208.THE CAVE OF THE YELLOW DOG(MANGOLIAN,2005)

208.THE CAVE OF THE YELLOW DOG(MANGOLIAN,2005),|Drama|,Dir:-Byambasuren Davaa,*ing:-Batchuluun Urjindorj, Buyandulam Daramdadi, Nansal Batchuluun

  മംഗോളിയന്‍ സിനിമ ഞാന്‍ ആദ്യമായാണ് കാണുന്നത്.തീരെ നിരാശപ്പെടുത്തി ഇല്ല എന്ന് മാത്രം അല്ല ഒരു നല്ല ഫീല്‍ ഗുഡ് മൂവി കണ്ട ഒരു സന്തോഷവും ഉണ്ടായി.ലാളിത്യം ഉള്ള ഒരു കൊച്ചു ചിത്രം ആണ് The Cave of the Yellow Dog.സങ്കീര്‍ണമായ കഥയൊന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇല്ല.പലപ്പോഴും കണ്ടിട്ടുള്ള പ്രമേയം തന്നെയാണ് ഈ ചിത്രത്തിനും.ഒരു കുട്ടിയും അതിനു അപ്രതീക്ഷിതമായി കിട്ടുന്ന നായയുടെയും കഥയാണ് ഈ ചിത്രം.അതിലുപരി ജീവിതത്തില്‍ അത്യാവശ്യം മനുഷ്യന് വേണ്ട ഒന്ന് രണ്ടു ഗുണങ്ങളെ കുറിച്ച് മനോഹരമായി അവതരിപ്പിക്കുന്നും ഉണ്ട്.മംഗോളിയന്‍ നാടോടി കുടുംബത്തിനെ പശ്ചാത്തലം ആക്കിയാണ് ഇ ചിത്രം ഒരുക്കിയിരിക്കുന്നത്.

    നന്സാല്‍ എന്ന പെണ്‍ക്കുട്ടി അവളുടെ മാതാപിതാക്കളുടെ ആദ്യ കുട്ടിയാണ്.അവളുടെ ഇളയതായി ഒരു അനുജത്തിയും ഒരു അനിയനും.എല്ലാവരും കുട്ടികള്‍ ആണ്.നന്സാല്‍ പട്ടണത്തില്‍ ബോര്‍ഡിംഗ് സ്ക്കൂളില്‍ നിന്നാണ് പഠിക്കുന്നത്.അവളുടെ മാതാപിതാക്കള്‍ മംഗോളിലെ ഒരു മലമുകളില്‍ ആണ് താമസിക്കുന്നത്.നാടോടികളുടെ ജീവിതം ആണ് അവര്‍ നയിച്ചിരുന്നത്.കുറെ ചെമ്മരിയാടുകളും അവയുടെ ഇറച്ചിയും തോലും വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്.അതിനായി നന്സാലിന്റെ പിതാവ് ഇടയ്ക്കിടെ നഗരത്തില്‍ പോകുമായിരുന്നു.പട്ടണത്തില്‍ നിന്നും തിരിച്ചെത്തിയ നന്സാല്‍ ഒരു ദിവസം അമ്മയുടെ ആവശ്യ പ്രകാരം ചാണകം ശേഖരിക്കാന്‍ ആയി പോകുന്നു.അപ്പോള്‍ അവള്‍ക്കു ഒരു ഗുഹയില്‍ നിന്നും ഒരു നായ്ക്കുട്ടിയെ ലഭിക്കുന്നു.അവള്‍ അതിനെ സചോര്‍ എന്ന് വിളിക്കുന്നു.ചെന്നായ്ക്കള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് അപകടകരമാം വിധം കൂടിയതിനാല്‍ അവിടെ ഉള്ള ആളുകള്‍ മിയ്ക്കവാറും സ്ഥലം മാറിയിരുന്നു.ബാക്കി ഉള്ളവര്‍ക്ക് അവയെ നേരിടാനും കഴിയില്ല.നന്സാലിന്റെ പിതാവ് സചോര്‍ ചെന്നയ്ക്കൂട്ടത്തില്‍ വളര്ന്നതാനെന്നു സംശയിക്കുന്നു.അത് കൊണ്ട് തന്നെ അടുത്ത തവണ പട്ടണത്തില്‍ പോയപ്പോള്‍ സചോരിനെ കളയാന്‍ നന്സാളിനോട് പറയുന്നു.എന്നാല്‍ നന്സാലിനു അതിനു മനസ്സ് വരുന്നില്ല.അന്ന് പിതാവിന് പകരം ആടുകളെ മേയ്ക്കാന്‍ നന്സാല്‍ പോകുന്നു.കുതിരപ്പുറത്തു കയറി പോയ അവളുടെ ഒപ്പം സചോരും പോകുന്നു.എന്നാല്‍ സചോര്‍ ഇടയ്ക്ക് വഴി തെറ്റി പോകുന്നു.നന്സാല്‍ അവനെ തിരക്കി ഇറങ്ങുന്നു.സചോര്‍ അമ്മയുടെ കയ്യില്‍ നിന്നും പഠിച്ചത് കൂടാതെ  ജിവിതം എന്താണെന്ന് അന്ന് പഠിക്കുന്നു.ആഗ്രഹങ്ങള്‍ എന്താണെന്നും  അവ ജിവിതത്തില്‍ എന്താണെന്നും.

 നന്സാളിന്റെയും സചോറിന്റെയും കൂട്ടുകെട്ടില്‍ അവള്‍ അത് പ്രാവര്‍ത്തികം ആക്കുന്നു.വളരെ സരളമായ ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു കുടുംബത്തിലെ തന്നെ അംഗങ്ങള്‍ വേഷങ്ങള്‍ ചെയ്ത ഈ സിനിമയോടും കഥാപാത്രങ്ങളോടും ഒരിഷ്ടം തോന്നി പോകും.പ്രത്യേകിച്ചും മംഗോള്‍ പാര്‍വത നിരകളുടെ ഭംഗിയും പിന്നെ  ചിത്രത്തിന്റെ ബി ജി എമ്മും.ഒരു നല്ല ചിത്രം കാണാം അല്‍പ്പ സമയം ഇതിനായി മാറ്റി വച്ചാല്‍.കഥ പറച്ചില്‍ ആഴത്തില്‍ പോയില്ലെങ്കില്‍ പോലും ഓര്‍മയില്‍ നില്‍ക്കുന്ന രീതിയില്‍ സിനിമകള്‍ എടുക്കാം എന്ന് മനസ്സിലായി.മികച്ച വിദേശ ചിത്രത്തിനുള്ള 2005 ലെ മംഗോളിയന്‍ സിനിമയില്‍ നിന്നും ഉള്ള നാമനിര്‍ദേശം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.ഇതിലെ സചോര്‍ ആയി അഭിനയിച്ച നായയ്ക്ക്‌ 2005 ലെ Palme Dog പുരസ്ക്കാരം ലഭിക്കുക ഉണ്ടായി,

  More reviews @ http://www.movieholicviews.blogspot.com

207.THE QUIET FAMILY(KOREAN,1998)

207.THE QUIET FAMILY(KOREAN,1998),|Crime|Thriller|Comedy|,Dir:-Kim Jee-woon,*ing:-In-hwan Park, Mun-hee Na, Kang-ho Song

  കൊറിയന്‍ സിനിമയിലെ മികച്ച ബ്ലാക്ക് കോമഡി/ത്രില്ലര്‍ ചിത്രം.

  ഒരു സുഹൃത്ത്‌ ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്ലോട്ടിനെ കുറിച്ചും പറഞ്ഞപ്പോള്‍ പെട്ടന്ന് തന്നെ ഈ ചിത്രം കാണാന്‍ തീരുമാനിച്ചു.കൊറിയന്‍ സിനിമയുടെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം ആയ സിനിമ.പ്രത്യേകിച്ചും ഒരു ത്രില്ലര്‍ ചിത്രം ഇത്രയും ബ്ലാക്ക് കോമഡി ഒക്കെ ഉപയോഗിച്ച് കൊറിയയില്‍ എടുത്തു കണ്ടത് Paradise Murdered എന്ന ചിത്രത്തില്‍ ആണ്.സമാനമായ ഒരു തീം ആണെങ്കിലും അല്‍പ്പം കൂടി മികവു ഈ ചിത്രത്തിന് ഉണ്ടായിരുന്നു.നേരത്തെ പറഞ്ഞ സിനിമയില്‍ കുറച്ചും കൂടി കറുത്ത വശങ്ങള്‍ കാണിച്ചപ്പോള്‍ ഇത് മൊത്തത്തില്‍ അബദ്ധങ്ങളുടെ പെരുമഴയില്‍ വീണുള്ള ത്രില്ലര്‍ ചിത്രം ആയി മാറി.

