316.BICYCLE THIEVES(ITALIAN,1948)

316.BICYCLE THIEVES(ITALIAN,1948),|Drama|,Dir:-Vittorio De Sica,*ing:-Lamberto Maggiorani, Enzo Staiola, Lianella Carell.

  ബൈസിക്കിള്‍ തീവ്സ്-പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ചിത്രം.ക്ലാസിക് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങുന്ന സമയം ആദ്യ സിനിമ കാഴ്ചകളില്‍ ഒന്നായിരിക്കും പലര്‍ക്കും ഇത്.മികച്ച ആദ്യ സിനിമ നിര്‍ദേശങ്ങളില്‍ പലരും പറഞ്ഞു കൊടുക്കുന്ന ഒരു മനോഹര ചിത്രം ആണ് വിട്ടോരിയോ സംവിധാനം ചെയ്ത ഈ ഇറ്റാലിയന്‍ ചിത്രം.കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള കോട്ടയത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു ഈ ചിത്രം.പണ്ട് സി ഡി യില്‍ കണ്ട ഈ ചിത്രം വലിയ സ്ക്രീനില്‍ കാണാന്‍ കിട്ടിയ അവസരം വിനിയോഗിക്കുകയും ചെയ്തു എന്നെ പോലെ പലരും.മലയാളം സബ് ടൈറ്റിലുകള്‍ ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.ശരിക്കും തിയറ്ററില്‍ വിളക്കുകള്‍ അണച്ചപ്പോള്‍ വേറെ ഒരു കാലഘട്ടത്തില്‍ ഇരുന്നു ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ട അനുഭവം ആണ് ലഭിച്ചത്.

  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സാമ്പത്തികമായി തകര്‍ന്ന ഇറ്റലിയുടെ ജനങ്ങളുടെ ജീവിതം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ആ കാലഘട്ടത്തില്‍ തൊഴിലില്ലായ്മ കൂടുകയും ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ ആവുകയും ചെയ്യുന്നു.റിച്ചി തന്‍റെ ഭാര്യ മറിയയും മകനായ ബ്രൂണോയും കൊച്ചു കുട്ടിയും ആയി ആണ് ജീവിക്കുന്നത്.തൊഴിലില്ലായ്മ ഉയര്‍ന്ന ആ സമയത്ത്  കൗണ്‍സില്‍ നല്‍കിയ ജോലി ചെയ്യണം എങ്കില്‍ ഒരു സൈക്കിള്‍ അത്യാവശ്യം ആയിരുന്നു റിചിക്ക്.എന്നാല്‍ അതിനുള്ള തുക കണ്ടെത്താന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല.പുതപ്പുകളുടെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞു മരിയ അത് വില്‍ക്കുന്നു.അങ്ങനെ റിചിക്ക് സൈക്കിള്‍ വാങ്ങാന്‍ ഉള്ള പണം ലഭിക്കുന്നു.കൌണ്‍സിലില്‍ നിന്നും കിട്ടിയ തൊപ്പി ഭാര്യയെ കൊണ്ട് ചെറുതാക്കിയും ബ്രൂണോയെ കൊണ്ട് സൈക്കിള്‍ തുടപ്പിച്ചും അടുത്ത ദിവസം റിച്ചി സന്തോഷത്തോടെ ജോലിക്ക് പോകുന്നു.എന്നാല്‍ ആദ്യ ദിവസം തന്നെ അയാളുടെ ജീവിതത്തില്‍ ദുരിതം സംഭവിക്കുന്നു.തന്‍റെ ജോലി നിലനിര്‍ത്താന്‍ ആവശ്യം ആയ സൈക്കിള്‍ ഒരാള്‍ മോഷ്ടിക്കുന്നു.സൈക്കിള്‍ ഇല്ലെങ്കില്‍ ജോലി നഷ്ടം ആകും എന്നാ അവസ്ഥയില്‍ റിച്ചിയും കൂട്ടുകാരും ബ്രൂനോയും കൂടി ആ സൈക്കിള്‍ അന്വേഷിച്ചു ഇറങ്ങുന്നു.അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി കഥ.

  ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ചിത്രമായ ബൈസിക്കിള്‍ തീവ്സ് ആകര്‍ഷകം ആക്കുന്നതില്‍ ബ്രൂണോയ്ക്ക് നല്ല സ്ഥാനം ഉണ്ട്.ഒന്ന് നിന്നിട്ട് ഓടുന്ന ബ്രൂണോ രിചിയെ പിന്തുടരുന്ന ഭാഗങ്ങള്‍ ഒക്കെ ചിരിയുണര്‍ത്തും. അത് പോലെ ജ്യോതിഷിയുടെ അടുത്ത് പോകുന്ന ഭാര്യയെ പരിഹസിക്കുന്ന റിച്ചിയുടെ പിന്നീടുള്ള പ്രവൃത്തി ഒരു ദുരിതം ഉണ്ടാകുമ്പോള്‍ മനുഷ്യ മനസ്സ്ത്തി എത്ര മാത്രം അസ്ഥിരം ആകുന്നു എന്നും കാണിക്കുന്നു. ചിത്രത്തിന്‍റെ അവസാനം സാധാരണ സിനിമകളിലെ പോലെ ഒരു ക്ലൈമാക്സില്‍ പോകുന്നതിനു പകരം ജീവിതത്തില്‍ സംഭവിക്കാവുന്ന ഒന്നിലേക്ക് ആണ് ചിത്രം പോകുന്നത്.ബ്രൂണോയ്ക്ക് മാതൃകയാകേണ്ട റിച്ചിയുടെ പ്രവൃത്തിയെ ന്യായീകരിക്കാതെ മനസ്സിനെ  നൊമ്പരപ്പെടുത്തി ചിത്രം അവസാനിക്കുമ്പോള്‍ ആ ജനക്കൂട്ടത്തിന്റെ ഒപ്പം പ്രേക്ഷകനും ഒഴുകി പോകുന്ന ഒരു അനുഭവം ആണ് ഉണ്ടാവുക.

more suggestions @www.movieholicviews.blogspot.com

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014),|Drama|Biography|,Dir:-Ananth Mahadevan,*ing:-Vinay Pathak, Asrani, Tannishtha Chatterjee

  1947 ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം നേടി തന്നത് നെഹ്രുവും ഗാന്ധിയും മാത്രമാണോ എന്നാ ചോദ്യത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.പേരറിയാത്ത എത്രയോ പേര്‍ ഒഴുക്കിയ രക്തത്തിന്റെയും ജീവിതത്തിന്റെയും വില കൂടി ആണ് ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യം.നേതാക്കന്മാരുടെ പേരില്‍ അതൊക്കെ എഴുതി ചേര്‍ത്ത് എങ്കിലും ചരിത്രം പലരെയും വിസ്മരിച്ചു.ചരിത്രം മറന്ന  നീതി കേടു ആകാം ആ കഥകള്‍.അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളായ ഗൌര്‍ ഹരി ദാസ് എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  അനന്ത് മഹാദേവന്‍ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് താന്‍  ഒരു സ്വാതന്ത്ര്യ സമര സേനാനി ആണെന്ന് ഉള്ള തെളിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട ദുരവസ്ഥയില്‍ ഉള്ള ഒരു ഗാന്ധിയന്റെ കഥയാണ്.സ്വാതന്ത്ര്യ സമരത്തിന്റെ അവസാന നാളുകളില്‍ കുട്ടിയായിരുന്നു ഗൗര്‍ ദാസ് രഹസ്യമായി സന്ദേശങ്ങള്‍ മറ്റുള്ള സേനാനികളുടെ അടുക്കല്‍ എത്തിക്കുന്ന വാനര സേനയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.അതി വേഗം ഓടി ബ്രിട്ടീഷുകാര്‍ക്ക് പിടി കൊടുക്കാതെ സന്ദേശങ്ങള്‍ എത്തിച്ചിരുന്ന ഗൌറിനു എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉള്ള ഭാരതത്തില്‍ ജനങ്ങളില്‍ നിന്നും ഓടി ഒളിക്കാന്‍ കഴിയാത്ത അവസ്ഥ ആയി.മാര്‍ക്ക് കുറവുള്ള മകന് നല്ല സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി സ്വാതന്ത്ര്യ സമര സെനാനികള്‍ക്ക് വേണ്ടി ഉള്ള സംവരണ സീറ്റിനായി അപേക്ഷിച്ചപ്പോള്‍ ആണ് ആദ്യം ആ ചോദ്യം പ്രിന്‍സിപ്പാളില്‍ നിന്നും ഉയരുന്നത്.ഗൗര്‍ ദാസ് സമര സേനാനി ആണെന്നുള്ള തെളിവുകള്‍ എവിടെ?തന്‍റെ പിതാവ് പറഞ്ഞത് തെളിവുകളില്‍ കൂടി അവതരിപ്പിക്കാന്‍ കഴിയാതെ വരുന്ന മകന്‍ അലോക് അച്ഛനോട് നീരസം ഉണ്ടാകുന്നു.അപ്പോഴാണ്‌ തന്‍റെ ജീവിതം എന്തിനു വേണ്ടി നല്‍കിയോ അതിന്റെ തെളിവിനായി ഗൗര്‍ ദാസ് ഓടി തുടങ്ങുന്നതും.ഗൗര്‍ ദാസിന്റെ ആ ഓട്ടവും ഇപ്പോഴത്തെ തലമുറയ്ക്ക് അജ്ഞാതമായ ആ സഹനത്തിന്റെ  കാര്യം അവരെ അവതരിപ്പിക്കുവാനായി ശ്രമിക്കുന്നതും ആണ് ബാക്കി കഥ.

