388.DELIVERANCE(ENGLISH,1972)

388.DELIVERANCE(ENGLISH,1972),|Action|Adventure|Thriller|,Dir:- John Boorman,*ing:-Jon Voight, Burt Reynolds, Ned Beatty .

  Hillbillies തീം ആയി വരുന്ന ചിത്രങ്ങളിലെ ക്ലാസിക് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം Deliverance എന്ന ഈ ചിത്രത്തെ.ആ പ്രമേയത്തില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വെറുപ്പിക്കുന്ന വേഷവിധാനത്തോടെ വൈകൃത രൂപങ്ങള്‍ ആയി അവതരിപ്പിക്കപ്പെടുന്ന രൂപങ്ങള്‍ ചിലപ്പോള്‍ ഒക്കെ അരോചകം ആയി മാറാറുണ്ട്.Wrong Turn പരമ്പര ഒരു ഉദാഹരണം.സാധാരണ മനുഷ്യരില്‍ നിന്നും അകന്നു താമസിക്കുന്ന ഇത്തരം ആളുകള്‍ പലപ്പോഴും പുരോഗമനങ്ങള്‍ അറിയാതെ പോകുന്നു.പരസ്പ്പരം ബന്ധുക്കള്‍ തമ്മില്‍  ഉള്ള വിവാഹങ്ങളും  മറ്റുള്ള ചില സാധ്യതകളും അവരില്‍ ജനിതകപരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു.ആ ആശയത്തില്‍ ഊന്നിയാണ് ഇവരുടെ കഥാപാത്ര സൃഷ്ടി.

  Deliverance ആരംഭിക്കുന്നത് ഡാം പണിയാനായി നശിപ്പിക്കുന്ന  Cahulawassee നദിയില്‍ അവസാനമായി സാഹസിക  വഞ്ചി സവാരി നടത്താനായി എത്തുന്നവര്‍ ആണ് ലൂയിസ്,എഡ്,ബോബി,ഡ്രൂ എന്നിവര്‍.ലൂയിസ് നേതൃത്വം കൊടുക്കുന്ന ആ സംഘം അവരുടെ കാര്യത്തിലേക്ക് നേരെ കടക്കുന്നു.അതിനായി അവരുടെ വഞ്ചി യാത്ര അവസാനിക്കുമ്പോള്‍ തങ്ങളുടെ കാറുകള്‍ നഗരത്തില്‍ എത്തിക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നു.Hilbillies എന്ന് വിളിക്കപ്പെടുന്ന തരം മനുഷ്യരുടെ സഹായം ആണ് അവര്‍ക്ക് ലഭിക്കുന്നത്.ആദ്യ ദിവസം അവര്‍ വഞ്ചി യാത്ര ആസ്വദിച്ചു.പ്രത്യേകിച്ചും ബോബി,ഡ്രൂ എന്നിവരുടെ ആദ്യ യാത്രയായിരുന്നു ഇത്തരത്തില്‍ ഉള്ളത്.എല്ലാവരും ആ യാത്ര ആസ്വദിക്കുന്നു.അന്ന് രാത്രി പുലര്‍ന്നപ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റ എഡ് അമ്പും വില്ലും ആയി നായാടാന്‍ ഇറങ്ങുന്നു.ഒരു മാനിനെ ലക്‌ഷ്യം വച്ചെങ്കിലും അയാളുടെ കൈ വിറയ്ക്കുന്നു.അന്ന് നടന്ന യാത്ര എന്നാല്‍ അപകടകരം ആയി മാറുന്നു.രണ്ടു വഞ്ചികളിലായി യാത്ര ചെയ്ത അവരില്‍ എഡ്,ബോബി എന്നിവര്‍ സഞ്ചരിച്ച വഞ്ചി അവരുടെ ജീവിതത്തിലെ ഏറ്റവും മോശം ദു:സ്വപ്നം ആയി മാറുന്നു.ആ നാല്‍വര്‍ സംഘത്തിന്റെ ജീവിതത്തില്‍ മറക്കാന്‍ ആകാത്ത സംഭവം.അതെന്താണ് എന്നറിയാന്‍ ബാക്കി ചിത്രം കാണുക.

  അക്കാലത്തെ സിനിമകളുടെ ഒക്കെ ഒരു പൂര്‍ണത ഈ ചിത്രത്തെ ഗംഭീരം ആക്കി.ഒരു സാഹസിക ക്ലാസിക് ആയ ഈ ചിത്രത്തെ പരിപാലിക്കേണ്ട പ്രിന്റുകളില്‍ ഒന്നായി United States National Film Registry തിരഞ്ഞെടുത്തിരുന്നു.പശ്ചാതല സംഗീതവും അവസാന സീനുകളിലെ സാഹസികതയും എല്ലാം പ്രേക്ഷകരില്‍ ഒരു പ്രത്യേക അനുഭവം ഉളവാക്കും.പൂര്‍ണമായ ഒരു സാഹസിക ത്രില്ലര്‍ ആണ് ഈ ചിത്രം അതും ഗ്രാഫിക്സ് പണികള്‍ അധികം ചെയ്യാത്ത ആ കാലത്ത് നിന്ന് വന്ന ഒന്ന് എന്ന നിലയില്‍.

More movie suggestions @www.movieholicviews.blogspot.com

387.SKIN TRADE(ENGLISH,2014)

387.SKIN TRADE(ENGLISH,2014),|Action|Crime|,Dir:-Ekachai Uekrongtham,*ing:-Dolph Lundgren, Tony Jaa, Ron Perlman.

Ekachai Uekrongtham എന്ന തായ്‌ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ആണ് Skin Trade.പേരില്‍ തന്നെ ചിത്രത്തിന്‍റെ കഥ എന്താണ് എന്നുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മോശമായ, മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വം ഇല്ലാത്ത ഒരു മേഘലയാണ്‌ സെക്സിനായി സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുന്ന മാര്‍ക്കറ്റ്.അ പ്രമേയം സിനിമകളില്‍ ഒരു ക്ലീഷേ ആയി മാറിയെങ്കിലും എക്കാലവും പ്രസക്തം ആണ് ആ വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യം.എങ്കിലും സിനിമകളില്‍ സ്വന്തക്കാര്‍ക്കു വേണ്ടി വരുന്ന നായക സങ്കല്‍പ്പങ്ങള്‍ക്ക് ഈ ചിത്രത്തിലും മാറ്റമില്ല.

