100.THE FOUNTAIN(ENGLISH,2006)

100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh JackmanRachel Weisz
  
 പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് “ദി ഫൗണ്ടന്‍”.അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് “Pi” ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരു രഹസ്യത്തിലേക്ക്.മായന്മാരുടെ മിത്തുകളിലെ ശിബാബ എന്ന നക്ഷത്രക്കൂട്ടം ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ടോമാസ്‌ എന്ന സ്പാനിഷ് പോരാളിയും , മരണം ഒരു രോഗമായി കാണണം എന്നും അതിനു മരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്രിയോ എന്ന ഡോക്റ്ററും ഭാവിയില്‍ മരണത്തെ അതിജീവിച്ച ക്രിയോ തന്‍റെ പ്രിയതമയെ തേടുന്ന ലോകവും എല്ലാം അവസാനിക്കുന്നത് ആ രഹസ്യത്തിലാണ്. 

    ഡോക്റ്റര്‍ ക്രിയോയുടെ ഭാര്യ ഇസ്സി തലച്ചോറിലെ ട്യൂമര്‍ മൂലം മരണത്തെ കാത്തിരിക്കുകയാണ്.അതിനെതിരായി ഒരു വൃക്ഷത്തില്‍ നിന്നുമെടുക്കുന്ന മരുന്ന് അവളെ സുഖപ്പെടുത്തും എന്നുള്ള വിശ്വാസത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു ക്രിയോ.അതേ സമയം ഇസ്സി ഒരു കഥയുടെ പണിപ്പുരയിലാണ്.സ്പാനിഷ് യോദ്ധാവായ ടോമാസ് മനുഷ്യനെ അജയനാക്കുന്ന മായന്‍ രഹസ്യത്തെ തേടി പോകുന്ന കഥ.എന്നാല്‍ അതിന്‍റെ അവസാന ഭാഗം എഴുതി ചേര്‍ക്കാന്‍ ഉള്ള നിയോഗം ക്രിയോയ്ക്കാണ് എന്ന് ഇസ്സി വിശ്വസിക്കുന്നു.പിന്നീടുള്ളത് ഭാവിയില്‍ മരണത്തെ അതിജീവിച്ച് തന്‍റെ പ്രിയതമയുമായി ഒന്നിക്കാന്‍ വെമ്പുന്ന കുമിള മനുഷ്യനും അവസാനം ആ രഹസ്യം കണ്ടെത്തുന്നു.നേരത്തെ പറഞ്ഞത് പോലെ ജീവന്‍റെ രഹസ്യം എന്ന് പറയാവുന്ന ആ പ്രാചീന സത്യത്തിന്റെ പൊരുള്‍ എന്താണ് എന്നുള്ളതാണ് ബാക്കി ചിത്രം പറയുന്നത്.

 പെരുന്തച്ചന്‍റെ കുളം പോലെ ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്ന് തോന്നുകയും,മറുഭാഗത്ത്‌ നിന്നും നോക്കിയാല്‍ ഒരു ഫാന്റസി ആണെന്ന് തോന്നുന്ന ചിത്രത്തിന് യാഥാര്‍ത്ഥ്യം പറയുന്ന മുഖവും ഉണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഇതിന്‍റെ പശ്ചാതല സംഗീതമാണ്.ക്ലിന്റ് മാന്‍സേല്‍ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു കാല്‍പ്പനിക അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.പിന്നെ ഇതിന്‍റെ പല രംഗങ്ങളും കണ്ടപ്പോള്‍ ഇത് 3 D ചിത്രമായി ഇന്നെങ്ങാനും റിലീസ് ആയെങ്കില്‍ ഉള്ള സൌന്ദര്യം ഓര്‍ത്തു പോയി.അത്രയ്ക്കും മനോഹരമായാണ് ഇതിലെ ഭൂത-ഭാവി കാലങ്ങള്‍ അവതരിപ്പിക്കുന്നത്‌.ഹ്യൂജ്ക ജാക്ക്മാന്‍ നന്നായി മൂന്ന്‍ കാലത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു കഥയെക്കാളുപരി രംഗങ്ങള്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് അനുസൃതമായി സങ്കല്‍പ്പിക്കാന്‍ ഉള്ള അവസരം ആരോന്ഫസ്കി നല്‍കിയിട്ടുണ്ട്.ഒരു പ്രത്യേക ക്രമത്തില്‍ അല്ലാതെ രൂപപ്പെടുത്തിയ സീനുകള്‍ പോലും അത്തരമൊരു ചിന്തയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട്.വളരെ മനോഹരമായ ഒരു കോണ്‍സെപ്റ്റ് ഈ സിനിമയ്ക്കുണ്ട്.എന്നാല്‍ അത് എല്ലാവരെയും എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന് പറയുക അസാധ്യമാണ്.2046 പോലെ ഉള്ള ചിത്രങ്ങള്‍ ഇഷ്ടമായവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ കണ്ടു നോക്കാവുന്നതാണ്.ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7.5/10!!

More reviews @ http://www.movieholicviews.blogspot.com

99.PAPILIO BUDDHA(MALAYALAM,2013)

PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan.

പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരു സമൂഹത്തില്‍ തൊട്ടുകൂടായ്മ സാമൂഹികമായും രാഷ്ട്രീയമായും പതിപ്പിച്ചു കൊടുത്തവരുടെ ജീവിതം ആണിവിടെ പ്രതിപാദ്യം.

 “പപ്പിലിയോ ബുദ്ധ” എന്ന ചിത്രശലഭങ്ങളെ കുറിച്ച്  പഠനം നടത്താന്‍ വരുന്ന അമേരിക്കക്കാരനായ ജാക്കിന്‍റെ സഹായി ആണ് ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ശങ്കരന്‍.ബ്രാഹ്മണ നാമാധാരിയായ തൊട്ടുകൂടാത്തവന്‍.ശങ്കരനും ജാക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ ആണ്..ശങ്കരന്‍റെ അച്ഛനായ കരിയേട്ടന്‍(കല്ലേന്‍ പൊക്കുടന്‍) ആണ് ആദിവാസികളുടെ സമരമുഖത്തെ നേതാവ്.സ്വന്തമായി ഭൂമിക്കായി അവര്‍ വനം കയ്യേറി സമരം ചെയ്യുന്നു.പഴയ കമ്മ്യൂണിസ്റ്റ് ആയ കരിയേട്ടന്‍ ദൈവത്തോടൊപ്പം ആരാധിച്ചിരുന്ന ഈ.എം.എസ് പിന്നീട് ഭൂമിയുടെ കാര്യം വന്നപ്പോള്‍ നമ്പൂതിരിയും മറ്റെയാളുകളും എന്ന നിലപാടെടുത്തപ്പോള്‍ പാര്‍ട്ടിയോട് വിട പറഞ്ഞു.എങ്കിലും ഒരിക്കല്‍ ചുവരില്‍ കയറിയ “ദൈവത്തെ” താഴെ ഇറക്കാന്‍ കരിയേട്ടന്‍ തുനിയുന്നില്ല.ദളിത്‌ യുവതിയായ മഞ്ചുശ്രീ ഒരു ഓട്ടോ ഡ്രൈവര്‍ ആണ്.ഓട്ടോ ഓടിച്ചു കിട്ടുന്ന കാശില്‍ അവിടത്തെ കുട്ടികളെ അവള്‍ പഠിപ്പിക്കുന്നു.കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് ഇവരൊക്കെ ആണ്.പിന്നെ ഉള്ളതെല്ലാം പ്രതീകങ്ങള്‍ ആണ്.

സീം എന്ന എന്‍.ജി.ഓ സ്വഭാവമുള്ള ഗ്രൂപ്പ് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ആദിവാസികള്‍ക്കായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഭോഗിച്ചും കുടിച്ചും  പ്രവര്‍ത്തിക്കുന്ന അവരിലും ജാതീയവും മതപരവുമായ മോശം പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരോടൊപ്പം ഉള്ള ജീവിതത്തെ സ്നേഹിക്കുന്ന ജെ.എന്‍.യൂ ക്കാരനായ ശങ്കരന്‍ അവരില്‍ നിന്നും അകലുന്നു.ദളിത്‌ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ഭയാനകമായ രീതിയില്‍ പോലീസ് പീഡിപ്പിക്കുന്ന ശങ്കരനും കാമാതുരമായ  കണ്ണുകളോടെ തന്നെ സമീപിച്ച സഹ ഓട്ടോ ഡ്രൈവറെ  ആക്രമിച്ചതിന്റെ പ്രതികാരമായി പീഡിപ്പിക്കപ്പെട്ട മഞ്ചുശ്രീ എന്നിവര്‍ അവകാശങ്ങള്‍ ഇല്ലാത്ത സമൂഹത്തെ പ്രതിനിധികരിക്കുന്നു.ദളിതരായ ശങ്കരനെയും മഞ്ചുശ്രീയേയും ആര്‍ക്കും വേണ്ട.മാധ്യമ നയനങ്ങള്‍ക്ക് അവര്‍ അന്യരാണ്.സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കുകളില്‍ പെട്ട് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമയില്‍ നഗ്നതയും പിന്നെ ചില ദേശിയ പ്രതീകങ്ങളോടുള്ള പ്രത്യക്ഷമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്.ഈ ചിത്രത്തില്‍ ഗാന്ധിജിയെക്കാളും അംബേദ്‌കര്‍ ,അയ്യങ്കാളി ,ബുദ്ധന്‍ എന്നിവര്‍ക്കാണ് പ്രാമൂഖ്യം നല്‍കിയിരിക്കുന്നത്.ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവസാന രംഗങ്ങളില്‍ കത്തിക്കുകയും ചവിട്ടി തെറിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രതീകങ്ങളും ഈ നിരോധനത്തിന് ആക്കം കൂട്ടി എന്ന് വേണം കരുതാന്‍.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന മഞ്ചുശ്രീയെ ആക്രമിക്കുന്നവരില്‍ എല്ലാ തരക്കാരും ഉണ്ടെന്ന് ഓട്ടോകളില്‍ ഉള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

 നിലവിലുള്ള സാമൂഹിക കാഴ്ചപ്പാടിനെയും രാഷ്ട്രീയത്തെയും മോശമാക്കി ചിത്രീകരിക്കുന്ന ഒരു രീതിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.എന്നാല്‍ ഒരു സിനിമയെ സിനിമയായി കാണാന്‍ സാധിച്ചാല്‍ ഫിക്ഷന്റെ കണിക അധികമില്ലാത്ത ഈ ചിത്രത്തെ ധീരമായ ഒരു ചുവടുവയ്പ്പ് ആണെന്ന് പറയേണ്ടി വരും.അവകാശങ്ങളില്ലാത്ത ദളിത്‌ ജനത,പിന്നെ സ്ത്രീ സുരക്ഷ മതപരവും ജാതിപരവുമായ തൊട്ടു കൂടായ്മ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രം.അതിനായി ഉപയോഗിച്ച രംഗങ്ങള്‍ ഭീകരമായിരുന്നു.ഞാന്‍ കണ്ടത്തില്‍ വച്ച് റിയാലിറ്റിയോട് അടുത്ത് നില്‍ക്കുന്ന ക്രൂരമായ രംഗങ്ങള്‍ ഈ ചിത്രത്തിലാണ്.എം.ജെ രാധാകൃഷ്ണന്റെ ക്യാമറ ചലിച്ചപ്പോള്‍ കണ്ടത് കാനന സൌന്ദര്യവും കാനന ക്രൌര്യതയും ആണ്.അഭിനയത്തേക്കാള്‍ ഉപരി ജീവിക്കുകയായിരുന്നു ഇതിലെ നടീ നടന്മാര്‍ എന്ന് വേണം പറയാന്‍.അല്‍പ്പം മാറി ചിന്തിക്കുന്ന ചിത്രം കാണണം എന്നഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന സിനിമയാണിത്.സിനിമയുടെ തുടക്കത്തില്‍ ഉള്ള ഇരുട്ട് ഒരു പ്രതീകമായിരുന്നു എന്ന് മനസ്സിലാകും സിനിമ അവസാനിക്കുമ്പോള്‍..പരാജിതരായ ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ഇരുട്ട്..

