​​1012.K.G.F:Chpter 1(Kannada,2018)

​​1012.K.G.F:Chpter 1(Kannada,2018)
            Action,Thriller

ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒരു കഥാപാത്രം.അയാളുടെ കഥ ആയി വന്ന പുസ്തകം സർക്കാർ നിരോധിക്കുക.ആ പുസ്തകം വർഷങ്ങൾക്കു ശേഷം ലഭിക്കുക.എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തായിട്ടില്ലാത്ത കഥാപാത്രത്തിന്റെ കഥ വെറും കെട്ടു കഥ ആയി കരുതപ്പെടുന്നു.എന്നാൽ ആ കഥയുടെ സത്യാവസ്ഥ തെളിയിക്കാൻ ഒരാൾ ബാധ്യസ്ഥൻ ആയിരുന്നു.

K.G.F ന്റെ കഥ ഇവിടെ തുടങ്ങുന്നു.ഫിക്ഷണൽ ആയ ഒരു കഥാപാത്രത്തെ 1950 കളിൽ തുടങ്ങി ’80 കളിലെ രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങളിലേക്ക് ഇറക്കി കൊണ്ടു ആണ്. സ്റ്റൈലിഷ്‌ ആയ,ഇന്ത്യൻ സിനിമയിലെ മാച്ചോ ഹീറോയിസം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ആ കഥാപാത്രത്തിന്റേതായി ചിത്രത്തിൽ.ഏറ്റവും ഇഷ്ടപ്പെട്ടത് നായകൻ യാഷിനെ തന്നെ ആണ്.നല്ല സ്‌ക്രീൻ പ്രസൻസ്.ഇപ്പൊ തല്ലി തീർക്കാം എന്നുള്ള റഫ് ഭാവം.”റോക്കി” എന്ന കഥാപാത്രം ഇഷ്ടമായി.പുതുമയുള്ള കഥ ഒന്നും അല്ലെങ്കിൽ പോലും സിനിമ അവതരിപ്പിച്ച രീതിയും അതിനായി തിരഞ്ഞെടുത്ത പശ്ചാത്തലം ഒക്കെ ഒരു ‘പൊളിറ്റിക്കൽ -ഇതിഹാസ’ സിനിമയുടെ രൂപത്തിൽ വന്നൂ എന്നു നിസംശയം പറയാം.ബാഹുബലിയുടെ ‘പ്രേതം’ ഇടയ്ക്കു വന്നെങ്കിലും അതൊക്കെ ക്ഷമിക്കാവുന്നതാണ്.

   കന്നഡ സിനിമയുടെ പുതുയുഗ മുഖമായി മാറിയ K.G.F അവിടെ ഇനി വരുന്ന ചിത്രങ്ങൾക്ക് ബെഞ്ച്മാർക്ക് തന്നെയാണ്.ഏതു ഭാഷയിലും സ്ക്കോപ് ഉള്ള സിനിമ കഥ ആണെന്ന് പറയാമെങ്കിലും ‘കോലാർ സ്വർണ ഖനികളുടെ’ കഥ കർണാടക പശ്ചാത്തലത്തിൽ തന്നെയാണ് മികച്ചു നിൽക്കുക.എണ്പതുകളുടെ പശ്ചാത്തലത്തിൽ വരുന്ന കഥയ്ക്ക് നല്ല ശക്തിയുണ്ട് സിനിമയിൽ.കാര്യമായ ശ്രദ്ധയില്ലെങ്കിൽ പാളി പോകാവുന്നതും മറ്റൊരു സാധാരണ ചിത്രവും ആയി മാറാനുള്ള അവസരം ഉണ്ടാകാതെ നല്ല തിരക്കഥയുടെ സഹായത്തോടെ ആ ഭാഗം ഭംഗിയാക്കി.സ്ഥിരം തെലുങ്ക് സിനിമ വില്ലന്മാരെയും അവരുടെ ആയുധങ്ങളെയും ഒക്കെ ഓർമ വന്നെങ്കിലും  ‘മാഡ് മാക്‌സ്’ സിനിമയെ കൂടുതൽ ഓർമിപ്പിച്ചു.എന്നാൽ ഇതെല്ലാം സിനിമയുടെ മോശം വശം ആയി തോന്നിപ്പിച്ചും ഇല്ല.പ്രേക്ഷകനെ പിടിച്ചിരുത്തും .ക്ളൈമാക്‌സ് കിടിലം ആയിരുന്നു.പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നല്ല എഫെക്റ്റ് ഉണ്ടായിരുന്നു.തീർച്ചയായും രണ്ടാം ഭാഗത്തിനായി കാത്തിരിക്കും.

  മോശം കാര്യങ്ങൾ തേടി പോകാൻ അധികം മെനക്കെട്ടില്ല.എന്നാലും എത്ര ഷാർപ് ഷൂട്ടർ വില്ലന്മാർ ഉണ്ടെങ്കിലും വെടി കൊള്ളാത്ത നായകനും,നായകന്റെ ഇടി വാങ്ങിച്ചു പോകാൻ നിൽക്കുന്ന വില്ലന്മാർ ഒക്കെ എന്നത്തേയും പോലെ ആക്ഷൻ സിനിമകൾക്ക് വേണ്ടി സ്വയം ക്ഷമിക്കുന്നത് പതിവാക്കിയത് കൊണ്ടു പ്രശ്നമില്ല.അല്ലെങ്കിൽ intro സീനിൽ തന്നെ വില്ലന്മാർ കൂടി ചേർന്നു ചന്നം പിന്നം അടിച്ചാൽ നായകൻ ദിവംഗതൻ ആയി സിനിമ തീരുമല്ലോ.നായിക ഒക്കെ പേരിന് മാത്രമാണ്.തെറ്റുകൾ,കുറവുകൾ ഒക്കെ വേറെയും കിട്ടുമായിരിക്കും.എന്നാൽക്കൂടിയും മൊത്തത്തിൽ തൃപ്തി നൽകി K.G.F എനിക്ക്.

  “If you are bad,am your Dad” മാരി 2 വിലും ഉണ്ടായിരുന്ന ഡയലോഗ് അല്ല?അതു ഇതിലും ഉണ്ടായിരുന്നു.സന്ദർഭവും സാഹചര്യവും നോക്കുമ്പോൾ റോക്കി എന്ന കഥാപാത്രത്തിന് ചേരുന്ന ഡയലോഗ് ആണിത്.ആക്ഷൻ,മാസ് സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന എല്ലാം മിക്സ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ.

സിനിമ Amazon Prime ൽ റിലീസ് ചെയ്തിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ link എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ് :t.me/mhviews

1011.Green Book(English,2018)

1011.Green Book(English,2018)
         Biography,Comedy

     
         #Oscar 3

  വളരെയേറെ പുരോഗമിച്ചെങ്കിലും ഒരുക്കാലത്ത് കറുത്ത വംശജരോട് പ്രത്യക്ഷമായി തന്നെ അടിമകളെ പോലെ കരുതിയിരുന്നവരാണ് അമേരിക്കക്കാര്‍.സമൂഹത്തിലെ വിലയും നിളയും തൊലി നിറത്തിന്റെ പേരില്‍ വിലയിരുത്തുക എന്ന ദൗര്‍ഭാഗ്യം അനുഭവിക്കേണ്ടി വന്ന ഒരു ജനത ,ലോകത്തിന്റെ പല കോണുകളിലും പല രീതിയില്‍ ഇത്തരത്തില്‍ അകറ്റി നിര്‍ത്തപ്പെട്ട ആളുകളില്‍ നിന്നും ഒരു വ്യത്യാസവും ഇല്ലാതെ അമേരിക്കയിലും ജീവിച്ചിരുന്നു.അത്ഹിനു പ്രധാന കാരണം തൊലിയുടെ നിറം ആയിരുന്നു എന്ന് മാത്രം.പ്രത്യക്ഷത്തില്‍ താന്‍ ഒരു വര്‍ണവെറിയന്‍ അല്ല എന്ന് കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആളുകള്‍.അത് അമേരിക്കക്കാരന്‍ ആയാലും പിന്നീട് കുടിയേറിപ്പാര്‍ത്ത ഇറ്റലിക്കാരന്‍ ആയാലും ഒരു പോലെ ആയിരുന്നു.ഈ അവസ്ഥയില്‍ ഇറ്റലിക്കാരനെ അമേരിക്കക്കാരന്‍ അവന്റെ തൊലി നിറത്തിന്‍റെ പേരില്‍ അല്ലെങ്കില്‍ പോലും ‘കറുത്തവന്‍” എന്ന് വിളിച്ചാലോ?അതെ.കറുത്ത നിറം അടിമകളെ അല്ലെങ്കില്‍ സ്വന്തം നിലയില്‍ നിന്നും താഴ്ന്നവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു കാലം.ആ കാലത്തിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍ ആണ് ‘Green Book’.പേരില്‍ മാത്രമേ ഈ ‘പച്ച’ ഉള്ളൂ.വ്യക്തമായി കറുത്ത വര്‍ഗക്കാരെ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുസ്തകം.

