112.BLOW OUT(ENGLISH,1981)

112.BLOW OUT(ENGLISH,1981),|Thriller|,Dir:-Brian De Palma,*ing:-John TravoltaNancy AllenJohn Lithgow.

 അവിചാരിതമായി ഒരു അപകടത്തിനു സാക്ഷിയാകേണ്ടി വരുകയും പിന്നീട് ആ അപകടത്തിന്‍റെ പിന്നില്‍ ഉള്ള യാഥാര്‍ത്യങ്ങള്‍ അവിശ്വസനീയമായ ഒരു അപസര്‍പ്പക കഥ പോലെ തന്നെ പിന്തുടരുകയും  ചെയ്ത ജാക്ക് ടെറി എന്ന സൌണ്ട് ഡിസൈനറുടെ കഥയാണ് ബ്ലോ ഔട്ട്‌ എന്ന ഈ ബ്രയാന്‍ ഡി പാമ ചിത്രം അവതരിപ്പിക്കുന്നത്‌.ജോണ്‍ ട്രവോള്‍ട്ട ആണ് ഇവിടെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.ജാക്ക് ടെറി ബി-ഗ്രേഡ് സിനിമകളിലെ സൌണ്ട് ഡിസൈനര്‍ ആണ്.പ്രകൃതിയില്‍ നിന്നും സ്വാഭാവികമായ ശബ്ദങ്ങള്‍ ശേഖരിക്കുന്നതിനായി അയാള്‍ ഒരു രാത്രി ഒരു പുഴവക്കില്‍ ഉള്ള പാലത്തില്‍ നിന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.അപ്പോഴാണ് നിയന്ത്രണം വിട്ട് ഒരു കാര്‍ എതിര്‍വശത്തുള്ള പാലത്തിന്‍റെ കൈവരി തകര്‍ത്തു വെള്ളത്തില്‍ വീഴുന്നത് അയാള്‍ കണ്ടത്.രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തില്‍ ചാടിയ അയാള്‍ക്ക്‌ ആ കാറില്‍ ഉണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തുവാന്‍ മാത്രമേ സാധിച്ചുള്ളൂ.അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിനു ശേഷം ആണ് മനസിലായത് ആ വണ്ടി ഓടിച്ചിരുന്നത് പ്രസിഡന്റ് ആകാന്‍ വളരെയധികം സാധ്യത കല്‍പ്പിച്ചിരുന്ന അവിടത്തെ ഗവര്‍ണര്‍ ആയിരുന്നു എന്നും.ഗവര്‍ണറുടെ പി.ഏ ടെറിയെ സമീപിക്കുകയും അയാളോട് ആ കാറില്‍ യുവതി ഉള്ള കാര്യം പുറത്തു അറിയിക്കരുത് എന്നും ആവശ്യപ്പെടുന്നു.ഗവര്‍ണറുടെ കുടുംബത്തിനു അത് നാണക്കേട്‌ ഉണ്ടാക്കും എന്നാണു അയാള്‍ അതിനു കാരണം പറഞ്ഞത്.

  ടെറി,സാലി എന്ന ആ യുവതിയുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു അപകട മരണം എന്ന് എഴുതി തള്ളാന്‍ ഒരുങ്ങിയ ആ മരണത്തില്‍ എന്നാല്‍ അസ്വാഭാവികമായി ചിലത് ടെറി ശ്രദ്ധിക്കുന്നു.അപകടം നടക്കുന്നതിനു മുന്‍പുണ്ടായ വെടി ശബ്ദം അതിനു തെളിവായി ടെറി നിരത്തുന്നു.എന്നാല്‍ ടെറിയെ വിശ്വസിക്കാന്‍ ആരും തയ്യാറാകുന്നില്ല.അതിനാല്‍ ടെറി സ്വന്തമായി അന്വേഷണം തുടങ്ങുന്നു.എന്നാല്‍ വലിയ അപകടങ്ങള്‍ ആയിരുന്നു ടെറിയെ കാത്തിരുന്നത്.അപകടത്തിന്‍റെ ഫോട്ടോകള്‍ കയ്യില്‍ ഉണ്ടെന്നു പറഞ്ഞു ഒരാള്‍ കൂടി വരുന്നതോടു കൂടി സംഭവങ്ങള്‍ കൂടുതല്‍ വഷളാകുന്നു.സാലി എന്ന യുവതിയും ഈ സംഭവവുമായി ബന്ധം ഉണ്ടെന്നു അയാള്‍ വിശ്വസിക്കുന്നു.എന്നാല്‍ പലയിടത്തും ടെറിയുടെ കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു.ആ മരണം സത്യത്തില്‍ ഒരു കൊലപാതകം ആയിരുന്നോ?പോലീസും മാധ്യമങ്ങളും അപകടമായി ആ സംഭവത്തെ കണക്കാക്കുന്നു.എന്നാല്‍ ടെറിയുടെ കണ്ടെത്തലുകളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ബാക്കി സിനിമ കാണുക.അവസാനം വരെ ഉദ്വേഗജനകം ആണ് ബ്ലോ ഔട്ട്‌ എന്ന ഈ ചിത്രം.

   കോണ്‍സ്പിരസി ത്രില്ലറുകള്‍ കൂടുതലായി ഇറങ്ങിയ ഒരു സമയം ഉണ്ടായിരുന്നു.എണ്‍പതുകളില്‍ ഉണ്ടായിരുന്ന രാജ്യങ്ങള്‍ തമ്മില്‍ ഉള്ള അസഹിഷ്ണുത പല നാടുകളിലും അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു എന്ന് വേണമെങ്കിലും പറയാം.അത്തരം ചുറ്റുപാടില്‍ ആണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.”ദി പാരലാക്സ് വ്യൂ” എന്ന സിനിമ പോലെ തന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് ഈ ചിത്രത്തിനും.അത് തന്നെ ആണ് ഇത്തരം ത്രില്ലറുകള്‍ ഇപ്പോഴും അവയുടെ ജോനറില്‍ പ്രസക്തിയോടെ നില്‍ക്കുന്നത്.ജോണ്‍ ട്രവോല്‍ട്ടയുടെ ഒക്കെ യുവത്വം നല്‍കുന്ന പ്രസരിപ്പും ചിത്രത്തിന് മുതല്‍ക്കൂട്ടായി.നല്ല ത്രില്ലറുകളുടെ ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ http://www.movieholicviews.blogspot.com !!

111.SIN RETORNO(SPANISH,2012)

111.SIN RETORNO(SPANISH,2010),|Thriller|Drama|,Dir:-Miguel Cohan,*ing:-Leonardo SbaragliaMartin SlipakBárbara Goenaga

  ഒരു കുറ്റകൃത്യം ചെയ്ത ആളെ സമൂഹം കൈകാര്യം ചെയ്യുന്നത് അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ ആയിരിക്കും പലപ്പോഴും.രാഷ്ട്രീയം മാത്രം ആണ് ഇതിനു അപവാദം.എന്നാല്‍ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ,അതും ഒരു കൊലപാതകത്തിന്റെ പാപക്കറ തന്‍റെ ചുമലില്‍ ഏല്‍ക്കേണ്ടി വരുകയും,സത്യം അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാതെ വരുമ്പോള്‍ അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകും.ജീവിതത്തിലെ ഒരു വന്‍ വീഴ്ച ആകും അത്തരമൊരു അവസ്ഥ.അത്തരത്തില്‍ ഉള്ള ഒരു അവസ്ഥയില്‍ അകപ്പെടുന്നു ഒരു മനുഷ്യന്റെ കഥയാണ് Sin Retorno എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉപരി അതിഭാവുകത്വം നല്‍കാതെ ഉള്ള ഒരു കഥാഘടനയും കഥാപാത്രങ്ങളും ആണ് ഈ ചിത്രത്തില്‍ ഉള്ളത്.സിനിമയുടെ അവസാനം ഒക്കെ ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നും മാറി വേറൊരു തലത്തിലേക്ക് ചിത്രം എത്തുന്നുണ്ട്.