More reviews @ http://www.movieholicviews.blogspot.com

98.THE TRAFFICKERS(KOREAN,2012)

98.THE TRAFFICKERS(KOREAN,2012),|Crime|Thriller|,Dir:-Hong-seon Kim,*ing:-Chang Jung LimDaniel ChoiDal-su Oh

“ദി ട്രാഫിക്കര്‍സ്”,പേര് സൂചിപ്പിക്കുന്നത് പോലെ സ്വാര്‍ത്ഥ ലാഭത്തിനായി മനുഷ്യനെ ഉപയോഗിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്.എന്നാല്‍ ഇവിടെ ശരീരങ്ങളെ വികാര ശമനത്തിനായി ഉപയോഗിക്കുന്ന വില്ലന്മാരൊക്കെ ഉള്ള  സാധാരണ തട്ടികൊണ്ട് പോകല്‍ ചിത്രമല്ല.പകരം ഇതില്‍ ശരീര അവയവങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ റാക്കറ്റിന്റെ കഥയാണ് പറയുന്നത്.ചിത്രം ആരംഭിക്കുമ്പോള്‍ കയ്യില്‍ ഒരു കത്തിയുമായി ദേഹം മുഴുവന്‍ രക്തം ഒലിപ്പിച്ചു കൊണ്ട് ഒരാള്‍ ഒരു കപ്പലില്‍ നില്‍ക്കുന്നത് കാണിക്കുന്നു.അയാളെ പിടിക്കാനായി പോയ ആളെയും കൊല്ലപ്പെടുത്തി അയാള്‍ കടലിലേക്ക്‌ ചാടുന്നു.പിന്നെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഉള്ള മൂന്ന്‍ ആളുകളെ കാണിക്കുന്നു.മൂന്നു പേര്‍ക്കും ഒരേ ലക്ഷ്യമാണ്‌.ചൈനയിലേക്ക് പോകുന്ന ആ കപ്പലില്‍ കയറുക എന്നത് ആയിരുന്നു അവരുടെ ലക്‌ഷ്യം.ഒരാള്‍ കാലിന് സ്വാധീനമില്ലാത്ത ഭാര്യയുമായി ,സാംഗ്-ഹോ.അവര്‍ ചൈനയിലേക്കുള്ള വിനോദ സഞ്ചാരികള്‍ ആണ്.രണ്ടാമത്തേത് യൂ-റി.തന്‍റെ അച്ഛന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി ചൈനയില്‍ പോകുന്നു.മൂന്നാമതായി യംഗ്-യൂ തന്‍റെ കൂട്ടുകാരോടൊപ്പം ഒരു കലാശക്കൊട്ടിനെന്നപ്പോലെ ഒരു കുറ്റകൃത്യം നടത്താനായി പോകുന്നു.

     ആ കപ്പലില്‍ അന്ന് രാത്രി സാംഗ്-ഹോയ്ക്ക് തന്‍റെ ഭാര്യയെ നഷ്ടപ്പെടുന്നു.വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന അവരുടെ തിരോധാനം നിഗൂഡത ആയിരുന്നു.സാംഗ് ഹോയുടെ ഭാര്യയെ കാണാതാകുന്നതിനു മുന്‍പ് അവര്‍ യൂ-റി യോട് സംസാരിച്ചിരുന്നു.അങ്ങനെ യൂ-റിയും സാംഗ്-ഹോയുടെ കൂടെ അവരെ അന്വേഷിക്കുന്നു.എന്നാല്‍ അവരുടെ അന്വേഷണം സഫലമായില്ല.കപ്പലിലെ ജോലിക്കാരുടെ നിസ്സഹകരണം മൂലം സാംഗ്-ഹോയ്ക്ക് തന്‍റെ ഭാര്യയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.അന്ന് രാത്രി സാംഗ്-ഹോയെ ആരോ തലയ്ക്കടിച്ചു വീഴ്ത്തുകയും ചെയ്യുന്നു.അതേ സമയം യംഗ്-യൂവും കൂട്ടരും അവരുടെ ലക്‌ഷ്യം സാധിക്കാന്‍ ഉള്ള തത്രപ്പാടില്‍ ആയിരുന്നു.അന്താരാഷ്‌ട്ര കടല്‍ നിയമങ്ങള്‍ ബാധകം ആകുന്ന സ്ഥലത്ത് അവരുടെ പ്രവര്‍ത്തികള്‍ നിയമവിരുദ്ധം അല്ലായിരുന്നു.അങ്ങനെ അവസാനം ആ കപ്പല്‍ ചൈനയില്‍ എത്തുന്നു.യംഗ്-യൂവും കൂട്ടരും തങ്ങളുടെ ജോലി തീര്‍ത്തു ചൈനയില്‍ ഇറങ്ങുന്നു.ചികിത്സയ്ക്കായി പോകുന്ന യൂ-റിയും കപ്പലില്‍ നിന്നും ഇറങ്ങി.എന്നാല്‍ സാംഗ്-ഹോ ഭാര്യയെ അന്വേഷിച്ച് അലയുന്നു.അവസാനം സാംഗ്-ഹോയുടെ ഫോണില്‍ ഒരു കോള്‍ വരുന്നു.അങ്ങേതലയ്ക്കല്‍ സാംഗ്-ഹോയുടെ ഭാര്യ ആയിരുന്നു.അവര്‍ക്ക് എന്ത് സംഭവിച്ചു?യൂ-റിയുടെ അച്ഛനെ രക്ഷ്സിക്കാന്‍ സാധിക്കുമോ?യംഗ്-യൂവും കൂട്ടരും തങ്ങളുടെ ലക്ഷ്യത്തില്‍ വിജയിച്ചോ?ഇങ്ങനെ പരസ്പ്പര്‍ബന്ധം ഇല്ലാത്ത മൂന്ന്‍ ആളുകളുടെ ജീവിത കഥ പരസ്പരം കൂട്ടി യോജിച്ചു വരുന്നു ഒരു സ്ഥലത്ത്.അതാണ്‌ ബാക്കി ചിത്രം.

  സ്ഥിരം കൊറിയന്‍ സിനിമകളുടെ ഫോര്‍മുലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പതിവ് പോലെ ധാരാളം സസ്പന്സുകള്‍ നമുക്കായി മാറ്റി വച്ചിട്ടുണ്ട്.കഥയുടെ ഒരവസരത്തില്‍ നമ്മള്‍ അത് വരെ കണ്ടതാണോ സത്യം അതോ ഇപ്പോള്‍ കാണുന്നതാണോ സത്യം എന്ന് ഒരു ചിന്താകുഴപ്പം ഉണ്ടാവുകയും ചെയ്യും.സാധാരണ രീതിയില്‍ തുടങ്ങുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ അത്ഭുതപ്പെടുത്തും..കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടും ഈ സിനിമ.ഒരു ദിവസത്തെ ഈ മൂന്നു കൂട്ടരുടെ കഥ പറഞ്ഞ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ http://www.movieholicviews.blogspot.com

97.PANNAIYARUM PADMINIYUM(TAMIL,2014)

97.PANNAIYARUM PADMINIYUM(TAMIL,2014),Dir:-Arun Kumar,*ing:-Vijay Sethupathi,Jayaprakash,Dinesh,Sneha

 “പണ്ണയാറും പദ്മിനിയും” തൊണ്ണൂറുകളില്‍ ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്‍റെ കഥയാണ് അവതരിപിക്കുന്നത്.അപ്രതീക്ഷിതമായി ആ നാട്ടില്‍ വന്ന ഒരു പ്രീമിയര്‍ പദ്മിനി കാറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്..സാധാരണ മനുഷ്യരുടെ ചെറിയ ആഗ്രഹങ്ങളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.അതിനാല്‍ തന്നെ ഒരു നന്മയുള്ള ചിത്രം ആണിത് ആ നാട്ടിലെ ഏറ്റവും സമ്പന്നന്‍ ആണ് ജയപ്രകാശ് അവതരിപ്പിക്കുന്ന പണ്ണയാര്‍ എന്ന കഥാപാത്രം.ആ നാട്ടില്‍ ആദ്യമായി റേഡിയോ,ടി വി എല്ലാം അവതരിപ്പിച്ചത് അദ്ദേഹം ആണ്.നാട്ടിലെ ആദ്യ കക്കൂസ് പോലും അയാല്‍ ആണ് അവതരിപ്പിച്ചത്.അങ്ങനെയിരിക്കെ അയാളുടെ സുഹൃത്തായ ഷണ്മുഖന്‍ തന്‍റെ പദ്മിനി കാര്‍ മകളുടെ വീട്ടില്‍ പോകുന്ന സമയം അയാളെ ഏല്‍പ്പിച്ചു.ആദ്യമായി ആ കാര്‍ കണ്ടപ്പോള്‍ തന്നെ ആഗ്രഹം തോന്നിയിരുന്നു പണ്ണയാര്‍ക്ക് .അതോടെ പണ്ണയാരുടെയും ആ നാട്ടുകാരുടെയും ജീവിതം ആകെ മൊത്തം മാറി.നാട്ടില്‍ ആ കാര്‍ ഓടിക്കാന്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് അവിടെ ട്രക്ക് ഓടിച്ചിരുന്ന മുരുഗേശന്‍ ആ കാറിന്റെ ആസ്ഥാന ഡ്രൈവറായി.തന്‍റെ ട്രക്കില്‍ കുട്ടികളുടെ സൈക്കിളിനോട് പോലും റേസിംഗ് നടത്തി തോല്‍ക്കുന്ന മുരുകേശന് ആ കാര്‍ വളരെയധികം ഇഷ്ടപ്പെടുന്നു.അവിടെ ഉള്ളവര്‍ക്കെല്ലാം ഒരു ആത്മബന്ധം ആ കാറിനോട് ഉണ്ടായി.കല്യാണം,മരണം എന്ന് വേണ്ട പ്രസവം വരെ ആ കാറില്‍ നടന്നു.നാട്ടുകാരുടെ ഏതു ആവശ്യത്തിനും ആ കാര്‍ ഓടിത്തുടങ്ങി.

അങ്ങനെയിരിക്കെ പണ്ണയാറുടെ ഭാര്യയ്ക്ക് ഒരു ആഗ്രഹം.തങ്ങളുടെ വിവാഹവാര്‍ഷികത്തിന്റെ അന്ന് അമ്പലത്തില്‍ പോകുന്നത് പണ്ണയാര്‍ ആ കാര്‍ ഓടിച്ചു വേണം എന്ന്.അതിനായി മുരുഗേശന്‍ പണ്ണയാരെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചും തുടങ്ങി.മറ്റു ചിലര്‍ക്കും ഈ കാറിനെ ചുറ്റിപറ്റി സ്വപ്‌നങ്ങള്‍ ഉണ്ട്.കാറിന്റെ മുന്നില്‍ ഇരിക്കാന്‍ കാശ് ചോദിച്ച ബീടായ്ക്ക് കൊടുക്കാന്‍ വേണ്ടി കാശ് സ്വരൂപിക്കുന്ന കുട്ടി,കാര്‍ സ്വന്തം ആണെന്ന് കരുതുന്ന മുരുഗേശന്‍ എന്നിവര്‍ എല്ലാം ഇതില്‍ ചിലത് മാത്രം.എന്നാല്‍ ചില പ്രശ്നങ്ങള്‍ അവിടെ ഉണ്ടാകുന്നു.ഏല്‍പ്പിക്കാന്‍ കൊടുത്ത ആ കാര്‍ ഉടമസ്ഥന്‍ തിരിച്ചു വരുമ്പോള്‍ കൊടുക്കണം എന്നുള്ളത് പ്രധാന പ്രശ്നം.കാരണം അവര്‍ക്കാര്‍ക്കും അതിനെ പിരിയാന്‍ സാധിക്കില്ലായിരുന്നു.എന്നാല്‍ പ്രശ്നങ്ങള്‍ വേറെയും ഉണ്ടായിരുന്നു.എന്തെല്ലാമായിരുന്നു പ്രശ്നങ്ങള്‍?അവര്‍ക്കെല്ലാം ആ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിച്ചോ എന്നതാണ് ബാക്കി ചിത്രം.വിജയ്‌ സേതുപതി എന്ന നടന്‍ തമിഴ് സിനിമ ലോകത്ത് വ്യത്യസ്തമായ പ്രമേയങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ നടനാണ്‌.എക്സ്ട്രാ നടനായി എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷിമിയില്‍ അഭിനയം തുടങ്ങിയ സേതുപതി ഇപ്പോള്‍ തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ്.പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.എങ്ങനെ ആണ് ഈ നടന് മാത്രം ഇത്തരം വ്യത്യസ്ഥ പ്രമേയങ്ങള്‍ തേടി വരുന്നതെന്ന്.സ്വാഭാവികമായ അഭിനയം മുഖമുദ്രയാക്കിയ നടന്‍ ആണ് സേതുപതി.പിസ്സയിലെ വേഷത്തില്‍ തിളങ്ങിയ വിജയ്‌ സേതുപതി പിന്നീട് തമിഴിലെ മിനിമം ഗാരന്റി ഉള്ള നടനായി മാറി.റമ്മി എന്ന ചിത്രം നിരാശപ്പെടുത്തിയെങ്കിലും തന്‍റെ മറ്റു വിജയ്‌ ചിത്രങ്ങളിലെ പോലെ ലളിത സുന്ദരമായ കഥയാണ് ഈ ചിത്രത്തിലും.ഹീറോയിസം തൊട്ടു തീണ്ടാത്ത ആ ചിത്രങ്ങള്‍  തമിഴിലെ നവ നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചു.