  അതെങ്ങനെ ആണ് ഉപയോഗിച്ചിരുന്നതെന്ന് പറയാം.കറുത്ത നിറം ഉള്ളവന്‍ എവിടെ എല്ലാം താമസിക്കാം,ഭക്ഷണം കഴിക്കാം തുടങ്ങിയവ അടങ്ങിയ പുസ്തകമായിരുന്നു അത്.അതായത്.കറുത്ത നിറമുള്ള മനുഷ്യന്‍ എവിടെ ഓക്കെ കയറരുത് എന്നുള്ള സൂചന നല്‍കുന്ന പുസ്തകം എന്നും പറയാം.യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി അവതരിപ്പിച്ച ഈ ചിത്രത്തില്‍,ഒരിക്കല്‍ ഒരു ഇറ്റലിക്കാരന്‍ കറുത്ത വര്‍ഗക്കാരന്‍ ആയ ഒരാളുടെ ജോലിക്കാരന്‍ ആയി മാറുകയും ഈ പുസ്തകം ഉപയോഗിക്കേണ്ടിയും വന്നു.സംഭവ ബഹുലമായ ആ കഥയാണ് ‘Green Book’  അവതരിപ്പിക്കുന്നത്‌.

    ടോണി ലിപ് എന്നറിയപ്പെടുന്ന “ടോണി വല്ലെലോംഗ” ജീവിക്കാനായി എന്തും ചെയ്യുന്ന തരത്തില്‍ ഉള്ള ആളാണ്‌.വേണമെങ്കില്‍ ആളുകളെ പറ്റിച്ചായാലും ജീവിക്കാന്‍ തയ്യാറാണ് എന്ന് ചുരുക്കം.അയാള്‍ ജോലി ചെയ്തിരുന്ന കാല്ബ് രണ്ടു മാസത്തേക്ക് പൂട്ടിയപ്പോള്‍ ആണ് ഒരു ജോലി ആവശ്യം വരുന്നത്.സ്വതവേ അന്നത്തെ സാമൂഹിക സ്ഥിതിയില്‍ കറുത്ത നിറം ഉള്ളവനോട് പരിഹാസത്തോടെയും പുച്ഛത്തോടെയും ആണ് അയാളും പെരുമാറിയിരുന്നത്.അയാള്‍ക്ക്‌ ലഭിച്ച ജോലി ഡോ.ഷെര്‍ളി എന്ന കറുത്തവര്‍ഗക്കാരനായ പിയാനോ വിദഗ്ദ്ധന്റെ കൂടെ രണ്ടു മാസക്കാലം നീണ്ടു നില്‍ക്കുന്ന സംഗീത പര്യടനത്തിനു പോവുക എന്നതായിരുന്നു.

  തന്‍റെ മുന്‍വിധികള്‍ ടോണിയെ ആ ജോലിയില്‍ നിന്നും ആദ്യം അകറ്റി നിര്‍ത്തിയെങ്കിലും ഡോ.ശേര്‍ലിക്കു അയാളുടെ സേവനം ആവശ്യമായിരുന്നു.അതിനു കാരണവും ഉണ്ടായിരുന്നു.ഷെര്‍ളി നടത്തുന്ന സംഗീത പര്യടനം അമേരിക്കയിലെ പ്രശസ്തമായ നഗരങ്ങളിലെ പണക്കാര്‍ക്ക് വേണ്ടി ഉള്ള പ്രത്യേക പരിപാടികളില്‍ ആയിരുന്നു.അവര്‍ യാത്ര തുടരുന്നു.ക്രിസ്തുമസിനു മുന്‍പ് തിരിച്ചു വരാം എന്ന പ്രതീക്ഷയോടെ.ഒരു റോഡ്‌ മൂവി എന്ന് ഭാഗികമായി വിളിക്കാവുന്ന ചിത്രമാണ് ‘ഗ്രീന്‍ ബുക്ക്’.അവര്‍ രണ്ടു പേരും യാത്രയിലൂടെ പരസ്പ്പരം മനസ്സിലാക്കുകയാണ്.ഒരിക്കലും ചേരാത്ത രണ്ടു പ്രകൃതങ്ങള്‍.അന്തസ്സാണ് മനുഷ്യന് വേണ്ടതെന്നു കരുതുന്ന ഷെര്‍ളി.ഇഷ്ടമുള്ള കാര്യം ചെയ്യുന്നതാണ് ജീവിതം എന്ന് പറയുന്ന ടോണിയും തമ്മില്‍ സ്വഭാവത്തിന്റെ അന്തരത്തില്‍ ഉണ്ടാകുന്ന ഭിപ്രായ വ്യത്യാസങ്ങള്‍ രസകരമായിരുന്നു.ചിത്രത്തിന്‍റെ ആത്മാവ് അതായിരുന്നു.അതിനോടൊപ്പം പല സ്ഥലങ്ങളിലും ഉള്ള വംശീയ വിദ്വേഷത്തിന്റെ അവതരണവും.

  നല്ല ഒരു സൗഹൃദം അവിടെ രൂപപ്പെടുകയായിരുന്നു.അവരുടെ യാത്ര അതി മനോഹരമായി മാറുന്നു ഒരവസരത്തില്‍.’നന്മ മരം’ എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ തോന്നുമ്പോള്‍ മനസ്സിലാക്കണം.ഇത് ഒരു കാലത്തിന്റെ അടയാളപ്പെടുത്തല്‍ ആണ്.അവിടെ നന്മയുടെ ഉറവിടം വറ്റിയിരുന്നെങ്കില്‍ നമ്മള്‍ ഈ ഭൂമിയില്‍ കാണുകയില്ലായിരുന്നു എന്ന്.ആ പച്ച പുസ്തകത്തിലെ പേരും അന്വേഷിച്ചു,കറുത്ത നിറം ഉള്ളവനെ സ്വാഗതം ചെയ്യുന്ന സ്ഥലം അന്വേഷിച്ചു അവര്‍ യാത്ര തുടരുകയാണ്.സാമൂഹികവും രാഷ്ട്രീയവുമായ മാനം ചിത്രത്തിന് ഉണ്ടെങ്കിലും എനിക്ക് ഇഷ്ടമായത് ബന്ധങ്ങളുടെ കഥയാണ്.ഇടയ്ക്ക് കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വളരെ നല്ല ഒരു ‘feel good movie’ ആയിരുന്നു ‘ഗ്രീന്‍ ബുക്ക്’.മറക്കാതെ കാണുക.ഇഷ്ടമാകും!!

  2019 ലെ ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ അവസാന ഘട്ടത്തിലേക്ക് കടന്ന ചിത്രം 5 വിഭാഗത്തില്‍ മത്സരത്തിനുണ്ട്.മികച്ച നടനായി വിഗോ മോര്‍ട്ടന്സന്‍,സഹനടന്‍ വിഭാഗത്തില്‍ മഹേര്‍ഷല അലി എന്നിവര്‍ വളരെ നല്ല നാമനിര്‍ദേശം ആയാണ് തോന്നിയത്.ഇതില്‍ മഹേര്‍ഷല അലി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു.മികച്ച ചിത്രം,തിരക്കഥ,ഫിലിം എഡിറ്റിംഗ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്

t.me/mhviews

1010.Bohemian Rhapsody(English,2018)

1010.Bohemian Rhapsody(English,2018)
         Biography,Drama

#Oscar Movies 2

              ഒരു കാലഘട്ടത്തിന്റെ സംഗീതത്തെ അടയാളപ്പെടുത്തിയത് ‘ക്വീന്‍’ ആണെന്ന് പറഞ്ഞാല്‍ അല്‍പ്പം പോലും അതിശയോക്തിയില്ല.ഫ്രെഡി,ബ്രയാന്‍,റോജര്‍,ജോണ്‍ എന്നിവരടങ്ങിയ ‘ക്വീന്‍’ മ്യൂസിക് ചാര്‍ട്ടുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.ക്വീന്‍ എന്ന ബാന്‍ഡ് എന്തായിരുന്നു എന്ന് അറിയാത്തവര്‍ക്ക് പോലും’We Will Rock You’ എന്ന പാട്ട് പരിചിതമായിരിക്കും.’ക്വീന്‍’ എന്ന സംഗീത ബാന്‍ഡിന്റെ രൂപീകരണം മുതല്‍ ഫ്രെഡി മെര്‍ക്കുറിയുടെ അവസാന നാളുകളിലേക്ക് വരെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

    സ്വന്തം അനുഭവത്തില്‍ നിന്നും പറയുകയാണെങ്കില്‍ ,കാനഡയില്‍ വരുന്നതിനു മുന്‍പ് അവരുടെ പ്രശസ്തമായ ചില പാട്ടുകള്‍ ആയിരുന്നു പ്രിയപ്പെട്ടത്.എന്നാല്‍ ഇവിടെ എത്തിയത് മുതല്‍ ചെറിയ ടൌണിലെ എഫ് എം റേഡിയോ മുതല്‍ ചെറിയ സ്റ്റോറുകളില്‍ പോലും അവരുടെ സംഗീതം എത്ര മാത്രം ചിലവാകുന്നു എന്ന് നേരിട്ട് കണ്ടതാണ്.ഇപ്പോഴും ജീവനോടെ തന്നെ നിലകൊള്ളുന്നു അവരുടെ സംഗീതം ‘ക്വീന്‍’നിന്‍റെ യുഗം ഒരിക്കലും അവസാനിക്കില്ല എന്ന് തോന്നിപ്പോകും ഇതൊക്കെ കാണുമ്പോള്‍.എന്ത് കൊണ്ടാണ് അവരെ ആളുകള്‍ ഇത്രയേറെ ഇഷ്ടപ്പെട്ടത്?ഒറ്റ ഉത്തരം.സംഗീതം!!