  കൊറിയന്‍ സിനിമകളിലെ സ്ഥിരം ക്ലീഷേകളില്‍ ഒന്നാണ് കൊലപാതകങ്ങള്‍.പലപ്പോഴും ത്രില്ലര്‍ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും കൂടുതല്‍ മൂഡ്‌ ആ ചിത്രങ്ങള്‍ നല്‍കാറുണ്ട്.എന്നാല്‍ ഈ ചിത്രം അത്തരത്തില്‍  ഒരു മൂഡ്‌  തന്നിരുന്നു എങ്കിലും കൂടെ തമാശയും ഉണ്ടായിരുന്നു.കാംഗ് ഡി പര്‍വത മുകളില്‍ ഒരു വീട് വാങ്ങുന്നു.ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ വീട് അയാള്‍ ഒരു ലോഡ്ജ് ആക്കി മാറ്റുന്നു.അയാളുടെ കൂട്ടിനു ഭാര്യയും ഒരു മകനും രണ്ടു പെണ്‍ക്കുട്ടിയും അനുജനും ഉണ്ട്.സാധാരണക്കാര്‍  ആയ അവര്‍ക്ക് ഹോട്ടല്‍ ബിസിനസ്സിനെ കുറിച്ച് ഒന്നും അറിയില്ല.വല്ലപ്പോഴും മാത്രം സന്ദര്‍ശകര്‍ വരുന്ന ആ സ്ഥലത്ത് അവര്‍ക്ക് ബിസിനസ് ഒന്നും ലഭിക്കുന്നില്ല.ഒരാള്‍ പോലും അവിടെ താമസിക്കാന്‍ എത്തുന്നില്ല.ആ ഇടയ്ക്ക് ഒരു വൃദ്ധ അവിടെ വന്നു എന്തോ മന്ത്രം ചൊല്ലിയിട്ട്‌ എല്ലാവരോടും സൂക്ഷിച്ചു ഇരിക്കാന്‍ പറയുന്നു.അവര്‍ക്ക് ആദ്യ അതിഥിയെ അല്‍പ്പ ദിവസത്തിനുള്ളില്‍ ലഭിക്കുന്നു.അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയതിനു ശേഷം മൂന്നു ബിയറും വാങ്ങി അയാള്‍ മുറിയില്‍ പോയി.അന്ന് രാത്രി അയാളെ അവസാനം കണ്ടത് കാംഗ് ഡിയുടെ പുത്രന്‍ കാംഗ് യംഗ് ആയിരുന്നു.എന്നാല്‍ പിറ്റേ ദിവസം ആ മുറിയുടെ താക്കോല്‍ കൊണ്ട് കുത്തി കൊല്ലപ്പെട്ട നിലയില്‍ അയാളുടെ ശവം കാണുന്നു.അയാളുടെ പേഴ്സ് കാണാതെ ആയതും മറ്റും എഴുത്തുകള്‍ ഒന്നും കിട്ടാത്തത് കൊണ്ടും കാംഗ് യംഗ് ആയിരിക്കും കൊലപാതകം നടത്തിയത് എന്ന് കരുതി അവര്‍ ശവശരീരം മലമുകളില്‍ കുഴിച്ചിടുന്നു.പരമ്പരയായുള്ള മരണങ്ങളളുടെ തുടക്കം ആയിരുന്നു അത്.പിന്നീട് നടന്ന മരണങ്ങള്‍ എങ്ങനെ ഒക്കെ ആയിരുന്നു എന്ന് കാണുക.ഒരു രഹസ്യം ഒളിച്ചു വയ്ക്കുന്നതിലൂടെ എല്ലാവരും ബാധിക്കപ്പെടുന്നു.

  എന്തായിരിക്കാം ഈ മരണങ്ങളുടെ കാരണം?ആ വൃദ്ധ പറഞ്ഞത് പോലെ ഉള്ള ദുഷ്ട ശക്തികള്‍ ആണോ?അതോ മറ്റെന്തെങ്കിലും?എമിര്‍ കുസ്ടൂരിക്കയുടെ സിനിമകളില്‍ കാണുന്നത് പോലെ ഉള്ള ഡാര്‍ക്ക് കോമഡി സിനിമകളുടെ ശൈലി ആണ് ഈ ചിത്രവും സ്വീകരിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ അപൂര്‍വ്വം ആയി സംഭവിക്കാവുന്ന ഒന്നാണ് ഇതെന്ന് തോന്നുന്നു.തീര്‍ച്ചയായും കൊറിയന്‍ സിനിമയുടെ ആരാധകരെ രസിപ്പിക്കും ഈ ചിത്രം എന്ന് കരുതുന്നു.

More reviews @ http://www.movieholicviews.blogspot.com

206.TESIS(SPANISH,1996)

206.THESIS(SPANISH,1996),|Thriller|Mystery|,Dir:-Alejandro Amenábar,*ing:- Ana Torrent, Fele Martínez, Eduardo Noriega

സ്നഫ് സിനിമകള്‍ എന്ന ഒരു ജോനര്‍ സിനിമ വിഭാഗത്തില്‍ ഉണ്ട്.യഥാര്‍ത്ഥ മരണങ്ങള്‍,കൊലപാതകങ്ങള്‍ എന്നിവ  അതേപടി ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ഒന്നും ചെയ്യാതെ സൂക്ഷിക്കുന്ന സിനിമകളെ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.ഇതേ തീമും ആയി അറുപതുകളില്‍ ഇറങ്ങിയ Peeping Tom മുതല്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്.ആദ്യം തന്നെ ഈ ചിത്രം ഒരു സ്നഫ് സിനിമ അല്ല.പകരം സ്നഫ് സിനിമയുമായി ബന്ധം ഉള്ള ഒന്നാണ്.അതാണ്‌ ആദ്യം ഒരു ആമുഖം നല്‍കിയത്.Angela പഠിക്കുന്നത് സിനിമകളെ കുറിച്ചാണ്.അവളുടെ തീസിസിന്‍റെ വിഷയം “സിനിമകളിലെ വയലന്‍സും കുടുംബവും” എന്നതാണ്.സിനിമകളില്‍ ഉറന്നു വരുന്ന വയലന്‍സ് കാരണം ആണ് അത്തരം രംഗങ്ങള്‍ ഇഷ്ടം ഇല്ലാതിരുന്ന അവള്‍ ആ ടോപിക് തിരഞ്ഞെടുത്തത്.തന്‍റെ തീസിസ് വിഷയത്തില്‍ കൂടുതല്‍ ആഴം ലഭിക്കാന്‍ ആയി അവള്‍ സിനിമകളിലെ അതിക്രൂരമായ രംഗങ്ങള്‍ കാണുവാന്‍ തീരുമാനിക്കുന്നു.അത്തരം ചില വീഡിയോ ടേപ്പുകള്‍ കോളേജ് വീഡിയോ റൂമില്‍ കാണും എന്ന് കരുതി Angela അവളുടെ തീസിസ് ഡയറക്ടര്‍  ആയ പ്രൊഫസര്‍.ഫിഗുവേരയോടു ആവശ്യപ്പെടുന്നു.

     അതിനും മുന്‍പ് അവള്‍ ചീമയെ പരിചയപ്പെട്ടിരുന്നു.ഇത്തരം വീഡിയോകള്‍ വളരെയധികം ഇഷ്ടപ്പെടുകയും അതിന്റെ വലിയൊരു കളക്ഷന്‍ കയ്യില്‍ ഉള്ള ചീമ എന്ന സഹപാടി.അവള്‍ക്കു ഇത്തരം വീഡിയോകള്‍ കാണാന്‍ ഉള്ള വെറുപ്പ്‌ ആദ്യം മുതല്‍ ഉണ്ട്.അത് കൊണ്ട് തന്നെ ചീമ അവളെ നിരുല്സാഹപ്പെടുത്തുന്നു.അവസാനം Angela ഒരു വീഡിയോ കാണുന്നു.എന്നാല്‍ നേരത്തെ അവള്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ഫിഗുവേര കോളേജിലെ വീഡിയോ മുറിയില്‍ ഒരു ടേപ്പ് എടുത്ത് കാണാന്‍ തുടങ്ങുന്നു.എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞെത്തിയ Angela തീര്‍ന്ന സിനിമയും മരണപ്പെട്ട  ഫിഗുവേരെയും ആണ് കണ്ടത്.പ്രായം ആയ അയാള്‍ ആസ്ത്മ വന്നു മരിച്ചതാണ് എന്നാണു എല്ലാവരും കരുതിയത്‌.ഒരാള്‍ ഒഴികെ.Angela അവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വീഡിയോ ടേപ്പുമായി ചീമയുടെ അടുക്കല്‍ പോകുന്നു.എന്നാല്‍ ആ വീഡിയോ കണ്ട അവര്‍ ഞെട്ടി പോയി.ആ കോളേജില്‍ തന്നെ പഠിച്ചിരുന്ന,രണ്ടു വര്ഷം മുന്‍പ് കാണാതായ വനെസ്സയുടെ സ്നഫ് വീഡിയോ ആയിരുന്നു അത്.ഈ തിരിച്ചറിവ് Angelaയെ കുഴപ്പത്തില്‍ ആക്കുന്നു.ഇതിനു പിന്നില്‍ ഒരു വലിയ സംഘം ഉണ്ടെന്നു മനസ്സിലാകുന്നു.എന്നാല്‍ സംശയത്തിന്റെ മുന്നില്‍ ഉള്ളത് പ്രിയപ്പെട്ടവര്‍ ആണ്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ബ്ലാക്ക് & വൈറ്റ് ആയിട്ട് ആണ് സ്നഫ് വീഡിയോ കാണിച്ചത്.അത് കൊണ്ട് തന്നെ രക്തം ഒഴുകുന്ന ചുവന്ന രംഗങ്ങള്‍ കുറവായിരുന്നു.ഒരു നല്ല തില്ലര്‍/മിസ്ടറി ചിത്രം ആണ് Tesis.പലപ്പോഴും തെറ്റ് ചെയ്ത ആള്‍ ആരാണെന്ന് അറിയാതെ കുഴപ്പിക്കുന്ന ഒന്ന്.ആരെ വേണമെങ്കിലും സംശയിക്കാവുന്ന രീതിയില്‍ ആണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത്.സ്പാനിഷ് ദേശിയ പുരസ്ക്കാരം ആയ ഗോയ അവാര്‍ഡ് 7 എണ്ണം കരസ്ഥം ആക്കുകയും 8 നാമനിര്‍ദേശം ലഭിക്കുകയും ചെയ്തു ഈ ചിത്രത്തിന്.നല്ല ഒരു ത്രില്ലര്‍ ചിത്രം ആണ് Tesis.

