160.ANAND MATH(HINDI,1952)

160.ANAND MATH(HINDI,1952),Dir-:Hemen Gupta,*ing:-Prithviraj Kapoor,Ranjana ,Pradeep Kumar.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അഭ്രപാളികളില്‍ നിറം ചാലിച്ച് രചിച്ചപ്പോള്‍ ദേശ സ്നേഹത്തിന്‍റെ തീവ്രമായ വൈകാരികത ഉണര്‍ത്തുന്ന ചില ചിത്രങ്ങള്‍ നമുക്കുണ്ടായി.ഐതിഹാസിക സമര  ചരിത്രത്തിലെ മറന്നു പോയ ഏടുകള്‍ പലപ്പോഴും ഒരല്‍പം അതിഭാവുകത്വത്തോടെ ആണെങ്കിലും വെള്ളിത്തിരയില്‍ നമുക്ക് കാണാന്‍ സാധിച്ചിരുന്നു.എന്നാല്‍ അവ പലപ്പോഴും നമ്മില്‍ അസാധാരണമായ ഒരു ദേശീയ വികാരം നിറച്ചിരുന്നു.സ്വാതന്ത്ര സമരം മാത്രമല്ല ദേശിയതയും ദേശിയ ചിഹ്ന്നങ്ങളും കളികളും എല്ലാം പ്രമേയമായി വന്ന സിനിമകള്‍ ഇത്തരം വികാരങ്ങള്‍ ആളി കത്തിക്കുക പോലും ചെയ്തു പലപ്പോഴും.അത് തെരുവുകളിലേക്ക്‌ ഇറങ്ങിയില്ലെങ്കില്‍ കൂടിയും യുവാക്കളുടെ ഇടയില്‍ ചെറിയ ഒരു ദേശിയത ബോധം ജ്വലിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.സ്വാതന്ത്ര്യ സമരത്തിന്‍റെ സമയം വിദേശ ശക്തികള്‍ക്ക് എതിരെ പോരാടാന്‍ ആളുകളെ പ്രാപ്തരാക്കാനും സമരമുഖങ്ങളിലേക്ക് ജനങ്ങളെ /എത്തിക്കാനും അക്കാലത്തെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു.തൂലിക പടവാളാക്കിയ ആ പ്രതിഭകള്‍ പാകിയ സ്വാതന്ത്ര്യത്തിനായുള്ള വിത്തുകള്‍ മുളച്ച് പാകമായപ്പോള്‍  അവിടെ ഇന്ത്യന്‍ മഹാരാജ്യത്തിന്റെ  വൈദേശിക അധിനിവേശത്തിന്റെ അവസാനം ആയിരുന്നു പിറന്നത്‌.ഭാരതത്തിന്‍റെ ദേശിയ ഗീതമായ “വന്ദേ മാതരം” ആദ്യം അവതരിപ്പിക്കപ്പെട്ട ബങ്കീം ചന്ദ്ര ചാറ്റര്‍ജിയുടെ “ആനന്ദ മഠം ” എന്ന ബംഗാളി നോവലും ഇത്തരത്തില്‍ ഒന്നായിരുന്നു.

  1857 ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന്‌ ഏറെക്കാലം മുന്‍പ് നടന്ന ഫക്കീര്‍-സന്യാസി പോരാട്ടങ്ങളെ കുറച്ചു ആളുകള്‍ എങ്കിലും സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത  ആദ്യ യോജിച്ച പോരാട്ടം ആയി കരുതുന്നു.എന്നാല്‍ ആത്മീയതയില്‍ ഊന്നിയുള്ള ആ പോരാട്ടങ്ങള്‍ക്ക് പലപ്പോഴും ജന പിന്തുണ ലഭിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.മറിച്ചാണെങ്കില്‍ കൂടിയും ബ്രിട്ടീഷുകാര്‍ ആ സമര നായകന്മാരെ കൊള്ളക്കാരായി ആണ് അവതരിപ്പിച്ചത്.ഹിന്ദു സന്യാസിമാരും മുസ്ലീം ഫക്കീരുകളും നടത്തിയ ആ പോരാട്ടങ്ങള്‍ സാമ്രാജ്യ ശക്തിയെ കുറച്ചൊന്നും അല്ല ഭയപ്പെടുത്തിയത്.ചരിത്രം എഴുതപ്പെട്ടപ്പോള്‍ ഒരു പക്ഷേ അവരെ കൊള്ളക്കാരായി ചിത്രീകരിച്ചതും ആകാം.1952 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട “ആനന്ദ് മഠം” നോവലിന്റെ ചലച്ചിത്ര ഭാഷ്യം ആണ് അതേ പേരില്‍ ഉള്ള ചിത്രവും.ഹേമന്‍ ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിത്വിരാജ് കപൂര്‍,പ്രദീപ്‌ കുമാര്‍,ഭരത് ഭൂഷന്‍,രഞ്ജന തുടങ്ങിയവര്‍ ആയിരുന്നു പ്രധാന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കറുപ്പിലും വെളുപ്പിലും തിരശ്ശീലയില്‍ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം സ്വാതന്ത്ര്യ സമര ചരിത്രം കൂടാതെ അന്നത്തെ സാമൂഹിക പരിസ്ഥിതികളിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ട്.അവയില്‍ പലതും ഇന്നത്തെ കാലത്തും പ്രസക്തം ആണെന്നതും ശ്രദ്ധേയം ആണ്.

   പ്ലാസ്സി യുദ്ധം കഴിഞ്ഞു 20 വര്‍ഷം ആയപ്പോള്‍ ഉള്ള ഭാരതത്തിലെ അവസ്ഥ ആണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.ആത്മീയതയില്‍ ഊന്നിയുള്ള ജീവിതം നയിച്ചിരുന്നവരെ  കള്ളന്മാരാക്കി ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ച ആ സമരത്തിന്‍റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ ആണ് ഈ ചിത്രത്തിന്‍റെ ശ്രമം എന്ന് ആമുഖത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.ദാരിദ്ര്യവും,ദുരിതങ്ങളും ജനങ്ങളെ വേട്ടയാടി.വര്‍ദ്ധിപ്പിച്ച നികുതികള്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കി.ജനങ്ങളില്‍ പകുതിയും പകര്‍ച്ചവാധിയും രോഗങ്ങളും മൂലം മരണപ്പെടുന്നു.ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ മൃഗതുല്യവും.സ്വന്തം വീട്ടിലെ സ്ത്രീകളെ വിറ്റാല്‍ പോലും ഒരു പിടി ധാന്യം വാങ്ങാനാവാത്ത അവസ്ഥ.ഭൂനികുതി പിരിക്കാന്‍ ഉള്ള അവകാശം നവാബ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തീറെഴുതി കൊടുത്തിരുന്നു.കമ്പനിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു കളിപ്പാവയെ പോലെ ഭരണം നടത്തിയ നവാബ് തന്‍റെ സുഖങ്ങള്‍ക്ക് മാത്രമായി ജീവിച്ചു.മറ്റൊന്നും അയാളുടെ മുന്നില്‍ പ്രശ്നങ്ങള്‍ അല്ലായിരുന്നു.എന്നാല്‍ ഒരു കാലത്ത് ബംഗാളിലെ ഏറ്റവും സമ്പന്നന്‍ ആയ രാജാ മഹേന്ദ്ര സിന്ഘും കുടുംബവും കമ്പനിക്കു കപ്പം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ അധികാരം നഷ്ടപ്പെടുന്നു.കുട്ടിക്ക് നല്‍കാന്‍ പാല്‍ പോലും വാങ്ങാന്‍ ഉള്ള അവസ്ഥയില്‍ അല്ലായിരുന്നു അവര്‍.രാജാവും പോലും ഭിക്ഷക്കാരന്‍ ആയ സമയം.

  ഒരു ഒഴിഞ്ഞ വീട്ടില്‍ തന്റെ ഭാര്യ കല്യാണിയും കുട്ടിയേയും ഇരുത്തിയത്തിനു ശേഷം രാജാ മഹേന്ദ്ര സിംഗ് കുട്ടിക്ക് പാല്‍ വാങ്ങാന്‍ ആയി പോകുന്നു.എന്നാല്‍ അവിടെ എത്തിയ പ്രാകൃതരായ ഒരു കൂട്ടം ആളുകള്‍ കല്യാണിയേയും മകളെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.അവരുടെ പിടിയില്‍ അകപ്പെടുന്ന രാജ്ഞിയും കുട്ടിയേയും ഗുരുദേവ് എന്ന സത്യാനന്ദ് സംരക്ഷിക്കുന്നു/സന്താന്‍ എന്ന സംഘടനയുടെ തലവന്‍ ആയിരുന്നു അദ്ദേഹം.നമ്മളെ കൊല്ലയടിക്കുന്നവരില്‍ നിന്നും സമ്പത്ത് തിരിച്ചു എടുക്കുകയും ജനങ്ങള്‍ക്ക്‌ അത് വീതിച്ചു നല്‍കുകയും ചെയ്തിരുന്നു അവര്‍. അത് പോലെ ഈസ്റ്റ് ഇന്ത്യ കമ്പനിയെ  പരാജയപ്പെടുത്താന്‍ അവര്‍  ശ്രമിക്കുകയും ചെയ്തിരുന്നു .രാജ മഹേന്ദ്ര സിംഗിനെ അന്വേഷിക്കാന്‍ തന്‍റെ അനുയായികളില്‍ പ്രമൂഖരായ ഭവാനന്ദിനെയും ജീവാനന്ദിനെയും നിയോഗിക്കുന്നു.മഹേന്ദ്ര സിംഗിന്‍റെ കൈ വശം തോക്ക് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭടന്മാര്‍ അദ്ധേഹത്തെ ബന്ദിയാക്കുന്നു.എന്നാല്‍ സത്യാനന്ദിന്റെ നിര്‍ദേശ പ്രകാരം ഭാവാനന്ദും ജീവാനന്ദും തങ്ങളുടെ “വന്ദേമാതരം” വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അദ്ധേഹത്തെ രക്ഷിക്കുന്നു.കല്യാണിയും മകളുമായി രാജാ മഹേന്ദ്രസിംഗ് വീണ്ടും കണ്ടു മുട്ടുന്നു .എങ്കിലും സ്വയ രക്ഷയ്ക്കായി കല്യാണി സൂക്ഷിച്ചിരുന്ന വിഷം അബദ്ധത്തില്‍ കുട്ടി കഴിക്കുന്നു.വിഷമം താങ്ങാന്‍ ആകാതെ കല്യാണിയും വിഷം കഴിക്കുന്നു.എന്നാല്‍ അതിനു മുന്‍പ് തന്നെ “സന്താന്‍” എന്ന സത്യാനന്ദ് ഗുരുവിന്‍റെ മാര്‍ഗങ്ങളിലും അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യങ്ങളിലും ആകൃഷ്ടരായിരുന്നു അവര്‍.തന്റെ മകളും ഭാര്യയും നഷ്ടപ്പെട്ട രാജ മഹേന്ദ്ര സിംഗ് സന്താനില്‍ അംഗമാകുന്നു.അദ്ദേഹം അവരുടെ അതി കഠിനമായ  പ്രതിജ്ഞ എടുക്കുന്നു.എന്നാല്‍ മരിച്ചെന്നു കരുതിയ റാണിയും കുട്ടിയും യഥാക്രമം ഭാവാനന്ദ്,ജീവാനന്ദ് എന്നിവരുടെ സംരക്ഷണയില്‍ പുറം ലോകം അറിയാതെ ജീവിക്കുന്നു.ജീവാനന്ദ് ആദ്യം വിവാഹം ചെയ്ത ശാന്തി തന്‍റെ ഭര്‍ത്താവിന്റെ ഒപ്പം ജീവിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു.എന്നാല്‍ സന്താന്‍ സംഘടനയുടെ കഠിനമായ നിയമങ്ങളില്‍ പ്രധാനം ആണ് ഒരാള്‍ അനുഷ്ടിക്കുന്ന ബ്രഹ്മചര്യം.അത് നഷ്ടപ്പെടുത്തുന്ന ആള്‍ പിഴയായി തന്‍റെ ജീവന്‍ തന്നെ നല്‍കണം.