    സാന്സിബാറില്‍ ജനിച്ച ,പാഴ്സി കുടുംബത്തിലെ അംഗമായ ഫാറുഖ് ആണ് ഫ്രെഡി മെര്‍ക്കുറി ആയി മാറിയത്.പാക്കിസ്ഥാനിയായി പലരും തെറ്റിദ്ധരിച്ച ഫ്രെഡിയുടെ സ്വപ്‌നങ്ങള്‍ വളരെ വലുതായിരുന്നു.ഒരു മനുഷ്യായുസ്സില്‍ കാണാന്‍ ആകുന്ന സ്വപ്നങ്ങളും ,സന്തോഷങ്ങളും,ദുഖങ്ങളും എല്ലാം അവന്‍ തന്‍റെ സുഹൃത്തുക്കളോടൊപ്പം സംഗീതം ആക്കി മാറ്റി.ഫോര്‍മുലകളില്‍ വിശ്വസിക്കാത്ത,കൂടുതലായി കാര്യങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ച ഒരു കൂട്ടം യുവാക്കള്‍ കണ്ടു മുട്ടുന്ന സമയം ഒരു യുഗത്തിന്റെ ആരംഭം ആയി മാറുകയായിരുന്നു.വളരെ രസകരമായ സൗഹൃദം ആയിരുന്നു അവര്‍ തമ്മില്‍.പലപ്പോഴും ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത സൗഹൃദം.ഒരു കുടുംബം ആണെന്ന് പറയുമ്പോഴും അവര്‍ അന്യോന്യം വ്യത്യസ്ത ഉള്ളവരായിരുന്നു.അവരെ ഒരുമിപ്പിച്ചത് സംഗീതവും.

   ചിത്രത്തില്‍ ഇടയ്ക്ക് പറയുന്നത് പോലെ, ബാന്‍ഡുകള്‍ ഒരിക്കലും തകരുകില്ല.പകരം അവര്‍ അകലുക ആണ് ചെയ്യുന്നത്’.ഇത്തരത്തില്‍ പലപ്പോഴും ‘ക്വീന്‍’ മരണമണി മുഴക്കിയിരുന്നു.’ഫ്രെഡി’ ക്വീനിന്‍റെ ജനകീയ മുഖമായി മാറി.പതിയെ അവരുടെ ഇടയില്‍ ചെറിയ പിണക്കങ്ങളും വന്നു തുടങ്ങി.സ്വന്തം ഇഷ്ടങ്ങള്‍ക്ക് മാത്രം വില കല്‍പ്പിച്ച ,സ്വാര്‍ത്ഥനായ ഫ്രെഡിയുടെ കഥയാണ് ചിത്രം മുഴുവനും.കുത്തഴിഞ്ഞ ജീവിതവും ഒരു പക്ഷെ ആ കാലത്തില്‍ അസാധാരണമായ ലൈംഗിക ആകര്‍ഷണവും എല്ലാം എന്ന് ഫ്രെഡിയെ ലൈംലൈറ്റില്‍ തന്നെ നിര്‍ത്തി എന്ന് വേണം പറയാന്‍.എന്നാല്‍ നിഷേധിയുടെ വേഷം അണിഞ്ഞ ഫ്രെഡി ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവന്‍ ആയി മാറുകയും ചെയ്തു.ഫ്രെഡിയുടെ കഥ സംഭവ ബഹുലമാണ്.ആ കഥ പ്രേക്ഷകനെ ചിരിപ്പിക്കുകയും,സന്തോഷിപ്പിക്കുകയും ,കരയിപ്പിക്കുകയും ചെയ്യും.തെറ്റായ ബന്ധങ്ങള്‍,കാഴ്ചപ്പാടുകള്‍ എന്നിവയൊക്കെ അയാളുടെ ജീവിതത്തെ എത്ര മാത്രം സ്വാധീനിച്ചിരിക്കാം? ‘Bohemian Rhapsody’ തീര്‍ച്ചയായും കാണുക.’ക്വീന്‍’ എന്ന പേര് പരിചിതം ആയവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുകയും.അല്ലാത്തവര്‍ക്ക് അവരെ കുറിച്ച്,അവരുടെ സംഗീതത്തെ കുറിച്ച് കൂടുതല്‍ അറിയുവാനും സാധിക്കും.

   2019 ലെ ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ 5 വിഭാഗത്തില്‍ ആണ് ചിത്രത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.മികച്ച നടന്‍ എന്ന വിഭാഗത്തില്‍ അഭിനയിക്കുന്ന,ഫ്രെഡി ആയി വേഷമിട്ട ‘റമി മാലിക്’ ഗോള്‍ഡന്‍ ഗ്ലോബ്,ബാഫ്ത പുരസ്ക്കാരങ്ങള്‍ ഈ വേഷത്തിന് ലഭിച്ചിരുന്നു.ശരിക്കും റമി ,ഫ്രെഡി ആയി ജീവിക്കുക ആയിരുന്നു.നാല് പല്ലുകളുടെ പിന്‍ബലത്തില്‍ സംഗീതത്തിനു കൂടുതല്‍ സ്ഥലമുള്ള ഫ്രെഡിയെ സിനിമയില്‍ അവിസ്മരണീയമാക്കി എന്ന് തന്നെ പറയാം.മറ്റു നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത് മികച്ച ചിത്രം,ഫിലിം എഡിറ്റിംഗ്,സൌണ്ട് മിക്സിംഗ്,സൌണ്ട് എഡിറ്റിംഗ് എന്നീ വിഭാഗങ്ങളില്‍ ആണ്.

   ജീവനില്ലാത്ത സിനിമകള്‍ എന്ന് വിചാരിച്ചു ഓസ്ക്കാര്‍ സിനിമകള്‍ ഈ വര്‍ഷത്തെ ലിസ്റ്റില്‍ നിന്നും കാണാന്‍ ഇരുന്നപ്പോള്‍ പ്രതീക്ഷകള്‍ എല്ലാം തെറ്റി എന്ന് തോന്നി.

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ചാനല്‍ ലിങ്ക്: t.me/mhviews
  

1009.The Witness(Korean,2018)

1009.The Witness(Korean,2018)
         Thriller,Crime

    പുതുതായി വാങ്ങിയ apartment ല്‍ നിന്നാണ് സാംഗ് ഹോന്‍  ആ കൊലപാതകം കാണുന്നത്.ഒരാള്‍ ചുറ്റിക കൊണ്ട് ഒരു സ്ത്രീയെ അടിച്ചു കൊല്ലുന്നു.രാത്രി ആയിരുന്നെങ്കിലും പോലീസിനെ വിളിക്കാനോ അവര്‍ക്ക് സഹായം നല്‍കാനോ അയാളെ കൊണ്ട് സാധിക്കുന്നില്ല.ഭയം ആണ് മുഖ്യ കാരണം.അതിനോടൊപ്പം ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്ന് ചാടേണ്ട എന്ന ചിന്താഗതിയും.അടുത്ത ദിവസം പോലീസ് മൃതദേഹം എടുത്തു കൊണ്ട് പോകുമ്പോഴും അയാള്‍ മൌനം പാലിച്ചു.താന്‍ ഒന്ന് കണ്ടില്ല,അറിഞ്ഞില്ല എന്ന ഭാവത്തില്‍.എന്നാല്‍ ഈ ചിന്താഗതി സാംഗ് ഹോനു പ്രശ്നമായി മാറുന്നു.അതെങ്ങനെ എന്ന് അറിയാന്‍ ചിത്രം കാണുക.