  ജയപ്രകാശ് എന്ന നടന് (ഉസ്താദ് ഹോട്ടല്‍) ലഭിച്ച മുഴുനീള കഥാപാത്രം ആണ് ഈ ചിത്രം.ബീഡ എന്ന കഥാപാത്രം ഇടയ്ക്കിടെ ചിരിപ്പിച്ചു.സംഗീതം ആണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ഘടകം.ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആണ് ഈ ചിത്രത്തില്‍ നവാഗതനായ ജസ്റ്റിന്‍ പ്രഭാകര്‍ നല്‍കിയിരിക്കുന്നത്.ഇതേ പേരില്‍ ഉള്ള പ്രശസ്തമായ തന്‍റെ തന്നെ  ഷോര്‍ട്ട് ഫിലിം ആണ് സംവിധായകന്‍ അരുണ്‍ കുമാര്‍ ഈ ചിത്രമായി മാറ്റിയിരിക്കുന്നത്.ഈ ചിത്രത്തില്‍ നായകന്‍റെ പ്രണയത്തിനു പുറമേ വ്യത്യസ്തമായ ഒരു പ്രണയം കൂടി ഉണ്ട്.അതിസുന്ദരമായ മറ്റൊരു പ്രണയം.ഒരു “നല്ല ഫീല്‍ ഗുഡ് മൂവി” എന്ന് തീര്‍ച്ചയായും ഇതിനെ വിലയിരുത്താം.സ്ഥിരം തമിഴ് സിനിമ ഫോര്‍മുലയില്‍ നിന്നും മാറിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്..ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 3.5/5!!

More reviews @ http://www.movieholicviews.blogspot.com

96.BAALYAKAALASAKHI(MALAYALAM,2014)

96.BAALYAKAALASAKHI(MALAYALAM,2014),Dir:-Pramod Payyanur,*ing:-Mammootty,Isha,Seema Bishvas

   ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ വിരിഞ്ഞ മലയാളത്തിലെ മികച്ച പ്രണയ കഥ ആയിരുന്നു ബാല്യകാലസഖി.ഒരു പ്രണയ കഥ മാത്രമല്ലാതെ അതില്‍ ജീവിതം ഉണ്ട്,കുട്ടിക്കളി ഉണ്ട്,കുസൃതിയുണ്ട്,വേദനകള്‍ ഉണ്ട്,ചരിത്രമുണ്ട് അതിനു മേമ്പൊടിയായി പ്രണയവും.അതായിരുന്നു ഭാഷയുടെ ആലങ്കാരിക പദങ്ങള്‍ക്ക് പ്രാമൂഖ്യം കൊടുത്തിരുന്ന കൃതികള്‍ ഉണ്ടായിരുന്ന ഒരു നാട്ടില്‍ ഈ കൃതി അത്ര മാത്രം സ്വീകാര്യമായി മാറിയത്.ബാല്യകാലസഖിയില്‍ ബഷീറിന്റെ ആത്മകഥാപരമായ അംശം ഉണ്ടായിരുന്നു.ആ യാത്രയും നാടുമെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു.മജീദ്‌ എന്ന പണക്കാരനും ദരിദ്രയായ സുഹറയും തമ്മിലുള്ള പ്രണയം ആസ്വാധകര്‍ക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്നിരുന്നു.എന്നാല്‍ അതിന്‍റെ 2014 ലെ സിനിമാഭാഷ്യത്തില്‍ പ്രമോദ് പയ്യന്നൂര്‍ എന്ന സംവിധായക-തിരക്കഥാകൃത്ത്‌ തന്‍റെ സ്വാതന്ത്ര്യവും ഉപയോഗിച്ചിരിക്കുന്നു.കുട്ടിക്കാലം മുതലുള്ള പ്രണയത്തിനും വളര്‍ന്നു വന്നപ്പോള്‍ മാറി പോയ ജീവിത സാഹചര്യങ്ങളും ആണ് ഇവിടെ പ്രധാനപ്പെട്ടത്.

   പക്വതയുള്ള മജീദ്‌-സുഹ്റ പ്രണയം ഇതില്‍ ഇല്ലായിരുന്നു.കുട്ടിക്കാലത്തെ സൗഹൃദം അവര്‍ തമ്മില്‍ ഉണ്ടാക്കിയ അവാച്യമായ ഒരു ബന്ധം അവരുടെ മോശം സമയത്തും അവരെ കണ്ടുമുട്ടിച്ചു.അവരുടെ ദുരിതങ്ങള്‍ക്ക് ആണ് സിനിമയില്‍ പ്രാമൂഖ്യം.അത് പോലെ തന്നെ ദുരിതത്തില്‍ ആകുന്ന സഹ കഥാപാത്രങ്ങളും.തന്നെ പടച്ചവന്‍റെ കുറ്റം കാരണം അങ്ങനെ ആയി തീര്‍ന്ന സെല്‍വിയും ,ബംഗാളില്‍ കണ്ടു മുട്ടിയ മറ്റു കഥാപാത്രങ്ങളും എല്ലാം ഇതിനുദാഹരണം ആണ്.ഇവിടെയാണ്‌ നമ്മള്‍ വായിച്ചറിഞ്ഞ ബാല്യകാലസഖിയും ചിത്രവും ആയുള്ള വ്യത്യാസം.ഒരു പ്രണയാനുഭൂതി നിറഞ്ഞ സിനിമപ്രതീക്ഷിച്ച് പോയാല്‍ നിരാശരാകേണ്ടി വരും.മജീദിന്റെ കുട്ടിക്കാലത്ത് ആയിരുന്നു പ്രണയം ഏറെയും.അതിനാല്‍ തന്നെ മമ്മൂട്ടി എന്ന പ്രണയനായകനെ സിനിമയില്‍ ആവശ്യമില്ലായിരുന്നു.പകരം ജീവിതത്തിലെ കഷ്ടതകള്‍ വൈകാരികമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നല്ല നടന്‍ മാത്രമായി ഇതിലെ മമ്മൂട്ടി എന്ന മജീദ്‌.മജീദിന്റെ ബാപ്പയായി വന്ന മമ്മൂട്ടിക്കും പ്രാധാന്യം ഏറെ ഉണ്ടായിരുന്നു.കാര്‍ക്കശ്യക്കാരന്‍ ആയ മുതലാളി ആയും കഷ്ടാരിഷ്ടതകള്‍ അനുഭവിക്കുന്ന വൃദ്ധനായും ആ കഥാപാത്രം മികച്ചു നിന്ന്.മീനയെ മമ്മൂട്ടിയുടെ അമ്മയായി സങ്കല്‍പ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കഥാപാത്രം എന്ന നിലയില്‍ അവരെ കണ്ടാല്‍ മാറുവാന്‍ കഴിയുന്നതേ ഉള്ളു.പിന്നെ പറയേണ്ടത് ഇഷ തല്‍വാര്‍ ആണ്.കുട്ടിക്കാലത്ത് കാണിച്ച പ്രണയത്തിന്‍റെ ഒരു അംശം പോലും മുതിര്‍ന്ന സുഹ്രയിലൂടെ ഇഷയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചില്ല.മൊഞ്ചത്തി ആണെങ്കിലും  പ്രണയിക്കാന്‍ അറിയില്ല എന്ന് തോന്നി.സിനിയിലെ വൈകാരികമായ രണ്ടു രംഗങ്ങള്‍ ഉണ്ട്.തിരിച്ചു വരുന്ന മജീദും ബാപ്പയും ആയുള്ള കണ്ടുമുട്ടലും പിന്നെ കാലു മുറിച്ചത് അറിഞ്ഞു വിഷമിക്കുന്ന മജീദും.രണ്ടിലും മമ്മൂട്ടിയുടെ നല്ല അഭിനയം ഉണ്ടായിരുന്നു.

  ഒരിക്കലും മതിലുകള്‍ പോലെ ഒരു ക്ലാസിക് സിനിമയായി ഇത് മാറും എന്ന് കരുതുന്നില്ല.പ്രധാനമായും എഡിറ്റിങ്ങില്‍ ഉള്ള പോരായ്മകള്‍.പിന്നെ മലയാളികള്‍ പ്രണയിച്ച ഒരു കഥ ഇങ്ങനെ മാറ്റിയതില്‍ പ്രേക്ഷകര്‍ എത്ര മാത്രം അംഗീകരിക്കും എന്നുള്ളതും ചോദ്യമാണ്.മുന്‍പ് പുസ്തകമായിട്ടുള്ള സിനിമകളില്‍ എല്ലാം തന്നെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.ചിലതൊക്കെ വന്‍ പരാജയങ്ങള്‍ ആയിരുന്നു.എന്നാല്‍ ഇവിടെ കഥാഘടന മാറ്റാതെ പകരം സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂഡ്‌ ആണ് ഇവിടെ മാറ്റപ്പെട്ടിരിക്കുന്നത്.ബിജി ബാലിന്റെ സംഗീതം മനസ്സിലധികം നിന്നില്ല.സുനില്‍ സുഖദ,മാമുക്കോയ,സീമ ബിശ്വാസ്,ശശി കുമാര്‍,തനുശ്രീ ഘോഷ് പിന്നെ ബഷീറിന്റെ സ്ഥിരം കഥാപാത്രങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.രണ്ടു മണിക്കൂറില്‍ താഴെ ഉള്ള ഈ ചിത്രം പ്രേക്ഷകര്‍ വരും നാളുകളില്‍ എങ്ങനെ സ്വീകരിക്കും എന്നുള്ളത് അനുസരിച്ചിരിക്കും ഈ സിനിമയുടെ ഭാവി.ബാല്യകാലസഖിയുടെ കഥ അതേപ്പടി സിനിമ ആക്കിയാല്‍ മാത്രമേ ഇഷ്ട്ടപ്പെടൂ എന്നുള്ളവര്‍ ഈ ചിത്രം കാണാതിരിക്കുക.കാരണം ഇതില്‍ സംവിധായകന്‍ തന്‍റെ ഭാഷ്യം ആണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ രണ്ടു പക്ഷം ഈ സിനിമയ്ക്ക് ഉണ്ടെന്ന് തോന്നുന്നു.എന്തായാലും ഒരു പരീക്ഷണം എന്ന നിലയില്‍ ഈ ചിത്രം അധികം മുഷിപ്പിച്ചില്ല.എന്നാലും “ഇമ്മിണി ബല്യ ഒരൊന്നാകാന്‍”ഈ ചിത്രഭാഷ്യത്തിനു കഴിഞ്ഞോ എന്ന് ഒരു സംശയം.ഈ ചിത്രത്തിന്  എന്‍റെ മാര്‍ക്ക് 3/5!!

