136.PSYCHOMETRY(KOREAN,2013)

136.PSYCHOMETRY(KOREAN,2013),|Thriller|Sci-fi|,Dir:-Ho Young-Kweon,*ing:-Kang Woo Kim,Bum Kim,Esom.

2013 ല്‍ ഇറങ്ങിയ കൊറിയന്‍ Sci-fi ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “Psychometry”.Psychometry പാരാ നോര്‍മല്‍ ശാഖയില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.ഒരു വസ്തു അല്ലെങ്കില്‍ സബ്ജെക്ട്ടിനെ സ്പര്‍ശിക്കുമ്പോള്‍ അതില്‍ കൂടുതല്‍ സ്വാധീനം ഉള്ള മാഗ്നറ്റിക് ഫീല്‍ഡിനെ കുറിച്ച് അറിയാന്‍ സാധിക്കും എന്ന്‍ കരുതുന്ന ഒരു വിഷയമാണ് Psychometry.സാധാരണ ഗതിയില്‍ അവിശ്വസനീയമായ ഒരു വിഷയമാണ് ഇതും.ഒരു വസ്തുവിന്‍റെ ഭൂതക്കാലം ഇത്തരത്തില്‍ ഉള്ള സ്പര്‍ശനങ്ങളില്‍ കൂടി അറിയാവുന്നതിലെ അസ്വാഭാവികത സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും വേറിട്ട ഒരു മുഖം ഈ ചിത്രത്തിന് നല്‍കുന്നു.ഈ പാരനോര്‍മല്‍ ശാഖയിലൂന്നിയുള്ള കുറച്ചു കുട്ടികളുടെ തിരോധാനത്തിനു പിന്നില്‍ ഉള്ള അന്വേഷണം ആണ് ഈ ചിത്രം.യാംഗ് ചുന്‍ ഒരു യുവ പോലീസുകാരന്‍ ആണ്.ഏറ്റവും മോശം സര്‍വീസ് റെക്കോര്ഡ് ഉള്ള പ്രത്യേകിച്ച് വലിയ കഴിവൊന്നും ഇല്ലാത്ത ആള്‍.ഡിപ്പാര്‍ട്ട്മെന്റ് പോലും യാംഗ് ചുന്നിനെ ഒരു കുട്ടിക്കളി ആയി മാത്രമേ കണക്കാക്കുന്നുള്ളൂ.മണി ചെയിന്‍ പോലുള്ള തട്ടിപ്പ് പരിപാടികളില്‍ കൂടി എങ്കിലും കുറച്ചു കാശ് ഉണ്ടാക്കി ജീവിക്കണം എന്ന ആഗ്രഹം ഉള്ള ആള്‍ ആയിരുന്നു യാംഗ്.

  ഒരു ദിവസം യാംഗ് ചുന്നിന്റെ നൈറ്റ് ഡ്യൂട്ടിയുടെ സമയം ഒരു പെണ്‍ക്കുട്ടിയെ കാണാനില്ല എന്നും ഉള്ള പരാതിയുമായി ഒരു അമ്മ പോലീസ് സ്റ്റേഷനില്‍ എത്തുന്നു.എന്നാല്‍ പോലീസുകാര്‍ ആ പരാതി കാര്യമായെടുക്കുന്നില്ല.പരാതി കിട്ടുന്നതിന്‍റെ അന്ന് രാത്രി യാംഗ് ചുന്‍ ചുവരില്‍ ഉള്ള ഒരു സ്പ്രേ പെയിന്റിംഗ് ശ്രദ്ധിക്കുന്നു.അസ്വാഭാവികമായ ഒന്ന്.ആ സ്പ്രേ പെയിന്റ് ചെയ്തയാളുമായുള്ള സംസാരത്തിന്റെ ഇടയ്ക്ക് അയാള്‍ യംഗ് ചുന്നിന്റെ മുഖത്ത് സ്പ്രേ അടിച്ചു ഓടി മറയുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിന് ശേഷം ആ സ്പ്രേ പെയിന്റിങ്ങില്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കാണാതെ പോയ കുട്ടിയുടെ മൃതദേഹം കിട്ടുന്നു.  സ്വന്തം ജീവിതാനുഭവം മൂലം യംഗ് ചുന്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അത് ഒരു തട്ടിക്കൊണ്ടു പോകല്‍ ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ ആരും അവനെ വിശ്വസിക്കുന്നില്ല,പോലീസ് ചീഫ് ഒഴികെ.അയാള്‍ യംഗ് ചുന്നിനോട് സ്വതന്ത്രമായി ആ കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ശവശരീരം ലഭിക്കുന്നതിനു മുന്‍പ് തന്നെ ആ സ്ഥലത്തെ കുറിച്ചുള്ള സൂചനകള്‍ സ്പ്രേ പെയിന്റിങ്ങിലൂടെ ചുവരില്‍ അവതരിപ്പിച്ച ആളെ തേടി ആയി യാംഗ് ചുന്നിന്റെ അന്വേഷണം.അതിന്റെ ഇടയ്ക്ക് മറ്റൊരു കുട്ടി തട്ടിക്കൊണ്ടു പോകളില്‍ നിന്നും രക്ഷപ്പെടുന്നു.തന്‍റെ നായക്കുട്ടിക്കു അസുഖം ആണെന്നും അതിനെ നോക്കുന്നോ എന്നും പറഞ്ഞു കാറില്‍ വന്ന ഒരാള്‍ പറഞ്ഞു എന്ന് ആ കുട്ടി പറയുന്നു.ആ നായക്കുട്ടി ഫ്രീസറില്‍ വച്ചത് പോലെ തണുത്തിരുന്നു എന്നും അവള്‍ പറഞ്ഞു.ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ന്നു.ആ സമയം തന്നെ യാംഗ് ചുന്നിനു പരിചയം ഉള്ള ഒരു കൊച്ചു കുട്ടിയെ സമാനമായ രീതിയില്‍ കാണാതെ ആകുന്നു.യംഗ് ചുന്‍ ആ സ്പ്രേ പെയിന്റിങ്ങും ഇ തിരോധാനങ്ങളും ആയി എന്തോ ബന്ധം ഉണ്ടെന്നു മനസ്സിലാക്കുന്നു.യാംഗ് സംശയിച്ചത് ശരി ആയിരുന്നോ?ആ കുട്ടികള്‍ക്ക് സംഭവിച്ചതെന്ത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  കൊറിയന്‍ സിനിമകളും ഒരു മാറ്റത്തിന്‍റെ പാതയില്‍ ആണെന്ന് ഈ അടുത്ത് ഇറങ്ങിയ ചില സിനിമകള്‍ സൂചിപ്പിക്കുന്നു.അവരുടെ സ്വാഭാവികമായ ഒരു ഇരുണ്ട ഫ്രെയിമുകളില്‍ നിന്നും കൂടുതല്‍ ജനകീയം ആകാന്‍ ഉള്ള ഒരു ശ്രമം ചിത്രങ്ങളില്‍ കാണാം.കൂടുതല്‍ രാജ്യങ്ങളില്‍ സിനിമയ്ക്ക് സ്വാധീനം ചെലുത്താന്‍ ആകണം അവര്‍ ഈ മാറ്റങ്ങള്‍ കൊണ്ട് ശ്രമിക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും കൊറിയന്‍ ത്രില്ലറുകള്‍ അധികം നിരാശപ്പെടുത്തില്ല.അത് പോലെ തന്നെ ഈ ചിത്രവും.ഒരു sci-fi പ്രമേയത്തില്‍ കൂടിയുള്ള അന്വേഷണം ആണ് ഈ ചിത്രം.

More reviews @ http://www.movieholicviews.blogspot.com

Facebook Page: https://www.facebook.com/movieholicviews

135.LA CAJA 507(SPANISH,2002)

135.LA CAJA 507(SPANISH,2002),|Thriller|Mystery|,Dir:-Enrique Urbizu,*ing:-Dafne Fernandez,Antonio Resines.

2002 ല്‍ ഇറങ്ങിയ ഒരു സ്പാനിഷ് ത്രില്ലര്‍ ചിത്രം ആണ് “La Caja 507”.നിയമവ്യവസ്ഥ തന്നെയും കുടുംബത്തെയും സംരക്ഷിക്കില്ല എന്ന് മനസ്സിലാക്കിയ ഒരു സാധാരണ മനുഷ്യന്‍ തന്‍റെ മനസ്സിന് തൃപ്തി കിട്ടാനായി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ആണ് ചിത്രം.ഒരു തുള്ളി രക്തം പോലും ചീന്താതെ അല്ലെങ്കില്‍ അതിന് ഉള്ള കഴിവില്ലാതെ ചില കണ്ണികള്‍ തന്ത്രപൂര്‍വ്വം കൂട്ടി ചേര്‍ക്കാന്‍ ആണ് അയാള്‍ ശ്രമിക്കുന്നത്.അയാളുടെ പേര് പാര്‍ടോ.ഒരു മധ്യവയസ്ക്കന്‍ ആയ പാര്‍ടോ ഒരു ബാങ്കിലെ മാനേജര്‍ ആണ്.ഒരു സാധാരണക്കാരനായാണ്‌ അയാള്‍ ജീവിക്കുന്നത്.മകളോടും ഭാര്യയോടും ഒപ്പം അവരെ സംരക്ഷിച്ചു ,അവരെ സ്നേഹിച്ചു അയാള്‍ ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അയാളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അയാളുടെ ജീവിതത്തെ ആകമാനം മാറ്റി മറിക്കുന്നു.തന്‍റെ പുരുഷ സുഹൃത്തിനോടൊപ്പം ഒരു എസ്റ്റേറ്റില്‍ സമയം ചിലവഴിക്കാന്‍ പോയ പാര്‍ദോയുടെ പതിനാറു വയസ്സുകാരി ആയ മകള്‍ അവിടെ ഉണ്ടായ കാട്ടു തീയില്‍ അകപ്പെടുന്നു.ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ ആകുന്നതിനു മുന്‍പ് അവള്‍ മരിക്കുന്നു.പാര്‍ടോയും ഭാര്യയും തങ്ങളുടെ വിരസമായ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നു.