     ‘The Witness’  എന്ന കൊറിയന്‍ ത്രില്ലര്‍ പറയുന്നത് ഒരു കൊലപാതകം നേരിട്ട് കണ്ടിട്ടും അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരാളുടെ കഥയാണ്.അയാളുടെ ആ പ്രവൃത്തി ഉണ്ടാക്കിയ പ്രശ്നങ്ങളിലേക്കും.സ്ഥലത്തിന്റെ വിള കുറയും എന്ന ഭയത്തില്‍ ആ കെട്ടിട സമുച്ചയങ്ങളില്‍ താമസിച്ചിരുന്ന ആരും ഒന്നും സംസാരിച്ചില്ല എന്നത് മനുഷ്യന്റെ സ്വാര്‍ത്ഥ സ്വഭാവത്തിന്റെ മികച്ച ഉദാഹരണം ആണ്.എന്നാല്‍ മറ്റൊരാള്‍ക്ക് ഇന്ന് സംഭവിച്ചത് നാളെ തനിക്കും സംഭവിക്കാം എന്ന് ചിന്തിക്കാതെ ഇരിക്കുകയും അത്  കൊണ്ട് എത്തിക്കുന്ന ഭീകരാവസ്ഥയും ഉണ്ട്.അത് എക്കാലവും മനുഷ്യന്‍ ജീവിക്കുന്ന സമൂഹത്തില്‍ നടക്കുന്നതും ആണ്.പലപ്പോഴും ഈ പ്രവൃത്തികള്‍ കൊണ്ടെത്തിക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളിലേക്ക് ആകും.പക്ഷേ ഇവിടെ ഒരാള്‍ ആ കൊലപാതകിക്കു എതിരെ സാക്ഷി പറയാന്‍ തയ്യാറാകുന്നു.ആരുടേയും പിന്തുണയും ഇല്ലാതെ.അയാളെ കാത്തിരുന്നത് സഹജീവികളുടെ ചതി ആയിരുന്നു.അവിടെ തുടങ്ങുന്നു ഉദ്വേഗജനകമായ ഒരു കഥ.

      അയാള്‍ ഇത് കൂടാതെ വേറെയും കൊലപാതകങ്ങള്‍ നടത്തിയിരുന്നു.എന്തിനായിരുന്നു അയാള്‍ അതൊക്കെ ചെയ്തത് എന്ന ഉത്തരം നല്‍കുന്നതിനോടൊപ്പം മാറ്റമില്ലാത്ത മനുഷ്യ സ്വഭാവം എന്നെങ്കിലും മാറുമോ എന്ന ചോദ്യം അവശേഷിപ്പിച്ചു ചിത്രം തീരുമ്പോള്‍ സിനിമയിലെ അവസാന അര മണിക്കൂറിലെ രക്ത ചൊരിച്ചില്‍ ആകും പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിക്കുക.ഒപ്പം അസാധാരണമായ ഒരു ക്ലൈമാക്സും.തരക്കേടില്ലാത്ത ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രമാണ് ‘The Witness’.

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ടെലിഗ്രാം ഡൌണ്‍ലോഡ് ലിങ്ക് എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

1008.Close My Eyes(Korean,2017)

1008.Close My Eyes(Korean,2017)
         Mystery,Thriller,Crime

         ഒരു പരിചയവും ഇല്ലാത്ത ആള്‍ നിങ്ങളോട് വന്നു പറയുകയാണ്‌ ,അയാള്‍ കഴിഞ്ഞ ദിവസം ഒരാളെ കൊന്നു എന്നും എന്നിട്ട് അതിനെ കുറിച്ച് വിശദമായി ഒരു വിവരണവും.ആദ്യം എന്താകും മനസ്സില്‍ തോന്നുക ?ഇങ്ങനെ ഒരു അവസ്ഥയില്‍ പെടുകയാണ് എങ്കില്‍?ഇവിടെ കിം-ഹ്യൂന്‍-വൂ വിനും സമാനമായ ഒരു അവസ്ഥ ആണ് ഉണ്ടായത്.പക്ഷേ അയാള്‍ സാധാരണക്കാരന്‍ അല്ല.ഒരു അന്ധ ഗായകന്‍ ആണ്.ഒരു ഷോപ്പിംഗ്‌ മാളില്‍ പാട്ടുകള്‍ പാടി ജീവിക്കുന്ന അന്ധ യുവാവ്.ഒരു സാധാരണ ദിവസം അയാളും മറ്റൊരാളില്‍ നിന്നും അത് കേട്ടൂ”ഇന്നലെ ഞാന്‍ ഒരാളെ കൊന്നൂ”.

   ‘Close My Eyes’ പറയുന്നത് ഇത്തരം ഒരു കഥയാണ്.നഗരത്തില്‍ അടുത്തടുത്തായി കൊലപാതകങ്ങള്‍ നടക്കുന്നു.പോലീസിനു കൊലയാളിയെ കുറിച്ച് ഒരു വിവരവും ഇല്ല.മാത്രമല്ല,കൊല്ലപ്പെട്ടവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല.ഈ സമയത്താണ് അന്ധ ഗായകന്‍ ആയ കിം ഈ സംഭാഷണത്തില്‍ കടന്നു വരുന്നത്.അന്ന് അയാളുടെ പാട്ട് കേള്‍ക്കാന്‍ വന്ന മറ്റു ചിലരും അയാളോട് ഈ കൊലപാതകങ്ങളെ കുറിച്ച് പറയുന്നു.കിമ്മിന് തന്നോട് കഥ പറഞ്ഞ ആളെ കുറിച്ച് പോലീസിനോട് പറയണം എന്നുണ്ട്.എന്നാല്‍ കിമ്മിനും ഒരു രഹസ്യം ഉണ്ട്.അത് കൊണ്ട് പോലീസിന്റെ മുന്നില്‍ പോകാന്‍ അയാള്‍ക്ക്‌ കഴിയുകയും ഇല്ല.കിമ്മിന് സംശയം ഉള്ള ആള്‍ ആണോ യഥാര്‍ത്ഥ കൊലയാളി?ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണ്?എന്താണ് കൊലയാളിയുടെ ഉദ്ദേശം?

    കൊറിയന്‍ സിനിമയിലെ പുതു തലമുറ അഭിനേതാക്കള്‍ ആണ് പ്രധാ വേഷങ്ങള്‍ പലതും അവതരിപ്പിച്ചിരിക്കുന്നത്.സിനിമയുടെ അവതരണ രീതിയും അത് പോലെ തന്നെ.Color Pattern പോലും വ്യത്യസ്തമാണ്.യാഥാസ്ഥിക കൊറിയന്‍ സിനിമയില്‍ ഇത്തരം പ്രമേയങ്ങള്‍ വരുമ്പോള്‍ ഉള്ള ‘ഡാര്‍ക്ക് മൂഡ്‌’ അധികം കാണുവാന്‍ സാധിക്കില്ല.അത് ഒരു പോരായ്മ ആയി തോന്നി.മഴയുള്ള,തണുത്ത രാത്രിയിലെ കൊറിയന്‍ കൊലപാതകങ്ങള്‍ കണ്ടു വരുന്നവര്‍ക്ക് അത്ര ഒരു പിരിമുറുക്കം സിനിമ നല്‍കുന്നില്ല.അത് പോലെ റൊമാന്റിക് വശം കൂടി ചേരുമ്പോള്‍ ,സ്ഥിരം കൊറിയന്‍ സിനിമ ആരാധകര്‍ക്ക് അല്‍പ്പം നിരാശ നല്‍കും.എങ്കിലും ചിത്രത്തില്‍ ഉള്ള സസ്പന്‍സ്/മിസ്റ്ററി ഘടകങ്ങള്‍ കൊള്ളാമായിരുന്നു.എങ്കില്‍ കൂടിയും അവതരണ രീതിയില്‍ എന്തോ ഒരു പോരായ്മ തോന്നി എന്നതാണ് സത്യം.എന്ന് കരുതി സിനിമ മോശം ആണ് എന്നല്ല.നല്ല അഭിപ്രായങ്ങള്‍ ആണ് ചിത്രത്തിന് നിരൂപകരില്‍ നിന്നും ലഭിച്ചതും.മൊത്തത്തില്‍ തരക്കേടില്ലാത്ത ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രമാണ് ‘Close My Eyes’.കഴിയുമെങ്കില്‍ കാണുക!!

   More movie suggestions @www.movieholicivews.blogspot.ca

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ലിങ്ക്:  t.me/mhviews
      

1007.Pihu(Hindi,2018)

1007.Pihu(Hindi,2018)
         Thriller

  “Not every Parent deserves a child”.’പിഹു’ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യ വന്നത് സിനിമ കാണുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് എവിടെയോ വായിച്ചതായിരുന്നു.ഒരു രണ്ടു വയസ്സുകാരിയുടെ daily routine മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന്‍ എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും?ഒരു ചെറിയ ഫേസ്ബുക്ക്,യൂടൂബ് വീഡിയോ ഒക്കെ ആണെങ്കില്‍ അതിന്റെ കൌതുകത്തില്‍ കണ്ടിരിക്കാം അല്ലെ?അതിനപ്പുറം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള സിനിമ സംശയമാണ്.എന്നാല്‍ ‘പിഹു’ പ്രേക്ഷകനെ കാണാന്‍ പ്രേരിപ്പിക്കും.ഇടയ്ക്ക് പ്രേക്ഷകനില്‍ ഭീതി ഉളവാക്കും.ഇടയ്ക്ക് വിഷമം തോന്നിക്കും.അതെ ‘പിഹു’ ഒരു വ്യത്യസ്ത ചിത്രമാണ്.പ്രേക്ഷകരെ,പ്രത്യേകിച്ചും കുട്ടികള്‍ ഉള്ളവരെ അല്‍പ്പം ഒക്കെ ഭയപ്പെടുത്തുന്ന ഒന്ന്.

