനം അവരുടെ യഥാര്‍ത്ഥ ലോകത്തില്‍ വട്ട പൂജ്യം ആയി പോയാല്‍  വെര്‍ച്ച്വല്‍ ലോകത്തില്‍ അതിനു എന്ത് മാത്രം വില ഉണ്ടെന്ന് ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.  ദുരൂഹമായ ആ സംഭവങ്ങളുടെ ബെഞ്ചമിന്‍ വേര്‍ഷന്‍ ആണ് ചിത്രം.

  ഒരു സമയത്ത് ചിത്രം Usual Suspects ആയി മാറുമോ എന്ന് പോലും കരുതിയിരുന്നു.എങ്കിലും ഒരു ത്രില്ലര്‍ ചിത്രത്തിന് ഉള്‍ക്കൊള്ളാവുന്ന നല്ല ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.പശ്ചാതല സംഗീതം ചിത്രത്തിന്‍റെ വേഗത്തിന് അനുസരിച്ചുള്ളതായിരുന്നു.അത് കൊണ്ട് തന്നെ ഒരു ത്രില്ലിംഗ് അനുഭവം ആയിരുന്നു ചിത്രം.ഹാക്കിംഗ് ലോകത്തിലെ സംഭവങ്ങള്‍ നിലവരാമുള്ള മേക്കിങ്ങിലൂടെ അവതരിപ്പിച്ചത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ മേന്മയും .ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേമികള്‍ക്ക് ഇഷ്ടം ആകും ഈ ജര്‍മന്‍ ചിത്രം എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

407.THE WORLD OF SILENCE(KOREAN,2006)

407.THE WORLD OF SILENCE(KOREAN,2006),|Thriller|Crime|Mystery|,Dir:-Ui-seok Jo,*ing:-Eun-jeong Ham, Bo-bae Han, Gyu-su Jeong.

  കൊറിയന്‍ ക്രൈം/ത്രില്ലറുകള്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ പ്രത്യേകം തന്നെയാണ്.പതിഞ്ഞ താളത്തില്‍ പോവുകയും പ്രതീക്ഷിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്യുന്ന ആ സിനിമകള്‍ പലപ്പോഴും പ്രേക്ഷകന് മറക്കാന്‍ ആകാത്ത അനുഭവം  ആയി  മാറാറുണ്ട്.എന്നാല്‍ കൂടി പ്രതീക്ഷിക്കാത്ത എന്തെങ്കിലും പ്രതീക്ഷിക്കാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്ന സ്ഥലത്ത് പോലും ബുദ്ധിപരമായി കഥാപാത്രങ്ങളെ മെനഞ്ഞു അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നു.സിനിമയുടെ ആകെ മൊത്തം ഉള്ള മൂഡ്‌ നിലനിര്‍ത്താന്‍ ഇതിലും നല്ല വഴി ഉണ്ടെന്നു തോന്നുന്നില്ല.അതേ തത്വം പിന്തുടരുന്ന മറ്റൊരു കൊറിയന്‍  ചിത്രം ആണ് World of Silence.

   കൊറിയയില്‍ അടുത്തടുത്തായി നടന്ന കുട്ടികളുടെ കൊലപാതകങ്ങള്‍ ഒരേ രീതിയില്‍ ഉള്ളവയായിരുന്നു.അധികം പ്രായം ഇല്ലാത്ത കുട്ടികളെ കൊല്ലപ്പെടുത്തിയ ശേഷം നഗരത്തിന്‍റെ പല ഭാഗത്തും കണ്ടു തുടങ്ങുന്നു.കേസ് അന്വേഷണം ഏറ്റെടുത്ത ഡിറ്റക്ട്ടീവ് കിം ആദ്യ കൊലപാതകത്തില്‍ തന്നെ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയത് മനസ്സിലാക്കി ഇനിയും കൂടുതല്‍ കൊലപാതകങ്ങള്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.വിശ്വാസം തെറ്റിയില്ല.ഈ സമയം ആണ് അമ്മ ആശുപത്രിയില്‍ കോമയില്‍ കടക്കുന്ന ഹാന്‍ ബോയുടെ താല്‍ക്കാലിക ഉത്തരവാദിത്തം ജംഗ് ഹോ എന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്‍റെ വിദേശ യാത്രയ്ക്ക് ശേഷം ഏറ്റെടുക്കേണ്ടി വരുന്നത്.ജംഗ് ഹോയ്ക്ക് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു.എന്നാല്‍ ആ കഴിവ് അയാളുടെ ജീവിതത്തില്‍ ഉപദ്രവപരം ആയി മാറുന്നു.

