172.THE TWO FACES OF JANUARY(ENGLISH,2014)

172.THE TWO FACES OF JANUARY(ENGLISH,2014),|Thriller|Drama|,Dir:-Hossein Amini,*ing:-Viggo Mortensen,Kirsten Dunst,Oscar Isac.

 “Strangers On A Train”  “പട്രീഷിയ ഹിഗ്സ്മിത്തിന്റെ” നോവലിനെ ആധാരമാക്കി “ഹിച്ച്കോക്ക്” സംവിധാനം ചെയ്ത ലോക പ്രശസ്ത ത്രില്ലര്‍ സിനിമയാണ്.അതേ പട്രീഷിയയുടെ നോവലിനെ ആസ്പദം ആക്കിയാണ് “The Two Faces of January” എന്ന സിനിമ നവാഗതനായ “Hosein Amini” ഒരുക്കിയിരിക്കുന്നത്.ഈ സിനിമയില്‍ മുഖ്യമായും മൂന്നു കഥാപാത്രങ്ങള്‍ ആണുള്ളത്.”ചെസ്റ്റര്‍” എന്ന് പേരുള്ള മദ്ധ്യവയസ്കന്‍,അയാളുടെ ഭാര്യ “കോളറ്റ്” പിന്നെ “റയ്ടല്‍” എന്ന യുവാവും.ചെസ്ട്ടറും ഭാര്യയും ഗ്രീസില്‍ വിനോദസഞ്ചാരികള്‍ ആയി എത്തുന്നു.റയ്ടല്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആണ്.ഒരു ദിവസം തന്‍റെ ജോലിക്കിടയില്‍ റയ്ടല്‍ ചെസ്ട്ടറിനെ ശ്രദ്ധിക്കുന്നു.ഒരു മാസം മുന്‍പ് മരിച്ചു പോയ തന്‍റെ പിതാവിന്‍റെ മുഖ സാദൃശ്യം ചെസ്ട്ടരില്‍ രയ്ടല്‍ കാണുന്നു.റയ്ടല്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കോളറ്റ് അതെന്തു കൊണ്ടാണെന്ന് റയ്ടലിനോട് ചോദിക്കുന്നു.എന്നാല്‍ റയ്ടല്‍ സ്വാഭാവികമായി പെരുമാറുന്നു.

  റയ്ടല്‍ ചെസ്റ്റര്‍ ദമ്പതിമാരുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു രാത്രി റയ്ടല്‍ തന്റെ പെണ്‍ സുഹൃത്തിനൊപ്പം ചെസ്റ്റര്‍ ദമ്പതികളുടെ ആതിഥ്യം സ്വീകരിക്കുന്നു.അന്ന് അവരോട് വിട പറഞ്ഞതിന് ശേഷം കാറില്‍ പോയിരുന്ന റയ്ടല്‍ കോളറ്റ് അണിഞ്ഞിരുന്ന വല കാറില്‍ നിന്നും കണ്ടെത്തുന്നു.അത് തിരികെ കൊണ്ട് കൊടുക്കാന്‍ ആയി റയ്ടല്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുമ്പോള്‍ കാണുന്നത് ഒരു മനുഷ്യ ശരീരം താങ്ങി പിടിച്ചു വാതിലിന്‍റെ അടുക്കല്‍ നില്‍ക്കുന്ന ചെസ്ട്ടറിനെ ആണ്.ചെസ്റ്റര്‍ ആ മനുഷ്യന്‍ മദ്യപിച്ചു വഴിയില്‍ കിടന്നപ്പോള്‍ എടുത്തു കൊണ്ട് റൂമില്‍ ആക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നു.രയ്ടല്‍ അയാളെ ഒരു കൈ സഹായിക്കുന്നു.എന്നാല്‍ അയാളുടെ റൂമില്‍ എത്തിയ റയ്ടല്‍ അവിടെ ചെസ്റ്റര്‍ ദമ്പതികളുടെ ഒപ്പം നില്‍ക്കുന്ന തന്‍റെ ഫോട്ടോകള്‍ കാണുന്നു.ഒരു നിമിഷം സംശയിച്ച റയ്ടലിനോട് അയാള്‍ ചെസ്ട്ടരെയും ഭാര്യയേയും അപകടപ്പെടുത്താന്‍ ശ്രമിച്ച ആള്‍ ആണെന്ന് പറയുന്നു.അതിലുണ്ടായ കശപിശയില്‍ ആ മനുഷ്യന്‍ ബോധം കെട്ടു എന്നും.രയ്ടല്‍ അത് വിശ്വസിക്കുന്നു.ചെസ്ട്ടരുടെ അഭ്യര്‍ത്ഥന പ്രകാരം റയ്ടല്‍ അവരെ ആ ഹോട്ടലില്‍ നിന്നും രക്ഷിക്കുന്നു.ഹോട്ടലില്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ട് തിരികെ കിട്ടാന്‍ പാടായതിനാല്‍ പുതിയ ഒരു പാസ്പ്പോര്‍ട്ട് ഒപ്പിച്ചു കൊടുക്കാനും ശ്രമിക്കുന്നു.എന്നാല്‍ ചെസ്റ്റര്‍-കോളറ്റ് ദമ്പതികള്‍ ആരായിരുന്നു?തന്‍റെ പിതാവിന്റെ അടുക്കല്‍ നിന്നും ഓടി അമേരിക്കയില്‍ നിന്നും ഗ്രീസില്‍ എത്തിയ റയ്ടല്‍ കൂടുതല്‍ അവരെ അറിയുന്നു പിന്നീട്.ബാക്കി അറിയാന്‍ സിനിമ കാണുക.

   ഒരു മുഴുനീള ത്രില്ലര്‍ എന്നൊന്നും പുതിയക്കാലത്ത് അവകാശപ്പെടാന്‍ ഈ ചിത്രത്തിന് സാധിക്കില്ല.കാരണം സിനിമയുടെ അവതരണ രീതികള്‍ മാറി എന്നത് തന്നെ.പഴയ രീതിയില്‍ ഉള്ള കഥ  പറച്ചില്‍ ആണ് ഈ സിനിമയിലും ഉള്ളത്.1960 കളുടെ പശ്ചാതലത്തില്‍ അവതരിപ്പിച്ചതിനാല്‍ ആകണം ദൃശ്യഭാഷ്യത്തിലും അത്തരം ഒരു രീതി അവലംബിച്ചിരിക്കുന്നത്.കറുപ്പും വെളുപ്പും കലര്‍ന്ന ഫ്രയ്മില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനിമകളുമായി സാദൃശ്യം തോന്നുകയും ചെയ്യും.ക്യാമറയില്‍ ഒപ്പിയെടുത്ത മനോഹരമായ “ഗ്രീസും”മികച്ച അഭിനയവും ഈ ചിത്രത്തെ ഒരു തവണ കാണുന്നതില്‍ തെറ്റില്ലാത്ത ചിത്രം ആക്കുന്നു.

More reviews @ http://www.movieholicviews.blogspot.com

171.THE ELEMENT OF CRIME(ENGLISH,1984)

171.THE ELEMENT OF CRIME(ENGLISH,1984),|Thriller|Crime|,Dir:-Lars Von Trier,*ing:-Michael Elphick,Esmond Knight

 “ലാര്‍സ് വോണ്‍ ട്രയറിന്റെ” ആദ്യ സിനിമയാണ് 1984 ല്‍ റിലീസ് ചെയ്ത “The Element of Crime”.അദ്ദേഹത്തിന്റെ തന്നെ Europa പരമ്പരയിലെ ആദ്യ ചിത്രവും ഇതായിരുന്നു.”Epidemic”,”Europa” എന്നിവയാണ് പിന്നീട് ഇറങ്ങിയ ഭാഗങ്ങള്‍.”ഫിഷര്‍” എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കയ്റോയിലേക്ക് സ്ഥലം മാറ്റപ്പെട്ടു ജര്‍മനിയില്‍ നിന്നും.പിന്നീട് അയാളെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വിളിച്ചു ഒരു കേസ് അന്വേഷണത്തിനായി,അയാള്‍ അവിടെ ഉണ്ടായിരുന്ന രണ്ടു മാസങ്ങള്‍ അയാളില്‍ പുതിയ ഒരു രോഗം ഉണ്ടാക്കി-തലവേദന.അയാള്‍ അതിനുള്ള ചികിത്സ തേടി ആണ് കയ്റോയില്‍ ഉള്ള സൈക്കാട്രിസ്റ്റിന്റെ അടുക്കല്‍ എത്തുന്നത്‌;രോഗം ഭേദം ആക്കാന്‍ അയാള്‍ ഫിഷറിനോട് ഹിപ്നോസിസിനു വിധേയന്‍ ആകാന്‍ ആവശ്യപ്പെടുന്നു.ഫിഷര്‍ രണ്ടു മാസം മുന്‍പ് ജര്‍മനിയിലേക്ക്‌ നടത്തിയ യാത്രയും തന്‍റെ ലക്ഷ്യവും അയാളോട് വിവരിക്കുന്നു.ഒരു സ്വപ്നത്തില്‍ എന്നത് പോലെ ആണ് ആ രംഗങ്ങള്‍ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്.