      ഓമനത്തം തോന്നിക്കുന്ന ‘പിഹു’ എന്ന രണ്ടു വയസ്സുകാരി അവളുടെ രണ്ടാമത്തെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് ശേഷം ഉറക്കം ഉണരുമ്പോള്‍ അവള്‍ ആ വീട്ടില്‍ ഒറ്റയ്ക്ക് ആണെന്ന് മനസ്സിലാക്കുന്നു.അമ്മ അടുത്ത് തന്നെ ഉണ്ടെങ്കിലും അവള്‍ ‘പ്രായോഗികമായി’ ഒറ്റയ്ക്ക് ആണ്.കാരണം,അമ്മ മരണപ്പെട്ടിരിക്കുന്നു.പിതാവ് ആണെങ്കില്‍ കൊല്‍ക്കത്തയിലേക്ക് പോയിരിക്കുന്നു.ആ വീടിന്റെ വാതിലിന്‍റെ അപ്പുറം ഉള്ള ലോകത്തിനു ഇതിനെ കുറിച്ച് ഒന്നും അറിയില്ല.അവള്‍ ജീവിക്കുന്ന അപ്പാര്‍ത്മെന്റില്‍ ഉള്ള അയല്‍വാസികളും അത് മനസ്സിലാക്കുന്നില്ല.ഇപ്പോഴത്തെ കാലത്തെ അയല്‍ക്കാരും ആയുള്ള ബന്ധങ്ങളും അതിനു കാരണം ആണ്.ചിത്രത്തില്‍ പലയിടത്തും അത് വ്യക്തമാകുന്നുണ്ട്. ‘പിഹു’ വിനെ സംബന്ധിച്ച് മരണം എന്താണെന്ന് മനസ്സിലാക്കുവാന്‍ ഉള്ള പ്രായം ആയിട്ടും ഇല്ല.അവള്‍ ഭക്ഷണം കഴിക്കുവാനും Washroom ല്‍ പോകുവാനും എല്ലാം അവളുടെ അമ്മയുടെ സഹായം തേടുന്നു.എന്നാല്‍ നിശ്ചലമായി കിടക്കുന്ന അമ്മയുടെ അടുക്കല്‍ നിന്നും എന്ത് ലഭിക്കുവാന്‍?

   ഒരു രണ്ടു വയസ്സുകാരി അവളുടെ കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ പകടങ്ങള്‍ ഏറെ ഉണ്ടാകാം.വളരെ disturbing ആയ ഒരു ചിത്രമാണ് ‘പിഹു’.എഴുതിയിരിക്കുന്നതിനെക്കാളും സിനിമ കാണുമ്പോള്‍ ആണ് ആ അവസ്ഥയുടെ ഭീകരത മനസ്സിലാകുന്നത്‌.’പിഹു വിശ്വകര്‍മ’ എന്ന കുട്ടി അനായസേന അവളുടെ മുഖ്യ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു.ചിത്രത്തിന്‍റെ ജീവന്‍ തന്നെ അവളാണ്.

  ‘Based on Real events’ എന്ന ലേബലില്‍ വന്ന ചിത്രം അമേരിക്കയില്‍ നടന്ന ഒരു സംഭവവും ആയി സാദൃശ്യം തോന്നിയിരുന്നു.അതിന്റെ ലിങ്ക് താഴെ.

https://www.nbcnewyork.com/news/local/Toddler-Live-Dead-Mother-Days-Police-East-Hartford-Connecticut-Investigation-416322653.html

Sources:International Business Times.

   അമ്മ മരിച്ചത് മനസിലാകാതെ ദിവസങ്ങളോളം അവരുടെ കൂടെ പുറം ലോകം അറിയാതെ ജീവിച്ച മൂന്നു വയസ്സുകാരിയുടെ കഥ ആണ് അത്.

എന്തായാലും സിനിമ കാണുക.ഒരു ആവറേജ് ഹൊറര്‍ ചിത്രം കാണുന്നതിലും ഭയപ്പെടുത്തി എന്നെ സിനിമ കാണുമ്പോള്‍.

  More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്!!
     

1006.Radius(English,2017)

1006.Radius(English,2017)
         Mystery,Crime,Sci-Fi

   മയക്കത്തില്‍ നിന്നും എഴുന്നേറ്റ ലിയാം തന്‍റെ ചുറ്റും ഉള്ളവര്‍ ഓക്കെ കൊല്ലപ്പെടുന്നതായി കാണുന്നു.പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ഒന്നും കണ്ണിന്റെ മുന്നില്‍ ഇല്ല താനും.ലിയാം കുറച്ചു മുന്‍പ് ഒരു അപകടത്തില്‍പ്പെട്ടു എന്ന് മാത്രമുള്ള അറിവാനുള്ളത്.മറ്റൊന്നും ഓര്‍മയും ഇല്ല.അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?അയാള്‍ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടത്?എന്താണ് അയാള്‍ക്ക്‌ ചുറ്റും ഉള്ള മരണങ്ങള്‍ സൂചിപ്പിക്കുന്നത്?

   കനേഡിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘Radius’ ന്‍റെ കഥയിലെ സുപ്രധാന ഭാഗങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം ആണ് ചിത്രം.തുടക്കത്തില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ലിയാം ഓടുമ്പോള്‍ അവനു ‘ജേന്‍’ എന്ന് പേരുള്ള ഒരു യുവതിയും ഒപ്പം ചേരുന്നു.അവള്‍ക്കും അവന്റെതിനു സമാനമായ അവസ്ഥയാണ് ഉള്ളത്.ഭൂതക്കാലം പാടേ മറന്നു പോയി അവളും.ചിത്രത്തിന്‍റെ രണ്ടാമത്തെ ചോദ്യം ആണ് കൂടുതല്‍ ജിജ്ഞാസ ഉളവാക്കുന്നത്?അപ്രതീക്ഷിതമായ ട്വിസ്റ്റ് എന്ന്  പറഞ്ഞാല്‍ ഇതാണ്.ഒരിക്കല്‍ പോലും സൂചന നല്‍കാതെ കഥയുടെ ഗതി മാറിയത് തന്നെ ചിത്രത്തിന് ഒരു സയന്‍സ് ഫിക്ഷന്‍ എന്ന നിലയില്‍ മാത്രമല്ലാതെ മള്‍ട്ടിപ്പിള്‍ ഴോന്രെയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒന്നായി മാറി.ആ സസ്പന്‍സ് അങ്ങനെ തന്നെ നില്‍ക്കട്ടെ.

    ചെറിയ ബജറ്റില്‍ എടുത്ത ചിത്രം.ഇത്രയൊക്കെ മാത്രേ സിനിമയ്ക്ക് പറയാന്‍ ഉള്ളൂ എന്ന് കരുതുമ്പോള്‍ പ്രേക്ഷകന് കൂടുതല്‍ താല്‍പ്പര്യമുള്ള കഥാഗതി നല്‍കിയത് ആണ് ചിത്രം മികച്ചതാക്കുന്നത്.സയന്‍സ് ഫിക്ഷന്‍ കഥയ്ക്ക്‌ ഉള്ള വിശദീകരണം അത്ര മാത്രം മതിയോ എന്ന സംശയം തോന്നിയപ്പോള്‍ ആയിരുന്നു മേല്‍പ്പറഞ്ഞ കഥാഗതിയില്‍ ഉണ്ടായ മാറ്റം.ഒരു വിധത്തില്‍ ലിയാം എപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.സാഹചര്യങ്ങള്‍ മാറിയെന്നു മാത്രം.

  മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഈ കൊച്ചു സിനിമ.വലിയ താരനിര ഒന്നും ഇല്ല എന്ന കുറവ് പോലും അറിയാതെ ആണ് ചിത്രം അവതരിപ്പിച്ചിരുന്നത്.നല്ല രീതിയില്‍ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുമുണ്ട്.

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
   t.me/mhviews

1005.No Tears for the Dead(Korean,2014)

1005.No Tears for the Dead(Korean,2014)
         Action,Drama

                   തന്‍റെ ജോലിയും കഴിഞ്ഞു അവസാന വെടിയുണ്ടയും  ഇരയുടെ ശരീരത്തിലൂടെ പോയതിനു ശേഷം ആണ് “ഗോണ്‍” അടുത്തുള്ള വാതിലിന്റെ അപ്പുറത്തായി ഒരു അനക്കം ശ്രദ്ധിച്ചത്.അയാള്‍ വെടിയുതിര്‍ത്തു.ശത്രുക്കള്‍ ആണ് ചുറ്റും.അയാള്‍ക്ക്‌ അതിനെ സാധിക്കുമായിരുന്നുള്ളൂ.പക്ഷെ പിന്നീടു വെടിയേറ്റ ആ വാതില്‍ തുറന്നു നോക്കുമ്പോള്‍ അയാള്‍ കണ്ടത്!!!