  ഇതിലെ ശാന്തി എന്ന കഥാപാത്രം ഇക്കാലത്തെ ഇതൊരു പൗരനേയും പോലെ തന്നെ ചിന്തിക്കുന്നവല്‍ ആണ്.ഒരു പക്ഷേ കാലത്തിനു മുന്‍പ് സഞ്ചരിച്ച ചിന്തകള്‍ ആയിരുന്നു ശാന്തിക്ക്.തന്‍റെ ഭര്‍ത്താവ് അനുഷ്ടിക്കുന്നു എന്ന് പറയപ്പെടുന്ന ബ്രഹ്മച്ചര്യത്തെ അവള്‍ ചോദ്യം ചെയുന്നു.സത്യാനന്ദ ഗുരുവിനോട് തന്നെ ശാന്തി അത് തുറന്നു ചോദിക്കുന്നുണ്ട്.താന്‍ സമ്മതിച്ചില്ലായിരുന്നു എങ്കില്‍ ജീവാനന്ദ് ഈ സമരത്തില്‍ പങ്കെടുക്കില്ല എന്ന് അവര്‍ പറയുന്നു.അത് പോലെ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വാറന്‍ ഹേസ്ടിങ്ങ്സ് തന്‍റെ ഒപ്പം വരാന്‍ ശാന്തിയെ കഷനിക്കുമ്പോള്‍ അവര്‍ അയാളെ പരിഹസിക്കുകയും ചെയ്യുന്നു.ഭാരതത്തില്‍ തമ്മില്‍ അടിക്കൂടുന്ന നാട്ടു രാജ്യങ്ങളില്‍ നിന്നും ഭാരതീയരെ സംരക്ഷിക്കാന്‍ ആണ് അവര്‍ വന്നതെന്ന് പറയുമ്പോള്‍ ശാന്തി അയാളോട് പറയുന്നു.”ഞങ്ങളുടെ ഇടയില്‍ ഉള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മില്‍ തീര്‍ത്തു കൊള്ളാം.അതിന് പുറത്തു നിന്നുള്ള ആരുടേയും സഹായം ആവശ്യമില്ല”.അന്നത്തെ ഈ വാക്കുകള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗത്തും നടക്കുന്ന സംഭവങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാകും “ആനന്ദ് മഠം” കാലത്തിനു അതിതീതമായി ചിന്തിച്ച കൃതി ആണെന്നുള്ള വസ്തുത.അത് പോലെ തന്നെ രാജ്ഞി കല്യാണി തന്‍റെ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കുകയും അവര്‍ സ്വാഭിമാനം സംരക്ഷിക്കാന്‍ എടുക്കുന്ന നിലപാടുകളും ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ എന്ത് മാത്രം പ്രസക്തം ആണെന്നുള്ള കാര്യവും ചിന്തിക്കേണ്ടത് ആണ്.

  ചരിത്രത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ ഒന്നും അന്ന് നടന്ന ഈ പോരാട്ടങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.എന്നാല്‍ അതിനെ ആസ്പദമാക്കി എഴുതിയ കൃതിയും സിനിമയും ഇന്നും ചില സത്യങ്ങള്‍ നമ്മളോട് വിളിച്ചു പറയുന്നു.ഭാരതത്തെ വിഭജിച്ചത് സാമ്രാജത്യ ശക്തികളുടെ ഗൂഡാലോചനയുടെ ഭാഗം തന്നെ ആയിരുന്നു.അതിനായി നിലകൊണ്ട നേതാക്കന്മാരും ചിന്തിയ ചോരയുടെ കണക്കും ഇന്നും വര്‍ദ്ധിക്കുന്നു.രാജ്യം ഈ ആഗസ്റ്റ്‌ 15 ന് അറുപത്തിയെട്ടാം സ്വാതന്ത്ര ദിന വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്രതിനായി ആഘോരാത്രം ശ്രമിക്കുകയും ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടി തന്ന ധീരന്മാരെ ഓര്‍ക്കുകയും ചെയ്യാം.ജാതി-മതഭേദമെന്യ ആ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നമുക്ക് തുടരാം.

More reviews @ http://www.movieholicviews.blogspot.com

159.THE CALLING(ENGLISH,2014)

159.THE CALLING(ENGLISH,2014),|Thriller|,Dir:Jason Stone,*ing:-Susan Sarndon,Gil Bellows,Ellen Burstyn.

  ഡാര്‍ക്ക്‌ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “The Calling”.വിചിത്രമായ കുറച്ചു കൊലപാതകങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും ആണ് ഇ ചിത്രം അവതരിപ്പിക്കുന്നത്‌.കാനഡയിലെ “Fort Dundas” എന്ന വളരെയധികം സമാധാനപൂര്‍വമായ ചെറിയ പട്ടണത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചില കൊലപാതകങ്ങള്‍ വളരയധികം ദുരൂഹത ഉണര്‍ത്തുന്നു.ആദ്യ ശവശരീരം കഴുത്ത് മുറിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്.പ്രായമായ സ്ത്രീ ആയിരുന്നു ഇര.”ഡെലിയ” എന്ന ആ സ്ത്രീയുടെ സുഹൃത്തിന്‍റെ മകളയാ മധ്യവയസ്ക “ഹേസല്‍” ആയിരുന്നു ആ പട്ടണത്തിലെ പോലീസ് മേധാവി.ആദ്യം ഡെലിയയുടെ ശവ ശരീരം കാണുന്നതും ഹേസല്‍ തന്നെ ആയിരുന്നു.പ്രത്യക്ഷത്തില്‍ ആക്രമിച്ചുള്ള കൊലപാതകത്തിന്റെ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല.എന്നാല്‍ പിന്നീടുള്ള വൈദ്യ ശാസ്ത്ര പരിശോധനയില്‍ വിരലില്‍ ഏറ്റ ക്ഷതം കാണപ്പെടുന്നു.വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല എന്ന് അവരുടെ മകന്‍ പറയുന്നു.ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഒന്നില്‍ നിന്നും അവര്‍ വാങ്ങിച്ചു എന്ന് കരുതുന്ന മാലയുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിക്കുന്നു.എന്നാല്‍ ആ മാല കണ്ടെത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

   അല്‍പ്പ ദിവസത്തിന് ശേഷം അടുത്ത മരണവും സംഭവിക്കുന്നു.ശവശരീരത്തില്‍ നിന്നും വയര്‍ മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ ആയിരുന്നു ശവശരീരം കണ്ടെത്തിയത്.ഇത്തവണയും പ്രായമുള്ള ഒരാള്‍ തന്നെ ആയിരുന്നു കൊലപാതകിയുടെ ഇര.”മൈക്കില്‍ അല്‍മാന്‍” എന്ന് പേരുള്ള ആളുടെ ശരീരം കുതിരകളെ വളര്‍ത്തുന്ന സ്ഥലത്ത് നിന്നും ലഭിക്കുന്നു.ശാന്തമായ ഒരു പട്ടണത്തില്‍ പെട്ടന്നുണ്ടായ കൊലപാതകങ്ങള്‍ എല്ലാവരെയും കുഴയ്ക്കുന്നു.കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത് ഹേസല്‍ ആയിരുന്നു.കുറ്റകൃത്യങ്ങള്‍ കുറവായ ആ പട്ടണത്തില്‍ പോലീസ് ഉധ്യോഗസ്ഥരും കുറവായിരുന്നു.നിരന്തരമായ ആവശ്യപ്പെടലിനു ശേഷം അവിടെ പുതിയതായി വന്നത് സ്വന്തം ഇഷ്ടപ്രകാരം ആ സ്ഥലം തിരഞ്ഞെടുത്ത യുവാവായിരുന്നു.കുറച്ചു കൂടി മിടുക്കന്‍ ആയ ഒരു അന്വേഷണ ഉധ്യോഗസ്ഥനെ ആയിരുന്നു എന്നാല്‍ ഹേസല്‍ പ്രതീക്ഷിച്ചിരുന്നത്.അതിനു കാരണവും ഉണ്ടായിരുന്നു സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ ചില സ്ഥലങ്ങളില്‍ നടന്നതിന്റെ തെളിവുകള്‍ അവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്നു.എന്നാല്‍ തനിക്കുള്ള കുറച്ച് സൗകര്യങ്ങള്‍ വച്ച് പോലീസ് മേധാവി പോലും എഴുതി തള്ളിയ ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം ഹേസലിന്റെ ബാധ്യത ആകുന്നു.

  ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ കാരണം  എല്ലാവരില്‍ നിന്നും അകന്നു കഴിയാന്‍ ശ്രമിക്കുന്ന ഹേസലിനു എന്നാല്‍ ആ കേസ് തന്നില്‍ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.മരണങ്ങള്‍ കുഴയ്ക്കുമ്പോഴും ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ അവര്‍ വിജയിക്കുന്നു.മൃതദേഹങ്ങളില്‍ അതിനുള്ള സൂചനകള്‍ ബാക്കി വച്ചിരുന്നു കൊലപാതകങ്ങളില്‍.ഈ സമയത്താണ് തന്‍റേതായ രീതിയില്‍ അസുഖങ്ങളെ നേരിടുന്ന ഒരു ഡോക്റ്റര്‍ അവിടെ വരുന്നത്.രഹസ്യങ്ങളുടെ ചുരുളഴിയുന്നത് ബാക്കി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു ഡാര്‍ക്ക് ത്രില്ലര്‍ എന്ന നിലയില്‍ മുഴുവനായും ഈ ചിത്രം വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല.കാരണങ്ങള്‍, അധികമായി ഉപയോഗിക്കാത്ത കുറച്ചു കഥാപാത്രങ്ങളും ഇടയ്ക്കുള്ള പ്ലോട്ടില്‍ നിന്നും മാറിയുള്ള കഥ പറച്ചിലും ആയിരുന്നു.എന്തായാലും തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ എന്ന് ഇ ചിത്രത്തെക്കുറിച്ച് പറയാം.

More reviews @ http://www.movieholicviews.blogspot.com

   

158.JIGARTHANDA(TAMIL,2014)

158.JIGARTHANDA(TAMIL.2014),Dir:-Karthik Subbaraj,*ing:-Sidharth,Bobby Simha

   ഒരു കാലഘട്ടത്തില്‍ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ പൊതുവേ ഉള്ള അമാനുഷിക നായക കഥാപാത്രങ്ങളുടെയും കഥാ തന്തുവിന്റെയും പേരില്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടതാണ് തമിഴ് സിനിമ .പ്രധാനമായും ഒരേ അച്ചില്‍ വാര്‍ത്ത ഫോര്‍മുല ചിത്രങ്ങള്‍ ആയിരുന്നു അവരുടെ പോരായ്മ.ഒരു പക്ഷേ അക്കാലത്തെ കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഗമായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഈ ഒരു രൂപരേഖ പിന്തുടര്‍ന്നിരുന്നു.പ്രത്യേകിച്ചും ഭാരത സിനിമയുടെ ദക്ഷിണ മേഖല ഇത്തരം സിനിമകളുടെ ഒരു വലിയ മാര്‍ക്കറ്റ് ആയിരുന്നു.ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഒഴിച്ചാല്‍ വ്യത്യസ്തതയ്ക്കായി ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം.എന്നാല്‍ ഇത്തരം സിനിമകള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ സിനിമ വ്യവസായം പലയിടത്തും പരാജയപ്പെട്ടു തുടങ്ങി.ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രം നടന്നിരുന്ന കന്നഡ സിനിമ വ്യവസായം ഇന്നത്തെ അവസ്ഥയില്‍ ആയതിന് പുറകില്‍ അവിടത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വളരെ പ്രധാനമായ ഒരു പങ്കുണ്ട്.സമാന സാഹചര്യങ്ങളില്‍ ആയ തെലുഗ് സിനിമ എന്നാല്‍ പ്രേക്ഷകനെ നായക പരിവേശങ്ങളില്‍ പ്രതീക്ഷയൂന്നി മാത്രം അവതരിപ്പിച്ചു.അതില്‍ കുറെ വിജയിച്ചു എങ്കിലും പ്രേക്ഷകന്‍റെ ആസ്വാദനത്തെ അത് ബാധിച്ചു.എന്നാല്‍ ഇതിനും അപ്പുറം ചിന്താശേഷി ഉള്ള ഒരു കൂട്ടം ആളുകള്‍ തമിഴ്,മലയാളം സിനിമകളെ ഒരു പരിധി വരെ സംരക്ഷിച്ചു.തമിഴ്, എങ്കിലും കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക്‌ ലഭിച്ച വന്‍ മാര്‍ക്കറ്റ് അവരെ കുറച്ചു കൂടി വിശാലമായ് ക്യാന്‍വാസില്‍ സിനിമ എടുക്കാന്‍ പ്രേരിപ്പിച്ചു.അതിന്റെ ഇടയ്ക്ക് തന്നെ ചെറിയ മുടക്ക് മുതല്‍ ഉള്ള തമിഴ് സിനിമകളും വന്നിരുന്നു.അവയ്ക്ക് അത്രയധികം സ്ക്രീന്‍ സ്പേസ് കിട്ടിയില്ലെങ്കില്‍ പോലും ചിലതൊക്കെ നമ്മളും അംഗീകരിച്ചു.എന്നാല്‍  കുറച്ചു വര്‍ഷങ്ങളായി തമിഴ് സിനിമ കടന്നു പോകുന്നത് വലിയ മാറ്റങ്ങളിലൂടെ ആണ്.അത്തരം ഒരു സിനിമയാണ് “ജിഗര്‍ തണ്ട”.