  മാധ്യമങ്ങള്‍ക്കും സ്വാതന്ത്ര്യം നേടി കൊടുത്ത തലമുറയ്ക്കും വേണ്ടാത്ത ആളായി വിനയ് പതക് ഗൗര്‍ ദാസ് ആയി മികച്ച അഭിനയം കാഴ്ച വച്ചു.സ്വാതത്ര്യം ലഭിച്ചതിനു ശേഷം ജനങ്ങളുടെ പൊതുവായ വികാരം ചിലപ്പോഴെങ്കിലും ബ്രിട്ടീഷ് ഭരണം മതി എന്നായിരുന്നു.അത്തരം പരാമര്‍ശങ്ങള്‍ ഗൗര്‍ ഹരി ദാസിനെ വിഷമിപ്പിക്കുമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ശത്രു ആരാണെന്ന് അറിയാവുന്ന ആ കാലവും അജ്ഞാതനായ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാത്ത ജനാധിപത്യ വ്യവസ്ഥിതിയും ഗൗര്‍ ഹരിദാസിന്റെ അഭിപ്രായം മാറ്റുമോ?തീര്‍ച്ചയായും കണ്ടിരിക്കണ്ട ഭാരതത്തിന്റെ ഇന്നത്തെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

314.UGLY(HINDI,2013)

314.UGLY(HINDI,2013),|Mystery|Thriller|,Dir:-Anurag Kashyap,*ing:-Tejaswini Kohlapure,Rahul Bhay,Ronit Roy,Surveen Chawla.

 Ugly ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണെങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വഭാവത്തിലെ ചീത്ത വശങ്ങള്‍ ആണ്.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യയിലെ മധ്യ വര്‍ഗ കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ആണ്.സുഖ സൌകര്യങ്ങള്‍ നോക്കി ജീവിക്കാന്‍ പഠിക്കുന്ന ഒരു തലമുറയുടെ കഥയാണ് അഗ്ലി.

  സിനിമ മോഹവുമായി നടക്കുന്ന രാഹുലിന്റെ കോളേജില്‍ നിന്നുള്ള സുഹൃത്താണ് ശാലിനി.പ്രണയത്തില്‍ ആയ അവര്‍ എന്നാല്‍ പിന്നീട് ജീവിതത്തിലെ മധുരം നിറഞ്ഞ ദിവസങ്ങള്‍ അവസാനിച്ചപ്പോള്‍ വേര്‍പ്പിരിയുന്നു.അവരുടെ മകളായ കാളിയെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ആണ് രാഹുല്‍ ഇപ്പോള്‍ ഉള്ളത്.അവരുടെ രണ്ടു പേരുടെയും സഹപാഠിയായ പോലീസ് മേധാവി റോനിറ്റ് ആണ് ശാലിനിയെ പുന:വിവാഹം ചെയ്തത്.എന്നാല്‍ റോനിറ്റ് ആ ജീവിതം തിരഞ്ഞെടുക്കാന്‍ അയാളുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു.മനുഷ്യ മനസ്സിന്റെ വികലമായ ചിന്തകളില്‍ ഒന്നായിരുന്നു ആ വിവാഹം.പതിവ് പോലെ ഒരു ശനിയാഴ്ച മകളുമായി പുറത്തേക്ക് പോയ രാഹുലിന് അവളെ താഴെ പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ കാറില്‍ നിന്നും മകളെ നഷ്ടം ആകുന്നു.അതിനു ശേഷം ഉള്ള സംഭവങ്ങള്‍ ആണ് ബാക്കി സിനിമ.

  ദുരൂഹമായ രീതിയില്‍ കാണാതായ പെണ്‍ക്കുട്ടിയെ കുറിച്ച് നടക്കുന്ന അന്വേഷണം പലയിടത്തും ലോകത്തോടൊപ്പം സഞ്ചരിക്കാന്‍ വിമുഖത കാണിക്കുന്ന പോലീസുകാരെ അവതരിപ്പിക്കുന്നുണ്ട്.അജ്ഞതയില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം ആളുകള്‍ ആയി പോലീസുകാരെ അവതരിപ്പിക്കുന്നു.തിരിച്ചും ഉള്ളവര്‍ ഇല്ല എന്നല്ല അതിന്റെ അര്‍ഥം.തെറ്റായ ദിശയില്‍ ആണോ അന്വേഷണം പോകുന്നതെന്ന് പോലും നോക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വില പേശുന്ന അമ്മയും അമ്മാവനും അച്ഛനും രണ്ടാം അച്ഛനും എല്ലാം സിനിമ കാണുന്ന പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന വികാരം അധ:പതിച്ച ഒരു സമൂഹത്തെ കുറിച്ചുള്ള വേവലാതികള്‍ ആയി മാറുന്നത് ഇവിടെയാണ്‌.പുകവലി രംഗങ്ങളില്‍ മുന്നറിയിപ്പ് കൊടുക്കാന്‍ ഉള്ള വിമൂഖത കാരണം ചിത്രത്തിന്റെ റിലീസ് വൈകിയത് വിവാദം ആയിരുന്നു.കൊറിയന്‍ ത്രില്ലറുകള്‍ ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതേ മട്ടിലും ഭാവത്തിലും നിര്‍മിച്ച മികച്ച ഒരു ഇന്ത്യന്‍ ത്രില്ലര്‍ ആണ് അഗ്ലി.തീര്‍ച്ചയായും കാണാന്‍ ശ്രമിക്കണ്ട ഒന്ന്.

More movie suggestions @www.movieholicviews.blogspot.com

313.INDIA’S DAUGHTER(ENGLISH/HINDI,2015)

313.INDIA’S DAUGHTER(ENGLISH/HINDI,2015),|Documentary|,Dir:-Leslee Udwin

  മനുഷ്യത്വം ഉള്ളില്‍ ഉള്ളവരെ മൊത്തം ഞെട്ടിപ്പിച്ച സംഭവം ആയിരുന്നു 2012 ഡിസംബറിലെ ആ രാത്രിയില്‍ ഓടി കൊണ്ടിരുന്ന ബസ്സില്‍ സംഭവിച്ചത്.ഒരു പക്ഷെ മൃഗങ്ങള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ക്രൂര ജന്തുക്കള്‍ പോലും സഹ ജീവിയോടു ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തി ആണ് അന്ന്  നടന്നത്.ഇതിനു മുന്‍പും പിന്‍പും ഇന്ത്യയില്‍ ബലാല്‍സംഘം നടന്നിട്ടില്ല എന്നല്ല.പക്ഷേ സമൂഹത്തിനു മൊത്തം ഇത്തരം ഒരു പ്രവൃത്തിയോടുള്ള കാഴ്ചപ്പാട് മാറാന്‍ ഈ സംഭവം കാരണമായി എന്നത് സത്യം.സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം യുവാക്കള്‍ നടത്തിയ ഏറ്റവും വലിയ പ്രതിഷേധത്തിന്റെ കാരണം ആയി ജ്യോതി എന്ന പെണ്‍ക്കുട്ടിയുടെ മരണം മാറുന്നത് ആണ് കണ്ടത്.