    ‘No Tears for the Dead’ എന്ന കൊറിയന്‍ ചിത്രത്തിന്‍റെതുടക്കം ആണത്.ആ ഒരു സംഭവം കൊറിയന്‍ വംശജനായ അമേരിക്കന്‍ കൊലയാളി ആയ ഗോണിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.അയാള്‍ക്ക്‌ പകരം വീട്ടണം എന്നുണ്ടായിരുന്നു.പക്ഷെ ആരോട്?സ്വയം അയാള്‍ തളര്‍ന്നു പോയിരുന്നു.അയാളുടെ പ്രതിയോഗി അയാള്‍ തന്നെ ആയിരുന്നു.ഈ സമയം ആണ് അവനു പ്രായശ്ചിത്തം ചെയ്യാന്‍ ഒരു അവസരം ഉണ്ടാകുന്നത്.തന്‍റെ ‘ഭീരുവായ’ അമ്മയെ പോലെ തന്‍റെ സ്വന്തമയതെല്ലാം നഷ്ടമായ ഒരു അമ്മ.ഏറ്റെടുത്ത ജോലി അനുസരിച്ച് അവന്‍ അവരെ കൊല്ലണം.എന്നാല്‍ സ്വയം പ്രതികാരം ചെയ്യുവാനും പ്രായശ്ചിത്തം ചെയ്യുവാനും അയാള്‍ ഒരുങ്ങുന്നു.എന്നാല്‍ പേര് പോലെ എളുപ്പം ആയിരുന്നില്ല ആ രണ്ടു പ്രവര്‍ത്തികളും.പകരം ധാരാളം രക്തം ഒഴുക്കേണ്ടി വരും അവനു.അവന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ അവന്റെ ലക്‌ഷ്യം ആയി വരും.അവന്‍ ക്ഷീണിതന്‍ ആണ്.അവന്‍ അത് കൊണ്ട് പെട്ടെന്ന് തന്നെ തന്‍റെ ജോലി ചെയ്തു തീര്‍ക്കാന്‍ തീരുമാനിക്കുന്നു.തന്‍റെ അവസാന ജോലിക്കായി അവന്‍ കൊറിയയിലേക്ക് പോകുന്നു.താന്‍ ജനിച്ച നാട്ടിലേക്ക്.

  “The Man from Nowhere” ന്‍റെ സംവിധായകന്‍ ലീ ജിയോംഗിന്റെ ചിത്രമാണ് ഇതും.മികച്ച knife fight രംഗങ്ങള്‍ ഉണ്ടായിരുന്ന ആ ചിത്രത്തില്‍ നിന്നും ഇതിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ ഒരു ഭാഗം മുഴുവന്‍ സംഘട്ടനങ്ങള്‍ ആണ്.തോക്ക്,ബോംബ്‌ അങ്ങനെ പ്രത്യേകിച്ച് വ്യത്യാസം ഇല്ലാതെ എല്ലാം.മെലോ ഡ്രാമയുടെ കാര്യത്തില്‍ വ്യത്യാസം ഒന്നുമില്ല.ഒരു പക്ഷെ full-on-full ആക്ഷന്‍ ചിത്രത്തിന്‍റെ ഇടയ്ക്കുള്ള മെലോ ഡ്രാമ ചിത്രത്തിന്‍റെ വേഗത നശിപ്പിചെന്നു പറയുമ്പോഴും അതിന്റെ കഥയില്‍ അതെല്ലാം പ്രധാനമായിരുന്നു എന്ന് കാണാം.ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഇഷ്ടപ്പെട്ട കൊറിയന്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘No Tears for the Dead’

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

ചാനല്‍ ലിങ്ക്:  t.me/mhviews

1004.Crimes That Bind(Japanese,2018)

1004.Crimes That Bind(Japanese,2018)
          Mystery

         ‘മിചിക്കോ ഒഷിതാണി’ യുടെ മൃത ദേഹം പുഴുവരിച്ച നിലയില്‍ ആണ് അപാര്‍ത്മെന്റില്‍ കാണപ്പെട്ടത്.അവിടത്തെ താമസക്കാരന്‍ ആയ ‘കൊഷികാവ’യെ കാണ്മാനുമില്ല.എന്നാല്‍ മരണപ്പെട്ട സ്ത്രീയും അവിടത്തെ ഉടമസ്ഥനും തമ്മില്‍ ബന്ധം ഒന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല.എന്നാല്‍ അവര്‍ക്ക് കിട്ടിയ ആകെ ഒരു തെളിവ് ഒരു കലണ്ടറും.അതില്‍ ഒരു മാസത്തിനു നേരെ കുറിച്ച് വച്ചിരിക്കുന്ന സമീപ പ്രദേശങ്ങളിലെ പാലങ്ങളുടെ പേരുകളും മാത്രമാണ്.ഈ തെളിവുകളില്‍ നിന്ന് വേണം ഒരു കൊലപാതക കേസ് തെളിയിക്കാന്‍ !!

    ‘ Keigo Higashino’ യുടെ “Inori no Maku ga Oriru Toki” എന്ന ജാപ്പനീസ് നോവലിനെ ആസ്പദം ആക്കിയാണ് ഈ ജാപ്പനീസ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ ‘ക്യോചിരോ കാഗ’  എന്ന പ്രശസ്തനായ അന്വേഷണ ഉദ്യോഗസ്ഥ കഥാപാത്രം നായകനായി വരുന്ന ചിത്രമാണിത്.അല്‍പ്പം സങ്കീര്‍ണമായ കഥയാണ് ചിത്രത്തിനുള്ളത്.കുറ്റാന്വേഷണത്തിലെ ആശയക്കുഴപ്പം കാരണം കഥാപാത്രങ്ങളുടെ വ്യത്യസ്ത തലങ്ങളിലേക്കും ചിത്രം പോകുന്നുണ്ട്.കേസന്വേഷണം നടത്താന്‍ കാഗയ്ക്ക് പുറമേ ബന്ധുവായ ‘മാത്സുമിയ’ യും ഉണ്ട്.അവരുടെ അന്വേഷണം അവസാനം ചെന്നെത്തുന്നത് കുറച്ചു ആളുകളുടെ ഭൂതക്കാലത്തിലേക്ക് ആണ്.ഉപേക്ഷിക്കപ്പെട്ടവരുടെയും നഷ്ടബോധം വന്നവരുടെയും നഷ്ടം സഹിച്ചവരുടെയും എല്ലാം കഥയിലേക്ക്.ആ കഥകളില്‍ നടന്ന അതിജീവനത്തിന്റെ ചില കഥകളിലേക്ക്.

   ഇപ്പോള്‍ കാണുന്ന മുഖങ്ങള്‍ക്കു എല്ലാം അത്തരം ഒരു കഥയും ഉണ്ട്.അത് കണ്ടെത്തുമ്പോള്‍ സാധാരണ രീതിയില്‍ കുരുക്കുകള്‍ അഴിയേണ്ടത് ആണ്.എന്നാല്‍ ഇവിടെ,അഴിക്കുംതോറും കുരുക്കുകള്‍ മുറുകുന്നു.എന്താണ് അതിനു കാരണം?കൊലപാതകവും അതിന്റെ ഭൂതക്കാലവും എല്ലാം എങ്ങനെ ആണ് വെളിച്ചത്തില്‍ കൊണ്ട് വരുക?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    സങ്കീര്‍ണമായ കഥ ആണ് ‘കീഗോ ഹികാഷിനോ’ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥന്റെ കുടുംബം പോലും ഉള്‍പ്പെട്ടിരിക്കുന്ന കേസില്‍ സത്യം കണ്ടെത്താനുള്ള ശ്രമം പ്രേക്ഷകനെയും കഥയുടെ ഒപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.ഗൌരവപൂര്‍ണമായ ഒരു treatment ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നതും.സിനിമയുടെ കുറ്റാന്വേഷണ കാഴ്ചകളിലെ തീവ്രത കൂട്ടുവാനിത് സഹായിക്കുകയും ചെയ്തു.നല്ല ഒരു ചിത്രമാണ് ‘Crimes that Bind’.കാണുവാന്‍ ശ്രമിക്കുക!!

  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്
  t.me/mhviews
      

1003.Laplace’s Witch(Japanese,2018)

1003.Laplace’s Witch(Japanese,2018)
         Mystery,Thriller.