    പാബ്ലോ എന്ന യുവാവ് രാത്രി സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു.വഴിയില്‍ സൈക്കിള്‍ നിര്‍ത്തിയ പാബ്ലോയെ ആദ്യം ഫെട്രിക്കോ എന്ന സ്റ്റേജ് കൊമേഡിയന്ന്‍റെ കാര്‍ ഇടിക്കേണ്ടാതായിരുന്നു.എന്നാല്‍ തലനാരിഴയ്ക്ക് പാബ്ലോ രക്ഷപ്പെടുന്നു.പാബ്ലോയുടെ സൈക്കിളിനു കേടുപാടുകള്‍ സംഭവിക്കുന്നു.എന്നാല്‍ വിധി പാബ്ലോയ്ക്ക് എതിരായിയിരുന്നു.അല്‍പ്പസമയത്തിനു ശേഷം അത് വഴി വന്ന മത്തിയാസ് എന്ന യുവാവിന്‍റെ കാര്‍ പാബ്ലോയെ ഇടിക്കുന്നു.ഭയന്ന് പോയ അവര്‍ അടുത്തുള്ള ഫോണ്‍ ബൂത്തില്‍ പോയി ആംബുലന്‍സിന് വിളിച്ചു പറഞ്ഞതിന് ശേഷം രക്ഷപ്പെടുന്നു.രാത്രി ആയതു കൊണ്ട് സാക്ഷികള്‍ ആരും ഇല്ലായിരുന്നു.ഭയന്ന് പോയ മത്തിയാസ് തന്‍റെ കാര്‍ ഒളിപ്പിക്കുകയും അത് കളവു പോയെന്നും തന്‍റെ മാതാപിതാക്കളോട് പറയുന്നു.ഫെട്രിക്കോ ഒന്നും അറിയാതെ തന്‍റെ വീട്ടില്‍ പോവുകയും സൈക്കിള്‍ ഇടിച്ചു കാറിന്‍റെ പെയിന്റ് പോയത് കൊണ്ട് സര്‍വീസിനു കയറ്റുകയും ചെയ്യുന്നു.കാര്‍ കാണാതെ പോയ മത്തിയാസിനെ അന്വേഷിച്ച് ഇന്ഷുരന്സില്‍ നിന്നും അന്വേഷണത്തിനായി ആള്‍ എത്തുന്നു.എന്നാല്‍ മത്തിയാസിന്റെ മൊഴികളില്‍ പല വൈരുധ്യങ്ങളും അയാള്‍ക്ക്‌ തോന്നുന്നു.എന്നാല്‍ പാബ്ലോയുടെ വൃദ്ധനായ അച്ഛന്‍ തന്‍റെ മകന്റെ മരണം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു.മാധ്യമങ്ങളില്‍ വന്നതോട് കൂടി സംഭവം കൂടുതല്‍ ചൂട് പിടിക്കുന്നു.വൃദ്ധനായ പിതാവിന്‍റെ വിഷമം കണ്ട് തെളിവുകള്‍ എല്ലാം തനിയെ വരുന്നു.ബാക്കി ഇവരുടെ മൂന്നു പേരുടെ ജീവിതതിലും എന്ത് സംഭവിച്ചു എന്നറിയാന്‍ ചിത്രം കാണുക.

     ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉപരി ഈ ചിത്രം എനിക്കിഷ്ടപ്പെട്ടത് ഇതിലെ അവസാനത്തെ ഭാഗങ്ങള്‍ ആണ്.തെറ്റ് ചെയ്തവനും ചെയ്യാത്തവനും തമ്മില്‍ ഉള്ള അന്തരം ജീവിത്ക്കാഴ്ചകളിലൂടെ അവതരിപ്പിക്കുമ്പോള്‍ ചെറിയ ഒരു സങ്കടം തോന്നാം.ഇവിടെ വില്ലന്‍ എന്ന് പറയാന്‍ കഥാപാത്രങ്ങള്‍ ഒന്നുമില്ല.പകരം എല്ലാവരും അവരുടെ രീതിയില്‍ ശരിയാണ്.ഈ ശരി തെറ്റുകളുടെ കഥയാണ് ഈ ചിത്രം.അഭിനേതാക്കള്‍ കൂടുതലും സ്വാഭാവിക അഭിനയം കൊണ്ട് തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ http://www.movieholicviews.blogspot.com


110.THE PARALLAX VIEW(ENGLISH,1974)

:-

110.THE PARALLAX VIEW (ENGLISH,1974),|Thriller|,Dir:-Alan J. Pakula,*ing:-Warren BeattyPaula PrentissWilliam Daniels

 Parallax View-ഒരു വസ്തുവിനെ രണ്ടു സ്ഥലത്തായി കാണുന്ന അവസ്ഥയെ ആണ് ഈ പടം കൊണ്ട് സൂചിപ്പിക്കുന്നത്.ഈ സിനിമയും അത്തരത്തില്‍ ഒരു തീം തന്നെയാണ് അവതരിപ്പിക്കുന്നത്‌.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രം,നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്കൊക്കെ നമ്മള്‍ വീക്ഷിക്കുന്നതിനും അപ്പുറം ഒരു അര്‍ത്ഥം ഉണ്ടെങ്കില്‍?നമ്മുടെ എല്ലാം കാഴ്ചപ്പാടുകളില്‍ അധികം പ്രാധാന്യം കൊടുക്കാത്ത വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു രീതിയില്‍ എഴുതപ്പെട്ട തിരക്കഥകള്‍ ആണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ.പ്രധാനമായും ഒരു രാജ്യത്തിന്‍റെ പ്രധാന സംഭവങ്ങള്‍ എല്ലാം അത്തരത്തില്‍ മുന്‍ക്കൂട്ടി എഴുതി കൂട്ടിയ ഒരു തിരക്കഥ ആണെങ്കില്‍ ഇത്തരം ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു മികച്ച ത്രില്ലര്‍ ആണെന്ന് പറയാം ഈ ചിത്രം.സാധാരണഗതിയില്‍ ഉള്ള ഒരു ത്രില്ലറില്‍ നിന്നും ഇതിനെ വ്യത്യസ്തം ആക്കുന്നത് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തന്നെ ആണ്.

   ചാര്‍ല്സ് കരോള്‍ എന്ന അമേരിക്കന്‍ സെനറ്റര്‍ വെടിയേറ്റ്‌ കൊല്ലപ്പെടുന്നു.വെയിറ്റര്‍ ആയി വേഷമിട്ട് വെടി  വച്ചയാളെ പോലീസിനു പിടിക്കുവാന്‍ സാധിക്കുന്നില്ല.എന്നാല്‍ അയാള്‍ രക്ഷപെടാന്‍ ഉള്ള ശ്രമത്തില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് മരിക്കുന്നു.ആയുധമേന്തിയ മറ്റൊരാള്‍ അതിന്‍റെ ഇടയ്ക്ക് രക്ഷപ്പെടുന്നു.കരോളിന്റെ കൊലപാതകം സ്വയം പ്രേരിതമായ ഒരു കൊലപാതകമായി അന്വേഷണ കമ്മീഷന്‍ വിധി എഴുതുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് സെനറ്റര്‍ വെടിയേറ്റ്‌ വീഴുന്ന സ്ഥലത്തുണ്ടായിരുന്ന കാര്‍ട്ടര്‍ എന്ന പത്രപ്രവര്‍ത്തക തന്‍റെ പത്രപ്രവര്‍ത്തക സുഹൃത്തായ ജോ ഫ്രാടിയെ കാണുവാന്‍ വരുന്നു.അന്ന് സെനറ്റര്‍ മരണപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ആറു പേര്‍ പിന്നീട് സ്വാഭാവികമായ രീതിയില്‍ കൊല്ലപ്പെടുന്നു എന്ന് പറയുന്നു.എങ്കിലും കാര്‍ട്ടര്‍ക്ക്‌ ആ മരണങ്ങളില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു.ഫ്രാടി അത് കാര്ട്ടരിന്റെ വെറും സംശയങ്ങള്‍ ആയി തള്ളിക്കളയുന്നു.എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാര്‍ട്ടര്‍ കൊല്ലപ്പെടുന്നു.സ്വാഭാവിക മരണം എന്ന് വിധിയെഴുതിയ ആ മരണം എന്നാല്‍ ഫ്രാടിയില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നു.ഫ്രാടി തന്‍റെ സംശയങ്ങള്‍ താന്‍ ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിലെ ഉടമയുമായി പങ്കു വയ്ക്കുന്നു.ഈ സംഭവങ്ങളുടെ പിന്നില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉള്ളതെന്ന് ഫ്രാടി അന്വേഷണം തുടങ്ങുന്നു.എന്നാല്‍ ഫ്രാടിയെ കാത്തിരുന്നത് പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ഉള്ള കാര്യങ്ങള്‍ ആയിരുന്നു.ഫ്രാടിയുടെ മുന്നില്‍ ഉള്ള കടമ്പ വലുതായിരുന്നു.ആരാണ് യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളുടെ പിന്നില്‍?അതോ ഈ മരണങ്ങള്‍ എല്ലാം സ്വാഭാവിക മരങ്ങള്‍ ആയിരുന്നോ?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.കാത്തിരിക്കുന്നത് ഒരു നല്ല ത്രില്ലര്‍ ആണ്.അല്‍പ്പം കുഴയ്ക്കുന്ന ഒന്ന്.

   ചിത്രം ഇറങ്ങിയപ്പോള്‍ സമ്മിശ്ര പ്രതികരണം ലഭിച്ചു എങ്കിലും ശ്രദ്ധിക്കപ്പെട്ടു.സമാന പ്രമേയവുമായി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ ചിത്രം പറയാന്‍ ശ്രമിച്ചത്‌ മികച്ച ഒരു ത്രില്ലര്‍ എന്ന്‍ വിളിക്കാവുന്ന സിനിമയിലേക്ക് വഴിതെളിച്ചു.വിശ്വാസങ്ങള്‍ക്കതീതമായി മറ്റെന്തോ നമ്മുടെ എല്ലാം ജീവിതത്തിനെ നിയന്ത്രിക്കുന്നു എന്ന രീതിയില്‍ ജീവിതത്തിന്‍റെ മറ്റൊരു വീക്ഷണ കോണ്‍ ഈ ചിത്രം അവതരിപ്പിക്കുന്നു.Conspiracy ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.ഈ ലിസ്റ്റില്‍ ധാരാളം സിനിമകള്‍ ഉണ്ട്.ഇത്തരം പ്രമേയങ്ങളോട് എന്‍റെ ഇഷ്ടക്കൂടുതല്‍ കാരണം ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ http://www.movieholicviews.blogspot.com

   

109.TEOREMA(ITALIAN,1968)

109.TEOREMA(ITALIAN,1968),|Mystery|Drama|,Dir:-Pier Paolo Pasolini,*ing:-Silvana ManganoTerence StampMassimo Girotti