   ഭാരത സംസ്ക്കാരം എന്ന് പറഞ്ഞാല്‍ വീട് ജയില്‍ ആയി കരുതുന്ന സ്ത്രീകള്‍ ഉള്ള ഒരു നാടാണ് എന്നുള്ള കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്ന ഒരു കൂട്ടം ആളുകളുടെ ചിന്തകള്‍ക്ക് അനുസരിച്ച് ആണ് നീങ്ങുന്നതെന്ന് തോന്നുന്നു.മതവും സമൂഹവും ജയിലറയില്‍ അടച്ച  സ്ത്രീകളുടെ ജീവിതം ആണ് എല്ലായിടത്തും വരേണ്ടത് എന്ന ചിന്താഗതി സൗദി പോലുള്ള ചില രാജ്യങ്ങളുടെ അവസ്ഥയിലേക്ക് ആണ് ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് എന്നത് ഖേദകരം ആണ്.പറഞ്ഞു വരുന്നത് ക്രൂരമായ ചെയ്തികള്‍ ചെയ്തതിനെക്കാളും അതിനെ ന്യായീകരിക്കാന്‍ പ്രതികളുടെ അഭിഭാഷകര്‍ ആയ M L Sharma,A P Singh എന്നിവരുടെ വാക്കുകള്‍ ആണ്.എന്റെ രാജ്യത്ത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്തത് ആണ് സംസ്ക്കാരം എന്നും പെണ്‍ക്കുട്ടികളെ കാണുമ്പോള്‍ കാമത്തോടെ മാത്രമേ നോക്കാന്‍ കഴിയൂ എന്നൊക്കെ പറയുന്നത് തികച്ചും പൈശാചികം ആണ്.ഈ വാക്കുകള്‍ പറഞ്ഞത് M L Sharma ആയിരുന്നു.എന്നാല്‍ അതിലും എത്രയോ ഭീകരം ആയിരുന്നു A P Singh പറഞ്ഞത്.കുടുംബത്തിനു മാനക്കേട്‌ ഉണ്ടാക്കുന്ന സ്വന്തം മകളെ പോലും കുടുംബാങ്ങങ്ങളുടെ മുഴുവന്‍ മുന്നിലിട്ട് കത്തിച്ചു ചാമ്പലാക്കും എന്ന്.

  പെണ്‍ക്കുട്ടി എതിര്‍ക്കാതെ ഇരുന്നിരുന്നെങ്കില്‍ അവളെ കൊള്ളില്ലയിരുന്നു എന്ന് മുകേഷ് എന്നാ മുഖ്യ പ്രതികളില്‍ ഒരാള്‍ പറഞ്ഞതിലും എത്രയോ ഭീകരം ആണ് മുകളില്‍ ഉള്ള വാക്കുകള്‍?ബി ബി സി ഫോര്‍ അവതരിപ്പിച്ച ഈ ഡോക്യു വലിയൊരു വിവാദം ആയി മാറിയിട്ടുണ്ട്.ഇതിന്റെ ആരംഭത്തില്‍ അവതരിപ്പിക്കുന്നത്‌ ജ്യോതിയുടെ മാതാപിതാക്കളെയും പ്രതികളില്‍ ഒരാളായ  മുകേഷും ആയുള്ള സംഭാഷണങ്ങളില്‍ കൂടി ആണ്.മുകേഷ് മറ്റു പ്രതികളുടെ ചെറുപ്പത്തില്‍ ഉള്ള ജീവിതം മുതല്‍ അവരുടെ ക്രൂരത നിറഞ്ഞ സ്വഭാവങ്ങളിലേക്ക് എത്തിക്കുമ്പോള്‍ ജ്യോതിയുടെ മാതാപിതാക്കള്‍ അവളെ വളര്‍ത്താന്‍ വേണ്ടി ജീവിച്ച തങ്ങളുടെ ജീവിതത്തെ കുറിച്ച് വാചാലരാകുന്നു.ജ്യോതിയുടെ മരണം വരെയുള്ള സംഭവങ്ങള്‍ ഗ്രാഫിക്സ് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് സമൂഹ മനസാക്ഷി ആണ്.

ഈ സംഭവങ്ങള്‍ക്ക് പൊതുവായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒരു പക്ഷെ ഇതാകാം ഇത്തരം സംഭവങ്ങളുടെ കാരണം എന്ന് തോന്നി.

1)വിദ്യാഭ്യാസത്തിന്റെ  അഭാവം:-വിദ്യാഭ്യാസം കുറവുള്ള പ്രതികള്‍ ഈ കൃത്യം ചെയ്തു എന്ന് മനസ്സിലാകുമ്പോഴും ഒരു സംശയം മനസ്സില്‍ നില്‍ക്കുന്നു.വിദ്യാഭ്യാസം കിട്ടിയവര്‍ ആരും ബലാല്‍സംഘം ചെയ്യാറില്ലേ?

2)പണക്കാര്‍ കാശ് കൊടുത്തു ലൈംഗിക സുഖം നേടുന്നു.അത് ഇല്ലാത്ത പ്രതികള്‍ക്ക് ആകെ ഉള്ളത് ധൈര്യം മാത്രം.അവര്‍ അതുപയോഗിച്ചു കാര്യം സാധിക്കാന്‍ ശ്രമിക്കുന്നു.ഇതിലും നന്നായി ഈ വാചകത്തെ കുറിച്ച് പറയാന്‍ ഉള്ളത് Sexually Frustrated ആയ ഒരു സമൂഹം ആണ് നമുക്ക് ഉള്ളത് എന്നാണു.അഞ്ചു വര്‍ഷത്തിനു മുന്‍പ് അവസാനമായി ഗ്രാമത്തിലെ സ്ത്രീയെ പ്രാപിച്ച മുകേഷിന് വേറെ എന്ത് ചേതോവികാരം ആണ് ഉണ്ടാവുക?

പ്രതികളില്‍ ഒരാളായ ജുവനൈല്‍ എന്ന് വിളിക്കുന്നവന് മേല്‍പ്പറഞ്ഞ ആദ്യ കാരണം പ്രായോഗികം ആണ്.പക്ഷെ പ്രായപൂര്‍ത്തി ആയ മറ്റുള്ളവര്‍ അവനോടൊപ്പം ചേര്‍ന്ന് നടത്തിയ ഈ ഹീന കൃത്യത്തിനു മാപ്പില്ല എന്ന് തന്നെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദല്‍ഹിയിലെ കോടതി പ്രദര്‍ശനാനുമതി നിഷേധിച്ചത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.കോടതിക്ക് പ്രതികളോട് അനുകമ്പ തോന്നിയോ?ബി ബി സി എന്നത്തേയും പോലെ ഇന്ത്യയുടെ മോശം വശങ്ങളിലേക്ക് തന്നെയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.മൂന്നാം ലോക രാജ്യത്ത് ഉള്ളവനോടുള്ള പുച്ഛം കാണിക്കാന്‍ ഒരു അവസരം.എന്നാലും ഇത്തരം വൃത്തിക്കെട്ട പ്രവൃത്തി കാരണം ആണല്ലോ അങ്ങനെ സംഭവിച്ചത് എന്ന് പറഞ്ഞു ആശ്വസിക്കണ്ട ഗതിയില്‍ ആയി ലോകത്ത് എമ്പാടും ഉള്ള ഇന്ത്യക്കാര്‍.ഇന്ന് ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ജര്‍മനിയില്‍ “ബാലാസംഘം ചെയ്യുന്നവരുടെ നാട്ടില്‍ “നിന്നും വരുന്നവന് internship അനുവദിക്കണ്ട എന്നാ ഒരു അധ്യാപികയുടെ അഭിപ്രായം ഈ സംഭവം ലോകത്തിനു മുന്നില്‍ പട്ടിണിയുടെയും,മാഫിയകളുടെയും ചീത്ത പേരിനും അപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതം ഇല്ലാത്ത നാട് എന്നൊരു കാഴ്ചപ്പാട് ഉണ്ടാക്കിയത് എന്നും തീരാ കളങ്കം ആയി തന്നെ നിലനില്‍ക്കും.