     ഹൈഡ്രജന്‍ സള്‍ഫൈഡ് ആണ് ആ രണ്ടു മരണങ്ങള്‍ക്കും പിന്നില്‍.എന്നാല്‍ മരണം നടന്നിരിക്കുന്നത് തുറസായ സ്ഥലത്ത് ആണ്.അങ്ങനെ ഒരു സ്ഥലത്ത് ഒരാള്‍ മരിക്കാനും മാത്രമുള്ള concentrated ആയുള്ള  വാതകം ഉണ്ടാവുക പ്രയാസമാണ്.കാറ്റിന്റെ ചെറിയ മാറ്റങ്ങള്‍ പോലും ആളെ രക്ഷിക്കാം.മരിച്ചവരില്‍ ഒരാള്‍ പ്രശസ്തനായ സിനിമ നിര്‍മാതാവ്.മറ്റൊരാള്‍ ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിരുന്ന അത്ര പ്രശസ്തന്‍ അല്ലാത്ത നടനും.ആരാണ് ഇവരെ രണ്ടു പേരെയും കൊല്ലപ്പെടുത്തിയത്?എന്താണ് ഈ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യം?

   ജാപ്പനീസ് കുറ്റാന്വേഷണ നോവലുകളിലൂടെ പ്രശസ്തനായ ‘Keigo Higashino’  യെ സിനിമ സ്നേഹികള്‍ അത്ര പെട്ടെന്ന് മറക്കും എന്ന് തോന്നുന്നില്ല.അദ്ദേഹത്തിന്റെ ധാരാളം കഥാപാത്രങ്ങളും നോവലുകളും സിനിമ ആയി നമ്മള്‍ പലരും കണ്ടിട്ടും ഉണ്ട്.മലയാള സിനിമയിലെ ചരിത്രം കുറിച്ച ഒരു ചിത്രത്തിന് പോലും അദ്ദേഹത്തിന്റെ ഒരു നോവലുമായി സാദൃശ്യം ഉണ്ടെന്നുള്ള ആരോപണങ്ങള്‍ നേരത്തെ വന്നിരുന്നു.”Rapurasu no Majo” എന്ന നോവലിനെ ആസ്പദം ആക്കിയാണ് ‘Laplace’s Witch’ അവതരിപ്പിച്ചിരിക്കുന്നത്.ജിയോ കെമിസ്ട്രി സംബന്ധമായ വിഷയങ്ങളില്‍ വിദഗ്ധനായ ‘പ്രൊഫസര്‍ ഷുസുകീ’ കേസില്‍ പോലീസിനെ സഹായിക്കാനായി കൂടുന്നു.എന്നാല്‍ ആദ്യം പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ദുരൂഹമായ കേസില്‍ കൊലപാതകത്തിനും ആത്മഹത്യയ്ക്കും ഉള്ള സാധ്യത വളരെ കുറവാണെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നു.

   എന്നാല്‍ ഈ സംഭവം,അതായത് മരണങ്ങള്‍ നടക്കാന്‍ ഉള്ള സാധ്യതകള്‍ ഷുസൂക്കിയുടെ കണ്മുന്നില്‍ തന്നെ കാണുന്നു.മായാജാലം ആണെന്ന് കരുതാന്‍ കഴിയാത്ത,ശാസ്ത്രത്തിന്‍റെ ചില അപൂര്‍വമായ രീതികളിലൂടെ.അയാളുടെ മുന്നില്‍ കിട്ടിയ ആളിന് എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറം ഉള്ള രഹസ്യങ്ങള്‍ ഉണ്ടായിരുന്നു.അവിടെ നിന്നും പ്രതി എന്ന് സംശയിക്കുന്ന ആളിലേക്ക് പോകുമ്പോള്‍ ആണ് വലിയ രഹസ്യങ്ങള്‍ പുറത്തു വരുന്നത്.വര്‍ഷങ്ങളായി അതിവിദഗ്ദ്ധമായി ചെയ്ത കൊലപാതകങ്ങള്‍.അവയുടെ രഹസ്യങ്ങള്‍,പ്രതികാരം,പൂര്‍ണതയ്ക്കു വേണ്ടിയുള്ള അഭിനിവേശം!!അതിന്റെ ഒപ്പം ഇപ്പോള്‍ ഉള്ള മനുഷ്യനില്‍ നിന്നും ഉള്ള പുരോഗമനം ഓരോ ഘട്ടത്തിലൂടെ പോകാതെ നേരിട്ട് എത്തുമ്പോള്‍ ഉള്ള അവസ്ഥയോ?പ്രതീക്ഷിക്കാവുന്നതിലും അപ്പുറം ആണ് അതിന്റെ സാധ്യതകള്‍.അതെല്ലാം science based ആയ ഈ ചിത്രത്തിലുണ്ട്.എന്നാല്‍ സയന്‍സ് ഫിക്ഷന്‍ എന്ന് പൂര്‍ണമായും വിളിക്കാനും കഴിയുന്നില്ല.കരാണം,കഥയുടെ സ്വഭാവം വളരെയധികം മാറുന്നുണ്ട് എന്നത് തന്നെ.

   കൂടുതല്‍ അറിയുവാന്‍ ചിത്രം കാണുക.കുറ്റാന്വേഷണ സിനിമകള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് മികച്ച ഒരു അനുഭവം ആയിരിക്കും ഈ ചിത്രം.പലപ്പോഴും പ്രായോഗികമായി തെളിയിക്കപ്പെടാത്ത ശാസ്ത്രീയ തിയറികള്‍ ,പ്രായോഗിക തലത്തില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചൊക്കെ പറയുന്നത് കൊണ്ട് തന്നെ നേരത്തെ കേട്ടിട്ടില്ലാത്ത ഒരു കഥ ആയി തോന്നി ചിത്രത്തിന്.കാണുക!!

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്
  t.me/mhviews

1002.Ee Nagaraniki Emaindhi(Telugu,2018)

1002.Ee Nagaraniki Emaindhi(Telugu,2018)
         Drama,Comedy,Romance

 
    നിരൂപക പ്രശംസ കാരണം കാത്തിരുന്ന തെലുങ്ക് ചിത്രമായിരുന്നു ‘Ee Nagaraniki Emaindhi’.സിനിമ കണ്ടു തുടങ്ങിയപ്പോള്‍ ആണ് മനസ്സിലായത്‌.പണ്ട് കണ്ടിട്ടുള്ള കുറെ ഏറെ സിനിമകളുടെ കൂട്ടി യോജിപ്പികള്‍.വെള്ളമടി,പ്രണയം,ജീവിതത്തില്‍ ലക്‌ഷ്യം ഇല്ലാതെ കഴിയുന്ന യുവാക്കള്‍,ലക്‌ഷ്യം ഉള്ള ആളെ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കുക.അത് മോട്ടിവേഷന്‍ ആക്കുക.’Buddy Comedy’ ചിത്രങ്ങളുടെ പലതിന്റെയും ഏതെങ്കിലും ഒരു നിര്‍ണായ അവസരത്തില്‍ ഇത്തരത്തില്‍ ഉള്ള രംഗങ്ങള്‍ എല്ലാം അടുക്കി പെറുക്കി ക്ലീഷേ ആയി വരാറുണ്ട്.ഇതില്‍ അവസാനം,ഇപ്പൊ റിലീസ് ചെയ്യും/ഇല്ല എന്ന രീതിയില്‍ ഒരു ഷോര്‍ട്ട് ഫിലിമും.

  ഓക്കേ.ഇത്തരം ചിത്രങ്ങളും സ്പോര്‍ട്സ് സിനിമകളും ഏകദേശം ഒരു പോലെയാണ്.ക്ലീഷേകള്‍ ഇല്ലാതെ അവതരിപ്പിക്കുക എന്നത് തന്നെ ആണ് ഏറ്റവും വെല്ലുവിളി.ഇവിടെ സംവിധായകന്‍ ‘തരുണ്‍ ഭാസ്ക്കര്‍’ അത് ഏറ്റെടുത്തു എന്ന് വേണം കരുതാന്‍.ആദ്യ സീനില്‍ നിന്ന് തന്നെ ചിത്രം നല്ല വേഗതയില്‍ ആണ് പോകുന്നത്.ഇടയ്ക്ക് കണ്ടു മറന്ന രംഗങ്ങള്‍ വരുമെങ്കിലും അതൊക്കെ മറന്നു ആ നാല് ചെറുപ്പകാരുടെ ജീവിതത്തിലേക്ക് പോകാം.കല്യാണം കഴിഞ്ഞാല്‍ അമേരിക്കയില്‍ ഉള്ള ശിഷ്ടക്കാല ജീവിതം സ്വപ്നം കാണുന്ന കാര്‍ത്തിക് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ മൂന്നു പ്രിയപ്പെട്ട കൂട്ടുകാരെ കാണാന്‍ എത്തുന്നു.പഠനം കഴിഞ്ഞതിനു ശേഷം പല മേഖലകളില്‍ ആയിരുന്നവര്‍ ഒത്തു കൂടുന്നു.ഗോവയില്‍ പോകുന്നു,മോതിരം കാണാതെ പോകുന്നു,ഷോര്‍ട്ട് ഫിലിം പിടിക്കുന്നു.ഇങ്ങനെ കുറെ ഏറെ സംഭവങ്ങള്‍.