  എന്നാല്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ദോയുടെ ഭാര്യയെ ബന്ദിയാക്കി കുറച്ചു കള്ളന്മാര്‍ പാര്‍ടോ ജോലി ചെയ്യുന്ന ബാങ്ക് കൊള്ളയടിക്കുന്നു.അവിടെ ബാങ്ക് ലോക്കറില്‍ ഇരുന്ന പെട്ടികള്‍ ആയിരുന്നു അവര്‍ കൊള്ളയടിച്ചത്.പാര്‍ദോയുടെ ഭാര്യ അവരുമായുള്ള മല്‍പ്പിടുത്തത്തില്‍ മരണത്തെ മുഖാമുഖം വീട്ടില്‍ വച്ച് കാണുന്നു.എന്നാല്‍ പാര്‍ടോയെ ബോധം കെടുത്തി അവര്‍ മോഷണത്തിന് ശേഷം ബാങ്കില്‍ നിന്നും രക്ഷപ്പെടുന്നു.വളരെയധികം പ്ലാന്‍ ചെയ്തു നടത്തിയ ഈ മോഷണം എന്നാല്‍ പാര്‍ദോയുടെ ജീവിതത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി.ബോധം വന്നതിനു ശേഷം കള്ളന്മാര്‍ കൊണ്ട് പോകാത്ത ഒന്നില്‍   507 ആം നമ്പറില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പാര്‍ദോയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നി.അയാള്‍ അത് മാറ്റി വയ്ക്കുന്നു. സമൂഹത്തിലെ കുറച്ചു ഉന്നതന്മാരുടെ പേരും അതില്‍ ഉള്ള ഭീമമായ തുകകളുടെ കണക്കും പാര്‍ദോയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.പാര്‍ടോ ആ രേഖകളിലൂടെ അന്വേഷണം നടത്തുന്നു.അയാളെ ആ അന്വേഷണം കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.തനിക്കു ലോകത്തെ കുറിച്ചും സ്വന്തം ജീവിതത്തെ കുറിച്ചും അറിയാവുന്നത് വെറും തുച്ചം ആണെന്ന് മനസ്സിലാക്കുന്നു.ഒരു വശത്ത് അത്യാസന നിലയില്‍ കിടക്കുന്ന ഭാര്യ മറു വശത്ത് നീതി ലഭിക്കാന്‍ ഉള്ള ആഗ്രഹം.എന്നാല്‍ നിയമവ്യവസ്ഥ തന്നെ ഒരു സാധാരണക്കാരനെ രക്ഷിച്ചില്ലെങ്കില്‍?ഇതിനിടയില്‍ പാര്‍ദോയെ അന്വേഷിച്ചു ശക്തനായ ഒരു പ്രതിയോഗിയും എത്തുന്നു.പാര്‍ടോ കണ്ടെത്തിയ രഹസ്യം എന്താണ്?പാര്‍ടോ തനിക്കു അര്‍ഹതപ്പെട്ട നീതി എങ്ങനെ നേടി എടുക്കുന്നു?അതാണ്‌ ബാക്കി സിനിമ.

    സ്വന്തം കൈ കൊണ്ട് ചോര ചീന്തി എടുക്കുന്ന നീതിക്ക് ആയുസ്സില്ല എന്ന് പാര്‍ടോയുടെ മനസ്സ് അയാളോട്പറഞ്ഞത്. കളിക്ക് ഉപയോഗിച്ചത് ഏറ്റവും ശക്തമായ ആയുധവും.സിനിമയുടെ ഓരോ മേഖലകളിലും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ ചിത്രം വളരെയധികം തൃപ്തിപ്പെടുത്തി.പ്രത്യേകിച്ചും കണ്ണികള്‍ എല്ലാം ഒരു വശത്ത് തന്നെ കൊണ്ട് വച്ച് യോജിപ്പിക്കുന്നതൊക്കെ.നല്ല ഒരു ത്രില്ലര്‍ ആണ്”La Caja 507″.സ്പാനിഷ് ത്രില്ലറുകള്‍ കാണാതെ മാറ്റി വയ്ക്കരുത്.അവര്‍ ഈ കാര്യത്തില്‍ പ്രഗല്‍ഭര്‍ ആണ്.

More reviews @ http://www.movieholicviews.blogspot.com

Facebook page: https://www.facebook.com/movieholicviews

134.MOSS(KOREAN,2010)

134.MOSS(KOREAN,2010),|Mystery|Thriller|,Dir:-Woo Suk-kang,*ing:-Jae yeong,Hae-il Park

2010 ല്‍ ഇറങ്ങിയ കൊറിയന്‍ ത്രില്ലര്‍ ആണ് “Moss”.കൊറിയന്‍ ത്രില്ലറുകളില്‍ അസാധാരണമായി കാണുന്ന ഒന്നാണ് നീളമേറിയ സിനിമകള്‍.പ്രത്യേകിച്ചും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമ.പലപ്പോഴും നീളം കാരണം മാറ്റി വച്ച സിനിമ കണ്ടു തീര്‍ത്തപ്പോള്‍ മാന്സ്സിലായി ഈ സിനിമയുടെ ദൈര്‍ഘ്യത്തിന്റെ കാരണം.അത്രയേറെ കഥകള്‍ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ചിത്രത്തില്‍.മുപ്പതു വര്‍ഷമായി ഒരു ഗ്രാമത്തില്‍ ചാമ്പല്‍ ആയി കിടന്ന രഹസ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.റിയൂ എന്ന യുവാവും പാര്‍ക്ക് മിന്‍ വൂക് എന്ന പബ്ലിക് പ്രോസിക്യൂട്ടറും പരസ്പരം പാര പണിയുന്നതില്‍ മിടുക്കര്‍ ആണ്.ഒരാളുടെ കുറ്റം കണ്ടു പിടിക്കുകയാണ് മറ്റയാളുടെ സ്ഥിരം പരിപാടി.ഒരു ദിവസം സിയോളില്‍ ആയിരുന്ന റിയൂവിനു ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നു.റിയൂവിന്റെ അച്ഛന്‍ മരണപ്പെട്ടു എന്നതായിരുന്നു സന്ദേശം.റിയൂ അന്ത്യക്കര്‍മങ്ങള്‍ നിര്‍വഹിക്കുവാനായി അച്ഛന്‍ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് പോകുന്നു.റിയൂവിന്റെ അച്ഛന്‍ കുടുംബവുമായി വര്‍ഷങ്ങളായി അകന്നു കഴിഞ്ഞ് ആണ് ആ ഗ്രാമത്തില്‍ താമസിക്കുന്നത്.അത് കൊണ്ട് തന്നെ റിയൂവിനെ അവിടെ ആര്‍ക്കും അറിയില്ല.റിയൂ അച്ഛന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപിക്കുന്നു.എന്നാല്‍ പ്രായം ചെന്ന ഒരാളുടെ മരണമായി എല്ലാവരും കരുതുന്നു.റിയൂ അവിടെ താമസിക്കുന്നത് ഗ്രാമവാസികള്‍ക്ക്‌ ചിലര്‍ക്ക് അരോചകമായി തോന്നുന്നു..

 ആ ഗ്രാമത്തിന്‍റെ ആദ്യവും അന്ത്യവും എല്ലാം കിം ടിയോക് എന്ന ഗ്രാമ തലവന്‍ ആണ്.അയാള്‍ പഴയ ഒരു പോലീസുകാരനും ആണ്.ഒരു കുറ്റവാളി ആയിരുന്ന റിയൂവിന്റെ അച്ഛന്‍ പിന്നീട് ക്രിസ്ത്യന്‍ മത വിശ്വാസി ആവുകയായിരുന്നു.ഒരു സന്യാസജീവിതം ആയിരുന്നു അയാള്‍ അവിടെ ജീവിച്ചു തീര്‍ത്തത്.ഒരു സാത്വികന്‍ ആയി ഗ്രാമവാസികള്‍ അയാളെ കരുതിപോന്നു. എന്നാല്‍ റിയൂവിനു അവിടെ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ എന്തോ ഒരു നിഗൂഡത തോന്നുന്നു.റിയൂ അവിടെ താമസിക്കാതെ ഇരിക്കാന്‍ ഉള്ള കാരണങ്ങള്‍ ഗ്രാമ മുഖ്യന്റെ അനുയായികള്‍ അയാളോട് പറയുന്നു.എന്നാല്‍ റിയൂ അവിടെ താമസിക്കാന്‍ തീരുമാനിക്കുന്നു.റിയൂ ആദ്യം താമസിച്ച ഒരു കടയോട് ചേര്‍ന്ന ഭാഗത്തില്‍ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ തന്നെ അയാള്‍ സംശയാലു ആകുന്നു പല കാരണങ്ങള്‍ കൊണ്ടും.പകല്‍ കാണുന്നതല്ല പലരുടെയും യഥാര്‍ത്ഥ മുഖം എന്ന് റിയൂ മനസ്സിലാക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം റിയൂ തന്‍റെ അച്ഛന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഒരു തുരങ്കം കണ്ടെത്തുന്നു.ചില സംഭാഷണങ്ങള്‍ ഒക്കെ ചിലര്‍ അറിയാതെ കേട്ടപ്പോള്‍ ആ ഗ്രാമത്തിനു ഒരു വലിയ രഹസ്യം പുറം ലോകത്തോട്‌ പറയാന്‍ ഉണ്ടെന്നു റിയൂ മനസ്സിലാക്കുന്നു.രഹസ്യങ്ങള്‍ അന്വേഷിച്ചിറങ്ങിയ റിയൂവിനെ കാത്തിരുന്നത് അപകടങ്ങള്‍ ആയിരുന്നു.സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആണെന്ന് റിയൂ മനസ്സിലാക്കുന്നു.റിയൂവിനു രഹസ്യങ്ങള്‍ കണ്ടു പിടിച്ചേ മതിയാകുമായിരുന്നു.റിയൂ അതിനായി ഒരാളുടെ സഹായം ആവശ്യപ്പെടുന്നു.എന്നാല്‍ ശത്രുക്കള്‍ പ്രബലരായിരുന്നു.ആരാണ് റിയൂവിന്റെ ശത്രുക്കള്‍?റിയൂ അവരില്‍ നിന്നും രക്ഷപ്പെടുമോ?അതോ?രഹസ്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ബാക്കി സിനിമ കാണുക.

  ഒട്ടിപ്പിടിച്ചു കിടക്കുന്ന പായല്‍ പോലെയാണ് ചിലരുടെ ജീവിതം .അതില്‍ നിന്നും ഉള്ള മോചനത്തിനായി അവര്‍ ചെയ്യുന്ന അവസാന ശ്രമങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ഉള്ള നീക്കങ്ങള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ സിനിമയുടെ അവസാനമായി എന്ന് കരുതുന്ന സ്ഥലത്ത് നിന്ന്  പോലും വേറെ ഒരു ക്ലൈമാക്സ് വരുന്നത്.ഒരു നല്ല മുഴുനീള ത്രില്ലര്‍ ആണ് മോസ് എന്ന ചിത്രം.കൊറിയന്‍ ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാവുന്ന ഒരു ചിത്രം.

More reviews @ http://www.movieholicviews.blogspot.com

133,THE HIDDEN FACE(2011,SPANISH)

133.THE HIDDEN FACE(2011,SPANISH),|Mystery|Thriller|,Dir:-Andrez Bais,*ing:-Quim Gutierrez,Martina Garcia.

2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് “The Hidden Face”.ഈ ചിത്രത്തിന് ശരിക്കും അര്‍ത്ഥവത്താണ് ഈ പേര്.പ്രത്യേകിച്ചും മനുഷ്യന്‍റെ മറഞ്ഞിരിക്കുന്ന നിഗൂഡമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം.പിന്നെ സിനിമയുടെ കഥാഗതിയില്‍ പ്രധാനമായ ഒരു സ്ഥാനവും ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം.പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ പിന്നെ സ്വന്തമെന്നു കരുതുന്ന ആള്‍ മറ്റൊരാള്‍ക്ക് സ്വന്തമാകുമോ എന്ന ഭയം ,ഇവയെല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ആയ ആന്‍ഡി ബെയ്സ്.ഒരു ദിവസം തന്റെ ജോലി കഴിഞ്ഞെത്തിയ അഡ്രിയാനെ കാത്തിരുന്നത് തന്‍റെ കാമുകിയായ ബെലന്‍ റെക്കോര്ഡ് ചെയ്തു വച്ച ഒരു വീഡിയോ ആണ്.തനിക്കു ഈ ബന്ധം ഇനി തുടരാന്‍ താല്‍പ്പര്യം ഇല്ല എന്നും.അത് നേരിട്ട് പറയാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഒരു വീഡിയോയില്‍ രേഖപ്പെടുത്തി താന്‍ പോവുകയാണെന്നും ആയിരുന്നു ആ വീഡിയോയുടെ സാരാംശം.അഡ്രിയാന്‍ വിഷമത്തില്‍ ആകുന്നു.അയാള്‍ മദ്യത്തില്‍ അഭയം തേടുന്നു.