 ലൈംഗികത ഒളിപ്പിച്ചു വയ്ക്കണ്ട ഒന്നാണ് എന്നും സ്ത്രീകള്‍ അതിനുള്ള ഉപകരണം മാത്രം ആണെന്നും വിചാരിക്കുന്ന സംസ്ക്കാരം നില നില്‍ക്കുന്നിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.ചില വസ്ത്രങ്ങള്‍ പുരുഷന്‍റെ ഞരമ്പിലെ രക്തയോട്ടം കൂട്ടും എന്നുള്ള അഭിപ്രായങ്ങള്‍ തീര്‍ച്ചയായും മറുപടി അര്‍ഹിക്കുന്നില്ല.സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടം ഉള്ളത് ധരിക്കട്ടെ .അതവരുടെ സ്വാതന്ത്ര്യം അല്ലെ?ഇത് മനസ്സിലാകാത്തിടത്തോളം ലോകത്തിനു മുന്നില്‍ ഇനിയും നാണം കെടാന്‍ ആകും ഭാരതത്തിന്റെ വിധി..

312.CONFESSION OF PAIN(MANDARIN,2006)

312.CONFESSION OF PAIN(MANDARIN,2006),|Crime|Drama|Thriller|,Dir:-Wai-Keung Lau, Alan Mak,*ing:-Tony Chiu Wai Leung, Takeshi Kaneshiro, Qi Shu.

  രണ്ടു പോലീസുകാരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം ആണ് Confession of Pain എന്ന Hongkong ചിത്രം.ചീഫ് എന്ന് അറിയപ്പെടുന്ന ലാവ് ചിന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ആയ യാവു കിന്നും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്യുന്ന കുറ്റവാളിയെ അന്വേഷിച്ചാണ് ആ ക്രിസ്ത്മസ് രാത്രി ഇറങ്ങുന്നത്.തന്ത്രപരമായ രീതിയില്‍ ആ കുറ്റവാളിയെ കീഴ്പ്പെടുത്തിയ അവര്‍ എന്നാല്‍ യാവു കണ്ട കാഴ്ച്ചയുടെ ബാക്കിയെന്നോണം ലാവൂ കണ്ടപ്പോള്‍ ദേഷ്യം വന്ന അയാള്‍ ആ കുറ്റവാളിയുടെ തലയ്ക്കു അടിച്ച്  കൊല്ലുന്നു.അന്നത്തെ രാത്രി എന്നാല്‍ യാവുവിന്റെ ജീവിതത്തില്‍ നിര്‍ണായകം ആയിരുന്നു.തന്നോട് അടുപ്പക്കുറവ് കാണിക്കാന്‍ തുടങ്ങിയിരുന്ന ഭാര്യയുടെ അടുക്കല്‍ അയാള്‍ എത്തിയപ്പോള്‍ അവര്‍ കൈയിലെ ഞരമ്പ്‌ മുറിച്ച് ആത്മഹത്യ ചെയ്തതായി കാണപ്പെട്ടു.

  ആളുകള്‍ എന്തിനാണ് മദ്യം കുടിക്കുന്നത് എന്ന് ചോദിച്ചിരുന്ന യാവൂ ആ സംഭവത്തോടെ തികഞ്ഞ മദ്യപാനി ആയി മാറി.മുഴുവന്‍ നേരവും മദ്യത്തിനു അടിമയായ അയാള്‍ പോലീസില്‍ നിന്നും വിരമിച്ചതിനു ശേഷം സ്വന്തമായി കേസുകള്‍ ഏറ്റെടുത്തു അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു സ്വകാര്യമായി.യാവൂ ,ലാവുവിന്‍റെ കുടുംബവും ആയി അടുക്കുന്നു.ലാവുവിന്‍റെ ഭാര്യയായ സൂസന്‍ യാവുവിന്റെ സുഹൃത്തായി മാറുന്നു.ഈ സമയം എല്ലാം തന്നെ യാവുവിന്റെ ഭാര്യയുടെ മരണത്തിന്‍റെ കാരണം കണ്ടെത്താനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അവള്‍ മരിക്കുന്നതിനു മുന്‍പ് ആരെയോ കാത്തിരുന്ന ബാറില്‍ യാവൂ നിത്യ സന്ദര്‍ശകന്‍ ആയി മാറുന്നു.അയാള്‍ക്ക്‌ അവിടെ നിന്നും ലഭിക്കുന്ന പരിചയം ആണ് ഹംഗ്.സൂസന്റെ അച്ഛനെ ലാവൂ കാണുന്നു.ലാവുവിനെ സൂസന്റെ അച്ഛന് ഇഷ്ടമാകുന്നു.എന്നാല്‍ ഒരു രാത്രി സൂസന്റെ അച്ഛനും കൂടെ അയാളുടെ സന്തത സഹചാരിയും കൊല്ലപ്പെടുന്നു.കൊലപാതകം ചെയ്തു എന്ന് കരുതുന്നവര്‍ പരസ്പ്പരം കൊല്ലപ്പെടുത്തിയ നിലയില്‍ ഒരു ഒറ്റപ്പെട്ട വീട്ടില്‍ കാണപ്പെടുന്നു.

 പോലീസിന്‍റെ ഭാഷ്യത്തില്‍ സൂസന്റെ അച്ഛനെയും സുഹൃത്തിനെയും കൊല്ലപ്പെടുത്തി പണം മോഷ്ടിച്ചവര്‍ അത് വീതം വയ്ക്കുന്ന തര്‍ക്കത്തില്‍  മരിച്ചു എന്നാണു.എന്നാല്‍ സൂസന്‍ അത് വിശ്വസിക്കുന്നില്ല.അവര്‍ യാവുവിന്റെ സഹായം തേടുന്നു,തന്റെ അച്ഛന്റെ കൊലപാതകികളെ കണ്ടെത്താന്‍.കഥയുടെ ചുരുക്കം ഇതാണ്.ഈ ചിത്രം ത്രില്ലര്‍ എന്നതില്‍ ഉപരി ക്രൈം/ഡ്രാമ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒന്നാണ്.കൊലപാതകി ആരാണെന്നുള്ള യാവുവിന്റെ അന്വേഷണത്തിന്റെ ഒപ്പം അയാള്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ശ്രമിക്കുന്നു.ബന്ധങ്ങളുടെ വ്യാപ്തിയെ കുറിച്ച് വ്യക്തമായ ഒരു വിവരണം നല്‍കാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

311.TABLOID TRUTH(KOREAN,2014)

311.TABLOID TRUTH(KOREAN,2014),|Thriller|Crime|,Dir:-Kwang-shik Kim,*ing:-Jin-yeong Jeong, Kang-woo Kim, Chang-Seok Ko .

  ഗോസ്സിപ്പുകള്‍ നിയന്ത്രിക്കുന്ന ജീവിതങ്ങളും മാധ്യമങ്ങളും ആണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്.മറ്റൊരാളുടെ ജീവിതത്തില്‍ ഇറങ്ങി നോക്കാന്‍ ഉള്ള ആഗ്രഹം ഒരു അവകാശമായി കൊണ്ട് നടക്കുന്ന ഒരു സമൂഹം എന്ന് പറയാം.അതിനൊപ്പിച്ചു വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങളും അവ പടച്ചു വിടുന്ന കഥകളും അതിശയോക്തി ഉള്ളവ ആണെങ്കില്‍ പോലും നാവില്‍ തൊടാതെ വിഴുങ്ങാന്‍ ആണ് പലരും ശ്രമിക്കുന്നതും.അത് തന്നെയാണ് ഇത്തരം മാധ്യമങ്ങളുടെ നില നിലനില്‍പ്പിനെ സഹായിക്കുന്നതും.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രമുഖരെ ആദ്യം അറിയിക്കാന്‍ ഉള്ള സംവിധാനം ആണ് ദക്ഷിണ കൊറിയയില്‍ tipsheets എന്നറിയപ്പെടുന്ന മെയിലുകള്‍.Tipsheets ന്‍റെ വരിക്കാര്‍ക്ക് വാര്‍ത്തകള്‍ ആദ്യം തന്നെ ലഭിക്കുന്നു.വാര്‍ത്തകള്‍ ആദ്യം അറിയിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള  സംവിധാനം പ്രമേയം ആയി വരുന്ന ചിത്രം ആണ് Tabloid Truth.