More reviews @ http://www.movieholicviews.blogspot.com

205.ONE HOUR PHOTO(ENGLISH,2002)

205.ONE HOUR PHOTO(ENGLISH,2002).|Thriller|Drama|,Dir:-Mark Romanek,*ing:-Robbin Williams,Michael Vartan.

“Family photos depict smiling faces… births, weddings, holidays, children’s birthday parties. People take pictures of the happy moments in their lives. Someone looking through our photo album would conclude that we had led a joyous, leisurely existence free of tragedy. No one ever takes a photograph of something they want to forget”-നമ്മള്‍ എടുക്കുന്ന സ്വകാര്യ  ഫോട്ടോകളുടെ ഉദ്ദേശം ഇതിലും അര്‍ത്ഥവത്തായി വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു.

     റോബിന്‍ വില്ല്യംസിന്റെ അഭിനയ ജിവിതത്തിലെ മികച്ച കഥാപാത്രം ആയിരുന്നു ഈ സൈക്കോ ത്രില്ലര്‍  ചിത്രത്തിലെ “സൈ പാരിഷ്” എന്ന ഫോട്ടോ ടെക്നീഷ്യന്‍റെ വേഷം.സേവ് മാര്‍ട്ട് എന്ന ഷോപ്പിംഗ്‌ ചെയിനില്‍ ഫോട്ടോയുടെ വിഭാഗം കൈകാര്യം ചെയ്തിരുന്നത് സൈ ആയിരുന്നു.ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന സൈ.അതില്‍ എന്തെങ്കിലും സന്തോഷം കണ്ടെത്തിയിരുന്നത് അവിടെ സ്ഥിരമായി ഫോട്ടോ പ്രോസസ് ചെയ്യാന്‍ വരുന്ന കുടുംബങ്ങളുടെ ഫോട്ടോകള്‍ കണ്ടായിരുന്നു.അയാള്‍ക്ക്‌ അവരെല്ലാം പരിചിതര്‍ ആയിരുന്നു.പലരുടെയും കുട്ടിക്കാലം മുതല്‍ ഉള്ള വിശേഷങ്ങള്‍ സൈ സ്വന്തം കൈ വെള്ളയില്‍ തന്നെ സൂക്ഷിച്ചിരുന്നു.അതില്‍ ഒരു പ്രത്യേക സ്നേഹം തോന്നിയ കുടുംബം ആയിരുന്നു “യോര്‍ക്കിന്‍” കുടുംബം.വില്‍,ഭാര്യ നീന മകന്‍ ജേക് എന്നിവര്‍ അടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും അയാള്‍ക്ക്‌ പരിചിതര്‍ ആയിരുന്നു.ഒരു പക്ഷേ സൈ സ്വയം താന്‍ ആ കുടുംബത്തില്‍ ഉള്ള ആളാണ് എന്ന് സങ്കല്‍പ്പിച്ചു പോലും നോക്കാറുണ്ടായിരുന്നു.

  വില്‍ സ്വന്തമായി കമ്പനി ഒക്കെ ഉള്ള പണക്കാരന്‍ ആയിരുന്നു.എന്നാല്‍ പണത്തിന്റെ പുറകെ പോയ അയാള്‍ക്ക്‌ ഭാര്യയും മകനും എപ്പോഴോ അകന്നു പോയി.മകന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ഒന്നും അയാള്‍ പങ്കെടുക്കുന്നില്ല.അത് നീനയേയും ജെക്കിനെയും വിഷമിപ്പിച്ചിരുന്നു.സൈ തന്റെ പ്രിയപ്പെട്ട ആളുകള്‍ക്കായി സൌജന്യ നിരക്കില്‍ പ്രിന്‍റും എന്തിനു വേറെ ജെക്കിനു പിറന്നാള്‍ സമ്മാനമായി ഒരു ക്യാമറ വരെ നല്‍കുന്നു.സൈ ആ കുടുംബത്തെ തന്നിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഒരു ദിവസം സേവ് മാര്‍ട്ടിലെ മാനേജര്‍ സൈ കാരണം കമ്പനിക്കു ഉണ്ടായ നഷ്ടം നിരത്തി അയാളെ പിരിച്ചു വിടുന്നു.ആ സമയം ആണ് തന്‍റെ പ്രിയപ്പെട്ട കുടുംബത്തെ കാത്തിരിക്കുന്ന ദുരിതം സൈ ഒരു ഫോട്ടോയില്‍ കൂടി മനസ്സിലാക്കുന്നത്.സൈ ആ കുടുംബത്തെ സംരക്ഷിക്കുവാന്‍ ഇറങ്ങുന്നു.എന്നാല്‍ അയാളുടെ പ്രവര്‍ത്തികള്‍ നിയമത്തിന്റെ മുന്നില്‍ അപകടകാരിയും ഒപ്പം സമൂഹത്തിനു അനഭിമാതനും ആക്കുന്നു.

 ഒരാളുടെ ഇഷ്ട പ്രകാരം ആല്ലാതെ മറ്റൊരാള്‍ അയാളുടെ ജീവിതത്തില്‍ എത്തി നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖ കുറവ് ഈ ചിത്രം കാണുന്ന ഇടയ്ക്ക് പലപ്പോഴും അനുഭവപ്പെട്ടു,ഇനി ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പോലും നമ്മുടെ അടുത്ത വാക്കിനായി കാത്തു നില്‍ക്കുന്ന ആള്‍ ചിലര്‍ക്കെങ്കിലും ഒരു ശല്യം ആകാറുണ്ട്.അത് പോലെ തന്നെ സൈയുടെ പല പ്രവര്‍ത്തികളും അരോചകമായി തോന്നി.റോമനെക് ഭീകരമായ ട്വിസ്റ്റുകള്‍ ഒന്നും നല്‍കാതെ സൈ എന്ന കഥാപാത്രത്തിന്റെ മൂല്യങ്ങളിലേക്കു ആണ് കൂടുതല്‍ ശ്രദ്ധ തിരിച്ചത്.അത് കൊണ്ട് തന്നെ റോബിയുടെ മികച്ച അഭിനയ പാടവം ഈ ചിത്രത്തിലുടനീളം ദൃശ്യം ആണ്.ആദ്യം പറഞ്ഞത് പോലെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്താന്‍ മാത്രമേ ആളുകള്‍ ക്യാമറ ഉപയോഗിക്കുക.എന്നാല്‍ ജീവിതം അതിലും അപ്പുറം ഉണ്ട്.ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം ഉള്ള ആളുകള്‍.അതില്‍ ഒരാള്‍ ആയിരുന്നു സൈയും.ഒരു വ്യത്യസ്ഥമായ സൈക്കോ-ത്രില്ലര്‍ ചിത്രം ആയി One Hour Photo എന്ന ചിത്രത്തെ കണക്കാക്കാം..

More reviews @ http://www.movieholicviews.blogspot.com

204.BAJO LA SAL(SPANISH,2008)

204.BAJO LA SAL(SPANISH,2008),|Thriller|Mystery|,Dir:-Mario Munuz,*ing:-Humberto Zurita,Plutarco Haza

“ഉപ്പിന്റെ കീഴില്‍ പതിഞ്ഞിരിക്കുന്ന കൊലപാതക  രഹസ്യങ്ങള്‍”

“സാന്റ റോസാ” എന്ന മെക്സിക്കയിലെ കൊച്ചു പട്ടണം അവിടെ ഉള്ള ഉപ്പളങ്ങളുടെ പേരില്‍ പ്രശസ്തം ആണ്.എന്നാല്‍ അധികം ജനവാസം ഇല്ലാത്ത ആ സ്ഥലത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറച്ചു പെണ്‍ക്കുട്ടികളെ കാണാതാകുന്നു.പിന്നീട് അവരുടെ ശവശരീരങ്ങള്‍ കണ്ടു കിട്ടുന്നു.പ്രോസസ് ചെയ്യാന്‍ കൊണ്ട് പോകുന്ന ഉപ്പിന്‍റെ കൂട്ടത്തില്‍ ആണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ അധികം ഇല്ലാത്ത ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് പോലീസ് ചീഫും അയാളുടെ സഹായിയും മാത്രം ആയിരുന്നു.പോലീസ് “കമ്മീഷണര്‍ സലസാര്‍” തലസ്ഥാനത്തേക്ക് സഹായം ആവശ്യപ്പെടുന്നു.അങ്ങനെ കേസ് അന്വേഷിക്കാന്‍ ആയി “കമാണ്ടര്‍ ട്രിജിലോ” വന്നു ചേരുന്നു.ശവശരീരം പോസ്റ്റ്‌ മാര്‍ട്ടം ചെയ്യാന്‍ പോലും ഉള്ള സൗകര്യം ഇല്ലാതെ ഇരുന്ന ആ സ്ഥലത്ത് ശവശരീരങ്ങള്‍ പരിശോദിക്കുന്നത് അവിടെ ഉള്ള ഒരു ഡോക്റ്റര്‍ ആണ്.അത് നടത്തുന്നത് ശവ ശരീരങ്ങള്‍ അടക്കുന്നതിനു മുന്‍പ് വൃത്തിയാക്കുന്ന ഒരു സ്വകാര്യ മോര്‍ച്ചറിയിലും.”സേപെടയും” അയാളുടെ മകന്‍ “വിക്ട്ടറും” ആണ് അത് നടത്തുന്നത്.