  ജോംഗ് ഹോ,ഡിറ്റക്ട്ടീവ് കിം,ഹാന്‍ ബോ എന്നിവര്‍ ഈ കൊലപാതക കേസിലെ നിര്‍ണായകമായ അവസ്ഥയില്‍ ഉള്‍പ്പടേണ്ടി വരുന്നു.അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങള്‍ ജോംഗ് ഹോ,ഹാന്‍ ബോ എന്നിവരുടെ ബന്ധത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു.ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കൊറിയന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകും ഈ ചിത്രം എന്ന് പ്രതീക്ഷിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

406.YAGAVARAYINUM NAA KAAKKA(TAMIL,2015)

406.YAGAVARAYINUM NAA KAAKKA(TAMIL,2015),|Action|Thriller|,Dir:-Sathya Prabhas Pinishetty,*ing:-Aadi,Nikki Galrani,Mithun Chakraborthy,Pashupathi.

  “യഗവരയിനും നാ കാക “-തിരുക്കുറലിലെ ഈ കുറല്‍ സൂചിപ്പിക്കുന്നത് അവനവന്‍റെ വാക്കുകളെ നിയന്ത്രിക്കാന്‍ ഏതു പ്രതികൂല സാഹചര്യത്തിലും സാധിക്കുന്നില്ലെങ്കില്‍ അവനവന്‍ എത്തി ചേരുന്നത് കുഴപ്പങ്ങളിലേക്ക് ആണ്.ട്വിസ്റ്റും പിന്നെ ട്വിസ്ട്ടോട് ട്വിസ്റ്റും നല്‍കിയ ഈ സിനിമയ്ക്ക് ചേരുന്ന പേരും അതാണ്‌.ആദി എന്ന നടന്റെ ചിത്രങ്ങള്‍,പ്രത്യേകിച്ചും ശങ്കര്‍ നിര്‍മാതാവ് ആയ ഈറം എന്ന ചിത്രം എന്റെ പേര്‍സണല്‍ ഫേവരിട്ടുകളില്‍ ഒന്നാണ്.ആദി ഇത്തവണ എത്തിയിരിക്കുന്നത് അച്ഛന്റെ നിര്‍മാണത്തില്‍ സഹോദരന്‍ സത്യാ പ്രഭാസ് സംവിധായകന്‍ ആയ ചിത്രത്തിലൂടെ ആണ്.

   ജീവിതത്തില്‍ സൗഹൃദത്തിനു പ്രാധാന്യം നല്‍കിയ നാല് യുവാക്കള്‍.അതില്‍ മൂന്നു പേര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ മക്കള്‍.ആദി അവതരിപ്പിക്കുന്ന നായക കഥാപാത്രം സഗാ എന്ന് വിളിപ്പേരുള്ള സതീഷ്‌ ഗണപതി ഒരു സാധാരണ വീട്ടിലെ അംഗമാണ്.പഠിച്ചതിനു ശേഷം ജോലി സമ്പാദിച്ചു മകന്‍ ജീവിക്കണം എന്ന് ആഗ്രഹം ഉള്ള സാധാരണക്കാരന്‍ ആയ അച്ഛന്റെയും അമ്മയുടെയും മകന്‍.സാധാരണയായി പോയി കൊണ്ടിരുന്ന സതീഷിന്റെ  ജീവിതത്തില്‍ അപ്രതീക്ഷിതം ആയ കുറച്ചു സംഭവങ്ങള്‍ ഉണ്ടാകുന്നു.താന്‍ ഏറെ വില കല്‍പ്പിച്ച പലതിനെയും തള്ളി പറയേണ്ട അവസ്ഥ.അതിനു കാരണം ആയതോ ഒരു പ്രത്യേക സാഹചര്യത്തില്‍ അവരുടെ കയ്യില്‍ നിന്നും വന്ന ഒരു കൈപ്പിഴവ് .സതീഷ്‌ ഇപ്പോള്‍ നില്‍ക്കുന്നത് മുംബൈയില്‍ ആണ്.അവിടെ നിന്നും തുടങ്ങുന്നു സതീഷിന്‍റെ കഥ.