  ഒരു ദിവസം മദ്യപാനം കഴിഞ്ഞപ്പോള്‍ ബാറിലെ ജോലിക്കാരി ആയ ഫാബിയാന അഡ്രിയാനെ തന്റെ വീട്ടില്‍ കൊണ്ട് പോകുന്നു.പിറ്റേന്ന് രാവിലെ ഫാബിയാനയെ ശ്രദ്ധിക്കാതെ അയാള്‍ യാത്ര ആകുന്നു.എന്നാല്‍ അന്ന് വൈകിട്ട് അയാള്‍ വീണ്ടും അവള്‍ ജോലി ചെയ്യുന്ന ആ ബാറില്‍ എത്തുന്നു.അഡ്രിയാന്‍ ഫാബിയാനയെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു.ഒരു തെറ്റിദ്ധാരണയുടെ പുറത്തു തന്നെ വിട്ടു പോയ ബെലനെ അയാള്‍ വെറുക്കുന്നു.ഫാബിയാന അഡ്രിയാനൊപ്പം അയാളുടെ വലിയ വീട്ടില്‍ താമസം ആരംഭിക്കുന്നു.സന്തോഷകരമായി അവര്‍ രണ്ടും ജീവിക്കുന്ന സമയം അഡ്രിയാനെ തിരക്കി രണ്ടു അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ എത്തുന്നു.ബെലന്‍ രാജ്യം വിട്ടു പോയിട്ടില്ല എന്നും അവള്‍  എവിടെ ആണെന്നുള്ളതിന്‌ ഒരു തെളിവും ഇല്ല എന്നവര്‍ അറിയിക്കുന്നു.അവര്‍ സംശയിക്കുന്നവരില്‍ പ്രഥമ സ്ഥാനം അഡ്രിയാനാണ്.അഡ്രിയാന്‍  അന്വേഷണവുമായി സഹകരിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഫാബിയാനയുടെ മുന്‍ കാമുകനും ആണ്.ചില ദിവസങ്ങളില്‍ ഫാബിയാന വീട്ടിലെ വെള്ളത്തില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നു.പ്രത്യേകിച്ചും ഓളം വെട്ടുന്ന ബാത്ത് ടബ്ബിലെ വെള്ളവും വാഷ്‌ ബേസിനിലെ വെള്ളവും.അത് പോലെ തന്നെ തണുത്ത വെള്ളം മാറി പെട്ടന്ന് ചൂട് വെള്ളം ആകുന്നതും.ഒരിക്കല്‍ അവള്‍ക്കു പൊള്ളല്‍ എല്ക്കുകയും ചെയ്യുന്നു.ഫാബിയാന ആ വലിയ വീട്ടില്‍ പ്രേതം ഉണ്ടെന്നു വിശ്വസിക്കുന്നു.ടാപ്പില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദ തരംഗങ്ങള്‍ അവളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നു.എന്നാല്‍ അഡ്രിയാന്‍ അത് വിശ്വസിക്കുന്നില്ല.അങ്ങനെ ഇരിക്കെ ഒരു ദിവസം ബെലന്റെ മൃതദേഹം എന്ന് സംശയിക്കുന്ന ഒരു ശരീരം അവളുടെ ആണോ എന്ന്‍ തിരിച്ചറിയാന്‍ വേണ്ടി അഡ്രിയാനെ പോലീസ് വിളിപ്പിക്കുന്നു.അത് ബെലന്റെ ശവശരീരം ആയിരുന്നോ?ബെലന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു?അഡ്രിയാന്‍ അവളുടെ തിരോധാനത്തിനു പിന്നിലുണ്ടോ?ആ വീട്ടില്‍ പ്രേതം ഉണ്ടെന്നുള്ള ഫാബിയാനയുടെ വിശ്വാസം ശരി ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ചിത്രം അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പകുതിയിലും അഡ്രിയാന്‍റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലും ആണ്.സിനിമയുടെ അവസാനം അപ്രതീക്ഷമായ ക്ലൈമാക്സിലും പറയാത്തതില്‍ കൂടുതലും ഉണ്ട്.അഡ്രിയാനെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയും.ആ ഭീഷണി സിനിമയില്‍ അവതരിപ്പിക്കുന്നില്ല എങ്കിലും അതിലേക്കു പോകുന്ന സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു സ്പാനിഷ് ത്രില്ലര്‍ ആണ് “The Hidden face”.

More reviews @ http://www.movieholicviews.blogspot.com

132.TELL NO ONE(FRENCH,2006)

132.TELL NO ONE(FRENCH,2006),|Mystery|Thriller|,Dir:-Guillamme Canet,*ing:-Francois Cluzet,Marie Josse Croze

2006 ല്‍ ഇറങ്ങിയ ഫ്രഞ്ച് ത്രില്ലര്‍ ചിത്രം ആണ് “Tell No One” aka “Ne Le Dis A personne”.ഹാര്‍ലന്‍ കോബെന്‍ രചിച്ച ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചലച്ചിത്രം.അലക്സാണ്ടര്‍ ബെക്ക് എന്ന ഡോക്റ്ററുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു ദുരിതവും അതിനെ ചുറ്റിപ്പറ്റി ഉള്ള നിഗൂഡമായ സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ പ്രമേയം.കുട്ടിക്കാലത്തെ സുഹൃത്തായ മാര്‍ഗറ്റിനെ ആണ് അലക്സാണ്ടര്‍ ബെക്ക് വിവാഹം ചെയ്യുന്നത്.സന്തോഷകരമായ ഒരു കുടുംബ ജീവിതം ആയിരുന്നു അവര്‍ക്ക്.എന്നാല്‍ ഒരു ദിവസം മാര്‍ഗറ്റ് അപ്രതീക്ഷമായി കൊല്ലപ്പെടുന്നു.അലക്സാണ്ടര്‍ കൊലപാതകിയുടെ ആക്രമണത്തില്‍ ബോധം കെടുന്നു.ഒരു പരമ്പര കൊലപാതകത്തിലെ ഇരയായി പോലീസ് മാര്‍ഗറ്റിന്റെ മരണത്തെ വിലയിരുത്തുന്നു.കൊലയാളി തന്‍റെ ഇരകളുടെ അടുത്ത് ചത്ത മൃഗങ്ങളെ കൊണ്ട് ഇടുന്ന പോലത്തെ തെളിവുകളും ലഭിക്കുന്നു.ആ സമയത്ത് എന്നാല്‍ മാര്‍ഗട്ടിനെ കൊന്നത് താന്‍ അല്ല എന്ന്‍ ആ പരമ്പര കൊലയാളി മൊഴി നല്‍കുന്നു.എന്നാല്‍ ഏഴു കൊലപാതകങ്ങളുടെ കൂടെ മാര്‍ഗട്ടിന്റെ കൊലപാതകം കൂടി എഴുതി ചേര്‍ക്കപ്പെടുന്നു.

  എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം,അലക്സാണ്ടര്‍ തന്‍റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീയെയും കൂട്ടാതെ മരണപ്പെട്ട ഭാര്യയുടെ ഓര്‍മകളില്‍ കഴിയുന്നു.മാര്‍ഗറ്റിന്റെ അമ്മയുടെ അഭിപ്രായത്തില്‍ അലക്സാണ്ടര്‍ പുതിയ ഒരു കൂട്ട് കണ്ടു പിടിക്കണം എന്നാണു.എന്നാല്‍ ഒരിക്കലും അലക്സാണ്ടര്‍ അതിനു തയ്യാറാകുന്നില്ല.ശിശുരോഗ വിദഗ്ദ്ധനായ അലക്സാണ്ടര്‍ തന്റെ ജോലികളും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ഒരു ദിവസം മാര്‍ഗറ്റ് മരിച്ചു കിടന്നതിന്റെ അടുത്ത് നിന്നും ലഭിച്ച കൊല ചെയ്യപ്പെട്ട രണ്ടു മൃതദേഹങ്ങള്‍ വീണ്ടും പോലീസിനെ എട്ട് വര്ഷം മുന്‍പ് നടന്ന സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നു.അലക്സാണ്ടര്‍ക്ക് എതിരെ ഉള്ള സുപ്രധാനമായ തെളിവുകള്‍ മൃതദേഹങ്ങളില്‍ നിന്നും ലഭിക്കുന്നു.അത് പോലെ തന്നെ മാര്‍ഗറ്റ് ജീവിച്ചിരിപ്പുണ്ടെന്ന് ഉള്ള തെളിവുകളും അലക്സണ്ടാരെ തേടി എത്തുന്നു.അലക്സാണ്ടര്‍ ആകെ മൊത്തം ആശയക്കുഴപ്പത്തില്‍ ആകുന്നു.മരിച്ചു എന്ന് കരുതിയ ഭാര്യ തിരിച്ചെത്തുന്നു.രണ്ടു കൊലപാതകങ്ങള്‍ക്ക് തനിക്കു എതിരെ ഉള്ള തെളിവുകള്‍ എല്ലാം കൂടി അയാളെ തളര്‍ത്തുന്നു.ആ ഇടയ്ക്ക് തന്നെ അലക്സണ്ടാരുടെ സുഹൃത്തായ ചാര്‍ലറ്റ് കൊല്ലപ്പെടുന്നു.വെടി ഉതിര്‍ന്നത് അലക്സണ്ടാരുടെ പിതാവിന്റെ പേരില്‍ ഉള്ള തോക്കില്‍ നിന്നും.ഇതിന്റെ ഇടയ്ക് പോലീസിനു മാര്‍ഗറ്റിന്റെ പേരില്‍ ഉള്ള സേഫിന്റെ താക്കോല്‍ ലഭിക്കുന്നു.അതില്‍ ശരീരം മുഴുവന്‍ മര്‍ദനം ഏറ്റ പാടുകളുമായി മാര്‍ഗറ്റ് നില്‍ക്കുന്ന ഫോട്ടോകളും.നിയമപാലകര്‍ അലക്സണ്ടാരുടെ പുറകെ അന്വേഷണം നടത്തുന്നു.തെളിവുകള്‍ എല്ലാം അലക്സാണ്ടര്‍ക്ക് എതിരെയും.അലക്സണ്ടരുടെ വക്കീല്‍ പോലും അയാളെ വിശ്വസിക്കുന്നില്ല.പോലീസിനു കുറ്റവാളിയെ പിടിക്കൂടിയെ തീരു.അലക്സിനു സ്വന്തം നിരപരാധിത്വം തെളിയിക്കുകയും വേണം.അലക്സിനു ഈ കൊലപാതകങ്ങളില്‍ എന്ത് പങ്കാണുള്ളത്?ഈ കൊലകളുടെ പുറകില്‍ ഉള്ള ദുരൂഹതകള്‍ എന്ത്?ഇതൊക്കെയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  ഇരയും വേട്ടക്കാരനും തമ്മില്‍ ഉള്ള സംഘര്‍ഷം ആണ് ചിത്രം മുഴുവനും.വേട്ടക്കാരന് തന്‍റേതായ ആവശ്യങ്ങള്‍ ധാരാളം ഉണ്ട്.എന്നാല്‍ ഇരയ്ക്ക് സ്വന്തം ജീവന്‍ രക്ഷിക്കുക എന്ന കര്‍ത്തവ്യം മാത്രം.അതാണ്‌ ഈ ചിത്രം.ചിത്രത്തിന്‍റെ തുടക്കത്തില്‍ ഉള്ള ഒരു ത്രില്ലര്‍ സ്വഭാവം ചിത്രം അവസാനിക്കുന്നത് വരെ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് .ചിത്രത്തില്‍ ധാരാളം അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ട്.പ്രത്യേകിച്ചും സിനിമയുടെ ട്വിസ്റ്റ് ഇതാണ് എന്ന് കരുതി ഇരിക്കുന്ന സമയത്ത് വരുന്ന അവസാനത്തെ അപ്രതീക്ഷിത ട്വിസ്റ്റ്.ചിത്രം അവിടെ പൂര്‍ണമാകുന്നു.കൂടെ മികച്ച ഒരു ഫ്രഞ്ച് ക്രൈം ത്രില്ലറും.