More reviews @ http://www.movieholicviews.blogspot.com

95.OM SHANTHI OSHAANA(MALAYALAM,2014)

95.OM SHAANTHI OSHAANA(MALAYALAM,2014),Dir:-Jude Anthany Joseph,*ing:-Nazriya,Nivin,Vineeth Sreenivasan

 ഓം ശാന്തി ഓശാന ഒരു പ്രണയകഥ ആണ്.സാധാരണ പ്രണയങ്ങളില്‍ വ്യത്യസ്ഥതയ്ക്ക് ഉള്ള സാധ്യത വളരെയധികം കുറവാണ്.അതിനാല്‍ തന്നെ കണ്ടും കേട്ടും മടുത്ത കഥ ആണ് ചിത്രത്തില്‍.എന്നാല്‍ ഈ സിനിമ അതിന്‍റെ കഥയേക്കാളും ശ്രദ്ധിക്കപ്പെടുന്നത് അതിനെ അവതരിപ്പിച്ച രീതിയിലാണ്.പതിവിലും വ്യത്യസ്തമായി ഒരു കൌമാര പ്രായത്തില്‍ ഉള്ള പെണ്‍ക്കുട്ടിയുടെ പ്രണയം അവളുടെ കാഴ്ചപ്പാടില്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ഇത് പൂജ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ് ഇവിടെ ഉള്ള മറ്റു കഥാപാത്രങ്ങള്‍ അവളുടെ പ്രണയം,സ്വപ്നം എന്നിവയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്.പൂജയുടെ ചിന്തകള്‍ ആണ് സിനിമയുടെ പ്രധാന കഥ തന്നെ.പൂജയുടെ കൌമാരം മുതല്‍ പക്വതയുള്ള ഒരു പെണ്‍ക്കുട്ടി അആകുന്നത് വരെ ഉള്ള സംഭവങ്ങള്‍ ആണ് ചിത്രത്തില്‍.ചിത്രത്തിന്‍റെ തുടക്കത്തില്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രത്യേകം നിവിന് അണിയറക്കാര്‍ നല്‍കിയ നന്ദി ഇതിലെ മറ്റു കഥാപാത്രങ്ങളും അര്‍ഹിക്കുന്നു.പ്രണയം എന്നും പൈങ്കിളി ആണ്.അതും ഒരു പെണ്‍ക്കുട്ടിയുടെ ചിന്തകളിലൂടെ അവതരിപ്പിക്കുമ്പോള്‍ അവള്‍ വര്‍ണിക്കുന്നത് നായകന്‍റെ നന്മകളെ ആണ്.അതിനോടുള്ള ആരാധനയും.

     “തട്ടത്തിന്‍  മറയത്ത് ” എന്ന പ്രണയകഥയില്‍ നായകന്‍റെ ഭാഗത്ത്‌ നിന്നും അവതരിപ്പിച്ചത് നായികയുടെ സ്ഥാനത്തു നിന്നാണെങ്കില്‍ എങ്ങനെ ആയിരിക്കും  എന്ന് ഈ ചിത്രം പറയുന്നു.ട്വിലൈറ്റ് പോലെ ഉള്ള ചിത്രങ്ങളില്‍ അവതരിപ്പിച്ച രീതി.അതിനാല്‍ തന്നെ ഇവിടെ ഹീറോയിസം കൂടുതലും പെണ്‍ക്കുട്ടി ആണ് അവതരിപ്പിക്കുന്നത്‌.അജുവിന്‍റെ കാഞാണിയും,വിനീതിന്‍റെ ഡോക്ടര്‍ പ്രസാദും,രഞ്ജി പണിക്കരുടെ അച്ഛന്‍ വേഷവും എല്ലാം അത് കൊണ്ട് തന്നെ നായികയുടെ കഥാപാത്ര രൂപികരണത്തില്‍ പങ്കു വയ്ക്കുന്ന വ്യക്തികള്‍ മാത്രമായി മാറി.അഭിനയത്തിന്‍റെ കാര്യത്തില്‍ തുടക്കം  നസ്രിയ ശരാശരി ആയിരുന്നു.നായകന്‍ ഗിരി എന്ന കഥാപാത്രം അയ്യയിലെ പ്രിത്വിയെ പലപ്പോഴും ഓര്‍മിപ്പിച്ചു.പ്രത്യേകിച്ചും തുടക്കം ഉള്ള രംഗങ്ങളില്‍..കൃത്രിമത്വം ആദ്യ പകുതിയില്‍ തോന്നിയിരുന്ന പൂജയുടെ മാനറിസങ്ങള്‍ എന്നാല്‍ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ടു.ആദ്യപകുതിയില്‍ നായികയുടെ കാഴ്ചപ്പാടില്‍ മാത്രം അവതരിപ്പിച്ചിരുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.ദൂരദര്‍ശന്‍,ശക്തിമാന്‍,ജംഗിള്‍ ബുക്ക്,പ്രതികരണം തുടങ്ങിയ തൊണ്ണൂറുകളിലെ പ്രധാന നോസ്ടാല്‍ജിയ എല്ലാം ഇതിലും ഉണ്ട്.

   പ്രത്യേകിച്ച് കഥ ഇല്ലാത്ത ഈ ചിത്രം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും സഹ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും അവതരണ രീതി കൊണ്ട് വ്യത്യസ്ഥമാക്കി.ഒരിക്കലും വന്‍ പ്രതീക്ഷകളോടെ ഈ ചിത്രത്തിന് പോകരുത്.കാരണം ഈ ചിത്രം കൗമാരത്തില്‍ ഒരു പെണ്‍ക്കുട്ടി കണ്ട സ്വപ്നങ്ങളുടെ കഥ കാലാന്തരത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.സംഗീതത്തില്‍ ഷാന്‍ റഹ്മാനും,ക്യാമറയില്‍ വിനോദും നിരാശപ്പെടുത്തിയില്ല.കൊച്ചു കൊച്ചു തമാശകളുമായി മുഷിപ്പിക്കാതെ രണ്ടു മണിക്കൂറില്‍ ഈ ചിത്രം തീര്‍ന്നത് കൊണ്ട് പ്രേക്ഷകര്‍ക്കും മറ്റുള്ള പ്രേക്ഷകര്‍ക്കും  ഇഷ്ടമായി എന്ന് കരുതുന്നു.ഞാന്‍ ഈ കൊച്ചു ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3/5!!

 More reviews @ http://www.movieholicviews.blogspot.com

94.MISSISSIPPI BURNING(ENGLISH,1988)

94.MISSISSIPPI BURNING(ENGLISH,1988),|Crime|Thriller|,Dir:-Alan Parker,*ing:-Gene Hackman,Willaim Dafoe,Frances McDormand

  അമേരിക്കയിലെ മിസിസിപ്പിയില്‍  നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് “മിസിസിപ്പി ബേര്‍ണിംഗ്”.ജീന്‍ ഹാക്ക്മാന്‍,വില്ല്യം ടെഫോ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 7 ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു.അതില്‍ സിനിമാറ്റൊഗ്രഫിക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു.1964 ല്‍ മിസിസിപ്പിയില്‍ കാണാതായ മൂന്ന് യുവാക്കളുടെ തിരോധാനത്തിന്റെ കഥയും അതിന്‍റെ പിന്നിലെ കാരണങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.തൊലിയുടെ നിറം കറുത്ത മനുഷ്യരോട് വെളുത്ത മനുഷ്യരുടെ അധിനിവേശം അവരെ അടിമകളാക്കി.അടിമത്വം അവസാനിപ്പിച്ച അമേരിക്കയില്‍ പിന്നീട് അവര്‍ക്കെതിരെ വന്ന സംഘടിതമായ ആക്രമങ്ങളുടെ മുഖ്യ വക്താക്കള്‍ ആയിരുന്നു “മിസിസ്പ്പി വയിറ്റ് നൈറ്റ്സ് ഓഫ് ദി ക്ലൂ ക്ലാക്സ് ക്ലാന്‍”.അമേരിക്കയുടെ ഇതര പ്രദേശങ്ങള്‍ സമത്വം വിഭാവനം ചെയ്തപ്പോള്‍ മിസിസിപ്പിയില്‍ കറുത്ത വര്‍ഗ്ഗക്കാരെ വില കുറഞ്ഞവരും വൃത്തിയില്ലാത്ത മനുഷ്യരുമായി കണക്കാക്കി ഭൂരിപക്ഷം വെള്ളക്കാരും അവരെ അകറ്റി നിര്‍ത്തി.

    കറുത്ത വര്‍ഗ്ഗക്കാരുടെ വീടുകള്‍ ആക്രമിക്കുകയും അവരെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും അവിടെ പതിവായിരുന്നു.അപ്പോഴാണ്‌ സമൂഹത്തിലെ മാറ്റത്തിന് തുടക്കം കുറിക്കാന്‍ വന്ന രണ്ട് വെള്ള യുവാക്കലോടൊപ്പം ഒരു കറുത്ത യുവാവിനെയും കാണാതാകുന്നത്.അമിതവേഗതയുടെ പേരില്‍ പോലീസ് കസ്റ്റടിയില്‍ ആയ അവരെ  സ്വതന്ത്രരാക്കുകയും പിന്നീട് അവരെ കാണാതെ പോവുകയും ചെയ്യുകയായിരുന്നു.ഈ കേസ് അന്വേഷിക്കാന്‍ എഫ് ബി ഐ യില്‍ നിന്നും വരുന്ന അലന്‍ വാര്‍ഡ്‌(ടെഫോ),രൂപര്റ്റ് ആന്റ്റെര്‍സന്‍ (ജീന്‍ ഹാക്മാന്‍) എന്നിവര്‍ നടത്തുന്ന അന്വേഷണങ്ങള്‍ അവരെ കൊണ്ടെത്തിക്കുന്നത് ഭീകരമായ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഒരു മാരക രോഗത്തിന് കൂട്ട് നില്‍ക്കുന്ന പോലീസ് -നിയമവ്യവസ്ഥകളിലേക്ക് ആയിരുന്നു.അതിനെതിരായ അവരുടെ പോരാട്ടം ആ എഫ് ബി ഐ ഏജന്റുമാരെ തിരോധാനത്തിന്റെ പുറകിലുള്ള രഹസ്യം പുറത്തു കൊണ്ട് വരാന്‍ സാധിക്കുമോ എന്നതാണ് ബാക്കി ചിത്രം.

 ഈ ചിത്രത്തില്‍ പറയുന്നുണ്ട് വംശീയവിദ്വേഷം ഒരാള്‍ ജനിക്കുമ്പോള്‍ ഉണ്ടാകുന്നതല്ല.പകരം അത് ചെറുപ്പക്കാലം മുതല്‍ വിഷം പോലെ കുത്തി വയ്ക്കുന്ന വാക്കുകളില്‍ നിന്നും ഉണ്ടാകുന്നതാണ് എന്ന്.ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ മറ്റു പല രീതികളിലും ഈ ചിത്രത്തിന് പ്രാധാന്യം ഉണ്ട്.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത “ആക്രോശ്” എന്ന ചിത്രം ഇതില്‍ നിന്നും “സ്വാധീനം” ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മിച്ചതാണ്.പ്രശസ്തമായ മറ്റൊരു മലയാള സിനിമയിലെ ഒരു സീനും  ഇതില്‍ നിന്നും കടം കൊണ്ടിട്ടുള്ളതാണ്.ആന്റ്റെര്‍സന്‍ ആയി ജീന്‍ ഹാക്മന്‍ മികച്ച പ്രകടനം ആണ് നടത്തിയത്.പൂര്‍ണമായും യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ച ആയിരുന്നില്ലെങ്കിലും ഒരു സിനിമ എന്ന നിലയില്‍ വളരെയധികം ഉന്നതങ്ങളില്‍ ആണ് ഈ ചിത്രം.ഇതിലെ സംഗീതവും ക്യാമറയും എടുത്തു പറയേണ്ട മറ്റു വസ്തുതകള്‍ ആണ്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8.5/10!!