 “Teorema” നിഗൂഡമായി ഒരു കുടുംബത്തിലേക്ക് അതിഥിയായി വന്ന ഒരു യുവാവ് ആ കുടുംബത്തില്‍ ഉള്ളവരില്‍ നല്‍കിയ സന്തോഷങ്ങളും അതിനു ശേഷം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെയും കഥ പറയുന്നു.ഒരു മിസ്റ്ററി സിനിമ എന്ന നിലയില്‍ വളരെയധികം സാധ്യതകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നുണ്ട് ഈ ചിത്രം.ഇറ്റലിയില്‍ ഉള്ള ഒരു സമ്പന്ന കുടുംബത്തില്‍ ഒരു അതിഥി എത്തുന്നു.അതിഥി എന്ന് മാത്രം ആണ് ആ കഥാപാത്രത്തിനെ സിനിമയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ഇറ്റലിയിലെ സമ്പദ് വ്യവസ്ഥയില്‍ ഉന്നത സ്വാധീന ഉള്ള ആ കുടുംബത്തില്‍ ഉണ്ടായിരുന്നത് ഗൃഹനാഥനും,ഗൃഹനാഥയും അവരുടെ രണ്ടു കുട്ടികളും ഒരു വേലക്കാരിയും ആയിരുന്നു.സുമുഖനായ ആ അതിഥി അവരുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു.അല്ലെങ്കില്‍ ആ കുടുംബത്തെ ഒന്നടങ്കം വശീകരിച്ചു.അവരും ആയി ശാരീരികവും മാനസികവും ആയ അടുപ്പം അയാള്‍ ഉണ്ടാക്കി എടുക്കുന്നു. 

   ദൈവഭക്തയായ വേലക്കാരിയെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നു.പിന്നീട് ജീവിതത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാതെ ജീവിച്ച അവരുടെ മകനെ ആശ്വസിപ്പിക്കുന്നു.പിന്നീട് കുടുംബ ജീവിതത്തില്‍ തൃപ്തി ഇല്ലാത്ത ഗൃഹനാഥ അയാളില്‍ ആശ്വാസം കണ്ടെത്തുന്നു.കുട്ടിത്തം മാറാത്ത തന്നിഷ്ടക്കാരിയായ മകള്‍ക്ക് ജീവിതവും പഠിപ്പിച്ചു കൊടുക്കുന്നു.ഏറ്റവും പ്രധാനമായത് അയാള്‍ ഇവരുടെ എല്ലാം കൂടെ കിടപ്പറ പങ്കിട്ടു എന്നതാണ്.അസുഖം വന്ന ഗൃഹനാഥന്‍ അയാളുടെ സാമീപ്യത്തില്‍ സുഖപ്പെടുന്നു.എന്നാല്‍ പെട്ടന്നൊരു ദിവസം ഒരു അയാള്‍ തിരിച്ചു പോകുന്നു.അയാളുടെ തിരിച്ചു പോക്ക് അവരില്‍ എല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.ഒരു പ്രത്യേകതരം അവസ്ഥയിലേക്ക് അവര്‍ എല്ലാം മാറുന്നു.ഓരോരുത്തരും അവരുടെ ജീവിതത്തില്‍ പലതും ആയി മാറുന്നു;അയാളുടെ വരവിനു മുന്‍പ് ഉണ്ടായിരുന്നവരെ അല്ല പിന്നീട് കാണുന്നത്.അയാള്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു??അയാള്‍ ദൈവം ആയിരുന്നോ??അതോ ചെകുത്താനോ??കാരണം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ അത്രയ്ക്കും വലുതായിരുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും എല്ലാം ബാക്കി സിനിമ അവതരിപ്പിക്കുന്നു.

  വ്യത്യസ്തമായ ആഖ്യാന രീതി ആണ് ഈ ചിത്രത്തില്‍ സംവിധായകന്‍ പസോളിനി സ്വീകരിച്ചിരിക്കുന്നത്.സുമുഖനായ ദൈവ (ചെകുത്താന്‍) സമാനനായ യുവാവിനെ അവതരിപ്പിച്ചിരിക്കുന്നത് ടെറന്‍സ്‌ സ്റ്റാമ്പ് ആയിരുന്നു.വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു ഈ ചിത്രം.പ്രധാനമായും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തന്നെ.ദൈവ വിശ്വാസ സങ്കല്‍പ്പങ്ങളെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ എല്ലാം ഈ ചിത്രം ചെയ്യുന്നുണ്ട്.അത് കാഴ്ചക്കാരന്റെ കണ്ണില്‍ വ്യത്യസ്തപ്പെടും എന്ന് മാത്രം.സ്ഫോടനാത്മകമായ ആശയം പറയുന്ന ഈ ചിത്രം എല്ലാവര്ക്കും ദഹിക്കണം എന്നില്ല.കാരണം വ്യത്യസ്തമായ അവതരണ രീതി തന്നെ.എന്തായാലും അല്‍പ്പം ആലോചിച്ചിട്ടാണ് എങ്കിലും ഈ ചിത്രം കഴിയാവുന്നത്ര മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ http://www.movieholicviews.blogspot.com

108.THE RAID 2:BERANDAL

108.THE RAID 2:BERENDAL(INDONESIAN,2014),|Crime|Action|,Dir:-Gareth Evans,*ing:-Iko UwaisYayan RuhianArifin Putra

2011 ല്‍ ഇറങ്ങിയ Raid:Redemption എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Raid 2:Berendal.ആദ്യ ഭാഗം ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒന്നായിരുന്നു.അതി വേഗതയും സാഹസവും  എല്ലാം ഒത്തു ചേര്‍ന്ന ആദ്യ ഭാഗം കണ്ടവര്‍ ഒക്കെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ ആണ് ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം.അവര്‍ ആ ആക്രമണത്തിന് പോയതിനു പിന്നില്‍ ഒരു വലിയ ചതി ഒളിച്ചിരുന്നു.ഒരു സിനിമ മുഴുവന്‍ സംഘട്ടനത്തിനു വേണ്ടി മാറ്റി വച്ചത് പോലെ ആയിരുന്നു ആദ്യ ഭാഗം.നായക കഥാപാത്രങ്ങളും വില്ലന്മാരും എല്ലാം ചേര്‍ന്ന് ആ സിനിമയെ കുറച്ചു പേര്‍ക്കെങ്കിലും ഒരു കള്‍ട്ട് ആണെന്ന് തോന്നിപ്പിച്ചു.രണ്ടാം ഭാഗം ആരംഭിക്കുന്നത് ആദ്യ ഭാഗം അവസാനിക്കുന്നിടത്ത് നിന്നാണ്.രാമ എന്ന ആദ്യ  ഭാഗത്തിലെ നായകന്‍റെ സഹോദരന്‍ ആന്‍ഡി കൊല്ലപ്പെടുന്നു.ആന്‍ഡി  നിര്‍ദേശിച്ചത് അനുസരിച്ച് ബുനാവര്‍ എന്ന വിശ്വസ്തനായ പോലീസുകാരനെ കാണാന്‍ രാമ പോകുന്നു.
    
  രാമയെയും കൂട്ടരെയും  ചതിച്ചവരെ ബുനാവര്‍ തീര്‍ക്കുന്നു.അയാള്‍ രാമയോടു ഒരു പുതിയ ദൌത്യം ഏറ്റെടുക്കാന്‍ പറയുന്നു.എന്നാല്‍ കുടുംബത്തെ ഉപേക്ഷിച്ചു പോകാന്‍ താല്‍പ്പര്യം ഇല്ലാതിരുന്ന രാമ അവസാനം ദൌത്യം ഏറ്റെടുക്കുന്നു.സ്വന്തം കുടുംബത്തിന്‍റെ സുരക്ഷ ബുനാവര്‍ ഏറ്റെടുക്കും എന്ന ഉറപ്പിന്‍ മേല്‍.രാമ അടുത്ത ദൌത്യം ആരംഭിക്കുന്നു.ഇത്തവണ ഒരു അണ്ടര്‍ കവര്‍ ദൌത്യം ആണ് രാമയ്ക്ക്.”യുട ” എന്ന പേരില്‍.രാമയുടെ മുന്നില്‍ ഉള്ളവര്‍ സാധാരണക്കാര്‍ അല്ല.അതി ശക്തരും സമൂഹത്തില്‍ ഉന്നത സ്വാധീനവും ഉള്ള കുറ്റവാളികള്‍ ആണ്.കൂടെ തന്‍റെ സഹോദരന്‍ ആന്‍ഡിയെ കൊല്ലപ്പെടുത്തിയ ബേജോയും  ഇത്തവണ തന്‍റെ ദൌത്യത്തില്‍ ലക്ഷ്യമായി  ഉണ്ട്.രാമയുടെ രണ്ടാമത്തെ സാഹസികതയാണ് Raid 2:Berandal അവതരിപ്പിക്കുന്നത്‌.