  മി-ജിന്‍ വളര്‍ന്നു വരുന്ന നടിയാണ്.അവള്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ആണ് വൂ ഗൂണ്‍ അവളെ ശ്രദ്ധിക്കുന്നത്.അവളില്‍ ഉള്ള ആത്മവിശ്വാസം വൂ ഗൂനിനെ ആകര്‍ഷിച്ചു.പുതിയ പ്രതിഭകളെ കണ്ടെത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയ വൂ ഗൂണിനെ മി-ജിന്നിനെ പിന്തുണച്ചതിന്റെ പേരില്‍ പുറത്താക്കുന്നു.എന്നാല്‍ മി-ജിന്‍ തന്‍റെ മാനേജര്‍ ആകാന്‍ വൂ-ഗൂണിനോട് അഭ്യര്‍ത്ഥിക്കുന്നു.വൂ-ഗൂണ്‍ അവള്‍ക്കു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു.പ്രശസ്തിയുടെ പടവുകള്‍ മി-ജിന്‍ കയറി വരുമ്പോള്‍ ആണ് കൊറിയയിലെ ഒരു രാഷ്ട്രീയക്കാരനും ആയി അവള്‍ക്കു ബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ പരക്കുന്നു.മി-ജിന്‍ അതില്‍ വിഷമിക്കുന്നു.ഒപ്പം അവളുടെ അഭിനയ ജീവിതത്തിലും അത് പ്രശ്നം ഉണ്ടാക്കുന്നു.മി-ജിന്‍ ആത്മഹത്യ ചെയ്യുന്നു.

വൂ-ഗൂണ്‍ ,അവള്‍ക്കെതിരെ വന്ന വാര്‍ത്തകള്‍ കാരണം ആണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കുന്നു.ആ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ തീരുമാനിക്കുന്നു.എന്നാല്‍ വൂ-ഗൂണിന്റെ ചിന്തകള്‍ക്കും അപ്പുറം ആയിരുന്നു സംഭവങ്ങള്‍.സമൂഹത്തിലെ ഉന്നതരും മീഡിയയും എല്ലാം ചേര്‍ന്ന മാഫിയയ്ക്ക് അവര്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ക്കും അപ്പുറം ഉള്ള രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉണ്ടായിരുന്നു.എന്നാല്‍ വൂ-ഗൂണ്‍ അതിനെ നേരിടാന്‍ തീരുമാനിക്കുന്നു.ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു മികച്ച കൊറിയന്‍ ത്രില്ലര്‍ ആണ് Tabloid Truth.മികച്ച ബി ജി എം കൂടി ആയപ്പോള്‍ ഒറ്റ ഇരുപ്പില്‍ കണ്ടു തീര്‍ക്കാവുന്ന മികച്ച ത്രില്ലര്‍ ആയി ചിത്രം മാറി.കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.com

310.THE SECRET IN THEIR EYES(SPANISH,2009)

310.THE SECRET IN THEIR EYES(SPANISH,2009),|Drama|Crime|Mystery|,Dir:-Juan José Campanella,*ing:-Ricardo Darín, Soledad Villamil, Pablo Rago.

  2010 ലെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ഭാഷ ചിത്രം ആയി തിരഞ്ഞെടുത്തത് The Secret in their Eyes എന്ന ഈ സ്പാനിഷ് ചിത്രം ആയിരുന്നു.

  നിയമ സംവിധാനത്തില്‍ ഉള്ള    ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒറ്റയ്ക്കായ ബെഞ്ചമിന്‍ എസ്പോസിടോ തന്‍റെ ജോലിയില്‍ നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു.അതിനായി അയാള്‍ പണ്ട് ജോലി ചെയ്ത ആ ഓഫീസിലേക്ക് പോകുന്നു.കേസുകളുടെ ഒപ്പം തന്‍റെ ജീവിതത്തിലെ നഷ്ട പ്രണയം സംഭവിച്ച സ്ഥലമായിരുന്നു അത്.ഇപ്പോള്‍ ജഡ്ജി ആയ ഐറിനോട് അന്ന് ബെഞ്ചമിന് പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അയാള്‍ അത് തന്നില്‍ തന്നെ അവശേഷിപ്പിച്ചു ആ പ്രണയം.

  1974 ല്‍ നടന്ന ഒരു കൊലപാതക- ബലാല്‍സംഗ കേസ് ആയിരുന്നു ബെഞ്ചമിന്‍ തന്‍റെ നോവലിന് ആധാരം ആക്കാന്‍ തീരുമാനിച്ചത്.ലിലിയാന എന്ന സ്ത്രീയെ കൊല്ലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ കിട്ടാതെ നില്‍ക്കുമ്പോഴാണ് ബെഞ്ചമിന്‍ ലില്യാനയുടെ ഭര്‍ത്താവ് കാണിച്ച ഫോട്ടോകളില്‍ നിന്നും ആ തെളിവ് കണ്ടെത്തുന്നത്.കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ഗോമസിനെ കണ്ടെത്താന്‍ ആദ്യം സാധിക്കുന്നില്ല.എന്നാല്‍ അയാള്‍ അയച്ച ചില എഴുത്തുകള്‍ ഗോമസിനെ കണ്ടത്താന്‍ സഹായകരം ആകുന്നു.പക്ഷെ കേസന്വേഷണം കഴിഞ്ഞതിനു ശേഷം നടന്ന ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിയുടെ രക്ഷയ്ക്കെത്തുന്നു.ലിലിയാനയുടെ ഭര്‍ത്താവായ റിക്കാര്‍ഡോ മോരാല്‍സ് തനിക്കു ലഭുച്ച നീതിയില്‍ വിഷമിക്കുന്നു.ഈ കഥയാണ് ബെഞ്ചമിന്‍ തന്‍റെ നോവലിന് ആധാരം ആക്കാന്‍ ശ്രമിക്കുന്നത്,

  എന്നാല്‍ സിനിമയുടെ പേര് പോലെ തന്നെ നിഗൂഡത ഒളിപ്പിച്ചു വച്ച ഒരു കൂട്ടം ആളുകളെ ആണ് ബെഞ്ചമിന് ആ ഓഫീസില്‍ എത്തിയത് മുതല്‍ കാണാന്‍ സാധിച്ചത്.താന്‍ ആരാണെന്നും തന്‍റെ ഓര്‍മകളില്‍ ബാക്കി ഉള്ളവര്‍ ബാക്കി എന്താണെന്നും ഉള്ള ഒരു തിരിച്ചറിവിലൂടെ ആണ് ബെഞ്ചമിന്‍ പിന്നീട് സഞ്ചരിക്കുന്നത്.ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ബെഞ്ചമിന്‍ നോവലും തയ്യാറാക്കുന്നു.എന്നാല്‍ അയാള്‍ നോവല്‍ എഴുതാന്‍ തുടങ്ങിയതില്‍ നിന്നും ഏറെ മാറിയിരുന്നു.ബെഞ്ചമിന്‍ നോവല്‍ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഉണ്ടായ അയാളുടെ മാനസിക നിലയും അയാളുടെ ജീവിത കാഴ്ചപ്പാടുകളും ആണ് ചിത്രത്തില്‍ ഉടന്നീളം.അര്‍ജന്റീനയില്‍ ഉള്ള മികച്ച നടന്മാരില്‍ ഒരാള്‍ ആയ റിക്കാര്‍ഡോ ടാരിന്‍ ബെഞ്ചമിന്‍ ആയി മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.ഒരു മികച്ച ക്ലാസിക് ത്രില്ലര്‍ ചിത്രം ആണ് Secret in their Eyes.ഈ ചിത്രം ഉടന്‍ തന്നെ ഹോളിവുഡ് റീമേക്ക് ആയി ചിവട്ടള്‍ എജിയോഫോര്‍ നായകനായി ഈ വര്‍ഷം റിലീസ് ആകും.

More movie suggestions @www.movieholicviews.blogspot.com

309.TIME LAPSE(ENGLISH,2014)

309.TIME LAPSE(ENGLISH,2014),|Sci-Fi|Thriller|,Dir:-Bradley King,*ing:-Danielle Panabaker, Matt O’Leary, George Finn.

  ടൈം ട്രാവല്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം ആ ഒറ്റ പ്രമേയം വച്ച് വന്ന ചിത്രങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ മതി.കുറേ ഏറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയും അല്ലെങ്കില്‍ മുന്നോട്ടു പോയും ജീവിതത്തെ കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഉണ്ടാകാന്‍  ഇത്തരം യാത്രകള്‍ക്ക് സാധിക്കും എന്നതാകും കാരണം.ഒരു ടൈം മെഷീനില്‍ കയറി ഇങ്ങനെ ഒക്കെ യാത്ര ചെയ്യണം എന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.