  ട്രിജിലോ എത്തിയതിനു ശേഷം പുഴയില്‍ ഞണ്ട് പിടിക്കാന്‍ പോയ കുട്ടികള്‍ ആണ് അടുത്ത ശവ ശരീരം കണ്ടെത്തുന്നത്.അത് “ബ്രെണ്ട” എന്ന പെണ്‍ക്കുട്ടിയുടെ ആയിരുന്നു.മുഖം വികൃതമാക്കപ്പെട്ട അവളുടെ കയ്യിലെ റാറ്റൂവില്‍ നിന്നാണ് ആളെ തിരിച്ചു അറിഞ്ഞത്.ട്രിജിലോ അന്വേഷണം തുടങ്ങുമ്പോള്‍ ഒരു തെളിവും ഈ കേസില്‍ ലഭിച്ചിട്ടില്ലായിരുന്നു.വിക്റ്റര്‍ ബ്രണ്ടയുടെ ശവശരീരം കിട്ടിയപ്പോള്‍ അതിന്റെ പരിശോധനയില്‍ അവരോടൊപ്പം ചേരുന്നുണ്ട്.വിക്ട്ടറിന്റെ അച്ഛന്‍ അപകടത്തില്‍ ഭാര്യ മരിച്ചതിനു ശേഷം ആകെ അസ്വസ്ഥന്‍ ആണ്.അത് പോലെ തന്നെ വികട്ടറും.അമ്മ മരിച്ചതിനു ശേഷം അവന്‍ ആകെ മാറിയിരുന്നു,പാവകളെ കൊണ്ട് സ്വയം ഒരു കൊലപാതകി ആയി ഭാവനയില്‍ കണ്ടു ചെറിയ സിനിമകള്‍ സ്വന്തമായി റെക്കോര്‍ഡ് ചെയ്യുകയാണ് അവന്റെ ഇഷ്ട വിനോദം.സ്ക്കൂളില്‍ ശ്രദ്ധ ഇല്ലാതെ ഇരുന്ന അവന്‍ “പ്രോഫസ്സര്‍ മാഗ്നയും” ആയി ശത്രുതയിലും ആണ്.ബ്രണ്ടയുടെ ശവം അടക്കുന്നതിന്റെ അന്ന് അവസാനമായി ഒരു പെണ്‍ക്കുട്ടി അവിടെ എത്തുന്നു.ബ്രണ്ടയുടെ ജൂനിയര്‍ ആയി സ്ക്കൂളില്‍ പഠിച്ച “ഇസബെല്‍”.വിക്ട്ടറിനു അവളോട്‌ പ്രണയം തോന്നുന്നു.എന്നാല്‍ ട്രിജിലോയ്ക്ക് ആദ്യമായി കൊലപാതകങ്ങളിലേക്കു വിരല്‍ ചൂണ്ടാവുന്ന കണ്ണിയെ അവിടെ ലഭിക്കുക ആയിരുന്നു.ഈ കൊലപാതകങ്ങള്‍ എല്ലാം ഒരു പരമ്പര കൊലപാതകത്തിന്റെ ഭാഗം ആണ് എന്നുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങുന്നു.കാരണം കൊല്ലപ്പെട്ടവര്‍ തമ്മില്‍ ഉള്ള ബന്ധം.കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.

 “Under the Salt” എന്നാണു ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്.മെക്സിക്കോയില്‍ നിന്നും പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ഒരു കുറ്റാന്വേഷണ ചിത്രം ആണെന്ന് പറയാം.പലപ്പോഴും കണ്ണിന്റെ മുന്നില്‍ ഉള്ള കാഴ്ചകള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ഈ ചിത്രത്തിലും കാണാം.വളരെയധികം നല്ല ട്വിസ്റ്റുകള്‍ ഒക്കെ ഉള്ള ഈ സ്പാനിഷ് ചിത്രം ത്രില്ലര്‍ പ്രേമികള്‍ക്ക് ആസ്വാദ്യകരം ആകും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @ http://www.movieholicviews.blogspot.com

203.LET’S BE COPS(ENGLISH,2014)

203.LET’S BE COPS(ENGLISH,2014),|Comedy|,Dir:-Luke Greenfield,*ing:-Jake Johnson,Damon Wayns.

  ജീവിതത്തില്‍ തങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ വിജയം നേടാന്‍ കഴിയാത്ത രണ്ടു സുഹൃത്തുക്കള്‍ ആണ് രയാനും ജെസ്റ്റിനും.റയാന്‍ കോളേജ് സമയങ്ങളില്‍ മികച്ച ഒരു റഗ്ബി കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ മുട്ടില്‍ ഏറ്റ ക്ഷതം അയാളുടെ ജീവിതത്തില്‍ ഒരു പ്രൊഫഷനല്‍ കളിക്കാരന്‍ ആകാന്‍ ഉള്ള സാധ്യത നഷ്ടമാക്കി.ജസ്റ്റിന്‍ ഒരു ഗെയിം ഡെവലപ്പര്‍ ആണ്.ജസ്റ്റിന്‍ വികസിപ്പിച്ച പോലീസ്മാന്‍ എന്ന ഗെയിം അയാളുടെ കമ്പനിയില്‍ ആരും സ്വീകരിക്കുന്നില്ല.ചുരുക്കത്തില്‍ നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായം ഉള്ള രണ്ടു പേര്‍ ആയിരുന്നു രയാനും ജസ്റ്റിനും .അവര്‍ ഒരുമിച്ചാണ് താമസിക്കുന്നതും.ജസ്റ്റിന്റെ ഗെയിം കമ്പനി നിരസിച്ച ദിവസം പഴയ സഹപാഠികള്‍ ഒന്നിച്ചു കൂടുന്ന ഒരു പാര്‍ട്ടി ഉണ്ടായിരുന്നു.

   കോസ്ട്യൂം പാര്‍ട്ടി ആണെന്ന് കരുതി ജസ്റ്റിന്‍ ഗെയിമിനു വേണ്ടി തയ്യാറാക്കിയ പോലീസ് വേഷം അണിഞ്ഞാണ് അവര്‍ അവിടെ ചെന്നത്.എന്നാല്‍ അതൊരു Masquerade പാര്‍ട്ടി ആയിരുന്നു.അവര്‍ അവിടെ വച്ച് ചിലരോട് എങ്കിലും പോലീസില്‍ ആണെന്ന് പറഞ്ഞു.എന്നാല്‍ റയാന്‍ ആകെ നിരാശനായി മാറി.പഴയ സുഹൃത്തുക്കള്‍ എല്ലാം സമ്പന്നതയില്‍ നില്‍ക്കുന്നു.അവര്‍ ആരും ഇവരോട് രണ്ടു താല്‍പ്പര്യം കാണിക്കുന്നും ഇല്ല.നിരാശരായ അവര്‍ രണ്ടു പേരും അവിടെ നിന്നും ഇറങ്ങി.ആ പോലീസ് യൂണിഫോര്‍മില്‍ തന്നെ.ആളുകള്‍ അവര്‍ ശരിക്കുള്ള പോലീസ് ആണെന്ന് കരുതുന്നു.അന്ന് രാത്രി അവര്‍ ദു:ഖങ്ങള്‍ മാറ്റാന്‍ ആ വേഷത്തില്‍ അര്‍മാദിച്ചു.എന്നാല്‍ റയാന്‍ അടുത്ത ദിവസം തന്നെ പോലീസ് ആകാന്‍ ഉള്ള തയാറെടുപ്പുകള്‍ നടത്തുന്നു.യൂടൂബ് വീഡിയോകളില്‍ നിന്നും പോലീസ് ഉപയോഗിക്കുന്ന കോഡുകള്‍ മനസ്സിലാക്കുന്നു.ഇ-ബേ യില്‍ നിന്നും പോലീസ് കാര്‍ പോലുള്ളത് ഒരെണ്ണം വാങ്ങുന്നു.ആദ്യം ഇതിനെ എതിര്‍ത്ത ജസ്റ്റിന്‍ എന്നാല്‍ രയാന്റെ ഒപ്പം ചേരുന്നു.അതിന്റെ ഇടയ്ക്ക് ജസ്റ്റിന്റെ പേര് ചാംഗ് എന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.പോലീസ് വേഷത്തില്‍ അവരുടെ ജീവിതത്തിലെ വിഷമങ്ങള്‍ മറക്കുമ്പോള്‍ ആയിരുന്നു അവയ്ക്ക് ശരിക്കുള്ള അപകടം നേരിടേണ്ടി വരുന്നത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനിമ എന്നൊന്നും ഒരിക്കലും ഈ ചിത്രത്തെ കുറിച്ച് പറയില്ല.എന്നാല്‍ Jump Street പരമ്പര,Harold and Kumar പരമ്പര  പോലെ ഉള്ള സിനിമകള്‍ ആസ്വധിചിട്ടുള്ളവര്‍ക്ക്ഈ സിനിമയും ഇഷ്ടം ആകും എന്ന് തോന്നുന്നു.വെറുതെ ഒരു ടൈം പാസ് സിനിമ മാത്രമായി കാണാവുന്ന ഒന്ന്.അമേരിക്കന്‍ കോമഡി സിനിമകളുടെ അതേ രീതിയില്‍ ഒന്നാണ് ഈ ചിത്രം.ചിലപ്പോള്‍ ഒരു രണ്ടാം ഭാഗം ഒക്കെ വരുമായിരിക്കും എന്ന് തോന്നുന്നു.എന്തായാലും സമ്മിശ്ര പ്രതികരണം ആണ് ഈ ചിത്രത്തെ കുറിച്ച് ലഭിച്ചത്.എന്തായാലും ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ സിനിമ കുറച്ചൊക്കെ ചിരിപ്പിച്ചു.

More reviews @ http://www.movieholicviews.blogspot.com

202.KILLER TOON(KOREAN,2013)

202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum.

  “പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ”?

  കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ “History of Lunacy” യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെ പുതിയ കഥ അയച്ചു കൊടുക്കുന്നു.പ്രസാധകയുടെ സെര്‍വറിലേക്ക് നേരിട്ട് അയച്ച ആ സമാഹാരത്തില്‍ കണ്ട ചിത്രങ്ങള്‍ അവരെ ഭയചകിത ആക്കുന്നു.അവരുടെ ജീവിതത്തില്‍ അവരിലൂടെ മാത്രം ജീവിക്കുന്ന ഒരു രഹസ്യത്തിന്റെ കഥ ആയിരുന്നു അതില്‍.ഭയന്ന് പോയ അവര്‍ കാംഗ് ജി യുംഗിനെ ഫോണില്‍ ബന്ധപ്പെടുന്നു.എന്നാല്‍ അവരുടെ വോയിസ് മെയിലിലേക്ക് ആണ് ആ കോള്‍ പോയത്.അവര്‍ തന്റെ ജീവിതത്തിലെ ആ ഇരുണ്ട രഹസ്യം കാംഗ് എങ്ങനെ മനസ്സിലാക്കി എന്ന് ചോദിക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം അവര്‍ ആ വെബ്ടൂണില്‍ ഉള്ള അതെ രീതിയില്‍ കൊല്ലപ്പെടുന്നു.മരിച്ച രീതിയും മരിച്ചു കിടക്കുന്ന രീതി പോലും ആ വെബ്ടൂണില്‍ ഉള്ളത് പോലെ തന്നെ ആയിരുന്നു.

   കേസ് അന്വേഷണം ഡിറ്റക്ടീവ് ആയ ലീ കി ചിയോളും സഹായിയും കേസ് അന്വേഷണം ഏറ്റെടുക്കുന്നു.അവര്‍ക്ക് സംഭവ സ്ഥലത്തുള്ള കമ്പ്യൂട്ടറില്‍ തുറന്ന വച്ച രീതിയില്‍ നേരത്തെ നടന്ന കൊലപാതകത്തിന്റെ വെബ്ടൂണ്‍ ലഭിക്കുന്നു.അവിടെ നിന്നുള്ള തെളിവുകള്‍ പരിശോദിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല.ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ മരണം യഥാര്‍ത്ഥത്തില്‍ കൊലപാതകം ആണെന്നുള്ള ഒരു സംശയം ഒഴികെ.അവര്‍ കാംഗിനെ കണ്ടെത്തുന്നു.എന്നാല്‍ കാംഗ് അവിടെ ഇല്ലായിരുന്നു എന്നവരെ അറിയിക്കുന്നു.കാംഗ് പറഞ്ഞതില്‍ അസ്വാഭാവികത ഒന്നും അവര്‍ക്ക് തോന്നുന്നും ഇല്ല.മരണം സംഭവിച്ച ആയുധത്തില്‍ പ്രസാധകയുടെ വിരല്‍പ്പാടുകള്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.എന്നാല്‍ പിന്നീട് ആ വെബ്ടൂണ്‍ വായിക്കുന്നതിന്റെ ഇടയ്ക്ക് ആണ് ലീ അത് ശ്രദ്ധിക്കുന്നത്.പരിചിതമായ സ്ഥലം പരിചിതമായ സന്ദര്‍ഭങ്ങള്‍.അതെ,ആ വെബ്ടൂണില്‍ ഉള്ളത് പോലെ ഉള്ള ഒരു കൊലപാതകം അടുത്തതായി നടക്കാന്‍ പോകുന്നു.കാംഗും അടുത്ത് സംഭവിക്കാന്‍ പോകുന്ന ആപത്തു തിരിച്ചറിയുന്നു.അവര്‍ ആ സ്ഥലത്തേക്ക് പോകുന്നു.ബാക്കി അറിയാന്‍ ഈ ചിത്രം കാണുക.

  ഒരു ഹൊറര്‍ ചിത്രം എന്ന് ഒരു ജോനറില്‍ ഈ ചിത്രത്തെ തളച്ചു ഇടാം  എന്ന് ഞാന്‍ കരുതുന്നില്ല.ലോജിക്കല്‍ ആയുള്ള കാരണങ്ങളിലൂടെ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ പലപ്പോഴും.പ്രത്യേകിച്ചും പ്രേതം ഉണ്ടെന്ന് തോന്നുന്ന സ്ഥലങ്ങള്‍ പല്ലും കാണിച്ചു വെട്ടാത്ത വിരലുകള്‍ കാണിച്ചു ഭയപ്പെടുത്തുന്ന രീതിയില്‍ ഒന്നും തന്നെ ഇല്ല.അത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്ന ഒരു ചിത്രമല്ല ഇത്.പിന്നെ ക്ലൈമാക്സ് അല്‍പ്പം കുഴപ്പിച്ചു എന്നെ.പ്രേതം യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ഇല്ലയോ എന്ന് ഒരു സംശയം .സീരിയല്‍ കില്ലിംഗ് ഒക്കെ ആയി കുറച്ചും കൂടി കൊഴുപ്പിക്കാന്‍ ഉണ്ടായിരുന്നു ഈ തീമില്‍.കുറച്ചും കൂടി ഒരു ഗ്രിപ്പ് എങ്കില്‍ ഈ ചിത്രത്തിന് ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു.മടുപ്പില്ലാതെ കാണാവുന്ന ഒരു കൊറിയന്‍ ചിത്രം.

More reviews @ www,movieholicviews.blogspot.com

201.THE EXTERMINATING ANGEL(SPANISH,1962)

201.THE EXTERMINATING ANGEL(SPANISH,1962),|Fantasy|Drama|,Dir:-Luis Bunuel,*ing:-Silvia Pinal,Jacqueline Andere,Enrique Rambel.

  ഒരു വിനോധോപാധി എന്ന നിലയില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കാന്‍ തക്ക ശക്തമായ പ്രമേയങ്ങള്‍ ചില ചിത്രങ്ങളുടെ മുഖമുദ്ര ആണ്.അത്തരം ചിത്രങ്ങളില്‍ പ്രേക്ഷകന് ഒരു പ്രത്യേകം ഇരിപ്പിടം സംവിധായകന്‍ നല്‍കിയിട്ടുണ്ടാകും.തന്റെ ഭാവനയില്‍ വിരിയുന്ന സിനിമയില്‍ പ്രേക്ഷകനും കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന സിനിമകള്‍.അത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ കൂടുതല്‍ ആളുകളുടെ ഭാവനയിലൂടെ ഈ ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ പുതിയ സിനിമകള്‍ ജനിക്കുകയാണ് പലപ്പോഴും എന്ന് തോന്നി പോകും.ഇത്തരം ആശയങ്ങള്‍ പങ്കു വയ്ക്കുന്ന സിനിമകളെ “സറിയലിസം” എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.തികച്ചും അപരിചിതമായ ഒരു കഥാ തന്തുവും അതിലും അപരിചിതമായ കഥാ സന്ദര്‍ഭങ്ങളും തീര്‍ച്ചയായും പ്രേക്ഷകന് നേരത്തെ പറഞ്ഞത് പോലെ ചിന്തിക്കാന്‍ ഒരിടം നല്‍കുന്നുണ്ട്.

  ഇത്തരത്തില്‍ ഒരാശയം അവതരിപ്പിക്കുന്ന ചിത്രം ആണ് “The Exterminating Angel”.ലൂയിസ് ബുനുവേലിന്റെ സംവിധാനത്തില്‍ രൂപം കൊണ്ട സിനിമ Bunuel/Alatriste/Pinal സിനിമ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് (Viridana,Simon of the  Desert എന്നിവയാണ് മറ്റു രണ്ടു ഭാഗങ്ങള്‍).ഈ സംവിധായകന്‍റെ തന്നെ “The Discreet Charm of Bourgeoisie”(1972) ഇതേ മാതൃകയില്‍ ഉള്ള ചിത്രം ആണ്.ഒരു രാത്രിയില്‍ എഡ്മുണ്ടോ-ലൂസിയ ദമ്പതികള്‍ അവരുടെ കൊട്ടാര സദൃശ്യമായ വീട്ടില്‍ നടത്തിയ അത്താഴത്തിന് മുന്‍പ് അവിടെ ഉള്ള ജോലിക്കാര്‍ ദുരൂഹമായി  കൂട്ടത്തോടെ  അവരുടെ ജോലികള്‍ ഉപേക്ഷിച്ചു പോകുന്നു.അത്താഴത്തിനു ശേഷം അവിടെ വന്ന വിശിഷ്ടാതിഥികള്‍ ബ്ലാങ്ക എന്ന യുവതിയുടെ പിയാനോ വായന ശ്രവിക്കുന്നു.അവര്‍ അതിനെ പുകഴ്ത്തുകയും ചെയ്യുന്നു.വേറൊരു ഗാനം അവരോടു വായിക്കാന്‍ അതിഥികള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ തീരെ തളര്‍ന്നിരിക്കുക ആണെന്ന് അവര്‍ പറയുന്നു.അതിനു ശേഷം അതിഥികള്‍ അവിടെ നിന്നും തിരിച്ചിറങ്ങാന്‍ പോവുകയാണ് എന്ന രീതിയില്‍ പെരുമാറുന്നു എങ്കിലും അവര്‍ വളരെയധികം രാത്രി യെന്നും പറഞ്ഞു അന്ന് അവിടെ തന്നെ താമസിക്കാന്‍ തീരുമാനിക്കുന്നു.