   സാധാരണ സിനിമകളില്‍ ട്വിസ്റ്റുകള്‍ കഥയില്‍ വരുമ്പോള്‍ പ്രേക്ഷകന് ഇഷ്ടമാകും.എന്നാല്‍ ട്വിസ്ട്ടിന്റെ പുറത്തു അടുത്ത ട്വിസ്റ്റ് പിന്നെ അതിന്റെ കൂടെ മെലോ ഡ്രാമ,പിന്നെ കുറച്ചു സ്ഥിരം തമിഴ് സിനിമ ക്ലീഷേ എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ട്വിസ്ട്ടിന്റെ പുറത്തുള്ള ട്വിസ്റ്റ് പടത്തിന്റെ നീളം കൂട്ടിയത് പോലെ തോന്നി.എന്നാലും  പടം തീര്‍ത്തും  മോശം ആണെന്നുള്ള അഭിപ്രായം ഇല്ല.കൊമേര്‍ഷ്യല്‍ തമിഴ് സിനിമയില്‍ ഉള്‍പ്പെടുത്തേണ്ട ചിലത് കലക്കിയപ്പോള്‍ പടത്തിന്റെ മൊത്തത്തില്‍ ഉള്ള ഒഴുക്ക് പോയി.വെറുതെ വന്നു പോകുന്ന നിക്കി ഗള്‍രാനി നായികായി വരുന്നു.മിഥുന്‍ ചക്രബര്‍ത്തി ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ പശുപതിയും ഏറെ കാലത്തിനു ശേഷം സ്ക്രീനില്‍ കണ്ടു.ചിത്രം മൊത്തത്തില്‍ ആവറേജ് ആയി തോന്നി.ഒരു വട്ടം ധൈര്യമായി കണ്ടിരിക്കാവുന്ന ചിത്രം.

more movie suggestions @www.movieholicviews.blogspot.com

405.KAAKA MUTTAI(TAMIL,2014)

405.KAAKA MUTTAI(TAMIL,2014),|Drama|,Dir:-M. Manikandan,*ing:-Vignesh,Ramesh.

  തമിഴ് സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ ഇടയിലേക്ക് വന്ന “കാക്ക  മുട്ടെ” ദേശിയ അവാര്‍ഡ് വേദിയിലെ മിന്നും  നക്ഷത്രം ആയിരുന്നു.മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച ബാലതാരങ്ങള്‍ക്ക്  ഉള്ള പുരസ്ക്കാരങ്ങളും ഈ ചിത്രം  നേടുകയുണ്ടായി.ധനുഷിന്റെ കൂടി നിര്‍മാണ പങ്കാളിത്തത്തില്‍ ഫോക്സ് സ്റ്റാര്‍  സ്റ്റുഡിയോ  വിതരണത്തിന് എടുത്ത  ഈ ചിത്രം അവതരിപ്പിക്കുന്നത്‌ പല  ഭാഷകളിലും അവതരിപ്പിച്ച തീം ആണ്.പ്രതീക്ഷകള്‍ ഉണ്ടാകാന്‍ ജീവിതത്തില്‍ ഒരു കുട്ടി/അല്ലെങ്കില്‍  കുട്ടികളുടെ മുന്നില്‍  ഒരു  വസ്തു.അതിനെ ചുറ്റിപ്പറ്റി  പുരോഗമിക്കുന്ന കഥ.ഇതൊക്കെ ആണ് ഈ ചിത്രത്തിന്റെയും ശൈലി.