  തായ്‌ലാന്‍ഡ് മാംസ വ്യാപാരത്തിന്റെ തലസ്ഥാനങ്ങളില്‍ ഒന്നാണ്.വേശ്യാവൃത്തി സമൂഹത്തിലെ ഉന്നതരുടെ സഹായത്തോടെ സാധാരണം ആണ് തായ് ലാന്‍ഡില്‍.വിയറ്റ്നാം യുദ്ധത്തോടെ വന്ന സമ്പൂര്‍ണമായ ഒരു കുപ്രസിദ്ധി ആയിരുന്നു ഈ ഭാഗത്ത്‌ വേശ്യാവൃത്തി.സൈബീരിയക്കാരന്‍ ആയ വിക്റ്റര്‍ ദ്രാകൊവിച് തന്‍റെ നാല് പുത്രന്മാരുമായി നടത്തുന്ന മാംസ കച്ചവടം അവരെ അതി സമ്പന്നരും കുപ്രസിധാരും ആക്കി.തായ് പോലീസിലെ ഒരു വിഭാഗവും അമേരിക്കന്‍ പോലീസും എല്ലാം അയാളെ നോട്ടമിട്ടിരുന്നു.നിക് കാസിടി ആണ് അമേരിക്കന്‍ പോലീസില്‍ വിക്ട്ടറിന്റെ പുറകെ ഉള്ളത്,തായ് പോലീസില്‍ നിന്നും ടോണിയും.അമേരിക്കന്‍ പോലീസിന്‍റെ പിടിയിലാകുന്ന വിക്റ്റര്‍ എന്നാല്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്നു.ഒപ്പം നിക്കിന്റെ കുടുംബത്തിനുള്ള ദുരിതവും സമ്മാനിച്ച്‌ കൊണ്ട്.നിക്കിന് പകരം വീട്ടണം.അതിനായി അയാള്‍ വിക്റ്റര്‍ ഇപ്പോള്‍ അഭയം പ്രാപിച്ചിരിക്കുന്ന തായ് ലാന്‍ഡില്‍ എത്തുന്നു.അവിടെ വച്ച് ടോണിയെ മുഖാമുഖം കാണുന്നു.ബാക്കി എന്തായി എന്നറിയാന്‍ ചിത്രം കാണുക.

  ക്ലീശേകളിലൂടെ ആണ് ഈ ആക്ഷന്‍ ചിത്രം സഞ്ചരിക്കുന്നത്.പുതുതായി അധികം ഒന്നും ഇല്ലെങ്കിലും ഇടി വാങ്ങിച്ചു കൂട്ടുന്ന ടോണി ജാ ആണ് ഇതിലെ വ്യത്യസ്തത.നായകനും വില്ലനും എല്ലാം എടുത്തിട്ട് ഇടിക്കുന്ന കഥാപാത്രം.രണ്ടാം ഭാഗത്തേക്ക് ഉള്ളത് മാറ്റി വച്ചാണ് ചിത്രം അവസാനിക്കുന്നത്.ഒരു ശരാശരി ആക്ഷന്‍ ചിത്രം മാത്രം ആണ് SKIN TRADE.

More movie suggestions @www.movieholicvies.blogspot.com

386.GET HARD(ENGLISH,2015)

386.GET HARD(ENGLISH,2015),|Comedy|,Dir:-Etan Cohen,*ing:-Will Ferrell, Kevin Hart, Alison Brie .

  അത്യാവശ്യം വില്‍ ഫാരല്‍ ഒക്കെ അഭിനയിച്ച സിനിമകള്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വില്‍ ഫാരലിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഈ ചിത്രവും ഇഷ്ടമായി.അതാണ്‌ ഒരു പോസ്റ്റ്‌ ആയി ഈ ചിത്രം ഇടുന്നത്.അമേരിക്കന്‍ കോമഡി ചിത്രങ്ങള്‍ ഇന്ത്യന്‍ തമാശ ചിത്രങ്ങളില്‍ നിന്നും വളരെയധികം അകലെയാണ്.സാമൂഹികമായ വ്യത്യാസം ശരിക്കും നിഴലിക്കുന്ന ഒരു മേഖലയാണ് അത്.ദ്വയാര്‍ത്ഥം,നഗ്നത എന്നിവയിലൂടെ ഒക്കെ കോമഡി സൃഷ്ടിക്കുന്ന ഹോളിവുഡ് സിനിമകളെ അനുകരിക്കാന്‍ ചില പ്രാദേശിക ചിത്രങ്ങള്‍ നമ്മുടെ നാട്ടില്‍ ശ്രമിച്ചു എങ്കിലും ഭൂരിഭാഗം പ്രേക്ഷകരും സഭ്യതയുടെ അതിര്‍വരമ്പുകള്‍ നല്‍കി അവയെ തള്ളുക ആണുണ്ടായത്.ഈ ചിത്രവും അതില്‍ നിന്നും വിഭിന്നമല്ല.

  അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധി ആണ് ജെയിംസ് കിംഗ്‌.പ്രശസ്തമായ ഒരു പണമിടപാട് കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.കമ്പനി ഉടമയുടെ മകള്‍ ഭാവി വധു.ജെയിംസിന്റെ കഴിവുകളില്‍ മതിപ്പ് തോന്നിയ കമ്പനി ഉടമ അയാളെയും തന്‍റെ പാര്‍ട്ണര്‍ ആക്കുന്നു.മറ്റൊരു ഭാഗത്ത്‌ കറുത്ത വര്‍ഗക്കാരന്‍ ആയ ടാര്നല്‍ ലൂയിസ് തന്‍റെ മകള്‍ക്ക് സമാധാനപൂര്‍വ്വം ആയ നല്ല വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്നു.അതിനായി അയാള്‍ക്ക്‌ കുറ്റവാളികള്‍ കൂടുതല്‍ ഉള്ള ആ സ്ഥലത്ത് നിന്നും മാറണം .പുതിയ വീടിനു വേണ്ടു 30000 ഡോളര്‍ ചെലവ് വരും.എന്നാല്‍ ഒരു ബേസ്മെന്റില്‍ ചെറിയ രീതിയില്‍ കാര്‍ വാഷ് കമ്പനി നടത്തുന്ന ലൂയിസിന് തന്‍റെ ആഗ്രഹം അത്യാഗ്രഹം മാത്രം ആയി മാറുന്നു.വര്‍ഷങ്ങളായി ജെയിംസിന്റെ കാര്‍ കഴുകുന്ന ലൂയിസ് അയാളോട് സഹായം ചോദിക്കുകയും ഉണ്ടായി.എന്നാല്‍ ജെയിംസ് ലൂയിസിനെ അവഗണിക്കുന്നു . ജീവിതത്തിലെ  വഴിത്തിരിവ് ഉണ്ടാകുന്നത് പെട്ടന്നാണ്.ജെയിംസിനു തന്‍റെ ജീവിതത്തില്‍ ഇനി നില നില്‍ക്കാന്‍ ലൂയിസിന്റെ സഹായം വേണം.ലൂയിസിന് ജീവിതത്തില്‍ രക്ഷപ്പെടാന്‍ ലഭിച്ച ഒരു അവസരം ആയി അത് മാറുമോ?ബാക്കി ചിത്രം കാണുക.

  പ്രവചിക്കാവുന്ന കഥാതന്തു  ആണ് ചിത്രത്തിന് ഉള്ളത്.ഒരു കോമഡി ചിത്രം എന്ന നിലയില്‍ ചിലയിടത്തൊക്കെ ചിരിപ്പിച്ചിരുന്നു.എന്നാല്‍ മികച്ച കോമഡി ചിത്രങ്ങളുടെ നിരയില്‍ ഈ ചിത്രം ഉണ്ടാകില്ല.തല പുകയ്ക്കാതെ ലഘുവായി ഒരു പ്രാവശ്യം മടുപ്പില്ലാതെ കാണാവുന്ന ചിത്രം ആണ് Get Hard.