More reviews @ http://www.movieholicviews.blogspot.com

93.THE TERROR LIVE(KOREAN,2013)

93.THE TERROR LIVE(KOREAN,2013),|Thriller|Crime|,Dir:-Byeong-woo Kim,*ing:-Duek-mun ChoiJin-ho ChoiJung-woo Ha 

 The Terror Live,മാധ്യമങ്ങളും ബ്യൂറോക്രാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ പലപ്പോഴും നീതിയുടെ അടുക്കല്‍ നിന്നും സാധാരണക്കാരനെ അകറ്റുന്നു.വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉള്ള പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള വിടവ് നീതിയുടെ കാര്യത്തില്‍ കൂടി വരുന്നു.രമ്യഹര്‍മ്യങ്ങള്‍ പണിതു പൊക്കുന്ന സമ്പദ് വ്യവസ്ഥ പലപ്പോഴും കുടിലുകളുടെ പുറത്ത് നികുതികളിലൂടെയും വിലക്കയറ്റം തുടങ്ങിയവയിലൂടെ സാധാരണ മനുഷ്യന്‍റെ ചോര കുടിക്കുന്നു.കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ മിക്കതും അസാധാരണമായ വേഗത കൊണ്ടും നിര്‍മാണശൈലി  കൊണ്ടും കഥാവസാനം എന്താകുമെന്ന് ഒരു പിടിയും നല്‍കാതെ അവസാന നിമിഷം വരെ ത്രില്‍ അടിപ്പിക്കാറുണ്ട് .ഹോളിവുഡ് സിനിമകള്‍ ഒക്കെ ഇപ്പോള്‍ പ്രേക്ഷകന് അത്തരം ഒരു അനുഭവം കൊടുക്കുന്നതില്‍ നിന്നും വളരെയധികം അകന്നിരിക്കുന്നു.കഥകളിലെ അസാധാരണത്വം കൊറിയന്‍ സിനിമകളുടെ ഒരു വലിയ സവിശേഷത ആണ്.ഒരിക്കലും ഊഹിക്കാനാകാത്ത രീതിയില്‍ കഥാഗതിയില്‍ പെട്ടന്ന് കൊണ്ട് വരുന്ന മാറ്റങ്ങള്‍ പലപ്പോഴും പ്രേക്ഷകനെ  അത്ഭുതപ്പെടുത്താറുണ്ട്

    ഇനി സിനിമയിലേക്ക്..ഒരു ബ്രോട്കാസ്ട്ടിംഗ് സ്റ്റുഡിയോയില്‍ ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌.ചില പ്രത്യേക കാരണങ്ങള്‍ കാരണം രാത്രി വാര്‍ത്തയിലെ അവതാരക സ്ഥാനത് നിന്നും മാറ്റപ്പെട്ട യൂന്‍ അതേ മാധ്യമ ഗ്രൂപ്പിന്‍റെ റേഡിയോ ചാനലിലെ പ്രഭാത പരിപാടി അവതരിപിക്കാന്‍ തുടങ്ങുന്നു.അയാള്‍ ആ അടുത്ത് വിവാഹ മോചനം നേടിയിരുന്നു.അന്നത്തെ അയാളുടെ ഷോയിലെ പ്രധാന വിഷയം നികുതി കൂട്ടിയ ഭരണകൂടത്തിന്‍റെ നടപടി പണക്കാരെ സഹായിക്കുവാന്‍ മാത്രം ഉള്ളതാണോ എന്നതായിരുന്നു.ശ്രോതാക്കളുടെ അഭിപ്രായം ആരാഞ്ഞ് വന്ന ആദ്യ വിളി വന്നത് പാര്‍ക്ക് എന്നയാളുടെ ആയിരുന്നു.താന്‍ ഒരു നിര്‍മാണ തൊഴിലാളി ആണെന്നും തന്‍റെ വീട്ടില്‍ ഉള്ള ഒരു ഫ്രിട്ജിനും ടി വിക്കും കൂടി കൊടുക്കുന്ന കറന്റ് ബില്ല് അധികം ആണെന്നും അയാള്‍ പറയുന്നു.എന്നാല്‍ അന്നത്തെ വിഷയം നികുതികളെ കുറിച്ചാണ് എന്ന് യൂന്‍ പറയുമ്പോള്‍ വൈദ്യുതിയും നികുതിയില്‍ പെടും എന്ന് അയാള്‍ പറയുന്നു.എന്നാല്‍ യൂന്‍ അയാളുടെ കോള്‍ കട്ട് ചെയ്യുന്നു.അടുത്ത കോളിലേക്ക് യൂന്‍ പോയെങ്കിലും പാര്‍ക്ക് കട്ട് ചെയ്യാത്തത് കൊണ്ട് ഓണ്‍ എയറില്‍ അയാളുടെ ശബ്ദം പോകുന്നു.അയാളോട് കോള്‍ കട്ട് ചെയ്യാന്‍ യൂന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്കു പറയാന്‍ ഉള്ളത് മുഴുവന്‍ കേട്ടതിനു ശേഷം മാത്രമേ അടുത്ത കോളിലേക്ക് പോകാന്‍ സമ്മതിക്കൂ എന്ന് പാര്‍ക്ക് പറയുന്നു.മാത്രമല്ല തന്‍ പറയുന്നത് മുഴുവന്‍ കേട്ടില്ലെങ്കില്‍ മാപ്പോ നദിക്കു കുറുകയുള്ള മാപ്പോ പാലം താന്‍ ബോംബ്‌ വച്ച് തകര്‍ക്കും എന്നയാള്‍ ഭീഷണിപ്പെടുത്തുന്നു.എന്നാല്‍ ഒരു വ്യാജ ഭീഷണി ആയി മാത്രമേ യൂന്‍ അതിനെ കാണുന്നുള്ളൂ.

   അവസാനം ദേഷ്യം വന്ന യൂന്‍ പാര്‍ക്കിനെ അസഭ്യം പറയുന്നു.പറ്റുമെങ്കില്‍ ബോംബ്‌ പൊട്ടിക്കാന്‍ യൂന്‍ പാര്‍ക്കിനെ വെല്ലു വിളിക്കുന്നു.എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാപ്പോ പാലം തകരുന്നു.അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു മനസിലാക്കിയ യൂന്‍ അയാളോട് സംസാരിക്കുന്നു.അപ്പോള്‍ പാര്‍ക്ക് തന്‍റെ ആവശ്യങ്ങള്‍ സാധിച്ചു തന്നില്ലെങ്കില്‍ വീണ്ടും ബോംബ്‌ സ്ഫോടനം  ഉണ്ടാകും എന്ന് പറയുന്നു.എന്നാല്‍ യൂന്‍ ഇത് തന്‍റെ നഷ്ടപ്പെട്ടു പോയ സ്ഥാനം വീണ്ടെടുക്കാന്‍ ഉള്ള ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത ആയി കരുതുന്നു.അയാള്‍ ന്യൂസ്‌ ചീഫിനെ ഫോണില്‍ വിളിച്ച് ആ ബോംബ്‌ വച്ച ആള്‍ തന്നോട് സംസാരിച്ചു എന്നും തന്നെ ആ വാര്‍ത്ത അവതരിപ്പിക്കാനും അയാളോട് സംസാരിക്കാന്‍ അനുവദിച്ചാല്‍  മാത്രമേ ആ എക്സ്ക്ലൂസിവ് അവര്‍ക്ക് ലഭിക്കുകയുള്ളൂ എന്ന് പറയുന്നു.സ്ഫോടനത്തെ കുറിച്ച് ഒരു വിവരവും ഇല്ലാതെ കുഴയുന്ന മറ്റു ചാനലുകളില്‍ നിന്നും തങ്ങളുടെ റേറ്റിംഗ് കൂട്ടാന്‍ ഉള്ള സാധ്യത മനസിലാക്കിയ ന്യൂസ്‌ ചീഫ് യൂനിനെ ആ റേഡിയോ സ്റ്റുഡിയോയില്‍ വച്ച് തന്നെ ടി വി ന്യൂസ്‌  പ്രക്ഷേപണം ചെയ്യാന്‍ ഉള്ള അനുമതി നല്‍കുന്നു.എന്നാല്‍ തന്നെക്കൊണ്ട് എല്ലാ ന്യൂസ്‌ ചാനലുകള്‍ക്കും ഉപയോഗം ഉണ്ടെന്നു മനസ്സിലാക്കിയ പാര്‍ക്ക് യൂനിനോട് സംസാരിക്കണമെങ്കില്‍ അയാള്‍ ആവശ്യപ്പെടുന്ന തുക നല്‍കണം എന്ന് ആവശ്യപ്പെടുന്നു.അല്ലെങ്കില്‍ ആ ന്യൂസ്‌ മറ്റു ചാനലുകളില്‍ വരും എന്ന് പറയുന്നു.പാര്‍ക്ക് ചോദിച്ച കാശ് അവര്‍ നല്‍കുന്നു.എന്നാല്‍ സ്വന്തമായി ഏറ്റെടുത്ത ആ വാര്‍ത്താ വായന വളരെയധികം സങ്കീര്‍ണവും അപകടകരവും ആണെന്ന് യൂന്‍ പതിയെ മനസ്സിലാക്കുന്നു.പാര്‍ക്ക് എന്ന ആളുടെ ആവശ്യങ്ങള്‍ യൂനിന്റെ പരിധിക്കും അപ്പുറം ഉള്ള കാര്യങ്ങള്‍ ആയിരുന്നു.പിന്നീട് ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്രതീക്ഷിതം ആയിരുന്നു.അമ്പതു വയസ്സുള്ള നിര്‍മാണ തൊഴിലാളി ആണ് എന്ന് പരിചയപ്പെടുത്തിയ പാര്‍ക്ക് യതാര്‍ത്ഥത്തില്‍ ആരായിരുന്നു?അയാളുടെ ആവശ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു ?എന്ത് കൊണ്ടാണ് അയാള്‍ യൂനിനെ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനായി തിരഞ്ഞെടുത്തു?ഇതാണ് ബാക്കി ചിത്രം പറയുന്നത്.

  ഒന്നരമണിക്കൂര്‍ ഉള്ള ഈ ചിത്രം ആദ്യ സീനില്‍ നിന്നും തന്നെ ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള വേഗത കൈ വരിക്കുന്നു.അപ്രതീക്ഷിതമായ അപരിചിതന്റെ നീക്കങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ഒരു രാജ്യത്തെ മൊത്തം നോക്കു കുത്തി ആക്കി നടത്തിയ സ്ഫോടനം വെറും ഒരു ഭ്രാന്തന്റെ ഭീഷണി അല്ലായിരുന്നു.അതിന്‍റെ പിന്നില്‍ ന്യായമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു.ചെറുതെന്ന് തോന്നുമെങ്കിലും അപ്രാപ്യം ആയവ.എന്നാല്‍ ചില ആവശ്യങ്ങള്‍ അങ്ങനെ ആണ്.എളുപ്പം ഉള്ളതാണ് എന്ന് തോന്നുമെങ്കിലും അതി കഠിനം ആയിരിക്കും.സിനിമ കാണുമ്പോള്‍ അല്‍പ്പം പോലും മുഷിപ്പിക്കാത്ത ഒരു പരിപൂര്‍ണ ത്രില്ലര്‍ ആണ് ഈ ചിത്രം.ചെറിയ ബട്ജട്ടില്‍ വന്നെങ്കിലും സാമ്പത്തികമായി വിജയിച്ച ചിത്രമായിരുന്നു The Terror Live,ഭീകരതയുമായി നേര്‍ക്കുനേര്‍..ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7.5/10!!

More reviews @ http://www.movieholicviews.blogspot.com

92.UNDERGROUND(SERBIAN,1995)

92.UNDERGROUND(SERBIAN,1995),|Comedy|War|Drama|,Dir:-Emir Kusturica,*ing:-Predrag ManojlovicLazar RistovskiMirjana Jokovic

 ” അണ്ടര്‍ഗ്രൌണ്ട് ” ഒരു യാത്രയാണ്.ദി കിങ്ങ്ഡം ഓഫ് യൂഗോസ്ലാവിയയില്‍ നിന്നും ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ഒരു രാജ്യത്തിന്‍റെ കഥ.വംശീയമായ കലഹങ്ങള്‍ യുദ്ധങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ ലോകത്തിലെ പ്രധാന മാറ്റങ്ങള്‍ക്ക് പങ്കു വഹിച്ച ഒരു ഭൂപ്രദേശം അവസാനം പുസ്തകത്താളുകളില്‍ മാത്രം ആയി ഒതുങ്ങിയ ചരിത്രമാണ്‌ ആ രാജ്യത്തിന്.ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടോ എന്തോ യൂഗോസ്ലാവിയ എന്നും യുദ്ധത്തിന് വേദി ആയിരുന്നു.അത് കൊണ്ടാകാം ഈ ചിത്രത്തിലും നല്ല രീതിയില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും  ആളുകള്‍ അതിനു അമിത പ്രാധാന്യം കൊടുക്കാതെ അവര്‍ അപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികളും ആയി  മുന്നോട്ടു പോകുന്നതായി കാണിക്കുന്നത്.യുദ്ധങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്നു.ഒരു യുദ്ധം യുദ്ധമായി മാറുന്നത് സഹോദരങ്ങള്‍ തമ്മില്‍ കൊല്ലാനുള്ള വൈരാഗ്യം ഉണ്ടാകുമ്പോള്‍ മാത്രം എന്നാണ് അവരുടെ വിശ്വാസം.അതിനാല്‍ തന്നെ അവരുടെ രാജ്യത്തിന് നേരെ വന്ന ആക്രമങ്ങള്‍ അവരെ അപഹരിക്കാന്‍ വന്ന കള്ളന്മാരുടെ പ്രവര്‍ത്തികളായി മാത്രമേ അവര്‍ കരുതിയിരുന്നുള്ളൂ.അതിനാല്‍ തന്നെ യൂഗോസ്ലാവിയ എന്ന രാജ്യം ഭിന്നിച്ചപ്പോള്‍ മാത്രമേ അവര്‍ അതിനെ ഒരു വന്‍ യുദ്ധമായി കണക്കാക്കിയുള്ളു.കാരണം ആ യുദ്ധം സഹോദരങ്ങള്‍ തമ്മിലായിരുന്നു.കുസ്ടുരിക്ക ഈ വിഷയങ്ങളില്‍ തന്‍റെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത ആളാണ്‌.