  എന്നാല്‍  എല്ലാവര്‍ക്കും എപ്പോഴും  ഇഷ്ടമാകുന്ന കഥ പറച്ചില്‍ ആണ് അതെന്നാണ്‌ തോന്നുന്നത്.പ്രത്യേകിച്ചും നിഷ്ക്കളങ്കരായ ദാരിദ്ര്യത്തില്‍ പോലും മനസ്സ്  നിറഞ്ഞു ചിരിക്കുന്ന കഥാപാത്രങ്ങളുടെ ഒറിജിനാലിറ്റി നല്ലത്  പോലെ പ്രേക്ഷകന് മനസ്സിലാകും.മേല്‍പ്പറഞ്ഞ അവസ്ഥയില്‍ ഉള്ള രണ്ടു കഥാപാത്രങ്ങള്‍ ആണ്  ഈ ചിത്രത്തിലും ഉള്ളത്.പ്രത്യേകിച്ച് ഒരു പേര് കൊടുക്കാത്ത ഈ ബാലന്മാര്‍ അവരുടെ പേര് പറയുന്നത് പെരിയ കാക്ക മുട്ടെ,ചിന്ന കാക്ക മുട്ടെ എന്നാണു.മുട്ട വാങ്ങിച്ചു കഴിക്കാന്‍ പണം ഇല്ലാത്ത അവരുടെ പ്രിയ ഭക്ഷണത്തില്‍ ഒന്ന് കറുത്ത നിറമുള്ള ആ പക്ഷിയുടെ മുട്ട ആയിരുന്നു.സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതെ ഒറ്റ മുറിയില്‍ ചെന്നൈയിലെ ചേരിയില്‍ കഴിഞ്ഞിരുന്നവരുടെ അച്ഛന്‍ ജയിലില്‍ ആണ്.അമ്മ പണിക്കു പോകുന്നു.ദാരിദ്ര്യം കാരണം ട്രെയിനില്‍ നിന്നും വീഴുന്ന കരി പെറുക്കി വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്.

  എന്നാല്‍ അവര്‍ക്ക് ആവശ്യങ്ങള്‍,സ്വപ്‌നങ്ങള്‍ എന്നിവ  കാണാന്‍ തക്ക വണ്ണം അവരുടെ കണ്ണുകള്‍  എത്തുന്ന സ്ഥലത്ത് ആ കുഞ്ഞു മനസ്സിലെ ആഗ്രഹം വന്നു.ഒരിക്കലും പ്രതീക്ഷിക്കാന്‍ ആകാത്തത് ജീവിതത്തില്‍ അദ്ധ്വാനത്തിലൂടെ നേടി എടുക്കാന്‍ ആ കുട്ടികള്‍ ശ്രമിക്കുന്നു.എന്നാല്‍ നിഷ്ക്കളങ്കം ആയ അവരുടെ ചിന്തകളെ മനസ്സിലാക്കാന്‍ സമൂഹം കഷ്ട്ടപ്പെടുന്നു.കാരണം പണത്തിന്റെയും പ്രശസ്തിയുടെയും മാത്രം  പുറകെ  പോകുന്ന മനുഷ്യര്‍ മാത്രം ഉള്ളപ്പോള്‍ നിഷ്ക്കളങ്കതയ്ക്ക് എന്ത് വില?യാതാര്‍ത്ഥ്യ  ബോധത്തോടെ ചിത്രം  അവതരിപ്പിച്ച സംവിധായകന്‍  ആണ് ചിത്രത്തിലെ യഥാര്‍ത്ഥ താരം.ഒപ്പം ആ രണ്ടു  കുട്ടികളും.അവരുടെ കഥാപാത്രങ്ങളുടെ പേര് ചിത്രത്തില്‍ പറയുന്നില്ലെങ്കിലും സിനിമ കാണുന്നവരുടെ മനസ്സില്‍ കോറി  വയ്ക്കുന്ന രണ്ടു  മുഖങ്ങള്‍  ആണ്  ആ കുട്ടികള്‍ രണ്ടു പേരും.

More movie suggestions @www.movieholicviews.blogspot.com

404.TRUE DETECTIVE SEASON 2(ENGLISH,2015)

404.TRUE DETECTIVE SEASON 2(ENGLISH,2015),|Crime|Thriller|Drama|,Dir:- Justin Lin,*ing:-Colin Farrell, Rachel McAdams, Taylor Kitsch,Vince Vaughn.

TRUE DETECTIVE  S02 E01

Leonard Cohen ന്‍റെ Nevermind എന്ന പാട്ട് ആണ് ഈ പ്രാവശ്യം തുടക്കത്തില്‍..ആദ്യ സീസണ്‍ നല്‍കിയ മൂഡ്‌ നിലനിര്‍ത്താന്‍ ഉള്ള ശ്രമം..ആദ്യ ദിവസം പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളുടെയും സ്വഭാവ രീതികള്‍ അവതരിപ്പിച്ചു തുടങ്ങി.വിന്‍സ് വോന്‍ വളര്‍ന്നു വരുന്ന അധോലോക നായകന്‍ ആയും..പോലീസ് ആയി കോളിന്‍ ഫാരലും രേച്ചാല്‍ മക്ആഡംസ് ,ടെയ്ലര്‍ കിട്ഷ് എന്നിവര്‍…കഥാപാത്രങ്ങളെ വരച്ചു കാട്ടിയ ആദ്യ എപ്പിസോഡ് അവസാനിക്കുന്നത് നന്നായിരുന്നു…