    ആദ്യ ഭാഗം വച്ച് നോകുമ്പോള്‍ ആ ചിത്രം നല്‍കിയ അത്ര ഭീകരത ഇത്തവണ  ഇല്ല.രാമ ആയി അഭിനയിക്കുന്ന ഇകോ ഇത്തവണ അല്‍പ്പം കൂടി ശക്തനായി തോന്നി.ശരീരം മെച്ചപ്പെടുത്തിയിട്ടുണ്ട്.കഥയില്‍ പുതുമ ഒന്നും പറയാന്‍ ഇല്ല ആദ്യ ഭാഗം പോലെ തന്നെ.പക്ഷേ ഇത്തവണ ഒരു ഗാങ്ങ്സ്റ്റെര്‍ സിനിമ ആയപ്പോള്‍ അതിനനുസരിച്ചുള്ള രീതിയില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.എങ്കില്‍ പോലും ഈ അടുത്തിറങ്ങിയ നല്ല ആക്ഷന്‍ ചിത്രങ്ങളില്‍ പെടുത്താം ഈ രണ്ടാം ഭാഗത്തെയും.സംവിധായകന്‍ ഗരേത് ഇവാന്‍സ് ഇക്കണക്കിനു പോയാല്‍ ആക്ഷന്‍ ചിത്രങ്ങളുടെ അപ്പോസ്തലികന്‍ ആകാന്‍ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.ടോണി ജാ പരീക്ഷിച്ച ആയോധന കലയില്‍ നിന്നും കൂടുതല്‍ വേഗതയും വീര്യവും ഈ ചിത്രങ്ങളിലെ സംഘട്ടനങ്ങളില്‍ ഉണ്ട്.അതി ക്രൂരമായ രംഗങ്ങള്‍ ആദ്യ ഭാഗത്തെ പോലെ ഇല്ലെങ്കിലും ഇത്തവണയും ആവശ്യത്തിനു ചേര്‍ത്തിട്ടുണ്ട്.ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാവരും ആദ്യ ഭാഗം(കണ്ടിട്ടില്ലെങ്കില്‍) അതിനു ശേഷം രണ്ടാം ഭാഗവും കാണുക.തീര്‍ച്ചയായും ഇഷ്ടപ്പെടും.ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 6.5/10..പക്ഷെ ഒരു ആക്ഷന്‍ സിനിമ ആസ്വാധകന്‍ എന്ന നിലയില്‍ 8/10!! 

More  reviews @ http://www.movieholicviews.blogspot.com

107.JUNK MAIL(NORWEGIAN,1997)

JUNK MAIL(NORWEGIAN,1997),|Thriller|Comedy|,Dir:-Pål Sletaune,*ing:- Robert SkjærstadAndrine SætherPer Egil Aske

 Junk Mail-അനാവശ്യമായി ഇന്‍ബോക്സില്‍ വരുന്ന മെയിലുകളെ സൂചിപ്പിക്കുന്ന വാക്ക്.അത് പോലെ തന്നെയാണ് പലരുടെയും ജീവിതത്തില്‍ അനാവശ്യമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളും.അവര്‍ ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടാക്കി എടുക്കാനും ശ്രമിക്കുന്നു.നമ്മുടെയെല്ലാം മെയിലുകളില്‍ വരുന്ന സ്പാം അഥവാ ജങ്ക് മെയില്‍ ചെയ്യുന്നതും ഇതാണ്.ഇവിടെ ജങ്ക് മെയില്‍ എന്ന് പറയാവുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോസ്റ്റ്മാനെ ആണ്.രസകരമല്ലാത്ത മുഷിഞ്ഞ തന്‍റെ ബാഗ് പോലെ തന്നെയാണ് അയാളുടെ ജീവിതവും.ആകെമൊത്തം മുഷിപ്പ്.അയാളെ ഇഷ്ടപ്പെടുന്ന വിരൂപയായ സഹപ്രവര്‍ത്തക,ജീവിതത്തില്‍ വിനോദത്തിന് തീരെ  പ്രാധാന്യം കൊടുക്കാത്ത സുഹൃത്തുക്കളും തൊഴിലും എല്ലാം കൂടി റോയ് എന്ന പോസ്റ്റ്മാന്റെ ജീവിതത്തിനെ സ്വാധീനിക്കുന്നു.ഒരു പക്ഷേ അയാളുടെ സ്വഭാവത്തിന് ചേര്‍ന്ന സ്ഥലത്തായിരിക്കും അയാള്‍ എത്തപ്പെട്ടത്.

  റോയ് ദുര്‍ബലനാണ്.ശാരീരികമായും മാനസികമായും.പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള എഴുത്തുകള്‍ ആവശ്യക്കാരില്‍ എത്തിച്ചേരുന്നത് അയാളുടെ താല്‍പ്പര്യം അനുസരിച്ച് മാത്രമാണ്.അയാളുടെ പ്രധാന വിനോദം എന്ന് പറയാവുന്നതും അതാണ്‌.മറ്റുള്ളവരുടെ കത്തുകള്‍ തുറന്നു നോക്കി വായിക്കുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്തിയിരുന്നു.അയാള്‍ വല്ലപ്പോഴും ചിരിക്കുന്നത് അവ വായിക്കുമ്പോഴും വായിച്ചതിനു ശേഷം അത് ആവശ്യക്കാരില്‍ എത്തുമ്പോഴും ആയിരുന്നു.ഒരു ദിവസം റോയ് ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലിനെ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു.ഒരു പുസ്തക കടയില്‍ അവരുടെ പ്രവര്‍ത്തി കണ്ട അയാള്‍ അവരെ നിരീക്ഷിക്കുന്നു.ഒരു ദിവസം എഴുത്തുകള്‍ കൊടുക്കാന്‍ നേരം അയാള്‍ അബദ്ധത്തില്‍ ലിനെ പോസ്റ്റ്ബോക്സില്‍ വച്ചിട്ട് പോകുന്ന അവരുടെ അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ കൈക്കലാക്കുന്നു.അയാള്‍ അവരുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് കയറി ചെല്ലുന്നു.ആ അപ്പാര്‍ട്ട്മെന്റിന്റെ താക്കോലിന്റെ മറ്റൊരു പതിപ്പുണ്ടാക്കി ഉപയോഗിക്കുന്നു.എന്നാല്‍ മറ്റൊരാളുടെ ജീവിതത്തില്‍ അവരറിയാതെ നോക്കുന്ന അയാളുടെ പ്രവര്‍ത്തികള്‍ അയാളെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കുന്നു.ഒരു ജങ്ക് മെയില്‍ എന്ന് വിളിക്കാവുന്ന റോയുടെ ജീവിതം പല കാരണം കൊണ്ടും അവിടെ നിന്നും മാറുന്നു.റോയുടെ കണ്ടെത്തലുകള്‍ ലിനെയുടെ ജീവിതതിനെയും സ്വാധീനിക്കുന്നു.റോയ് തുറക്കാന്‍ നോക്കിയത് ലിനയുടെ ജീവിതത്തിലെ ചില രഹസ്യങ്ങളായിരുന്നു.എന്താണ് ആ രഹസ്യങ്ങള്‍?അവിടെ മുതല്‍ ആണ് ഈ ചിത്രം ഒരു ത്രില്ലര്‍ ആയി മാറുന്നത്.

  അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്ക്കാരങ്ങള്‍ വാരി കൂട്ടിയ ഈ ചിത്രം കഥയ്ക്ക്‌ ആവശ്യമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പോകുന്ന മിതത്വം പാലിക്കുന്നു.ലിനെ ആയി അഭിനയിച്ച അന്നെ ലിനെസ്ടാദ്,റോയ് ആയി അഭിനയിച്ച റോബര്‍ട്ട് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.ചുരുങ്ങിയ സമയം കൊണ്ട് സിനിമ അവതരിപ്പിച്ചു എന്നത് ഈ ചിത്രത്തിന് അവകാശപ്പെടാവുന്ന വിജയം ആണ്.അധികം എച്ചുക്കെട്ടലുകള്‍ ഇല്ലാതെ പാകമാക്കിയ ഒരു നോര്‍വീജിയന്‍ ബ്ലാക്ക് കോമഡി ത്രില്ലര്‍ എന്ന് പറയാം ജങ്ക് മെയിലിനെ.വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം,പ്രമേയവും വ്യത്യസ്ഥം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10.

 More reviews @ http://www.movieholicviews.blogspot.in

106.THE UNJUST(KOREAN,2010)

106.THE UNJUST(KOREAN,2010),|Crime|Thriller|,Dir:-Seung-wan Ryoo,*ing:-Jeong-min HwangSeung-beom RyuHae-jin Yu

 നീതി എന്നുളത് പലതിനോടും പലരോടും  സന്ധി ചെയ്തു ലഭിക്കുന്ന അവസ്ഥയില്‍ സമൂഹത്തില്‍ അരാജകത്വം ഉത്ഭവിക്കുന്നു.അത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുകയാണ് The Unjust എന്ന ഈ കൊറിയന്‍ ചിത്രം.ഒരു പെണ്‍ക്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.അതിനു ശേഷം അവളെ കൊലപ്പെടുകയും ചെയ്യുന്നു.തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന ആ കേസില്‍ നിയമവ്യവസ്ഥ മുഴുവന്‍ ഇരുട്ടില്‍ തപ്പുന്നു.ഭരണകൂടത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന അവസ്ഥയില്‍ അന്വേഷണം ത്വരിതപ്പെടുത്തുന്നു.ആ അവസരത്തില്‍ മരണപ്പെട്ട പെണ്‍ക്കുട്ടിയുടെ ബന്ധുവായ പോലീസുകാരന്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ കൊല്ലപ്പെടുത്തുന്നു.അതോടെ പോലീസിന്‍റെ അരാജകത്വത്തിനെതിരെ ശബ്ദം ഉയരുന്നു.ആ അവസരത്തില്‍ ഒരു പ്രതിയെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തേണ്ട ആവശ്യകത പോലീസിനു വരുന്നു.പ്രസിഡന്റിന്റെ ബ്ലൂ ഹൌസില്‍ നിന്നുള്ള നിര്‍ദേശം കൂടി ആയപ്പോള്‍ പോലീസ് അടുത്ത വഴികള്‍ തങ്ങളുടെ നിലനില്‍പ്പിനായി തേടുന്നു.