More movie suggestions @www.movieholicviews.blogspot.com

 

385.UNFREEDOM(ENGLISH,2015)

385.UNFREEDOM(ENGLISH,2014),|Crime | Drama | Romance | Thriller|,Dir:- Raj Amit Kumar,*ing:-Victor Banerjee, Adil Hussain, Bhanu Uday |

  UNFREEDOM-A MOVIE WHICH IS BANNED IN INDIA

 ഈ ഒരു  ടാഗ് ലൈനില്‍  തന്നെ ഉണ്ട്  സിനിമയില്‍ എന്താണ് ഉള്ളതെന്ന്.ഈ അടുത്ത്  കണ്ടത്തില്‍ ഏറ്റവും  ബോള്‍ഡ് ആയ  ചിത്രം എന്ന് പറയാം രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെ.പറയാന്‍ ഉദ്ദേശിച്ച വിഷയത്തെ നേരിട്ട് മറവുകള്‍ ഒന്നും ഇല്ലാതെ അവതരിപ്പിച്ച ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദ്യ സല്യൂട്ട്.ചിത്രം അവതരിപ്പിച്ച രണ്ടു വിഷയങ്ങള്‍ സാമൂഹികമായ ലോകത്തിലെ തന്നെ രണ്ടു വിഷയങ്ങള്‍ ആണ്.ഒന്ന് സദാചാരം.മറ്റൊന്ന് തീവ്രവാദം.ഈ രണ്ടു വിഷയങ്ങളെ ആധാരമാക്കി ഉള്ള രണ്ടു കഥകള്‍ നോണ്‍-ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കുന്നു.വ്യത്യസ്തമായ രണ്ടു വിഷയങ്ങള്‍ ആണ് കൈകാര്യം ചെയ്യുന്നതെങ്കിലും ;പ്രത്യേകിച്ചും ഒന്ന് നിര്‍ബന്ധിതം ആയി ദൈവത്തെ ആരാധിക്കാന്‍ പറയുകയും മറ്റൊന്ന് സമൂഹത്തില്‍ സെക്സിന് ഒരു വ്യക്തിക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും ആണ്.എന്നാല്‍ രണ്ടും പൊതു സമൂഹത്തിനു നല്‍കുന്നത്  വ്യക്തി സ്വാതന്ത്ര്യം ഹനിക്കുക എന്ന സന്ദേശം ആണ്.

  ഇത്തരത്തില്‍ രണ്ടു വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് ഒന്ന് ഇന്ത്യയിലും മറ്റൊന്ന് അമേരിക്കയിലും ആണ്.ലീല ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളാണ്.അവള്‍ക്കു വേണ്ടി ഉള്ള കല്യാണ ആലോചനകള്‍ എല്ലാം അവള്‍ മുടക്കുന്നു.അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു.യാഥാസ്ഥിക ഇന്ത്യന്‍ സമൂഹത്തില്‍ നിഷിദ്ധമായ ലെസ്ബിയന്‍ ആയിരുന്നു അവള്‍.സ്ത്രീ ശരീരത്തിന് സ്വാതന്ത്ര്യം നല്‍കാനായി കലാ സൃഷ്ടികള്‍ നടത്തുന്ന സഖി എന്ന അമേരിക്കന്‍ യുവതി ആയിരുന്നു ലീലയുടെ പ്രണയിനി.ഇതേ സമയത്ത് അമേരിക്കയില്‍ മുസ്ലീമുകള്‍ എല്ലാം തീവ്രവാദികള്‍ അല്ല എന്നും പകരം ചിലര്‍ ഖുറാനെ വളച്ചു ഓടിച്ചത് ആണെന്ന് അടിവരയിട്ടു പറയുന്ന മുസ്ലീം തത്വ ചിന്തകന്‍ ആയ ഫരീദിനെ കൊല്ലാനായി എത്തുന്ന മുഹമദ് ഹുസൈന്‍ എന്നിവരിലൂടെ ആണ് ആ കഥാ ഭാഗം പോകുന്നത്.ഇതിനൊപ്പം എ രണ്ടു സമൂഹത്തിലും കാണുന്ന സമാനമായ മുഖങ്ങളെയും അവതരിപ്പിക്കുന്നു.എല്ലാവര്‍ക്കും ഈ വിഷയത്തില്‍ പങ്കു ഉണ്ടെന്നുള്ളത് അടിവരയിടുന്നും ഉണ്ട്.

  എന്തായാലും ഗൗരവം ഉള്ള ഈ വിഷയത്തെ മറയില്ലാതെ അവതരിപ്പിച്ചപ്പോള്‍ ക്രൂരമായ പീഡന രീതികള്‍,സെക്സ്,ന്യൂഡ് രംഗങ്ങള്‍ എന്നിവ സമൂഹം ആവശ്യപ്പെടുന്നതിലും അധികം ആയി പോയി.ഒരു പക്ഷേ ചില ചിന്തകള്‍ അങ്ങനെ ആണ്.സ്വന്തം വര്‍ഗത്തില്‍ ഉള്ള ഇണയെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത സദാചാര സമൂഹം വ്യക്തി സ്വാതന്ത്ര്യത്തില്‍ വിലക്കുകള്‍ ഇടുകയാണ്.അഭിമാനം സംരക്ഷിക്കാന്‍ ആയി ക്രൂരതയുടെ ഏതു അറ്റം വരെ പോകുന്ന യാഥാസ്ഥിക പിതാവിന്റെ ക്രൂരമായ മുഖം ആണ് ലീലയുടെ ജീവിതത്തില്‍.ദൈവത്തെ സംരക്ഷിക്കാന്‍ ആയി ഇറങ്ങിയ വേട്ടപ്പട്ടിയുടെ ക്രൂരതയാണ് തീവ്രവാദി ആയ മൊഹമദ് ഹുസയിനിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്ള കടന്നു കയറ്റം ആയി പോയി എന്നാല്‍ ഈ സിനിമ നിരോധിച്ചതിലൂടെ സെന്‍സര്‍ ബോര്‍ഡ് നടത്തിയിരിക്കുന്നത്.കാരണം അത്രയും സെന്‍സിറ്റീവ് ആയ വിഷയം ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

More movie suggestions @www.movieholicviews.blogspot.com

  

384.TWO MEN IN MANHATTAN(FRENCH,1959)

384.TWO MEN IN MANHATTAN(FRENCH,1959),|Mystery|Crime|,Dir:-Jean-Pierre Melville,*ing:-Jean-Pierre Melville,Pierre Grasset.

   വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ആയ ജീന്‍ പിയേറെ സംവിധാനം ചെയ്യുകയും മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളായ മോറിയു എന്ന പത്രപ്രവര്‍ത്തകനെ അവതരിപ്പിക്കുകയും ചെയ്ത ചിത്രം ആയിരുന്നു Two Men in Manhattan.ജീന്‍ പിയേറെ മറ്റു സംവിധായകരുടെ കീഴില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്വന്തം സംവിധാനത്തില്‍ അഭിനയിച്ച ഒരേ ഒരു ചിത്രം ആയിരുന്നു ഇത്.1969 ല്‍ ഇറങ്ങിയ ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയം ഇന്നും സമൂഹത്തില്‍ പ്രസക്തിയുള്ള വിഷയം ആണ്.ജേര്‍ണലിസം എന്നത് കാശുണ്ടാക്കാന്‍ ഉള്ള ഉപാധി മാത്രം ആണോ അതോ ഫോര്‍ത്ത് എസ്റ്റേറ്റ് സമൂഹത്തിനു മുന്നില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാതെ അതിന്റെ സത്യാവസ്ഥ മാത്രം വായനക്കാരില്‍ എത്തിക്കാന്‍ ബാധ്യത ഉള്ളവരാണോ എന്നത് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.ഒറ്റ രാത്രി നടക്കുന്ന സംഭവം ആണ് ചിത്രത്തില്‍.