TRUE DETECTIVE S02 E02

   മുഖ്യ കഥാപാത്രങ്ങളെ അവരുടെ സ്വഭാവ സവിശേഷതകളിലൂടെ അവതരിപ്പിച്ച ആദ്യ ഭാഗത്തിന് ശേഷം ഈ എപിസോഡില്‍ കേസ് അന്വേഷനതിലേക്ക് ആണ് കൂടുതല്‍ ഊന്നല്‍  നല്‍കിയത്.കൊല്ലപ്പെട്ട നഗരത്തിലെ പ്രമൂഖന് ഉള്ള ബന്ദങ്ങളും അയാളുടെ സ്വഭാവ രീതികളും ഒക്കെ അവലോകനം ചെയ്ത ഈ ഭാഗത്തില്‍ കേസ് അന്വേഷണം എങ്ങനെ  നടക്കണം എന്ന് ചിലരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍  വേണ്ടി ഉള്ള വേദി  ആകുമോ എന്ന് തോന്നി.സീരിയല്‍ നല്ല ത്രില്ലര്‍ ആയി മാറുന്നുണ്ട്..

More suggestions @www.movieholicviews.blogspot

403.YUDDHAM SEI(TAMIL,2011)

403.YUDDHAM SEI(TAMIL,2011),|Thriller|Crime|,Dir:-Myshkin,*ing:-Cheran,Jayaprakash,Y G Mahendra.

   മിഷ്കിന്‍ സിനിമകള്‍ ഒരു ഐടന്റിറ്റി കാത്തു സൂക്ഷിക്കുന്നുണ്ട്.അവതരണ  രീതിയില്‍ തന്നെ വ്യത്യസ്ഥത കാത്തു സൂക്ഷിക്കുന്ന മിഷ്ക്കിന്‍ പരാജയപ്പെട്ടത് മുഖമൂടി എന്ന ചിത്രത്തില്‍ മാത്രം ആണെന്ന്  തോന്നുന്നു.ത്രില്ലര്‍ സിനിമകള്‍ക്ക്‌ പതിവായുള്ള ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം ആയ അനുഭവം ആക്കി മാറ്റുന്നത് മിഷ്ക്കിന്‍ മാജിക് തന്നെ  ആണ്.മിശ്ക്കിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്താണെന്ന് എന്നോട്  ചോദിച്ചാല്‍ ഉത്തരം ഈ ചിത്രം ആണ് “യുദ്ധം സെയ്”.ഓനായും ആട്ടിന്‍ക്കുട്ടിയും മോശം ആണെന്നല്ല.ഒരു പൊടിക്കെങ്കിലും പ്രിയപ്പെട്ട മിഷ്ക്കിന്‍ ചിത്രം ഇതാണ്. മിശ്ക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം ആകുന്നതു ക്രൈം ത്രില്ലര്‍ ജോനറില്‍ നിന്നും അധികം വ്യതിചലിക്കാതെ (ഐറ്റം സോംഗ്  ഒഴിവാക്കിയാല്‍ ) ആ ജോനരിനോട് നീതി പുലര്‍ത്തിയ ചിത്രം എന്ന നിലയില്‍ ആകും.