  ഇനി സിനിമയിലേക്ക്.ഈ സിനിമയെ മൂന്നു കാലഘട്ടമായി വിഭജിക്കാം.

1.രണ്ടാം ലോക മഹായുദ്ധം :-ജര്‍മനിയുടെ ആക്രമണത്തില്‍ ഏറെ ബാധിക്കപ്പെട്ട  അവര്‍ അതിനെതിരെ പ്രതിരോധിക്കുന്നു.ബ്ലാക്കി എന്നറിയപ്പെടുന്ന പീറ്റര്‍ പെപ്പാരെയും സുഹൃത്ത്‌ മാര്‍ക്കൊയും കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ നേത്രത്വത്തില്‍ ആയുധങ്ങള്‍ മോഷ്ടിക്കുന്നു.അവര്‍ ജര്‍മന്‍ സേനയ്ക്ക് എതിരാണ് .മാതൃരാജ്യത്ത് നിന്നും അവരെ തുരത്താന്‍ ശ്രമിക്കുന്നു.ബ്ലാക്കിയുടെ ഭാര്യ ഗര്‍ഭിണിയാണ്.ബ്ലാക്കിക്ക് എന്നാല്‍ നാടക നടിയായ നതാലിയോട് പ്രണയവും.ജര്‍മനി ബ്ലാക്കിയെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നു.അങ്ങനെ അവര്‍ ഒരു നിലവറയില്‍ ഒലിച്ചു താമസിക്കുന്നു.ആ സമയം ബ്ലാക്കിയുടെ ഭാര്യ വെര ,ഇവാന്‍ എന്ന ആണ്ക്കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം മരിക്കുന്നു.എന്നാല്‍ ആ നിലവറയില്‍ താമസിക്കാന്‍ തുടങ്ങിയ അവരോടു മാര്‍ക്കോ യുദ്ധം തീര്‍ന്നിട്ടും അപ്പോഴും യുദ്ധം നടക്കുന്നു എന്ന് പറയുന്നു.അവര്‍ ആ നിലവറയില്‍ യുദ്ധ സാമഗ്രികള്‍ ഉണ്ടാക്കി മാര്‍കോയ്ക്ക് നല്‍കുന്നു.ക്ലോക്കില്‍ നടത്തിയ തിരിമറിയലില്‍ അവര്‍ പുറം ലോകം കാണാതെ ഇരുപതു വര്‍ഷം അവിടെ ജീവിക്കുന്നു.പക്ഷെ അവരുടെ കണക്കില്‍ പതിനഞ്ചു വര്‍ഷം മാത്രം .നതാലി മാര്‍ക്കോയുടെ ഭാര്യ ആകുന്നു.

2.ശീതയുദ്ധം :-അധികാര സ്ഥാനത്ത് മുഖ്യ പങ്കുള്ള മാര്‍ക്കോ വലിയ ആയുധ കച്ചവടക്കാരന്‍ ആയി മാറുന്നു.ടിറ്റോയുടെ അടുത്ത അനുചരന്‍ ആകുന്നു. .കൂട്ടിന് നതാലിയും.അപ്പോഴും ബ്ലാക്കിയും കൂട്ടരും നിലവറയില്‍ തന്നെ.ലോകത്തോട്‌ യുദ്ധ സമയത്ത് നടന്ന സംഭവങ്ങള്‍ തന്നെ ഒരു വീര പുരുഷനായി അവതരിപ്പിച്ച് മാര്‍ക്കോ കഥ മെനയുന്നു.ആ കഥയില്‍ ബ്ലാക്കി കൊല്ലപ്പെട്ടു എന്നും.

3.യൂഗോസ്ലോവിയ യുദ്ധം:-ഇവിടെ എല്ലാം തിരിഞ്ഞ് മറിയുന്നു.രഹസ്യങ്ങള്‍ കൂടുതലാണ്.മാര്‍ക്കോയുടെ ചതി ബാധിച്ചത് കുറച്ചധികം  ആളുകളെ ആണ്.വര്‍ഷങ്ങളോളം പുറം ലോകം അറിയാതെ ജീവിച്ചവര്‍ തങ്ങള്‍ക്കു സംഭവിച്ചതെന്ത് എന്ന് പോലും അറിയാതെ ജീവിക്കുന്നു.

    ഇത് കഥയുടെ ചുരുക്കം മാത്രം.ഇത് മുഴുവന്‍ കഥയല്ല.ഈ സിനിമയില്‍ ഓരോ കഥാപാത്രവും അത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.ചിത്രത്തില്‍ പശ്ചാത്തലത്തില്‍ പലപ്പോഴും കാണുന്ന ബാന്‍ഡ് മേളക്കാര്‍ ഉള്‍പ്പടെ സോണി എന്ന കുരങ്ങനും മാര്‍ക്കോയുടെ അനുജനും എല്ലാം.കഥയെക്കാള്‍ ഉപരി സംഭവങ്ങള്‍ക്ക് ആണ് ഇവിടെ പ്രാധാന്യം.വീര ചരിതങ്ങളും രക്തസാക്ഷികളേയും നിര്‍മ്മിക്കുന്ന പാര്‍ട്ടിയുടെ വീര കഥകള്‍ ആണ് സാധാരണക്കാരില്‍ എത്തുന്നത്‌.എന്നാല്‍ അവയുടെ പിന്നില്‍ ഉള്ള കഥകളെ ഹാസ്യാത്മകമായി കുസ്ടൂരിക്ക ഇതില്‍ വിമര്‍ശിച്ചിട്ടുണ്ട് .സിനിമയുടെ അവസാനം സര്‍റിയല്‍ കോണ്‍സെപ്റ്റ് ഉപയോഗിച്ചിരിക്കുന്നതായി കാണാം.അഞ്ചര മണിക്കൂറോളം ഉള്ള സിനിമ രണ്ടര മണിക്കൂര്‍ ആക്കി മാറ്റുകയായിരുന്നു എന്ന് സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.സിനിമയില്‍ വളരെ മനോഹരമായി സംഗീതം ഉപയോഗിച്ചിട്ടുണ്ട്.എല്ലാ രംഗങ്ങള്‍ക്കും സാക്ഷി സംഗീതം ആണ്.മരണത്തിലും ജനനത്തിലും എല്ലാം സംഗീതം മുഖ്യ പങ്കു വഹിക്കുന്നു.ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍,ബ്ലാക്കിയും മാര്‍ക്കോയും രണ്ടു തരം കമ്മ്യുനിസ്ട്ടുകളെ പ്രതിനിധികരിക്കുന്നു.ബ്ലാക്കി പൂര്‍ണമായും ഒരു കമ്മ്യുണിസ്റ്റ് ആണ്.എന്നാല്‍ മാര്‍ക്കോ കമ്മ്യുനിസത്തില്‍ നിന്ന് കൊണ്ട് കാശ് സംബാധിക്കാന്‍ നോക്കുന്ന ആളും.അങ്ങനെ വൈരുദ്ധ്യാത്മകമായ ധാരാളം സംഭവങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.മനുഷ്യന്‍റെ സ്വഭാവങ്ങളെ കുറിച്ചുള്ള അപഗ്രഥനം കൂടി ആണ് ഈ ചിത്രം.ഈ ചിത്രം കാന്‍സില്‍ കുസ്ടൂരിക്കയ്ക്ക് തന്‍റെ രണ്ടാം പാമേ ഡി ഓര്‍ നേടിക്കൊടുത്തു.അങ്ങനെ രണ്ടാം വട്ടവും ഈ പുരസ്ക്കാരം നേടിയ ഏഴു സംവിധായകരുടെ ഇടയില്‍ സ്ഥാനവും.യുദ്ധ-ചരിത്ര സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം ആണ് ഈ ചിത്രം .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 8.5/10..

More reviews @ http://www.movieholicviews.blogspot.com

    

91.THE THIEVES(KOREAN,2012)

91.THE THIEVES(KOREAN,2012),|Crime|Thriller|,Dir:-Dong-Hoon Choi,*ing:-Yun-seok KimJung-Jae LeeHye-su Kim

 കൊറിയന്‍ ചിത്രങ്ങള്‍ അതിന്‍റെ മെലോഡ്രാമ ,ത്രില്ലര്‍ സിനിമ വിഭാഗങ്ങളാല്‍ സമ്പന്നം  ആണ്.എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് “ദി തീവ്സ്”.പേര് പോലെ തന്നെ ഇത് കള്ളന്മാരുടെയും അവരുടെ നവീന രീതിയില്‍ ഉള്ള മോഷണങ്ങളുടെയും കഥയാണ്.ഈ സിനിമ കൊറിയയിലെ സര്‍വകാല പണം വാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ഉള്ളതാണ്.ഈ ചിത്രം Heist ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നു.ആസൂത്രിതമായി വളരെയധികം വിലയേറിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന ഒരു കൂട്ടം കള്ളന്മാര്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .Oceans 11,12,13 പിന്നെ നമ്മുടെ ധൂം സിനിമകള്‍ എല്ലാം ഈ വിഭാഗത്തില്‍ പെടുന്നവയാണ്.എന്നാല്‍ ഈ ചിത്രം ഒരു ത്രില്ലര്‍ രീതിയിലേക്ക് പോകുന്നത് അതിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ കാരണമാണ്.ഇതിലെ കഥാപാത്രങ്ങള്‍ മിക്കവരും ബന്ധങ്ങളെക്കാള്‍ കൂടുതല്‍ മോഷ്ടിച്ച വസ്തുക്കളോട് പ്രിയം കാണിക്കുന്നവരാണ്.അതായത് ഒരുമിച്ച് ചെയ്യുന്ന മോഷണം ആണെങ്കില്‍ കൂടിയും എപ്പോള്‍ വേണമെങ്കിലും പരസ്പ്പരം ചതിക്കപ്പെടാന്‍ സാധ്യത ഉള്ള ഒരു കൂട്ടം ആളുകള്‍ നടത്തുന്ന മോഷണങ്ങളുടെ  കഥ പറയുകയാണ്‌ “ദി തീവ്സ്”.

     പോപ്പേ എന്ന മോഷ്ടാവ് തന്‍റെ ആളുകളുടെ കൂടെ നടത്തുന്ന അതിവിദഗ്ദ്ധമായ മോഷണത്തിലൂടെ ചിത്രം ആരംഭിക്കുന്നു.വില പിടിപ്പുള്ള ഒരു വസ്തു സംഘാംഗങ്ങള്‍ ആയ യെനികാള്‍,ച്യുയിംഗ് ഗം എന്നീ സ്ത്രീകളുടെ അഭിനയ പ്രകടങ്ങളിലൂടെ ഒരു കോടീശ്വര പുത്രനെ പറ്റിച്ച് അവര്‍ കൈക്കലാക്കുന്നു.അന്താരാഷ്ട്രതലത്തില്‍ വളരെയധികം വിലയുള്ള കരകൌശല വസ്തു മോഷ്ടിക്കുന്നു  അവര്‍.ആ വസ്തു വെയ് ഹോംഗ് എന്ന ഭീകര മോഷ്ടാവിന്‍റെ കയ്യില്‍ നിന്നുമാണ് ആ കോടീശ്വര പുത്രന്‍ വാങ്ങിയത്.ഏതു സമയവും പോലീസ് അവരുടെ പിന്നാലെ ഇതും എന്നുള്ള ഭയവും അവര്‍ക്കുണ്ട്.അവരുടെ മോഷണ രീതികള്‍ പോലീസിനു അറിയുകയും ചെയ്യും .അപ്പോഴാണ് പോപ്പെയുടെ പഴയകാല കൂട്ടാളിയായ എല്ലാവരും ചതിയന്‍ എന്ന് വിശേഷിപ്പിക്കുന്ന “മക്കോ പാര്‍ക്ക്” ഒരു വന്‍ പദ്ധതിയുമായി അവരെ സമീപിക്കുന്നത് .ആ ഒറ്റ മോഷണം കൊണ്ട് എല്ലാവര്‍ക്കും മോഷണം നിര്‍ത്താന്‍ കഴിയുന്ന അത്ര പണം അതില്‍ നിന്നും ലഭിക്കുകയും ചെയ്യും.മക്കോ പാര്‍ക്ക് പണ്ട് പോപ്പെയും പെപ്സീ എന്ന സ്ത്രീയുമായി നടത്തിയ മോഷണത്തില്‍ 68 കിലോ സ്വര്‍ണവുമായി മുങ്ങി എന്ന് അവര്‍ എല്ലാം കരുതുന്നു.അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെ ആണ് അവര്‍ മക്കോ പാര്‍ക്കിന്‍റെ പദ്ധതിയില്‍ പങ്കാളികള്‍ ആകുന്നതു..