  മഴയുടെ പശ്ചാത്തലം എവിടെയും നിറയുന്നു.മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ നിന്നും ജര്‍മനിയിലെ മഴയിലേക്ക്‌..ഫിഷര്‍ “ഓസ്ബോണ്‍” എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശിഷ്യന്‍ ആണ്.അയാള്‍ എഴുതിയ പുസ്തകം ആണ് “The Element of Crime”.കുറ്റവാളികളെ കണ്ടെത്താന്‍ ആയി ഓസ്ബോണ്‍ തയ്യാറാക്കിയ തിയറി ഫിഷറിനെ വളരെയധികം ആകര്‍ഷിക്കുന്നു .ഫിഷര്‍ കയ്റോയില്‍ ആയിരുന്നപ്പോള്‍ അതിന്റെ അറബിക് പരിഭാഷയും നടത്തിയിരുന്നു.ഒരു കുറ്റവാളിയുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന് അയാളുടെ നീക്കങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വായതം ആക്കിയാല്‍ ആ കുറ്റവാളിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്നായിരുന്നു ഒസ്ബോണിന്റെ സിദ്ധാന്തം.”ക്രമര്‍” എന്ന ഫിഷറിന്റെ പഴയ എതിരാളി ആയിരുന്നു അപ്പോഴത്തെ പോലീസ് ചീഫ്.ഓസ്ബോണ്‍ മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു.അയാള്‍ ആരെയോ ഭയപ്പെടുന്നതു പോലെ ഫിഷറിന് തോന്നി.ഫിഷര്‍ അവിടെ തിരകെ വരുന്നത്  “ലോട്ടോ കൊലപാതകങ്ങള്‍” എന്ന് കുപ്രസിദ്ധി നേടിയ കൊലപാതകങ്ങളുടെ പുനര്‍ അന്വേഷണത്തിന് ആയിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ലോട്ടോ കൊലപാതകങ്ങളുടെ രീതിയില്‍ വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു.ലോട്ടോ കൊലപതകങ്ങളിലെ ഇരകള്‍ ലോട്ടറി വില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടികല്‍ ആണ്.അവരെ പ്രത്യേക രീതിയില്‍ പൊട്ടിയ കുപ്പി ഉപയോഗിച്ച് ആണ് കൊല ചെയ്തിരുന്നത്.കേസ് ആദ്യം അന്വേഷിച്ചത് ഓസ്ബോണ്‍ ആയിരുന്നു.അയാളുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലയാളി എന്ന് സംശയിക്കുന്ന “ഹാരി ഗ്രേ” ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു.അല്ലെങ്കില്‍ ഓസ്ബോണ്‍ അങ്ങനെ വിശ്വസിച്ചിരുന്നു.ഫിഷര്‍ ഒസ്ബോണിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു,ഹാരിയെ അന്വേഷിച്ചു ഇറങ്ങിയ ഒസ്ബോനിന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഒരു യാത്ര.അതില്‍ അയാളുടെ കൂടെ “കിം” എന്ന വേശ്യയും പങ്കാളി ആകുന്നു.ഒസ്ബോണിന്റെ സിദ്ധാന്തം അനുസരിച്ച് നടത്തിയ ആ അന്വേഷണം ഫിഷറെ കൊണ്ടെത്തിച്ചത് മറ്റൊരു ലോകത്തിലേക്ക്‌ ആയിരുന്നു.കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  “The Element of Murder” അവതരിപ്പിച്ചിരിക്കുന്നത് ഫിഷറിന്റെ മനസ്സ് അത് പോലെ തന്നെ പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ തുറന്നുകൊടുത്തു കൊണ്ടായിരുന്നുഅതിനായി മഞ്ഞ വെളിച്ചം കൂടുതല്‍ ആയി ലഭിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ ആണ് ബാക്കി ഉള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.ചിന്തകള്‍ ആയതു കൊണ്ട് തന്നെ പലയിടത്തും കഥ വഴിമുട്ടി നില്‍ക്കുന്നുണ്ട്.അപ്പോള്‍ സൈക്കാട്രിസ്റ്റ് ഫിഷറിനെ അതില്‍ നിന്നും പുറത്തു കൊണ്ട് വരുന്നും ഉണ്ട്.ഒരു അന്വേഷണ ത്രില്ലര്‍ എന്നതില്‍ ഉപരി  മനുഷ്യ മനസ്സിലൂടെ ഉള്ള ഒരു യാത്രയാണ് ഈ ചിത്രം.ഒരു പ്രത്യേക തരം ദൃശ്യാനുഭവം.

More reviews @ http://www.movieholicviews.blogspot.com

170.VILLALI VEERAN(MALAYALAM,2014)

170.VILLALI VEERAN(MALAYALAM,2014_,Dir:-Sudeesh Sankar,*ing:-Dileep,Namitha Pramod.

ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ഉള്ള രണ്ടു ആശ്വാസങ്ങള്‍ ആണ് ദിലീപേട്ടന്റെ സിനിമയും തെലുങ്കിലെ രവി തേജയുടെ സിനിമയും.എന്താണെന്നറിയില്ല നല്ല രീതിയില്‍ മനസ്സിന് വിഷമം വരുമ്പോള്‍ ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ മനസ്സിലെ വിഷമങ്ങള്‍ എല്ലാം ഓടി പോകും.”ഡാര്‍ലിംഗ് ഡാര്‍ലിംഗ്” എന്ന സിനിമ ആണ് വിഷമിച്ചിരിക്കുന്ന മനസ്സിന് പറ്റിയ ടോണിക്ക് ദിലീപ് സിനിമകള്‍ ആണെന്ന് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത്.സ്ക്കൂളില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ വിഷമിച്ചിരുന്ന എനിക്ക് അന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ ഈ ചിത്രം മൂലം സാധിച്ചു.അന്നത്തോടെ ദിലീപ് സിനിമകളുടെ വലിയ ആരാധകന്‍ ആയി ഞാന്‍ മാറി.ഇപ്പോഴും അങ്ങനെ തന്നെ.ലോജിക് ഓഫ് ചെയ്തു വച്ചിട്ട് സിനിമകള്‍ കാണണം എന്ന് എഴുതി വയ്ക്കുന്ന ഈ സമയത്ത് ദിലീപ് എന്ന പേര് കണ്ടാല്‍ തന്നെ ലോജിക് ഓഫ് ആക്കുക എന്നതാണ് അര്‍ഥം എന്ന് മനസ്സിലാക്കി സിനിമ കാണുന്നതാണ് നല്ലത്.അല്ലാതെ സിനിമ കണ്ടതിനു ശേഷം ദിലീപ് എന്തോ വിഷം തന്നു കൊല്ലാന്‍ ശ്രമിച്ചു എന്നുള്ള രീതിയില്‍ നടക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ കാമ്പില്ലാത്ത സംസാരം മാത്രം ആണ്.

  ഇനി “വില്ലാളി വീരന്‍” എന്ന സിനിമയിലേക്ക്.പ്രതീക്ഷകള്‍ തെറ്റിയില്ല.തുടക്കം മുതല്‍ ദിലീപ് സിനിമകളില്‍ ഉള്ള വണ്മാന്‍ ഷോ ആയിരുന്നു ഈ ചിത്രവും.ദിലീപ് എന്ന നടന്‍ ചെയ്‌താല്‍ മാത്രം ഇതില്‍ തമാശയുണ്ടെന്നു മനസ്സിലാക്കാവുന്ന കുറച്ചു ചിരി പടക്കങ്ങള്‍.”മോക്ക് ഡ്രില്‍” സീനിനോക്കെ നല്ല രീതിയില്‍ ചിരി ആയിരുന്നു.കുടുംബ പ്രേക്ഷകര്‍ ശരിക്കും ആ രംഗങ്ങള്‍ ഒക്കെ സ്വന്തം താരങ്ങളുടെ  മാസ്സ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടാക്കുന്ന ആര്‍പ്പുവിളികളെക്കാളും കൂടുതല്‍ ആയിരുന്നു.ഇടയ്ക്ക് ടി വി യില്‍ “ചോട്ടാ ഭീം ” കാണിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം ഈ സിനിമയുടെ പ്രേക്ഷകര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന്.സിദ്ധാര്‍ത്ഥന്‍ എന്ന ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ആള്‍ ആണ്.സുഹൃത്തായി ഷാജോണിന്റെ കഥാപാത്രവും.”ശ്രുംഗാരവേലന്‍” കൂട്ടുകെട്ട് വീണ്ടും അഭ്രപാളികളില്‍ കാണാം.സിദ്ധാര്‍ത്ഥന്‍ തന്‍റെ അമ്മയെ മാത്രം അല്ലാതെ വേറെ മൂന്നു കുടുംബങ്ങളെയും സ്വന്തം പെങ്ങളുടെ കുടുംബം എന്ന പോലെ നോക്കുന്നു.അവരുടെ പ്രശ്നങ്ങള്‍ക്ക് സിദ്ധാര്‍ത്ഥന്‍ സഹായമായി ഇപ്പോഴും കാണും.കാശ് ഒരുക്കാന്‍ ഉള്ള ഓട്ടത്തില്‍ സിദ്ധാര്‍ത്ഥന്‍ ജീവിതത്തില്‍ ആദ്യമായി ഒരു തെറ്റ് ചെയ്യുന്നു.എന്നാല്‍ ആ തെറ്റിന് ഫലമായി സിദ്ധാര്‍ത്ഥന്‍റെ ജീവിതം തന്നെ അപകടാവസ്ഥയില്‍ ആകുന്നു.ആ സമയത്താണ് സിദ്ധാര്‍ത്ഥന്റെ അമ്മ ആ രഹസ്യം എല്ലാവരെയും അറിയിക്കുന്നത്.സിദ്ധാര്‍ത്ഥന്‍ ആരായിരുന്നു എന്നും അയാളുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്നും.ചിത്രത്തിന്‍റെ രണ്ടാം പകുതി മുതല്‍ സിദ്ധാര്‍ത്ഥന്‍റെ ജീവിതം മാറി മറിയുന്നു.സിദ്ധാര്‍ത്ഥന്‍ ഇന്നത്തെ നിലയില്‍ എത്താനുള്ള കാരണം അയാള്‍ അറിയുന്നു.സിദ്ധാര്‍ത്ഥന്‍റെ മുന്നോട്ടുള ജീവിതം ആണ് ബാക്കി കഥ.

   ദിലീപ് സിനിമകളില്‍ കഥയും ഒക്കെ നോക്കി പോകുന്നത് തെറ്റ് ആണെന്നാണ്‌ എന്റെ അഭിപ്രായം.സിനിമ ഇഷ്ടം ആയില്ലെങ്കില്‍ അത് കാണാതെ ഇരിക്കാന്‍ ഉള്ള അവകാശം നമുക്കുണ്ട്.ഈ സിനിമ ഇങ്ങനെ തന്നെ ആണ് എന്ന് മനസ്സിലാക്കി പോയ എനിക്ക് അത് കൊണ്ട് നിരാശന്‍ ആകേണ്ടി വന്നില്ല.എന്തായാലും ദിലീപ് ആകാന്‍ ശ്രമിക്കുന്ന ഇതര താരങ്ങള്‍ ചെയ്യുന്നതിലും ഭംഗിയായി ദിലീപ് ഈ വേഷം ചെയ്തിരുന്നു.ആദ്യ പകുതിയില്‍ ഉള്ള തമാശകള്‍ക്കൊക്കെ നല്ലത് പോലെ ചിരിക്കുകയും ചെയ്തു.പക്ഷെ ഇടയ്ക്ക് ആക്ഷന്‍ ഒക്കെ വന്നപ്പോള്‍ കുറച്ച് മടുപ്പായി തോന്നി.കൂടെ പാട്ടുകളും.എന്നാല്‍ സിനിമയുടെ അവസാനം വീണ്ടും തമാശകള്‍ ഒക്കെ വന്നപ്പോള്‍ ആസ്വദിച്ചു.എന്തായാലും ഈ സിനിമയ്ക്ക് റേറ്റിംഗ് ഇടണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.മെഗാ-സൂപ്പര്‍ താരങ്ങള്‍ അവരുടെ ആരാധകര്‍ക്ക് വേണ്ടി മാത്രം സിനിമ എടുക്കുമ്പോള്‍ ജനപ്രിയ നായകനും തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തി എന്ന് തോന്നുന്നു.