  തമിഴ് സിനിമ കേട്ട് മടുത്ത മാസ് എന്ന് ആരാധകര്‍ വിളിക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ എന്നാല്‍ മലയാളം പോലെ ഉള്ള ഭാഷകളില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന സിനിമ രീതികളിലൂടെ ചിന്തിക്കാന്‍ തുടങ്ങിയതില്‍ ഈ സംവിധായകന്‍റെ പങ്കും പ്രശംസനീയം ആണ്.ഈ ചിത്രം അവതരിപ്പിക്കുന്നത്‌ ജെ കെ എന്ന സി ബി സി ഐ ഡി ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലും ജോലിയിലും സങ്കീര്‍ണമായ സംഭവങ്ങള്‍ സംഭവിക്കുന്ന സമയത്തെ കഥയാണ്.മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ ജന സാന്ദ്രത ഉള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന വെട്ടി മാറ്റിയ കൈകള്‍ പോലീസിനു തലവേദന ആകുന്നു.ആരുടെ കൈകള്‍ ആണെന്നോ ആരാണ് ഇത് ചെയ്തതെന്നോ ഒരു തെളിവും ഇല്ലാത്ത അവസ്ഥ.ജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഈ കൈകള്‍ കണ്ടെത്തിയതിനാല്‍ ആരോ ആര്‍ക്കു വേണ്ടി എന്തോ സന്ദേശം നല്‍കാന്‍ ആണ് എന്നുള്ളത് ഊഹിച്ചെടുക്കാം.അടുത്ത കാലത്ത് സ്വന്തം അനുജത്തിയെ കാണാതായ ജെ കെ അവധി എടുത്തു അവളെ അന്വേഷിക്കാന്‍ പോകാന്‍ തീരുമാനിച്ച  സമയം ആണ് ഈ കേസ് മുന്നിലേക്ക്‌ വരുന്നത്.മേല്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ ചില ഉറപ്പുകളുടെ മേല്‍ പ്രകാശ്,തമിഴ് സെല്‍വി എന്നീ പുതുതായി ജോലിക്ക് ചേര്‍ന്നവരുടെ ഒപ്പം ജെ കെ കേസ് അന്വേഷണം തുടങ്ങി.

  കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയം വീണ്ടും സമാനമായ സംഭവങ്ങള്‍ നടക്കുന്നു ചെന്നൈയില്‍.ജെ കെ യുടെ അന്വേഷണം കൊണ്ടെത്തിക്കുന്നത് സമൂഹത്തിലെ ഉന്നതരില്‍ ആണ്.പക്ഷേ എന്താണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യം?ഒരു സീരിയല്‍ കില്ലര്‍ ആണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍ എന്ന് വിശ്വസിക്കേണ്ടി വരുമോ?Hotel പരമ്പര പോലെയുള്ള ചിത്രങ്ങളില്‍ ഉള്ള സംഭവങ്ങള്‍ അവിടെ നിന്നും ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്‍റെ മര്‍മ പ്രധാനമായ് ഭാഗങ്ങളുമായി ഇതിനൊന്നും ബന്ധമില്ല.

 More movie suggestions @www.movieholicvies.blogspot.com

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015),|Comedy|Drama|Romance|,Dir:-John Madden,*ing:-Judi Dench, Maggie Smith, Bill Nighy.

  നാല് വര്‍ഷം കഴിഞ്ഞു ഇറങ്ങിയ രണ്ടാം ഭാഗം The Best Exotic Marigold Hotel ല്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.ഈ ഭാഗത്തില്‍ വന്ന വ്യത്യാസം ഇവിടെ കുറച്ചു പ്രണയവും കൂടി ഉണ്ടെന്നുള്ളത് ആണ്.പ്രായം പ്രണയത്തിനു ഒരു തടസ്സം ആകാതെ അവരില്‍ പലരും ശ്രമിക്കുന്നു.ആദ്യ ഭാഗത്തില്‍ തന്‍റെ ഇണയെ കണ്ടെത്തിയവര്‍ ഉള്‍പ്പടെ.ഈ ഭാഗത്തില്‍ റിച്ചാര്‍ഡ് ഗിയര്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.സണ്ണിയും മുറയലും കൂടി നടത്തുന്ന അമേരിക്കന്‍ യാത്രയില്‍ ആണ് രണ്ടാം ഭാഗം തുടങ്ങുന്നത്.കയ്യില്‍ ധാരാളം ആശയങ്ങള്‍ ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികം ആക്കാന്‍ ഉള്ള കഴിവ് ഇല്ലാത്തത് ആണ് സണ്ണിയുടെ കുഴപ്പം.

    അന്ന് ഇന്ത്യയില്‍ തങ്ങിയവര്‍ എല്ലാം തങ്ങളുടെ ആ പ്രായത്തില്‍ തങ്ങളെ കൊണ്ട് ആകാവുന്ന ജോലികളില്‍ ചേരുന്നു.ജീവിതത്തില്‍ ആദ്യമായി ജോലി കിട്ടിയവര്‍ പോലും ഉണ്ട് അതില്‍.ജീവിതത്തിലെ നല്ല സമയത്ത് ഒരിക്കലും ചെയ്യാന്‍ കഴിയില്ല എന്ന് കരുതിയിരുന്ന കാര്യങ്ങള്‍ പോലും വാര്‍ദ്ധക്യത്തില്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ അവര്‍ എല്ലാം സന്തോഷത്തില്‍ ആണ്.സണ്ണി തന്‍റെ ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒപ്പം തന്‍റെ കാമുകിയായ സുനൈനയും ആയുള്ള വിവാഹം നടത്താനും ശ്രമിക്കുന്നു.വിവാഹത്തിന്റെ സമയത്ത് അവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നു.