  ആ അവസരത്തില്‍ ആണ് പലപ്പോഴുമായി അക്കാദമിയില്‍ നിന്നുമുള്ള ബിരുദം ഇല്ലാത്തത് കൊണ്ട് ഉദ്യോഗകയറ്റം പലപ്പോഴും അകന്നു പോയ ചോയിയെ ഈ കേസ് അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തുന്നത്. ചോയിടെ മുന്നില്‍ ഉള്ള ലക്‌ഷ്യം ഒരു തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്ന ഒരു കൊലപാതകി മാത്രം.പകരമായി തന്‍റെ ടീമില്‍ ഉള്ളവരുടെ അഴിമതി ആരോപണങ്ങളില്‍ നിന്നും ഉള്ള വിടുതലും ചോയിയുടെ പ്രൊമോഷനും.എന്നാല്‍ അദൃശ്യമായി നിന്ന ബ്യൂറോക്രസിയും പോലീസുമായി ഉള്ള ഈഗോ പ്രശ്നങ്ങള്‍ ആ കേസിനെ മറ്റു തലത്തിലേക്ക് എത്തിക്കുന്നു.ഇതിനു മുന്‍പ് ചോയി അന്വേഷിച്ച അഴിമതി കേസ് അയാള്‍ക്കുണ്ടാക്കിയ ശത്രുവാണ് പ്രോസിക്യുടര്‍ ആയ ജൂ യാംഗ്.ശക്തമായ അധികാര പിന്‍ബലം ഉള്ള ജൂ യാംഗ് ചോയിയെ പിന്തുടരാന്‍ തുടങ്ങുന്നു.അതോടു കൂടി ഈ കേസ് മറ്റൊരു വഴിത്തിരിവില്‍ എത്തുന്നു.ചോയിയുടെ ആവശ്യം ഒരു കുറ്റവാളി ആണ്.കൊലപാതകത്തിനെ ബന്ധിപ്പിക്കുന്ന  ഒരു കുറ്റവാളി.എന്നാല്‍ ജൂ യാംഗിനു ചോയിയെ അകപ്പെടുത്തുകയും വേണം.ഇവരുടെ ഇടയിലേക്ക് മറ്റൊരു അധികാര കൊതിയനും കൂടി എത്തുന്നു.അതോട്  കൂടി സ്ഥിതി കൂടുതല്‍ സങ്കീര്‍ണം ആകുന്നു.ആരാണ് ആ മൂന്നാമതൊരാള്‍?ചോയിക്ക്‌ പ്രതിയെ ലഭിക്കുമോ?ജൂ യാംഗിനു ലക്‌ഷ്യം നിറവേറ്റാന്‍ സാധിക്കുമോ?ഇതിനിടയില്‍ ആരെയും വക വയ്ക്കാതെ നടക്കുന്ന ചതികളും കുതന്ത്രങ്ങളും ആണ് ബാക്കി സിനിമ.

  കൊറിയയിലെ നിയമവ്യവസ്ഥയിലെ അപകടകരമായ പ്രവണതകള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം.പ്രേക്ഷക പ്രശംസയും അത് പോലെ തന്നെ വിജയ ചിത്രം എന്നും അവകാശപ്പെടാവുന്ന ചിത്രമാണ്‌ The Unjust.ജിയോംഗ് മിന്‍ എന്ന പ്രതിഭാശാലിയായ കൊറിയന്‍ അഭിനേതാവാണ്(The Man who was a Superman,New World)  ഇതിലെ ചോയിയെ അവതരിപ്പിച്ചിരിക്കുന്നത്.സ്വാഭാവിക അഭിനയം പ്രത്യേകത ആയുള്ള ഒരു കൊറിയന്‍ നടന്‍ എന്ന് പറയാം ജിയോംഗിനെ.ദക്ഷിണ കൊറിയയിലെ ദേശിയ പുരസ്ക്കാരമായ “ബ്ലൂ ഡ്രാഗന്‍ ഫിലിം അവാര്‍ഡ്സില്‍” വളരെയധികം പ്രശംസിക്കപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റ്യൂ സിയൂംഗ് ആണ്.തന്‍റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ മികച്ചതാക്കിയിട്ടുണ്ട് ഈ ചിത്രവും.അധികാരത്തിന്‍റെ ഇടവഴിയിലെ പാപത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നുള്ളത് കൊറിയന്‍ സിനിമയുടെ മുഖമുദ്രയായ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്ന മാര്‍ക്ക് 7/10!!

 More reviews @ http://www.movieholicviews.blogspot.in

105.SNOWPIERCER(ENGLISH/KOREAN,2013)

105.SNOWPIERCER(ENGLISH/KOREAN,2013),|Sci-Fi|Action|Drama|,Dir:-Joon-ho Bong,*ing:-Kang Ho Song,Chris EvansTilda SwintonJamie Bell

ഹോളിവുഡ് sci-fi സിനിമകളുടെ ഇടയില്‍ കൊറിയയില്‍ നിന്നും വന്ന അതെ ജോനരില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് “Snowpiercer”.മഞ്ഞിനെ കീറി മുറിക്കുക എന്ന അര്‍ത്ഥത്തില്‍ പേര് വരുന്ന ഈ സിനിമ അതി ശൈത്യക്കാലത്ത് അവയെ കീറി മുറിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കുറച്ചാളുകളുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.ആഗോളതാപനം ഭാവിയില്‍ വളരെയധികം കൂടുകയും അതിനെ കുറയ്ക്കാന്‍ വേണ്ടി ലോകരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് CW7 എന്ന പദാര്‍ത്ഥം അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്നു.എന്നാല്‍ അതിന്‍റെ ഫലമായി ഭൂമി മുഴുവന്‍ മഞ്ഞു മൂടുന്നു.അതില്‍ നിന്നും രക്ഷപ്പെടാന്‍ ബൈബിളിലെ നോഹ നിര്‍മ്മിച്ച പെട്ടകം പോലെ ഒരു ട്രെയിന്‍ Wilford എന്നയാള്‍ നിര്‍മ്മിക്കുന്നു.ഭൂമിയില്‍ അവസാനമുള്ള മനുഷ്യരെ അതില്‍ ഉള്‍ക്കൊള്ളിക്കുന്നു.എന്നാല്‍ ഈ ട്രെയിനില്‍ ഉള്ള മനുഷ്യരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ധനം അനുസരിച്ചായിരുന്നു.തന്‍റെ കച്ചവട കണ്ണില്‍ Wilford ആളുകളുടെ വില നിശ്ചയിക്കുന്നു.പതിനേഴ്‌ വര്ഷം കഴിഞ്ഞു പതിനെട്ടാം വര്‍ഷത്തിലേക്ക് യാത്ര തിരിക്കുന്ന ആ ട്രെയിനിന്‍റെ പിന്‍ഭാഗം ദരിദ്രരും ദുഷ്ക്കരമായ സൌകര്യങ്ങളോടെ ജീവിക്കുന്നവരും ആണ്.പിന്നീട് ഓരോ ഭാഗം മുന്നോട്ടു പോകുമ്പോള്‍ അവരവരുടെ വിലയ്ക്കനുസരിച്ചുള്ള സൌകര്യങ്ങള്‍ ലഭിക്കുന്നു.

   ഏറ്റവും മുന്നിലാണ് “പരിശുദ്ധം” എന്ന് പറയപ്പെടുന്ന ട്രെയിനിന്‍റെ എഞ്ചിന്‍.അവിടെയാണ് Wilford താമസിക്കുന്നത്.Wilford ന്‍റെ അനുചരന്മാര്‍ക്ക് അയാള്‍ പുന്യാത്മാവും ദൈവവും ആണ്.അയാള്‍ ക്രൂരമായ അയാളുടെ ആജ്ഞകള്‍ നിറവേറ്റുന്നു.അതിനിടെ കര്‍ട്ടിസ് എന്നയാളുടെ നേതൃത്വത്തില്‍ ട്രെയിനിന്‍റെ പിന്‍ഭാഗം മുതല്‍ ഒരു കലാപം ആരംഭിക്കുന്നു.ക്രൂരമായ പീഡനങ്ങളും മോശമായ ജീവിത സാഹചര്യങ്ങളും അവരെ കലാപകാരികള്‍ ആക്കി മാറ്റുന്നു.അവരുടെ കൂടെ നാംഗൂമ്ഗ് എന്ന വാതില്‍ തുറക്കല്‍ വിദഗ്ദ്ധനും അയാളുടെ മകള്‍ യോണയും കൂടുന്നു.ഓരോ വാതില്‍ തുറക്കുന്നതിനും പകരമായി അവര്‍ക്ക് ക്രോനാല്‍ എന്ന മയക്കുമരുന്ന് നല്‍കാന്‍ ആവശ്യപ്പെടുന്നു.അങ്ങനെ മുന്നോട്ട് ഓരോ വാതിലും തുറന്നു പോയ കര്ട്ടിസ്സിന്റെ നേതൃത്വത്തില്‍ പോയ കലാപക്കാരികള്‍ നേര്ടെണ്ടി വന്നത് വലിയ അപകടങ്ങള്‍ ആണ്.അടിമകളായി ജീവിക്കപ്പെടെണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരോട് സമ്പന്നര്‍ നടത്തുന്ന ക്രൂരതകള്‍ സിനിമയില്‍ ഉടനീളം അവതരിപ്പിക്കുന്നുണ്ട്.അവരുടെ യാത്ര അവസാനിക്കുന്നത് ധാരാളം രഹസ്യങ്ങളുടെ വാതില്‍ തുറന്നുകൊണ്ടാണ്.എന്താണ് ആ രഹസ്യങ്ങള്‍?കര്ട്ടിസിനും കൂട്ടര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുമോ?ഇതൊക്കെ ആണ് ബാക്കി ഉള്ള സിനിമ.