More reviews @ http://www.movieholicviews.blogspot.com

169.RAJADHI RAJA(MALAYALAM,2014)

169.RAJADHI RAJA(MALAYALAM,2014),Dir:-Ajai Vasudev,*ing:-Mammootty,Joju

 “ഞാന്‍ വെയിലത്ത്‌ നടന്നാലും ഇക്കയും ലാലേട്ടനും ബെന്‍സില്‍ തന്നെ പോകണം ” എന്ന് ചിന്തിക്കുന്ന ആരാധകര്‍ തന്നെയാണ് ഈ താരങ്ങളുടെ ജീവിത വിജയത്തില്‍ നിര്‍ണായ ഘടകം ആയതു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.സാധാരണ ഒരു പ്രേക്ഷകന്‍ ഒരു നല്ല സിനിമ കണ്ടു അതിനെ പുകഴ്ത്തുന്നതിലും അധികം ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയിലൂടെ നേടാം എന്നൊരു വിശ്വാസവും ഇവര്‍ക്കെല്ലാം ഉണ്ടെന്നു തോന്നുന്നു.പറഞ്ഞു വരുന്നത് ഓണം റിലീസുകളെ കുറിച്ചാണ്.മലയാളത്തിലെ പ്രധാനപ്പെട്ട രണ്ടു താരങ്ങളും ആരാധകരെ ലക്ഷ്യമാക്കി ആണ് ഇത്തവണത്തെ ഓണ സിനിമകളും ആയി എത്തിയത് എന്ന് തോന്നി പോകും.വിജയ ഫോര്‍മുല എന്ന് ചിന്തിക്കുന്ന ഒരു പ്രത്യേക അനുപാതം ആണ് ഈ ചിത്രത്തിലും ഉള്ളത്.ആക്ഷന്‍,ഐറ്റം ടാന്‍സ്‌ എന്ന് വേണ്ട ഒരു വിധം മസാലകള്‍ എല്ലാം ഇ ചിത്രത്തിലും ഉണ്ട് .ഉത്സവ ചിത്രങ്ങള്‍ ഇത്തരത്തില്‍ ആയാല്‍ കൂടുതല്‍ ലാഭം കൊയ്യാം എന്നൊരു തോന്നല്‍ അതിന്‍റെ പുറകില്‍ ഉണ്ടായിരുന്നിരിക്കാം.കാരണം നല്ല സിനിമകള്‍ എന്ന് സാധാരണ പ്രേക്ഷകര്‍ പറയുന്ന ചിത്രം ബോക്സോഫീസ് നഷ്ടങ്ങളുടെ ഗണത്തില്‍ പെടുമ്പോള്‍ തീര്‍ച്ചയായും അവരുടെ ചിന്തകളെ കുറ്റം പറയാന്‍ സാധിക്കില്ല.നല്ല സിനിമകള്‍ കാണാന്‍ ആരാധകരും മടിക്കുന്നതായി പലപ്പോഴും കാണാം.മുന്നറിയിപ്പ് എന്ന സിനിമ നല്ല അഭിപ്രായം നേടിയപ്പോഴും ഒരു ബോക്സോഫീസ് ഹിറ്റ്‌ ആയി എന്ന് അതിനെ കുറിച്ച് പറയാന്‍ സാധിക്കുമോ?ആരാധകര്‍ അവയൊന്നും കാണുന്നില്ലേ എന്നുള്ള ചിന്ത അവിടെ ഉണ്ടാകും.

  ഇനി സിനിമയിലേക്ക്.അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയെ തിരികെ കൊണ്ട് വന്നിട്ടുണ്ട്.അത് സിനിമയുടെ ഗുണത്തില്‍ അല്ല.പകരം ആരാധകര്‍ തങ്ങളുടെ ഇക്കയെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നോ ആ രീതിയില്‍.പുതുമ തീരെ ഇല്ലാത്ത കഥ.സാധാരണ ജീവിതം നയിക്കുന്ന നായകന്‍റെ ഭൂതക്കാലവും അയാള്‍ ആരാണ് എന്ന് അറിയുമ്പോള്‍ ഉള്ള പ്രശ്നങ്ങളും എല്ലാം ആണ് കഥയുടെ ഇതിവൃത്തം.സിനിമയില്‍ ജോജു എന്ന നടന്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിട്ടുണ്ട്.ആദ്യ പകുതി ഭൂരിഭാഗവും ജോജു തന്നെ കയ്യടക്കി എന്ന് പറയാം.എന്നാല്‍ ഇടവേളയ്ക്കു മുന്‍പുള്ള സമയം ആരാധകര്‍ ആവേശ തിമിര്‍പ്പില്‍ ആകാന്‍ ഉള്ളത് ഒരുക്കുകയും ചെയ്തിട്ടുണ്ട്.മമ്മൂട്ടി എന്ന നടന്റെ സ്ക്രീന്‍ പ്രസന്‍സ് അപാരം ആണ്.ഈ പ്രായത്തിലും തന്‍റെ സമകാലികരെക്കാളും പ്രസരിപ്പും ഓജസ്സും അദ്ധേഹത്തിനുണ്ട്.ആര്‍ക്കും അസൂയ തോന്നുന്ന വ്യക്തി പ്രഭാവവും.നാല്‍പ്പതുകളില്‍ ഉള്ള കുടുംബനാഥന്‍ ആയി അദ്ധേഹത്തെ കാണുന്നതില്‍ ഒരു വിഷമവും ഇല്ലായിരുന്നു.സിബി-ഉടയാന്‍ സിനിമകളുടെ പതിവ് ചേരുവകയായ ചളിയില്‍ കുതിര്‍ന്ന തമാശകള്‍ക്ക് ഇവിടെ അവര്‍ അവധി നല്‍കി.രാജാധി രാജ എന്ന ബി ജി എം രണ്ടാം പകുതി മുഴുവനും ഉണ്ടായിരുന്നു.ഇപ്പോഴും അത് ചെവിയില്‍ കേള്‍ക്കുന്നത് പോലെ തോന്നുന്നു.

  ആദ്യ പകുതിയുടെ ഒരു രസം രണ്ടാം പകുതിയില്‍ നഷ്ടം ആയതു പോലെ തോന്നി.പഞ്ച് എല്ലാം ഉണ്ടായിരുന്നു എങ്കിലും എവിടെയോ എന്തോ നഷ്ടം ആയ ഒരു അവസ്ഥ.”അവതാരം” സിനിമയിലെ അതെ വേഷത്തോടെ വന്ന സിദ്ധിക്കും മറ്റു സഹതാരങ്ങളും രാജയുടെ വണ്മാന്‍ ഷോയില്‍ മുങ്ങി പോവുകയും ചെയ്തു.ആരാധകരുടെ സഹകരണത്തോടെ ഈ ചിത്രം തിയറ്ററുകളില്‍ കുറച്ചു ദിവസം തീര്‍ച്ചയായും കാണും.”പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍” എന്ന രീതിയില്‍ ആയിരുന്നു സിനിമ എങ്കിലും ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്ന അവരുടെ ഇക്കയെ ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞു എന്നതോര്‍ത്ത് സന്തോഷിക്കുന്നും ഉണ്ട്..സമെപക്കാലത്ത് ആരാധകര്‍ പൊക്കി കൊണ്ട് നടന്ന അവരുടെ മാസ്സ് എന്ന് പറഞ്ഞ ചിത്രങ്ങളായ “ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്”, “മംഗ്ലീഷ്” എന്നിവയെക്കാളും ഒക്കെ ഭേദം ആയിരുന്നു ഈ  ചിത്രം.എനിക്ക് ഈ ചിത്രം ഒരു ശരാശരി ആയാണ് തോന്നിയത്.ഈ ഓണ ചിത്രത്തിന് എന്റെ മാര്‍ക്ക് 2.5/5

More reviews @ http://www.movieholicviews.blogspot.com

168.SAPTHAMASREE THASKARA(MALAYALAM,2014)

168.SAPTHAMASREE THASKARA(MALAYALAM,2014),Dir:-Anil Radhakrishnan Menon,*ing:-Prithviraj,Reenu Mathews.

  പ്രിത്വിരാജും ആസിഫും ഒന്നിക്കുന്ന അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സപ്തമ. ശ്രീ.തസ്ക്കര ഏഴു കള്ളന്മാരുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ഒരുമിച്ച് ജീവിതത്തില്‍ കണ്ടു മുട്ടുന്നവര്‍.എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി പറയാന്‍ ഒരു കഥയുണ്ടാകും.സ്വാഭാവികമായും ഇവര്‍ക്കും കഥ ഉണ്ടാകും.സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒന്ന്.സാഹചര്യങ്ങള്‍ കാരണം കുറ്റവാളികള്‍ ആകേണ്ടി വരുന്നവരും അല്ലാതെ അറിഞ്ഞു കൊണ്ട് കുറ്റങ്ങള്‍ ചെയ്യുന്നവരും.ഒരാള്‍ ചെയ്ത കുറ്റങ്ങള്‍ ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളി ആകുന്നുള്ളൂ.ഇവരുടെ അവസ്ഥയും വിഭിന്നം അല്ല.തെളിയിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് അകത്തു കിടക്കേണ്ടി വന്നവര്‍.എന്നാല്‍ അവര്‍ തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടാകുന്നും ഉണ്ട്.അതാണ്‌ അവര്‍ ഒരു ലക്‌ഷ്യം നേടാന്‍ വേണ്ടി ഒരുമിക്കുന്നതും.

   24 നോര്‍ത്ത് കാതം” എന്ന സിനിമയില്‍ നിന്നും അനില്‍ ഈ ചിത്രത്തില്‍ കുറച്ചും കൂടി ഒരു വലിയ താരനിരയെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പേരിനു വേണ്ടി വരുന്ന കഥാപാത്രങ്ങള്‍ മാത്രമായി ഒതുങ്ങാതെ അവര്‍ക്കെല്ലാം താര മൂല്യം നോക്കിയല്ലാതെ ഉള്ള ഒരു പാത്ര സൃഷ്ടി ആണ് ഒരു പരിധി വരെ എങ്കിലും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ക്രീന്‍ പ്രസന്‍സ് നോക്കുകയാണെങ്കില്‍ “ചെമ്പന്‍ വിനോദ്” ആണ് നായകന്‍ എന്ന് പറയേണ്ടി വരും.എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കഥ അവതരണ ശൈലിയിലും കഥാപാത്രങ്ങള്‍ക്ക് വേണ്ടി സിനിമയെ മോശം ആക്കിയും ഇല്ല.അത് കൊണ്ട് തന്നെ സിനിമ ചില ഇടങ്ങളില്‍ ഒക്കെ ചിരിപ്പിക്കുന്നും ഉണ്ട്.സുധീര്‍ കരമാനയുടെയും നീരജ് മാധവിന്റെയും ഒക്കെ കഥാപാത്രങ്ങള്‍ അത് കൊണ്ട് തന്നെ ശ്രദ്ധേയം ആവുകയും ചെയ്തു.ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച പള്ളിയില്‍ അച്ഛന്റെ വേഷം നന്നായിരുന്നു.രസികന്‍ ആയ ഒരു വൈദികന്‍.Heist സിനിമകളുടെ വിഭാഗത്തില്‍ ഇതിനെയും തീര്‍ച്ചയായും ഉള്‍പ്പെടുത്താം.കാരണം ഈ ചിത്രം ചലിക്കുന്നത്‌ ആ ഒരു ട്രാക്കിലൂടെ മാത്രം ആണ്.അത്യാവശ്യം ഉള്ള കഥാപാത്രങ്ങള്‍ ,കഥാ സന്ദര്‍ഭങ്ങള്‍ അവസാനം ഒളിപ്പിച്ച ട്വിസ്റ്റ്‌ എല്ലാം ചിത്രത്തെ പ്രേക്ഷകന്റെ മുന്നില്‍ ആസ്വാദ്യകരം ആക്കുന്നും ഉണ്ട്.