  ഐക്യ രാഷ്ട്ര സഭയുടെ പുതിയ അംഗ രാജ്യത്തെ തിരഞ്ഞെടുക്കാന്‍ ഉള്ള യോഗം നടക്കുന്നു.ആ യോഗത്തില്‍ ഐക്യ രാഷ്ട്രസഭ പ്രതിനിധിയുടെ അസാനിധ്യം ശ്രദ്ധിക്കപ്പെടുന്നു.ഫ്രഞ്ച് ഡെലിഗേറ്റ് ആയ അയാളെ കുറിച്ച് അന്വേഷിക്കാന്‍ മൊറിയൂവിനെ ഏര്‍പ്പാടാക്കുന്നു ചീഫ് എഡിറ്റര്‍.ആദ്യം അയാളെ കുറിച്ച് അന്വേഷിക്കാന്‍ മൊറിയൂ അയാളുടെ സെക്രട്ടറിയുടെ വീട്ടില്‍ പോകുന്നു .അവര്‍ നല്‍കിയ സൂചന അനുസരിച്ച് അന്നത്തെ യോഗത്തില്‍ അയാള്‍ എത്താത്തത് ഒരു പക്ഷേ ഏതെങ്കിലും കാമുകിയുടെ അടുക്കല്‍ പോയത് കൊണ്ടാണെന്ന് പറയുന്നു.മൊറിയൂ സുഹൃത്തും ഫോട്ടോഗ്രാഫറും ആയ ഡല്മാസിനെ അന്വേഷണത്തില്‍  ചേര്‍ക്കുന്നു.

  പ്രതിനിധിയും ആയി ബന്ധം ഉള്ള മൂന്നു സ്ത്രീകളെ കുറിച്ചുള്ള വിവരം
 ലഭിക്കുന്ന അവര്‍ ആ സ്ത്രീകളെ അന്വേഷിച്ചു യാത്ര തുടങ്ങുന്നു;ദുരൂഹമായി അപ്രത്യക്ഷന്‍ ആയ ഐക്യ രാഷ്ട്ര പ്രതിനിധിയെ ആരും അറിയാതെ അ രാത്രി കണ്ടെത്തുക ആനവരുടെ ലക്‌ഷ്യം.ഫ്രാന്‍സിലെ New Wave Movement ന്‍റെ ഭാഗമായിരുന്ന ഈ ചിത്രം ജീന്‍ പിയറെയുടെ അധികം വാഴ്ത്തപ്പെടാത്ത ചിത്രങ്ങളില്‍ ഒന്നാണ്.രണ്ടു മനുഷ്യരുടെ സ്വഭാവ പ്രത്യേകതകള്‍ ആണ് സിനിമയുടെ മൂഡിനെ സ്വാധീനിക്കുന്ന സംഭവം.അവരുടെ വഴിയെ ആണ് ചിത്രം പോകുന്നതും.

More movie suggestions @www.movieholicviews.blogspot.com

  

383.DEMONTE COLONY(TAMIL,2015)

383.DEMONTE COLONY(TAMIL,2015),Dir:-R. Ajay Gnanamuthu,*ing:-Arulnithi,Ramesh Tilak.

   തമിഴ് സിനിമയിലെ പുതിയ വിജയ ട്രെന്‍ഡ് ഹൊറര്‍ സിനിമകള്‍ ആണെന്ന് തോന്നുന്നു.ഈ അടുത്ത് വന്ന ഹൊറര്‍ ശ്രേണിയില്‍ ഉള്‍പ്പെട്ട   ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നത് അതാണ്‌.എന്തായാലും മലയാളത്തിലെ നനഞ്ഞ പടക്കങ്ങള്‍ ആയ ഹൊറര്‍ ചിത്രങ്ങളില്‍ ഉള്ളതില്‍ കൂടുതല്‍ മികവു ഈ അടുത്ത് ഇറങ്ങുന്ന തമിഴ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.പഴയ രീതിയില്‍ ഉള്ള  ശുഭ്ര വസ്ത്രധാരിയായി പാട്ടും പാടി നടക്കുന്ന മദാലസയായ  പ്രേതം ഒക്കെ  കാലഹരണപ്പെട്ട വിശ്വാസങ്ങള്‍ മാത്രമായി ഇപ്പോഴത്തെ തലമുറയ്ക്ക് തോന്നി എന്ന് തോന്നുന്നു.

  ഇനി ചിത്രത്തിലേക്ക്.മികച്ച അഭിപ്രായം നേടി ആണ് DeMonte Colony തിയറ്ററില്‍ ഓടുന്നത് .തന്‍റെ എല്ലാ സിനിമകളിലെയും അഭിനയം കൊണ്ട് ആളുകളെ വെറുപ്പിക്കുന്ന ഉദയനിധി സ്റ്റാലിന്റെ ബന്ധുവായ അരുള്‍നിധി  നായകനായ ഈ ചിത്രം അവതരിപ്പിച്ച കഥ കാരണം അല്ല വിജയം നേടുന്നത്.പകരം അവതരണ രീതി കൊണ്ടാണ് എന്ന് തോന്നുന്നു.അരുള്‍നിധിയുടെ അഭിനയവും മോശം അല്ല.തമിഴ് സിനിമകളിലെ ക്ലീഷേ വെള്ളമടി  പാട്ടില്‍ ഒതുങ്ങി പാട്ട്.പിന്നെ സിനിമയുടെ ശ്രദ്ധ അത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തീമിലേക്ക്  ഉള്ള ശ്രമത്തിലേക്ക് മാറി.പ്രശംസനീയം ആയിരുന്നു ആ മാറ്റം.തമിഴ് സിനിമയ്ക്ക് ഒഴിവാക്കാന്‍ ആകാത്ത ചിലതുണ്ട്.അതില്‍ നിന്നും ഒരു മാറ്റി പിടുത്തം.ജീവിതത്തില്‍ ഒരു രക്ഷയും ഇല്ലാതെ ജീവിക്കുന്ന നാല് സുഹൃത്തുക്കള്‍.മദ്യപാനത്തിന് ശേഷം എന്തെങ്കിലും രസകരം ആയി ചെയ്യണം എന്ന് തോന്നിയ അവര്‍ ഓടി ചെന്നത് പ്രേതങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന DeMonte Colony എന്ന ബംഗ്ലാവില്‍.ആ രാത്രി അവരുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു.ആ ബംഗ്ലാവിനെ ചുറ്റി പറ്റി ഉള്ള കഥയാണ് ബാക്കി ചിത്രം.

  ചിത്രത്തിന്‍റെ ക്ലൈമാക്സും പതിവ് മസാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരുന്നു.എന്നാലും ഒരു ചോദ്യം ഈ പടം കണ്ടു പേടിച്ചോ എന്ന് ചോദിച്ചാല്‍.ഇല്ല അത്രയ്ക്കൊന്നും പേടിച്ചില്ല.പക്ഷേ പേടിപ്പിക്കാന്‍ ഉള്ള ആത്മാര്‍ത്ഥം ആയ ശ്രമം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക്  ഉണ്ടായിരുന്നു.ഒരു വട്ടം  മുഷിപ്പിക്കാതെ  കാണാവുന്ന ചിത്രം.

More movie suggestions @www.movieholicivews.blogspot.com

382.2LDK(JAPANESE,2003)

382.2LDK(JAPANESE,2003),|Drama|Action|,Dir:-Yukihiko Tsutsumi,*ing:-Maho Nonami, Eiko Koike, Daisuke Kizaki.