More reviews @ http://www.movieholicviews.blogspot.com

131.BAISHE SRABON(BENGALI,2011)

131.BAISHE SRABON(BENGALI,2011),|Mystery|Thriller|Crime|,Dir:-Srijit Mukherjee,:ing:-Prasenjith Chatterjee,Parambratha Chatterjee,Raima Sen.

  2011 ല്‍ ഇറങ്ങിയ ബംഗാളി ചിത്രമായ  “ബൈഷേ സ്രാബന്‍” ഒരു ക്രൈം ത്രില്ലര്‍ ആണ്.സിനിമയുടെ തുടക്കം കൊല്‍ക്കത്തയിലെ പോലീസിനെ കുഴപ്പിക്കുന്ന നാല് മരണങ്ങളോടെ ആണ്.മരിച്ചവര്‍ എല്ലാം സാമൂഹിക ചങ്ങലയിലെ അടിത്തട്ടില്‍ ജീവിക്കുന്നവര്‍.അവര്‍ തമ്മില്‍ സാമ്യം ഉള്ളതൊന്നും ഇല്ലെങ്കിലും അവരുടെ മരണത്തെ ബന്ധിപ്പിക്കുന്ന ഒരു ഘടകം ഉണ്ട്.ബംഗാളിലെ പ്രശസ്തരായ കവികളുടെ കവിതാ ശകലങ്ങള്‍ ശവശരീരങ്ങളുടെ അടുക്കല്‍ നിന്നും ലഭിക്കുന്നുണ്ട്.ഇതിനും അപ്പുറം ഈ കേസില്‍ പുരോഗമനം ഉണ്ടാകാതെ ആയപ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെ ആണോ എന്നൊരു സംശയം പോലീസ് അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നു.കേസ് അന്വേഷിക്കുന്നത് അഭിജിത്ത് എന്ന പോലീസുകാരന്‍ ആണ്.കേസ് അന്വേഷണത്തില്‍ മിടുക്കനായ അഭിജിത്തിന് എന്നാല്‍ ഈ കേസില്‍ അധികം ഒന്നും മുന്നോട്ടു പോകാനും സാധിക്കുന്നില്ല.അയാളുടെ കാമുകിയാണ് ടി വി ജേര്‍ണലിസ്റ്റ് ആയ അമൃത.അവളുടെ ടി വി ചാനലിലും ആ സമയത്ത് തന്നെ പരമ്പര കൊലയാളികളെ കുറിച്ച് ഒരു പരമ്പര ചെയ്യാന്‍ തീരുമാനിക്കുന്നു.

     കേസ് എങ്ങും എത്താത്തത് കൊണ്ടും അഞ്ചാമതൊരു കൊലപാതകം നടന്നത് കൊണ്ടും അവസാനം പോലീസില്‍ നിന്നും കൃത്യ നിര്‍വഹണത്തില്‍ ഗുരുതരമായ തെറ്റ് വരുത്തിയത്തിനു  പിരിച്ചു വിട്ട പ്രഭിന്‍ എന്ന പഴയ ഐ പി എസ്സുകാരന്റെ സഹായം അവര്‍ അഭ്യര്‍ത്ഥിക്കുന്നു.ഒരു encounter സ്പെഷ്യലിസ്റ്റ് ആയ പ്രഭിന്‍ രാജ്യത്ത് നടന്ന സുപ്രധാനമായ പരമ്പര കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ ഭാഗമായിരുന്നതും ആയിരുന്നു.അപ്രതീക്ഷമായ ആക്രമണത്തില്‍ ഭാര്യയും മകനും കുട്ടവാളികളാല്‍ കൊല്ലപ്പെട്ട പ്രഭിന്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനു ശേഷം ഒരു പൂര്‍ണ മദ്യപാനിയായി തീര്‍ന്നു.പൊതുവേ പരുക്കനും കുറ്റവാളികളോട് ദാക്ഷിണ്യം ഇല്ലാത്ത ആളും ആയിരുന്നു പ്രഭിന്‍.തന്‍റെ വ്യവസ്ഥകള്‍ പോലീസ് അധികാരികള്‍ സമ്മതിച്ചപ്പോള്‍ പ്രഭിന്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നു.കൂടെ അഭിജിത്തും.കൊലപാതകങ്ങള്‍ അന്വേഷിക്കുമ്പോള്‍ ആദ്യം അഭിജിത്ത് പ്രഭിന്റെ മുഷിപ്പന്‍ സ്വഭാവം കാരണം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്.എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ചു കേസ് അന്വേഷിക്കുന്നു.പ്രഭിന്‍ അഭിജിത്തിന് ഒരു ഗുരുവിനെ പോലെ ആയി തീരുന്നു.അവര്‍ ഒരു ദിവസം അവിചാരിതമായി കൊലപാതകങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു കണ്ണി കണ്ടെത്തുന്നു.ബംഗാളിന്റെ സാമൂഹിക അടിത്തറയുടെ മുകളില്‍ പരാജയപ്പെട്ട ഒരു സമരത്തിന്‍റെ കഥ.അവര്‍ അവിടെ നിന്നും കൊലയാളിയിലെക്കുള്ള ദൂരം കുറയ്ക്കുന്നു.എന്നാല്‍ മരണങ്ങള്‍ വീണ്ടും സംഭവിക്കാം.അവര്‍ അതിനെ തടഞ്ഞേ തീരു.ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൊലപാതകങ്ങളുടെ കാരണങ്ങള്‍?ഇവയെല്ലാം കണ്ടെത്താന്‍ അമൃതയും സുഹൃത്തും പിന്നെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷി എന്ന് പറയാവുന്ന ഒരാളെയും ലഭിക്കുന്നു.

   ഇന്ത്യന്‍ സിനിമയുടെ സ്ഥിരം അവശ്യവസ്തു ആയ പാട്ടുകളും പ്രേമവും എല്ലാം കൂടി കൂട്ടി കലര്‍ത്തിയത് കൊണ്ട് ഒരു നല്ല ത്രില്ലര്‍ മൂഡ്‌ പലയിടത്തും നശിപ്പിക്കാന്‍ കഴിഞ്ഞ ചിത്രം എന്ന് പറയാം.ഒരു ക്ലാസ് ക്രൈം ത്രില്ലര്‍ ചിത്രം ആയി മാറിയേനെ ഇത്തരം വസ്തുതകള്‍ ഒഴിവാക്കി ഇരുന്നെങ്കില്‍.സിനിമ തുടക്കത്തില്‍ പുലര്‍ത്തിയ മികവു ഇടയ്ക്കെവിടെയോ മോശം വന്നു എങ്കിലും പിന്നീട് സിനിമയ്ക്ക് നല്ല രീതിയില്‍ ഒരു ത്രില്ലര്‍ മൂഡ്‌ ഉളവാക്കാന്‍ സാധിച്ചു.പ്രത്യേകിച്ചും ക്ലൈമാക്സിനും അപ്പുറം ഉള്ള കഥ..അഭിനേതാക്കളും മികച്ചു നിന്നു.പ്രത്യേകിച്ചും പരംബ്രത ചാറ്റര്‍ജിയും സംവിധായകനായ ഗൌതം ഘോഷിന്‍റെ അഭിനയവും.2011 ലെ ബംഗാളിലെ വലിയ ഹിറ്റ്‌ ആയിരുന്നു ഈ ചിത്രം.ചില ഇടങ്ങളില്‍ ഒക്കെ ഈ അടുത്തിറങ്ങിയ മലയാളം സിനിമകളെ ഓര്‍മിപ്പിച്ചു ഈ ചിത്രം. ക്രൈം സിനിമകള്‍ കാണുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന നിലവാരം ഒരു ചിത്രം തന്നെയാണ് ബൈഷേ സ്രാബന്‍.

More reviews @ http://www.movieholicviews.blogspot.com 

130.MISSING(KOREAN,2009)

130.MISSING(KOREAN,2009),|Crime|Thriller|,Dir:-Sung-Hong Kim,*ing:-Ja-Hyeon Chu,Min-hee Ha

2007 ല്‍ കൊറിയയില്‍ നടന്ന 4 സ്ത്രീകളുടെ കൊലപാതകത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് Missing (Sil-Jong).ആ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ കഥാപാത്രങ്ങളും പശ്ചാത്തലവും എല്ലാം മാറിയിരിക്കുന്നു.യഥാര്‍ത്ഥ സംഭവങ്ങളില്‍ 70 വയസ്സുള്ള ഒരു മീന്ക്കാരന്‍ ആയിരുന്നു പ്രതി .ചില ഹോളിവുഡ്/സെര്‍ബിയന്‍/കൊറിയന്‍  സിനിമകളില്‍ കാണുന്നത് പോലെ ഉള്ള സാഡിസം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ഥമാക്കുന്ന ഒരു പരമ്പര കൊലപാതകി ഇതില്‍ ഉണ്ട്.നാട്ടുകാരുടെ മുന്നില്‍ ഒരു പാവത്താന്‍ പരിവേഷം ഉള്ള അയാള്‍ എന്നാല്‍ ഉള്ളില്‍ ഒരു ചെകുത്താന്‍ ഉള്ള മനുഷ്യനായിരുന്നു.സിനിമയുടെ മുന്നോട്ടു ഉള്ള ഗതിയില്‍ പലയിടത്തും അയാളുടെ ക്രൂരതകള്‍ വെളിവാകുന്നും ഉണ്ട്.