  സണ്ണിയെ ഏറെ ഇഷ്ടപ്പെടുന്ന അവന്റെ പുതിയ ജീവിതത്തില്‍ അംഗങ്ങള്‍ക്ക് അവരെ കൊണ്ട് കഴിയാവുന്ന അത്ര ചെയ്യുന്നുണ്ട്.തങ്ങളുടെ ജീവിത ശൈലിയില്‍ അനുകമ്പ എന്ന വാക്കിനു വില കൊടുക്കാതിരുന്ന കഥാപാത്രങ്ങള്‍ പോലും ഇന്ത്യയില്‍ വന്നതിനു ശേഷം മാറുന്നു.ആദ്യ ഭാഗത്തിന്‍റെ അത്രയും മികച്ചത് ആയിരുന്നില്ലെങ്കിലും ആദ്യ ഭാഗം കണ്ടതിനു ശേഷം പരിചയത്തില്‍ ആയ കഥാപാത്രങ്ങളുടെ ബാക്കി ജീവിതം എന്താകും എന്ന ആകാംക്ഷ ആണ് ഈ ചിത്രത്തിന്‍റെ കൗതുകം.വെറുപ്പ്‌ തോന്നിയ കഥാപാത്രം പോലും രണ്ടാം ഭാഗത്തില്‍ അവരുടെ ഭാഗം ന്യായീകരിക്കുന്നതില്‍ ഒക്കെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ സാധിക്കും.രണ്ടാം ഭാഗം മൊത്തത്തില്‍ നിരാശപ്പെടുത്തി ഇല്ല.

  More movie suggestions @www.movieholicviews.blogspot.com

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011),|Comedy|Drama|,Dir:-John Madden,*ing:-Judi Dench, Bill Nighy, Maggie Smith.

  Deborah Moggach എഴുതിയ “These Foolish Things” എന്ന നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ബ്രിട്ടീഷ് സിനിമയാണ് The Best Exotic Marigold Hotel.നമ്മുടെ നാട്ടില്‍ നിന്നും വിഭിന്നമായി വിദേശികള്‍ അവരുടെ വാര്‍ദ്ധക്യം മുന്നില്‍ കണ്ടാണ്‌ ജീവിക്കുന്നത്.ഉത്തരവാദിത്തം ,കുടുംബം എന്നിവ വരുമ്പോള്‍ മക്കള്‍ വേറെ മാറി താമസിക്കുമ്പോള്‍ വാര്‍ദ്ധക്യം നല്‍കുന്ന വിരസതകളില്‍ നിന്നും അകന്നു മാറാന്‍ പലരും ശ്രമിക്കാറുണ്ട്.ഇത് വിദേശികളുടെ ജീവിത സമീപനം ആയാണ് ഒരു കാലത്ത് കരുതിയിരുന്നതെങ്കില്‍ ഇന്ന് നമ്മുടെ നാട്ടിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകാറുണ്ട്.പക്ഷേ  ജീവിതക്കാലം മുഴുവന്‍ കുടുംബത്തിനായി ജോലി ചെയ്തു സ്വന്തമായി ഒന്നും കയ്യില്‍ കരുതാത്ത നമ്മുടെ നാട്ടുകാരെക്കാളും തങ്ങളുടെ വാര്‍ദ്ധക്യം ലോക സഞ്ചാരം നടത്താന്‍ വിദേശികള്‍ക്ക് കഴിയാറുണ്ട്.ഈ ചിത്രത്തിന്‍റെ പ്രമേയവും അതാണ്‌.

   ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക്‌ വരുന്ന കുറച്ചു ആളുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സണ്ണി എന്ന ഇന്ത്യക്കാരന്റെ തലയില്‍ ഉദിച്ച ബിസിനസ് ചിന്ത ആയിരുന്നു പ്രായമായ വിദേശികള്‍ക്ക് വേണ്ടി പഴയക്കാല കൊട്ടാരം വൃത്തിയാക്കി  അവര്‍ക്കായി താമസ സൗകര്യം ഉണ്ടാക്കി കൊടുക്കുക എന്നത്.അങ്ങനെ ഇന്റര്‍നെറ്റില്‍ ജയ്പൂരിലെ ആ സ്ഥലത്തെ കുറിച്ച് അറിഞ്ഞ ഏഴു വിദേശികള്‍ ഇന്ത്യയിലേക്ക്‌ വരുന്നു.റിട്ടയര്‍മെന്റ് കാലം അധികം ചിലവില്ലാതെ കഴിയാന്‍ ഉള്ള സ്ഥലം നോക്കി വന്ന ജീന്‍-ദഗ്ലാസ് ദമ്പതികള്‍,അടുത്തക്കാലത്ത് വിധവ ആവുകയും ഭര്‍ത്താവിന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി താമസിച്ചിരുന്ന വീട് വില്‍ക്കുകയും ചെയ്യേണ്ടി വന്ന ഈവ്ലിന്‍,റിട്ടയര്‍ ചെയ്ത ജഡ്ജ് ഗ്രഹാം,പുതിയ ഭര്‍ത്താവിനെ തേടി ഇറങ്ങിയ മാട്ജ്,അത് പോലെ തന്‍റെ വാര്‍ധക്യത്തില്‍ ചെറുപ്പക്കാലം ആഘോഷിക്കാന്‍ എത്തിയ നോര്‍മാന്‍ എന്നിവരെ  കൂടാതെ വംശീയമായി മറ്റുള്ളവരെ വിദ്വേഷത്തോടെ കാണുന്ന മുറയല്‍ എന്ന സ്ത്രീ ചെലവ് കുറഞ്ഞ ശസ്ത്രക്രീയ നടുവിന് നടത്താന്‍ ആയി ഇന്ത്യയില്‍ എത്തി ചേരുന്നു.

   വ്യത്യസ്തമായ ജീവിത ശൈലിയോട് ചിലര്‍ സന്ധി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിനു സാധിക്കുന്നില്ല.പ്രത്യേകിച്ചും പരിമിതമായ സൌകര്യങ്ങള്‍ മാത്രം നല്‍കുന്ന ആ ഹോട്ടലില്‍ അവരുടെ ജീവിതം ചിലപ്പോള്‍ എങ്കില്‍ ദുസ്സഹം ആകുന്നു.എന്നാല്‍ ചിലര്‍ അതില്‍ നിന്നും പുതിയ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നു.പുതിയ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വീണ്ടും യൌവ്വനത്തിലേക്ക് യാത്ര തിരിക്കുന്നും ഉണ്ട്.എന്നാല്‍ ചിലര്‍ക്കായി ഇന്ത്യ കരുതി വച്ചത് മറ്റൊന്നായിരുന്നു.വളരെയധികം സിമ്പിള്‍ ആയ ഒരു കഥ.കൈ നിറയെ അഭിനേതാക്കള്‍.സാധാരണ പ്രേക്ഷകന് ഒരാളുടെ വാര്‍ദ്ധക്യം എങ്ങനെ ഒക്കെ നേരിടാം എന്ന് കാണിച്ചു തരുന്ന ചിത്രം ആ വര്‍ഷത്തെ അപ്രതീക്ഷിത ഹിറ്റ്‌ ആയിരുന്നു.നല്ലൊരു ചിത്രം ആയിരുന്നു The Best Exotic Marigold Hotel.

  ഒരു കാര്യത്തോട് മാത്രം ആണ് ഇത്തരം സിനിമകളോട് ഈര്‍ഷ്യ തോന്നുന്നത്.ഇന്നും അംബാസിഡര്‍ കാറും കുതിരകളും രാജാക്കന്മാരെ പോലെ വസ്ത്രം ധരിച്ച ഇന്ത്യക്കാരെയും ഇന്ത്യയില്‍ എവിടെ ആണ് കാണാന്‍ കഴിയുക?അത് കേരളം ആണെങ്കില്‍ എല്ലാവരും കസവ് മുണ്ടും തലയില്‍ കുടുമിയും.വിദേശികളുടെ ഇന്ത്യന്‍ ചിന്തകള്‍ ഇപ്പോഴും നാല്‍പ്പതുകളില്‍ തന്നെ ആണ് നില്‍ക്കുന്നത് എന്ന്  തോന്നുന്നു.

Design a site like this with WordPress.com
Get started