  .സുഹൃത്തുക്കളായ ഫിന്‍,ജാസ്പര്‍ എന്നിവര്‍ ഒരുമിച്ചാണ് താമസിക്കുന്നത്.ഫിന്നിന്റെ കാമുകിയായ കാലിയും അവരോടൊപ്പം ഉണ്ട്.ഫിന്‍ ഒരു ചിത്രം വരക്കാരന്‍ ആകാന്‍ ആണ് ആഗ്രഹിക്കുന്നത്.എന്നാല്‍ ഭാവനയ്ക്ക് ഉണ്ടായ തടസ്സം അയാളെ അലട്ടുന്നുണ്ട്.അവര്‍ താമസിക്കുന്ന വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീടുകളുടെ മേല്‍നോട്ടക്കാരന്‍ ആണ് ഫിന്‍.ജാസ്പര്‍ സ്വല്‍പ്പം തരികിട ആണ്.എളുപ്പ വഴിയില്‍ പണം ഉണ്ടാക്കാന്‍ അയാള്‍ പന്തയങ്ങള്‍ നടത്തുന്നു.എന്നാല്‍ അയാള്‍ അതില്‍ പരാജയം ആയിരുന്നു.കാലി ഹോട്ടലില്‍ വെയിറ്റര്‍ ആയാണ് ജോലി ചെയ്യുന്നത്.മൂന്നു പേരുടെയും പ്രശ്നം പണം ആയിരുന്നു.

   വാടക കെട്ടിടങ്ങളില്‍ ഒന്നില്‍ താമസിക്കുന്ന Dr.ബെസേരിടസ് എന്നയാളുടെ തിരോധാനം അയാള്‍ വാടക കുടിശിക വരുത്തിയപ്പോള്‍ ആണ് ഫിന്‍ ശ്രദ്ധിക്കുന്നത്.കാലി അയാളെ അന്വേഷിച്ചു മുറിയിലേക്ക് പോകുന്നു.എന്നാല്‍ ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന അവരുടെ മൂന്നു പേരുടെയും ഫോട്ടോകളില്‍ നിന്നും Dr.ബെസേരിടസ് അവരുടെ ജീവിതം ഒളി ക്യാമറയില്‍ ഒപ്പുകയായിരുന്നു എന്ന് കരുതുന്നു.എന്നാല്‍ അല്‍പ്പ നേരത്തിനു ശേഷം അവര്‍ അത് മനസ്സിലാക്കി.അവര്‍ മനസ്സിലാക്കിയ ആ രഹസ്യം ആണ് ബാക്കി ചിത്രം.അവരുടെ എല്ലാം ജീവിതം മാറ്റി മറിക്കുന്ന രഹസ്യം ആയിരുന്നു അത്.
ക്ലൈമാക്സ് രംഗം അല്‍പ്പം വ്യത്യസ്തം ആയി തോന്നി.മനുഷ്യന്‍റെ ചിന്തകള്‍ക്കും അപ്പുറം സമയത്തിന് മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള കഴിവ് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആണെന്ന് മനസ്സിലാകും.

More movie suggestions @www.movieholicviews.blogspot.com

308.THE NEVERENDING STORY(ENGLISH,1984)

308.THE NEVERENDING STORY(ENGLISH,1984),|Fantasy|Adventure|,Dir:-Wolfgang Petersen,*ing:-Noah Hathaway, Barret Oliver, Tami Stronach.

   സ്വപ്‌നങ്ങള്‍ കാണുന്ന ഒരാള്‍ അയാളുടെ ഭാവനയിലൂടെ ആകാം സഞ്ചരിക്കുക.ഭാവന സ്വപ്നം  ആയി മാറുമ്പോള്‍ ജനിക്കുന്നത് ഒരു പക്ഷേ മികച്ച കഥയും ആകാം.ഭാവന ആവശ്യം ഉള്ള മറ്റൊന്നാണ് വായന.ഒരു കഥ  വായിക്കുമ്പോള്‍ അത് എഴുതിയ ആളുടെ ഭാവനയുടെ ഒപ്പം വായനക്കാരന്‍ സഞ്ചരിച്ചാല്‍ മാത്രമേ അയാള്‍ക്ക്‌ ആ കഥയുടെ സാരം അറിയാന്‍ സാധിക്കൂ.ഇത്തരം ഒരു ആശയം പ്രധാനമായി മുന്നോട്ടു വയ്ക്കുന്ന ഒരു ചിത്രം ആണ് 1984 ല്‍ ഇറങ്ങിയ The Neverending Story .കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമായി അവതരിപ്പിക്കുമ്പോഴും ചിത്രത്തിന്‍റെ അവസാനം സാധാരണ ഹോളിവുഡ് ചിത്രം ആകാതെ വ്യക്തമായ ഒരു ആശയവും മുന്നോട്ടു വയ്ക്കുന്നുണ്ട്‌ The Neverending Story.

  ഇനി ചിത്രത്തിന്‍റെ കഥയിലേക്ക്.ബാസ്ടിയന്‍ എന്ന കുട്ടി ചെറുപ്പത്തിലെ അമ്മ മരിച്ചത് കാരണം പിതാവിനോടൊപ്പം ആണ് ജീവിക്കുന്നത്.കൂട്ടുകാര്‍ അധികം ഇല്ലാത്ത ബാസ്ടിയന്‍ ചങ്ങാത്തം കൂടിയിരിക്കുന്നത് പുസ്തകങ്ങളും ആയാണ്.ചെറുപ്പത്തില്‍ തന്നെ ആ കുട്ടി വിശ്വോത്തര ക്ലാസ്സിക്കുകള്‍ ഇഷ്ടപ്പെടുകയും അവ വായിക്കുകയും ചെയ്യുന്നു.കണക്ക് പഠിപ്പിക്കുന്ന അധ്യാപിക കണക്ക് പുസ്തകത്തില്‍ അവന്‍ വരച്ച ഒറ്റ കൊമ്പുള്ള കുതിരയെ കണ്ട് അവന്‍റെ പിതാവിനോട് മകന് പഠിക്കാന്‍ ഇഷ്ടമില്ല എന്ന് പറയുന്നു.ക്ലാസിലെ വികൃതി ആയ കുട്ടികളുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്ന ബാസ്ടിയന്‍ ഒരു ദിവസം അവരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു എത്തുന്നത്‌ ഒരു വൃദ്ധന്റെ അടുക്കല്‍ ആണ്.വളരെയധികം പുസ്തകങ്ങള്‍ ഉള്ള ആ വൃദ്ധന്‍റെ അടുക്കല്‍ നിന്നും സുപ്രധാനമായ ഒരു പുസ്തകം അവന്‍ എടുക്കുന്നു ,പിന്നീട് തിരിച്ചു തരാം എന്ന ഉറപ്പില്‍.

  ബാസ്ടിയന്‍ ക്ലാസിലെ കണക്ക് പരീക്ഷ തുടങ്ങിയത് കണ്ടു ക്ലാസില്‍ കയറാതെ സ്ക്കൂളിലെ നിലവറയില്‍ ഇരുന്നു ആ പുസ്തകം വായിച്ചു തുടങ്ങുന്നു.അവന്‍ ഒരിക്കലും അവസാനിക്കാത്ത ആ പുസ്തകത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു.Fantasia എന്ന ലോകത്തിലേക്ക്‌ അവന്‍ ഇറങ്ങുമ്പോള്‍ The Nothing എന്ന ഭീകര രൂപിയായ അജ്ഞാത ശത്രുവിനെയും രോഗക്കിടക്കയില്‍ ആയ അവിടത്തെ രാജ്ഞിയേയും അറിയുന്നു.ഒപ്പം അട്രെയു എന്ന യോദ്ധാവിനെയും.അതി സുന്ദരമായ ലോകവും അതിനെ രക്ഷിക്കാന്‍ അട്രെയു ശ്രമിക്കുന്നതും ബാസ്ടിയന്‍ ആ ഉദ്യമത്തിന്റെ ഭാഗം ആകുന്നതും ആണ് ബാക്കി ചിത്രം.

  The Fourth Wall എന്ന കഥാപാത്രങ്ങളുടെ ലോകവും കാഴ്ചക്കാരന്റെ ലോകവും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഈ ചിത്രം പറയുന്നുണ്ട് പല രംഗങ്ങളിലും.ഭാവനയുടെ ചിറകിലേറി നടത്തുന്ന ഒരു പ്രക്രിയ ഈ ചിത്രത്തില്‍ ഉടന്നീളം കാണുന്നുണ്ട്.അവസാനം Fantasia എന്താണെന്ന് ബാസ്റ്റിയന്‍ മനസ്സിലാകുന്ന സ്ഥലത്ത് ഈ പരമ്പരയിലെ ആദ്യ ഭാഗം അവസാനിക്കുന്നു.പടിഞ്ഞാറേ ജര്‍മനിയില്‍ നിര്‍മിച്ച ഈ ചിത്രം അന്ന് ഹോളിവുഡ് എന്ന സിനിമ ഭീകരന് പുറത്തു നിര്‍മ്മിച്ച ഏറ്റവും ചിലവ് കൂടിയ ചിത്രമായിരുന്നു.