  സിയോളിലെ ഒരു ഗ്രാമത്തിലേക്ക് തന്‍റെ സുഹൃത്തായ ഹോങ്ങിന്റെ കൂടെ ഒരു പെണ്‍ക്കുട്ടി യാത്ര തിരിക്കുന്നു.യാത്രയുടെ ഇടയില്‍ അവര്‍ ഭക്ഷണം കഴിക്കാനായി വീടിനോട് ചേര്‍ന്ന് നടത്തുന്ന ഒരു ഭക്ഷണശാലയില്‍ ഇറങ്ങുന്നു.മൊബൈല്‍ ഫോണിന് റേഞ്ച് ശരിയായി കിട്ടാത്ത ആ സ്ഥലത്ത് ഭക്ഷണ ശാല നടത്തുന്ന വൃദ്ധന്‍റെ തന്‍റെ ശരീരത്തോടുള്ള നോട്ടം കണ്ട ആ പെണ്‍ക്കുട്ടി അയാളുടെ നോട്ടത്തെ കുറിച്ച് ഹോങ്ങിനോട് പറയുന്നു.മൊബൈലിനു റേഞ്ച് അന്വേഷിച്ചു അവള്‍ നടന്നു പോകുന്നു.അവള്‍ അവസാനം അല്പ്പദൂരം മാറി കിട്ടിയ സിഗ്നല്‍ ഉപയോഗിച്ച് തന്‍റെ സഹോദരിയായ ഹിയോന്‍ ജിയോങ്ങിനോട് സംസാരിക്കുന്നു.താന്‍ എത്തിയ സ്ഥലത്തെ കുറിച്ചും മറ്റും അവള്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നും ഉണ്ട്.സംസാരിച്ചതിന് ശേഷം തിരികെ വന്ന പെണ്‍ക്കുട്ടി തന്റെ കൂടെ വന്ന ഹോങ്ങിനെ അന്വേഷിച്ചു നടക്കുന്നു.എന്നാല്‍ അവളെ അവിടെ കാത്തിരുന്നത് ഭയാനകമായ കാര്യങ്ങള്‍ ആയിരുന്നു.ജീവിതത്തില്‍ ഏറ്റവും ദുരിതം പിടിച്ച ദിവസങ്ങള്‍ അവള്‍ക്ക് ആരംഭിക്കുകയായിരുന്നു അവിടെ.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്‍റെ സഹോദരിയെ കാണാതെ വിഷമിച്ച ഹിയോന്‍ അവളെ അന്വേഷിച്ച് ആ ഗ്രാമത്തില്‍ എത്തുന്നു.പോലീസിന്‍റെ സഹായം ആദ്യം ചോദിച്ചു എങ്കിലും അവര്‍ അതിനു ചെവി കൊടുക്കുന്നില്ല.വ്യക്തമായ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കാം എന്നവര്‍ പറയുന്നു.ഹിയോന്‍ സ്വയം അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു.അവള്‍ സഹോദരി പറഞ്ഞ ആ ഗ്രാമത്തില്‍ എത്തിപ്പെടുന്നു.അവിടെ വച്ച് അവള്‍ക്ക് ഒരു പെണ്‍ക്കുട്ടിയില്‍ നിന്നും പ്രധാനപ്പെട്ട സൂചനകള്‍ തന്റെ സഹോദരിയെ കുറിച്ച് ലഭിക്കുന്നു.എന്നാല്‍ ഹിയോന്‍ ജിയോങ്ങിനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ആയിരുന്നു.അവളുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ഉള്ള കാര്യങ്ങള്‍.ഹിയോന്‍ ജിയോങ്ങിനും സഹോദരിക്കും കൂടെ വന്ന ഹോങ്ങിനും ഒക്കെ എന്ത് സംഭവിച്ചു?ബാക്കി അറിയുവാന്‍ ചിത്രം കാണുക.

    ഇരയില്‍ സാടിസ്ടിക് മനോഭാവത്തില്‍ കാമാവേശം തീര്‍ക്കാന്‍ ശ്രമിക്കുന്ന ,തന്‍റെ ജീവിതത്തെ കുറച്ചു കാണിക്കുന്ന ആളുകളോടുള്ള പ്രതികാര മനോഭാവം വച്ച് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ ഇടയില്‍  ഇയാള്‍ക്കും സ്ഥാനം ഉണ്ട്.ചിത്രം അവസാനിക്കുന്ന സ്ഥലത്ത് യഥാര്‍ത്ഥത്തല്‍ നടന്ന സംഭവങ്ങളുടെ തുടക്കവും അവതരിപ്പിച്ചിരിക്കുന്നു.മരണത്തിന്‍റെ ദൂതനില്‍ നിന്നും ജീവിതത്തിലേക്കുള്ള ദൂരം കണ്ടെത്താന്‍ ശ്രമിക്കുന്ന കുറച്ചധികം മനുഷ്യരുടെ കഥ അവതരിപ്പിക്കുകയാണ് Missing aka സില്‍-ജോംഗ്.

More reviews @ http://www.movieholicviews.blogspot.com

129.DER KNOCHENMANN(2009,GERMAN)

കാണാം.കൂടാതെ ഓസ്ട്രിയന്‍ ജീവിത രീതികളും 

129.DER KNOCHENMANN(2009,GERMAN),|Thriller|Crime|Comedy|,Dir:-Wolfgang Murnberger,*ing:-Joseph Hader,Joseph Bierbichler.

2009 ല്‍ ഇറങ്ങിയ ഓസ്ട്രിയന്‍ ത്രില്ലര്‍/ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “Der Knochenmann”.ഒരു അപകടത്തില്‍  ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവുകയും പിന്നീട്  അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്‍ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ  ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.സിനിമയുടെ കഥാഗതിയില്‍ ഗൌരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും എന്നാല്‍ ആകസ്മികമായി വരുന്ന തമാശകള്‍ ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കും.ബ്രന്നര്‍ സീരീസ് എന്ന റിട്ടയര്‍ ചെയ്ത പോലീസുകാരനെ മുഖ്യ കഥാപാത്രമാക്കി ചെയ്ത സിനിമ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്.ആദ്യ രണ്ടു ഭാഗങ്ങള്‍ Come Sweet Death,Silentium എന്നിവയാണ്.ചിത്രം ആരംഭിക്കുന്നത് ഒരു മോട്ടലില്‍ നിന്നും ഒരു കൂട്ടിക്കൊടുപ്പുക്കാരനെ ഒരു പ്രശ്നത്തില്‍ ഒരാള്‍ തള്ളിതാഴെ ഇടുന്നു.അയാളുടെ സുഹൃത്തായ എവ്ഗന്ചെവ് തള്ളി ഇട്ടിട്ടു വണ്ടി ഓടിച്ചു പോയ ആളുടെ നമ്പര്‍ പ്ലേറ്റ് ഫോട്ടോ എടുക്കുന്നു.പിന്നീട് കാണിക്കുന്നത് കാര്‍ ലീസിനു കൊടുക്കുന്ന കമ്പനിയുടെ ഉടമയായ ബെര്‍ട്ടി തന്റെ കാറുമായ്‌ പോയ ഹോര്‍വാത് എന്ന ആളെ കണ്ടുപിടിച്ചു കൊണ്ട് വരാന്‍ ബ്രന്നരെ ഏല്‍പ്പിക്കുന്നു.അത് ബ്രന്നരുടെ അവസാന ജോലി ആയിരിക്കും എന്നും പറയുന്നു.പത്തൊന്‍പതു വര്‍ഷത്തെ പോലീസ് സേവനത്തിനു ശേഷം രാജി വച്ച ആളാണ്‌ ബ്രന്നര്‍.ബ്രന്നര്‍ യാത്ര ആകുന്നു.

    ഹോര്‍വാത് കാണാന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന ഹോട്ടലില്‍ അയാള്‍ മുറി എടുക്കുന്നു.,ഹോര്‍വാത് കൊണ്ട് പോയ കാര്‍ ബ്രന്നര്‍ അവിടെ കാണുന്നുണ്ടെങ്കിലും പിന്നീട് ഹോര്‍വാതിനെ അന്വേഷിച്ചു പലരോടും ചോദിച്ചതിനു ശേഷം ആ കാര്‍ അപ്രത്യക്ഷമാകുന്നു.തികച്ചും ദുരൂഹമായിരുന്നു അവിടത്തെ ആളുകളുടെ സ്വഭാവം.അവര്‍ എന്തോ ഒളിക്കുന്നതായി ബ്രന്നര്‍ക്ക് സംശയം ഉണ്ടാകുന്നു.അവിടെ വച്ച് പോളി എന്ന ഹോട്ടല്‍ ഉടമയുടെ മകന്‍ സ്വന്തം പിതാവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ ബ്രന്നരോട് ആവശ്യപ്പെടുന്നു.എന്നാല്‍ അച്ഛനും മകനും തമ്മില്‍ പണതിനോട് ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആണ് പോളി അങ്ങനെ ചോദിച്ചതെന്ന് മാന്സ്സിലാകുമ്പോള്‍ ബ്രന്നര്‍ അത് നിരസിക്കുന്നു .ആ ഹോട്ടലില്‍ വിളമ്പുന്ന ചിക്കന്‍ വിഭാഗങ്ങള്‍ അവരുടെ പ്രത്യേകത ആയിരുന്നു.പാചകം ചെയ്യപ്പെടുന്ന കോഴികള്‍ക്കെല്ലാം അവര്‍ നല്‍കിയിരുന്നത് കോഴികളുടെ ശരീരാവശിഷ്ടങ്ങള്‍ തന്നെ ആയിരുന്നു.പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന മായം കലരാത്ത ഭക്ഷണം എന്നാണു അവര്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്.ആ ഭക്ഷണം തയാറാക്കാന്‍ അവര്‍ക്ക് പ്രത്യേകം യന്ത്രങ്ങളും ഉണ്ടായിരുന്നു.ബ്രന്നര്‍ പോളിയുടെ ഭാര്യയായ ബിര്‍ഗിട്ടുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു ദിവസം രാത്രി ആ ഹോട്ടലില്‍ എവ്ഗേന്ചെവ് എത്തുന്നു.അയാള്‍ അവിടെ വന്നതിനു പിന്നില്‍ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു.ആ രാത്രി ദുരൂഹതയുടെ ആയിരുന്നു.പിറ്റേന്ന് രാവിലെ ഐസ് വെള്ളത്തില്‍ മറിഞ്ഞ നിലയില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുമായി ഒരു കാര്‍ കാണപ്പെടുന്നു.ബ്രന്നര്‍ പോളിയുടെ ഭാര്യയെ ഇഷ്ടപെടാന്‍ ആരംഭിക്കുന്നു.ബ്രന്നര്‍ അവരെ ജോലിയില്‍ സഹായിക്കുന്നു.ഒരു ദിവസം ബ്രന്നര്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നും ഒരു വിരല്‍ കണ്ടെത്തുന്നു.ആരുടെ വിരല്‍ ആണത്?ബ്രന്നര്‍ക്ക് ഹോര്‍വാതിനെ കണ്ടു പിടിക്കാന്‍ സാധിക്കുമോ???ജനലില്‍ nഇന്നും താഴെ വീഴുന്ന കൂട്ടിക്കൊടുപ്പുകാരനും ആ ഹോട്ടലും തമ്മില്‍ എന്താണ് ബന്ധം?കൂടുതല്‍ അറിയുവാന്‍ ചിത്രം കാണുക.

   കുറ്റകൃത്യങ്ങളും അവിചാരിതമായ കഥാഗതിയിലെ മാറ്റങ്ങളും എല്ലാം ഈ സിനിമയെ നല്ല സിനിമകളുടെ നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു.ഹോട്ടല്‍ ഉടമയുടെ ഒരു പ്രവര്‍ത്തി ഹാനിബാള്‍ ലെക്ട്ടരെ ഓര്‍മിപ്പിച്ചിരുന്നു.എന്നാല്‍ അതിലും വിഭിന്നമായ സ്വഭാവം ഉള്ള ആളായിരുന്നു അയാള്‍.Wolf Hass എന്നയാളുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.ബ്രന്നര്‍ എന്ന കഥാപാത്രം മുഖ്യ വേഷത്തില്‍ വരുന്ന അവസാന ഭാഗമായിരുന്നു ഈ ചിത്രം.മടുപ്പുളവാക്കാത്ത അത്യാവശ്യം വേഗതയില്‍ പോകുന്ന ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.ത്രില്ലര്‍/ക്രൈം ശ്രേണിയില്‍ പെട്ട ചിത്രങ്ങള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യത ഉണ്ട് ഈ ചിത്രം.

More reviews @ http://www.movieholicviews.blogspot.com

128.LOS CRONOCRIMENES(SPANISH,2007)

128.LOS CRONOCRIMENES(SPANISH,2007),|Mystery|Thriller|Sci-fi|,Dir:-Nacho Vigolondo,*ing:-Karra Elejalde,Candela Fernandez.