  ജപ്പാനിലെ സിനിമ  നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട്‌ ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ് 2LDK.ഫ്ലാറ്റിലെ മുറികളുടെ എണ്ണത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന പദത്തില്‍ നിന്നും ഉണ്ടായ ഈ ചിത്രം മുഴുവന്‍ നടക്കുന്നത് അതിലാണ്.

   മനുഷ്യരുടെ പക,അത് സ്വന്തം നിലനില്‍പ്പിനു വേണ്ടി ഉള്ളതാകുമ്പോള്‍ എത്ര മാത്രം ഭീകരം ആകും എന്നാണു ഈ ചിത്രം അവതരിപ്പിക്കുന്നത്‌.നോസോമി,രാന എന്നിവര്‍ നടിമാരാണ്.സിനിമകളില്‍ അവസരം അന്വേഷിച്ചു നടക്കുന്ന അവര്‍ക്ക് രണ്ടു പേര്‍ക്കും “Yakuza Wives” എന്ന സിനിമയില്‍ രണ്ടു പേരും ഒരേ റോളിനു വേണ്ടി ശ്രമിക്കുന്നുണ്ട്.അന്ന് വൈകിട്ട് നോസോമി ഒഡിഷന്‍ കഴിഞ്ഞതിനു ശേഷം മുറിയിലെത്തി ഒന്ന് മയങ്ങുമ്പോള്‍ ആണ് രാന അവിടെ തിരിച്ചെത്തുന്നത്.മനസ്സില്‍ ഒന്ന് വിചാരിക്കുകയും വായില്‍ നിന്നും മറ്റൊന്ന് പറയുകയും ചെയ്യുന്ന  സ്ത്രീ സഹജമായ സ്വഭാവ ശീലം ഉള്ളവരായിരുന്നു രണ്ടു പേരും.വ്യത്യസ്ത സ്വഭാവ വിശേഷതകള്‍ ഉള്ള അവര്‍ ഒരിക്കല്‍ പോലും സമാനമായ രീതിയില്‍ ചിന്തിക്കുന്നില്ല.പകരം അവര്‍ അവിടെ നിറയ്ക്കുന്നത് വിദ്വേഷത്തിന്റെ നാമ്പുകള്‍ ആണ്.അസൂയയും കുശുമ്പും അവരെ കൊണ്ടെത്തിക്കുക നാശത്തിലേക്ക് ആണ്.

   നോസോമിയും രാനയും അവരുടെ ജീവിതത്തിലെ ഈ അവസ്ഥയെ എങ്ങനെ നേരിടും എന്നതാണ് ആ ഒറ്റ മുറിക്കുള്ളില്‍ നടക്കുന്ന കഥയില്‍ അവതരിപ്പിക്കുന്നത്‌.പിറ്റേ ദിവസം രാവിലെ അവര്‍ അറിയാന്‍ കാത്തിരിക്കുന്ന ഒഡിഷന്‍ റിസല്‍റ്റ്‌ എന്താകും?ആരാണ് സിനിമയിലെ കഥാപാത്രത്തിന് തിരഞ്ഞെടുക്കപ്പെടുക?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

381.WILD TALES aka RELATOS SALVAGES(2014,SPANISH)

381.WILD TALES aka RELATOS SALVAGES(2014,SPANISH),|Thriller|Comedy|Drama|,Dir:-Damián Szifrón,*ing:-Darío Grandinetti, María Marull, Mónica Villa,Ricardo Darin.

   കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നിന്നും വിദേശ ഭാഷ വിഭാഗത്തില്‍  ഓസ്കാര്‍ നാമനിര്‍ദേശം  ലഭിച്ച ചിത്രം ആണ് Relatos Salvages.ആറു കഥകള്‍ അടങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാമിയന്‍ സിഫ്രോണ്‍ ആണ്.ഈ കഥകളില്‍ എല്ലാം തന്നെ പ്രതികാരം ,വിദ്വേഷം തുടങ്ങിയ പ്രമേയങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.വ്യത്യസ്തം ആയ സന്ദര്‍ഭങ്ങള്‍ ആളുകള്‍.എന്നാല്‍ എല്ലാവരും അന്തിമമായി പ്രതിനിധീകരിക്കുന്നത് അവരുടെ ദേഷ്യം/വിദ്വേഷം എന്നിവയുടെ പേരില്‍ ആണ്.ആ ഒരു പ്ലോട്ടില്‍  നിന്നും കൊണ്ട് തന്നെ രസകരമായ ഒരു ചിത്രം ആണ് ഒരുക്കിയിരിക്കുന്നത്.ആന്തോളജി സിനിമകളില്‍ തന്നെ മികച്ച ഒന്നാണ് Relatos Salvages.

  ഓരോ പ്ലോട്ടിനെ കുറിച്ചും ഒരു ആമുഖം
1)”Pasternak”

  ഒരു വിമാനത്തില്‍ സഞ്ചരിക്കുന്ന മോഡലും ഗാന നിരൂപകനും പാസ്ട്ടര്‍നാക് എന്നയാളെ കുറിച്ച് അവിചാരിതമായി സംസാരിക്കുന്നു.എന്നാല്‍ ആ സംസാരം  അവരെ കൊണ്ടെത്തിച്ചത് പാസ്ട്ടര്‍നാക് എന്ന ആളുടെ ജീവിതത്തിലെ നിര്‍ണായക സ്ഥാനങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന സഹ യാത്രികരില്‍ ആണ്.പാസ്ട്ടര്‍നാക് എന്നാല്‍ അവര്‍ക്ക് വേണ്ടി കാത്തു വച്ചിരുന്ന ഒരു രഹസ്യം ഉണ്ടായിരുന്നു.മികച്ച ഫാന്റസി കഥ പോലെ തോന്നി ഈ ഭാഗം.

2)”Las Ratas” (“The Rats”)

   ഒരു രേസ്റ്റൊരന്റില്‍ രാത്രി വന്ന കസ്ട്ടമറിനു അവിടെ വെയിറ്റര്‍ ആയി  ജോലി ചെയ്യുന്ന സ്ത്രീയുമായി ഒരിക്കലും മറക്കാന്‍ ആകാത്ത  കണക്കുകള്‍  ഉണ്ടായിരുന്നു.അതാണ്‌ ഈ ഭാഗത്തിന്റെ പ്രമേയം.അപ്രതീക്ഷിതമായ അവസാനം ആണ് ചിത്രത്തിന്.

3)”El más fuerte” (“The Strongest”)

    വിജനമായ ഹൈ വേയില്‍ കൂടി യാത്ര ചെയ്യുന്ന രണ്ടു യാത്രികര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.അവര്‍ ആ പ്രശ്നത്തെ എങ്ങനെ നേരിട്ട് എന്നതാണ് ചിത്രം.ഈ സിനിമയില്‍ അവസാന രംഗം കുറെ ചിരിപ്പിച്ചു.”Crime of passion”-അജയന്‍ ആണെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യര്‍ക്കിട്ട് ഒരു കൊട്ടാണ്‌  ഈ ചിത്രം.