  തമിള്‍ നാടില്‍ “മധുര” ഭാഗത്ത്‌ വളരെയധികം പ്രശസ്തമായിരുന്ന ജിഗര്‍ തണ്ട അത് നല്‍കുന്ന കുളിര്‍മയും സ്വാദും കാരണം പ്രശസ്തമായിരുന്നു.അത്തരം ഒരു കുളിര്‍മ ആണ് ഈ ചിത്രവും നമുക്ക് നല്‍കുന്നത്.കഥ ആരംഭിക്കുന്നത് ഒരു റിയാലിറ്റി ഷോയുടെ ഭാഗങ്ങള്‍ കാണിച്ചു കൊണ്ടാണ്.മികച്ച സംവിധായകനെ തിരഞ്ഞെടുക്കാന്‍ ഉള്ള ആ മത്സരത്തില്‍ എന്നാല്‍ കാര്‍ത്തിക് എന്ന യുവാവിന്റെ സിനിമ മോശം ആണെന്ന് ജഡ്ജ് ആയ സീനിയര്‍ സംവിധായകന്‍  പറയുന്നു.അയാള്‍ കാര്‍ത്തിക്കിനെ മത്സരത്തില്‍ നിന്നും പുറത്താക്കുന്നു.എന്നാല്‍ മറ്റൊരു വിധികര്‍ത്താവായ നിര്‍മാതാവ് കാര്‍ത്തിക് ആ മത്സരത്തില്‍ നിന്ന് പുറത്തായാലും താന്‍ അടുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ സംവിധായകന്‍ കാര്‍ത്തിക് ആണെന്ന് വാക്ക് കൊടുക്കുന്നു.എന്നാല്‍ പ്രതീക്ഷയോടെ പിറ്റേ ദിവസം നിര്‍മ്മാതാവിനെ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ പോയ കാര്‍ത്തിക്കിന്റെ കഥ ഒന്നും അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല.അയാള്‍ തനിക്കു വേണ്ടത് രക്തം ചിന്തുന്ന ഗുണ്ടകളുടെ ജിവിത കഥ ആണെന്ന് പറയുന്നു.കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ അയാള്‍ അങ്ങനെ പറഞ്ഞതാണെങ്കിലും കാര്‍ത്തിക് അതില്‍ വിശ്വസിച്ച് ഒരു പുതിയ കഥ ചെയ്യാന്‍ തീരുമാനിക്കുന്നു.ഒരു യഥാര്‍ത്ഥ ഗുണ്ടയുടെ കഥ എഴുതാന്‍ കാര്‍ത്തിക് നിശ്ചയിക്കുന്നു.കഥ എഴുതാന്‍ പറ്റിയ ഗുണ്ടയെ അന്വേഷിച്ചു നാടന്നപ്പോള്‍ മധുരയില്‍ ഉള്ള അസാല്‍റ്റ്‌ സേതു എന്ന ഗുണ്ടയെ കുറിച്ച് കേള്‍ക്കുന്നത്.രക്തം കണ്ടു അരുപ്പു വരാത്ത അയാളുടെ ജീവിതം പഠിക്കാന്‍ കാര്‍ത്തിക് മധുരയിലേക്ക് തിരിക്കുന്നു.ഊരണി എന്ന പഴയ സുഹൃത്തിന്‍റെ കൂടെ കാര്‍ത്തിക് താമസിക്കുന്നു.കാര്‍ത്തിക് കഥ എഴുതി തുടങ്ങുന്നു.എന്ത് സഹായത്തിനായി ഊരണിയും കൂടെ ഉണ്ട്.എന്നാല്‍ സേതുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാര്‍ത്തിക്കിന് കൂടുതല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുന്നു.എന്നാല്‍ കാര്‍ത്തിക്കും ഊരണിയും ആ ശ്രമത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ഒരു ജിവിത പരിണാമം എന്ന് വേണമെങ്കില്‍ പറയാം അതിനെ.അതറിയാന്‍ സിനിമ കാണുക.

  ചില ഇടങ്ങളില്‍ ഇടയ്ക്ക് “ഉദയനാണ് താരം” (ഇംഗ്ലീഷില്‍ “ബോ ഫിംഗര്‍”),”ബെസ്റ്റ് ആക്ട്ടര്‍” തുടങ്ങിയ സിനിമകളെ ഓര്‍മിപ്പിച്ചു എങ്കിലും സിനിമ അവിടെ നിന്നും ഒക്കെ വളരെയധികം മുന്നോട്ടു പോകുന്നുണ്ട്.”പിസ്സ” എന്ന ആദ്യ ചിത്രത്തിലൂടെ ഒരു ശരാശരി സിനിമ പ്രേക്ഷകനെ ഞെട്ടിച്ച കാര്‍ത്തിക് സുബ്ബരാജ് ഇത്തവണയും പ്രേക്ഷകന് വേണ്ടതെല്ലാം നല്‍കാന്‍ സാധിച്ചു എന്ന് പറയാം.നായക കഥാപാത്രം ചെയ്യുന്ന സിദ്ധാര്‍ത് ആയിരുന്നു എങ്കിലും “നേരം” സിനിമയിലെ വറ്റി രാജ ,”സൂധു കവ്വും” സിനിമയില്‍ നയന്‍താരയ്ക്ക് അമ്പലം പണിയുന്ന “പഗല്‍വാന്‍” എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ “ബോബി സിംഹ” ആയിരുന്നു ഈ ചിത്രത്തിലെ യഥാര്‍ത്ഥ നായകന്‍ എന്ന് വേണമെങ്കില്‍ പറയാം.മുഖ്യധാര സിനിമയിലെ ഒരു നായകന്‍ ഒരു വില്ലന്‍ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിച്ചതിന് സിദ്ധാര്‍ത്ഥനെ അഭിനന്ദിക്കാം.പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന വിജയ്‌ സേതുപതി ചെയ്ത ചെറിയ വേഷവും മികച്ചതായി.എന്നാല്‍ ബോബി സിംഹയുടെ അഭിനയവും കഥാപാത്രവും എല്ലാവരില്‍ നിന്നും മുന്നില്‍ നിന്ന്.അപരാമായ റേഞ്ച് ഉള്ള നടന്‍ ആണ് അയാള്‍.അയാളുടെ അടുക്കല്‍ നിന്നും ഇനിയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം.പരീക്ഷണ സംഗീത സംവിധാനം നടത്തിയ സന്തോഷ്‌ നാരായണനും മികച്ചു നിന്നു.നായികയായ ലക്ഷ്മി മേനോന് അധികം ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല.ചുരുക്കത്തില്‍ ആര്‍ക്കും അധികം വേഷം ഇല്ലായിരുന്നു വില്ലന്‍ കഥാപാത്രത്തിന് ഒഴികെ.കഥാപാത്രങ്ങളുടെ വ്യക്തവും അപ്രതീക്ഷിതവും ആയ പരിണാമങ്ങള്‍ ആണ് ഈ സിനിമയുടെ കാതല്‍.എല്ലാ തരാം പ്രേക്ഷകനെയും രസിപ്പിക്കാന്‍ ഈ ചിത്രത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @ http://www.movieholicviews.blogspot.com

157.LOCKE(ENGLISH,2013)

157.LOCKE(ENGLISH,2013),|Drama|Thriller|.Dir:-Steven Knight,*ing:-Tom Hardy,Olivia Colman

  “ലോക്കേ”-ഒരു രാത്രിയില്‍ ഐവാന്‍ ലോക്കേ എന്ന മധ്യവയസ്ക്കന്റെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.അയാളുടെ ആ രാത്രി വളരെയധികം പ്രധാനപ്പെട്ടതാണ്.അയാള്‍ക്ക്‌ ആ രാത്രിയില്‍ ജീവിതത്തില്‍ ഇടയ്ക്ക് അണിഞ്ഞ മുഖമുടി ഇല്ലായിരുന്നു.അത് പോലെ തന്നെ ക്ഷണികമായ സുഖത്തില്‍ ഉണ്ടായിരുന്നത്  സ്നേഹം അല്ലായിരുന്നു എന്ന് സ്വയം മനസ്സിലാക്കി ലോക്കേ.അതിലൊക്കെ ഉപരി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസവും:എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ ഇല്ല എന്ന ബോധം.തിരിച്ചറിവുകള്‍ക്കും നേട്ടങ്ങള്‍ക്കും ഇടയില്‍  ഒരു വലിയ പാലം നില നില്‍ക്കുന്നു എന്ന സത്യം അയാളെ തളര്‍ത്തുന്നു.എന്നാലയാള്‍ അതിനെ സ്വന്തം നിലയില്‍ നേരിടാന്‍ തീരുമാനിക്കുന്നു.തന്‍റെ ജീവിതത്തില്‍നിന്ന് നിന്ന് ലഭിച്ച തിരിച്ചറിവ് ഒരു സൈക്കിള്‍ പോലെ ചുറ്റി തിരിയാതെ ഇരിക്കാന്‍ അയാള്‍ നോക്കുന്നു.തന്‍റെ കൗമാരത്തില്‍ മാത്രം ആണ് ആദ്യമായി ലോക്കേ സ്വന്തം പിതാവിനെ കാണുന്നത്.ലോക്കെ ജനിച്ച ഉടന്‍ തന്നെ ലോക്കയെ ഉപേക്ഷിച്ചു അയാള്‍ പോകുന്നു.എന്നാല്‍ നിര്‍ണായകം ആയ ആ ദിവസം അത്തരം ഒരു സംഭവം ഇനി ഉണ്ടാകില്ല എന്നത് അയാളുടെ ദൃഡ നിശ്ചയം ആയിരുന്നു.

           പ്രശ്നങ്ങളെ മനുഷ്യന്‍ എങ്ങനെ വൈകാരികമായി സമീപിക്കും എന്നാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.പ്രശ്നങ്ങളെ സമീപിക്കുന്നതിലെ രീതി പലര്‍ക്കും വ്യത്യസ്തം ആയിരിക്കും.അതില്‍ ശരി- തെറ്റുകളുടെ കണക്കുകള്‍ എടുക്കാന്‍ ഉള്ള സമയം വളരെയധികം കുറവും ആണ്.ലോക്കയുടെ നിര്‍ണായക രാത്രിയില്‍ അയാള്‍ക്ക്‌ നേരിടാന്‍ ഉണ്ടായിരുന്നത് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളെ ആണ്.ഒന്നാമതായി ചെറിയ ഒരു മദ്യ ലഹരിയില്‍ സംഭവിച്ച ഒരു രാത്രി മാത്രം ഉണ്ടായിരുന്ന ബന്ധത്തില്‍ തനിക്ക് ഒരു കുട്ടി പിറക്കാന്‍ പോകുന്നത് ആ രാത്രീ ആണെന്നുള്ള അറിവ്.”ബെതന്‍” എന്ന ഒരു പക്ഷേ ലോക്കയെക്കാളും പ്രായമുള്ള സ്ത്രീയില്‍ ആണ് ആ കുഞ്ഞു ജനിക്കാന്‍ പോകുന്നത്.അവര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണ്.അവര്‍ ജീവിതത്തില്‍ ലോക്കയോട് ചോദിച്ചത് ഒന്ന് മാത്രം ആയിരുന്നു.ആ രാത്രിയില്‍ അയാള്‍ അവരോടൊപ്പം കാണണം എന്ന് മാത്രം.രണ്ടാമതായി ടി വിയില്‍ അവരുടെ പ്രിയപ്പെട്ട ടീമിന്‍റെ കളി കാണാന്‍ അച്ഛന്‍ വരും എന്ന് കരുതി ഇരിക്കുന്ന രണ്ടു മക്കളും പിന്നെ ഭാര്യയും.ലോക്കേ തന്‍റെ ജീവിതത്തില്‍ നടന്ന ആ അബദ്ധത്തെ കുറിച്ച് കുറ്റസമ്മതം നടത്താന്‍ തിരഞ്ഞെടുത്തത് ആ യാത്ര ആയിരുന്നു.വിശ്വാസ വഞ്ചന നടത്തിയ ഭര്‍ത്താവിനോട് “കത്രീന” എന്ന ആ ഭാര്യ എങ്ങനെ ആകും പെരുമാറുക?ആ രാത്രിയില്‍ അതും അയാളുടെ പ്രശ്നം ആണ്.എന്നാല്‍ തന്‍റെ ജോലി സംബന്ധിച്ച് ഉള്ള ഏറ്റവും പ്രധാനപ്പെട്ട  സ്വപ്നവും അന്ന് നടക്കുകയാണ്.അന്ന് നടക്കുന്ന ആ പ്രോജക്റ്റ് അയാളുടെ സ്വപ്നമാണ്.എന്നാല്‍ അയാള്‍ക്ക്‌ അന്ന് അവിടെ ഈ യാത്ര കാരണം ഉണ്ടാകാന്‍ സാധിക്കില്ല.മറ്റു വഴികള്‍ ഉറപ്പായും തേടണം.”ഡോണല്‍” എന്ന തന്‍റെ അസിസ്ട്ടന്റ് മാത്രം ആണ് അയാളുടെ ആശ്രയം.എന്നാല്‍ അയാളെ മാറി നിന്ന് നിയന്ത്രിക്കുകയും വേണം.എന്നാല്‍ അയാള്‍ക്ക്‌ തന്‍റെ ജോലി പോലും അന്നത്തെ ആ യാത്രയില്‍ നഷ്ടപ്പെടാം.