                               “സമയ ചക്രതത്തിലേറി Los Cronocrimenes”
മനുഷ്യന്‍റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് വര്‍ത്തമാന കാലത്ത് നിന്നും ഭാവി-ഭൂതക്കാലങ്ങളിലേക്കുള്ള യാത്രകള്‍.നോവലുകളായും സിനിമകളായും പരീക്ഷണങ്ങള്‍ ആയും എല്ലാം മനുഷ്യന്‍ ഈ ആഗ്രഹം സഫലമാക്കുവാന്‍ ശ്രമിക്കുന്നും ഉണ്ട്.എന്നാല്‍ ഈ ഒരു ആഗ്രഹം കിട്ടാക്കനി പോലെ നിലനില്‍ക്കുന്നു എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.ടൈം ലൂപ് അടിസ്ഥാനമാക്കി ഉള്ള ഒരു സിനിമയാണ് “ലോ ക്രോനോക്രിമിനെസ്” എന്ന സ്പാനിഷ്‌ ചിത്രം.ടൈം ലൂപ്പില്‍ അകപ്പെടുന്ന ആള്‍ തുടര്‍ച്ചയായി ഒരു ചക്രം എന്ന പോലെ ആദ്യം തുടങ്ങിയ അതെ അവസ്ഥയില്‍ എത്തുന്ന സ്ഥിതിവിശേഷം ആണ് ഈ സിനിമയിലും ഉള്ളത്.വര്‍ത്തമാനക്കാലത്ത് നിന്നും ഏകദേശം ഒരു മണിക്കൂര്‍ മാത്രം മാറി നടക്കുന്ന ഈ പ്രക്രിയ എന്നാല്‍ അതി സങ്കീര്‍ണം ആകുന്നു.പ്രധാന കാരണം സമയത്തില്‍ ഉള്ള മാറ്റങ്ങളില്‍ അകപ്പെട്ടവര്‍ എല്ലാം തമ്മില്‍ ഒരു മണിക്കൂറിന്റെ പരിചയവും അത് പോലെ വര്‍ത്തമാന കാലത്ത് അവര്‍ ജീവിക്കുന്നവരും ആണ്.അത് കൊണ്ട് തന്നെ ഈ ഒരു ലൂപ്പില്‍ അകപ്പെടുന്നവര്‍ തമ്മില്‍ കാണേണ്ടി വരുന്നും ഉണ്ട്.ഹെക്റ്റര്‍ എന്ന മധ്യവയസ്ക്കന്‍ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു.ഒരു നാള്‍ ഹെക്റ്റര്‍ ഒഴിവുസമയത് തന്‍റെ വീട്ടിലിരുന്നു ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ഒരു യുവതി കാട്ടിനുള്ളില്‍ വസ്ത്രം മാറുന്നത് കാണുന്നു.തന്റെ ഭാര്യ പുറത്തു പോയതിനു ശേഷം അയാള്‍ അവളെ തേടി നടക്കുന്നു.എന്നാല്‍ ഹെക്റ്റര്‍ അവിടെ എത്തുമ്പോള്‍ നഗ്നയാക്കപ്പെട്ട യുവതി ബോധം ഇല്ലാതെ കിടക്കുന്നത് കാണുന്നു.പെട്ടന്ന് മുഖം ഒരു പിങ്ക് നിറത്തിലുള്ള ബാന്ടെജില്‍ ആവരണം ചെയ്യപ്പെട്ട രൂപം ഹെക്ട്ടരിന്റെ കയ്യില്‍ ഒരു കത്രിക വച്ച് കുത്തുന്നു.

  ഭയന്ന് പോയ ഹെക്ടര്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു.അയാള്‍ ഓടി എത്തിയ സ്ഥലത്ത് കണ്ട വാക്കി ടോക്കിയില്‍ അയാള്‍ സംസാരിക്കുന്നു.മറു വശത്തുള്ള ആളോട് കാര്യം പറയുന്നു.അതിനു മറുപടിയായി അയാള്‍ ഹെക്ട്ടരെ കൊല്ലാന്‍ വന്ന രൂപം പുറകെ ഉണ്ടെന്നു ഓടി രക്ഷപ്പെട്ടു താന്‍ ഇരിക്കുന്ന സ്ഥലത്ത് വരാനും ആവശ്യപ്പെടുന്നു.ഭയചകിതനായ ഹെക്റ്റര്‍ ഓടി ആ സ്ഥലത്തെത്തുന്നു.അവിടെ കണ്ട ആള്‍ ഹെക്ട്ടരോട് ഒരു വലിയ തളികയില്‍ ഒളിക്കാന്‍ ആവശ്യപ്പെടുന്നു.ഹെക്റ്റര്‍ എതിര്‍ത്തെങ്കിലും അയാള്‍ ആ തളിക അടയ്ക്കുന്നു.അല്‍പ്പസമയത്തിനു ശേഷം തളിക തുറക്കുമ്പോള്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടായത് പോലെ ഹെക്ട്ടരിനു മനസ്സിലാകുന്നു.അയാള്‍ ഹെക്റ്റര്‍ സമയത്തിലൂടെ സഞ്ചരിച്ചു എന്ന് പറയുന്നു.കൃത്യമായി ഒരു മണിക്കൂര്‍ പുറകോട്ട് ഹെക്റ്റര്‍ സഞ്ചരിച്ചു എന്ന്.അത് കൊണ്ട് തന്നെ ആദ്യം തളികയില്‍ കയറിയാ ആളെ ഹെക്റ്റര്‍ 1 എന്നും രണ്ടാമത്തെ ആളെ ഹെക്റ്റര്‍ 2 എന്നും അയാള്‍ വിളിക്കുന്നു.ആ ശാസ്ത്രജ്ഞന്റെ വാക്കുകള്‍ കേള്‍ക്കാതെ പുറത്തിറങ്ങിയ ഹെക്റ്റര്‍ അയാളുടെ കാറും എടുത്തു പോകുന്നു.വഴിയില്‍ വച്ച് ഒരു കാര്‍ വന്നു ഇടിച്ച് അപകടം ഉണ്ടാകുന്നു.ഹെക്റ്റര്‍ കാറില്‍ ഉണ്ടായിരുന്ന ബാന്ദേജ് എടുത്തു മുഖം മറയ്ക്കുന്നു.ബാന്ദേജ് രക്തത്തില്‍ കുതിര്‍ന്നു പിങ്ക് നിറമാകുന്നു.പിന്നീട് ഹെക്റ്റര്‍ 2 നു നേരിടേണ്ടി വന്നത് ഭീകരമായ അവസ്ഥ ആയിരുന്നു.ഒരു ചക്രം പോലെ അയാളുടെ ജീവിതം കറങ്ങി തുടങ്ങി.കൂടെ അവിചാരിതമായ കഥാപാത്രങ്ങളും.ഹെക്ട്ടരുടെ സങ്കീര്‍ണമായ ബാക്കി കഥ മനസ്സിലാക്കുവാന്‍ സിനിമ കാണുക.ഹെക്ട്ടര്‍ക്ക് പിന്നെ എന്ത് സംഭവിച്ചു?അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്നു?

   ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ പശ്ചാത്തലം ആയി വന്നുവെങ്കിലും ഒരു നല്ല ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ.ഒരു ചക്രം കറങ്ങുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം ആശയക്കുഴപ്പം ഇല്ലേ?ഏതു കാലാണ് എപ്പോഴാണ് കറങ്ങുന്നത് എന്ന്?അത്തരത്തില്‍ ഒരു ആശയക്കുഴപ്പം ആണ് ഈ ചിത്രത്തിലും സംവിധായകന്‍ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌.ജൂറി പുരസ്ക്കാരങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉള്ളവ നേടിയ ഇ ചിത്രം മികച്ച ത്രില്ലറുകളുടെ പട്ടികയില്‍ ഉറപ്പായും പെടുത്താം.

More reviews @ http://www.movieholicviews.blogspot.com

127.MILLIONS (ENGLISH,2004)

127.MILLIONS(ENGLISH,2007)|Fantasy|Crime|Drama|,Dir:Danny Boyle,*ing:Alex Etel,James Nesbitt.

ഡാനി ബോയല്‍ സംവിധാനം ചെയ്ത മില്ല്യന്‍സ് എന്ന ചിത്രം ഡാമിയന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടില്‍ ലോകത്തിലെ പ്രശ്നങ്ങളും നന്മകളും അവതരിപ്പിക്കുന്നു.പണത്തിന്റെ മൂല്യം കൂടുന്നത് അത് അര്‍ഹിക്കുന്നവരുടെ കയ്യില്‍ എത്തുമ്പോള്‍ ആണെന്നുള്ള വിശ്വാസം ആണ് ഡാമിയന്‍ വച്ച്  പുലര്‍ത്തുന്നത്.പണത്തിന്റെ വില കൂടുതലായി തോന്നുന്നവരുടെ അടുക്കലേക്ക്‌ ഡാമിയന്‍ യാത്ര ചെയ്യുന്നതും അതിനു കാരണമായ സംഭവങ്ങളും അതിന്‍റെ ഫലങ്ങളും ആണ് ചിത്രത്തില്‍.ഡാമിയന്‍ എന്ന ബ്രിടീഷ് വംശജനായ കുട്ടിയും അവന്റെ ജ്യേഷ്ഠനായ ആന്റണിയും അച്ഛനും കൂടി അമ്മയുടെ മരണ ശേഷം താമസം മാറുന്നു.ദൈവ വിശ്വാസിയായ ഡാമിയന്‍ പുണ്യാളന്മാരിലും അവരുടെ അത്ഭുത പ്രവര്‍ത്തികളിലും വിശ്വസിക്കുന്നു.ഡാമിയന്‍ പലപ്പോഴും പുണ്യാളന്മാരുമായി സംസാരിക്കുന്നത് കാണിക്കുന്നുണ്ട് ചിത്രത്തില്‍.ഒരു ദിവസം വീടിനടുത്തുള്ള റെയില്‍വേ പാളത്തിനരികില്‍ അവന്‍ നിര്‍മിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ചേര്‍ത്തുള്ള വീടിനുള്ളില്‍ ട്രെയിന്‍ പോകുന്ന പ്രകമ്പനത്തില്‍ സ്വയം ഒരു ട്രെയിന്‍ യാത്രക്കാരനായി സങ്കല്‍പ്പിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ അസീസി അവന്റെ അടുക്കല്‍ എത്തുന്നു.ഒരു സിഗരറ്റ് വലിക്കുന്ന അസീസിയോടു ഇത് അനുവദനീയം ആണോ സ്വര്‍ഗത്തില്‍ എന്ന ചോദ്യത്തിന് അതേ എന്നും അവിടെ എത്തി ചേരുന്നത് വരെ ആണ് ബുദ്ധിമുട്ട് എന്നും പറയുന്നു.ട്രെയിന്‍ കടന്നു പോകുന്നതിനു മുന്‍പ് ഒരു പെട്ടി ഡാമിയന്‍ ഉണ്ടാക്കിയ ആ വീടിനു മുകളില്‍ വന്നു പതിക്കുന്നു.അല്‍പ്പ നേരം കഴിഞ്ഞു ആ പെട്ടി തുറന്നു നോക്കിയ ഡാമിയന്‍ ആ പെട്ടിയില്‍ കണ്ടത് പണമായിരുന്നു.കുറേ ഏറെ പണം.