4)”Bombita” (“Little Bomb”)

  സര്‍ക്കാരിന്റെ നിലപാടുകള്‍ ഒരു മനുഷ്യന് ബാധ്യത ആയി മാറുന്നു.പ്രത്യേകിച്ചും സ്വകാര്യ മേഖലയെ ഏല്‍പ്പിച്ച ആ ജോലി അയാളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു.ജോലി,കുടുംബം എന്നിവയെല്ലാം ആ സംഭവത്തില്‍ അയാള്‍ക്ക്‌ നസ്തം വരുന്നു.അയാളുടെ മുന്നില്‍ ഉള്ളതും ഒന്ന് മാത്രം.പ്രതികാരം.നായകനായി റിക്കാര്‍ഡോ ഡാരിന്‍ വരുന്ന ചിത്രം.

5)”La Propuesta” (“The Proposal”)

  അന്ന് രാവിലെ അയാള്‍ കേട്ട വാര്‍ത്ത തന്‍റെ പ്രിയപ്പെട്ട ഒരാള്‍ കാരണം ഉണ്ടായ ദുരിതം ആയിരുന്നു.വേറൊന്നും നോക്കാനില്ല.തന്‍റെ സ്വാധീനവും കാശും ഉപയോഗിച്ച് അയാളെ രക്ഷപ്പെടുത്തുക.എന്നാല്‍ ഒപ്പം ഉള്ളതെല്ലാം കഴുകന്മാര്‍ ആണെന്ന് അറിയുമ്പോള്‍?ഭീകരം ആയിരുന്നു ഇതിന്റെയും ക്ലൈമാക്സ് .

6)”Hasta que la muerte nos separe” (“Until Death Do Us Part”)

  ഒരു വിവാഹ പാര്‍ട്ടി നടക്കുന്നു.സമൂഹത്തില്‍ ഉന്നത സ്ഥാനം ഉള്ള കുടുംബങ്ങള്‍ തമ്മില്‍ ചേരാന്‍ പോകുന്നു.എന്നാല്‍ അപ്രതീക്ഷിതമായി വധു തന്‍റെ ഭര്‍ത്താവിനെ കുറിച്ചുള്ള രഹസ്യം മനസ്സിലാക്കുന്നു.അവള്‍ക്കും പ്രതികാരം ചെയ്യാന്‍ അവകാശം ഉണ്ട്.എന്നാല്‍ അത് എത്ര വരെ പോകും?അപ്രതീക്ഷിതമായ ക്ലൈമാക്സ്.

മൊത്തത്തില്‍ വ്യത്യസ്തം ആയ കഥ സന്ദര്‍ഭങ്ങള്‍.എന്നാല്‍ എല്ലാം പറയുന്നത് ഒരേ അവസാനം.അതും രസകരം ആയി അവതരിപ്പിച്ചിരിക്കുന്നു.സിനിമകള്‍ കാണാന്‍ ആഗ്രഹം ഉള്ളവര്‍ എല്ലാം തീര്‍ച്ചയായും കാണേണ്ട ചിത്രം.

More movies @www.movieholicviews.blogspot.com

380.AMDAVAD JUNCTION(HINDI,2013)

380.AMDAVAD JUNCTION(HINDI,2013),|Mystery|,Dir:-Apurv Bajpai,*ing:-Rohan Jardosh, Ishita Salot, Gunjan Vyas .

  സിനിമകള്‍ പതിവായി കാണുന്നവര്‍ക്ക് പറ്റുന്ന അബദ്ധം ആണ് സിനിമയുടെ പ്രമേയം,ട്രെയിലര്‍,മറ്റു ഹൈപ്പുകള്‍ എന്നിവ നോക്കി സിനിമ കണ്ടു അബദ്ധം പറ്റുക എന്നുള്ളത്.അത്തരത്തില്‍ സിനിമയുടെ പ്ലോട്ട് കണ്ട് ഡൌണ്‍ലോഡ് ചെയ്ത പടം ആയിരുന്നു “അമ്ദവാദ് ജങ്ക്ഷന്‍”.സിനിമയുടെ ആദ്യ സീനില്‍ മാത്രം ആയിരുന്നു വായിച്ച കഥയുടെ പ്ലോട്ടിന്റെ പ്രസക്തി.ശ്രദ്ധിക്കപ്പെടാതെ പോയ അന്വേഷണ ചിത്രം ആയിരിക്കും എന്നാണു ഈ ചിത്രത്തെ കുറിച്ച് ആദ്യം കരുതിയത്‌.അത് കൊണ്ട് തന്നെ പ്രിന്റ്‌ വന്നപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കുകയും ചെയ്തു. ഗുജറാത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമയുടെ പ്രമേയം.

   അഹമദാബാദ് റെയില്‍വേ  സ്റ്റേഷനില്‍ കാണപ്പെട്ട പെണ്‍ക്കുട്ടിയുടെ ശവ ശരീരം ആളുകളെ ഭീതിയിലാഴ്ത്തി.പോലീസ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നു.അപ്പോഴാണ്‌ സര്‍വീസില്‍ പുതിയതായി ജോയിന്‍ ചെയ്ത ഗുന്ജന്‍,സൌരഭ് എന്നീ പോലീസുകാര്‍ക്ക് ആദ്യ കേസ് ആയി ഈ കൊലപാതക കേസ് നല്‍കുന്നത്.ഇതേ സമയം കേസ് അന്വേഷണം മുഴുവന്‍ ആയി റിപ്പോര്‍ട്ട് ചെയ്യാന്‍ രോഹന്‍ എന്ന പത്രപ്രവര്‍ത്തകനെ പത്ര സ്ഥാപനം ഏല്‍പ്പിക്കുന്നു.ഇതിന്റെ ഇടയില്‍ പത്രപ്രവര്‍ത്തനം കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് മനസ്സിലാകാതെ രോഹന്‍ കഷ്ടപ്പെടുന്നു.സെന്‍സേഷനല്‍ സ്റ്റോറി എങ്ങനെ മസാലയില്‍ മുക്കാം എന്ന് രോഹന് അറിയില്ല.ഇത്രയൊക്കെ ആണ് കഥയുടെ പ്ലോട്ട്.

  എന്നാല്‍ സിനിമയില്‍ മുഴച്ചു നിന്നത് അഭിനയിക്കാന്‍ അറിയാത്ത അഭിനേതാക്കളും എന്ന് വേണ്ട ആവറേജ് എന്ന് പോലും പറയാന്‍ പറ്റാത്ത ടെക്നീഷ്യന്മാരും ആണ് ഈ ചിത്രത്തില്‍ അണി നിരന്നത്.പോലീസ് അന്വേഷണം ദുഷ്ക്കരം ആണെന്ന് പറയുമ്പോഴും അന്വേഷണം ഒന്നും സിനിമയില്‍ കാണിക്കുന്നുമില്ല.വളരെ ബാലിശമായ കഥയാണ് സിനിമയില്‍.അവസാനം ചിമ്പുവിന്‍റെ  “മന്മഥന്‍”  ഒക്കെ ആയി ഡബിള്‍ ക്ലൈമാക്സില്‍ ചിത്രം അവസാനിക്കും.

നല്ല സിനിമകളെ കുറിച്ച് മാത്രം പോസ്റ്റ്‌ ഇടണം എന്നാണ് കരുതിയിരുന്നത്.എന്നാല്‍ ഇത്രയും മോശം സിനിമയ്ക്ക് ടോറന്റില്‍ സീഡ് ഒക്കെ കുറേ ഉണ്ട്.രണ്ടു പ്രിന്റ്‌ മാത്രമേ ഉള്ളു എങ്കിലും ഡൌണ്‍ ലോഡ് നല്ല രീതിയില്‍ നടക്കുന്നുണ്ട്.അത് കൊണ്ട് ആ കണക്കില്‍ അകപ്പെട്ടു കഥയുടെ പ്ലോട്ടും വായിച്ചു ആരും സിനിമ കാണരുത് എന്ന് കരുതി ആണ് ഈ പോസ്റ്റ്‌.