    ഒരു സഞ്ചരിക്കുന്ന ത്രില്ലര്‍ സിനിമ എന്ന് ഈ ചിത്രത്തെ പറയാം.ഇതില്‍ ദുരൂഹതകള്‍ ഒന്നും തന്നെ ഇല്ല.മാത്രമല്ല ദുരൂഹമായ ലോക്കേ എന്നയാളുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന ദുരൂഹതകള്‍ ഒക്കെ മറ നീക്കി വരുന്ന രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ആവിഷ്കാര മേന്മ കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു.ഒറ്റ കഥാപാത്രത്തെ മാത്രമേ ഈ ചിത്രത്തില്‍ സ്ക്രീനില്‍ കാണിക്കുന്നുള്ളൂ-“ഐവാന്‍ ലോക്കേ” മാത്രം.ബാക്കി എല്ലാവരും പ്രത്യക്ഷപ്പെടുന്നത് അയാളുടെ കാര്‍ ഫോണില്‍ വരുന്ന ഫോണ്‍ സംഭാഷണങ്ങളില്‍ കൂടി ആണ്.തെരുവിലെ വിളക്കുകളും അയാള്‍ യാത്ര ചെയ്യുന്ന ബി എം ഡബ്ല്യു കാറും ,കാറിലെ ഫോണും മാത്രം ആണ് പ്രത്യക്ഷ കഥാപാത്രങ്ങള്‍.എന്നാല്‍ അവയ്ക്ക് ജീവന്‍ നല്‍കാന്‍ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ട്.ഒരു മനുഷ്യന്‍റെ നിര്‍ണായക രാത്രി ,നിര്‍ണായക തീരുമാനങ്ങള്‍ എന്നിവ ചിന്തിക്കാന്‍ പ്രേക്ഷകനും അവസരം നല്‍കി തന്നെ ആണ് അവസാനിക്കുന്നത്.തീര്‍ച്ചയായും കാണണ്ട സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രത്തെയും ധൈര്യമായി ഉള്‍പ്പെടുത്താം.

More reviews @ http://www.movieholicviews.blogspot.com

156.AVATHAARAM(MALAYALAM,2014)

156.AVATHAARAM(MALAYALAM,2014),Dir:-Joshiy,*ing:-Dileep,Lakshmi Menon.

  ദിലീപ്-മലയാള സിനിമ ചരിത്രത്തില്‍ ഈ നടന് ഒരു സ്ഥാനം ലഭിക്കുമെങ്കില്‍ അത് തന്റെ നടന വൈഭവത്തില്‍ ഉപരി അദ്ദേഹം മോശം എന്ന് പലരും വിളിച്ചു കളിയാക്കുന്ന ചിത്രങ്ങള്‍ നേടുന്ന ബോക്സോഫീസ് കലക്ഷനുകളുടെ പേരില്‍ മാത്രം ആകും.മലയാള  സിനിമ പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെ നോക്കു കുത്തി ആക്കി ,മോശം എന്ന് പറയുന്ന  ഓണ്‍ലൈന്‍ നിരൂപണങ്ങളെയും എല്ലാം ഈ നടന്‍റെ സിനിമകള്‍ പലപ്പോഴും പരിഹസിക്കുന്നതായി തോന്നിയിട്ടുണ്ട്.സിനിമ കൊള്ളില്ല,ഇതാണ് കഥ എന്ന് പറഞ്ഞ് സസ്പന്‍സ് പൊട്ടിക്കാന്‍ പോലും ഉള്ളതൊന്നും ആ നടന്‍റെ സിനിമ കാണാന്‍ പോകുന്നവര്‍ പ്രതീക്ഷിക്കുന്നില്ല.എന്നിട്ടും എന്തോ തന്റെ മാര്‍ക്കറ്റ് വില എവിടെയാണെന്ന് മനസ്സിലാക്കി തന്‍റെ ആരാധകരായ കുടുംബ പ്രേക്ഷകരെ ഉന്നം വച്ചാണ് ഈ അടുത്ത് വന്ന ദിലീപ് സിനിമകള്‍ പലതും മെനഞ്ഞിരുന്നത്.എന്നാല്‍ ഇത്തവണ ദിലീപ് മാധവന്‍ മഹാദേവന്‍ ആയി അവതരിക്കുമ്പോള്‍ തനിക്കു വേണ്ടി തിയറ്റരുകളില്‍ കാത്തിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ക്കായി എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന് നോക്കാം.കുടുംബ പ്രേക്ഷകര്‍ എന്ന് മാത്രം പറഞ്ഞത് ദിലീപിന്‍റെ സിനിമകള്‍ ആദ്യ ദിവസം തന്നെ കാണാന്‍ പോകുമ്പോള്‍ വെറുതെ തൊണ്ട കീറാന്‍ വേണ്ടി മാത്രം കൂവുന്ന പ്രേക്ഷകരെ ഉദ്ദേശിച്ചല്ല എന്നാണ്.അവതാരം ഒരു പ്രതികാര സിനിമയാണ്.കഥ എന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല ഇതില്‍.പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്ന് വേണമെങ്കില്‍ ഉള്ള കഥയെ പറയാം.

    അപകടത്തില്‍ മരണപ്പെട്ട ചേട്ടന്‍റെ ഇന്ഷുറന്സ് പണം ലഭിക്കുവാന്‍ വേണ്ടി കൊച്ചിയില്‍ എത്തിയ ഒരു ബൈസന്റ്റ് വാലിക്കാരന്‍ എന്‍ജിനീയര്‍ ആണ് മാധവന്‍.പൊതു പ്രവര്‍ത്തനം ആണ് മുഖ്യ പണി.കൂടാതെ കൂടുതല്‍ മാസ് സിനിമകളില്‍ ഉള്ളത് പോലെ കാണിക്കുന്ന പരോപകാര ചിന്തയും അനീതിക്കെതിരെ തട്ടി കയറുകയും ചെയ്യുന്ന ഒരാള്‍.എന്നാല്‍ ഇന്ഷുറന്സ് കാശ് എജന്‍സിക്കാര്‍ തടഞ്ഞു വയ്ക്കുന്നു.അതിനു കാരണം കസ്റ്റംസ് ഉദ്യോഗസ്ഥനായ ചേട്ടന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ ആണ്.നീതി എല്ലായിടത്തും നിന്നും നിഷേധിക്കപ്പെട്ട നായകന് പിന്നെ ഒരു വഴി മാത്രമാണ് തുറന്നത്.തനിക്കും കുടുംബത്തിനും നഷ്ട്ടപെട്ട നീതി ലഭിക്കുവാന്‍ ഉള്ള മാധവന്‍റെ ശ്രമങ്ങള്‍ ആണ് ബാക്കി ഉള്ള സിനിമ.ജോഷി എന്ന ക്രാഫ്റ്റ്സ്മാനെ നമുക്ക് എവിടെയോ നഷ്ടം ആയിരിക്കുന്നു എന്ന് തോന്നുന്നു.ശരാശരി ആയിരുന്ന ആദ്യ പകുതിക്ക് ശേഷം അദ്ദേഹത്തിന്റെ ശൈലികള്‍ രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നു എങ്കിലും പഴകി പോയിരുന്നു.ചളി എന്ന് പരിഹസിക്കുന്ന സ്ഥിരം ദിലീപ് സ്പെഷ്യലുകളില്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.പകരം ഒരു ആക്ഷന്‍ ചിത്രം എന്ന് പറയാം ;മുഴുവന്‍ ആയല്ലെങ്കിലും.പശ്ചാത്തല സംഗീതം ക്യാമറ എന്നിവ നന്നായിരുന്നു.സിനിമയെ ഒരു വിധം പിടിച്ചു നിര്‍ത്തിയത് അതാണ്‌.ചിത്രത്തിലെ പാടുകള്‍ ഒന്നും മനസ്സില്‍ നിന്നില്ല,കൂടാതെ ദിലീപിന്‍റെ ഡാന്‍സും.ഇത്രയും ഉള്ളത് സ്ഥിരം ദിലീപ് സിനിമകളെ കുറിച്ച് പറയുന്നതാണ്.

  എന്നാല്‍ ഇത്തവണ ഒരു ചെറിയ വിഷമം ഉണ്ട്.മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദിലീപ് എന്ന നടന്‍ ഉപേക്ഷിച്ച ചളികള്‍ ഈ സിനിമയിലേക്ക് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് കുറയ്ക്കും എന്നുറപ്പാണ്.ഒരു പക്ഷേ തന്റെ ഫാന്‍സ്‌ അസോസിയേഷനില്‍ ഉള്ളവരെക്കാളും കുടുംബ പ്രേക്ഷകരെ മാത്രം വിശ്വസിക്കുന്ന ഈ നടന്‍ മായാമോഹിനി,സ്രുംഗാരവേലന്‍,റിംഗ് മാസ്റ്റര്‍ എന്നിവയിലൂടെ കാണിച്ച കളക്ഷന്‍ മാജിക് ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.തമാശകള്‍ കുറവുള്ള വയലന്‍സ് കൂടുതല്‍ ഉള്ള രണ്ടാം പകുതി കുടുംബ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം.ഇതേ വിഭാഗത്തില്‍ പെടുന്ന തെലുഗ്,തമിഴ്,ഹിന്ദി ചിത്രങ്ങളുടെ രീതിയില്‍ ഓവര്‍ ആയ കത്തി ഈ സിനിമയില്‍ ഇല്ല എന്നത് ഒരു ആശ്വാസം ആണ്.നൂറു പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന നായകന്‍ ഇവിടെ ഇല്ല എന്നതും നല്ല കാര്യം ആണ്.പിന്നെ സിനിമയുടെ പേരില്‍ തന്നെ അത് എന്താണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുവാന്‍ സാധിച്ചാല്‍ ഒരിക്കലും ആരും അന്താരാഷ്ട്ര നിലവാരം ഉള്ള സിനിമ പ്രതീക്ഷിക്കുകയില്ല.എന്നിട്ടും തിയറ്ററില്‍ കുത്തിയിരുന്ന് കൂവുന്നവരെ കണ്ടു.ദിലീപ് സിനിമകള്‍ ആ ഒരു ചിന്താഗതിയില്‍ മാത്രമേ കാണാന്‍ സാധിക്കൂ.അത് കൊണ്ട് തന്നെ ഒരു ശരാശരി ചിത്രം ആയി തോന്നിയ അവതാരത്തിന് എന്റെ വക ഒരു 2.5/5 !!