   കഴിഞ്ഞ വര്‍ഷത്തെ കൊറിയയിലെ പണം വാരി പദങ്ങളില്‍ ഒന്നാണ് Snowpiercer.കൊറിയന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന കാംഗ് -ഹോ-സോംഗ് ആണ് നാമൂമ്ഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ആയ ഹോസ്റ്റ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജൂണ്‍-ഹോ-ബോംഗ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.അധികം തരക്കേടില്ലാത്ത അനിമേഷന്‍ രംഗങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.പുറംലോകത്തു നിന്നും അകന്ന് അടയ്ക്കപ്പെട്ട ട്രെയിനിന്‍റെ ഉള്ളില്‍ കൃമി കീടങ്ങളെ പോലെ കഴിയുന്ന മനുഷ്യരുടെ ജീവിതം ചിലപ്പോള്‍ ഒക്കെ നൊമ്പരം ഉളവാക്കും.എങ്കിലും ഒരു ആക്ഷന്‍/sci-fi വിഭാഗത്തില്‍ പെടുന്ന ചിത്രം ആയതു കൊണ്ട് അതിന്‍റെ തീവ്രതയ്ക്ക് അധികം സാധ്യത നല്‍കുന്നില്ല.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ http://www.movieholicviews.blogspot.com

104.INSOMNIA (NORWEGIAN,1997)

104.INSOMNIA(NORWEGIAN,1997),|Mystery|Drama|Thriller|,Dir:- Erik Skjoldbjærg,*ing:-Stellan SkarsgårdMaria MathiesenSverre Anker Ousdal

   “ഇന്‍സോമനിയ” ശരിയായ അളവില്‍ ഉറക്കം കിട്ടാത്ത ആളുകളില്‍ കാണപ്പെടുന്ന മാനസികാവസ്ഥയെ ഇങ്ങനെ വിളിക്കാം.ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ക്ക്സിനിമ പലപ്പോഴും പ്രധാന തീമും ആയിട്ടുണ്ട്‌.Fight Club,Machinsit,Insomnia(2002) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.നോളന്റെ 2002 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം ഈ നോര്‍വീജിയന്‍ ചിത്രത്തെ ആസ്പദമാക്കി ആയിരുന്നു.”ഇന്‍സോമനിയ ” എന്ന ഈ ചിത്രം പറയുന്നത് നോര്‍വയില്‍ ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന ജോനാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണവും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും ആണ്.അതീവ ശ്രദ്ധയോടെ നടത്തിയ ഒരു കൊലപാതകം ആയിരുന്നു ടാന്യ എന്ന പെണ്ക്കുട്ടിയുടെത്.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ ആ കൊലപാതകത്തില്‍  പെണ്‍ക്കുട്ടിയുടെ മുടി പോലും കഴുകിയിരുന്നു തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ടി.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാത്ത ബുദ്ധിപൂര്‍വമായ കൊലപാതകം എന്ന് വിളിക്കാവുന്ന ഒന്നായിരുന്നു അത്.

    അന്വേഷണം ആരംഭിച്ചത് ടാന്യയുടെ കാമുകനായ എയ്ലേര്‍ട്ട്‌ എന്ന ചെറുപ്പക്കാരനില്‍ ആയിരുന്നു.ജോനാസിന്‍റെ സഹ പ്രവര്‍ത്തകനായ വിക് ആയിരുന്നു അന്വേഷണത്തില്‍ പങ്കാളി.കൊലപാതകിയെ കുടുക്കുവാനായി നടത്തിയ ശ്രമത്തില്‍ വിക് വെടിയേറ്റ് കൊല്ലപ്പെടുന്നു.പാതിരാത്രിക്കും സൂര്യന്‍ ഉദിക്കുന്ന ആര്‍ട്ടിക് പ്രദേശത്ത് താമസിച്ചിരുന്ന ജോനാസിനു ശരിയായ രീതിയില്‍ ഉറക്കം ലഭിക്കുന്നില്ല.അതയാളെ അസ്വസ്ഥനാക്കുന്നു.അതിനൊപ്പം വിക്കിന്‍റെ കൊലപാതകം അയാളെ കൂടുതല്‍ തളര്‍ത്തുന്നു.വിക്കിന്‍റെ കൊലപാതകം നടത്തിയത് ടാന്യയുടെ കൊലപാതകി തന്നെ ആണെന്നുള്ള നിഗമനത്തില്‍ ആ കേസ് അന്വേഷിക്കാനായി ഹില്‍ടെ എന്ന അന്വേഷണ ഉദ്യോഗസ്ഥ വരുന്നു.സമാന്തരമായ രണ്ടു കേസുകളുടെ അന്വേഷണവും  നടക്കുന്നതിന്റെ ഇടയില്‍ ടാന്യയുടെ കൊലയാളിയെ കുറിച്ച് പ്രധാനമായ വിവരങ്ങള്‍ ലഭിക്കുന്നു.ആ കൊലയാളിയെ പിന്തുടര്‍ന്ന് പോയ ജോനാസ് അയാളെ പിടിക്കുമ്പോള്‍ അയാള്‍ ഒരു രഹസ്യം ജോനാസിനോട് വെളിപ്പെടുത്തുന്നു.ജോനാസിനെ കുറിച്ചുള്ള ഒരു രഹസ്യം അയാള്‍ക്കറിയാം.താന്‍ പോലീസ് പിടിയില്‍ ആയാല്‍ അത് വെളിപ്പെടുത്തും എന്ന് അയാള്‍ ജോനാസിനെ അറിയിക്കുന്നു.തന്റെ നിലനില്‍പ്പും  ദൌത്യ നിര്‍വഹണവും തമ്മില്‍ ഉണ്ടാകുന്ന പൊരുത്തക്കേട് അയാളുടെ മാനസിക നില അപ്പാടെ മാറ്റുന്നു.ജോനാസ് ആ അവസ്ഥയെ എങ്ങനെ മറികടക്കും?ആരാണ് ടാന്യയുടെ കൊലപാതകി?ജോനാസിനു ആയ കൊലയാളിയെ കുരുക്കാന്‍ കഴിയുമോ?ഇതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   ഇംഗ്ലീഷില്‍ ഇറങ്ങിയ റീമേക്കുമായി ഇതിനെ താരതമ്യപ്പെടുതേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഈ ചിത്രത്തിന്.ഹോളിവുഡ് എന്ന ഭീമാകാരന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ആളുകളില്‍ ഈ സിനിമ എത്തിയിരുന്നു എന്നുള്ളത് സത്യമാണ്.എങ്കില്‍ പോലും ഉറക്കമില്ലാത്ത പാതിരാത്രിയില്‍ പോലും സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന നോര്‍വയുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം കൂടുതല്‍ വിശ്വസനീയം ആകുന്നുണ്ട്.പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സിനിമയുടെ മൊത്തത്തില്‍ ഒരു ഫീല്‍ പ്രേക്ഷകന് നല്‍കുന്നുമുണ്ട്.ഒരു പക്ഷെ എനിക്ക് നോളന്റെ സിനിമയേക്കാളും ഈ സിനിമ ഇപ്പോള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് പോലെ തോന്നുന്നു.അഭിപ്രായങ്ങള്‍ മാറിയേക്കാം.എന്നാലും അന്വേഷണ-ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്പ്പെടുന്നവര്‍ ഈ ചിത്രം കാണുവാന്‍ ശ്രമിക്കുക.ഒന്നുമ്മില്ലാതെ നോളന്‍ ഈ ചിത്രം റീമേക്ക് ചെയ്യുവാനായി എടുക്കില്ലല്ലോ.ഈ  ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്  7.5/10!!

More movie reviews @ http://www.movieholicviews.blogspot.com


103.THESIS ON A HOMICIDE (SPANISH,2013)

103.THESIS ON A HOMICIDE(SPANISH,2013),|Mystery|Crime|Thriller|,Dir:-Hernán Goldfrid,*ing:-Ricardo DarínNatalia SantiagoAlberto Ammann.