More movie suggestions @www.movieholicviews.blogspot.com

379.VANISHING POINT (ENGLISH,1971)

379.VANISHING POINT (ENGLISH,1971),|Thriller|Action|,Dir:-Richard C. Sarafian,*ing:-Barry NewmanCleavon LittleDean Jagger

  കൊവാല്‍സ്ക്കിയുടെ ജീവിതം ദുരിതം നിറഞ്ഞതാണ്‌.അതാകും അയാള്‍ ആ സാഹസത്തിനു മുതിര്‍ന്നത്.കൊവാല്‍സ്ക്കി വിയറ്റ്നാം യുദ്ധ സൈനികന്‍ ആയിരുന്നു.Medal of Honor ലഭിച്ച മികച്ച സൈനികന്‍.എന്നാല്‍ അയാളുടെ മന:സാക്ഷിക്കു വേണ്ടി ഭാവി ജീവിതത്തില്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കൊവാല്‍സ്ക്കി മന:പൂര്‍വ്വം നിരസിച്ചു.അപകടത്തില്‍ മരണപ്പെട്ട കാമുകിയും കൂടി ആയപ്പോള്‍ സാധാരണയിലും താഴ്ന്ന നിലയില്‍ ജീവിക്കുന്ന കൊവാല്‍സ്ക്കി ഒരിക്കലെങ്കിലും ജീവിതത്തില്‍ ത്രില്‍  പ്രതീക്ഷിച്ചിരുന്നിരിക്കാം.അതാകും അയാള്‍ ആവശ്യം ഇല്ലാതെ ഇരുന്നിട്ടും തിങ്കളാഴ്ച എത്തിക്കണ്ട കാര്‍ അടുത്ത ഒരു ദിവസം നേരത്തെ ഓടി ,അതും ആയിരം കിലോ മീറ്റര്‍ ദൂരം എത്തിക്കും എന്ന് ഡീലര്‍ ആയ ജേക്കിനോട് പന്തയം വച്ചത്.

    രാത്രി ഉറങ്ങാതെ ഇരിക്കാന്‍ ഉള്ള മരുന്നും കഴിച്ചു കൊവാല്‍സ്ക്കി യാത്ര ആയി.വഴിയില്‍ പോലീസ് തടഞ്ഞെങ്കിലും അയാള്‍ അവരെ വേഗം കൊണ്ട് തോല്‍പ്പിച്ചു.പിന്നീട് വഴിയരികില്‍ കണ്ട ജീപ്പിനെയും ഒരു പാലത്തില്‍ വച്ച് തോല്‍പ്പിക്കുന്നു.വേഗതയും ജയങ്ങളും അയാളെ ഹരം പിടിപ്പിച്ചു തുടങ്ങിയിരുന്നിരിക്കണം.അത് പോലെ തന്നെ ആയിരിക്കാം ആ നാട്ടിലെ ജനങ്ങളും.അന്ധനായ ആര്‍.ജെ യുടെ വാക്കുകളിലൂടെ റേഡിയോ ശ്രവിച്ച അവര്‍ കൊവാല്‍സ്ക്കിയുടെ ആ സാഹസിക യാത്ര ആസ്വദിച്ചു.ഭരണ കേന്ദ്രങ്ങളെ പോലും അലോസരപ്പെടുത്തിയിരുന്നു കൊവാല്‍സ്ക്കിയുടെ ജൈത്ര യാത്ര.കൊവാല്‍സ്ക്കിയുടെ ആ യാത്രയുടെ കഥ അവതരിപ്പിക്കുകയാണ് Vanishing Point എന്ന ഈ റോഡ്‌ മൂവി.

    നഗ്നയായി ബൈക്ക് ഓടിക്കുന്ന യുവതി അക്കാലത്തെ കള്‍ട്ട് കഥാപാത്ര സൃഷ്ടി ആയിരുന്നു.അത് പോലെ തന്നെ ആയിരുന്നു ചിത്രവും.ദുരിതങ്ങളില്‍ നിന്നും ഉള്ള ഒളിച്ചോട്ടം തന്നെ എവിടേക്ക് എത്തിക്കുന്നു എന്ന് കൊവാല്‍സ്ക്കി മനസ്സിലാകുമ്പോള്‍ ചിത്രത്തിന് അന്ത്യം ആകുന്നു.അത് പോലെ ഒന്നര മണിക്കൂര്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയ സാഹസത്തിനും.

More movie suggestions @www.movieholicviews.blogspot.com

378.BADLAPUR(HINDI,2015)

378.BADLAPUR(HINDI,2015),|Action|Drama|,Dir:-Sriram Raghavan,*ing:-Varun Dhavan, Nawazuddin Siddiqui,Yami Goutham.

  ഹിന്ദിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് താന് എന്ന് നവാസുദീന്‍ അടിവരയിടുമ്പോള്‍ വരുണ്‍ ധവാന്‍ “Student of the Year” പോലത്തെ ചോക്ലേറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിക്കുകയാണ് ബദലാപ്പൂര്‍ എന്ന ചിത്രത്തില്‍.പ്രതികാരം പ്രമേയം ആയി വന്ന ഈ ചിത്രത്തില്‍ സസ്പന്‍സ് ഘടങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള മാനസിക യുദ്ധമായി മാറുന്നു.ഇവിടെ അവസാന ജയം ആര്‍ക്കാണ് എന്നുള്ളതാണ് പ്രധാനം.അതിനു അവരുടെ പഴയക്കാല ജീവിതം വിലങ്ങു തടി ആകുന്നില്ല അവസാന മാര്‍ക്കെടുപ്പില്‍.ശ്രീരാം രാഘവന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വ്യത്യസ്തം ആയി തോന്നിയത് അവിടെയാണ്.

   ഒരു ബാങ്ക് മോഷണത്തിന്റെ ഇടയില്‍ ആകസ്മികമായാണ് രഘുവിന്‍റെ ഭാര്യയും കുഞ്ഞും അപകട മരണം നേരിടേണ്ടി വരുന്നത്.പ്രതി എന്ന് സംശയിക്കുന്ന ലിയാക്കിനെ പോലീസ് കസ്റ്റടിയില്‍ എടുത്തുവെങ്കിലും താന്‍ വെറും ഡ്രൈവര്‍ മാത്രം ആണെന്നും അപകടത്തിനു ഉത്തരവാദി അയാളുടെ കൂടെ ഉണ്ടായിരുന്ന ആളാണെന്നും മൊഴി നല്‍കുന്നു.താന്‍ അകപ്പെട്ടു എന്ന് എല്ലാവരോടും പറയുന്ന ലിയാക്,പോലീസ് കൂട്ട് പ്രതിയെ കണ്ടെത്തി ബാങ്ക് മോഷണത്തില്‍ നിന്നും ലഭിച്ച പണം വീതിച്ചെടുത്തു എന്നും പറയുന്നു.രഘുവിന്‍റെ പ്രണയ വിവാഹം ആയിരുന്നു.സന്തോഷകരമായ ആ ജീവിതം ഒരു ദിവസം ഇയം പാറ്റയെ പോലെ അവസാനിക്കുന്നു.രഘുവിന്‍റെ മാനസികാവസ്ഥ ഈ സംഭവത്തോടെ ഏറെ മാറി.തന്‍റെ കുടുംബം നശിപ്പിച്ചവര്‍ക്ക് എതിരെ ഉള്ള പ്രതികാരം മനസ്സില്‍ ഒളിപ്പിച്ചുവെച്ച  അയാള്‍ പ്രതികാരം ചെയ്യാനായി കാത്തിരുന്നു.ലിയാക് ജയിലില്‍ നിന്നും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തു ഇറങ്ങുമ്പോള്‍ രഘുവിന് വ്യക്തമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ പുറത്തു വരവ് താന്‍ വഴി ആണെന്നത് കൊണ്ട്.