  അവര്‍ ഒരു മായാ വലയത്തിലേക്ക് സഞ്ചരിക്കുന്നത് പോലെ ആയിരുന്നു പിന്നെ.പിറ്റേന്ന് രാവിലെ ഉണര്‍ന്ന അവര്‍ എന്നാല്‍ ഓരോ കാരണങ്ങള്‍ നിരത്തി അവിടെ നിന്നും തിരിക്കാന്‍ ശ്രമിക്കുന്നില്ല.അവര്‍ രാത്രി കിടന്നുറങ്ങിയ ആ മുറിയുടെ പുറത്തു പോകുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.അദൃശ്യമായ കാരണങ്ങളും സംഭവങ്ങളും അവരെ അവിടെ തളച്ചിടുന്നു.അവിടെ അവശേഷിച്ചിരുന്ന  ജോലിക്കാരന്‍ പോലും ആ മുറിയില്‍ നിന്നും പുറത്തു കടക്കുവാന്‍ വിമൂഖത കാണിക്കുന്നു.അവര്‍ അവിടെ ഉണ്ടായിരുന്ന ഭക്ഷണം വെള്ളം എന്നിവയെല്ലാം ഉപയോഗിക്കുന്ന.തോട്ടപുറത്തെ മുറിയില്‍ പോയാല്‍ ഭക്ഷം കഴിക്കാം എങ്കിലും അവര്‍ ആരും അതിനു മുതിരുന്നില്ല.പൊതു സമൂഹത്തില്‍ ഉന്നതരായ വ്യക്തികള്‍ എന്നാല്‍ അത്തരം ഒരു സ്ഥലത്ത് വിചിത്രമായ സ്വഭാവ വിശേഷതകള്‍ പ്രകടിപ്പിക്കുന്നു.ഉള്ളിന്റെയുള്ളില്‍ വേരുപ്പുന്ടെങ്കില്‍ കൂടിയും അവര്‍ അവിടെ നിന്നും വിട്ടു പോകുന്നില്ല.അതിതികള്‍ക്കും ആതിഥേയനുമെല്ലാം മനസ്സിന് മടുപ്പ് ഉണ്ടാകുന്നു.അവര്‍ അത് ദിവസം കൂടും തോറും പ്രകടിപ്പിക്കുന്നും ഉണ്ട്.സമ്പന്നതയുടെ പൊള്ളത്തരങ്ങളുടെ മുഖമൂടി അഴിച്ചു മാറ്റാന്‍ സംവിധായകന്‍ ചെയ്യുന്നുണ്ട് “The Discreet Charm of Bourgeoisie” യില്‍ ചെയ്തത് പോലെ തന്നെ.അവര്‍ ആരോടും അനുകമ്പ കാണിക്കുന്നില്ല.രോഗിയായ ആളുകളോട് പോലും അവര്‍ മോശമായി പെരുമാറുന്ന അവസ്ഥയില്‍ ആയിരുന്നു.അവരുടെ ഇടയില്‍ തന്നെ ഒരു തരാം വിദ്വേഷം ഉടലെടുക്കുന്നു.

  ഇതിന്‍റെ ഇടയില്‍ പുറത്തു നിന്നും ഉള്ളവര്‍ക്കും ആ വീട്ടില്‍ കയറാന്‍ ആകാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു.തങ്ങളുടെ സമനില തെറ്റിയ അവര്‍ മനുഷ്യനില്‍ നിന്നും മൃഗത്തിന്റെ ചിന്തകളിലേക്ക് മാറുന്നു.കഥയില്‍ അവ്യക്തത ഉണ്ടെങ്കിലും സിനിമയുടെ പേരില്‍ നിന്നും സംവിധായകന്‍ ഇജിപ്റ്റിലെ ആദ്യ ശിശുവിനെ വധിച്ച “The Exterminating Angel”നെ പ്രതിനിധീകരിക്കുന്നതായി ഒരിടത് വായിച്ചിരുന്നു.അതോടു കൂടി ചേര്‍ത്ത് വായിക്കാവുന്നതാണ് അവര്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി ആ മുറിയില്‍ വരുന്ന ആടുകള്‍.മാലാഖ അയച്ചു കൊടുത്ത ഭക്ഷണം പോലെ.മൂന്നു മരണങ്ങള്‍ നടന്ന ആ വീട്ടില്‍ നടന്നത് അനുഭവിച്ചറിയണം പിന്നെ.സറിയലിസത്തിലൂന്നിയുള്ള സിനിമകളില്‍ ഉന്നത സ്ഥാനം ഉണ്ട് ഈ ചിത്രത്തിന്.കണ്ടറിയണ്ട അനുഭവം ആണ് ഈ ചിത്രം.വ്യക്തമായി അവ്യക്തത ഈ ചിത്രത്തില്‍ കാണാം.എന്നാല്‍ ഈ അവ്യക്തതയില്‍ ആണ് ഈ ചിത്രത്തില്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് ഉള്ള സ്ഥലം.ഭാവന ചിറകു വിടര്‍ത്താന്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടു നോക്കാം.

More reviews @ http://www.movieholicviews.blogspot.com

200.Dr.BABASAHEB AMBEDKAR(HINDI,2000)

200.Dr.BABASAHEB AMBEDKAR(HINDI,2000),|Biography|History|,Dir:-Jabbar Patel,*ing:-Mammootty,Sonali Kulkarni.

  “ഭാരത ഭരണഘടന ശില്‍പ്പിയുടെ ജീവിതത്തിലൂടെ ഒരു യാത്ര-Dr.ബാബസാഹേബ് അംബേദ്‌കര്‍.”

  “Dr.ബാബ സാഹെബ് അംബേദ്കര്‍” ചരിത്ര പുസ്തകങ്ങളിലൂടെയും അമര്‍ ചിത്ര കഥകളിലൂടെയും  ആണ് എനിക്ക് പരിചയം.പിന്നെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ഇടയ്ക്ക് മുള പൊട്ടിയ DHRM എന്ന സംഘടനയുടെ പേരിലും.പറഞ്ഞു വരുന്നത് അദ്ധേഹത്തിന്റെ ജീവ ചരിത്രം അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നാണു.എന്തായാലും ഈ ചിത്രം കണ്ടതോട്‌ കൂടി ഒരു നല്ല അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ സാധിച്ചു എന്ന് കരുതുന്നു.ബ്രിട്ടീഷ് ഭരണക്കാലത്ത് ജനിച്ച അംബേദ്‌കര്‍ തന്‍റെ പട്ടാളക്കാരന്‍ ആയ പിതാവിന്‍റെ പതിനാലാമത്തെ പുത്രന്‍ ആയിരുന്നു.”മഹര്‍” എന്ന ജാതിയില്‍ ജനിച്ച അദ്ദേഹം തൊട്ടു കൂടായ്മ നിലനിന്നിരുന്ന ആ കാലത്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്നു.എന്നാല്‍ പട്ടാളത്തില്‍ സുബേദാര്‍ ആയ പിതാവിന്‍റെ പ്രേരണയാല്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നു അദ്ദേഹം.അതിന്റെ തെളിവുകള്‍ ആണ് അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസം ലഭിച്ച പ്രശസ്ത യൂണിവേര്സിട്ടികള്‍.നിയമത്തില്‍ ആഴമായ പഠനം നടത്തിയ അദ്ദേഹം എന്നാല്‍ അന്ന് ഇന്ത്യയിലും വിദേശത്തും  പ്രചാരത്തില്‍ ഉണ്ടായിരുന്ന ദേശിയ പ്രസ്ഥാനങ്ങളില്‍ തുടക്കത്തില്‍ ഇടപ്പെട്ടിരുന്നില്ല.

  പിന്നീട് ഭാരതത്തില്‍ മടങ്ങി എത്തി ജോലിയില്‍ ഏര്‍പ്പെടുന്ന സമയത്താണ് അദ്ദേഹം താന്‍ ഉള്‍പ്പടെ ഉള്ള താഴ്ന്ന ജാതി എന്ന് സമൂഹം കരുതിപോകുന്ന സമൂഹത്തിന്റെ ജിവിത വ്യവസ്ഥകള്‍ നേരിട്ട് മനസ്സിലാക്കിയത്.ഉന്നത ഉദ്യോഗസ്ഥന്‍ ആയാണ് ഉദ്യോഗത്തില്‍ പ്രവേശിച്ചതെങ്കിലും കുടി വെള്ളം പോലും മേല്‍ജാതിക്കാരായ താഴ ഉദ്യോഗസ്ഥരുടെ കൂടെ പങ്കു വയ്ക്കുന്നതില്‍ നിന്നും അദ്ധേഹത്തെ വിലക്കിയിരുന്നു.താമസിക്കാന്‍ ഒരു വീട് പോലും കിട്ടാതെ താന്‍ ഒരു പാര്‍സി ആണെന്ന് കള്ളം പറഞ്ഞു വരെ അദ്ദേഹത്തിന് ജീവിക്കാണ്ടി വന്നിട്ടുണ്ട്/എന്നാല്‍ ഒരു ദിവസം അദ്ദേഹം ഈ അനീതികള്‍ക്കു എതിരെ പോരാടാന്‍ തീരുമാനിക്കുന്നു.”മനു സ്മൃതിയില്‍” ഊന്നി പിടിച്ചു ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഭാരതീയര്‍ ആണ് ബ്രിട്ടീഷുകാരെക്കാളും അപകടകാരികള്‍ എന്ന് അദ്ദേഹം തിരിച്ചു അറിയുന്നു.ഗാന്ധിജിയുടെ ഹരിജന്‍ പ്രയോഗത്തോട്‌ പോലും അദ്ദേഹം മുഖം തിരിക്കുന്നു.പ്രത്യേകിച്ചും ഹിന്ദു മതത്തിന്‍റെ നിലനില്‍പ്പ്‌ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒന്നാണ് ഏന് ഗാന്ധിജി പറയുമ്പോള്‍ അംബേദ്‌കര്‍ അതിനോട് യോജിക്കുന്നില്ല.അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ ബ്രിട്ടീഷുകാരെ പോലും അത്ഭുതപ്പെടുത്തി/അദ്ദേഹം ഒരു ദേശിയ വാദി ആണോ അതോ കലാപകാരി ആണോ എന്ന് പോലും ആര്‍ക്കും മനസ്സിലാകാത്ത ഒരവസ്ഥ.മറ്റു മതങ്ങളുടെ ഇടയില്‍ അദ്ദേഹം രാജ്യദ്രോഹി വരെ ആയി മുദ്ര കുത്തപ്പെട്ടു.പ്രത്യേകിച്ചും “റൌണ്ട് ടേബിള്‍ കൊണ്ഫ്രാന്സിനു” ശേഷം.അംബേദ്‌കര്‍ ഇതിനോടെല്ലാം പട പൊരുതി അവസാനം ഭാരത ഭരണഘടനയുടെ ശില്‍പ്പി ആയതെങ്ങനെ ആണ് എന്നാണു ജബ്ബാര്‍ പട്ടേല്‍ ബാക്കി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.