More reviews @ http://www.movieholicviews.blogspot.com

155.SEPTIMO(SPANISH,2013)

155.SEPTIMO(SPANISH,2013),|Thriller|,Dir:-Patxi Amezcua,*ing:-Riccardo Darin,Belen Rueda

  “The Secret in their Eyes” കണ്ടതോടെ റിക്കാര്‍ഡോ ഡാരിന്‍ എന്ന നടന്‍ എന്‍റെ പ്രിയപ്പെട്ട നടനമാരില്‍ ഒരാള്‍ ആയി മാറി.പിന്നീട് “El Aura” എന്ന ചിത്രം കണ്ടതോടെ റിക്കാര്‍ഡോ ടാറിന്റെ സിനിമകള്‍ തിരഞ്ഞെടുത്തു കാണാന്‍ തുടങ്ങി.റിക്കാര്‍ഡോ ഡാരിന്‍ സെബാസ്റ്റിന്‍ എന്ന വക്കീലിനെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രമാണ് “Septimo”.സെബാസ്റ്റിന്‍ തിരക്കേറിയ ഒരു വക്കീല്‍ ആണ്.പലപ്പോഴും കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തുന്ന സമര്‍ത്ഥനായ വക്കീല്‍ ആയിരുന്നു സെബാസ്റ്റിന്‍.ഡെലിയ എന്ന സ്പെയിന്ക്കാരി ആണ് സെബാസ്റ്റിന്റെ ഭാര്യ.തന്‍റെ ഭര്‍ത്താവ് വാദിക്കുന്ന കേസുകള്‍ സമൂഹത്തിലെ നീചന്മാര്‍ക്ക് വേണ്ടി ആണെന്ന് അവര്‍ മനസ്സിലാകുമ്പോള്‍ ഡെലിയ സെബാസ്റ്റിനോട് വിവാഹമോചനം ആവശ്യപ്പെടുന്നു.അകന്നു കഴിഞ്ഞിരുന്ന അവര്‍ മക്കളായ ലൂനയുടെയും ലോക്കയുടെയും ഒപ്പം ഒരു ഫ്ലാറ്റില്‍ ആണ് കഴിഞ്ഞിരുന്നത്.കുട്ടികളെ സ്ക്കൂളില്‍ കൊണ്ട് പോകാനായി സെബാസ്ടിന്‍ എന്നത്തേയും പോലെ ഒരു രാവിലെ അവിടെ എത്തുന്നു.അന്ന് സെബാസ്ടിന്‍ വാദിക്കേണ്ട ഒരു സുപ്രധാന കേസ് ഉള്ള ദിവസം ആയിരുന്നു.ഡെലിയയെ യാത്രയാക്കിയതിനു ശേഷം കുട്ടികളും ഒരുമിച്ച് ഇറങ്ങാന്‍ തുടങ്ങിയ സെബാസ്റ്റിന്‍ അവരുടെ ആഗ്രഹ പ്രകാരം അവര്‍ താമസിക്കുന്ന നിലയില്‍ നിന്നും താഴോട്ട് സ്റ്റെപ്പുകള്‍ ഇറക്കി വിടുന്നു.സെബാസ്റ്റിന്‍ ലിഫ്റ്റിലും പോകുന്നു.ആര് ആദ്യം എത്തും എന്ന ഒരു കുട്ടിക്കളിയും ഉണ്ടായിരുന്നു അതില്‍.

    എന്നാല്‍ താഴെ വന്ന സെബാസ്റ്റിന്‍ തന്‍റെ കുട്ടികളെ നോക്കി നില്‍ക്കുന്നു.എന്നാല്‍ അവര്‍ താഴെ വരുന്നില്ല.ഫ്ലാറ്റിലെ റിസപ്ഷനില്‍ ഇരിക്കുന്ന ആളും കുട്ടികള്‍ ആ വഴി കടന്നു പോകുന്നത് കണ്ടിട്ടില്ല.സെബാസ്റ്റിന്‍ ഹാജരാകാന്‍ ഇരിക്കുന്ന കേസ് വിളിക്കരായി എന്ന് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി.എന്നാല്‍ കുട്ടികളെ കാണാത്തത് കൊണ്ട് അവരെ അന്വേഷിച്ച് ഇറങ്ങുന്നു.ആ ഫ്ലാറ്റില്‍ തന്നെ ഉള്ള ഒരു പോലീസുകാരനുമായി ചെറിയ പ്രശ്നങ്ങള്‍ സെബാസ്സ്ട്ടിനു ഉണ്ടായിരുന്നു എങ്കിലും പോലീസുകാരനും ആ അന്വേഷണത്തില്‍ സഹകരിക്കുന്നു.ഓരോ വീട്ടിലും കയറി അവര്‍ അന്വേഷിക്കുന്നു.എന്നാല്‍ അവിടെ ഒരു മുറിയില്‍ ആളുകളോട് അധികം ഇടപ്പഴകാത്ത പ്രാകൃതന്‍ എന്ന്‍ തോന്നുന്ന ഒരാള്‍ ഉണ്ടായിരുന്നു.സെബാസ്റ്റിന്‍ അയാളെ സംശയിക്കുന്നു.എന്നാല്‍ ഒരാളുടെ വീട്ടില്‍ അതിക്രമിച്ചു കിടക്കുന്നതിന്‍റെ പ്രശ്നങ്ങളെ കുറിച്ച് പോലീസുകാരന്‍ പറയുന്നു.സെബാസ്ട്ടിനു കുട്ടികളെ കിട്ടിയേ മതിയാകൂ.അതിനായി അയാള്‍ എന്തും ചെയ്യും.കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  ഇവിടെ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന് സംശയികാവുന്ന ധാരാളം ആളുകള്‍ ഉണ്ട്.സെബാസ്സ്ടിന്റെ ശത്രുകള്‍ മുതല്‍ അന്ന് ഹാജരാകാന്‍ പോകുന്ന കേസിനെ വരെ ബാധിക്കുന്ന ആളുകള്‍.അല്ലാതെയും ഉള്ള അദൃശ്യ കരങ്ങള്‍.അല്‍പ്പ നേരത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തന്റെ മക്കളെ അന്വേഷിച്ചു ഒരു പിതാവ് എത്ര വരെ പോകും എന്ന് ഈ ചിത്രം അവതരിപ്പിക്കുന്നു.റിക്കാര്‍ഡോ ടാരിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നും പെടുത്താന്‍ കഴിയില്ലെങ്കിലും അത്യാവശ്യം കാണാവുന്ന ഒരു  ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @ http://www.movieholicviews.blogspot.com

154.MANGLISH(MALAYALAM,2014)

154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom.

മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍ എല്ലാം കുറച്ചും കൂടി എളുപ്പത്തില്‍ കിട്ടുമായിരിക്കും എന്നുള്ളത് സത്യമാണ്.ആ ഒരു രീതിയില്‍ അദ്ദേഹം ഈ അടുത്ത്  ചെയ്ത പടങ്ങളുടെ ഗതി പലതും കണ്ടതാണ്.അദ്ദേഹത്തിന്റെ പിന്‍ബലത്തില്‍ വന്ന അന്‍വര്‍ റഷീദ്,അമല്‍ നീരദ്,ആഷിക് അബു,മാര്‍ട്ടിന്‍ പ്രക്കാട്ട്  തുടങ്ങിയ ഇക്കാലത്തെ സംവിധായകരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.സലാം ബാപ്പു “റെഡ് വൈനില്‍” നിന്നും “മംഗ്ലീഷില്‍” എത്തിയപ്പോള്‍ നാലാം ക്ലാസുകാരന്‍ എല്‍ കെ ജിയില്‍ എത്തിയത് പോലെ ആയി തോന്നി.മാസ് സിനിമ എടുക്കുന്നതില്‍ ചില വിദഗ്ധര്‍ ഉണ്ട് മലയാളത്തില്‍.ജോഷി മുതല്‍ വൈശാഖന്‍ വരെ നില്‍ക്കുന്ന ഇപ്പോഴത്തെ സംവിധായകരെ അനുകരിച്ചുള്ള ഒരു മേക്കിംഗ് സ്റ്റൈല്‍ ആണെങ്കില്‍ പോലും ഈ സിനിമ ഓടിയേനെ.ഇവരെ ഒക്കെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചാല്‍ ഒരു മൊബൈല്‍ ക്യാമറയില്‍ മര്യാദയ്ക്ക് ഫോട്ടോ പോലും എടുക്കാന്‍ അറിയാത്ത എന്നെ പോലെ ഒരാള്‍ മുടക്കിയ ടിക്കറ്റ് കാശിന്‍റെ അവകാശം എന്ന് പറയാം.

   മംഗ്ലീഷ് ആരംഭത്തില്‍ ചെറിയ ഒരു പ്രതീക്ഷ തന്നിരുന്നു.ഉത്സവക്കാലത്ത് ആരാധകര്‍ക്ക് വേണ്ടി ഇറങ്ങുന്ന ഒരു മാസ് ചിത്രം എന്ന ഒരു തോന്നല്‍.എന്നാല്‍ കേട്ട് പഴകിയ ആവര്‍ത്തന വിരസമായ കഥയില്‍ പുതിയതായി എഴുതി ചേര്‍ക്കാന്‍ ഒന്നും കഴിയാത്ത ഒന്നായി ഈ ചിത്രം.കൊച്ചിയുടെ സപ്ന്ദനം അറിയുന്ന മാലിക് ഭായ് എന്ന നായകന്‍ അവിടത്തെ ഒരു ഡോണ്‍ ആണെന്ന് പറയാം.രാഷ്ട്രീയം ,പോലീസ് എന്ന് വേണ്ട സിനിമ നടന്മാര്‍ക്കിടയില്‍ പോലും ബന്ധങ്ങള്‍ ഉള്ള ആള്‍.വിദ്യാഭ്യാസം കുറവുള്ള എന്നാല്‍ കാശുകാരനായ ഒരാള്‍ ആണ് മാലിക് ഭായ്.തന്‍റെ ആദ്യ ഭാര്യയുടെ പിതാവുമായി ശത്രുതയില്‍ ആയിരുന്ന മാലിക് ഭായ് അയാളുടെ രാഷ്ട്രീയ പ്രതിയോഗിയുടെ സ്വന്തം ആളാണ്‌.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ മീന്‍ കൊണ്ട് കൊടുത്ത ആളെ പോലെ ഒരാള്‍.അയാള്‍ക്ക്‌ വേണ്ടി ചെയ്യുന്ന ഒരു ജോലിയുടെ സമയത്ത് മാലിക് ഭായ് മിഷല്‍ എന്ന വിദേശ വനിതയെ കണ്ടു മുട്ടുന്നു.മാലിക് ഒരു അവസരത്തില്‍ അവരുടെ വിശ്വാസം നേടി എടുക്കുന്നു.മിഷലിനു മാലിക്കിനോട് പറയാന്‍ ഒരു രഹസ്യമുണ്ട്.എന്നാല്‍ മിഷലിനു അറിയുന്ന ഭാഷ മാലിക്കിന് വശമില്ല.എന്നാല്‍ ജീവിതത്തില്‍ പ്രധാനമായ ഒരു കാര്യം മിഷലിനു മാലിക് ഭായെ അറിയിക്കുകയും വേണം.അതിനായി അവര്‍ എന്തൊക്കെ ചെയ്തു എന്നതാണ് ബാക്കി കഥ.കേട്ട് പഴകിയ കഥ ആയിരിക്കാം.എന്നാലും അതൊക്കെ മികച്ച ടീം വര്‍ക്കിലൂടെ നന്നാക്കുന്ന ചില സംവിധായകരെ എങ്കിലും നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ സലാം ബാപ്പു അവിടെ നിലവാരമനുസരിച്ച് ഉയര്‍ന്നുമില്ല.

  മമ്മൂട്ടി എന്ന നടന്‍ സൗന്ദര്യത്തില്‍ ഒരു അത്ഭുതം ആണ്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രായം നോക്കുമ്പോള്‍.എന്നാല്‍ സ്ക്രീനില്‍ ഒരു യുവാവായി നായികയുടെ ഒപ്പം യുഗ്മ ഗാനം പാടി നടക്കുന്നത് അല്‍പ്പം ബോര്‍ ആയി തന്നെ തോന്നുന്നുണ്ട്.പ്രത്യേകിച്ച് മെച്ചമില്ലാത്ത ഗോപി സുന്ദറിന്റെ പാട്ടുകള്‍ക്ക് അനുസരിച്ച്.ഗോപിയുടെ സ്റ്റോക്ക് തീര്‍ന്നോ എന്നൊരു സംശയം.തറ വലിപ്പുകള്‍ കുറവായിരുന്നു.പക്ഷെ അതൊക്കെ കേട്ട് ചിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ക്ക്‌ പോലും അത് കൊണ്ട് ഈ സിനിമയില്‍ ഓര്‍ത്തു വയ്ക്കാന്‍ ഒന്നും ഇല്ലാതെ ആയി പോയി.ആദ്യ പകുതി കണ്ടപ്പോള്‍ രണ്ടാമത്തേതില്‍ എങ്കിലും എന്തെങ്കിലും കാണും എന്ന് കരുതി.എന്നാല്‍ രണ്ടാം പകുതി ആദ്യത്തേതിലും നിരാശ നല്‍കി എനിക്ക്.മമ്മൂട്ടി എന്ന നടന് ഇത്തരം സിനിമകള്‍ ഒന്നും നല്‍കും എന്ന് തോന്നുന്നില്ല.അഭിനയത്തിന്‍റെ ഒക്കെ കാര്യത്തില്‍ ഒരു സാച്ചുറേഷന്‍ പോയിന്‍റ് എത്തിയ ഒരാള്‍ക്ക് പ്രത്യേകിച്ചും.അദ്ധേഹത്തില്‍ നിന്നും കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു.ഒരു സിനിമ പ്രേമി എന്ന നിലയില്‍.എന്നാല്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ അതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.എന്നും ക്ലാസിക്കുകള്‍ വേണം എന്നല്ല.പകരം പോക്കിരി രാജ പോലെ ഒരു പടം ആണെങ്കിലും അത് മതി എന്നെ പോലെ ഒരു സാധാരണ പ്രേക്ഷകന്.ഒരു ആവരേജിലും താഴെ നില്‍ക്കുന്ന ഈ ചിത്രത്തിന് അഞ്ചില്‍ ഒരു രണ്ട് റേറ്റിംഗ് അര്‍ഹിക്കുന്നു എന്ന് തോന്നുന്നു.