   മികച്ച അഭിനയവും ഹിന്ദി സിനിമയുടെ തട്ട് പൊളിപ്പന്‍ സാഹചര്യത്തില്‍ നിന്നും മാറി വരുന്ന സിനിമകളില്‍ ഒന്നായത് കൊണ്ടും ഈ ചിത്രം മികച്ച നിലവാരം പുലര്‍ത്തി.നേരത്തെ പറഞ്ഞത് പോലെ അഭിനയത്തിലെ തന്‍റെ മികവു ലിയാക്കിലൂടെ നവാസുധീന്‍ അവതരിപ്പിച്ചിരിക്കുന്നു.ഒപ്പം കഥാപ്രമേയം അധികം ഏച്ചുകെട്ടലുകള്‍ ഇല്ലാതെ അവതരിപ്പിക്കുക വഴി ഈ വര്‍ഷത്തെ മറ്റൊരു മികച്ച ഹിന്ദി ചിത്രം ആയി ബദലപൂര്‍ മാറി.

More movie suggestions @www.movieholicviews.blogspot.com

377.BABY(HINDI,2015)

377.BABY(HINDI,2015),|Thriller|Action|,Dir:-Neeraj Pandey,*ing:-Alshay Kumar,Anupam Kher,Rana Daggubatti.

  അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്‍റെ ഒപ്പം സ്ഥാനം ഉള്ളവര്‍ ആണ് നാട്ടില്‍ നടക്കുന്ന വിധംസ്വക പ്രവര്‍ത്തനങ്ങളെ കണ്ടെത്തി അവയെ തകര്‍ക്കുന്ന സേന വിഭാഗങ്ങളും.രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ലാ രാജ്യത്തിലും ഇത്തരം രഹസ്യങ്ങളുടെ കലവറ ആയിരിക്കും.മോസ്സാദ് എന്ന രഹസ്യാന്വേഷണ ഏജന്‍സി നടത്തുന്ന ഓപ്പറേഷനുകള്‍ എന്നും സിനിമ കഥയെ വെല്ലുന്നവ ആയിരുന്നു.ഒരു രാജ്യത്ത് ആരും അറിയാതെ കയറി അവര്‍ക്ക് ആവശ്യം ഉള്ളവരെ തകര്‍ത്ത് ഇറങ്ങുന്ന കഥകള്‍ അപസര്‍പ്പക കഥകള്‍ പോലെ ആണ് പലപ്പോഴും കേട്ടിരുന്നത്.മോസ്സാദിന് സാധിക്കാത്തതായി ഒന്നുമില്ല എന്നുള്ള രീതിയില്‍ വന്നിരുന്ന വാര്‍ത്തകള്‍ പോലും ജൂതന്മാരുടെ ഇസ്രയേലിനെ ലോകത്തിനു മുന്നില്‍ അതി ശക്തര്‍ എന്ന മേല്‍ വിലാസം നേടി കൊടുത്തു.അപ്പോഴൊക്കെ ചിന്തിച്ചിരുന്നു ഇന്ത്യയ്ക്കും ഇത്തരം ഏജന്‍സികള്‍ ഉണ്ടോ എന്ന്.

  RAW(Research & Analysis Wing )പോലെ ഉള്ള ഏജന്‍സികളെ കുറിച്ച് കേട്ടിരുന്നു എങ്കിലും അവയുടെ പ്രവര്‍ത്തനം മോസ്സാദിനോടൊക്കെ കിട പിടിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എന്തായാലും സിനിമയിലൂടെ എങ്കിലും അത്തരം പ്രവര്‍ത്തികള്‍ പ്ലാന്‍ ചെയ്യുന്ന ഒരു ടെസ്റ്റിംഗ് ഏജന്‍സിയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.മുംബൈ സ്ഫോടനങ്ങള്‍ക്ക് ശേഷം ഉടലെടുത്ത ഈ സംഘത്തെ Baby എന്ന് അറിയപ്പെട്ടു.അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ യഥാര്‍ത്ഥ മേല്‍ വിലാസം മറച്ചു വച്ച് ജീവിക്കുകയും മരണപ്പെട്ടാല്‍ ഒരിക്കലും സര്‍ക്കാരിന്റെ പേരില്‍ വരുകയും ചെയ്യാത്ത രീതിയില്‍ ആയിരുന്നു പ്രവര്‍ത്തനം.രാജ്യത്തെ രക്ഷിക്കുന്നതിനായി ജീവിച്ചും ശ്രമിക്കുക എന്ന ഉദ്യമം ആണ് അവര്‍ക്ക് ഉണ്ടായിരുന്നത്.പന്ത്രണ്ടു പേരുമായി ആരംഭിച്ച ആ ഏജന്‍സിയില്‍ അവസാന നാല് പേര്‍ അവശേഷിക്കുമ്പോള്‍ ആണ് ചിത്രം ആരംഭിക്കുന്നത്.Baby അവരുടെ അവസാന ഓപ്പറേഷന്‍ നടത്താന്‍ ഉള്ള ഒരുക്കത്തില്‍ ആണ്. അജയ് എന്ന അക്ഷയ് കുമാറിന്റെ വേഷം ആക്ഷന്‍ ചിത്രങ്ങളില്‍ അക്കിക്കുള്ള മികവു കാണിക്കുന്നു.നീരജ് പാണ്ടേ Special 26,A Wednesday എന്നീ ചിത്രങ്ങളില്‍ നല്‍കിയ മികവു ഈ ചിത്രത്തിലും തുടരുന്നുണ്ട്.

  രഹസ്യാന്വേഷണ ഏജന്‍സികളുടെ ഓപ്പറെഷനുകള്‍ നല്‍കുന്ന ത്രില്‍ ഈ ചിത്രത്തിനും നല്കാനായിട്ടുണ്ട്.പ്രത്യേകിച്ചും നേപ്പാള്‍,സൗദി തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങള്‍ ശരിക്കും ത്രില്‍ അടിപ്പിച്ചു. രാജ്യത്തിന് മേലെ ഒന്നും തങ്ങള്‍ക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ഇത്തരത്തില്‍ ഉള്ള ഉദ്യോഗസ്ഥര്‍ കാരണം ആയിരിക്കും  ദീപാവലിക്ക്  നാട്ടില്‍ പൊട്ടുന്ന പടക്കങ്ങളുടെ എണ്ണം കുറയുന്നത് എന്ന് കരുതുന്നു .Baby:Reborn എന്ന സീക്വല്‍ 2017 ല്‍ ഇറങ്ങുന്നതായി കേട്ടിരുന്നു.എന്തായാലും Baby തുറന്നു തന്നിരിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള രഹസ്യാന്വേഷണ  ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍  ഉള്ള ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളില്‍ കൂടിയും അവതരിപ്പിക്കാം എന്നതാണ്.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started