  ആരാധകര്‍ക്കായി ഒരുക്കിയ ഭൂരിഭാഗം ഓണം ചിത്രങ്ങളില്‍ ഉള്ളതൊന്നും ഇതില്‍ ഇല്ല.ഇതൊരു വലിയ ക്യാന്‍വാസില്‍ വരച്ച ഒരു സാധാരണ ചിത്രം ആണ്.അത് കൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകനെ അത്രയ്ക്കും വെറുപ്പിക്കും എന്ന് തോന്നില്ല.മാസ് എന്ന് പറഞ്ഞു ആരാധകരെ മാത്രം ലക്‌ഷ്യം ആക്കി വരുന്ന സിനിമകള്‍ ഇറങ്ങുന്ന ഈ ഓണക്കാലത്ത് ഒരു പ്രാവശ്യം മുഷിപ്പിക്കാതെ ഇരുന്നു കാണാം ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com 

167.SPIDER(ENGLISH.2002)

167.SPIDER(ENGLISH,2002),|Drama|,Dir:-David Cronenberg,*ing:-Ralf Fiennes,Miranda Richardson

  “സ്പൈഡര്‍” ഒരു മനുഷ്യന്‍റെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്.മാനസിക നില സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ഒരാള്‍ ആണ് മുഖ്യ കഥാപാത്രം.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ച “ഡെന്നിസ് ക്ലെഗ്” സമൂഹവുമായി കൂടുതല്‍ ഇണങ്ങാന്‍ വേണ്ടി നടത്തുന്ന “Halfway House” ല്‍ അയാള്‍ എത്തുന്നിടത്ത് നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ട്രെയിന്‍ വരുന്ന സിനിമയിലെ ആദ്യ ഷോട്ടില്‍ തന്നെ ഇയാളെ കുറിച്ചുള്ള വിവരണം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.യാത്രക്കാര്‍ എല്ലാം ഇറങ്ങിയതിനു ശേഷം മാത്രം ട്രയിനില്‍ നിന്നും പുറത്തു വരുന്ന ക്ലെഗ്ഗിന്റെ സംഭാഷണങ്ങള്‍ അവ്യക്തം ആണ് പലപ്പോഴും.ചുറ്റും നടക്കുന്നതൊക്കെ ഒരു മായാ ലോകത്തില്‍ എന്നവണ്ണം ആണ് അയാള്‍  നോക്കി കാണുന്നത്.

  തന്നെ പുനരധിവസിപ്പിക്കുന്ന സ്ഥലത്ത് എത്തിയ ക്ലെഗ് സമാനമായ സാഹചര്യങ്ങളില്‍ കൂടി എത്തിയ മറ്റുള്ളവരെയും കാണുന്നു.തങ്ങള്‍ക്കു വിലപ്പെട്ടതെല്ലാം ഇവര്‍ സൂക്ഷിക്കുന്ന സ്ഥലം കാണുമ്പോള്‍ തന്നെ ഇത്തരം മാനസികാവസ്ഥ ഉള്ളവര്‍ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മ അവതരിപ്പിക്കുന്നു.ക്ലെഗ് പുതിയ സ്ഥലത്തില്‍ ഒരു പ്രയാണം നടത്തുകയാണ്.ചിന്തകളിലൂടെ ആയിരുന്നു അയാള്‍ സഞ്ചരിച്ചിരുന്നത്.അത് അയാളുടെ ഭൂത കാലത്തിലേക്ക് ഉള്ള ഒരു മടങ്ങി പോക്കും ആയിരുന്നു.”സ്പൈഡര്‍” എന്ന്‍ അമ്മ ചെറുപ്പത്തില്‍ വിളിച്ചിരുന്ന ക്ലെഗ് എങ്ങനെ ഈ അവസ്ഥയില്‍ ആയി എന്ന് പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.ക്ലെഗ് നടന്നു പോകുന്ന എല്ലായിടത്തും അയാള്‍ തന്നെ തന്നെ കാണാന്‍ തുടങ്ങുന്നു.തന്റെ ജീവിതത്തില്‍ നടന്ന ആ സംഭവങ്ങള്‍ അയാള്‍ വിചിത്രമായ ഒരു ഭാഷയില്‍ ഒരു നോട്ട് ബുക്കില്‍ കോറുന്നു.അയാള്‍ക്ക്‌ നഷ്ടമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് പിന്നീട് അവതരിപ്പിക്കുന്നത്.എന്നാല്‍ ഇത്തവണ ഒരു കാഴ്ചക്കാരന്‍ ആയി അയാള്‍ അവിടെ ഉണ്ട്.ഒരു ചിലന്തി വല നെയ്യുന്നത് പോലെ അയാളുടെ ജീവിതവും അവിടെ അവതരിപ്പിക്കപ്പെടുന്നു.അവസാനം സ്പൈഡര്‍ എന്ന പേര് അന്വര്‍ത്ഥം ആക്കുന്ന രീതിയില്‍ അയാള്‍ ഒരു പരിധി വരെ എങ്കിലും തന്‍റെ ജീവിതത്തിലെ അലോസരപ്പെടുത്തുന്ന വസ്തുക്കളെ ഒഴിവാക്കുന്നു.

 പാട്രിക് മഗ്രാത്തിന്റെ അതെ പേരില്‍ ഉള്ള നോവലിന്റെ ദൃശ്യാവിഷ്ക്കാരം  ആണ് സ്പൈഡര്‍ എന്ന ഈ കനേഡിയന്‍/ബ്രിട്ടീഷ് സിനിമ.അധികം സ്ഥലത്ത് റിലീസ് ഇല്ലായിരുന്നു എങ്കില്‍ കൂടിയും സിനിമയുടെ ചില ഭാഗത്ത്‌ അവതരിപ്പിക്കപ്പെടുന്ന ചില സംഭവങ്ങള്‍ ഒരു സൈക്കോ ത്രില്ലര്‍ മൂഡ്‌ പ്രേക്ഷകന് നല്‍കുന്നുണ്ട്.ചിത്രം സഞ്ചരിക്കുന്നത് പതുക്കെയാണ്.അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ദഹിക്കണം എന്ന് ഇല്ല..

More reviews @ http://www.movieholicviews.blogspot.com

166.STRANGERS ON A TRAIN(ENGLISH,1951)

STRANGERS ON A TRAIN(ENGLISH,1951),|Crime|Thriller|,Dir:-Alfred Hitchcock,*ing:-Farley Granger,Robert Walker.

  സംവിധാനത്തിന്‍റെ പ്രത്യേകത മൂലം തന്‍റെ മിക്ക സിനിമയിലും ത്രില്ലര്‍ സ്വഭാവം കൊണ്ട് വരുന്നതില്‍ മുന്‍പന്തിയില്‍ ആണ് ആല്‍ഫ്രെഡ് ഹിച്ച്കോക്ക് .പ്രത്യേകിച്ച് ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായക പ്രതിഭയാണ് അദ്ദേഹം.സിനിമകളെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു പഠന വിഷയം ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതും.AFI (അമേരിക്കന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട്) യുടെ നൂറു വര്‍ഷത്തെ മികച്ച ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം അദ്ദേഹം തന്നെ സംവിധാനം ചെയ്ത “സൈക്കോ” എന്ന ചിത്രമാണ്.”Strangers on a Train” ആ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.മുപ്പത്തിരണ്ടാം സ്ഥാനത്താണ്‌ ഈ ചിത്രം.അദ്ദേഹത്തിന്റെ മൂന്നു സിനിമകള്‍ ആദ്യ പത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ അദ്ദേഹം ചെയ്ത  ത്രില്ലര്‍ സിനിമകളുടെ നിലവാരം മനസ്സിലാകും.ആദ്യ നൂറില്‍ തന്നെ അദ്ദേഹത്തിന്റെ ഒട്ടു മിക്ക സിനിമകളും ഇടം പിടിക്കുകയും ചെയ്തിരുന്നു. പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ പലപ്പോഴും ത്രില്ലര്‍ സിനിമകള്‍ക്ക്‌ വിഷയം ആയി മാറിയിട്ടുണ്ട്.ആല്‍ഫ്രെഡ് ഹിച്ച്കോക്ക് തന്നെ തന്റെ “Rope” പോലെ ഉള്ള സിനിമകള്‍ക്ക്‌ ഇത്തരം പ്രമേയങ്ങള്‍ സ്വീകരിച്ചിട്ടും ഉണ്ട്.ഓരോ കൊലപാതകത്തിലും ദൈവം അവശേഷിപ്പിക്കുന്ന തെളിവുകള്‍ പോലും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ആക്കുവാന്‍ ഒരു പക്ഷേ ഇത്തരം രീതിയില്‍ ആവിഷ്ക്കരിച്ച കൊലപാതകങ്ങള്‍ക്ക് സാധിക്കും.ശരിക്കും ഇത്തരം കൊലപാതകങ്ങള്‍ക്ക് മാനസികമായ ഒരു തലം കൂടി ഉണ്ട്.എതിരാളികളുടെ നീക്കങ്ങള്‍ മുന്‍ക്കൂട്ടി മനസ്സിലാക്കി കളിക്കുന്ന ചെസ്സ്‌ മത്സരം പോലെ ആണ് ഇത്തരം കൊലപാതകങ്ങളും.

     ആരുടെ മനസ്സിലും ഒരു സംശയവും അവശേഷിപ്പിക്കാതെ അല്ലെങ്കില്‍ അതിനായുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും മറച്ച് പിടിക്കുമ്പോള്‍ ആണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണത വരുക.അതിനായി ഒരു പക്ഷേ മറ്റുള്ളവര്‍ ഒരു സംഭവത്തെ എങ്ങനെ അവലോകനം ചെയ്യും എന്ന് ഈ സംഭവങ്ങള്‍ക്ക് മുന്‍പ് തന്നെ കണക്കു കൂട്ടി എടുക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ഇത്തരം കുട്ടാ കൃത്യങ്ങള്‍ വളരെയധികം എളുപ്പം ആണ്.ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ എങ്ങനെ അല്ലെങ്കില്‍ എന്ത് ചിന്തിക്കും എന്ന് കൊലയാളി മനസ്സില്‍ കണക്ക് കൂട്ടുന്നു.അത് ശരി ആകുമ്പോള്‍ പൂര്‍ണത ഉള്ള കൊലപാതകം ജനിക്കുന്നു.”Perfect crime” പ്രമേയം ആക്കി വന്ന സിനിമകളായ “Perfect Crime”,”Rope”,”El Aura” തുടങ്ങി ഉള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഇത്തരം പ്രമേയത്തിലൂന്നിയുള്ള സിനിമകള്‍ ആയിരുന്നു.മലയാളത്തില്‍ ഇറങ്ങിയ “ദൃശ്യം”,”ചരിത്രം”,”സി ബി ഐ ഡയറിക്കുറിപ്പ്” പരമ്പരയിലെ ചിത്രങ്ങള്‍ എന്നിവയില്‍ ഒക്കെ ഇത്തരം പ്രമേയങ്ങള്‍ കാണാം.കൊറിയന്‍,സ്പാനിഷ് ,ഫ്രഞ്ച് സിനിമ ഭാഷ്യങ്ങള്‍ എല്ലാം ഈ പ്രമേയം അവതരിപ്പിച്ച സിനിമകള്‍ നല്‍കിയിട്ടുണ്ട്.