  ഡാമിയന്‍ അത് ജ്യേഷ്ഠനെ കാണിക്കുന്നു.ആന്റണിക്ക് അത് ഉപയോഗിച്ച് വീടും മറ്റു പല വസ്തുക്കളും വാങ്ങുവാന്‍ ആയിരുന്നു താല്‍പ്പര്യം.എന്നാല്‍ ഡാമിയന്‍ തന്റെ പങ്കു പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുന്നു.അവന്റെ അഭിപ്രായത്തില്‍ ആ പണം അവനു ദൈവം പാവപ്പെട്ടവരെ സഹായിക്കുവാന്‍ വേണ്ടി കൊടുത്തു എന്നാണ്.അവന്‍ പണം ആവശ്യം ഉള്ളവരെ അന്വേഷിച്ചു തുടങ്ങുന്നു.തെരുവോരത്ത് മാസിക വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ജീവിക്കുന്ന പെണ്‍ക്കുട്ടിയോട്  അവന്‍ ഭക്ഷണം വാങ്ങിച്ചു തരാം എന്ന് പറയുന്നു.എന്നാല്‍ അവളുടെ സുഹൃത്തുക്കളെയും കൂടെ കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ ഡാമിയന്‍ അവരെ എല്ലാവരെയും കൂട്ടി ഭക്ഷണം വാങ്ങി കൊടുക്കുന്നു.എന്നാല്‍ ആന്റണി ഇതെല്ലം എതിര്‍ക്കുന്നു.കുറച്ചു സുഹൃത്തുക്കള്‍ അല്ലാതെ മറ്റാര്‍ക്കും ഈ പണത്തെ കുറിച്ച് അറിയില്ലായിരുന്നു.എന്നാല്‍ ഡാമിയന്‍ താന്‍ കാണുന്ന പുണ്യാളന്മാരോടൊപ്പം ദരിദ്രരെ സഹായിക്കാന്‍ ഇറങ്ങുന്നു.ഡിഷ്‌ വാഷറും ,മൈക്രോവേവ് ഓവനും ഇല്ലാത്തതു കൊണ്ട് ദരിദ്രര്‍ ആണെന്ന് പറയുന്ന മിഷിനറി പ്രവര്‍ത്തകര്‍ക്ക് പോലും ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയില്‍ അവരുടെ വീട്ടില്‍ ആരുമറിയാതെ രാത്രി അവന്‍ പണം നിക്ഷേപിക്കുന്നു പോലും ഉണ്ട്.എന്നാല്‍ ഈ പണം എവിടെ നിന്നും ആണ് ഡാമിയന് ലഭിച്ചത്?ദൈവം കൊടുത്തതാണോ?അതോ?ഡാമിയന് പണം ലഭിച്ചു പന്ത്രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ പണം മുഴുവനും യൂറോ ആയി മാറുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുണ്ട്.കൂടാതെ ഡാമിയനെ അന്വേഷിച്ചു ഒരു അപരിചിതന്‍ വരുന്നു.സ്കൂളില്‍ എത്യോപ്പിയയിലെ രൂക്ഷമായ വെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള സഹായം സ്വരൂപിക്കാനായി ഒരു സ്ത്രീയും എത്തുന്നു.ഈ പണവും ഇവരും എല്ലാം തമ്മില്‍ ബന്ധമുണ്ടോ??ഡാമിയന്‍ പിന്നീട് എത്തിപ്പെടുന്നത് ഒരു കൂട്ടം പ്രശ്നങ്ങളുടെ നടുവിലേക്ക് ആണ്.

  തന്റെ നിഷ്ക്കളങ്കമായ മനസ്സിനനുസരിച്ചു ഡാമിയന്‍ പ്രവര്‍ത്തിക്കുന്നു.ഒരു പക്ഷേ ആര്‍ക്കും ഒരിക്കലുമുപയോഗം വരാതെ ഇരിക്കുമായിരുന്ന “ദൈവം”നല്‍കിയ ആ പണം ദാമിയന്‍ എങ്ങനെ ഉപയോഗിച്ച് എന്നതാണ് ബാക്കി സിനിമ.ഒരു നല്ല ഫീല്‍ ഗുഡ് സിനിമ എന്ന് തന്നെ പറയാം മില്ലിയന്‍സ് എന്ന സിനിമയെ.മനോഹരമായ ക്യാമറ കാഴ്ചകള്‍,പശ്ചാതല്‍ സംഗീതം,പോരാത്തതിന് അതി ഗംഭീരമായ ഒരു കവര്‍ച്ചയും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഡാനി ബോയലിനു വേണമെങ്കില്‍ അടുത്ത ഒരു സിനിമയായി ഇറക്കാന്‍ ഉള്ളത് അതില്‍ ഉണ്ട്.ഈ സിനിമയില്‍ എന്നെ ആകര്‍ഷിച്ചത് ഡാമിയന്‍ എന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയും ജീവിത കാഴ്ചപ്പാടുകളും ആണ്.മനോഹരമായി അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ചിത്രത്തില്‍.ഒരു നല്ല ഫീല്‍ ഗുഡ് മൂവി പ്രതീക്ഷിക്കുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന സിനിമ.

More reviews @ http://www.movieholicviews.blogspot.com

126.ENEMY (ENGLISH,2013)

126.ENEMY (ENGLISH,2013),|Mystery|Thriller|,Dir:-Denis Villeneuve,*ing :-Jake Gyllenhaal,Melanie Laurent,Sarah Gadon.
ഈ അടുത്ത് ഇറങ്ങിയ സിനിമകളില്‍ പ്രേക്ഷക മനസ്സിനെ പലതരത്തില്‍ ഒരു കഥയെ വ്യഖ്യാനിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ജോസ് സരമാഗോയുടെ “ദി ഡബിള്‍” എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ “Enemy” അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു “Mind Fucking movie” എന്ന് പറയാവുന്ന സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം.ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നതിലുപരി ഒരു സാധാരണ ഇംഗ്ലീഷ് സിനിമയായോ അല്ലെങ്കില്‍ അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പലതരം അടയാളങ്ങളിലൂടെ സിനിമയുടെ യഥാര്‍ത്ഥ ക്രമം അനുസരിച്ച് മനസ്സിലാക്കുവാന്‍ കഴിയുന്ന ഒന്നായും ഈ ചിത്രം വ്യാഖ്യാനിക്കപ്പെടാം.അതിനാല്‍ തന്നെ ഈ ചിത്രം എല്ലാവര്‍ക്കും പറ്റിയ ഒരു സിനിമയായി കരുതുന്നില്ല.കാരണം വെറുതെ ഒരു ഓട്ട പ്രദക്ഷിണം നടത്തുമ്പോള്‍ ഈ സിനിമയില്‍ കാര്യമായൊന്നും കാണാന്‍ സാധിക്കാത്ത ഒന്നായി അനുഭവപ്പെടാം.എന്നാല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി നോക്കിയാല്‍ സിനിമയുടെ സീനുകളുടെ ക്രമീകരണം പോലും വ്യത്യസ്തം ആണെന്ന് മനസ്സിലാക്കാം.ഇതിനെ കുറിച്ചുള്ള ചില വായനകള്‍ ആണ് ഈ സിനിമയെ കുറിച്ചുള്ള ഒരു ഏകദേശ രൂപം എനിക്ക് തന്നത്.അതിനാല്‍ തന്നെ രണ്ടാമതൊരു കാഴ്ചയില്‍ സിനിമ അതിന്റെ യഥാര്‍ത്ഥ ക്രമത്തില്‍ ആസ്വദിക്കാന്‍ സാധിച്ചു.ഇനി സിനിമ അവതരിപ്പിക്കുന്ന കഥയിലേക്ക്.
സിനിമ ആരംഭിക്കുന്നത് ഒരു സെക്സ് ക്ലബ്ബില്‍ നിന്നും ആണ്.നായക കഥാപാത്രമായ ജേക്ക് ഉള്ളിലേക്ക് കടന്നു പോകുന്നു.അയാള്‍ അവിടത്തെ കാഴ്ചകളില്‍ പങ്കാളി ആകുന്നു.അതിനു ശേഷം അവതരിപ്പിക്കപ്പെടുന്നത് ആദം എന്ന ചരിത്ര അധ്യാപകന്‍റെ ജീവിതം ആണ്.അയാള്‍ ഒരു അരസികനും ജീവിതത്തില്‍ ഒതുങ്ങി കൂടുന്ന ആളും ആണ്.അയാളുടെ പെണ്‍ സുഹൃത്തായ മേരി അയാളെ കാണുവാന്‍ വീട്ടില്‍ വരുന്നു.ഈ രംഗങ്ങളും പിന്നെ ആദമിന്‍റെ അദ്ധ്യാപനവും ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.ഒരു നാള്‍ ഒരു സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കാണുന്ന “Wher there is will,There is a way” എന്ന ചിത്രം അയാളില്‍ ഞെട്ടലുണ്ടാക്കുന്നു.അതിലെ റൂം ബോയുടെ കഥാപാത്രവും താനുമായുള്ള സാമ്യം അയാള്‍ ശ്രദ്ധിക്കുന്നു.പിന്നീട് ആദമിന്‍റെ അന്വേഷണം ചെന്നെത്തുന്നത് ആന്റണി എന്ന നടനില്‍ ആണ്.അയാളാണ് ആദമിന്‍റെ അപരന്‍.സിനിമ പിന്നീട് കാണിക്കുന്നത് ആദം അന്വേഷിച്ചു ചെല്ലുന്ന അന്തോണിയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും എല്ലാം കൂടി ആദമിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ പ്രക്രിയകള്‍ ആയാണ്.കൂടാതെ അവസാനത്തെ രംഗവും ചിത്രത്തില്‍ ഉടനീളം കാണിക്കുന്ന ചിലന്തികളും കൂടി ആകുമ്പോള്‍ ഒരു പക്ഷേ ഒരു സാധാ ചിത്രം അല്ലെങ്കില്‍ ഒന്നും മനസ്സിലക്കാത്ത ചിത്രം എന്ന നിലയില്‍ ആകും വരുക.എന്നാല്‍ ചിത്രം അവതരിപ്പിക്കപ്പെടുന്നത് ഒരു സമസ്യ പോലെ ആണ്.ഒരു ക്രമീകരിച്ച ഘടനയില്‍ അല്ല ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ ആദ്യ സീന്‍ ചിത്രത്തിന്‍റെ അവസാന ഭാഗത്തിന്റെ തുടര്‍ച്ചയായി മാറുന്ന ഒരു അവസ്ഥ വരെ ഈ ചിത്രത്തില്‍ ഉണ്ട്.എന്നാല്‍ അതിനു ശേഷം അവതരിപ്പിക്കപ്പെടുന്ന കഥയും ഈ സമയ ക്രമീകരണം അനുസരിക്കുന്നില്ല.അത് പോലെ തന്നെ ചിത്രം ചില സീനുകളിലൂടെ വീണ്ടും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.സൂചന:ആ കീറിയ കല്യാണ ഫോട്ടോ
സംവിധായകന്‍ അവതരിപ്പിക്കുന്ന പല ഭാഗങ്ങളും പ്രേക്ഷകനെ കുഴപ്പിക്കാന്‍ ആയാണ് ഉപയോഗിച്ചിരിക്കുന്നത്.ഉദാഹരണമായി ഹെലന്‍ സ്കൂളില്‍ വച്ച് ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുമ്പോള്‍,പിന്നെ അവസാനം റേഡിയോയില്‍ വരുന്ന വാര്‍ത്ത.ഇവയെല്ലാം പ്രേക്ഷകനെ കുഴപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ആണ് കഥയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.ശരിക്കും നായക കഥാപാത്രമാണ് പ്രേക്ഷകനെ കുഴപ്പിക്കുന്നത്.ആദമും ആന്റണിയും യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?കൂടുതല്‍ അറിയണമെങ്കില്‍ സിനിമ കാണുക ഒരു സമസ്യ പൂരിപ്പിക്കുന്ന രീതിയില്‍ ഈ സിനിമയെ സമീപിക്കാന്‍ കഴിഞ്ഞാല്‍ മാത്രം ഇതൊരു അസാധ്യ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി മാറും.അല്ലെങ്കില്‍ കുഴപ്പമില്ലാത്ത പശ്ചാത്തല സംഗീതം ഉള്ള വേഗത കുറഞ്ഞ ഒരു ചിത്രവും.സംവിധായകന്‍റെ വാക്കുകള്‍ കടം എടുക്കുകയാണെങ്കില്‍ “Enemy is the one way trip to the sub conscious of a man struggling with issues regarding intimacy”.സിനിമയുടെ രത്നച്ചുരുക്കം എന്ന് പറയാം ഒറ്റ വരിയില്‍ ആ വാക്കുകളെ.