  ഇതേ സമയം ഹോങ്ങ്കോങ്ങില്‍ ചൈനീസ് വംശജര്‍ അടങ്ങുന്ന മറ്റൊരു  കൂട്ടര്‍ അതിവിദഗ്ദ്ധമായ മറ്റൊരു മോഷണവും നടത്തുന്നു.അവരെയും മക്കോ പാര്‍ക്ക് തന്‍റെ പദ്ധതികളിലേക്ക് പങ്കു ചേരാന്‍ ക്ഷണിക്കുന്നു.അങ്ങനെ മക്കോ പാര്‍ക്കിന്‍റെ പദ്ധതികള്‍ അനുസരിച്ച് അവര്‍ ഹോങ്ങ്കോങ്ങില്‍ ഉള്ള ഒരു കാസീനോയില്‍ സൂക്ഷിച്ചിരിക്കുന്ന വെയ് ഹോമ്ഗിന്റെ “Tear Of the Sun” എന്ന വിലയേറിയ രത്നം മോഷ്ടിക്കാന്‍ തയ്യാറെടുക്കുന്നു.അവര്‍ പ്ലാന്‍ ചെയ്തത് പോലെ തന്നെ സംഭവങ്ങള്‍ മുന്നോട്ടു നീങ്ങി.സംഘാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ കഴിവുകള്‍ ഉള്ളവരാണ്.അതിനനുസരിച്ച് അവര്‍ക്ക് ഓരോ ഭാഗവും വീതിച്ചു കൊടുക്കുന്നു.എന്നാല്‍ അന്ന് നടന്ന മോഷണം അതിവിധഗ്ധര്‍ എന്ന് സ്വയം വിശ്വസിച്ചിരുന്ന അവരുടെയെല്ലാം ചിന്തകള്‍ക്കും അപ്പുറം ഉള്ള സംഭവങ്ങള്‍ നടക്കുന്നു.ആ സംഭവങ്ങളിലൂടെ അവരുടെയെല്ലാം ജീവിതം മാറി മറിയുന്നു.പുതിയ സൌഹൃദങ്ങളും , ബന്ധങ്ങളും അതിനൊപ്പം അപകടങ്ങളും ചതികളും അവരുടെയെല്ലാം ജീവിതം മാറ്റി മറിക്കുന്നു.ഇവിടം മുതല്‍ സിനിമ ധാരാളം അപ്രതീക്ഷിത രംഗങ്ങളിലൂടെ കടന്നു പോകുന്നു.കയ്യില്‍ ചിത്രശലഭത്തിന്റെ പച്ചകുത്തിയ വെയ് ഹോംഗ് എന്ന ആരും കണ്ടിട്ടില്ലാത്ത ആളുമായുള്ള കച്ചവടം പിന്നീട് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ സംഭവങ്ങളിലൂടെ നീങ്ങുന്നു.

    മക്കോ പാര്‍ക്കിനെ അവതരിപ്പിച്ചിരിക്കുന്നത് ചേസര്‍ എന്ന മികച്ച കൊറിയന്‍ ത്രില്ലറിലൂടെ പ്രശസ്തനായ യുന്‍ സിയോക് കിം ആണ്.ഒരു ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്നതാണ്‌ ഇതിന്‍റെ ചിത്രീകരണം.അത്യാവശ്യം തമാശകളും സംഘട്ടനങ്ങളും എല്ലാം ചേര്‍ന്ന ഒരു സ്ടയലിഷ് ത്രില്ലര്‍ ആണ് “ദി തീവ്സ്”.എന്തായാലും കഥാഗതിയില്‍ കൊറിയന്‍ ചിത്രങ്ങളുടെ പരമ്പരാഗതമായ രീതികളില്‍ നിന്നും അധികം ഒന്നും മാറിയിട്ടില്ല ഈ ചിത്രവും.കൊറിയന്‍ സിനിമയില്‍ ഒരു നവീന ശ്രമം ആയിരുന്നു ഈ ചിത്രം.കേട്ടു മടുത്ത കഥയാണെങ്കിലും “ദി ന്യൂ വേള്‍ഡ്” എന്ന കൊറിയന്‍ ചിത്രം അപ്രതീക്ഷിതമായ ട്വിസ്ട്ടുകളിലൂടെ പ്രശസ്തമാണ്.അത് പോലെ തന്നെ  ധാരാളം കേട്ടിട്ടുള്ള മോഷണ കഥയെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെ  അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.സിനിമയുടെ കഥയിലെ മലക്കം മറിച്ചിലുകള്‍ അവസാന രംഗം വരെയുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

  More reviews @ http://www.movieholicviews.blogspot.com

90.1983(MALAYALAM,2014)

90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew.


” Don’t stop chasing your dreams,because dreams do come true”-Sachin Tendulkar

” ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983″

ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ് സായിപ്പുമാര്‍ കണ്ടു പിടിച്ച ഈ കളി.പണ്ടെവിടെയോ വായിച്ചത് പോലെ ഭാരതീയര്‍ക്ക് ദേശിയതാ ബോധം ഉണ്ടാകുന്നതും ഒരേ ശബ്ദത്തില്‍ ഒരു മനമായി പ്രാര്‍ത്ഥിക്കുന്നതും ഈ കളി കാണുമ്പോള്‍ ആണെന്ന്.സത്യമാണ് അത്.ലോകത്തിലെ സ്വാധീനമുള്ള കായിക ശക്തിയായി ബി സി സി ഐ വളര്‍ന്നതില്‍ ഓരോ ഇന്ത്യക്കാരനും പങ്കുണ്ട്.അത് പോലെ ആണ് സച്ചിനും.തലമുറകളായി വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവര്‍ക്കും അറിയുന്ന ഒരേ ഒരു പേരായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .സച്ചിന്‍ ഔട്ട്‌ ആയാല്‍ ടി വി നിര്‍ത്തി പോയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിയിരിക്കുന്നു.എങ്കിലും ഒരു തലമുറയുടെ താരം തന്നെ ആയിരുന്നു സച്ചിന്‍.സച്ചിന്‍ എന്ന വികാരവും ക്രിക്കറ്റ് എന്ന കളിയും കൂട്ടി കെട്ടി അബ്രിദ് ഷൈന്‍ എന്ന പുതുമുഖ സംവിധായകന്‍ അവതരിപ്പിച്ച 1983 യെ കുറിച്ച് ഒന്നേ പറയാന്‍ ഉള്ളു.ഒരു തലമുറയുടെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തേക്ക് മടക്കി തരാന്‍ കഴിഞ്ഞ കലാകാരന്‍.

   ഒരു സിനിമയേക്കാള്‍ ഉപരി 1983 ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലൂടെ ഉള്ള ഒരു യാത്ര ആണ്.നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക കപ്പില്‍ മൂന്നാം തവണയും അടുപ്പിച്ച് ജേതാക്കള്‍ ആകാന്‍ കച്ച മുറുക്കി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് എന്ന അതികായരെ കറുത്ത കുതിരകളായ കപില്‍ ദേവിന്‍റെ ചെകുത്താന്മാര്‍ തുരത്തിയോടിച്ചു ക്രിക്കറ്റ് കളിയുടെ മെക്കയായ ലോര്‍ഡ്സില്‍ വിജയപതാക പറപ്പിച്ച 1983 മുതല്‍ ഇന്ന് വരെയുള്ള കാലഘട്ടം ആണ് ഈ സിനിമ സഞ്ചരിക്കുന്നത്.പത്തു വയസ്സുള്ള രമേശന്‍ എന്ന നാട്ടിന്‍പുറത്ത് ഉള്ള കുട്ടിയിലും സുഹൃത്തുക്കളിലും ടി വിയില്‍ കണ്ട ആ വിജയം ഒരു ആവേശമായി മാറി.അവരുടെ ശ്വാസവും മതവും എല്ലാം ക്രിക്കറ്റ് ആയി മാറി.അത്രയേറെ അവരെ ആ കളി ആകര്‍ഷിച്ചിരുന്നു.മടല്‍ ബാറ്റുകളും ടെന്നീസ്,റബ്ബര്‍ പന്തുകളിലൂടെയും അവരും ചിലപ്പോഴൊക്കെ ക്രിക്കറ്റ് ഇതിഹാസങ്ങളായി പറമ്പിലെയും തൊടിയിലെയും മൈതാനങ്ങളിലെയും പിച്ചുകളില്‍ പാറി നടന്നു.ഇന്ന് ട്യുഷന് വിടുന്നത് പോലെ ക്രിക്കറ്റ് കോചിങ്ങിനു കുട്ടികളെ അയക്കുന്ന ഒരു കാലം അല്ലായിരുന്നു അന്ന്.പണമുള്ളവര്‍ മാത്രം നാടിനു വേണ്ടി കളിക്കും എന്നൊരു വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്നു.അതിനാല്‍ തന്നെ സ്വന്തം വീട്ടിലെ സച്ചിനെയും കപില്‍ ദേവിനെയും ഒക്കെ അവര്‍ വീട്ടില്‍ തന്നെ കുഴിച്ചു മൂടാന്‍ കൂട്ട് നിന്നു ,സ്വന്തം മക്കളുടെ ഭാവി ഓര്‍ത്തു.രമേശന്റെയും ജീവിതം വ്യത്യാസം ഇല്ലായിരുന്നു.ഒരു എന്‍ജിനിയര്‍ ആകണം തന്‍റെ മകന്‍ എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരായ മാതാപിതാക്കള്‍.രമേശന്റെ ജീവിതം ആണ് ഈ സിനിമ.രമേശന്‍ വളര്‍ന്നു..സ്കൂള്‍ കാലത്തെ പ്രണയം,പരീക്ഷകളിലെ തോല്‍വി,വിവാഹം പിന്നെ ക്രിക്കറ്റ്.രമേശന്‍ സച്ചിന്‍റെ പ്രായം ആയപ്പോഴും ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തില്ല.പകരം തന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന ആ ബാറ്റിനെയും ഒഴുകുന്ന രണ്സിനെയും സിക്സരുകളെയും സ്നേഹിച്ചു.രമേശന് തന്‍റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആഗ്രഹം നടപ്പാക്കാന്‍ ഒരു അവസരം ലഭിക്കുന്നു.രമേശന്റെ ജീവിതത്തിനു അര്‍ഥം ഉണ്ടാകുന്നതു അവിടെയാണ്.ആ കഥയാണ് 1983 പറയുന്നത്.