  കഥയുടെ സാരാംശം വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നുള്ള തോന്നല്‍ ഉണ്ടാകുമെങ്കിലും ഈ ചിത്രം പറഞ്ഞത് ഭാവനയുടെ ശക്തിയും അത് നഷ്ടപ്പെടുമ്പോള്‍ മനുഷ്യ രാശിക്ക് എന്ത് സംഭവിക്കും എന്നും ഉള്ള വിവരണം ആയിരുന്നു.ഭാവനയില്‍ അഭിരമിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ആ ആശയം ഇഷ്ടം ആകും എന്നും കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

Also read @ http://www.malayalanatu.com/component/k2/item/44

307.FASANDRAEBERNE(DANISH,2014)

307.FASANDRAEBERNE(DANISH,2014),|Thriller|Mystery|Crime|,Dir:-Mikkel Nørgaard,*ing:-Nikolaj Lie Kaas, Pilou Asbæk, Fares Fares.

  The Keeper of Lost Causes എന്ന 2013 ല്‍ ഇറങ്ങിയ ഡാനിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Fasandraeberne.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം.

http://goo.gl/mMrEEI .

  Q ഡിപ്പാര്‍ട്ട്മെന്റ് പോലീസിലെ സുപ്രധാനമായ ഒരു വിഭാഗം  ആയി മാറ്റിയ കാര്‍ള്‍,അസ്സാദ് എന്നിവര്‍ തെളിയിക്കപ്പെടാത്ത അടുത്ത കേസുകളില്‍ പ്രാമൂഖ്യം നല്‍കേണ്ടത് ഏതൊക്കെ എന്നുള്ള അന്വേഷണത്തില്‍ ആണ്.തെളിവുകളുടെ അഭാവത്തില്‍ എഴുതി തള്ളിയ കേസുകളില്‍ പുനരന്വേഷണം നടത്തുന്ന Q വിഭാഗം അതീവ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.കാര്‍ള്‍ ആദ്യ ഭാഗത്തെ പോലെ തന്നെ.ജീവിതത്തില്‍ കൊടുക്കുന്ന ശ്രദ്ധയെക്കാളും ജോലിയില്‍ ആണ് അയാള്‍ക്ക്‌ താല്‍പ്പര്യം.വേര്‍പ്പെട്ടു താമസിക്കുന്ന ഭാര്യയുടെ അടുക്കല്‍ നിന്നും മകന്‍ അയാളുടെ ഒപ്പം താമസിക്കാന്‍ എത്തിയത് പോലും അയാള്‍ക്ക്‌ ഓര്‍മ ഇല്ല.

  ഒരു രാത്രി പോലീസുകാരുടെ ഒപ്പം നടന്ന ഒരു പാര്‍ട്ടിക്ക് ശേഷം പുറത്തിറങ്ങിയ കാര്‍ലിനെ ഒരാള്‍ പിന്തുടരുന്നു.അയാള്‍ കാര്‍ലിന്റെ അടുക്കല്‍ എത്തി സംസാരിക്കുന്നു.മദ്യപിച്ചിരുന്ന അയാള്‍ കാര്‍ലിനോട് എന്ത് കൊണ്ടാണ് അയാള്‍ അയച്ച എഴുത്തിനു മറുപടി നല്‍കാത്തത് എന്ന് ചോദിച്ചു കയര്‍ക്കുന്നു.അയാളില്‍ നിന്നും രക്ഷപ്പെട്ട കാര്‍ള്‍ പിറ്റേന്ന് കേള്‍ക്കുന്നത് ആ മനുഷ്യന്‍ മരിച്ചു എന്ന വാര്‍ത്തയാണ്.ഒപ്പം കാര്‍ലിനു കൊടുക്കാനായി അയാള്‍ തയ്യാറാക്കി വച്ച തെളിവുകള്‍ അടങ്ങിയ പെട്ടിയും.

  ഇരുപതു വര്‍ഷം മുന്‍പ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആയ അയാളുടെ ഇരട്ടകളായ കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു അതില്‍.എന്നാല്‍ കേസ് ഫയല്‍ നോക്കിയ കാര്‍ള്‍ ആ കേസില്‍ ഒരാളെ ശിക്ഷിച്ചു എന്നും അയാള്‍ പുറത്തിറങ്ങി എന്നും മനസിലാക്കുന്നു.എന്നാല്‍ ആ കേസ് വാദിച്ച അഭിഭാഷകന്‍റെ പേര് കാര്‍ലിനു സംശയം ഉണ്ടാക്കുന്നു.അതി സമ്പന്നരുടെ മാത്രം കേസുകള്‍ വാദിക്കുന്ന ബ്രെന്റ് ആയിരുന്നു അന്ന് ആ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.ദരിദ്ര കുടുംബത്തില്‍ ഉള്ള പ്രതിക്ക് വേണ്ടി എന്തിനു ബ്രെന്റ് ഹാജരാകണം എന്ന ചോദ്യം കാര്‍ലിനെയും അസാദിനെയും ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു.അവര്‍ വിചാരിച്ച എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍ .കാരണം ഇരുപതു വര്‍ഷം മുന്‍പ് നടന്ന കേസില്‍ തെളിവുകള്‍ ലഭിക്കാന്‍ ഉള്ള വിഷമം പിന്നെ അജ്ഞാതനായ ആ പ്രതിയും.

  അവരുടെ അന്വേഷണം ആണ് ബാക്കി ചിത്രം.സംശയത്തില്‍ ആയവര്‍ ഒക്കെ ഇന്ന് സമൂഹത്തിലെ ഉന്നതര്‍ ആണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് എത്തിപ്പെടാന്‍ ആയി പോകേണ്ട വഴികള്‍ ദുഷ്ക്കരം ആണ്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.the Keeper of lost causes പോലെ തന്നെ നന്നായി തോന്നി രണ്ടാം ഭാഗവും. Jussi Adler-Olsen എഴുതിയ ഇതേ പേരില്‍ ഉള്ള കഥയുടെ രണ്ടാം ഭാഗവും മികച്ചതായി തോന്നി.കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് ഇഷ്ടമാകും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

306.THIRD EYE(FILIPINO,2014)

306.THIRD EYE(FILIPINO,2014),|Horror|,Dir:-Aloy Adlawan,*ing:-Carla Abellana, Camille Prats, Ejay Falcon.

   ഫിലിപ്പിനോ ഭാഷയില്‍ 2014 ല്‍ ഇറങ്ങിയ ചിത്രമാണ് Third Eye.ഹൊറര്‍ ആണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.രണ്ടാം ഭാഗത്തിനായുള്ളത് മാറ്റി വച്ചിട്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.ഭയപ്പെടുത്തുന്ന സീനുകള്‍ ചിത്രത്തില്‍ കുറവായിരുന്നു.ഒരു പക്ഷേ രണ്ടാം ഭാഗം ആയി വരുമ്പോള്‍ ആ കുറവ് നികത്താമിയിരിക്കും ഈ ചിത്രത്തിന്.(രണ്ടാം ഭാഗം വരുമോ എന്നറിയില്ല.എങ്കിലും അങ്ങനെ ഒരു സാധ്യത ചിത്രത്തിനുള്ളതായി തോന്നി).

  Wrong Turn meets Horror എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.ചെറുപ്പക്കാലത്ത് അയല്‍വാസികള്‍ ആയ ഭാര്യയും ഭര്‍ത്താവും തല്ലു കൂടുമ്പോള്‍ ഉണ്ടായ നിര്‍ഭാഗ്യം സംഭവങ്ങളുടെ ബാക്കി പത്രം ആണ് മൈലീന്‍ എന്ന പെണ്‍ക്കുട്ടിയുടെ മൂന്നാം കണ്ണ് തുറപ്പിച്ചത്.അന്നുണ്ടായ ഷോക്കില്‍ അവള്‍ക്കു പ്രേതാത്മാക്കളെ കാണാന്‍ ഉള്ള കഴിവ് ലഭിക്കുന്നു.എന്നാല്‍ ഭയചകിതയായ അവളെ അവളുടെ അമ്മൂമ്മ പ്രാര്‍ത്ഥനകളിലൂടെ ആ അവസ്ഥയില്‍ നിന്നും മോചിപിച്ചു.അവര്‍ മൈലീന് ഒരു ഉപദേശം കൂടി കൊടുത്തു .അവളുടെ ജീവിതതിതില്‍ വിഷമകരമായ അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വീണ്ടും ആ മൂന്നാം കണ്ണ് തുറക്കും എന്ന്.ജിമ്മി എന്ന ആളുടെ ഭാര്യയായി അവള്‍ അമ്മൂമ്മയുടെ മരണ ശേഷം ജീവിക്കുന്നു.