  ഒരു ട്രെയിന്‍ യാത്രയില്‍ ആണ് അവിചാരിതമായി “ഗയ് ഹെയിന്‍സ്” എന്ന യുവ ടെന്നീസ് കളിക്കാരന്‍ “ബ്രൂണോ ആന്തണി”യെ പരിചയപ്പെടുന്നത്.സംസാര പ്രിയന്‍ ആയ അയാള്‍ ഗയ് ഹെയിന്‍സിന്റെ ഇഷ്ടക്കുറവിനെ അവഗണിച്ച് അയാളോട് സംസാരിക്കുന്നു.കുറച്ചു നേരത്തിനുള്ളില്‍ തന്നെ ബ്രൂണോ ഹെയിന്‍സുമായി സൗഹൃദത്തില്‍ ആകുന്നു.തന്‍റെ ശല്യക്കാരി ആയ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് തന്‍റെ കാമുകിയായ സെനട്ടറിന്റെ മകളെ വിവാഹം ചെയ്യുവാന്‍ ഹയിന്‍സ് തീരുമാനിച്ചിരുന്നു.അതിന്റെ ഭാഗം ആയാണ് ഹയിന്‍സ് ഭാര്യയെ കാണുവാന്‍ ഉള്ള യാത്രയില്‍ ആയിരുന്നു.ഒരു പക്ഷേ ഗോസ്സിപ്പുകളില്‍ ഒക്കെ താല്‍പ്പര്യം ഉള്ള ബ്രൂണോ ഹയിന്‍സ് അത് പറയുന്നതിന് മുന്‍പ് തന്നെ മനസ്സിലാക്കിയിരുന്നു.സംസാരത്തിന്റെ ഇടയില്‍ ബ്രൂണോ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായ സ്വന്തം പിതാവിനെ കുറിച്ച് പറയുന്നു.മദ്യപിച്ചു കഴിഞ്ഞപ്പോള്‍ ബ്രൂണോ തങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളെയും വിദഗ്ദ്ധമായി ഒഴിവാക്കാന്‍ ഉള്ള ഒരു പദ്ധതി ഹയിന്‍സിനോട് പറയുന്നു.ഒരാളുടെ ശത്രുവിനെ മറ്റെയാള്‍ കൊള്ളുന്നു.ഒരിക്കലും പരിചയം ഇല്ലാത്ത ഒരാള്‍ അവരെ കൊല്ലേണ്ട ആവശ്യം വരില്ല എന്നുള്ള ഒരു സാമാന്യ ബുദ്ധി ആണ് ബ്രൂണോ അവതരിപ്പിക്കുന്നത്‌.എന്നാല്‍ ഒരു കൊലപാതകം നടത്താന്‍ പദ്ധതി ഇല്ലാതിരുന്ന ഹയിന്‍സ് ആ നിര്‍ദേശം അവഗണിക്കുന്നു.എന്നാല്‍ തന്‍റെ ഭാര്യയായ മിറിയത്തെ കണ്ടു സംസാരിച്ചപ്പോള്‍ അവര്‍ക്ക് വിവാഹ മോചനത്തിന് താല്‍പ്പര്യം ഇല്ല എന്ന് അറിയിക്കുന്നു.പിന്നീട് ബ്രൂണോ ഹയിന്സിനെ വിളിക്കുമ്പോള്‍ ഈ കാര്യം അറിയുന്നു.ബ്രൂണോ തന്‍റെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുന്നു.ഹയിന്സിന്റെ ശത്രുവിനെ ബ്രൂനോയും ബ്രൂനോയുടെ ശത്രുവിനെ ഹയിന്സും വധിക്കുക എന്ന പദ്ധതി!!

  ആ പദ്ധതിയുടെ പ്ലാന്നിങ്ങും അത് ബ്രൂണോയെയും ഹെയിന്സിനെയും എങ്ങനെ ആണ് ബാധിക്കുക എന്നറിയാനും ആ പദ്ധതിയുടെ വിജയ-പരാജയങ്ങളെ കുറിച്ച് അറിയാനും ബാക്കി സിനിമ കാണുക. ക്രൈം ത്രില്ലറുകളില്‍ മികച്ച ഒന്നാണ് ഈ ചിത്രം.ചലച്ചിത്രത്തിന്റെ പിന്നോടുള്ള ഗതിയും ഉദ്വേഗജനകം ആയിരുന്നു.തീര്‍ച്ചയായും ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത മികച്ച ഒരു ക്രൈം ത്രില്ലര്‍ ആണ് ഈ സിനിമ.

More reviews @ http://www.movieholicviews.blogspot.com

165.PERUCHAZHI(MALAYALAM,2014)

165.PERUCHAZHI (MALAYALAM,2014),Dir:-Arun Vaidyanathan,*ing:-Mohanlal,Baburaj,Aju Varghese

 “SWITCH OFF YOUR CELL PHONES & LOGIC”-ലോജിക്കിന് ഈ സിനിമയില്‍ പ്രസക്തി ഇല്ല.അവിശ്വസനീയമായ ഒരു കഥ.ഒരു പ്രത്യേക കഥ എന്നതില്‍ ഉപരി ഈ ചിത്രത്തില്‍ ഉള്ളത് സ്ലാപ്സ്റ്റിക് കോമഡിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ വിമര്‍ശനം ആണ്.കേരളത്തിലെ രാഷ്ട്രീയം അമേരിക്കയില്‍ പ്രാവര്‍ത്തികം ആക്കാന്‍ ഒരു അവസരം കിട്ടിയ ജഗന്നാഥനും കൂട്ടരും ആ അവസരം എങ്ങനെ ഉപയോഗിച്ചു എന്നാണു സിനിമ അവതരിപ്പിക്കുന്നത്‌.കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ജഗന്നാഥന്‍ ഒരു അവിഭാജ്യ ഘടകം ആയി മാറുന്നതായി ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും.പ്രമേയം നല്ല രസമുണ്ട്.പ്രത്യേകിച്ചും ആദ്യ പകുതിയിലെ ചില സീനുകള്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയും ചെയ്തു.എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതലും സംവിധായകന്‍ തമിഴ് ,തെലുഗ് സിനിമകളുടെ രീതിയില്‍ നായകനായ മോഹന്‍ലാലിന്‍റെ ആരാധകരെ ചൂഷണം ചെയ്യാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്.പലയിടത്തും സ്വയം പുകഴ്ത്തലുകള്‍ കാണാമായിരുന്നു ധാരാളമായി.രഞ്ജിത്ത് എന്ന ഇപ്പോഴത്തെ ബുദ്ധിജീവി സംവിധായകന്‍ ഒരു കാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒരു ഹാങ്ങ്‌ഓവര്‍ പ്രകടമായിരുന്നു.

  നായകന്മാരെ ദൈവങ്ങളെ പോലെ ആരാധിക്കുന്ന ഒരു പ്രവണത മലയാളം സിനിമയിലും ഇടയ്ക്കിടെ വരുന്നുണ്ട്.അത് കൊണ്ട് തന്നെ തീര്‍ച്ചയായും ഈ ചിത്രം മോഹന്‍ലാല്‍ ഫാന്‍സിനു വേണ്ടി മാത്രം അനിയിചോരുക്കിയത് പോലെ പലയിടത്തും തോന്നി.സിനിമ എന്താണ് പറയാന്‍ ഉദേശിച്ചത് എന്നത്തില്‍ നിന്നും ഒരു മാസ്സ് ഹീറോയിസത്തിലേക്ക് വഴി മാറി പോവുകയും ചെയ്തു.ആരാധകര്‍ അത് കൊണ്ട് തന്നെ സന്തോഷത്തില്‍ ആയിരിക്കുകയും ചെയ്യും.ചിലയിടങ്ങളില്‍ ചിത്രം ചിരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും ആദ്യ പകുതിയില്‍.എന്നാല്‍ നൊസ്റ്റാള്‍ജിയ വിറ്റ് കാശാക്കാന്‍ ഉള്ള ശ്രമം പലപ്പോഴും പാളിയതായി തോന്നി.”അധികമായാല്‍ അമൃതും വിഷം” ആണല്ലോ.ടൈറ്റില്‍ എഴുതി കാണിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്നത് മോഹലാലിന്റെ ഹിറ്റ്‌ ദയലോഗ്സ് ആയിരുന്നു.പിന്നെ തൂവാനത്തുമ്പികള്‍,ഏയ്‌ ഓട്ടോ ,തേന്മാവിന്‍ കൊമ്പത്ത് ഒക്കെ നിരനിരയായി വന്നപ്പോള്‍ അരോചകം ആയി മാറുകയും ചെയ്തു.സ്ലാപ്സ്റ്റിക് കോമഡി ഒക്കെ ഇതില്‍ അവതരിപ്പിച്ചത് കാണുമ്പോള്‍ ആണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ക്രിയേറ്റിവിറ്റിയെ കുറിച്ചോര്‍ത്തു അഭിമാനം കൊള്ളുന്നത്‌.സ്വാഭാവികമായി അത്തരം സീനുകള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടന്റെ പഴയ നിഴല്‍ മാത്രം ആയി പോയി പലയിടത്തും/

  ഇപ്പോള്‍ മലയാള സിനിമയില്‍ കണ്ടു വരുന്ന ഒരു പ്രവണത ആണ് ആരാധകര്‍ക്ക് മാത്രം ആയുള്ള ചിത്രങ്ങള്‍.ആരാധകര്‍ വാനോളം പുകഴ്ത്തും അത്തരം ചിത്രങ്ങളെ.മമ്മൂട്ടിയുടെ “മംഗ്ലീഷ്” ഇറങ്ങിയപ്പോഴും സമാനമായ ഒരു അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നു.ഇടയ്ക്കിടെ ഉള്ള നുറുങ്ങു തമാശകള്‍ എന്നാല്‍ ഈ സിനിമയെ അതില്‍ നിന്നും അല്‍പ്പം കൂടി മുന്നില്‍ നിര്‍ത്തി എന്നത് സത്യമാണ്.ആരാധകര്‍ക്ക് ഒരു സിനിമ,സാധാരണക്കാര്‍ക്ക് ഒരു സിനിമ എന്നൊക്കെ ഉണ്ടോ എന്നൊരു സംശയം ഇപ്പോഴും ബാക്കി ആണ്.ഓണം സിനിമകള്‍ ശരിക്കും ആളുകളെ രസിപ്പിക്കാന്‍ വേണ്ടി തന്നെ വരുന്നതാണ് നല്ലത്.അത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ ലോജിക്കിനെ മാറ്റി വച്ച് കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ നല്ലതു പോലെ ചളി ഉണ്ടായിരുന്നു ചിത്രത്തില്‍.പ്രത്യേകിച്ചും ആ സൂപ്പര്‍മാന്‍ രംഗം ഒക്കെ.തിയറ്ററില്‍ ആ സീനിനോന്നും ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല.ലോജിക്കില്ലായ്മ്മയുടെ അമ്മയെ കാണണം എങ്കില്‍ ഈ ചിത്രത്തിലെ ക്ലൈമാക്സ് കണ്ടാല്‍ മതി.മോഹന്‍ലാല്‍ എന്ന നടന്റെ മാനറിസങ്ങളും കഴിവുകളും ഒന്നും വേണ്ട വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഇല്ല.അത് ഈ സിനിമയുടെ പോരായ്മ ആയി തോന്നി.എന്തായാലും ആരാധകര്‍ക്ക് വേണ്ടി മാത്രം എടുത്ത ഒരു ചിത്രം പോലെയായി പെരുച്ചാഴി എന്ന് തോന്നിപ്പോയി അവസാനം.ഒരു തവണ കണ്ടു കൊണ്ടിരിക്കാവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 2.5/5!!