  പപ്പിലിയോ ബുദ്ധയില്‍ ഗാന്ധിജിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.പ്രത്യേക പദവി ദളിത്‌ വംശജര്‍ക്ക് നല്‍കാന്‍ ഉള്ള തീരുമാനത്തിന് എതിരെ അദ്ദേഹം നിരാഹാര സമരം ചെയ്യുന്നത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിര്‍മിച്ച ചിത്രം ആയതു കൊണ്ട് രാഷ്ട്രീയ ബിംബങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രശ്നം ഉണ്ടാക്കി ഇല്ല ഈ ചിത്രത്തില്‍ എന്ന് മാത്രം.ഇനി സിനിമയെ കുറിച്ച്.മമ്മൂട്ടി എന്ന നടന്‍ ആണ് നായകന്‍ എന്ന് കേട്ടിരുന്നു.എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങനെ ഒരു വ്യക്തിയെ കാണാന്‍ സാധിച്ചില്ല.പകരം അംബേദ്‌കര്‍ ആയി അദ്ദേഹം ജീവിക്കുക തന്നെ ആയിരുന്നു.അംബേദ്‌കര്‍ അഭ്രപാളികളില്‍ ശരീരം സ്വീകരിച്ചപ്പോള്‍ അതില്‍ കൃത്രിമത്വം ഇല്ലാത്ത രീതിയില്‍ തന്നെ അദ്ദേഹം അവതരിപ്പിച്ചു.1998 ലെ മികച്ച നടനുള്ള പുരസ്ക്കാരം ഇതിലൂടെ അദ്ധേഹത്തെ തേടി എത്തുകയും ചെയ്തു.ജീവിത കഥകള്‍ സിനിമയാക്കുമ്പോള്‍ പലപ്പോഴും മസാല ചേരുവകകള്‍ ചേര്‍ക്കുന്നതായി കണ്ടിട്ടുണ്ട്.എന്നാല്‍ ആദ്യ പത്നിയായ രമാഭായ് ആയും അവര്‍ മരണപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒപ്പം കൂട്ടിയ ഡോ.കബീര്‍ ആയുള്ള രംഗങ്ങളില്‍ ഒന്നും അത് കൊണ്ട് തന്നെ അതിഭാവുകത്വം കലര്‍ത്താതെ അവതരിപ്പിക്കാന്‍  സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.മികച്ച ഒരു ഇന്ത്യന്‍ ബയോഗ്രഫി ചിത്രം ആയാണ് ഈ ചിത്രം എനിക്ക് അനുഭവപ്പെട്ടത്.

More reviews @ http://www.movieholicviews.blogspot.com

199.GOOD MORNING,VIETNAM(ENGLISH,1987)

199.GOOD MORNING,VIETNAM(ENGLISH,1987),|Comedy|War|Drama|,Dir:-Barry Levinson,*ing:-Robbin Williams,Forest Whitaker.

 അറുപതുകളുടെ പശ്ചാത്തലത്തില്‍ അമേരിക്ക വിയട്നാമില്‍ സേനയെ വിന്യസിപ്പിച്ച കാലഘട്ടത്തില്‍ ആണ് “ഗുഡ് മോര്‍ണിംഗ് വിയട്നാമിന്റെ” കഥ നടക്കുന്നത്.”റോബിന്‍ വില്യംസ്” അഡ്രിയാന്‍ ക്രോണര്‍ എന്ന “ആര്‍ ജെ”യെ അവതരിപിക്കുന്നു.അഡ്രിയാന്‍ വ്യോമസേനയിലെ എയര്‍മാന്‍ ആണ്.അയാള്‍ പട്ടാളക്കാര്‍ക്ക് വേണ്ടി മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന റേഡിയോയില്‍ ജോക്കി ആണ്.തന്റേതായ ഒരു രസികന്‍ ശൈലിയില്‍ ആണ് അദ്ദേഹം തന്റെ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.അത് കൊണ്ട് തന്നെ പട്ടാളക്കാര്‍ക്കിടയില്‍ അയാള്‍ പ്രശസ്തന്‍ ആണ്.സെയ്ഗോനിലേക്ക് ക്രെറ്റില്‍ എന്ന സ്ഥലത്ത് നിന്നും വന്ന അഡ്രിയാന്‍ അതിവേഗം തന്നെ വിയട്നാമില്‍ ഒരു തരംഗം ആയി മാറി.രാവിലത്തെ പ്രോഗ്രാമില്‍ “ഗുഡ് മോര്‍ണിംഗ് വിയട്നാം” എന്ന് തുടങ്ങുന്ന അഡ്രിയാന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി കേള്‍പ്പിച്ചിരുന്ന പാട്ടുകളുടെ പട്ടികയില്‍ പോലും മാറ്റം വരുത്തി.പട്ടാളക്കാരുടെ ജീവിതത്തിലെ അവിഭാജ്യം ആയി മാറുക ആയിരുന്നു അഡ്രിയാന്‍.വാര്‍ത്തകള്‍ രസകരമായി അവതരിപ്പിക്കാന്‍ ഉള്ള പ്രത്യേക കഴിവും വാക്ചാരുതയും അഡ്രിയാന്‍ സഹ ജോക്കികളുടെ ഇടയിലും ബ്രിഗേഡിയര്‍ ജെനറലിന്റെ ഇടയിലും പ്രിയങ്കരന്‍ ആക്കി.

  എന്നാല്‍ അഡ്രിയാന്റെ തമാശകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും സ്വയം വലിയൊരു തമാശക്കാരന്‍ ആണ് താന്‍ എന്ന് കരുതുന്ന ഹോക് എന്ന ലെഫ്ടനന്റും സെര്‍ജന്റ്  മേജര്‍ ആയ ഫിലിപ്പും.പട്ടാളത്തിന്റെ ചട്ടവട്ടങ്ങളില്‍ നിന്നും അഡ്രിയാന്‍ നടത്തിയ അവതരണ ശൈലി അവര്‍ക്ക് ഇഷ്ടം ആകുന്നില്ല.ആയിടയ്ക്കാണ് അഡ്രിയാന്‍   ഒരു വിയട്നാമീസ് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നത്.അവളെ പിന്തുടര്‍ന്ന അഡ്രിയാന്‍ ആ പെണ്‍ക്കുട്ടി ഇംഗ്ലീഷ് പഠിക്കുന്ന സ്ക്കൂള്‍ കാണുന്നു.അയാള്‍ അവിടത്തെ അധ്യാപകന് കാശ് കൊടുത്തു ഇംഗ്ലീഷ് ക്ലാസുകള്‍ സ്വയം എടുക്കാന്‍ തുടങ്ങുന്നു.അതിന്റെ പിന്നില്‍ ഉള്ള താല്‍പ്പര്യം ഒന്ന് മാത്രം ആ പെണ്‍ക്കുട്ടിയെ സ്വന്തമാക്കുക.എന്നാല്‍ അവിടെ പഠിക്കുന്ന അവളുടെ സഹോദരന്‍ ആദ്യം അത് എതിര്‍ക്കുന്നു.അഡ്രിയാന്‍ അവനെ അയാളുടെ കൂട്ടുകാരന്‍ ആക്കുന്നു.സന്തോഷകരമായി പോയിരുന്ന അഡ്രിയാന്റെ ജീവിതം എന്നാല്‍ അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം മാറുന്നു.തന്റെ ജീവന് അപകടം പിണയുന്ന സമയങ്ങള്‍ എത്തുന്നു.പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആളുകള്‍ ഉണ്ട്.എന്നാല്‍ അഡ്രിയാന്‍ അതില്‍ നിന്നും രക്ഷപ്പെടുകയും വേണം.

 വിയട്നാം യുദ്ധത്തിന്‍റെ പശ്ചാത്തലം ആയതു കൊണ്ട് തന്നെയും അതില്‍ അധിനിവേശത്തിന്റെ എല്ലാ വശങ്ങള്‍ കടന്നു വരുകയും ചെയ്യുന്നത് കൊണ്ടും അമേരിക്കാര്‍ക്ക് ഇടയില്‍ അതിനെതിരെ ഉള്ള വികാരം അഡ്രിയാന്റെ കഥാപാത്രം പലപ്പോഴും അവതരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും നിക്സന്‍ സന്ദര്‍ശനം നടത്തിയ സമയത്തെ ബ്രോട്കാസ്ട്ടിംഗ് അവതരണം .അതിലും അപ്പുറം ആയിരുന്നു അമേരിക്ക ഒളിപ്പിക്കാന്‍ നോക്കി സെന്‍സര്‍ ചെയ്തിരുന്ന അവിടത്തെ സ്ഥിതികള്‍. അഡ്രിയാന്‍ പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുക  ആയിരുന്നു .റോബിന്‍ വില്യംസിന് ഇതിലെ അഡ്രിയാന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ “അക്കാദമി അവാര്‍ഡിന്” നാമനിര്‍ദേശം ലഭിച്ചതാണ്.കൂടാതെ ഈ ചിത്രം “അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ” “മികച്ച നൂറു തമാശ സിനിമകളുടെ” പട്ടികയില്‍ ഇടം നേടിയിട്ടും ഉണ്ട്.മനസ്സിന് നല്ലൊരു ആശ്വാസവും സുഖവും ആയിരുന്നു ഇ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.നല്ല ചിത്രം,!!