  നിയമ സംഹിതയുടെ  അടിത്തറ എന്ന് പറയുന്നത് നിയമങ്ങള്‍ ജനങ്ങളില്‍ തുല്യതയോടെ പ്രയോഗിക്കപ്പെടുമ്പോള്‍ ആണ്.നിയമം നല്‍കുന്ന പരിരക്ഷ പലതരത്തില്‍ ആകുമ്പോള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു.അത് കൊണ്ട് തന്നെ കഴിയുന്നതും കുറ്റമറ്റ നിയമവ്യവസ്ഥകള്‍ മെനഞ്ഞെടുക്കാന്‍ ആണ് വിദഗ്ദ്ധരായ നിയമജ്ഞര്‍ ശ്രമിക്കുന്നത്.അത്തരത്തില്‍ നിയമത്തെ കുറിച്ച് അഗാധമായ പഠനം നടത്തുന്ന ഒരു നിയമ അദ്ധ്യാപകന്‍ ആണ് മധ്യവയസ്ക്കനായ ആല്‍ബര്‍ട്ടോ.നിയമത്തിന്റെ അടിത്തറയെ കുറിച്ചുള്ള പുസ്തകങ്ങള്‍ അക്കാദമിക് നിലവാരത്തില്‍ ഉള്ളത് പ്രസിദ്ധീകരിച്ച അദ്ദേഹം തന്‍റെ തന്റെ മുഴുവന്‍ സമയവും പഠനത്തിനായാണ് ചിലവാക്കിയിരുന്നത്.ഒരിക്കല്‍ നിയമവ്യവസ്ഥയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് എതിരഭിപ്രായം ഒരു തീസിസ്ന്റെ രൂപത്തില്‍,എന്നാല്‍ പ്രായോഗിക തലത്തില്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിക്കപ്പെടുന്നു.

   “എല്‍ ഓറ” എന്ന സ്പാനിഷ് ക്രൈം ത്രില്ലര്‍ സിനിമയിലെ നായകന്‍ റിക്കാര്‍ഡോ ടാരിന്‍ അഭിനയിച്ച മറ്റൊരു വിദഗ്ദ്ധമായ ക്രൈം ത്രില്ലര്‍ ആണ് “തീസിസ് ഓണ്‍ എ ഹോമിസയഡ്”.”എല്‍ ഓറ” സംവേധിച്ചത് പൂര്‍ണതയുള്ള കുറ്റകൃത്യത്തെ കുറിച്ചായിരുന്നു.സമാനഗതിയില്‍ ആണ് ഈ ചിത്രവും സഞ്ചരിക്കുന്നത്.എന്നാല്‍ ഇവിടെ അക്കാദമിക് ആയ പല ചോദ്യങ്ങളും “എല്‍ ഓറ”യിലെ നായകനെക്കാളും അധികം ഇവിടെ നായകന്‍ നേരിടുന്നുണ്ട്.ഉന്നത പഠനത്തിന്റെ ഭാഗമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സെമിനാര്‍ എടുത്തിരുന്ന ആല്‍ബര്‍ട്ടോ പഠനത്തിന്‍റെ അവസാനം അവരോട് ഒരു കേസിനെക്കുറിച്ചുള്ള തീസിസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.ഒരു കുറ്റകൃത്യത്തിന്റെ പൂര്‍ണമായ പഠനം ആണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.ആല്‍ബര്‍ട്ടോ പഠിപ്പിക്കുന്ന ക്ലാസ്സില്‍ അയാളുടെ ഉറ്റ സുഹൃത്തിന്‍റെ മകന്‍ ഗോണ്‍സാലോ വിദ്യാര്‍ഥി ആയി വരുന്നു.അതിമിടുക്കനും നിയമവ്യവസ്ഥയെ കൂടുതല്‍ അടുത്തറിയുന്ന ആളുമാണ് ഗോണ്‍സാലോ.അല്‍പ്പ ദിവസത്തിന് ശേഷം ആ കോളജ് ക്യാമ്പസ്സില്‍ ഒരു പെണ്‍ക്കുട്ടി അതിദാരുണമായി കൊല്ലപ്പെടുന്നു.എന്നാല്‍ കുറ്റകൃത്യം നടത്തിയത് അതിവിധഗ്ദ്ധമായി ആയിരുന്നു.അതിനാല്‍ തന്നെ പ്രതികളെക്കുറിച്ച് ഒന്നും ലഭിച്ചില്ല.തന്‍റെ കണ്മുന്നില്‍ നടന്ന കൊലപാതകത്തെ കുറിച്ച് ആല്‍ബര്‍ട്ടോ അന്വേഷണം ആരംഭിക്കുന്നു.പ്രത്യേകിച്ചും പ്രത്യേകതകള്‍ ഉള്ള ഒരു കേസ് ആയി അദ്ദേഹത്തിന് അത് തോന്നുന്നു.എന്നാല്‍ ആ അന്വേഷണം തനിക്കും തന്റെ വിശ്വാസങ്ങള്‍ക്കും കഴിവുകള്‍ക്കും എതിരെ ഉള്ള ഒരു മത്സരം പോലെയായി പിന്നീട് മാറുന്നു.ആ കൊലപാതകം യഥാര്‍ത്ഥത്തില്‍ നടന്നത് എന്തിനാനെന്നുള്ള ആല്‍ബര്‍ട്ടോ കണ്ടുപ്പിടിക്കുമ്പോള്‍ കഥ കൂടുതല്‍ സങ്കീര്‍ണ്ണം ആകുന്നു.ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ പിന്നീട് കഥ മുന്നോട്ടു നീങ്ങുന്നു.ആ കൊലപാതകത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു?ആല്‍ബര്‍ട്ടോ എങ്ങനെ തന്റെ ലക്ഷ്യങ്ങളുടെ അടുത്തേക്ക് എത്തുന്നു?കൊലപാതകിയുമായുള്ള ആ മത്സരത്തില്‍ ആല്‍ബര്‍ട്ടോ ജയിക്കുമോ??ഇതാണ് ബാക്കി ഉള്ള കഥ.

   ഒരു മികച്ച ക്രൈം ത്രില്ലര്‍ എന്ന് തന്നെ അര്‍ജന്റീനയില്‍ നിന്നും വന്ന ഈ സ്പാനിഷ് ചിത്രത്തെ വിളിക്കാം.പെര്‍ഫെക്റ്റ് ക്രൈം എന്ന കണ്സപ്റ്റ് ഇവിടെയും ചര്‍ച്ചാവിഷയം ആകുന്നുണ്ട്..പുസ്തകത്തില്‍ എഴുതപ്പെട്ട നിയമവും പ്രായോഗികമായ നിയമവ്യവസ്ഥകളും തമ്മില്‍ നടക്കുന്ന ഉരസലുകള്‍ പ്രകടമാക്കുന്ന ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 4/5!!

 More reviews @ http://www.movieholicviews.blogspot.com!!

102.HIGHWAY(HINDI,2014)

102.HIGHWAY(HINDI,2014),Dir:-Imtiaz Ali,*ing:- Alia BhattRandeep Hooda

  ഹൈവേ ഒരു യാത്രയുടെ കഥയാണ്.ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലൂടെ ഉള്ള യാത്ര.സ്ത്രീ എവിടെയും സുരക്ഷിത അല്ല.കഴുകന്റെ കണ്ണുകളുമായി മാധുര്യമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചെന്നായകള്‍ അവള്‍ക്കു ചുറ്റും എന്നുമുണ്ട്.അത് വീടിനുള്ളിലായാലും പുറത്തായാലും.സമ്പന്നതയോ ദാരിദ്ര്യമോ ഒന്നും അതിന് പിന്ബലമേകുന്നില്ല.അത് കൊണ്ട് തന്നെ കാമത്തിന്‍റെ കണ്ണുകളോടെ തന്നെ നോക്കാത്ത ഏതൊരു മനുഷ്യനോടും അവള്‍ക്കു ഒരിഷ്ടം തോന്നി പോവുക സ്വാഭാവികം.അവള്‍ക്കു അതൊരു അഭയസ്ഥാനം ആണ്.സ്വന്തം ആകുലതകളില്‍ നിന്നും സ്വയം രക്ഷയിലേക്കുള്ള ഒരു അഭയസ്ഥാനം.സമ്പന്നതയുടെ കൊടുമുടിയില്‍ ആയാല്‍ പോലും അവള്‍ അത്തരം അവസ്ഥകളില്‍ കുടിലിനെ ആശ്രയിക്കുന്നു.ഇത്തരം പ്രമേയവുമായി ധാരാളം സിനിമകള്‍ വന്നിട്ടുമുണ്ട്.സമ്പന്നയായ നായികയ്ക്ക് അവള്‍ക്കു വീരപുരുഷനായി തോന്നുന്ന നായകനോടുള്ള പ്രണയം.എന്നാല്‍ ഇവിടെ പ്രണയം ഉണ്ടെങ്കിലും അതൊരിക്കലും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നില്ല.അതാണ്‌ ഈ റോഡ്‌ മൂവിയുടെ  പ്രത്യേകതയും.

തന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി വീര ത്രിപാഠി എന്ന പെണ്‍ക്കുട്ടിയെ അപഹരിക്കുന്നു മഹാബീര്‍ ഭട്ടി എന്ന ഗുണ്ടയുടെ ആളുകള്‍.സമൂഹത്തില്‍ വളരയധികം ഉന്നത ബന്ധങ്ങള്‍ ഉള്ള ത്രിപാഠിയുടെ മകളെ തട്ടി കൊണ്ട് വന്നതില്‍ സ്വന്തം സംഘാംഗങ്ങള്‍ വരെ മഹാബീര്‍ ഭട്ടിയ്ക്ക് എതിരാകുന്നു.എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന മഹാബീര്‍ വീരയെയും കൊണ്ട് തന്റെ ലക്‌ഷ്യം നേടാന്‍ യാത്ര തിരിക്കുന്നു.ഇവിടെ ഇരയും വേട്ടക്കാരനും തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു.സ്റ്റോക്ഹോം സിന്ദ്രോം എന്ന പേരില്‍ അറിയപ്പെടുന്ന മാനസികാവസ്ഥയാണ് പിന്നെ ഈ സിനിമയെ നയിക്കുന്നത്.ഉറ്റവരുടെ അടുക്കല്‍ നിന്നും ലഭിക്കുന്ന സംരക്ഷണം തനിക്ക്പോര എന്നുള്ള തോന്നലില്‍ വേട്ടക്കരനോട് തോന്നുന്ന ഒരുതരം മാനസികാവസ്ഥ..ഒരു ഹൈവേയിലൂടെ തന്റെ യാത്ര ആരംഭിക്കുന്ന വീര എന്ന പെണ്‍ക്കുട്ടിയും മഹാബീര്‍ എന്ന ഗുണ്ടയും തമ്മില്‍ ഉള്ള ബന്ധത്തിനെ പ്രണയത്തിന്‍റെ നിറം മാത്രം നല്‍കി നിര്‍വചിക്കാന്‍ കഴിയില്ല.കാരണം ആ ബന്ധം അതിലും അപ്പുറം ആണ്.അവരുടെ ബന്ധത്തെ തീവ്രമാക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റൊരു ദിശയിലേക്കു മാറുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആ യാത്രയുടെ അന്ത്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ബാക്കി ചിത്രം.