More reviews @ http://www.movieholicviews.blogspot.com

153.VIKRAMADITHYAN(MALAYALAM,2014)

153.VIKRAMADITHYAN(MALAYALAM,2014),Dir:-Lal Jose,*ing:-Dulqar Salman,Unni Mukundan.

  റംസാന്‍ റിലീസുകളില്‍ ആദ്യം എത്തിയ ചിത്രമാണ് “വിക്രമാദിത്യന്‍”.ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറം ആണ്.ഇവരുടെ കൂട്ടുക്കെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു വിധം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ നല്ലത് പോലെ ഉണ്ടായിരുന്നു.ട്രയിലര്‍ കണ്ടപ്പോള്‍ “അഞ്ചാതെ”,”ദ്രോഹി” തുടങ്ങിയ സിനിമകളുമായുള്ള സാദൃശ്യം തോന്നിയിരുന്നു.എന്നാല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വിക്രമാദിത്യന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.വിക്രമാദിത്യന്‍, “വിക്രമന്‍” ,”ആദിത്യന്‍ ” എന്ന രണ്ടു യുവാക്കളുടെ കഥയാണ്.അവര്‍ തമ്മില്‍ ഉള്ള ബന്ധം അല്‍പ്പം കുഴപ്പം ഉള്ളതാണ്.കുട്ടിക്കാലം മുതല്‍ തന്നെ പരസ്പ്പരം അറിയാവുന്നവര്‍ ആയിട്ട് കൂടി എന്നും പരസ്പ്പരം എതിര്‍ക്കേണ്ടി വന്നവര്‍ ആയിരുന്നു അവര്‍.അവര്‍ക്കൊരു കളിക്കൂട്ടുകാരിയും ഉണ്ട്;ദീപിക.ചെറുപ്പം മുതല്‍ ഉള്ള അവരുടെ ബന്ധം അവര്‍ അതേ പോലെ തന്നെ സൂക്ഷിക്കുന്നു.

   എന്നാല്‍ ഒരു ദിവസം ആ ബന്ധത്തില്‍ ഒരു ചെറിയ മാറ്റം വരേണ്ട സമയം വരുന്നു.ആ ഒരു അവസ്ഥയിലേക്ക് ഇവരുടെ സൗഹൃദവും ബന്ധങ്ങളും എങ്ങനെ എത്തപ്പെട്ടു എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്‌.ഇതിലെ കഥാപാത്രങ്ങള്‍ ചിലര്‍ എങ്കിലും വ്യത്യസ്ത ധ്രുവങ്ങളില്‍ ചിന്തിക്കുന്നവര്‍ ആയിരുന്നു.അത് പോലെ തന്നെ അവരുടെ പ്രവര്‍ത്തികളും.ഈ ഒരു വൈരുധ്യം ആണ് സിനിമയുടെ കഥയില്‍ അവതരിപ്പിക്കുന്നത്‌.ഇവരുടെ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാവരെയും ബാധിക്കുന്നുണ്ട്.ആദ്യ പകുതിയില്‍ ഫ്ലാഷ്ബാക്ക് സീനുകള്‍ ധാരാളം ആയി അവതരിപ്പിച്ചപ്പോള്‍ ട്രയിലറില്‍ കണ്ട ഒരു ഓളം ചിത്രത്തിന് ഉള്ളതായി തോന്നിയില്ല എന്നത് വാസ്തവം ആണ്.ഒരു ക്ലീഷേ കഥാഗതിയില്‍ ചിത്രം മുന്നോട്ടു പോകുമ്പോള്‍ വരുന്ന ഇടവേള മുതല്‍ ചിത്രം വേഗതയാര്‍ജിക്കുന്നു.പിന്നെ ഒരു യൂത്ത് എന്റര്‍റ്റെയ്നര്‍ എന്ന നിലയിലേക്ക് വേഗത കൂട്ടുന്നു.ദുല്‍ക്കാര്‍ സല്‍മാന്‍ ഒരു പക്ഷേ അല്‍പ്പം ബോള്‍ഡ് ആയ വേഷങ്ങള്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഈ അടുത്ത് ഇറങ്ങിയ സിനിമകള്‍ തെളിവായുണ്ട്.ഒരു റൊമാന്റിക് ഹീറോ എന്ന നിലയില്‍ നിന്നും അടുത്ത സ്റ്റേജില്‍ എത്താന്‍ ഉള്ള സമയം ആയി എന്നര്‍ത്ഥം.ഉണ്ണി മുകുന്ദന്‍-ഈ അടുത്തിറങ്ങിയ ചില സിനിമകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇ ചിത്രത്തില്‍ മോശമാക്കിയില്ല.മസ്സില്‍ പിടിച്ചുള്ള അഭിനയം ആണ് ഉണ്ണിയുടെ സേഫ് സോണ്‍ എന്ന് തോന്നുന്നു.നമിത പ്രമോദില്‍ ഒരു ഊര്‍ജം ഉണ്ടായിയിരുന്നു.ലെനയുടെ അമ്മ വേഷം നന്നായിരുന്നു.അത് പോലെ തന്നെ അസാധാരണമാം വിധം സ്വാഭാവികമായി  അഭിനയിക്കുന്ന അനൂപ്‌ മേനോന്‍റെ ഒരു സെല്‍ഫ് ബൂസ്റ്റിംഗ് കഥാപാത്രം ഇതില്‍ ഇല്ലായിരുന്നു.

  ബിജിബാലിന്റെ സംഗീതം അത്ര ഇഷ്ടപ്പെട്ടില്ല.പക്ഷേ ജോമോന്റെ ക്യാമറ നന്നായിരുന്നു.ആദിത്യന്റെ അച്ഛനായി അഭിനയിച്ച നടനും നന്നായിരുന്നു.ഒരു പക്ഷെ ലാല്‍ ജോസ്-ഇക്ക്ബാല്‍ കൂട്ടുക്കെട്ടിന്റെ ചിത്രങ്ങളുടെ എല്ലാം നിലവാരം ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇലായിരുന്നു എങ്കിലും സിനിമ മൊത്തത്തില്‍ ഒരു രസം കൊല്ലി ആയി തോന്നിയില്ല.ക്ലൈമാക്സ് ഒക്കെ ഇത്തരം ഒരു സിനിമയില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് നല്‍കിയിരുന്നു.അതായിരുന്നു ഈ ചിത്രത്തിന്‍റെ ഹൈലൈറ്റും.അതിലെ ക്ലീഷേ ഭാഗം ഒഴിച്ച്.റംസാന്‍ ചിത്രങ്ങളുടെ തുടക്കം മോശം ആയില്ല എന്ന് തോന്നുന്നു.നെഗറ്റീവുകള്‍ ഇല്ല എന്നല്ല.പക്ഷെ ആളുകളെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്ക് കഴിയും.റേറ്റിങ്ങില്‍ ഒന്നും വലിയ കാര്യം ഇല്ലെങ്കിലും ഇതിനു ഒരു 3/5 ഒക്കെ കൊടുക്കാം.

More reviews @ http://www.movieholicviews.blogspot.com

152.BANGALORE DAYS(MALAYALAM,2014)

152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya.

  വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത്‌ നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെ കാഴ്ചപ്പാടില്‍ ആണ്.ഒരു പക്ഷേ ഇതിലെ മുഖ്യ കഥാപാത്രങ്ങളില്‍ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെട്ടാല്‍ സിനിമയുടെ സ്വഭാവം മൊത്തം മാറുന്ന ഒരവസ്ഥ.ദിവ്യ എന്ന പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍  ഒരു പക്ഷേ ഈ ചിത്രം “ഓം ശാന്തി ഓശാന” എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ ആകുമായിരുന്നു.പെട്ടന്ന് ദേഷ്യം വരുന്ന,കൂടുതല്‍ സെന്‍സിറ്റീവ് ആയ അജുവിനും,പുറമേ പരുക്കന്‍ സ്വഭാവം കാണിക്കുന്ന ദാസിനും എല്ലാം പറയാന്‍ ഉണ്ടാകുമായിരുന്ന കഥകള്‍ പലതായിരുന്നിരിക്കാം.കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആകുന്നതിനനുസരിച്ചു സിനിമയുടെ മൊത്തത്തില്‍ ഉള്ള സ്വഭാവവും മാറിയേനെ.

  ഇവിടെ ആണ് നാട്ടിന്‍പുറത്തെ ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്ന നിഷ്ക്കളങ്കന്‍ ആയ കുട്ടന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  ഈ കഥ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം.ഒരു ഫീല്‍ ഗുഡ് മൂവി പോലെ അവസാനം പല പ്രശ്നങ്ങളും തീരുമ്പോഴും ചുറ്റും ഉള്ളവരെ കുറിച്ച്  ഉള്ള അഭിപ്രായങ്ങള്‍ തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ച കുട്ടന്‍ പലരുടെയും കഥകള്‍ക്ക് വര്‍ണങ്ങള്‍ വാരി വിതറിയത് പോലെ തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ കുട്ടന്‍ എന്ന കഥാപാത്രം തന്‍റെ പ്രശ്നങ്ങളെ മാത്രം അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിനും പ്രാധാന്യം നല്‍കുന്നു.അയാളുടെ പ്രണയം ഒക്കെ അവതരിപ്പിക്കുമ്പോള്‍ വരുന്ന നിഷ്കളങ്കത അതിന്റെ ഭാഗം ആകാം.അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരി അവതരിപ്പിച്ച ആ കഥാപാത്രം അത് കൊണ്ട് തന്നെ മികച്ചു നിന്ന്.മൂന്നു കസിന്‍സിന്റെ ജീവിതം അവതരിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയുടെ നീളം അല്‍പ്പം കൂടിയെങ്കിലും അനിവാര്യം ആയ ഒന്നായി അത് തോന്നി.നല്ല ബന്ധങ്ങളെ കുറിച്ചും അവയില്‍ സൗഹൃദം കലരുമ്പോള്‍ ഉള്ള ഒരു ഊഷ്മളതയും ഈ ചിത്രത്തെ ഒരു യൂത്ത് സിനിമ എന്നതില്‍ നിന്നും എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ചു എന്ന് വേണം അനുമാനിക്കാന്‍.കാരണം ദിവസങ്ങള്‍ പിന്നിട്ടും ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകര്‍ ധാരാളമായി ഉണ്ട് എന്നത് അതിനു ഒരു തെളിവാണ്.മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ആണ് RJ സാറ.തന്‍റെ വൈകല്യത്തെ ജീവിത കാഴ്ചപ്പാടുകളിലൂടെ അവള്‍ തോല്‍പ്പിക്കുന്നു.തീര്‍ച്ചയായും ഇഷ്ടവും അനുകമ്പയും തോന്നിക്കുന്ന ഒരു കഥാപാത്രം.അപകര്‍ഷത ബോധം ഉള്ള അജു അത് പുറമേ കാണിക്കുന്നില്ലെങ്കിലും ചിലയവസരങ്ങളില്‍ അയാള്‍ക്കുണ്ടാകുന്ന ഒരു സുരക്ഷിതമില്ലായ്മ പ്രകടമാണ്.അതിനുള്ള അയാളുടെ മുഖമൂടി ആയിരുന്നു ദേഷ്യം,aggressiveness ഒക്കെ.ദാസ് എന്ന കഥാപാത്രത്തോട് ആദ്യം തോന്നുന്ന ഒരു ചെറിയ ഇഷ്ടക്കേട് പിന്നീട് അയാള്‍ എങ്ങനെ അങ്ങനെ ആയി എന്ന് മനസ്സിലാകുമ്പോള്‍ തീരുന്നു.ദിവ്യ അപക്വമായ മനസ്സുള്ള ഒരു പൊട്ടി പെണ്ണ് വിഭാഗത്തില്‍ പെടുത്താവുന്ന ഒരാള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ ആവശ്യം വന്നപ്പോള്‍ അവള്‍ നടത്തുന്ന നീക്കങ്ങള്‍ അവളെ ഒരു മൂലയില്‍ തളച്ചിടുന്നില്ല എന്ന നിലയില്‍ എത്തിയിരുന്നു.