   DCH,ZNMD തുടങ്ങി ഈ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളെ പലതും ഓര്‍മിപ്പിക്കുന്നും ഉണ്ട്.ചെറിയ ചെറിയ തമാശകള്‍,സൌഹൃദങ്ങള്‍ക്ക് വില കൊടുക്കുന്നവര്‍.അതിലെ സന്തോഷവും ദു:ഖവും ആസ്വദിക്കാന്‍ കഴിയുന്നവര്‍.അത്തരത്തില്‍ ഉള്ളവര്‍ക്ക് ഇഷ്ടമാകും സിനിമ.ഒരു ശരാശരി അനുഭവം ആയിരുന്നെങ്കിലും പ്രായം കുറച്ചു പുറകിലോട്ടു കൊണ്ട് പോകാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു പല രംഗങ്ങളിലും.

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

 t.me/mhviews

1001.Merku Thodarchi Malai(Tamil,2018)

1001.Merku Thodarchi Malai(Tamil,2018)
         Drama

   സിനിമകള്‍ ഏറെ റിയലിസ്റ്റിക് ആയി മാറിയാല്‍ ,സിനിമയുടെ സ്വാഭാവിക സ്വഭാവം വിട്ടു ഡോക്യുമെന്ററി ആയി മാറാന്‍ പോലും അവസരം ഉള്ള കഥ.അതിനു വ്യക്തമായ ഒരു കാരണമുണ്ട്.ചില ജീവിതങ്ങള്‍ അങ്ങനെയാണ്.അവിടെയാണ് ഈ യാതാര്‍ത്ഥ്യം കൂടുതലായി വരുകയും ചെയ്യുന്നത്.”മെര്‍ക്കു തൊടര്ച്ചി മലൈ” അഥവാ ‘Western Ghats’ എന്ന ‘ലെനിന്‍ ഭാരതി’ സംവിധാനം ചെയ്ത ചിത്രം ആദ്യ സീനില്‍ തന്നെ പ്രേക്ഷകനെ മറ്റൊരു ലോകത്തിലേക്ക്‌ ആണ് കൊണ്ട് പോകുന്നത്.കേരളത്തില്‍ ഇടുക്കി-തമിഴ്നാട്‌ അതിര്‍ത്തിയില്‍ നടക്കുന്ന കഥയില്‍ ജീവിതങ്ങള്‍ എത്ര സംഭവബഹുലമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.ഇവിടെ പ്രേക്ഷകനെ കൊണ്ട് പോകുന്നത് കോടികള്‍ മുടക്കി വലിയ സെറ്റുകള്‍ ഇട്ട ഒരു ‘ബ്രഹ്മാണ്ട’ ചിത്രത്തിലേക്ക് അല്ല.അതുക്കും മേലെ എന്ന് പറയാവുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് ആണ്.ഈ രംഗങ്ങളില്‍ ഒരു പക്ഷെ ഒരു Voice Over കൊടുത്തിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ ഡോക്യുമെന്ററി ആയേനെ എന്ന് തോന്നാം.എന്നാല്‍ നേരെ കഥയിലേക്ക് കടന്നത്‌ കൊണ്ട് തന്നെ ഇത്തരത്തില്‍ ഉള്ള ഒരു അനുഭവം ഉണ്ടായതും ഇല്ല.

     ഇത്രയും നന്മയുള്ള കഥാപാത്രങ്ങള്‍,അതിനെക്കാളും തിന്മ ഉള്ള.അത്തരത്തില്‍ ഉള്ള ആളുകളുടെ ഒരു നല്ല ബാലന്‍സിംഗ് ആയിരിക്കും ഒരു സമൂഹത്തെ ലൈവ് ആക്കി നിര്‍ത്തുക എന്ന് തോന്നുന്നു.കാരണം,വിധി മുതല്‍ മനുഷ്യര്‍ വരെ വില്ലന്മാര്‍ ആയി വരുന്ന രംഗങ്ങള്‍ ഒഴികെ പ്രേക്ഷകന്‍ മനസ്സിന് കുളിര്‍മ നല്‍കുന്ന കുറെ കൂട്ടം ആളുകളെ പരിചയപ്പെടുകയായിരുന്നു.’രങ്കൂ” എന്ന് അറിയപ്പെടുന്ന യുവാവായ രങ്കസ്വാമിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെകിലും സാധാരണക്കാരായ കുറെ കൂട്ടം ആളുകളെ കാണാന്‍ കഴിഞ്ഞു.ഹ!! എന്താ നിഷ്കളങ്കത!പരസ്പരം മനുഷ്യന്‍ ജീവിക്കുന്ന സമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട അടിസ്ഥാനപരമായ മര്യാദകള്‍ പാലിക്കുന്ന അധികം വിദ്യാഭ്യാസം ഇല്ലാത്ത,ധനികര്‍ അല്ലാത്ത തൊഴിലാളികള്‍.അവര്‍ എല്ല് മുറിയെ പണിയെടുക്കുന്നു.നടപ്പാതകള്‍ ഇല്ല.മല മുകളിലൂടെ നടന്നു യാത്ര ചെയ്യണം.പരിഭവങ്ങള്‍ ഒന്നുമില്ല.അവരുടെ ജീവിതത്തില്‍ അവര്‍ സന്തുഷ്ടര്‍ ആണ്.ശരിക്കും പുറം ലോകത്ത് നിന്നുള്ളവര്‍ക്ക് ഇവരൊക്കെ അത്ഭുതം ആയിരിക്കാം.മനസ്സ് നിറച്ചു പല കഥാപാത്രങ്ങളും എന്ന് പറയുന്നതാകും ശരി.അത്രയ്ക്കും ജീവനുണ്ടായിരുന്നു അവരില്‍ പലര്‍ക്കും.

       എന്നാല്‍ ഇവരുടെ ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പലതും പലരും ഉണ്ടായിരുന്നു.നേരത്തെ പറഞ്ഞ പോലെ ഒരു ബാലന്‍സിംഗ്.ശരിക്കും വിഷമം തോന്നി അത്തരം രംഗങ്ങള്‍ കണ്ടപ്പോള്‍.പ്രേക്ഷകന് പ്രതീക്ഷ ,കതാപത്രങ്ങലോടൊപ്പം നല്‍കി അതിനെ തകര്‍ക്കുക.പലപ്പോഴും ജീവിതത്തിലെ അപ്രതീക്ഷിതമായ ഇത്തരം വഴിത്തിരിവുകള്‍ എത്ര മാത്രമാവും മനുഷ്യനെ വേട്ടയാടുക?ഇന്ത്യയിലെ ഭൂരിഭാഗം കൃഷിക്കാരും അനുഭവിക്കുന്ന ജീവിത യാത്രത്യങ്ങള്‍ ഇത്രയും സരളമായി,അതെ സമയം അതിന്റെ ഭീകരത പല dimensions ല്‍ നിന്നും തുറന്നു കാണിച്ച ലെനിന്‍ ഭാരതി പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.

  വെറും 28 ലക്ഷം ആയിരുന്നു ബജറ്റ്.വിജയ്‌ സേതുപതിയുടെ നിര്‍മാണത്തില്‍ ഇളയരാജ സംഗീതം നല്‍കിയ ചിത്രം എന്നാല്‍ ബജറ്റിലെ കുറവ് ഒന്നും പുറമേ കാണിച്ചും ഇല്ല.നല്ല മികവോടെ ,മികച്ച സിനിമ എന്ന് തന്നെ വിളിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള അവതരണം.ഇത്തരത്തില്‍ ഉള്ള കഥയ്ക്ക്‌ ഇത്ര ജീവനോടെ സ്ക്രീനില്‍ അവതരിപ്പിക്കുക,പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ വളരെ കുറച്ചായി പോകും.പകരം ഈ ചിത്രം പ്രേക്ഷകനെയും കൂട്ടി കൊണ്ട് പോവുക ആയിരുന്നു.ആ ചെറിയ ഗ്രാമത്തിലേക്ക്,രങ്കസ്വാമി ഉള്‍പ്പെടുന്ന ആളുടെ ജീവിതത്തിലേക്ക്.അവിടെ കാഴ്ചക്കാരായി,നിസഹായരായി നമ്മളും.ഒരു ‘രക്ഷകന്‍’ കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍ എന്ന് നിസഹായതയോടെ ഓര്‍ത്ത നിമിഷം ആയിരുന്നു ആ ക്ലൈമാക്സ്.

  2018 ലെ ഇന്ത്യന്‍ സിനിമകളില്‍ തന്നെ മികച്ച ഒന്നാണ് ‘മെര്‍ക്കു തൊടര്ച്ചി മലൈ’ എന്ന് വിശേഷിപ്പിച്ചാല്‍ പോലും അതിശയോക്തി ആകില്ല.തീര്‍ച്ചയായും കാണുക.

More movie suggestions @www.movieholicviews.blogspot.ca

  ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/mhviews

Design a site like this with WordPress.com
Get started