More reviews @ http://www.movieholicviews.blogspot.com

125.OFFSIDE(PERSIAN,2006)

125.OFFSIDE(PERSIAN,2006),|Drama|Sports|,Dir:-Jafar Panahi,*ing:-Sima Mobarak-ShahiShayesteh IraniAyda Sadeqi

   ഒരു രാജ്യത്തിന്‍റെ പൊതുവായ നിയമങ്ങള്‍ എന്ന പേരില്‍ നമ്മള്‍ അറിയുന്നത്  അവിടത്തെ ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ആണ്.അതില്‍ ഭൂരിപക്ഷ ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുക എളുപ്പമല്ല.പ്രത്യേകിച്ചും ആ നിലപാടുകളില്‍ മതത്തിന്‍റെ നിഴലുകള്‍ വരുമ്പോള്‍.സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനങ്ങള്‍ ആണ് ഭൂരിഭാഗവും.ഒന്നുമില്ലെങ്കില്‍ ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള ത്വര കൂടുതല്‍ ജനസമൂഹത്തിലും കാണും.അത്തരം ഒരു സ്വാതന്ത്ര്യം നഷ്ടമായ ഇറാനിലെ സ്ത്രീകളെ കുറിച്ചുള്ള കഥയാണ് പ്രശസ്ത സംവിധായകന്‍ ആയ “ജാഫര്‍ പനാഹിയുടെ” “ഓഫ്സൈഡ്” എന്ന ചിത്രത്തിന്‍റെ പ്രമേയം.വിവാദങ്ങള്‍ വിളിച്ചു വരുത്തുകയും ഇറാനില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടയുക വരെയുണ്ടായി ഈ ചിത്രം.ഒരു ലോകകപ്പ്‌ യോഗ്യത മത്സരം ഇറാനില്‍ വച്ച് ഇറാനും ബഹറിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആ മത്സരം കാണാനായി പോകുന്ന ആറു പെണ്‍ക്കുട്ടികളുടെ കഥയാണ് “ഓഫ്സൈഡ്” പറയുന്നത്.

   ഇറാനിലെ നിയമം അനുസരിച്ച് സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം ഇരുന്ന് കായികവിനോദങ്ങള്‍ ആസ്വദിക്കുന്നതില്‍ വിലക്കുണ്ട്.എന്നാല്‍ ഈ വിലക്കിനെ മാറി കടന്നു മത്സരം കാണുവാന്‍ ചില പെണ്‍ക്കുട്ടികള്‍ ശ്രമിക്കുന്നു.ആദ്യ സീനില്‍ മത്സരം കാണാന്‍ പോയ തന്‍റെ മകളെ അന്വേഷിച്ചു നടക്കുന്ന ഒരു പിതാവിനെ കാണിക്കുന്നു.നിയമലംഘനത്തില്‍ നിന്നും സ്വന്തം മകളെ രക്ഷിക്കാന്‍ ഉള്ള ഒരു അച്ഛന്റെ ശ്രമം അതില്‍ കാണാം.ഒറ്റയ്ക്ക് പോകുന്ന ഒരു പെണ്‍ക്കുട്ടി മൈതാനത്തിന്‍റെ മുന്നില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് കരിച്ചന്തയില്‍ ടിക്കറ്റ് സംഘടിപ്പിക്കുന്നു.എന്നാല്‍ അവള്‍ മൈതാനത്തിന്‍റെ അകത്തു കയറുന്നതിനു മുന്‍പ് സുരക്ഷാഭടന്മാര്‍ അവള്‍ സ്ത്രീയാണെന്ന് കണ്ടെത്തുന്നു.അവര്‍ അവളെയും കൂട്ടി മത്സരം നടക്കുന്ന സ്ഥലത്തിന്‍റെ അടുത്തായുള്ള ഒരു സ്ഥലത്ത് താല്‍ക്കാലിക തടവുകാരി ആക്കുന്നു.സമാന അവസ്ഥയില്‍ പിടിക്കപ്പെട്ട മറ്റ് അഞ്ചു പെണ്‍ക്കുട്ടികള്‍ കൂടി അവിടെ ഉണ്ടായിരുന്നു.അവര്‍ക്കെല്ലാം ഫുട്ബോള്‍ എന്ന ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.നിര്‍ബന്ധിത സൈനിക സേവനത്തിന്‍റെ ദുരിതങ്ങള്‍ അവിടെ ഉള്ള ഓരോ സൈനികനും പറയാനുണ്ട്.അവരുടെ ജീവിതം,സ്വപ്‌നങ്ങള്‍ എല്ലാം അതില്‍ പൊലിഞ്ഞു പോയിരിക്കുന്നു.അത് കൊണ്ട് തന്നെ ആദ്യം ദേഷ്യപ്പെടുന്ന അവര്‍ ആ പെണ്‍ക്കുട്ടികളോട് പിന്നീട് സൌമ്യമായി പെരുമാറുന്നുണ്ട്.തടവിലാക്കപ്പെട്ടത്തിന്റെ തൊട്ടടുത്തായി നടക്കുന്ന ഫുട്ബോള്‍ മത്സരം അവര്‍ക്ക് കാണുവാന്‍ സാധിക്കുന്നില്ലെങ്കിലും അവര്‍ ആഗ്രഹിക്കുന്ന ഒരു ഹരം അവിടത്തെ ശബ്ദ കോലാഹലങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്.ചിലപ്പോഴൊക്കെയായി മത്സരം വിവരിക്കുന്ന സൈനികര്‍ അവരെ സഹായിക്കുന്നുണ്ട്.ഫുട്ബോള്‍ മത്സരം അധികം കാണിക്കുന്നില്ലെങ്കിലും പശ്ചാത്തലത്തില്‍ കളിയുടെ ആരവങ്ങള്‍ ആണ് മുഴുവനും.മറ്റുള്ള രാജ്യത്തെ സ്ത്രീകള്‍ക്ക് ഇറാനില്‍ പുരുഷന്മാരോടൊപ്പം മത്സരം കാണാമല്ലോ എന്ന് ചോദിക്കുന്ന പെണ്‍ക്കുട്ടിയോട് സൈനികന്‍ പറയുന്നുണ്ട് അതിനു കാരണം മൈതാനത്തില്‍ ആണുങ്ങള്‍ വിളിക്കുന്ന ചീത്ത വാക്കുകള്‍ മനസിലാക്കുവാന്‍ അവര്‍ക്ക് ഭാഷ അറിയില്ല എന്ന്.അപ്പോള്‍ ഇറാനില്‍ ജനിച്ചതാണോ തങ്ങളുടെ തെറ്റ് എന്ന് ആ പെണ്‍ക്കുട്ടി ചോദിക്കുന്നു.ഒരു അലര്‍ച്ച മാത്രം ആയിരുന്നു അതിനുള്ള ഉത്തരം.അതായിരുന്നു സംവിധായകന്‍ ഉദ്ദേശിച്ച ഈ ചിത്രത്തിന്‍റെ സാമൂഹിക പ്രസക്തിയും.

     ഒരു സാധാരണ സിനിമ എന്നതില്‍ ഉപരി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട ചെറിയ സന്തോഷങ്ങളെ ആണ് സംവിധായകന്‍ ഈ സിനിമയില്‍ ആത്മാര്‍ഥതയോടെ അവതരിപ്പിച്ചിരിക്കുന്നത്.മത്സരം കഴിഞ്ഞ് നിയമലംഘനം നടത്തിയ ഇവരെ മേലധികാരികളുടെ അടുക്കലേക്കു കൊണ്ട് പോകുന്ന സംഭവങ്ങളില്‍ സിനിമ അവസാനിക്കുന്നു.തീര്‍ച്ചയായും കണ്ടിരിക്കണം ഈ ചിത്രം.പ്രത്യേകിച്ചും ലോകകപ്പ്‌ മത്സരങ്ങള്‍ വരുന്ന ഈ സമയത്ത് അത് തങ്ങളുടെ നാട്ടില്‍ നടന്നിരുന്നു എങ്കില്‍ അത് കാണാന്‍ സാധിക്കാത്ത മനുഷ്യജന്മങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് അറിയണമെങ്കില്‍.പുരാതന ഒളിമ്പിക്സില്‍ ഇത്തരം ഒരു നിയമം നിലനിന്നിരുന്നതായി കേട്ടിട്ടുണ്ട്.ഇത്തരം നിയമങ്ങളില്‍ ജനങ്ങള്‍ക്ക്‌ എല്ലാം താല്‍പ്പര്യം ഇല്ലായിരുന്നു എന്ന് അവിടത്തെ യുവാക്കളുടെയും ചെറുപ്പക്കാരായ സൈനികരുടെയും നിലപാടുകളില്‍ കൂടി കാണിക്കുവാനും ജാഫര്‍ പനാഹി ശ്രമിച്ചിട്ടുണ്ട്.

 ബ്രസീലില്‍ ഇത്തവണ നടക്കുന്ന ലോകക്കപ്പ് ഇത്തരം അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചു എറിയുകയും,ദേശ-മത-ലിംഗ വിവേചനം ഇല്ലാതെ എല്ലാവരിലും ഒരേ മനസ്സോടെ ആസ്വദിക്കുന്ന ഒന്നാകണം എന്ന് നമുക്ക് മനസ്സ് കൊണ്ട് ആഗ്രഹിക്കാം.കാരണം മൈതാനങ്ങളില്‍ മുഴങ്ങുന്നത് ലോകരാജ്യങ്ങളുടെ ആരവം ആണ്.അത് ഒന്നിച്ചു മുഴങ്ങിയാല്‍ മാത്രമേ ജാഫര്‍ പനാഹിയുടെ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന പെണ്‍ക്കുട്ടികള്‍ ആഗ്രഹിച്ച ഒരു മത്സരാന്തരീക്ഷം ലോകകപ്പ്‌ വേദികള്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിയൂ.കലയും കായികവിനോദവും സുന്ദരമായി മാറുന്നത് ഇത്തരം കൂട്ടിയെഴുത്തുകളില്‍ ആണ്.ഫുട്ബോള്‍ മത്സരത്തിലെ ഫൗള്‍ സൂചിപ്പിക്കുന്ന ഈ വാക്ക് ചില നിയമങ്ങളിലെ ഫൗള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.അങ്ങനെ പേരിനോട് നീതി പുലര്‍ത്തിയ ഒരു മനോഹര ചിത്രം ആണ് “ഓഫ്സൈഡ്”.

Design a site like this with WordPress.com
Get started