More reviews @ http://www.movieholicviews.blogspot.com

164.THE KEEPER OF LOST CAUSES(DANISH,2013)

164.THE KEEPER OF LOST CAUSES(DANISH,2013),|Mystery|Crime|Thriller|,Dir:-Mikkel Norgaard,*ing:-Nikolaj Lie Kaas,Fares Fares.

  “കാര്‍ള്‍ മൊറോക്” സാഹസികനായ ഒരു പോലീസ് ഇന്‍സ്പക്ട്ടര്‍ ആണ്.അയാളുടെ സാഹസികത കൂടെ ഉള്ളവരെ പോലും അപകടത്തില്‍ ആക്കുന്ന അത്ര കുഴപ്പം പിടിച്ചതും ആണ്.അയാള്‍ പ്രതികരിക്കുന്നത് പലപ്പോഴും വളരെയധികം വേഗത്തില്‍ ആയിരിക്കും.അത്തരം ഒരു അവസരം അയാളുടെ ജീവിതം ആകെ മൊത്തം മാറ്റി മറിക്കുന്നു.ബാക്ക് അപ് ഇല്ലാതെ അയാളും സുഹൃത്തുക്കളും നടത്തിയ ഒരു ഓപറേഷന്‍ അയാള്‍ക്ക്‌ നഷ്ടങ്ങള്‍ മാത്രം ആണ് സമ്മാനിക്കുന്നത്,അപകടകരമായ ഒരു അവസ്ഥയിലേക്ക് കൂട്ടാളികളെ വിട്ടു കൊടുത്ത അയാളുടെ നീക്കം ഒരാളെ പകുതി ജീവന്‍ ആക്കി മാറ്റുന്നു.മറ്റൊരാള്‍ മരണപ്പെടുന്നു.ആ അപകടത്തിനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ കാര്‍ളിനെ കാത്തിരുന്നത് അയാളെ പ്രധാന കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ നിന്നും മാറ്റി പുതുതായി രൂപം കൊണ്ട “Q “എന്ന വിഭാഗത്തിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവായിരുന്നു.Q ഡിപ്പാര്‍ട്ട്മെന്റ്റിന്റെ മുഖ്യ പ്രവര്‍ത്തനം പോലീസ് തെളിവില്ലാതെ എഴുതി തള്ളിയ കേസുകള്‍ അവസാനിപ്പിക്കാന്‍ ഉള്ള അവസാന കടലാസ് പണികള്‍ പൂര്‍ത്തി ആക്കുക എന്നത് മാത്രം ആയിരുന്നു.ഒരിക്കലും കാര്‍ള്‍ എന്ന മിടുക്കനായ പോലീസ് ഉദ്യോഗസ്ഥന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു ജോലി ആയിരുന്നു അത്.

  എന്നാല്‍ കാര്ളിന് മറ്റൊരു സാധ്യത ഇലായിരുന്നു.ഭാര്യ ഉപേക്ഷിച്ചു പോയ അയാള്‍ക്ക്‌ ആ ജോലി ആവശ്യം ആയിരുന്നു.അയാള്‍ക്ക്‌ അവിടെ കൂട്ട് ആയി ലഭിച്ചത് “ആസാദ്” എന്ന മറ്റൊരു ഉദ്യോഗസ്ഥനെ ആയിരുന്നു.ആസ്സാദിന്റെ പ്രവര്‍ത്തികള്‍ കാര്‍ള്‍ എന്ന പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും വ്യത്യസ്തം ആയിരുന്നു.സൗമ്യമായ സ്വഭാവം ഉള്ള ഒരാള്‍ ആയിരുന്നു ആസാദ്.ക്ഷമയും അയാള്‍ക്കുണ്ടായിരുന്നു;കാര്‍ള്‍ ഒരിക്കലും ആര്‍ജീക്കാത്ത സ്വഭാവം.അസ്സാദ് ഉണ്ടാക്കുന്ന കാപ്പി പോലും അയാള്‍ വെറുത്തു.അവര്‍ പലപ്പോഴായി നിര്‍ത്തി വച്ച കേസുകളുടെ കൂമ്പാരം അഴിക്കുന്നു.അപ്പോഴാണ്‌ അവര്‍ “മെരെറ്റ്” എന്ന യുവതിയുടെ തിരോധാനവും ആയി ബന്ധപ്പെട്ട കേസില്‍ എത്തി ചേരുന്നത്.ഒരു കപ്പല്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷ ആയ അവര്‍ ബുദ്ധി സ്ഥിരത ഇല്ലാത്ത സഹോദരനുമായുള്ള പ്രശ്നത്തില്‍ കടലില്‍ ചാടി മരിച്ചു എന്നതായിരുന്നു പോലീസ് റിപ്പോര്‍ട്ട്.സാക്ഷി മൊഴികളും ആ ഒരു വിശ്വാസത്തില്‍ എത്തി ചേരാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതായിരുന്നു.എന്നാല്‍ ആ കേസില്‍ അസ്വാഭാവികം ആയി എന്തോ ഉണ്ടെന്നു മനസ്സിലാക്കുന്ന കാര്‍ള്‍ ആ കേസ് അന്വേഷിച്ചു തുടങ്ങുന്നു.കൂട്ടിനായി അസാദും.എന്നാല്‍ മേല്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലിക്ക് വിലങ്ങു തടി ആകുന്നു.കാര്‍ലിന്റെ സംശയങ്ങള്‍ ശരി ആയിരുന്നോ?മെരറ്റിനു ആ യാത്രയില്‍ എന്താണ് സംഭവിച്ചത്?അവര്‍ ആത്മഹത്യയില്‍ അഭയം തേടിയിരുന്നോ?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കി സിനിമ നല്‍കും.

  “ജുസ്സി ആള്ടെര്‍ ഒള്സന്റെ” നോവലിനെ ആസ്പദം ആക്കി നിര്‍മിച്ചിരിക്കുന്ന ഈ ചിത്രം 2013 ലെ ഡാനിഷ് ചിത്രങ്ങളിലെ ഏറ്റവും പണം വരി പടം ആയിരുന്നു.നിഗൂഡത ആണ് ഈ ചിത്രത്തിന്‍റെ കാതല്‍.അതിലൂടെ ഉള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.സാഹസികനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പലപ്പോഴും തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യും.എന്നാല്‍ കൂടെ വിവേക ബുദ്ധി ഉള്ള ഒരാള്‍ കൂടി ഉണ്ടെങ്കിലോ?സ്കാണ്ടിനെവിയന്‍ പശ്ചാത്തലത്തില്‍ മെനഞ്ഞെടുത്ത ഈ ചിത്രം ത്രില്ലര്‍ സിനിമ പ്രേമികള്‍ക്ക് ഒരു നല്ല അനുഭവം ആണ്.

More reviews @ http://www.movieholicviews.blogspot.com

163.MUNNARIYIPPU(MALAYALAM,2014)

163.MUNNARIYIPPU(MALAYALAM,2014),Dir:-Venu,*ing:-Mammootty,Aparna Gopinath.

സി കെ രാഘവന്‍;ജീവിതത്തില്‍ അയാള്‍ക്ക്‌ കുറെയേറെ കാഴ്ചപ്പാടുകള്‍ ഉണ്ട്.പലതും രസകരവും ചിന്തിപ്പിക്കുന്നതുമാണ്.എന്നാല്‍ അയാള്‍ ജീവിതത്തിലെ സ്വാതന്ത്ര്യം ജയില്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ്.അയാളുടെ കാഴ്ചപ്പാടുകള്‍ അതിനെ ശരി വയ്ക്കുകയും ചെയ്യുന്നുണ്ട്.ജീവിതത്തില്‍ ,അയാള്‍ ചെയ്തു എന്ന്‍ നിയമം വിധി എഴുതിയ രണ്ട് കൊലപാതകങ്ങള്‍ എന്നാല്‍ അയാള്‍ക്ക്‌ ഒരു ഇരയുടെ മുഖഭാവം ആണ് നല്‍കിയത്.താന്‍ ആ കൊലപാതകങ്ങള്‍ ചെയ്തില്ല എന്ന് പറയുമ്പോള്‍ സഹതാപം അയാള്‍ അര്‍ഹിക്കുന്നു എന്ന് പ്രേക്ഷകന് തോന്നും.പലപ്പോഴും നിഷ്ക്കളങ്കന്‍ ആയ അയാള്‍ ആ പാതകങ്ങള്‍ ചെയ്തില്ല എന്ന് പലരും കരുതുന്നു.അഞ്ജലി അറക്കല്‍ എന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകയ്ക്കും അങ്ങനെ തോന്നുന്നു.കാശിനോട് ആഗ്രഹം ഉള്ള നവ മാധ്യമ പ്രവര്‍ത്തക ആണ് അഞ്ജലി.അവരുടെ മേച്ചില്‍പ്പുറങ്ങള്‍ മാധ്യമ ധര്‍മ്മം,പ്രൊഫഷനല്‍ എത്തിക്ക്സ് എന്നിവയില്‍ നിന്നും അകലെയാണ് പലപ്പോഴും.അതിന്‍റെ മറു വശം കാണിക്കാന്‍ ആണ് ചന്ദ്രാജി എന്ന കഥാപാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.ഒരു പകരം എഴുത്തുകാരി ആയാണെങ്കിലും അല്‍പ്പം പുത്തന്‍ കിട്ടിയാല്‍ മതി എന്ന് കരുതുന്ന ഒരാള്‍ ആണ് അഞ്ജലി.ഒരിക്കല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വേണ്ടി അയാളുടെ ആത്മകഥ എഴുതാന്‍ അഞ്ജലിയ്ക്ക് അവസരം ലഭിക്കുന്നു.