  ബ്രയാന്‍ ആദംസിന്റെ “Summer Of 69” പാട്ട് നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്.ഗോപി സുന്ദറിനു പ്രചോദനം തോന്നാന്‍ മറ്റൊരു പാട്ട് എടുക്കാമായിരുന്നു.മലയാളികള്‍ ലോക സിനിമയോടും ഗാനങ്ങളോടും നല്ലത് പോലെ ഒപ്പം സഞ്ചരിക്കുന്നവര്‍ ആണ്.അഞ്ജലി മേനോനിലെ സംവിധായക അവരിലെ എഴുത്തുകാരിക്ക് നേര്‍ വഴി കാട്ടുന്ന സംവിധായക തന്നെയായി മാറി.ഒരാള്‍ എഴുതി മറ്റൊരാള്‍ സംവിധാനം ചെയ്‌താല്‍ കിട്ടുന്നതിനേക്കാളും പ്രകടനം സിനിമയ്ക്ക് കാഴ്ച വയ്ക്കാന്‍ അതിലൂടെ സാധിച്ചു.യുവതാരനിരയുടെ ഒരു “മിനി ട്വന്റി-ട്വന്റി” ആയിരുന്നെങ്കിലും കഥാപാത്രങ്ങളെ എല്ലാം തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചു.കുട്ടന്‍റെ മാതാപിതാക്കളുടെ ജീവിതം പോലെ കുറഞ്ഞ സമയത്തില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് അവര്‍.കൂടെ അന്ധവിശ്വാസങ്ങളില്‍ ചെന്ന് വീഴുന്ന മാതാപിതാക്കള്‍ക്ക് ഒരു കൊട്ടും ഉണ്ട് ദിവ്യയുടെ മാതാപിതാക്കളിലൂടെ.ഈ വര്‍ഷം ഇറങ്ങിയ നല്ല മലയാളം ചിത്രങ്ങളുടെ കൂട്ടത്തില്‍ ഈ സിനിമയ്ടെ തീര്‍ച്ചയായും ഉള്‍പ്പെടുത്താം എന്ന് തോന്നുന്നു.മലയാളികളില്‍ ഭൂരിപക്ഷവും അങ്ങനെ തന്നെ ആണ് കരുതുന്നതെന്ന് വിശ്വസിക്കുന്നു.

More reviews @ http://www.movieholicviews.blogspot.com 

151.THE GRAND BUDAPEST HOTEL(ENGLISH,2014)

151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric.

വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി “The Grand Budapest Hotel”.ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍.”Bottle Rocket”,”Moonrise Kingdom” തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ “Wes Anderson” ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരു കഥ എങ്ങനെ ഉണ്ടാകുന്നു എന്ന് പറഞ്ഞു കൊണ്ട് “The Grand Budapest Hotel” എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഈ സിനിമയുടെ തുടക്കം കുറിക്കുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരാള്‍ കഥാകൃത്ത്‌ ആണെങ്കില്‍ അയാളെ തനിക്കുള്ള കഥകള്‍ അന്വേഷിച്ചു എത്തും എന്നാണ്.അത്തരത്തില്‍ അയാളെ തേടി എത്തിയ കഥയാണ് “The Grand Budapest Hotel”.1985 ല്‍ തുടങ്ങുന്ന ഈ സിനിമ നമ്മളെ 1968 ലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.സാങ്കല്‍പ്പിക രാജ്യമായ “റിപബ്ലിക് ഓഫ് സുബ്രോവ്ക്ക” എന്ന രാജ്യത്ത് എത്തുന്ന അയാള്‍ അവിടെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യനെ  “Grand Budapest Hotel” ല്‍ വച്ച് പരിചയപ്പെടുന്നു.ഒരു വൃദ്ധനായ അയാള്‍ ആ ഹോട്ടലിന്‍റെ ഉടമയാണെന്നും എന്നാല്‍ അവിടത്തെ ജോലിക്കാര്‍ക്ക് താമസിക്കാന്‍ ഉള്ള കൊച്ചു മുറിയിലും സൌകര്യത്തിലും ആണ് കഴിഞ്ഞു കൂടുന്നതെന്നും മനസ്സിലാകുന്നു.”മുസ്തഫ സീറോ” എന്ന്‍ പേരുള്ള വൃദ്ധനെ കൂടുതല്‍ അറിയാന്‍ അയാള്‍ക്ക്‌ അവസരം ലഭിക്കുന്നു.സീറോ അയാളെ അന്ന് വൈകിട്ട് ഉള്ള അത്താഴത്തിനു ക്ഷണിക്കുന്നു.അവിടെ വച്ച് അയാളുടെ കഥ എഴുത്തുകാരനോട്‌ പറയുന്നു.ഒരു ലോബി ബോയ്‌ എങ്ങനെ ഈ ഹോട്ടലിന്‍റെ ഉടമ ആയി എന്ന കഥ.

   കഥ 1932 ലേക്ക് പോകുന്നു.ഉടമ ആരാണെന്ന് പരാമര്‍ശിക്കാതെ ആ ഹോട്ടലിന്‍റെ നടത്തിപ്പുക്കാരന്‍ ആയ “ഗുസ്താവ്” എന്നയാളിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.അയാള്‍ അവിടെ എല്ലാവര്ക്കും പ്രിയങ്കരന്‍ ആണ്.ആ ഹോട്ടലിന്റെ പ്രതാപക്കാലത്ത് അവിടെ വന്നിരുന്ന അതിഥികള്‍ പലരും ഗുസ്താവിനെ കാണുന്നതിനു വേണ്ടി മാത്രം വന്നവരായിരുന്നു.പ്രായമായ സ്ത്രീകള്‍ക്ക് വേണ്ടപ്പെട്ടവന്‍ ആയിരുന്നു ഗുസ്താവ്.ഗുസ്താവിന്റെ മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ പോയ ഹോട്ടലില്‍ ഒരു ലോബി ബോയ്‌ ട്രെയിനീ ആയി വന്ന മുസ്തഫ സീറോയുടെ ഗുരു ആയി ഗുസ്ഥാവേ മാറുന്നു.ഒരു ലോബി ബോയുടെ ജോലികള്‍ എന്തെല്ലാം ആണെന്ന് അയാള്‍ സീരോയെ പഠിപ്പിക്കുന്നു.അധികം താമസിക്കാതെ തന്നെ അറബ് വംശജന്‍ ആയ മുസ്ഥാഫ ഗുസ്താവയുടെ വിശ്വസ്തന്‍ ആയി മാറുന്നു.ഗുസ്താവയുടെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ അയാളുടെ രഹസ്യങ്ങള്‍ പങ്കു വയ്ക്കാവുന്ന അത്ര വിശ്വസ്തന്‍ ആയി മുസ്തഫ മാറുന്നു.സുബ്രോക്ക ഒരു യുദ്ധത്തെ അഭിമുഖികരിക്കുന്ന കാലമായിരുന്നു അത്.ഒരു ദിവസം തന്‍റെ പ്രത്യേക അതിഥിയായി വന്നിരുന്ന വൃദ്ധയുടെ മരണം പത്രത്തില്‍ നിന്നും കാണാന്‍ ഇടയായ ഗുസ്ഥാവേ സീറോയെ കൂട്ടി കൊണ്ട് അവരുടെ വീട്ടില്‍ പോകുന്നു.കോടീശ്വരിയായ അവരുടെ സ്വത്തുക്കള്‍ക്ക് വേണ്ടി നോക്കി ഇരുന്ന അവരുടെ മകനായ “ദിമിത്രി”,പെണ്‍മക്കള്‍ ,മറ്റു ബന്ധുക്കള്‍ എന്നിവരെ ഞെട്ടിച്ചു കൊണ്ട് അവരുടെ സ്വത്തില്‍ ഉണ്ടായിരുന്ന അമൂല്യമായ “The Boy with an Apple” എന്ന ചിത്രം അവര്‍ ഗുസ്താവയുടെ പേരില്‍ എഴുതി വയ്ക്കുന്നു.എന്നാല്‍ ഗുസ്താവ എല്ലാവരുടെയും എതിര്‍പ്പിനെ വക വയ്ക്കാതെ ആ ചിത്രം അവിടെ നിന്നും മോഷ്ടിക്കുന്നു.എന്നാല്‍ ഗുസ്താവയെ കാത്തിരുന്നത് ഒരു വലിയ അപകടം ആയിരുന്നു.കൂടെ അപകടത്തില്‍ പങ്കു പറ്റാന്‍ മുസ്തഫ സീറോയും.അവരുടെ സാഹസിക ജീവിതം കൂടുതല്‍ അറിയാന്‍ ആയി ചിത്രം കാണുക.

 വില്ലിയം ടെഫോ,ഓവന്‍ വിത്സണ്‍,എഡ്വാര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയവര്‍ ചെറിയ റോളുകളില്‍ ഈ സിനിമയില്‍ വരുന്നുണ്ട്.ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം ആയിരുന്നു “The Grand Budapest Hotel”.കൂടാതെ അവിടത്തെ ജൂറിയുടെ പ്രത്യേക അവാര്‍ഡും ലഭിച്ചിരുന്നു.സിനിമയുടെ അവതരണ രീതി വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ഫാന്റസി കഥ പോലെ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലില്‍ കാലഘട്ടത്തിനനുസരിച്ച് സിനിമകള്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ തന്നെ ആയിരുന്നു വെള്ളിത്തിരയിലും ഈ കാലഘട്ടങ്ങള്‍ അവതരിപ്പിച്ചത്.ഒരു കഥ ഉണ്ടായ കഥയാണ് “The Grand Budapest Hotel”.

More reviews @ http://www.movieholicviews.blogspot.com

150.CITIZEN KANE (1941,ENGLISH)

CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore.

  ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് “ഓര്‍സന്‍ വെല്‍സും” അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE “എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ “Roger Ebert” അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് “American Film Institute” നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായി 1998 ല്‍ തിരഞ്ഞെടുത്തത്. “Sight & Sound “എന്ന “British Film Institute “പ്രസിദ്ധീകരണമായ മാസിക ഈ ചിത്രത്തെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം മികച്ച സിനിമയായി തിരഞ്ഞെടുത്തിരുന്നു.2012 ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ “Vertigo” ഈ ചിത്രത്തെ 2012 ല്‍ പിന്തള്ളി ഒന്നാമതായി.ഇതില്‍ തീരുന്നില്ല ഈ ചിത്രത്തിന്‍റെ മഹത്വം.അക്കാദമി പുരസ്കാരങ്ങളില്‍ 9 നാമനിര്‍ദ്ദേശം ലഭിച്ച ഈ ചിത്രം അതില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും നേടി.സിനിമ ചരിത്രത്തിലെ അത്ഭുതമായ ഈ ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയം ആയിരുന്നു എന്നത് ഒരു ദു:ഖ സത്യമായി നിലക്കൊള്ളുന്നു.ഈ സിനിമ ഇക്കാലത്തും കാണുന്ന ഏതൊരു പ്രേക്ഷകനും അന്നത്തെ കാഴ്ചക്കാരെ ചിന്തിച്ചു എന്നിരിക്കും,എന്ത് കൊണ്ടാണ് ഈ ചിത്രത്തെ ഇത്ര വാഴ്ത്തുന്നത് എന്ന്.ന്യായമായ ഒരു സംശയം ആണത്.പ്രത്യേകിച്ചും സാങ്കേതിക വിദ്യകള്‍ മികച്ചതായി വരുന്ന ഈ കാലത്ത്.

   സിനിമ വിദഗ്ധന്മാരുടെ ഇടയില്‍ ഈ ചിത്രത്തെക്കുറിച്ച് ഉള്ള മതിപ്പിന് മുഖ്യ കാരണമായി തോന്നിയത് ഈ ചിത്രം നിര്‍മിക്കപ്പെട്ട കാലഘട്ടം തന്നെ ആണ്.ഒരു പക്ഷേ അന്നത്തെ ശബ്ദ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടില്ലാത്ത അത്രയും മികച്ച സാങ്കേതിക പ്രാധാന്യം ഈ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ നല്‍കിയതായിരിക്കും പ്രധാന കാരണം.കലാസംവിധാനത്തില്‍ ഒരു കാലത്തെ വിപ്ലവകരമായ മാറ്റം കൊണ്ട് വന്ന “Battleship Potemkin” എന്ന 1925 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നിശബ്ദ ചലച്ചിത്രത്തിന് ശേഷം ചലച്ചിത്ര മേഖലയിലെ പുതുമകള്‍ക്ക് തുടക്കം കുറിച്ച ഐതിഹാസിക ചിത്രം എന്ന് തന്നെ ആയിരുന്നു “Citizen Kane”. ഏതൊരു നല്ല കാര്യത്തിനും ഒരു മികച്ച തുടക്കം വേണമല്ലോ?അത്തരത്തില്‍ സിനിമ മേഘലയില്‍ വന്ന തുടക്കം ആണ് “Citizen Kane”.ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട രീതിയും ക്യാമറയ്ക്ക് നല്‍കിയ മുന്‍പ് എങ്ങും ഇല്ലാത്ത പ്രാധാന്യവും ഈ ചിത്രത്തെ ചരിത്രം ആക്കി മാറ്റി.തന്‍റെ പേരിനൊപ്പം ചായാഗ്രാഹകന്റെ പേരും തുല്യ പ്രാധാന്യത്തോടെ സംവിധായകന്‍ ആയ ഓര്‍സന്‍ വേല്‍സ് നല്‍കിയിരുന്നു.