  കണ്ണ് ഡോക്റ്റര്‍ ആയ മൈലീന്‍ ജിമ്മിയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അവളെ സംശയാലു ആക്കുന്നു.എന്നാല്‍ തന്‍റെ സംശയം ശരി ആണെന്നുള്ള ബോധം വരുന്ന ദിവസം മൈലീന്‍  കൂട്ടുകാരിയുടെ കാറില്‍ ജിമ്മിയെപിന്തുടരുന്നു.ഇടയ്ക്ക് വച്ച് വഴി തെറ്റി പോയ ജിമ്മിയെ  പിന്തുടര്‍ന്ന അവള്‍ എത്തി ചേര്‍ന്നത്‌ വിചിത്രമായ ഒരു ഗ്രാമത്തിലേക്ക് ആണ്.ആ യാത്ര അവളുടെ തുറക്കപ്പെടാത്ത ആ കണ്ണിന്റെ കാഴ്ച തിരികെ കൊണ്ട് വരുന്നു.എന്തായിരുന്നു അവിടെ സംഭവിച്ചത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു മസ്റ്റ്‌ വാച്ച് മൂവി എന്നൊന്നും ഈ ചിത്രത്തെ പറയാന്‍ കഴിയില്ലെങ്കിലും ഹിന്ദിയില്‍ മഹേഷ്‌ ഭട്ട് ഒക്കെ ഒരുക്കുന്ന ചിത്രങ്ങളുടെ ഒരു രീതി ആണ് ഈ ചിത്രവും പിന്തുടരുന്നത്.ഹിന്ദിയില്‍ വരുന്ന അത്തരം പ്രേത സിനിമകള്‍ക്ക്‌ വേണ്ടി കോപ്പി അടിക്കാവുന്ന പ്രമേയം ആണ് ചിത്രത്തിന് ഉള്ളത്.ഒരു പ്രതികാര-ഹൊറര്‍ ചിത്രമായി രണ്ടാം ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.ഈ ചിത്രം നല്‍കാത്തത് അതിനു നല്‍കാം എന്നും കരുതാം.

More movie suggestions @www.movieholicviews.blogspot.com

305.COHERENCE(ENGLISH,2014)

305.COHERENCE(ENGLISH,2014),|Thriller|Mystery|,Dir:-James Ward Byrkit,*ing:-Emily Baldoni, Maury Sterling, Nicholas Brendon.

  കഴിഞ്ഞ ദിവസം ഉല്‍ക്ക ആണെന്ന് വിശ്വസിക്കുന്ന പ്രകാശം ഉണ്ടായപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായ ഭീതിയും അത് ഒരാഴ്ച ഓടിക്കാന്‍ വേണ്ടി ശ്രമപ്പെടുന്ന മാധ്യമങ്ങളെയും നമ്മള്‍ പലരും കണ്ടതാണ്.പറഞ്ഞു വരുന്നത് അത്തരം ഒരു വാര്‍ത്ത ആളുകളില്‍ ഉണ്ടാക്കുന്ന പരിഭ്രാന്തി ആണ്.അജ്ഞാതം ആയ ഏതൊരു വസ്തുവിനെയും ഭയത്തോടെ സമീപിക്കുന്ന മനുഷ്യന്‍റെ സ്വഭാവ വിശേഷം ആകാം അതിനു കാരണം.Coherence പറയുന്നതും അത്തരം ഒരു കഥയാണ്.എന്നാല്‍ കഥ അല്‍പ്പം കുഴയ്ക്കുന്നതും ആണ്.

   ഒരു ഉല്‍ക്ക പ്രയാണം ഉണ്ടാകും എന്ന നേരത്തെ  ഉള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം മൂന്നു ദമ്പതികള്‍ ഒരു വീട്ടില്‍ ഒന്നിച്ചു കൂടുന്നു.ചെറിയ ഒരു വിരുന്നു ഹ്യൂഗും അയാളുടെ ഭാര്യയും കൂടി തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു.രസകരം ആയി തുടങ്ങിയ ആ വിരുന്നില്‍ എന്നാല്‍ പെട്ടന്നുണ്ടായ ചില സംഭവങ്ങള്‍ കല്ലു കടിയായി മാറി.മൊബൈലിനു റേഞ്ച് ഇല്ലാത്തതും പിന്നീട് ആശയ വിനിമയോപാധികള്‍ ഒന്നും പ്രവൃത്തിക്കാത്തതും അവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.ഉല്‍ക്ക പ്രയാണം മൂലം ആണത് സംഭവിച്ചതെന്ന് അതിഥികളില്‍ ഒരാളായ എമിലി പറയുന്നു.അതിനെ പിന്തുണയ്ക്കാന്‍ പണ്ട് നടന്ന സമാനമായ സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.

  ഹ്യൂഗ് ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യം ഉള്ള തന്‍റെ സഹോദരനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അവര്‍ക്ക് ലഭ്യമല്ല എന്ന് മനസ്സിലാക്കുന്നു.അതിനു പിന്നാലെ അവിടത്തെ വൈദ്യുതി നിലയ്ക്കുന്നു.അടുത്ത വീടുകളില്‍ വൈദ്യുതി ഉണ്ടോ എന്ന് നോക്കാനായി അവര്‍ പോകുമ്പോള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറം ഉള്ള വീട്ടില്‍ വൈദ്യുതി ഉള്ളതായി മനസ്സിലാക്കുന്നു.ഫോണ്‍ പ്രവൃത്തിക്കുമോ എന്നറിയാന്‍ ഹ്യൂഗും അമീറും കൂടി അവിടെ നിന്നും പുറത്തേക്കു പോകുന്നു.കഥയുടെ നിഗൂഡത ഇവിടെ ആരംഭിക്കുന്നു.എമിലി പറഞ്ഞ കഥകളില്‍ നിന്നും ഏറെ ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് അവരുടെ ഇടയില്‍ നടക്കുന്നത്.ഒരു maze ല്‍ അകപ്പെട്ടത് പോലെ ഉള്ള നിഗൂഡത.എന്തായിരുന്നു അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ക്ലൈമാക്സ് രംഗം ആകുമ്പോള്‍ “അപ്പോള്‍ ആരാണ് ഞാന്‍ “?എന്ന ചോദ്യം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകും.അതിനൊപ്പം അവസാനത്തെ ആ സ്ക്യ്പ് കോളും.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച മിസ്റ്ററി/ത്രില്ലര്‍ ആണ് Coherence.The Extermenating Angel പോലെ ഉള്ള സിനിമകളില്‍ ഫാന്റസിയുടെ പിന്‍ബലത്തില്‍ എന്ന ലൂയി ബുനുവേലിന്റെ ചിത്രത്തെ പോലെ ആദ്യം ഈ ചിത്രം തോന്നുമെങ്കിലും ഈ ചിത്രം പറയുന്നത് കൂടുതല്‍ കുഴപ്പിക്കുന്ന വിഷയം ആണ്.ബുനുവേലിന്റെ ചിത്രത്തിന് ഉണ്ടായിരുന്ന ഉദ്ദേശം വേറെ ആയിരുന്നു.എന്നാല്‍ നിഗൂഡമായ ഒരു കഥ പറയാന്‍ ആണ് തന്‍റെ ആദ്യ ചിത്രത്തിലൂടെ ജയിംസ് വാര്‍ഡ്‌ ശ്രമിച്ചത്‌.ഒരു സാധാരണ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത് പോലെ തോന്നുമെങ്കിലും ചില രംഗങ്ങളില്‍ അത് കൊണ്ട് തന്നെ പ്രേക്ഷകന് ഒറിജിനാലിറ്റിയും തോന്നിപ്പിക്കും ഈ ചിത്രം.

more movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started