  വിരസമായ ഒരു സര്‍വീസ് കഥയേക്കാളും അവരെ ആകര്‍ഷിച്ചത് അവിടെ കണ്ടു മുട്ടിയ സി കെ രാഘവന്‍ എന്ന ജയില്പ്പുള്ളിയെ കുറിച്ചുള്ള അറിവായിരുന്നു.ജീവപര്യന്തം അവസാനിച്ചിട്ടും ജയില്‍ വിട്ടു പോകാന്‍ മനസ്സിലാത്ത ഒരാള്‍.ഒരു കുറ്റവാളി എന്ന് തന്നില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് ഒഴികെ മറ്റൊരിക്കലും കുറ്റം സ്ഥാപിക്കാന്‍ കഴിയാത്ത വ്യക്തിത്വം ആയിരുന്നു അയാള്‍ക്ക്.അയാളുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഞ്ജലി ശ്രമിക്കുന്നു.രാഘവന്‍ സ്വാതന്ത്ര്യം ഒരിക്കലും ആഗ്രഹിക്കുന്നില്ല.അയാള്‍ പുറത്തേക്കു ഇറങ്ങിയാല്‍ തന്റെ ജീവിതം എന്താകും എന്ന് സംശയിക്കുന്നും ഉണ്ട്.എന്നാല്‍ അഞ്ജലി അയാളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.വ്യക്തമായ ആശയങ്ങള്‍ തന്‍റെ ഡയറിയില്‍ കുറിച്ചിട്ടിരുന്ന അയാള്‍ ബുദ്ധിജീവി ചമയുന്ന പുറം ലോകത്തിന് ഒരു അത്ഭുതം ആയിരുന്നു.അത് അയാളുടെ വിജയം ആയി മാറുന്നു.രാഘവനും അയാളുടെ ആശയങ്ങളും പ്രശസ്തി നേടുന്നു.പതിയെ പൊയ്ക്കൊണ്ടിരുന്ന ഒരു കഥ അവിടെ നിന്നും മാറുന്നു.നമ്മള്‍ രാഘവനെ പിന്നെ കാണുന്നത് വ്യത്യസ്തമായ മറ്റൊരു മുഖത്തില്‍ ആണ്.അയാള്‍ സ്വാത്യന്ത്ര്യത്തിന്റെ ലോകം ആഗ്രഹിക്കുന്നില്ല എന്ന് തോന്നി പോകും പലപ്പോഴും.പ്രത്യേക രീതിയില്‍ വിരലുകള്‍ പിണഞ്ഞ് അയാള്‍ സമയം കളയുന്നു.എന്നാല്‍ അയാളുടെ മുന്നില്‍ ഉള്ള സമയം വളരെയധികം കുറവും ആണ്.അയാള്‍ക്ക്‌ പുറം ലോകത്തിന്‍റെ സ്വാതന്ത്ര്യം എന്ത് കൊണ്ട് ഇഷ്ടം ആകുന്നില്ല എന്നതിനുള്ള ഉത്തരം ആണ് സംവിധായകന്‍ വേണുവും കഥാകൃത്ത്‌ ഉണ്ണി ആറും അവതരിപ്പിക്കുന്നത്‌.

  വ്യത്യസ്തമായ ഒരു പ്രമേയം ആണ് ഈ ചിത്രത്തിന്.സമീപക്കാലത്ത് മമ്മൂട്ടി എന്ന നടനെ ചൂഷണം ചെയ്ത ചിത്രം എന്ന് പറയാം.പ്രത്യേകിച്ചും ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഒരു നടന്‍ എന്നതില്‍ നിന്നും മികച്ച നടന്‍ ആണ് താന്‍ എന്ന് മമ്മൂട്ടി ലോകത്തോട്‌ പറയുന്നത് പോലെ തോന്നി.മദ്യപിച്ചു വരുമ്പോള്‍ അയാളുടെ ഭാവം ഗംഭീരം ആയിരുന്നു.ഒരു സ്വാഭാവിക മദ്യപാനിയെ പോലെ തന്നെ.സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകനും അത്തരം ഒരു അവസ്ഥയില്‍ ആകാന്‍ സാധ്യത ഉണ്ട്.രണ്ടു തരത്തില്‍;ഒരു പക്ഷേ അവസാനം വ്യക്തമായി മനസ്സിലാകാത്ത പ്രേക്ഷകന്‍.അത്തരം പ്രേക്ഷകര്‍ ഈ സിനിമയെ കൂവും.കാരണം ഇത് മലയാള സിനിമയുടെ രീതി അല്ല.എന്തും വായില്‍ കോരി തന്നാലേ മലയാളി പ്രേക്ഷകന്‍ സ്വീകരിക്കൂ “Enemy” എന്ന ഇംഗ്ലീഷ് സിനിമയിലെ കഥാസൂചികയുടെ പുറകെ അവന്‍ പോവുകയും ചെയ്യും.എന്നാല്‍ അത്രയൊന്നും തല പുകയ്ക്കണ്ട ഈ ചിത്രത്തെ കുറിച്ച് അറിയാന്‍.സി കെ രാഘവന്‍ എന്താണ് എന്ന് സിനിമയുടെ ഇടയ്ക്ക് വച്ച് പ്രേക്ഷകനെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട് അത് മനസ്സിലായാല്‍ സിനിമയുടെ അവസാനവും മനസ്സിലാകും.ആ തിരിച്ചറിവ് നമ്മില്‍ ഉണ്ടാക്കുന്നത്‌ ഒരു തരം മരവിപ്പ് ആണ്.തീര്‍ച്ചയായും ചിലരെ എങ്കിലും വേട്ടയാടുന്ന ഒരു ക്ലൈമാക്സ്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5

More reviews @ http://www.movieholicviews.blogspot.com

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014)

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014),Dir:-R.Parthiepen,*ing:-Santhosh Prathap,Akhila Kishore and more..

“ഇന്ത്യന്‍ സിനിമയിലെ ധീരമായ ഒരു പരീക്ഷണ ചിത്രം.”

നിര്‍മാതാവിന്താ കാശ്ന്‍ തിരികെ കൊടുക്കാന്‍ പാകത്തില്‍ ഒരു സിനിമ കഥ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന പുതുമുഖ സംവിധായകന്‍ താന്‍ അവതരിപ്പിക്കുന്ന കഥ സിനിമ ആകുമോ എന്ന പ്രതീക്ഷ വരെ നീളുന്നു ഈ ചിത്രം. അവതരിപ്പിക്കുന്ന സിനിമയില്‍ കഥയില്ല എന്ന് അവകാശപ്പെട്ടു ഒരു സംവിധായകന്‍ മുന്നോട്ടു വരുക.അത് ഒരു സിനിമയാക്കുക.കെട്ടിഘോഷിച്ചു വരുന്ന ചിത്രങ്ങള്‍ കഥയില്ലായ്മയില്‍ വലയുമ്പോള്‍ കഥയില്ലായ്മയില്‍ നിന്നും ഒരു കഥ മെനഞ്ഞെടുക്കുക എന്ന സാഹസം ആണ് പാര്‍ഥിപന്‍ നടത്തിയിരിക്കുന്നത്.തമിഴ് സിനിമയില്‍ തന്റേതായ ഒരു അഭിനയ ശൈലി അവതരിപ്പിച്ച നടന്‍ എന്നാല്‍ തന്റെ പന്ത്രണ്ടാമത്തെ സിനിമ സംവിധാനം ചെയ്തപ്പോള്‍ സിനിമയില്‍ മിന്നി മറിഞ്ഞ കുറെയധികം താരങ്ങള്‍ക്കിടയില്‍ ഒരാളായി മാറി.നാടകത്തില്‍ ഒക്കെ  അവതരിപ്പിക്കുന്ന ഒരു സൂത്രധാരന്റെ റോള്‍ ആയിരുന്നു ഇതില്‍ അദ്ദേഹത്തിന്.എന്നാല്‍ സിനിമയ്ക്കുള്ളിലെ സാഹചര്യങ്ങള്‍ ആണ് ഇദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ശരിക്കും ചര്‍ച്ച ചെയ്യുന്നത് മാറിയ സിനിമ പ്രേക്ഷകരെയും എന്നാല്‍ മാറാന്‍ അധികം ആഗ്രഹിക്കാത്ത സിനിമാ പ്രവര്‍ത്തകരെയും ആണ്.ചെറിയ മാറ്റങ്ങള്‍ നടത്താന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഒരു പരീക്ഷണ ചിത്രം പലപ്പോഴും മുഖ്യധാര സിനിമയില്‍ നമുക്ക് അന്യമാണ്.അവിടെയാണ് പാര്‍ഥിപന്‍ എന്ന സംവിധായകന്റെ ധൈര്യം പ്രശംസിക്കപ്പെടുന്നത്.

   ഒരു സിനിമ ഇറങ്ങുമ്പോള്‍ ആധികാരികമായി അതിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഒരു സിനിമ സമൂഹമാണ് നമുക്ക് ഇന്നുള്ളത്.സിനിമ തുടങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ തനിക്കു ആവശ്യമുള്ള കഥാതന്തു ലഭിക്കാത്ത പ്രേക്ഷകര്‍ പലപ്പോഴും സിനിമയെ കുറിച്ച് മോശമായി അഭിപ്രായം പറയുന്നു.എന്നാല്‍ വിദേശ സിനിമ സംവിധായകര്‍ ചിലപ്പോള്‍ എങ്കിലും പ്രേക്ഷകന് ചിന്തിക്കാന്‍ ഉള്ള അവസരം അവരുടെ സിനിമയില്‍ കൊടുക്കാറുണ്ട്.എന്നാല്‍ നമ്മുടെ സിനിമ മേഘലയില്‍ ഇത് തീര്‍ത്തും അന്യമാണ്.പ്രധാനമായും അത്തരം ഒരു അവസരത്തില്‍ കഥ മുഴുമിപ്പിക്കാന്‍ സാധിച്ചില്ല എന്ന് പരിതപിക്കുന്ന പ്രേക്ഷകര്‍ ആണ് ഇവിടെ.എന്നാല്‍ അടുത്ത സീന്‍ എന്താണ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്  “തമിഴ്” എന്ന സഹ സംവിധായകന്‍ തന്‍റെ സംവിധായകന്‍ ആയുള്ള  പ്രഥമ സംരംഭത്തില്‍ കഥ ആക്കാന്‍ തീരുമാനിക്കുന്നത്.തന്റെ സിനിമകള്‍ ഒരിക്കലും കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക്‌ ഉതകുന്നതു അല്ല എന്ന് മനസ്സിലാക്കിയ തമിഴ് തനിക്കു ആവശ്യം ഉള്ളവരുമായി സിനിമയുടെ പ്രാരംഭ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നു.സിനിമയില്‍ 48 കൊല്ലമായിട്ടും ഒന്നും ആകാന്‍ സാധിക്കാത്ത “സീനു” മുതല്‍ സിനിമയില്‍ കഥ മോഷ്ടിച്ച് സംവിധായകന്‍ ആകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം വരെ ഉണ്ട്.തമിഴ് തന്‍റെ ഭാര്യയായ “ദക്ഷ”യോടൊപ്പം ആണ് താമസം.എന്നാല്‍ ഒരു കഥ തമിഴിന് കിട്ടുന്നില്ല.എന്നാല്‍ ഒരിക്കല്‍ തന്റെ ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ തമിഴിനു സമ്മാനിച്ചത്‌ ഒരു സിനിമ കഥയാണ്.അയാളുടെ ആഗ്രഹം പോലെ ഉള്ള ഒരെണ്ണം.കുടുംബ ജീവിതത്തിലും പിന്നെ താന്‍ അറിയാതെ തന്നെ ചുറ്റുന്ന ഒരു അന്തരീക്ഷത്തിലും ഒരു കഥ ജനിക്കുന്നു .