ഇനി സിനിമയുടെ കഥയിലേക്ക്.”ചാള്‍സ് ഫോസ്റ്റര്‍ കേന്‍” എന്ന ഒരു മാധ്യമ  പ്രഭുവായ കോടീശ്വരന്റെ മരണത്തിനു ശേഷം അയാളുടെ മരണ സമയത്തെ അവസാന വാക്കായ ” Rosebud” എന്താണ് എന്ന് അന്വേഷിച്ച് ഇറങ്ങുന്ന “ജെറി തോംസണ്‍” എന്ന പത്രപ്രവര്‍ത്തകന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രം ആരംഭിക്കുമ്പോള്‍ കാണുന്ന “Rosebud” എന്ന് ക്ലോസപ്പില്‍ കാണുന്ന ഒരു സീനില്‍ മാത്രം ആണ് പ്രേക്ഷകന് ചാര്‍ളി എന്ന ചാള്‍സ് ഫോസ്റ്ററെ കാണാന്‍ സാധിക്കുക.സിനിമയുടെ ആരംഭത്തില്‍ ഗേറ്റില്‍ എഴുതി കാണിക്കുന്നത് പോലെ തന്നെ അന്യര്‍ക്ക് പ്രവേശനം ഇല്ലാത്ത ആ ജീവിതം അവതരിപ്പിക്കപ്പെടുന്നത് അയാളുമായി ബന്ധം ഉണ്ടായിരുന്ന സുഹൃത്തുക്കളിലൂടെയും രണ്ടാം ഭാര്യയിലൂടെയും ആണ്.ചാര്‍ളി ചെറുപത്തില്‍ അമ്മയുടെ സ്വന്തം സ്ഥലത്ത് ലോകത്തിലെ ഏറ്റവും മൂന്നാമത്തെ വലിയ സ്വര്‍ണ ഖനി കണ്ടു പിടിച്ചത് മൂലം നഗരത്തില്‍ അമ്മ മകന്റെ ജീവിതം മെച്ചപ്പെടുത്തുവാന്‍ നഗരത്തിലേക്ക് അയക്കുന്നു.അന്ന് കിട്ടിയ സൗഭാഗ്യങ്ങള്‍ ഇരുപത്തിയഞ്ച് വയസ്സിനു ശേഷം ഏറ്റെടുക്കാന്‍ പ്രായം ആയപ്പോള്‍ ചാര്‍ളി ആവശ്യപ്പെട്ടത് ട്രസ്റ്റിന്റെ കീഴില്‍ ഉള്ള ഒരു സാധാരണ പത്രമായ “New York Enquirer” മാത്രമാണ്.ചാര്‍ളിയുടെ ജീവിത സൌഭാഗ്യങ്ങള്‍ അവിടെ തുടങ്ങി.തന്നെ മാത്രം ലോകത്തില്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ചാര്‍ളി അധികാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ നേടി എടുക്കുന്നു.വിജയം തന്റെ കൂടെ വന്നപ്പോള്‍ അയാള്‍ തന്നെ അധികാര കേന്ദ്രമാകാനും ശ്രമങ്ങള്‍ നടത്തുന്നു.തന്റെ വാര്‍ത്തകളിലൂടെ ജനങ്ങള്‍ എന്ത് ചിന്തിക്കണം എന്ന് താന്‍ വിചാരിക്കണം എന്ന് കരുതുന്ന അവസ്ഥയില്‍ ആകുന്നു.

എന്നാല്‍ ചാര്‍ളിയുടെ സ്വകാര്യ ജീവിതം അയാള്‍ക്കായി കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.അധികാര ദുര്‍വാശികളില്‍ അയാള്‍ ആ ജിവിതം സ്വയം തച്ചുടയ്ക്കുക ആയിരുന്നു എന്ന് പിന്നീട് സിനിമയില്‍ അയാളുടെ ഒരു കാലത്തെ വേണ്ടപ്പെട്ടവര്‍ പറയുമ്പോള്‍ ആണ് “സാനടൂ” എന്ന അയാളുടെ 49000 ഏക്കര്‍ വരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്യം എത്ര മാത്രം ഉപയോഗശൂന്യം ആയിരുന്നു എന്ന് മനസ്സിലാകുന്നത്‌.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലും അക്കാലത്തെ ഒരു പുതുമ ആയിരുന്നു.തന്‍റെ സമ്പത്തിന് സ്നേഹം എന്ന വികാരം നല്‍കാന്‍ ആകില്ല എന്ന് മനസ്സിലാക്കിയ ഒരു വൃദ്ധന്‍ ആയി അയാള്‍ മരിക്കുമ്പോള്‍ കാത്തു വച്ചിരുന്നത് ഒരു വലിയ രഹസ്യം ആയിരുന്നു.”Rosebud” എന്ന വാക്കിന്‍റെ രഹസ്യം കണ്ടു പിടിക്കുന്നതില്‍ ജെറിയുടെ ഒപ്പം പ്രേക്ഷകനും ഒരു പങ്കുണ്ട്.ഒരു പക്ഷേ നിഗൂഡത മനോഹരമായി അവതരിപ്പിച്ച ആദ്യ സിനിമ എന്ന് പറയാം ഈ ചിത്രത്തെ.ഒരു പക്ഷേ ഇന്ന് നമ്മള്‍ കാണുന്നത്ര സാങ്കേതിക തികവോ അല്ലെങ്കില്‍ പിരിമുറക്കുന്ന കഥയോ ഒന്നും നമ്മുടെ ഇ-കാലത്ത് ഈ സിനിമയ്ക്ക് അനുഭവപ്പെടും എന്ന് തോന്നുന്നില്ല.എന്നാല്‍ ചിലതെല്ലാം മഹാത്വരമായി അതിന്‍റെ ജനനത്തില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.അത്തരത്തില്‍ ഒന്നായിരുന്നു “Citizen Kane”.മനുഷ്യരാശിക്ക് സിനിമയുടെ പുതു നിര്‍വചനം നല്‍കിയ ക്ലാസിക്.

More reviews @ http://www.movieholicviews.blogspot.com

149.THE SCENT(KOREAN,2012)

149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park.

 വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും  നല്ലത്.പറഞ്ഞു വരാന്‍ കാരണം “The Scent” എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയി മാറുന്നത് ഈ കഴിവ് കാരണം ആകും.അതിനായി ആവശ്യത്തിനുള്ള ട്വിസ്റ്റും എല്ലാം ഈ ചിത്രത്തിലുണ്ട്.ഡിറ്റക്ടീവ് ആയിരുന്ന “കാംഗ് സിയോന്‍ വൂ” അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള കേസുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കനാണ്.ഒരു പോലീസ് ചീഫിന്റെ ഭാര്യയുമായി ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ട അവിഹിത ബന്ധത്തിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തെ സസ്പന്ഷനില്‍ ആണ് അയാള്‍.അയാളുടെ ഭാര്യയും പോലീസില്‍ ആണ് ജോലി ചെയ്യുന്നത്.വിവാഹമോചനത്തിന് വേണ്ടി അവര്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.സസ്പന്ഷനില്‍ ആയ സിയോന്‍ വൂ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്താന്‍ വേണ്ടി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നുണ്ട്.പഴയ ഒരു ചെറിയ കുറ്റവാളി ആയ “പൂംഗ്” ആണ് അയാളുടെ സഹായി.

  സിയോന്‍ വൂവിന്‍റെ സസ്പന്‍ഷന്‍ കഴിയാറായ സമയം അയാളെ കാണാന്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ എത്തുന്നു.അവരുടെ ആവശ്യം തന്‍റെ ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തണം എന്നതായിരുന്നു.ആ സ്ത്രീയുടെ പേര് “കിം സൂ ജിന്‍” .അവര്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂം വളരെയധികം വശീകരണ സ്വഭാവം ഉള്ള ഒന്നായിരുന്നു.സിയോന്‍ വൂ കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു.അയാള്‍ അധികം വൈകാതെ അവരുടെ ഭര്‍ത്താവിന്‍റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കാന്‍ ഉള്ള ഒരു സാധ്യത മുന്നില്‍ തെളിന്നു വരുന്നത് കണ്ടു.ഒരു സ്ത്രീയോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ചെന്ന കിം സൂ ജിന്റെ ഭര്‍ത്താവും കൂടെ ഉള്ള സ്ത്രീയും താമസിചിരുന്നതിന്റെ അടുത്ത മുറിയില്‍ സിയോന്‍ വൂ താമസിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്നു കിം സൂ ജിന്നും ആയി വൈകാരികമായി അടുക്കുന്നു.കുറച്ചു നേരത്തിനു ശേഷം കട്ടിലില്‍ നിന്നും ഉണര്‍ന്നെണീക്കുമ്പോള്‍ സിയോന്‍ വൂ കാണുന്നത് തൊട്ടപ്പുറത്ത് കൊല ചെയ്യപ്പെട്ട രീതിയില്‍ കിടക്കുന്ന കിം സൂ ജിന്നെ ആണ്.ഭയന്ന്‍ പോയ സിയോന്‍ വൂ അടുത്ത മുറിയില്‍ ചെല്ലുമ്പോള്‍ അവിടെ കിം സൂ ജിന്റെ ഭര്‍ത്താവും സമാന രീതിയില്‍ മരണപ്പെട്ടു കിടക്കുന്നതായി കാണുന്നു.കൂടെ ഉണ്ടായിരുന്ന സ്ത്രീ ഭയന്ന് അവിടെ നില്‍ക്കുന്നത് കണ്ടു.അവരുടെ പേര് എന്താണെന്ന് ചോദിച്ച സിയോന്‍ വൂവിനു കൂടുതല്‍ അത്ഭുതങ്ങള്‍ ആയിരുന്നു ആ രാത്രി നല്‍കിയത്.അവരുടെ പേരും കിം സൂ ജിന്‍;കൂടാതെ മരിച്ചു കിടക്കുന്ന ആളുടെ ഭാര്യ ആണവര്‍ എന്ന് ഭയത്തോടെ പറയുന്നു.അവര്‍ക്കും വശീകരണ ഗന്ധം ഉള്ള ആ പെര്‍ഫ്യൂമിന്റെ മണമായിരുന്നു.

  രണ്ടു കൊലപാതകങ്ങള്‍ക്ക് നിയമത്തിന്‍റെ കണ്ണില്‍ താന്‍ മറുപടി പറയേണ്ടി വരും എന്ന് സിയോന്‍ വൂവിനു നല്ലത് പോലെ അറിയാമായിരുന്നു.അയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സിയോന്‍ വൂവിന്റെ പുറകെ മറ്റൊരു ഡിറ്റക്ടീവ് വരുന്നു,സിയോന്‍ വൂവിനോട് താല്‍പ്പര്യം ഇല്ലാത്ത “സിയോ”.സിയോന്‍ വൂവിനു ഒളിപ്പിക്കാന്‍ ഒത്തിരി ഉണ്ട്.കൂടെ സത്യങ്ങള്‍ കണ്ടു പിടിക്കുകയും വേണം.എന്നാല്‍ സിയോയുടെ ലക്‌ഷ്യം താരതമ്യേന എളുപ്പമാണ് സാധാരണ ബുദ്ധിയില്‍ കണ്ടു പിടിക്കാവുന്ന രണ്ടു കൊലക്കേസുകള്‍.ഇതില്‍ ആര് വിജയിക്കും എന്നറിയാന്‍ സിനിമ ബാക്കി കാണണം.പതിവ് കൊറിയന്‍ സിനിമകളുടെ വലിഞ്ഞു മുറുക്കുന്ന ഒരു അന്തരീക്ഷം ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ കഴിയില്ല.നായികയുടെ സൗന്ദര്യം സിനിമയില്‍ വളരെയധികം നന്നായി ഉപയോഗിച്ചിട്ടുമുണ്ട് ഈ ചിത്രത്തില്‍.ഇടയ്ക്കെവിടെയോ “Out of Time” (ഹിന്ദിയില്‍ ഇമ്രാന്‍ ഹാഷ്മിയുടെ “Zeher”) നോട് സാദൃശ്യം തോന്നിയെങ്കിലും ഈ ത്രില്ലറിന്റെ കഥ വ്യത്യസ്ഥമായിരുന്നു.കൊറിയന്‍ നിലവാരം വച്ച് ഒരു ശരാശരിയില്‍ അല്‍പ്പം മുകളില്‍ നില്‍ക്കുന്ന ത്രില്ലര്‍ എന്ന് ഈ ചിത്രത്തെ പറയാം.ചിലപ്പോള്‍ മഴയത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു അഭിപ്രായം.മഴയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഒരു സൌന്ദര്യം ഉണ്ടെന്നു പല കൊറിയന്‍ സിനിമകളും തെളിയിച്ചിട്ടും ഉണ്ട്.

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started