  ഇംതിയാസ് അലി ” റോക്ക്സ്റ്റാര്‍” എന്ന പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയില്‍ നിരാശപ്പെടുത്തിയെങ്കിലും ,അഭിനയിക്കാന്‍ അറിയാവുന്ന ഒരു നടിയെ ആലിയ ഭാട്ടിലൂടെ ലഭിച്ചത് മൂലം മികച്ചൊരു ചിത്രം നല്‍കാന്‍ സാധിച്ചു.രണ്ദീപ് ഹൂട എന്ന മുഖത്ത് വികാരങ്ങള്‍ വരാത്ത മോഡല്‍ നടന് ഈ ചിത്രത്തിലൂടെ തന്റെ ഉള്ളിലും ഒരു നല്ല നടന്‍ ഉണ്ടെന്ന് കാണിച്ചു തരാന്‍ കഴിഞ്ഞു.സംഗീത സാമ്രാട്ടായ റഹ്മാന്‍ജിയുടെ വ്യത്യസ്തമായ സംഗീതം ഈ റോഡ്‌ മൂവിയ്ക്ക് മികച്ച അടിത്തറ നല്‍കി.കഥാഗതി ആവശ്യപ്പെടുന്ന ഇഴച്ചിലുകള്‍ പലയിടത്തും സിനിമയ്ക്കുണ്ടായിരുന്നു.എങ്കിലും സ്ഥിരം മസാല ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും എല്ലാം വ്യത്യസ്തമായി വന്ന ഒരു രത്നം ആണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.ഇത്തരം ചിത്രങ്ങള്‍  കോടികളുടെ  ക്ലബ്ബില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കാന്‍ ഉള്ള സാധ്യത കുറവാണ്.എങ്കിലും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തൃപ്തിപ്പെടുത്തും ഈ ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!

  More reviews @ http://www.movieholicviews.blogspot.com

101.MIRACLE IN CELL NO.7(KOREAN,2013)

101.MIRACLE IN CELL NO.7(KOREAN,2013),|Comedy|Drama|,Dir:-Hwan-kyung Lee,*ing:-Ryu Seung-RyongKal So-WonDal-su Oh

  കൊറിയന്‍ സിനിമകളുടെ പൊതുവായുള്ള സാമ്യം എന്ന് പറയാവുന്നത് വൈകാരികമായ രീതിയില്‍ കഥാപാത്രങ്ങളോട് കാണിക്കുന്ന അനുകമ്പയാണ്.അത് കഥയിലെ നായകനും വില്ലനും എല്ലാം ഒരേ പോലെ ലഭിക്കുന്നുണ്ട് പലപ്പോഴും.കഥാപാത്ര രൂപീകരണത്തില്‍ അത്തരമൊരു സാധ്യത അവര്‍ മിയ്ക്കവാറും എല്ലാ ചിത്രങ്ങളിലും കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു ജോണരില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കും.ഒരു ഡ്രാമ-കോമഡി ജോണരില്‍ ഉള്‍പ്പെടുത്താവുന്ന “മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍.7 എന്ന ചിത്രത്തിലും ഇത്തരം ഒരു രീതി പിന്തുടര്‍ന്നതായി കാണാം.ഈ ചിത്രം മാനസികമായ വളര്‍ച്ചയില്‍ പിന്നോട്ട് നില്‍ക്കുന്ന ഒരു അച്ഛനും ,അമ്മയില്ലാത്ത മകളും തമ്മിലുള്ള ബന്ധം ആണ് അവതരിപ്പിക്കുന്നത്‌.ഈ സിനിമയുടെ തീമില്‍ തന്നെ വൈകാരികമായ ഘടകങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ ഉള്ള സാധ്യതയുണ്ട്.അത് ഉചിതമായ രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

      ആറു വയസ്സിന്റെ ബുദ്ധിവളര്‍ച്ച ഉള്ള ലീ യംഗ് ഗൂ തന്‍റെ ആറു വയസ്സ് പ്രായമുള്ള മകള്‍ യെ-സുംഗുമായി സന്തോഷത്തോടെ ജീവിച്ചു വരുകയായിരുന്നു.ബുധിവലര്ച്ചയില്‍ പിന്നോട്ട് ആയിരുന്നെങ്കിലും കാര്യങ്ങള്‍ തന്റേതായ രീതിയില്‍ മനസ്സിലാക്കുവാന്‍ ഉള്ള കഴിവ് ലീ യോംഗിനു ഉണ്ടായിരുന്നു.ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ പാര്‍ക്കിംഗ് ജീവനക്കാരനായിരുന്നു അയാള്‍.മകളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ആഗ്രഹമുള്ള ലീ യോംഗ് അവള്‍ ആവശ്യപ്പെട്ടത് പോലെ “സെയിലര്‍ മൂണ്‍” ബാഗ് വാങ്ങിക്കുവാനായി ശ്രമിക്കുന്നു.എന്നാല്‍ തന്റെ ശമ്പള ദിവസം ആകുമ്പോള്‍ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.എല്ലാ ദിവസവും അവര്‍ ആ ബാഗ് വില്‍ക്കുന്ന കടയില്‍ പോയി അതിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യും.എന്നാല്‍ ഒരു ദിവസം ആ ബാഗ് പോലീസ് ചീഫിന്റെ മകള്‍ക്കായി ആ ബാഗ് വില്‍ക്കപ്പെടുന്നു.തങ്ങളുടെ ഇഷ്ട കഥാപാത്രത്തിന്റെ പേരില്‍ ഉള്ള ആ ബാഗ് നഷ്ടമായപ്പോള്‍ അവര്‍ അത് വാങ്ങിക്കരുത് എന്ന് പോലീസ് ചീഫിനോട് അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ അയാള്‍ അവരെ വക വച്ചില്ല.മാത്രമല്ല ലീ യോംഗിനെ തല്ലുകയും ചെയ്യുന്നു.അടുത്ത ദിവസം പോലീസ് ചീഫിന്റെ മകള്‍ വഴിയില്‍ മരിച്ചു കിടക്കുന്നതായി കാണുന്നു.തൊട്ടടുത്തായി ലീ യോംഗും.ദൃക്സാക്ഷി മൊഴിയില്‍ നിന്നും അയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  ബുദ്ധിവളര്‍ച്ച ഇല്ലാത്ത ലീ യോംഗിന്റെ കുറ്റ സമ്മതം ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു.അങ്ങനെ ജയിലില്‍ അടയ്ക്കപ്പെട്ട ലീ യോംഗിനെ ആദ്യം അവിടെയുള്ളവര്‍ എല്ലാം ഒരു കൊച്ചു കുട്ടിയുടെ കൊലപാതകി ആണെന്നും പറഞ്ഞ് ദ്രോഹിക്കുന്നു.എന്നാല്‍ ലീ യോംഗ് അവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ലീ യോംഗിനെ അടുത്തറിഞ്ഞ അവര്‍ അയാളുടെ എല്ലാമെല്ലാം ആയ മകളെ അയാളെ കാണിക്കുവാന്‍ വേണ്ടി ഉള്ള ശ്രമം തുടങ്ങി.ലീ യോംഗിനു മകളെ കാണുവാന്‍ സാധിച്ചോ?ലീ യോംഗ് ആണോ യഥാര്‍ത്ഥ കുറ്റവാളി?അല്ലെങ്കില്‍ ലീ-യോമ്ഗിനു നീതി ലഭിക്കുമോ?ഇതിനെല്ലാം ഉള്ള ഉത്തരം ഒരു വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുകയാണ് ഈ ചിത്രം.യെ-സുംഗിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയുടെ ഓമനത്വം നിറയുന്ന മുഖവും അഭിനയവും മികച്ചതായിരുന്നു.അത് പോലെ തന്നെ ചില കഥാപാത്രങ്ങള്‍ ഒക്കെ ചിരിപ്പിക്കുകയും അല്‍പ്പം നൊമ്പരം ഉണര്‍ത്തുകയും ചെയ്തു.സാധാരണമായ ഒരു കഥയെ ഒരു കൊച്ചു പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.കഥ സഞ്ചരിക്കുന്നത് അവളുടെ വാക്കുകളില്‍ ആണ്.സത്യം തേടിയുള്ള യാത്രയും അങ്ങനെ തന്നെ.

  വളരെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ഇത്.ഒരു നല്ല ഫീല്‍ ഗുഡ് മൂവി എന്ന് വിളിക്കാം ഈ ചിത്രത്തെ.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

  More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started