     സിനിമയില്‍ ഓരോ ലോക കപ്പും അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ലോക കപ്പു കിട്ടിയിട്ട് രണ്ടു വര്‍ഷത്തിനു ശേഷം ജനിച്ച എനിക്കൊക്കെ ആ ദൂരദര്‍ശന്‍ ലോഗോ,രാമായണം സീരിയല്‍ 1992 ലെ ലോക കപ്പൊക്കെ ചെറുപത്തില്‍ ഞാനൊക്കെ എന്തായിരുന്നു എന്നുള്ളതിന്റെ ഒരു ഓര്‍മ കുറിപ്പായി മാറി.2003 ലോക കപ്പൊക്കെ കാണുമ്പോള്‍ അന്നുണ്ടായ അതേ വികാരം തിരയില്‍ അതേ സ്പിരിറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഈ സിനിമ തീര്‍ച്ചയായും ക്രിക്കറ്റ് എന്ന മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ്.ക്രിക്കറ്റിനെ കുറിച്ച് സുശീലയോട് സച്ചിന്‍ ആരാണെന്നു ചോദിച്ചപ്പോള്‍ പറയുന്ന ഉത്തരം പറയുന്നവര്‍ ഈ ചിത്രം കാണാതെ ഇരിക്കുന്നതാണ് നല്ലത് .ഒരു സിനിമ എന്ന നിലയില്‍ നിന്നും ഈ ഒരു വികാരത്തെ ഇത്ര മാത്രം തീവ്രതയോടെ അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.സിനിമയുടെ തുടക്കത്തില്‍ സച്ചിന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഉള്ള പ്രസംഗം അവതരിപ്പിച്ചത്നി മുതല്‍ ഇന്റെര്‍വല്‍ വന്നപ്പോഴും എന്തിനു സിനിമയുടെ അവസാനം എഴുതി കാണിച്ചത് വരെ ക്രിക്കറ്റ് ആയിരുന്നു . നിവിന്‍ പോളി എന്തായാലും തട്ടതിന്‍ മറയത്തില്‍ നിന്നും ഇറങ്ങി വരാന്‍ ശ്രമിച്ചിട്ടുണ്ട്.സ്വാഭാവിക അഭിനയം നടത്താന്‍ പരിശ്രമിക്കുന്ന അനൂപ്‌ മേനോനും മോശം ആക്കിയില്ല.ജോയ് മാത്യുവിന്റെ അച്ഛന്‍ വേഷവും നന്നായിരുന്നു.തീര്‍ച്ചയായും ഇപ്പോള്‍ മുപ്പതോ അതില്‍ കൂടുതലോ പ്രായം ഉള്ളവര്‍ക്ക് ചെറുപ്പതിലേക്ക് ഒരു തിരിച്ചു പോക്കായിരിക്കും 1983.ഈ വര്‍ഷത്തിലെ ആദ്യ മാസം നല്ല ചിത്രങ്ങള്‍ ഒന്നും കണ്ടില്ലല്ലോ എന്ന നിരാശയില്‍ ഇരിക്കുമ്പോള്‍ മാസാവസാനം നല്ല ഒരു സിനിമയും ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌ ആകാന്‍ ഉള്ള സാധ്യതയുമായി 1983 വന്നു.തിയറ്ററിലെ കുടുംബ പ്രേക്ഷകര്‍ അതിനു അടിവരയിടുന്നു.സെക്കണ്ട് ഷോ ബാല്‍ക്കണി ഫുള്‍ ആയിരുന്നു.


   തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി തല്ലുണ്ടാക്കുന്ന ആരാധകര്‍ ഇത്തരം സിനിമകളെയും പ്രോത്സാഹിപ്പിച്ചു കൂടെ?മാസ്സും ഇത്തരം സിനിമകളും ഒരു ബാലന്‍സില്‍ പോകും.മലയാള സിനിമയ്ക്കും അതാണ്‌ നല്ലത് .ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്ന റേറ്റിംഗ് 4/5!!



89.HER(ENGLISH,2013)

89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin PhoenixAmy AdamsScarlett Johansson,Brian Cox.

 ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള “ഹെര്‍ “!!
     ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണം എന്ന് അവന്‍ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് അവന്റെ ജീവിതത്തിന്‍റെ ഓരോ നിമിഷവും .ഏകാന്തതയില്‍ നിന്നുമുള്ള വഴി മാറി ചെന്നെത്തുന്നത് പലപ്പോഴും മേല്‍പ്പറഞ്ഞ ബന്ധങ്ങളില്‍ ആയിരിക്കും.ഒരു പ്രണയം ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാന്‍ ഉള്ള സാധ്യത കൂടുതലാണ്.ആ പ്രണയം സാധ്യമാക്കാന്‍ ഒരു മനുഷ്യന്‍ തന്നെ എതിര്‍വശത്ത് വേണം എന്ന ആവശ്യമുണ്ടോ?അല്‍പ്പം കുഴയ്ക്കുന്ന ചോദ്യം.എന്നാല്‍ അത്തരത്തില്‍ ഒരു വ്യത്യസ്തമായ പ്രണയ കഥ പറയുകയാണ് “ഹെര്‍”എന്ന ഈ ചിത്രം.

     ഈ കഥ നടക്കുന്നത് സമീപഭാവിയില്‍ എവിടെയോ ആണ് .തിയോഡര്‍   പ്രിയപ്പെട്ടവര്‍ക്കായി കത്തുകള്‍  എഴുതി കൊടുക്കുന്ന  ഒരു ഓണ്‍ ലൈന്‍ സൈറ്റിലെ ജീവനക്കാരനാണ്.അതിമനോഹരമാണ് തിയോഡര്‍ എഴുതുന്ന കത്തുകള്‍.അതിനു ആവശ്യക്കാര്‍ കൂടുതലുമാണ്.എന്നാല്‍ പ്രണയാതുരമായ ഈ കത്തുകള്‍ എഴുതുന്ന തിയോഡര്‍ തന്‍റെ ജീവിതത്തില്‍ ഒറ്റപ്പെടലില്‍ ആണ്.പഴയ സുഹൃത്തായ കാതറിന്‍ എന്ന സ്ത്രീയെ വിവാഹം ചെയ്ത തിയോഡര്‍ എന്നാല്‍ കാലത്തിന്‍റെ ഒഴുക്കില്‍ രണ്ടു പേര്‍ക്കും വന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പിരിയാന്‍ തീരുമാനിച്ചു കഴിയുകയാണ്.എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ കതരിനെ പ്രണയിക്കുന്ന തിയോഡര്‍ പിരിയാന്‍ സമ്മതിക്കുന്നില്ല.എങ്കില്‍ പോലും ഒറ്റയ്ക്കുള്ള ജീവിതം തിയോഡര്‍ വെറുക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ആകസ്മികമായി ലോകത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സ്വയം ചിന്താ ശേഷി ഉള്ള (Artificial Intelligence) ഒരു Operating System വാങ്ങുന്നു.അതിന്‍റെ പേര് OS1.Operating System ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തനത്തിനായി ഒരു  സ്ത്രീയുടെ ശബ്ദം തിരഞ്ഞെടുക്കുന്ന തിയോഡര്‍ പിന്നെ കടന്നു പോയത് അസാധാരണമായ സംഭവ വികാസങ്ങളിലൂടെ ആയിരുന്നു.ആ OS സ്വയമായി സമാന്ത എന്ന പേര് സ്വീകരിക്കുകയും ചെയ്തു.ആദ്യമൊക്കെ തന്‍റെ ജോലിയില്‍ കൂടുതല്‍ സഹായകരമായ ആ സ്ത്രീ ശബ്ദവുമായി തിയോഡര്‍ മെല്ലെ അടുക്കുന്നു.അവര്‍ അവരുടെ ജീവിത കാഴ്ചപ്പാടുകളിലൂടെ തങ്ങളുടെ ശബ്ദങ്ങള്‍ പങ്കു വയ്ച്ചു.സമാന്ത ദിവസം തോറും സ്വയം ചിന്താശേഷി വളര്‍ന്നു വരുന്ന ഒരു OS ആയിരുന്നു.പതുക്കെ പതുക്കെ തിയോടരുമായുള്ള ബന്ധം സമാന്തയെ ഒരു സ്ത്രീയാക്കി മാറ്റുന്നു.അവര്‍ തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഉണ്ടാകുന്നു.വെര്‍ച്ച്വല്‍ ലോകത്തുള്ള ഒരു OS ആണ് താന്‍ എന്ന് ഓര്‍ക്കാതെ സമാന്ത- തിയോഡര്‍ ബന്ധം ബലപ്പെടുന്നു.അവര്‍ തമ്മില്‍ ശബ്ധങ്ങളിലൂടെ ശാരീരിക ബന്ധം പോലും ഉണ്ടാകുന്നു.സമാന്ത അയാളുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ പോലും പങ്ക് ചേരുന്നു.

     അമി തിയോടരിന്റെ സുഹൃത്താണ്.അമി ഭര്‍ത്താവുമായി തെറ്റി പിരിയുന്നു.എന്നാല്‍ അവര്‍ക്കും ഒരു സുഹൃത്തിനെ  ലഭിക്കുന്നു.പിരിഞ്ഞു പോയ ഭര്‍ത്താവിന്‍റെ സ്ത്രീ ശബ്ദത്തില്‍ ഉള്ള Operating System .ലോകം പതുക്കെ പതുക്കെ ബന്ധങ്ങള്‍ തമ്മില്‍ ഉള്ള ആഴം കുറച്ച് ഒരു കമ്പ്യുട്ടറില്‍ ഒതുങ്ങി കൂടാന്‍ പോയിരുന്ന സമയം.OS ബന്ധം ഉള്ളവരുടെ എണ്ണം വളരെയധികം കൂടുന്നു .എന്നാല്‍ സമയത്തിന്‍റെ പാച്ചിലില്‍ മനുഷ്യനും യന്ത്രവുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു.മനുഷ്യന്‍റെ ചിന്തകളില്‍ തങ്ങള്‍ക്കും പങ്കു വേണം എന്ന രീതിയില്‍ അവ മാറുന്നു.മനുഷ്യന്‍ ,മനുഷ്യനില്‍ നിന്നും എപ്പോള്‍ അകലുന്നുവോ അപ്പോള്‍ ഉണ്ടാകുന്ന ജീവിതത്തിലെ വിടവുകള്‍  ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നികത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് തീവ്രത കൂടുതല്‍ ആയിരിക്കും.നഷ്ടങ്ങളും. തിയോഡര്‍-സമാന്ത -അമി എന്നിവരുടെ ബന്ധങ്ങളില്‍ ഇത്തരത്തില്‍  ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ബാക്കി ചിത്രം.

  സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം കൂടുതലും ഒരു ആക്ഷന്‍ പശ്ചാത്തലത്തില്‍ ഉള്ളവ ആയിരുന്നു.എന്നാല്‍ ഇവിടെ ബന്ധങ്ങളുടെ രസങ്ങളും രസക്കേടുകളും കാല്‍പനികതയുടെ മേമ്പൊടി ചേര്‍ത്ത് പ്രണയത്തിന്റെ രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം സമാന്ത ഒരു സ്സെനില്‍ പോലും മുഖം കാണിക്കുന്നില്ല.പകരം “മതിലുകള്‍” സിനിമയിലെ പോലെ ശബ്ദമായി മാത്രമാണ് അവതരിപ്പിക്കുന്നത്‌.സമാന്തയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സ്കാര്‍ലറ്റ് ജോന്സന്‍ ആണ്.തിയോഡര്‍ ആയി ജോക്വിന്‍ ഫീനിക്സും അമി ആയി അമി ആദംസും വേഷമിടുന്നു.

 കഴിഞ്ഞ വര്‍ഷത്തെ പുരസ്ക്കാര പട്ടികയില്‍ മിക്കതിലും ഇടം പിടിച്ചതായിരുന്നു ഈ ചിത്രം.ഈ വര്‍ഷം അഞ്ച് ഓസ്കാര്‍ നാമ നിര്‍ദേശങ്ങള്‍  ലഭിക്കുകയും ചെയ്തു.ഈ ചിത്രം പറയുന്നത് ഒരു സാധാരണ പ്രണയ കഥ അല്ല.തികച്ചും വ്യത്യസ്തമായ ,കൂടുതല്‍ മാനസികമായ അടുപ്പം തോന്നിക്കുന്ന ഒരു പ്രണയത്തെ കുറിച്ചാണ് .പ്രണയകഥകള്‍ ഇഷ്ടമില്ലാതിരുന്ന എനിക്ക് എന്നാല്‍ ഈ സിനിമയിലൂടെ ലഭിച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ കൂടുതല്‍ അത്ഭുതം ആവുകയാണ്.എല്ലാം ഒന്നിനോടൊന്ന് മികച്ചത്.മറ്റൊന്ന് കൂടി ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചത് എന്ന പുരസ്ക്കാരം ലഭിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല അത്രയ്ക്കും മനോഹരമാണ് ഇതിന്‍റെ സംഗീതവും തിരക്കഥയും സംവിധാനവും..നിലയ്ക്കാത്ത ഒരു കവിത പോലെ..ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ http://www.movieholicviews.blogspot.com


Design a site like this with WordPress.com
Get started