More reviews @ http://www.movieholicviews.blogspot.com

198.SEVEN DAYS(KOREAN,2007)

198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim.

  യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ  സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ട തുക നല്‍കണം എന്ന്.എന്നാല്‍ പോലീസ് ഇതില്‍ ഇടപ്പെടാന്‍  പാടില്ല എന്നും അറിയിക്കുന്നു.പോലീസ് യൂ ജിയോന്‍ കാശുമായി പോകുന്ന സമയത്ത് അവരെ പിന്തുടരുന്നു.എന്നാല്‍ അത് മനസ്സിലാക്കിയ അയാള്‍ കുട്ടിയെ കൊല്ലും എന്നും അറിയിക്കുന്നു.യൂ ജിയോണിനു കുട്ടിയെ കിട്ടുന്നില്ല.

  എന്നാല്‍ പിന്നീട് വന്ന ഫോണ്‍ കോളില്‍ നിന്നും കാശിനു വേണ്ടി അല്ല കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പകരം കാരണം അറിയണം എങ്കില്‍ ഒരു ലോക്കറില്‍ വച്ചിരിക്കുന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുന്നു.ഒരു വോക്കി ടോക്കി പോലുള്ള ഫോണ്‍ ആയിരുന്നു അത്.യൂ ജിയോന്‍ അത് കണ്ടെത്തുന്നു.അയാള്‍ കുട്ടിയെ കൊണ്ട് പോയതിന്റെ ഉദ്ദേശ്യം അപ്പോള്‍ വ്യക്തം ആക്കുന്നു.നേരത്തെ അഞ്ചു പ്രാവശ്യം ബലാല്‍സംഗ കേസില്‍ അകത്തു കിടന്ന “സി ജെ” എന്ന കുറ്റവാളി എന്നാല്‍ അവസാനം ചെയ്തു എന്ന് പറയുന്ന കൊലയ്ക്കും ബലാല്‍സംഗത്തിന്റെയും പേരില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്.എന്നാല്‍ അതാണ്‌ പൂര്‍ണ സത്യം എന്ന് അയാള്‍ വിശ്വസിക്കുന്നില്ല,അത് കൊണ്ട് കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ യൂ ജിയോനിനു മാത്രമേ സാധിക്കൂ എന്നയാള്‍ വിശ്വസിക്കുന്നു.സി ജെയെ കുറ്റ വിമുക്തന്‍ ആക്കണം.എങ്കില്‍ കുട്ടിയെ തിരിച്ചു നല്‍കാം എന്ന് അയാള്‍ ഉറപ്പു നല്‍കുന്നു.എന്നാല്‍ അന്തിമ വാദം മൂന്നു ദിവസത്തിനുള്ളില്‍ ആരംഭിക്കും.ആ സമയം യൂ ജിയോന്‍ കേസിന്റെ എല്ലാ തെളിവും കണ്ടെത്തണം.അവര്‍ക്ക് അതിനു കഴിയുമോ?ആരാണ് യഥാര്‍ത്ഥത്തില്‍ കുട്ടിയെ തട്ടി കൊണ്ട് പോയത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 വീണ്ടും ഒരു കൊറിയന്‍ ത്രില്ലര്‍.ഒരേ ഫോര്‍മാറ്റില്‍ ആണ് പല ചിത്രമെങ്കില്‍ പോലും അവയെല്ലാം വളരെയധികം താല്‍പ്പര്യത്തോടെ കാണാന്‍ ഉള്ള ഒരു പശ്ചാത്തലം ഉണ്ടാക്കി എടുക്കാന്‍ കൊറിയയിലെ സംവിധായകര്‍ ശ്രമിക്കുന്നുണ്ട്.അത് തന്നെ ആകും ആ ചിത്രങ്ങള്‍ക്ക് ഒക്കെ ഒരു ത്രില്ലര്‍ മൂഡ്‌ ഉടനീളം കാത്തു സൂക്ഷിക്കാന്‍ സാധിക്കുന്നത്.കൊറിയന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ഇഷ്ടമാകുമായിരിക്കും ഈ ചിത്രം.

More reviews @ http://www.movieholicviews.blogspot.com 

197.THE CASE OF ITAEWON HOMICIDE(KOREAN,2009)

197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong.

 “യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍”

  കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്.”ഇട്ടാവോണ്‍ കേസിലും” അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997 ല്‍ കൊറിയയെ നടുക്കിയ സംഭവം ആയിരുന്നു “ജോ ജോംഗ് പില്‍” എന്ന വിദ്യാര്‍ഥിയുടെ കൊലപാതകം.23 വയസ്സുള്ള ആ യുവാവ് സ്വയം പ്രയത്നത്താല്‍ ആണ് പാവപ്പെട്ട തന്‍റെ കുടുംബത്തെയും നോക്കി പഠിക്കാന്‍ ഉള്ള പണവും കണ്ടെത്തിയിരുന്നത്.എന്നാല്‍ ഒരു ബര്‍ഗര്‍ കടയില്‍ ഉള്ള ടോയിലറ്റില്‍ വച്ച് അവനെ ആരോ കൊല്ലുന്നു.കഴുത്തിന്‌ പുറകു വശത്തായി ഏറ്റ രണ്ടു കുത്തും നെഞ്ചില്‍ ഏറ്റ നാല് കുത്തും ഹൃദയത്തില്‍ കൊണ്ട രണ്ടു കുത്തും ആ യുവാവിന്റെ മരണത്തില്‍ അവസാനിച്ചു.

   സംഭവം നടന്ന സമയം ഒരാള്‍ ടോയിലറ്റില്‍ നിന്നും പുറത്തു പോയതായി ദൃക്സാക്ഷികള്‍ ഉണ്ടാകുന്നു.എന്നാല്‍ കേസ് അന്വേഷിക്കാനായി അടുത്ത ദിവസം സംഭവം നടന്ന ടോയിലറ്റില്‍ എത്തിയപ്പോള്‍ അവിടെ ഉള്ളവര്‍ രക്തക്കറ മുഴുവന്‍ കഴുകി കളഞ്ഞതായി മനസിലാക്കുന്നു.പ്രോസിക്യൂട്ടര്‍ “പാര്‍ക്കിനും” അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനി സാഹചര്യ തെളിവുകളില്‍ ആശ്രയിക്കണ്ട അവസ്ഥയില്‍ ആയി ഈ കേസ് .”പിയര്‍സന്‍” എന്ന മെക്സികന്‍-കൊറിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ഥിയെ പോലീസ് കുറ്റവാളി ആയി കണക്കാക്കുന്നു.എന്നാല്‍ അമേരിക്കന്‍ പൗരത്വം ഉള്ള അവനു അതിന്റെ പരിരക്ഷയും ഉണ്ട്.പിയര്‍സന്‍ കൊറിയന്‍ സംസാരിക്കാന്‍ അറിയാത്ത അത് മനസ്സിലാകുന്ന ആളാണ്‌.പിയര്‍സന്‍ താന്‍ അല്ല കൊലപാതകം ചെയ്തതെന്ന് പോലീസിന്റെ മുന്നില്‍ ആണയിടുന്നു.അപ്പോഴാണ്‌ സംഭവം നടന്ന സമയം ടോയിലറ്റില്‍ നിന്നും പുറത്തു ആദ്യം വന്ന “അലക്സ് ജംഗ്” പിയര്‍സന് എതിരായ മൊഴിയും ആയി എത്തിയത്.എന്നാല്‍ പ്രോസിക്യൂട്ടര്‍ ആയ പാര്‍ക്കിനു അലക്സിന്റെ മൊഴിയില്‍ സംശയം തോന്നുന്നു.പിന്നീടുള്ള സംഭവവികാസങ്ങളില്‍ തെളിവുകളുടെ ബലത്തില്‍ അലക്സ് ആണ് കൊലയാളി എന്ന് പാര്‍ക്ക് കരുതുന്നു.അയാള്‍ക്ക്‌ അതിനായി തന്റെ ഭാഗത്തില്‍ ന്യായവും ഉണ്ട്.അലക്സിന്റെ അച്ഛന്‍ എന്നാല്‍ സമൂഹത്തില്‍ അത്യാവശ്യം സ്വാധീനം ഉള്ള ആളാണ്‌.അതിനാല്‍ തന്നെ അയാള്‍ തനിക്കു സ്വാധീനിക്കാന്‍ ആകുന്ന രീതിയില്‍ ഒക്കെ എല്ലാം ചെയ്യുന്നും ഉണ്ട്.പക്ഷെ ഇവരില്‍ ഒരാള്‍ ആണ് കൊലയാളി എന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ അത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   വളരെയധിക, മികച്ച ഒരു ത്രില്ലര്‍ ആയി എനിക്ക് ഈ ചിത്രത്തെ തോന്നി.പ്രത്യേകിച്ചും കോടതിയില്‍ അവതരിപ്പിക്കുന്ന തെളിവുകളും സാക്ഷി മൊഴികളും.പ്രേക്ഷകനെ തന്നെ സംശയത്തില്‍ ആക്കുന്നുണ്ട്‌.എന്നാല്‍ സിനിമയില്‍ അവര്‍ അവസാനം ക്ലൈമാക്സില്‍ കാണിച്ച ട്വിസ്റ്റും ഗംഭീരം ആയിരുന്നു.ഒരു പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒന്ന്.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം എന്ന നിലയില്‍ ആ സംഭവ വികാസങ്ങളോട് നീതി പുലര്‍ത്തി ഈ ചിത്രം എന്ന് മനസ്സിലായി.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started