  എന്നാല്‍ ആ കഥ സിനിമയിലേക്ക് അടുക്കാന്‍ കടമ്പകള്‍ ഏറെ ആണ്.ജീവിത പ്രശ്നങ്ങളും ,മാനുഷിക വികാരങ്ങളും എല്ലാം ഇതില്‍ ഉണ്ട്.പാര്തിപന്‍ ഇടയ്ക്ക് തന്‍റെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ മാറ്റുന്നുമുണ്ട്.ചുരുക്കത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയിലെ സിനിമ.അതാണ് കഥൈ തിരക്കഥൈ വസനം ഇയക്കം എന്ന സിനിമയുടെ ഇതിവൃത്തം.”ജിഗര്‍തണ്ട” എന്ന സിനിമയ്ക്ക് ശേഷം  മറ്റൊരു പരീക്ഷണ ചിത്രം കൂടി തമിഴില്‍ ലക്‌ഷ്യം കണ്ടിരിക്കുന്നു.നന്നായി ഇത് മലയാളത്തില്‍ വരാതിരുന്നത്.നമ്മള്‍ ഇതിനെ കീറി മുറിച്ചു പുചിക്കുമായിരുന്നു ഒരു പക്ഷേ.ഒരു സിനിമ കാഴ്ച എന്നതില്‍ ഉപരി ഒരു സിനിമയുടെ കഥയിലേക്കുള്ള പ്രവേശനം ആണ് ഈ ചിത്രത്തില്‍ ഉള്ളത്.തമിഴ് സിനിമയിലെ പല പ്രമൂഖരും പുതുമുഖങ്ങള്‍ നായക-നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയില്‍ ഉണ്ട്.തമിഴ് സിനിമയിലെ സ്ഥിരം ക്ലീഷകളെ തന്റെ സ്വാഭാവിക രീതിയില്‍ വിമര്‍ശിക്കുകയും പാര്തിപന്‍ ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് ഒരു കഥ ഇല്ലാത്ത സിനിമ തീര്‍ച്ചയായും കാണണം എന്ന് ഞാന്‍ പറയില്ല.എന്നാല്‍ കാണാതെ ഇരുന്നാല്‍ ഒരു പക്ഷേ ഈ സിനിമ അവതരിപ്പിക്കുന്ന പരീക്ഷണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റില്ല.എന്തായാലും  സൂപ്പര്‍ താര സിനിമയോടൊപ്പം ഇറങ്ങി നല്ല അഭിപ്രായം പിടിച്ചു പറ്റുക ഒരു ചെറിയ ചിത്രത്തിന് അസാധ്യമാണ്.എന്നാല്‍ താരങ്ങളെക്കാളും തന്‍റെ ഭാവനയ്ക്ക് പാര്‍തിപന്‍ നല്‍കിയ വിശ്വാസം സിനിമയുടെ വിജയത്തില്‍ തന്നെ അവസാനിച്ചു.

More reviews @ http://www.movieholicviews.blogspot.com

161.THE NIGHT OF THE SUNFLOWERS(SPANISH,2006)

161.THE NIGHT OF THE SUNFLOWERS(SPANISH,2006),|Thriller|Crime|,Dir:-Jorge Sanchez Carbezudo,*ing:-Carmelo Gomez,Judith Diakathe.

   കഥാപാത്രങ്ങളെ പലതായി വിഭജിച്ച്‌ അവര്‍ കണ്ടു മുട്ടുന്ന സ്ഥലത്തേക്ക് കൊണ്ട് വരുന്ന ഒരു പ്രത്യേക ശൈലി ആണ് 2006 ല്‍ ഇറങ്ങിയ ഈ സ്പാനിഷ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.കുറച്ചു ആളുകളുടെ ജീവിതം അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ മാറിമറിയുന്നു.കുറ്റവാളി ആരെന്നുള്ള സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി കുറ്റം ആരോപിക്കപ്പെടുന്നവരും അവര്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും അതിനെ ചുറ്റിപ്പറ്റി ഉള്ള  സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തില്‍.ഗുഹകളെയും അവയുടെ പ്രത്യേകതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന “സ്പീലിയോലജിസ്റ്റ്” ആണ് “എസ്ടബാന്‍”.”ബേണി” എന്ന ഒരു ഗ്രാമീണ യുവാവിന്‍റെ അഭിപ്രായത്തില്‍ അവന്‍ കണ്ടു പിടിച്ച ഗുഹയുടെ പിന്നില്‍ ഉള്ള രഹസ്യങ്ങള്‍ അറിയാന്‍ ആണ് എസ്ടബാന്‍ ആ ഗ്രാമത്തില്‍ എത്തുന്നത്‌.ആ ഗുഹയ്ക്ക് ചുറ്റും ഉള്ള സ്ഥലത്ത് പല കാരണങ്ങള്‍ കൊണ്ട് ജനവാസം കുറഞ്ഞ ഒരു ഗ്രാമം ആണുള്ളത്.അവിടത്തെ ഏക  അന്തേവാസിയാണ് വൃദ്ധനായ “സെസിലിയോ”.ഒരിക്കലും ആ ഗ്രാമം വിട്ടു പോകില്ല എന്ന് പ്രതിജ്ഞ എടുത്ത ആള്‍.പുതുതായി കണ്ടെത്തിയ ഗുഹയ്ക്ക് തന്‍റെ പേര് നല്‍കണം എന്ന് ബേണി ആഗ്രഹിക്കുമ്പോള്‍ ആ സ്ഥലം ഒരു വിനോദ സഞ്ചാരകേന്ദ്രം ആക്കാന്‍ ആണ് അവിടത്തെ മേയറുടെ ആലോചന.ഈ ഒരു ലക്ഷ്യത്തോടെ ആണ് എസ്ടബാന്‍ അവിടെ എത്തുന്നത്‌.എസ്ടബാനു കൂട്ടായി അയാളുടെ സഹായി “പെദ്രോയും” ഭാര്യയായ “ഗബിയും” ഉണ്ട്.

        എന്നാല്‍ അവിടെ വച്ച് കുറച്ചാളുകളുടെ ജീവിതം തെറ്റും ശരിയും തമ്മില്‍ ഉള്ള വേര്‍തിരിവുകള്‍ തിരിച്ചറിയാന്‍ ആകാതെ മാറുന്നു.ഗുഹയിലേക്ക് കയറിയ എസ്ടബാനെയും പെദ്രോയെയും കാത്തിരുന്ന ഗബിയ്ക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ഭീകരമായ സ്വപ്നം ആയിരുന്നു.സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരന്‍റെ രൂപത്തില്‍ എത്തിയ ആ ദുരിതത്തില്‍ നിന്നും എന്നാല്‍ അവള്‍ കഷ്ട്ടിച്ചു രക്ഷപ്പെടുന്നു.വെള്ള ഷര്‍ട്ട്‌ ധരിച്ച ആ മനുഷ്യമൃഗത്തിന്റെ കാമാവേശം തീര്‍ക്കാന്‍ അയാള്‍ക്ക്‌ ആയില്ലെങ്കിലും ഗാബിയ്ക്ക് മുറിവേല്‍ക്കുന്നു.പിന്നീട് അവളെ കണ്ടെത്തിയ എസ്ടബാനും പെദ്രോയും തിരിച്ചെത്തി അവളെ രക്ഷിക്കുന്നു.എന്നാല്‍ അവരുടെ വഴിയില്‍ വീണ്ടും ഒരു വെള്ള ഷര്‍ട്ടുകാരന്‍ പ്രത്യക്ഷപ്പെടുന്നു.ഗബിയ്ക്ക് ഉറപ്പായിരുന്നു അയാള്‍ ആണ് തന്നെ ഉപദ്രവിച്ചത് എന്ന്.എസ്ടബാനും പെദ്രോയും അയാളെ പിന്തുടരുന്നു.അവര്‍ അയാളെ അപായപ്പെടുത്താന്‍ ശ്രമികുന്നെങ്കിലും അയാള്‍ സ്വയ പ്രതിരോധം തീര്‍ക്കുന്നു.അയാളുടെ പ്രത്യാക്രമണത്തില്‍ എസ്ടബാനും പെദ്രോയും പതറിയെങ്കിലും അവര്‍ അവരുടെ ശത്രുവിന് മേല്‍ വിജയം നേടുന്നു.അയാള്‍ മരണപ്പെടുന്നു.എന്നാല്‍ അവര്‍ മൂന്നു പേര്‍ക്കും അവിടെ ഒരു തെറ്റ് സംഭവിക്കുന്നു.ഇവിടെ ഇര സങ്കല്പം മാറ്റപ്പെടുന്നു.കഥാപാത്രങ്ങളുടെ വേഷങ്ങള്‍ക്ക് മാറ്റവും സംഭവിക്കുന്നു.അടുത്തതായി അവര്‍ തങ്ങളുടെ കുറ്റം ഏറ്റു പറയുന്ന പോലീസുകാരനായ തോമസിനും ഒരു കഥയുണ്ടായിരുന്നു.എന്നാല്‍ അയാള്‍ അവരുടെ തെറ്റില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു.ഇവിടെ വീണ്ടും വേട്ടക്കാരനും ഇരയും മാറുന്നു,

 ഇത്തരത്തില്‍ ഉള്ള ഒരുതരം സ്വഭാവത്തിലെ മാറ്റങ്ങളിലൂടെ ആണ് ഈ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.ഒരു നോവലിലെ അദ്ധ്യായങ്ങള്‍ പോലെ ആണ് ഈ സിനിമയുടെ സഞ്ചാരം.ആര്‍ക്കാണ് തെറ്റ് പറ്റിയത് ഇവിടെ?അതിന്റെ മുതലെടുപ്പ് നടത്തിയത് ആര് എന്നൊക്കെ ബാക്കി ചിത്രം അവതരിപ്പിക്കുന്നു.”ആമോസ്” എന്ന മാനസിക നില തെറ്റിയ  വൃദ്ധന്‍ ശരിക്കും എത്തിച്ചേരുന്നത് മിത്തുകളില്‍ ഉള്ള അയാളുടെ വിശ്വാസം കൂട്ടുന്ന ഒരു അവസ്ഥയിലേക്ക് ആണ്.ഇവിടെ അയാള്‍ക്ക് അറിവില്ലാത്ത ഒരു സംഭവം ചെയ്തത് താന്‍ ആണെന്ന് കരുതുന്നു.അത് തെളിയിക്കാന്‍ അയാള്‍ ശ്രമിക്കുന്നും ഉണ്ട്.ഒരു ത്രില്ലര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളുടെ ജീവിതം പല ഭാഗത്ത്‌ നിന്നും അവതരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ഒരു നിഗൂഡത കൈവരും എന്ന് തോന്നുന്നു;വിഷയം എത്ര നിസ്സാരം ആണെന്ന് തോന്നുന്ന ഒരു അവസ്ഥയില്‍ പോലും.വ്യത്യസ്തമായ ഒരു ത്രില്ലര്‍ സിനിമ അനുഭവം ആയി തോന്നി “സൂര്യകാന്തി പൂക്കളുടെ ആ രാത്രി”.

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started